ഗര്‍ജനങ്ങളില്ലാതെ സഫാരി പാര്‍ക്ക്

By ജെ.ആര്‍. അനി  |   Published: 18th January 2022 03:05 PM  |  

Last Updated: 18th January 2022 03:05 PM  |   A+A-   |  

Exclusive Reports In Malayalam Weekly

 

വസാനമായി ലയണ്‍ സഫാരി പാര്‍ക്കില്‍ ഞാന്‍ പോകുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. വയനാട്ടിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍  അതിര്‍ത്തിയില്‍ നാട്ടിലിറങ്ങിയ പെണ്‍കടുവയെ നെയ്യാറില്‍ എത്തിച്ചത് 2020 ഒക്ടോബറില്‍. പിറ്റേദിവസം തന്നെ ആ കടുവ ലയണ്‍സഫാരി പാര്‍ക്കിലെ  ചികിത്സക്കൂട്ടിലെ കമ്പികളുടെ തുരുമ്പുകയറിയ വെല്‍ഡിംഗ് ജോയിന്റുകള്‍ പൊട്ടിച്ച് പുറത്തുചാടിയത് വലിയ വാര്‍ത്തയായി. ഏറെ ബുദ്ധിമുട്ടിയാണ് വനം വകുപ്പും പൊലീസും വെറ്റിനറി ഡോക്ടര്‍മാരും ചേര്‍ന്ന് വീണ്ടും പിടിച്ചത്. അവളെ സന്ദര്‍ശിക്കാനെത്തിയ അന്നത്തെ വനം വകുപ്പ് മന്ത്രി അവള്‍ക്ക് വൈഗ എന്ന് പേരിട്ടതും കൗതുകം ജനിപ്പിച്ച വാര്‍ത്തയായിരുന്നു.

ആ കടുവയുടെ കഥ ചിത്രീകരിക്കാനാണ് എത്തിയത്. ലയണ്‍ സഫാരി പാര്‍ക്കിലെ ആറ് കൂടുകളില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം ഒഴിഞ്ഞുകിടക്കുന്നു. ഇടതുവശത്ത് അങ്ങുതാഴെ മറ്റൊരു കൂട്ടില്‍ വയനാടുനിന്നുതന്നെ ഒരു വര്‍ഷം മുന്‍പ് കൊണ്ടുവന്ന മറ്റൊരു പെണ്‍കടുവ കിടപ്പുണ്ട്. വന്നപ്പോള്‍ തീരെ മെലിഞ്ഞ് ശോഷിച്ചിരുന്ന അവള്‍ ഇപ്പോള്‍ നല്ല വണ്ണം വച്ചിരിക്കുന്നു. തന്നെയുമല്ല, മനുഷ്യരെ അടുത്ത് കണ്ടാല്‍ ഏറെ ക്രുദ്ധയായി ദംഷ്ട്രകള്‍ കാട്ടി അലറുകയും മുന്‍കൈയുയര്‍ത്തി കമ്പിയഴികളില്‍ അടിക്കുകയും ചെയ്യുന്നതാണ് പ്രകൃതവും. വയനാട്ടില്‍  കടുവകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടാകുന്നുണ്ടോയെന്നത് തര്‍ക്കവിഷയമായി തുടരുന്ന വിഷയമാണ്. ഇവിടെ കൂട്ടില്‍ കിടക്കുന്ന രണ്ട് സിംഹങ്ങളുടെയും കോമ്പല്ലുകള്‍ പൊട്ടിയതാണ്. അവറ്റയ്ക്ക് കാട്ടില്‍ വലിയ ഇരകളെ നായാടാനുള്ള കെല്പുമില്ല. തമ്മില്‍ത്തമ്മില്‍ ആക്രമിക്കുമ്പോഴോ നായാട്ടിനിടയില്‍ കാട്ടുപോത്ത് തുടങ്ങി ശക്തരായ ഇരകളുടെ ചെറുത്തുനില്‍പ്പുകാരണമോ ഒക്കെ ആകാം ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. ഒരുവേള ഇവര്‍ കാടിറങ്ങിയതിനു പിന്നിലും ജീവസന്ധാരണത്തിന്റെ ഈ അനിവാര്യത തന്നെയാകാമെന്നത് കേവല യുക്തിമാത്രമാണ്. 

