കാളിയമ്മയ്ക്ക് നല്‍കിയത് അഭിമാന സര്‍ട്ടിഫിക്കറ്റ്

ഓരോ സാമൂഹിക സാഹചര്യത്തിലും കാലം ആവശ്യപ്പെട്ട സാക്ഷരതാപ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയത്
കാളിയമ്മയ്ക്ക് നല്‍കിയത് അഭിമാന സര്‍ട്ടിഫിക്കറ്റ്

രോ സാമൂഹിക സാഹചര്യത്തിലും കാലം ആവശ്യപ്പെട്ട സാക്ഷരതാപ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയത്.  ഭരണഘടനയെ വെല്ലുവിളിച്ചു പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ഭരണഘടനാ സാക്ഷരതയായിരുന്നു അതിനെതിരായ ആയുധം. നമ്മുടെ ഭരണഘടന ഇന്ത്യയെ എങ്ങനെ ഒന്നാക്കിനിര്‍ത്തുന്നു എന്നു ജനങ്ങളെ സാക്ഷരരാക്കി; ശബരിമല യുവതീപ്രവേശന വിവാദകാലത്തും ഭരണഘടനാസാക്ഷരത മറ്റൊരു വിധത്തില്‍ പ്രസക്തമായി. ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ-പുരുഷ തുല്യതയെ കൂടുതല്‍ അറിയാനൊരു വാതിലാണ് അന്നു തുറന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വമുള്ളവരെ വിദ്യാഭ്യാസവും സാമൂഹികാംഗീകാരവും ഉള്ളവരാക്കാന്‍ അവര്‍ക്കൊപ്പം നിന്നത്, ഇതര സംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തെ കേരളത്തിനു സ്വീകാര്യരും തിരിച്ച് അവര്‍ക്ക് കേരളം പ്രിയപ്പെട്ടതുമാക്കിയതിലെ പങ്ക് തുടങ്ങി സാര്‍ത്ഥകമായ നിരവധി പ്രവര്‍ത്തനങ്ങള്‍. സാക്ഷരതാമിഷന്‍ ഡയറക്ടറായി ഇതിനെല്ലാം ശ്രദ്ധേയ നേതൃത്വം നല്‍കിയ ഡോ. പി.എസ്. ശ്രീകലയ്ക്ക് പറയാനേറെയുണ്ട്. അതാകട്ടെ, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സമകാലിക കേരളത്തിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങളെക്കുറിച്ചു കൂടിയാണ്. 

സാക്ഷരതാ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ആശയങ്ങളും പദ്ധതികളും വന്നതെങ്ങനെയാണ്? 