പുറകുവശത്ത് സ്ഥിതിചെയ്യുന്ന കൂടുകളുടെ ഇരുമ്പഴികളിലൂടെ കാണാവുന്ന പാര്‍ക്കിനകം ആകെ കാടുപിടിച്ച് കിടക്കുന്നു. കഴിഞ്ഞ വര്‍ഷം മിക്കപ്പോഴും മഴയായിരുന്നു. ശരിക്കും സിംഹങ്ങള്‍ക്ക് അനുയോജ്യമായ ഇടമാണോ നെയ്യാര്‍ എന്നു ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസമാകും. അര്‍ദ്ധഹരിത വനങ്ങളും ഇലപൊഴിയും കാടുകളും നിറഞ്ഞ നെയ്യാര്‍ വന്യജീവി സങ്കേതത്തിനേക്കാള്‍ അവ ഇഷ്ടപ്പെടുന്നത് തനത് ആവാസവ്യവസ്ഥയിലെ മുള്‍ക്കാടുകളും ഉണങ്ങിയ ഇലപൊഴിയും കാടുകളും ആഫ്രിക്കയിലെ മാതിരി പുല്‍മേടുകളും ഒക്കെ ആകാം. ലയണ്‍ സഫാരി ഉണ്ടായിരുന്നപ്പോള്‍ സഞ്ചാരികള്‍ക്ക് സിംഹങ്ങളെ പെട്ടെന്നുതന്നെ കാണാന്‍ വേണ്ടി പാര്‍ക്കിനുള്ളില്‍ ഇടയ്ക്കിടെ കാടുവെട്ടുക പതിവായിരുന്നു. 

സ്വതന്ത്രരായി വിഹരിക്കുന്ന സിംഹങ്ങളെ അടച്ചുപൂട്ടിയ ബസിന്റെ സംരക്ഷണത്തിലിരുന്ന് കാണുന്ന ടൂറിസ്റ്റുകള്‍ക്ക് മൃഗശാലകളില്‍നിന്നും വേറിട്ട ഒരനുഭവം കാഴ്ചവയ്ക്കുന്ന തരത്തിലാണ് നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക് സ്ഥാപിച്ചത്. വനം വകുപ്പിന്റെ അമരക്കാരനായിരുന്ന സുരേന്ദ്രനാഥന്‍ ആശാരിയുടെ ശ്രമഫലമായാണ് ഇത് സാധിച്ചത്. തൃശൂര്‍ മൃഗശാലയില്‍നിന്നും കൊണ്ടുവന്ന സങ്കരയിനത്തില്‍പ്പെട്ട ഒരാണും മൂന്നു പെണ്‍സിംഹങ്ങളുമായിട്ടാണ് 1984-ല്‍ ഈ പാര്‍ക്ക് ആരംഭിച്ചത്. മൂന്നു വശങ്ങളും റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട ഈ പാര്‍ക്കിനു ചുറ്റും 1.3 കിലോമീറ്റര്‍ നീളത്തില്‍ ഇരുമ്പ് സംരക്ഷണവേലിയും ഉണ്ട്.

സഫാരി പാർക്കിലെ അവസാന സിംഹം ബിന്ദു മരണമടഞ്ഞപ്പോൾ

വേലി ചാടാത്ത മടിയന്മാര്‍

1985-ല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത ഈ പാര്‍ക്ക് തുടക്കത്തില്‍ ചില പ്രശ്നങ്ങളില്‍പ്പെട്ട് പൂട്ടിപ്പോയി. എന്നാല്‍, 1992-ല്‍ വീണ്ടും തുറന്നു. 2001-'03 കാലയളവില്‍ ഞാന്‍ നെയ്യാറിലെ റേഞ്ച് ഓഫീസറായിരുന്നപ്പോള്‍ ലയണ്‍ സഫാരിയില്‍ എട്ട് സിംഹങ്ങളുണ്ടായിരുന്നു. അന്നൊക്കെ രാത്രികളുടെ നിശബ്ദതകളെ കീറിമുറിച്ചുകൊണ്ട് തീറ്റ കഴിഞ്ഞ് വിശ്രമിക്കുന്ന സിംഹങ്ങള്‍ ഉച്ചത്തില്‍ അലറി ശബ്ദമുണ്ടാക്കുന്നത് പതിവായിരുന്നു.  ഓരോ ദിവസവും സിംഹങ്ങളെ ഊഴം വച്ചാണ് പാര്‍ക്കിനുള്ളിലേക്ക് തുറന്നുവിട്ടുകൊണ്ടിരുന്നതും. അതായത് മിക്കപ്പോഴും ഒരാണിന്റെ കൂടെ രണ്ട് അല്ലെങ്കില്‍ മൂന്ന് പെണ്‍സിംഹങ്ങളെ എന്ന കണക്കിലാണ് വിട്ടുകൊണ്ടിരുന്നത്. ഇത് ആണ്‍ സിംഹങ്ങള്‍ തമ്മില്‍ കലഹം ഉണ്ടാകാതിരിക്കാനായിരുന്നു. ആഹാരത്തിനായും ഇണകള്‍ക്കായും മാത്രമാണല്ലോ നമ്മള്‍ മനുഷ്യര്‍ മൃഗങ്ങള്‍ എന്നു വിളിക്കുന്ന ജീവികള്‍ തമ്മില്‍ പോരടിക്കുന്നത്. എന്നിരുന്നാലും പ്രജനനകാലത്ത് പെണ്‍സിംഹങ്ങള്‍ തമ്മില്‍പ്പോലും ആക്രമണവും മരണവും വരെ സംഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. 

പ്രസവകാലത്ത് അമ്മയ്ക്കും കുഞ്ഞിനുമായി കമ്പിയഴികളാല്‍ വേര്‍തിരിച്ച പ്രത്യേകം സ്ഥലം ഉണ്ടായിരുന്നു. ഇണയെ പെട്ടെന്ന് വീണ്ടും ഇണചേരലിന് തയ്യാറാക്കാന്‍ ആണ്‍ സിംഹങ്ങള്‍ നരഭോജനം നടത്തുന്നതും കാടകങ്ങളില്‍ അത്രമേല്‍ വിരളമല്ല. പോഷകങ്ങളുടെ കുറവ് അനുഭവിക്കുമ്പോള്‍ അമ്മമാര്‍ തന്നെ നിലനില്പിനായി കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നതും പതിവാണല്ലോ. 

അസുഖബാധിതരായ സിംഹങ്ങളെ കൂടുകളില്‍ കയറ്റിക്കഴിഞ്ഞാല്‍ കൂടുകളെത്തമ്മില്‍ വേര്‍തിരിക്കുന്നതും വലിച്ചുനീക്കാവുന്നതുമായ വാതിലുകളിലൂടെ എത്തിക്കുകയാണ് ചെയ്യുന്നത്. വലിച്ചടുപ്പിക്കാവുന്ന ഇരുമ്പുഷട്ടറിന്റെ സഹായത്തോടെ ഒരുവശത്തേയ്ക്കടുപ്പിച്ച് ആവശ്യമെങ്കില്‍ ഇന്‍ജക്ഷന്‍ നല്‍കി മയക്കി ചികിത്സിക്കുകയാണ് പതിവ്. ഏറ്റവും അവസാനം ബിന്ദുവെന്ന സിംഹത്തിന്റെ മുന്‍കാലുകളിലെ നഖങ്ങള്‍ സഞ്ചാരവും ഇരതേടലും ഇല്ലാത്തതിനാല്‍ കുഴിനഖങ്ങളായി രൂപപ്പെട്ട് അണുബാധയേറ്റപ്പോഴും മയക്കുമരുന്ന് കുത്തിവച്ച് ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തുകയായിരുന്നു. മൃഗങ്ങളെ മയക്കാനായി 'കീറ്റമിന്‍', 'സൈലസിന്‍'  എന്നീ ഔഷധങ്ങളും തിരിച്ച് ഉണര്‍ത്താനായി 'യോഹിംബിന്‍' എന്ന മരുന്നുമാണ് ഇന്‍ജക്ഷന് ഉപയോഗിക്കുന്നത്.