എഴുത്തും വായനയും സംഖ്യാപരിജ്ഞാനവും നേടുക എന്നതുതന്നെയാണ് സാക്ഷരതയുടെ പ്രാഥമിക നിര്‍വ്വചനം. പിന്നീടതിനു ലോകതലത്തില്‍ത്തന്നെ വിപുലമായ നിര്‍വ്വചനം വന്നു. അതുണ്ടായത് ലോകത്തു സംഭവിച്ച നവോത്ഥാനത്തിന്റെ ഭാഗമായാണ്. പഠിക്കുക എന്നതും അവകാശമാണ് എന്നാണ് നവോത്ഥാന കാലം പഠിപ്പിച്ചത്. അതൊരു പുതിയ സാക്ഷരതയായിരുന്നു. എല്ലാ അറിവിന്റേയും അടിസ്ഥാനമായി സാക്ഷരതയുണ്ടല്ലോ. അങ്ങനെയൊരു നിര്‍വ്വചനമുണ്ടായെങ്കിലും അതു രേഖപ്പെടുത്തപ്പെട്ട നിര്‍വ്വചനമായില്ല; അതായത് സിദ്ധാന്തം ഉണ്ടായിട്ടല്ല പ്രയോഗം നടന്നത്. പ്രയോഗത്തില്‍ അതിങ്ങനെ പൊയ്ക്കൊണ്ടിയിരുന്നു എന്നതാണ് ശരി. മനുഷ്യന്റെ അവകാശബോധത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസം എന്ന ബോധം ഒരു സാക്ഷരതാപ്രവര്‍ത്തനം പോലെതന്നെ ലോകവ്യാപകമായി വേരോടി. അതിനു തടസ്സം നിന്നത് എല്ലാ സമൂഹത്തിലേയും അധീശവര്‍ഗ്ഗമാണ്. ജന്മി മേധാവിത്വത്തിന്റെ കാലത്ത് അറിവു താഴെയുള്ളവരിലേക്കു പോകാതെ തടഞ്ഞുവച്ചത് ലോകത്തെല്ലായിടത്തേയും അനുഭവമാണ്. വര്‍ണ്ണവിവേചനത്തിന്റേയും സാമ്പത്തിക വിവേചനത്തിന്റേയുമൊക്കെ ഭാഗമായി അതുണ്ടായി. ഈ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിക്കൂടിയാണ് സാക്ഷരതയും പുനര്‍നിര്‍വ്വചിക്കപ്പെടുന്നത്; ഒരേസമയം അവകാശബോധവും സാക്ഷരതയാണ് എന്ന നിലയിലും ആ അവകാശബോധത്തില്‍പ്പെടുന്ന ഒന്നാണ് സാക്ഷരത എന്ന നിലയിലും. 

കേരളത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങുന്നതും മറ്റെല്ലായിടത്തുമെന്നതുപോലെ നവോത്ഥാനകാലത്തു തന്നെയാണ്. അറിവും അതിന്റെ അടിസ്ഥാനമായ സാക്ഷരതയുമാണ് പട്ടിണിക്കെതിരെ ഉള്‍പ്പെടെ ആയുധമായി മാറാന്‍ പോകുന്നത് എന്ന തിരിച്ചറിവ് നിസ്സാരമായിരുന്നില്ല. ബ്രെഹ്തിന്റെ വിഖ്യാതമായ വചനം, ''പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ. അതൊരായുധമാണ്'' എന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യമാണ് വരുന്നത്. അതായത് അധികം കാലമായിട്ടില്ല ഈ നിര്‍വ്വചനം രൂപപ്പെട്ടിട്ട്. പക്ഷേ, അറിയാതെതന്നെ അതു സംഭവിക്കുകയായിരുന്നു. നവോത്ഥാനകാലത്തു നടന്ന അവകാശ ബോധവല്‍ക്കരണം ഒരു സാക്ഷരതയാണ്. അയ്യന്‍കാളിയും ശ്രീനാരായണഗുരുവും വൈകുണ്ഠസ്വാമികളും പൊയ്കയില്‍ യോഹന്നാനുമെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനം കൂടി നടത്തിയിരുന്നവരാണ്. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ആശയത്തിലേക്കു വരുന്നതിനു മുന്‍പുതന്നെ അനൗപചാരിക വിദ്യാഭ്യാസം നവോത്ഥാനകാലത്ത് കേരളത്തില്‍ നടന്നിരിക്കും. എല്ലാവര്‍ക്കും സ്‌കൂളില്‍ പ്രവേശനം വേണം എന്ന ആവശ്യം ഉന്നയിച്ചത് ഈ സാക്ഷരതാപ്രവര്‍ത്തനത്തിന്റെ വിജയമാണ്. അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് അതിനുവേണ്ടി പണിമുടക്കാന്‍ സ്ത്രീകളുള്‍പ്പെടെ തയ്യാറായത് അനൗപചാരിക വിദ്യാഭ്യാസം ഫലപ്രദമായി എന്നതിനു തെളിവാണ്. ''ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് ഞങ്ങള്‍ പണിക്കിറങ്ങില്ല'' എന്നതായിരുന്നല്ലോ അയ്യന്‍കാളി മുന്നോട്ടുവച്ച പ്രധാന നിലപാട്. പണിമുടക്കിന്റെ മുഖ്യ ആവശ്യം അതായിരുന്നു. ആ അവകാശബോധം രൂപപ്പെട്ടതിന് ഒരു സാക്ഷരതാ പശ്ചാത്തലമുണ്ട്. നവോത്ഥാന പ്രസ്ഥാനവുമായി ചേര്‍ന്നുനിന്നാണ് ഇവിടെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നത്.
 

അയ്യങ്കാളി
അയ്യങ്കാളി

കേരളം സാധാരണ സാക്ഷരതാ പ്രസ്ഥാനത്തെക്കുറിച്ചു പറയാറുള്ളത് 1990-ലെ സാക്ഷരതാ യജ്ഞത്തിന്റെ അനുഭവങ്ങളില്‍നിന്നാണല്ലോ. അതിന്റെയൊരു തുടര്‍ച്ച ഇപ്പോള്‍ എങ്ങനെയാണ് നടപ്പാക്കുന്നത്? 

ശരിയാണ്. എന്നാല്‍, ആ സാക്ഷരതാപ്രവര്‍ത്തനത്തിനു കേരളം സജ്ജമായിരുന്നു എന്നത് പ്രധാനമാണ്. ഈ പറഞ്ഞ ചരിത്രമുള്ളതുകൊണ്ടാണ് അങ്ങനെ സജ്ജമായത്. രണ്ടാമത്തെ കാരണം 1957-ലെ  സര്‍ക്കാര്‍ തന്നെയാണ്. 1956-ല്‍, ഐക്യകേരളത്തിന് ഒരു വികസന അജന്‍ഡ എന്ന പേരില്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച കരടുരേഖയില്‍ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ, അതിനും മുന്‍പ്, നില്‍ക്കാന്‍ മണ്ണു വേണം എന്നതുകൊണ്ടാണ് ഭൂപരിഷ്‌കരണ നിയമത്തിനും കുടികിടപ്പവകാശ നിയമത്തിനും മറ്റും ഒന്നാമതായി പ്രാധാന്യം നല്‍കിയത്. കയറിക്കിടക്കാനൊരിടം കിട്ടിയതോടെ, പട്ടിണി ഇല്ലാതായതോടെ സ്വാഭാവികമായും വിദ്യാഭ്യാസം പ്രാഥമിക അവകാശം എന്ന നിലയിലേക്കു മാറി. ആദ്യത്തെ ആവശ്യം അന്നം തന്നെയാണല്ലോ. അതുകൊണ്ടാണ് രാജ്യത്ത് വിദ്യാഭ്യാസത്തില്‍ ഇത്രയധികം കൊഴിഞ്ഞുപോക്ക്. കേരളത്തില്‍ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് 0.34 ശതമാനം മാത്രമാണ്. പക്ഷേ, ആ കൊഴിഞ്ഞുപോക്ക് ഏറ്റവുമധികം മത്സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലുമാണ്. അതുകഴിഞ്ഞാല്‍ പട്ടികജാതി മേഖലയിലാണ്. അവര്‍ക്കു പഠിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ മിടുക്കരല്ലാത്തതുകൊണ്ടോ അലസരായതുകൊണ്ടോ അല്ല. നമ്മള്‍ എപ്പോഴും മത്സ്യത്തൊഴിലാളികളുടേയും ആദിവാസികളുടേയുമൊക്കെ കുട്ടികളെ കാണുന്നത്, ദിവസവും പണിക്കു പോയാല്‍ കുറച്ചു പൈസ കിട്ടും, അതുകൊണ്ട് പഠിച്ചിട്ടെന്തു കാര്യം എന്നു ചിന്തിക്കുന്നവരാണെന്നും ഒരു ദിവസം പണിക്കു പോയാല്‍ അന്നു കിട്ടുന്ന പണം തീരുന്നതുവരെ പണിക്കു പോകാത്തവരാണെന്നും ആ സമയത്തുപോലും പഠിക്കാന്‍ പോകാന്‍ താല്പര്യമില്ലാത്തവിധം അലസരാണെന്നുമുള്ള മുന്‍വിധിയോടെയാണ്. ഞാനും കുറേയൊക്കെ അങ്ങനെയാണ് ധരിച്ചിരുന്നത്. ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. പക്ഷേ, സാക്ഷരതാമിഷനില്‍ വന്നശേഷം അവര്‍ക്കിടയിലേക്കു ചെന്നപ്പോള്‍ മനസ്സിലാക്കിയത് നൂറു ശതമാനവും അവര്‍ പഠനവും മെച്ചപ്പെട്ട ജീവിതവും ആഗ്രഹിക്കുന്നുണ്ട് എന്നാണ്. ആദിവാസികളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ തനതു ജീവിതം എന്ന പേരിട്ട് നമ്മള്‍ വിശേഷിപ്പിക്കുന്ന ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നവരല്ല അവര്‍. അതെനിക്കു വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ വിഭാഗത്തിനിടയിലും പ്രവര്‍ത്തിക്കുന്ന മതസംഘടനകളാകട്ടെ, സര്‍ക്കാരിതര സന്നദ്ധസംഘടനകളാകട്ടെ, സര്‍ക്കാരിന്റെ ഫണ്ടു പറ്റുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാകട്ടെ, തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ ചിന്തിക്കുന്നതുപോലെ അവര്‍ ജീവിക്കണം എന്നാണ് വിചാരിക്കുന്നത്. ഈ പാര്‍ശ്വവല്‍കൃത വിഭാഗത്തിന്റെ അഭിപ്രായം എന്താണെന്ന് ഇവര്‍ അന്വേഷിച്ചിട്ടുള്ളതായി തോന്നിയിട്ടില്ല.