നെയ്യാറിലെ സഫാരി പാർക്ക്

സിംഹങ്ങള്‍ പൊതുവേ മടിയന്മാരാണ്. പലപ്പോഴും ആറുമീറ്ററോളം മാത്രം ഉയരം വരുന്ന ചുറ്റുകമ്പിവേലിയുടെ മീതെ മുളങ്കാടുകള്‍ വളര്‍ന്ന് മൂടിപ്പോയിരുന്നപ്പോഴും കാറ്റിലും മഴയിലും ഏതെങ്കിലുമൊക്കെ മരങ്ങള്‍ കടപുഴകി വീണുപോയപ്പോഴും ബന്ധനത്തില്‍നിന്ന് രക്ഷപെടാന്‍ ഒരു സിംഹവും നാളിതുവരെ ശ്രമിച്ചിട്ടില്ല. അപ്പോഴാണ് വയനാട്ടില്‍നിന്നും കൊണ്ടുവന്ന പെണ്‍കടുവ ഒരു ദിവസത്തിനകം  തന്നെ ഇരുമ്പുകൂടിന്റെ അഴികള്‍ വളച്ച് രക്ഷാമാര്‍ഗ്ഗം കണ്ടെത്തിയത്. പാര്‍ക്കിലെ ആഹാരത്തില്‍ ഏറെ സംതൃപ്തരായ ഇവിടത്തെ സിംഹങ്ങള്‍  മിക്കവാറും പാര്‍ക്കിനകത്തെ മുളങ്കൂട്ടത്തിന്റെ ചുവട്ടിലോ അവിടെയടുത്തുതന്നെയുള്ള പാറപ്പുറത്ത് ചൂടുകാഞ്ഞോ കിടക്കുകയാവും പതിവ്. രാവിലെ പാര്‍ക്കിനുള്ളിലേക്ക് തുറന്നുവിടുന്ന ഇവര്‍ വൈകിട്ട് തീറ്റയെത്തിക്കുമ്പോള്‍ കൂട്ടില്‍ തിരികെയെത്തുകയാണ് പതിവ്. ദിവസവും എട്ട് കിലോ മാട്ടിറച്ചി വീതമാണ് ഇവിടത്തെ റേഷന്‍. തിങ്കളാഴ്ചകളില്‍ ഉപവാസമാണ്. എല്ലാ മൃഗശാലകളിലും അതുതന്നെയാണ് പതിവ്. അന്ന് സന്ദര്‍ശകരെ അനുവദിക്കാറുമില്ല. കാട്ടില്‍ ജീവിക്കുന്ന ഇവയ്ക്ക് എല്ലാ ദിവസവും ആഹാര ലഭ്യതയ്ക്കുള്ള സാധ്യത തുലോം കുറവാണല്ലോ. തന്നെയുമല്ല, കഴിച്ച മാംസം പൂര്‍ണ്ണമായും ദഹിച്ചതിനുശേഷമാണ് അവ വീണ്ടും വേട്ടയ്ക്കിറങ്ങുക. അവരുടെ ആമാശയവും ദഹനേന്ദ്രിയങ്ങളും അങ്ങനെ പരിചയിച്ചിരിക്കുന്നതുകൊണ്ട് ഒരു ദിവസത്തെ ഉപവാസം മാംസഭോജികള്‍ക്ക് ഉത്തമമാണെന്നാണ് കരുതുന്നത്.