93.94 ശതമാനമാണ് 2011-ലെ കണക്കനുസരിച്ചു കേരളത്തിലെ സാക്ഷരതാനിരക്ക്. അങ്ങനെ നോക്കുമ്പോള്‍ പൂര്‍ണ്ണമാണ് സാക്ഷരത എന്നുതന്നെ പറയാം. പക്ഷേ, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സാക്ഷരതാ മിഷന്‍ പ്രവര്‍ത്തിച്ചത്. ആ നയമെന്നത് നവകേരളമാണ്, ആ നവകേരളത്തിലേക്ക് പാര്‍ശ്വവല്‍കൃതരായ മുഴുവന്‍ പേരെയും അണനിരത്തി മുന്നോട്ടു പോകണം എന്നതാണ്. നമ്മുടെ സാമൂഹിക പരിഷ്‌കരണത്തിന്റേയും നവോത്ഥാനത്തിന്റേയും ഫലങ്ങളെല്ലാം മുഖ്യധാരയില്‍ നില്‍ക്കുന്ന സമൂഹത്തിനാണ് എപ്പോഴും ലഭിക്കുന്നത്. സാക്ഷരതയും അങ്ങനെതന്നെയാണ് സംഭവിച്ചത്. പക്ഷേ, ഓരം ചേര്‍ന്നു നില്‍ക്കുന്നവര്‍ എത്ര കുറച്ചായാലും അവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുവേണം സാമൂഹിക വികസനം എന്ന കാഴ്ചപ്പാടാണ് ഈ സര്‍ക്കാരിനുള്ളത്. അവരെ മുന്നോട്ടു കൊണ്ടുവരാന്‍ സാക്ഷരതയ്ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. 

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ജീവിതം ഇപ്പോഴും അവരല്ല തീരുമാനിക്കുന്നത് എന്നത് ഗുരുതരമായ വിമര്‍ശനമാണ്. വസ്തുതാപരമായി അതെങ്ങനെ വിശദീകരിക്കും? 

സംസ്ഥാന സര്‍ക്കാരിന്റെ നയം അനുസരിച്ച് നിലനിന്ന സാക്ഷരതാ പരിപാടികളില്‍നിന്നു വ്യത്യസ്തമായി വിവിധ പ്രത്യേക പദ്ധതികളിലൂടെ അവരിലേക്ക് എത്തുന്നതിനാണ് സാക്ഷരതാ മിഷന്‍ ശ്രമിച്ചത്. ഉദാഹരണത്തിന്, ആദിവാസികള്‍ കടുത്ത ചൂഷണം അനുഭവിക്കുന്നു; അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള സാമൂഹിക മുന്നേറ്റവും ഉണ്ടാകാതിരിക്കുന്നു. പക്ഷേ, കേരളം വളരുന്നു എന്നുകൂടി പറയുന്നത് ശരിയല്ല. സ്വയം ജീവിതം മെച്ചപ്പെടുത്താന്‍ അവരെ സജ്ജരാക്കണം. മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ സംശയരഹിതമായ കാഴ്ചപ്പാടും ഉറച്ച നിലപാടും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു പല കാരണങ്ങളുണ്ട്. ഈ മേഖലയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ എത്തുന്ന അദ്ധ്യാപകരുടെ പ്രതിബദ്ധതക്കുറവും പ്രധാനപ്പെട്ട ഒരു കാരണമാണ്.  ''ഞങ്ങള്‍ നിങ്ങളില്‍പ്പെടുന്നവരല്ല'' എന്നതുപോലുള്ള സമീപനമാണ് ഇവര്‍ക്ക് ഇപ്പോഴുമുള്ളത്. ഈ അദ്ധ്യാപകര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം സ്‌കൂളിലെത്തും; ബുധനാഴ്ച നില്‍ക്കും; വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തിരികെപ്പോകും. ആ പ്രദേശത്തുള്ളവരല്ല, അവര്‍ക്ക് അവിടെ പഠിപ്പിക്കാന്‍ ഒരു താല്പര്യവുമില്ല. കുട്ടികള്‍ വരാതിരിക്കണം എന്നതാണ് അവരുടെ താല്പര്യം. സ്‌കൂളില്‍ ആകാംക്ഷയോടെ പഠിക്കാന്‍ പോയിത്തുടങ്ങുന്ന ഒരു കുട്ടിക്ക് ഇടയ്ക്കിടെയുള്ള ഈ പോകാതിരിക്കല്‍ ശീലമായി മാറുകയാണ്. ഒറ്റപ്പെട്ട കാര്യമല്ല  ഈ പറയുന്നത്. അമ്മമാരുടെ സാക്ഷരതാ ക്ലാസ്സുകള്‍ ഈ മേഖലയില്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ അവരുടെ കൂടെ വന്നിരുന്നു പഠിക്കുന്ന അനുഭവമുണ്ടായി. അവര്‍ക്കു പഠിക്കാന്‍ താല്പര്യമുള്ളതുകൊണ്ടാണല്ലോ. അദ്ധ്യാപകരുടെ ഭാഗത്തുനിന്നു വലിയ മാറ്റം ഉണ്ടാകണം. ഈ മേഖലയിലുള്ളവരെത്തന്നെ അദ്ധ്യാപകരായി നിയോഗിക്കുകയോ അവിടെ പഠിപ്പിക്കാന്‍ താല്പര്യമുള്ള അദ്ധ്യാപകരെ അങ്ങോട്ട് അയയ്ക്കുകയോ ചെയ്യുകയാണ് പരിഹാരം. സ്‌കൂളും അദ്ധ്യാപകരും ഉണ്ടായിട്ടു കാര്യമില്ല. കുട്ടികള്‍ തന്നെ ഇതു പറഞ്ഞിട്ടുണ്ട്. പട്ടികജാതി മേഖലയില്‍ ഈ വിഷയം അത്രയ്ക്കങ്ങ് വരുന്നില്ല. അവര്‍ അഭിസംബോധന ചെയ്യപ്പെട്ടതും കുറേക്കൂടി സംഘടിതരായതുമാകാം കാരണം. പക്ഷേ, മത്സ്യത്തൊഴിലാളി, ആദിവാസി വിഭാഗങ്ങള്‍ അങ്ങനെയല്ല. അവരുടെയിടയില്‍ നവോത്ഥാന പ്രവര്‍ത്തനം തന്നെ പ്രസക്തമാണെന്നു തോന്നുന്നുണ്ട്. പ്രത്യേക പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കിയപ്പോഴാണ് ഫലമുണ്ടായത്. പൊതുവായി ഒരു സാക്ഷരതാപ്രവര്‍ത്തനം നടത്തിയാല്‍ എല്ലാ കാര്യത്തിലുമെന്നതുപോലെ അതും മുഖ്യധാരയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കും. 