ചില ദിവസങ്ങളില്‍ ചില സിംഹങ്ങള്‍ തീറ്റ പാടെ ഒഴിവാക്കുന്നതും ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ കൂട്ടിലേക്ക് മടങ്ങാതെ പാര്‍ക്കിനുള്ളില്‍ ചുറ്റിത്തിരിയുന്നതും കണ്ടിട്ടുണ്ട്. ഇവിടെ രസകരമായ ഒരു കാര്യം സൂചിപ്പിക്കാതെ പോകുന്നത് ശരിയല്ല. ഒരിക്കല്‍ ഏറെ ദിവസങ്ങളോളം കൂട്ടില്‍ കയറാനോ ആഹാരം കഴിക്കാനോ വിസമ്മതിച്ച ഒരു പെണ്‍സിംഹത്തെ മെരുക്കിയ കഥയാണത്. ഒരാഴ്ചയോളം അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന സിംഹിണിയെ മെരുക്കാന്‍ അവസാന കടുത്തപ്രയോഗം തന്നെ വേണ്ടിവന്നു.  അന്നും പതിവുപോലെ തുറന്നുവിട്ട മറ്റ് സിംഹങ്ങള്‍ ഒക്കെ തിരിച്ചെത്തിയതിനു ശേഷം ലയണ്‍ സഫാരിയിലേക്ക് വിനോദ യാത്രക്കാരെ കൊണ്ടുപോകുന്ന രണ്ട് ബസുകളിലായി സ്റ്റാഫുകളും വാച്ചര്‍മാരുമുള്‍പ്പെടെ പത്തിരുപത്തഞ്ചുപേര്‍ വടികളുമായി ഇറങ്ങി. ഒച്ചവച്ച് കാടരിച്ചു പരിശോധന തുടങ്ങിയ ആ സംഘത്തെക്കണ്ട് ഭയന്ന പെണ്‍സിംഹം തിരികെ ഓടി കൂട്ടില്‍ക്കയറി. എന്നാല്‍, ഇക്കഴിഞ്ഞ വര്‍ഷം വയനാട്ടില്‍നിന്നും കൊണ്ടുവന്ന പെണ്‍കടുവ പാര്‍ക്കിലേക്ക് ചാടി രക്ഷപ്പെട്ടപ്പോഴും തിരികെ പിടിക്കാനായി അവസാന ഉപാധിയായി ഇതേ വിദ്യ തന്നെയാണ് വീണ്ടും പരീക്ഷിച്ചതും വിജയിച്ചതും. കൂട്ടമായെത്തുന്ന മനുഷ്യരെ തന്നേക്കാള്‍ ഭീമാകാരനും ശക്തനുമായ ഒരൊറ്റ ശത്രുവായി മാത്രമേ മൃഗങ്ങള്‍ക്ക് കാണാനാവൂ എന്നും അതുകൊണ്ടുതന്നെ അവറ്റകള്‍ രക്ഷപ്പെട്ടോടാന്‍ മാത്രമേ ശ്രമിക്കൂ എന്നും മൃഗചേഷ്ടാസിദ്ധാന്തങ്ങളിലും പെരുമാറ്റ വിശകലനങ്ങളിലും വിദഗ്ദ്ധരായവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഹിംസ്രമൃഗങ്ങള്‍ക്കു മുന്നില്‍ അകപ്പെട്ടുപോയാല്‍ മറ്റ് രക്ഷാമാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെങ്കില്‍ തിരിഞ്ഞോടാതെ ഇരുകൈകളും വശങ്ങളിലേയ്ക്ക് ആകുന്നത്ര വിടര്‍ത്തിനില്‍ക്കുന്ന പക്ഷം ശരിക്കുള്ളതിനേക്കാള്‍ വലിയ ഒരു ജീവിയായി മൃഗത്തിനു തോന്നുമെന്നും അത് പെട്ടെന്ന് ആക്രമിക്കാനുള്ള സാധ്യത കുറയുമെന്നും പറയപ്പെടുന്നു. എന്നാല്‍ ആക്രമണകാരിയായ മൃഗത്തിനു മുന്നില്‍ കുനിയുന്നതോ പിന്തിരിഞ്ഞോടുന്നതോ അത് കീഴടങ്ങലായി കാണുകയും ആക്രമണത്തിന് കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്യുമത്രേ!