പിണറായി വിജയൻ
പിണറായി വിജയൻ

വിവിധ സാക്ഷരതാപദ്ധതികള്‍ക്ക് വിവിധ വകുപ്പുകളുടെ പിന്തുണ എത്രത്തോളമുണ്ട്? എപ്പോഴും അകറ്റിനിര്‍ത്തപ്പെട്ട ട്രാന്‍ജെന്‍ഡേഴ്സൊക്കെ പരിഗണനയില്‍ വന്നതിന്റെ അനുഭവം എന്താണ്? 

പ്രത്യേക സാക്ഷരതാ പദ്ധതികള്‍ അതതു വകുപ്പുകളുമായും സഹകരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും നടപ്പാക്കിയാല്‍ കുറേക്കൂടി ഫലപ്രദമാകും എന്നാണ് അനുഭവം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ പിന്തുണ അക്കാര്യത്തില്‍ ഉണ്ടായി. എസ്.സി, എസ്.ടി വകുപ്പ് ഉദാഹരണം. ഫണ്ട് തന്നും എസ്.സി, എസ്.ടി പ്രമോട്ടര്‍മാരെ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ സംഘാടനത്തിന് അയച്ചുതന്നും വളരെ സഹകരിച്ചു. ഫിഷറീസാണ് ഇതുപോലെ സഹകരിച്ച മറ്റൊരു വകുപ്പ്. മത്സ്യത്തൊഴിലാളി മേഖലയിലെ അനിമേറ്റര്‍മാരെ സാക്ഷരതാമിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു; ഫണ്ടും തന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനിടയിലെ പ്രവര്‍ത്തനത്തില്‍ സാമൂഹികനീതി വകുപ്പ് വലിയ പിന്തുണയാണ് നല്‍കിയത്. അവിടെ ഫണ്ട് ലാപ്സായിപ്പോകുന്ന സ്ഥിതിയുണ്ടായിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കുവേണ്ടിയാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്‌കോളര്‍ഷിപ്പൊക്കെ വച്ചിരുന്നത്. പക്ഷേ, സ്‌കൂളില്‍ വച്ച് ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി പൊതുവേ വെളിപ്പെടുത്താറില്ല എന്നതാണ് വസ്തുത. 13-14 വയസ്സൊക്കെ ആകുമ്പോഴാണ് തിരിച്ചറിയുന്നത്. അവിടെ വച്ച് അത് വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല. കാസര്‍കോടുള്ള ഒരു കുട്ടി മാത്രമായിരുന്നു സ്‌കൂള്‍തലത്തില്‍ ഈ സ്‌കോളര്‍ഷിപ്പ് വാങ്ങിയിരുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സ് ഇല്ലാത്തതുകൊണ്ടല്ല; ഇവര്‍ സ്‌കൂളില്‍നിന്നു കൊഴിഞ്ഞു പോവുകയാണ്. വിദ്യാഭ്യാസത്തിനാണല്ലോ സ്‌കോളര്‍ഷിപ്പ്. അതുകൊണ്ട് സാക്ഷരതാമിഷന്റെ പഠിതാക്കളായി വരുന്ന, മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് ആ സ്‌കോളര്‍ഷിപ്പ് കൊടുക്കണം എന്ന് അപേക്ഷ കൊടുത്തപ്പോള്‍ സാമൂഹികനീതി വകുപ്പ് അതിനു തയ്യാറായി. അതാണ് പറഞ്ഞത് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് സാക്ഷരതാ മിഷന് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയതെന്ന്. കുടുംബശ്രീയിലെ പത്താംക്ലാസ് ജയിക്കാത്ത മുഴുവന്‍ പേരെയും പത്താംക്ലാസ് ജയിപ്പിക്കുന്നതിന് ഒരു പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അവരും അതിനു സന്നദ്ധരായി. തദ്ദേശ സ്വയംഭരണ വകുപ്പ് ഇവര്‍ക്കാവശ്യമുള്ള ഫീസ് വകയിരുത്താന്‍ തയ്യാറായി. ഇതില്‍ ഏതു മേഖലയെടുത്താലും അതില്‍ കൂടുതല്‍ നിരക്ഷരരും വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുമുള്ളത് സ്ത്രീകളിലാണ്. 