സഫാരി പാർക്കിലെത്തിച്ച പത്ത് വയസുകാരിയായ കടുവയെ പരിശോധിക്കുന്ന ഫോറസ്റ്റ് വെറ്റിനറി ഓഫീസർ. വയനാട് നിന്ന് പിടികൂടിയ ഈ കടുവ വീണ്ടും രക്ഷപ്പെട്ടിരുന്നു

വന്ധ്യംകരണവും ജനന നിയന്ത്രണവും

ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവ തമ്മില്‍ ആവര്‍ത്തിച്ച് ഇണചേരുന്നതുകൊണ്ടുള്ള ദോഷങ്ങളും സംരക്ഷണപ്രാധാന്യം അര്‍ഹിക്കാത്ത സങ്കരയിനം സിംഹങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനെത്തുടര്‍ന്നും  മൃഗങ്ങളുടെ പ്രജനനം തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്ന് പാര്‍ക്കിലുണ്ടായിരുന്ന മൂന്ന് ആണ്‍സിംഹങ്ങളെ 2003-ല്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.  അതേത്തുടര്‍ന്ന് നാളുകള്‍ക്കുള്ളില്‍ത്തന്നെ അണുബാധയേറ്റ് ബാബുവെന്ന മൂന്ന് വയസ്സുള്ള ആണ്‍സിംഹം ചത്തുപോയി.

തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ പ്രായമെത്തിയും അസുഖബാധിതരായും സിംഹങ്ങള്‍ ആണും പെണ്ണും ഓരോന്നായി ചത്തൊടുങ്ങിയപ്പോള്‍ ഏഷ്യന്‍ സിംഹങ്ങളെത്തന്നെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഏറെ നാളത്തെ ശ്രമഫലമായി 2019-ല്‍ ഗുജറാത്തിലെ ജൂനഗഡ് ജില്ലയിലെ സക്കര്‍ബാഗ് മൃഗശാലയില്‍നിന്നും ഏഷ്യന്‍ ഇനത്തില്‍പ്പെട്ട പന്ത്രണ്ട് വയസ്സുള്ള നാഗരാജിനേയും പത്ത് വയസ്സുള്ള രാധയേയും മൃഗകൈമാറ്റപദ്ധതി പ്രകാരം കൊണ്ടുവരികയുണ്ടായി.  ഇതില്‍  തന്നെ രാധയെ ആറുമാസം പ്രായമുള്ളപ്പോള്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവിടെ മൃഗശാലയ്ക്ക് ലഭിച്ചതും നാഗരാജ് അഞ്ചര വയസ്സുള്ളപ്പോള്‍ കാട്ടില്‍നിന്നും മയക്കുവെടിവച്ച് പിടിച്ചതും ആയിരുന്നു. 

കൊണ്ടുവന്ന് നിരീക്ഷണത്തില്‍ കഴിയവേ ആന്തരികാവയവങ്ങളിലെ അണുബാധ കാരണവും  കൈകാലുകളിലെ പക്ഷാഘാതം കാരണവും ഒരു മാസത്തിനകം രാധ എന്ന സിംഹം ചത്തു. നാഗരാജനാകട്ടെ നീര്‍ക്കെട്ടും ഹൃദയസംബന്ധിയായ അണബാധയും ബാധിച്ചു. രാധ ഗുജറാത്തിലെ മൃഗശാലയില്‍ ആയിരുന്നപ്പോള്‍ ഇരുവശത്തും കൂടുകളില്‍ അവളുടെ തന്നെ മുന്‍പ്രസവത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളുമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും അവരെ വേര്‍പിരിഞ്ഞതും അടച്ച വാഹനത്തില്‍ കേരളത്തിലേക്കുള്ള നീണ്ട യാത്രയും അവളെ മാനസികമായി തളര്‍ത്തിക്കളഞ്ഞിരിക്കാമെന്നും പറയപ്പെടുന്നു. മൃഗങ്ങള്‍ക്കും വികാരവിചാരങ്ങളുണ്ടെന്നും അത്തരത്തില്‍ സംജാതമാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ മൃഗങ്ങളില്‍ സുഷുപ്തിയിലാണ്ടുകിടക്കുന്ന  അപകടകാരികളായ രോഗബീജങ്ങളെ ഉത്തേജിതരാക്കി രോഗങ്ങള്‍ക്ക് വഴിമരുന്നിടുമെന്നും പഠനങ്ങള്‍ പറയുന്നു. 

നെയ്യാറിലെ ലയൺസഫാരി പാർക്കിൽ അവസാനത്തെ സിംഹങ്ങളായിരുന്നു നാ​ഗരാജുവും ബിന്ദുവും. ഇതിന് ശേഷം കടുവകളെയാണ് ഈ പാർക്കിൽ പാർപ്പിച്ചത്. വൈ​ഗയും ദുർ​ഗയുമാണ് ഈ പാർക്കിലെത്തിയ കടുവകൾ

അവസാനം 2021 ജൂണ്‍ 2-ന് നെയ്യാറിലെ ലയണ്‍ സഫാരിയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന ഇരുപത് വയസ്സുള്ള ബിന്ദു എന്ന പെണ്‍സിംഹവും പ്രായാധിക്യത്താല്‍ ചത്തുപോയി. കാട്ടില്‍ സിംഹത്തിന്റെ ശരാശരി ആയുസ്സ് 14-15 വര്‍ഷങ്ങള്‍ മാത്രമാണ്. അതെന്തായാലും ബിന്ദുവിന്റെ മരണത്തോടെ സിംഹങ്ങളിനി ശേഷിക്കാത്ത നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. കേന്ദ്ര മൃഗശാല അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന പ്രകാരം പാര്‍ക്കിന് കുറഞ്ഞത് 20 ഹെക്ടര്‍ സ്ഥലം ആവശ്യമാണ്. എന്നാല്‍, നെയ്യാറിലെ പാര്‍ക്കിന് നാലു ഹെക്ടര്‍ സ്ഥലമേയുള്ളൂ. മൂന്നു വശങ്ങളും നെയ്യാര്‍ റിസര്‍വ്വോയറിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഉപദ്വീപാണിത്. കിഴക്ക് വശത്താകട്ടെ, ജനസാന്ദ്രതയേറിയ പ്രദേശങ്ങളും. അതുകൊണ്ടുതന്നെ നിലവില്‍ പാര്‍ക്കിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നത് ഏറെ ക്ലേശകരവും.

എന്നിരുന്നാലും വനം വകുപ്പ് ഇവിടേക്ക് സിംഹങ്ങളെ കൊണ്ടുവരുവാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2019-ല്‍ ഗുജറാത്തിലെ സക്കര്‍ബാഗില്‍നിന്നും ഒരു ജോഡി സിംഹങ്ങള്‍ക്കു പകരം രണ്ട് മലയണ്ണാന്മാരെയാണ് പകരം നല്‍കിയിരുന്നത്. സിംഹങ്ങള്‍ 1972-ലെ കേന്ദ്ര വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്ന് പാര്‍ട്ട് ഒന്നില്‍ പെടുമ്പോള്‍ (Schedule I Part I) മലയണ്ണാന്മാര്‍ ഷെഡ്യൂള്‍ രണ്ട് പാര്‍ട്ട് ബി (Schedule I Part II) വിഭാഗത്തില്‍പ്പെടുന്നവയാണ്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തിനു വിധേയമായി മൃഗങ്ങളുടെ കൈമാറ്റം വഴിയോ ഇത്തരത്തില്‍ അംഗീകൃത മൃഗശാലകള്‍ തമ്മില്‍ പ്രജനനത്തിനായുള്ള വായ്പകള്‍  ലഭ്യമാക്കുന്നത് വഴിയോ ഒക്കെ ഇത് സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.