ട്രാന്‍സ്ജെന്‍ഡേഴ്സിനെക്കുറിച്ചു സമൂഹത്തില്‍ നിലനിന്ന തെറ്റിദ്ധാരണകള്‍ മാറ്റിമറിക്കുക കൂടിയാണ് പത്ത് തുല്യതാ പഠനത്തിലൂടെ ചെയ്തത്. ഇന്ത്യയില്‍ ആദ്യമാണ് കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനുവേണ്ടി ഒരു തുടര്‍വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത്. അതിലൂടെ വന്നവര്‍ പലരും ഇപ്പോള്‍ കോളേജില്‍ ചേര്‍ന്നു. ശ്യാമ സാമൂഹികനീതി വകുപ്പില്‍ ജോലി ചെയ്യുന്നു. മുന്‍പെന്നത്തേക്കാള്‍ കൂടുതല്‍ എല്ലാ വകുപ്പുകളുടേയും സഹകരണം സാക്ഷരതാമിഷനു കിട്ടിയ കാലമാണ്. സഹായം തേടിയ നാല് വകുപ്പുകളും പരിപൂര്‍ണ്ണമായി സഹകരിച്ചു.

ഊരുമൂപ്പന്മാര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ നായകരായത് കാര്യമായ വാര്‍ത്തയായിരുന്നല്ലോ. എന്തൊക്കെയാണ് ആദിവാസി മേഖലയില്‍ ചെയ്തത്? 

ഓരോ ആദിവാസി ഊരിലേയും സാക്ഷരതാ വിദ്യാഭ്യാസ സംഘാടക സമിതി മൂപ്പനും കൂടി ഉള്‍പ്പെടുന്നതാണ്; മൂപ്പനാണ് അദ്ധ്യക്ഷന്‍. അവിടെയും പ്രവര്‍ത്തിച്ചത് വേറിട്ട വിധമാണ്. അവരെ സാക്ഷരരാക്കാന്‍ ആദിവാസികളില്‍ നിന്നുതന്നെയുള്ള ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിച്ചു. അവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് മാസം 12000 രൂപ ഹോണറേറിയം കൊടുത്ത് നാലു മാസത്തേക്കു നിയോഗിക്കുകയാണ് ചെയ്തത്. ഇതിനു മുന്‍പ് പ്രേരക്മാരായിരുന്നു; അക്കൂട്ടത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് ആരും ഉണ്ടായിരുന്നില്ല. ഊരുമൂപ്പന്‍ നിര്‍ദ്ദേശിക്കുന്നവരെ പരിഗണിക്കുന്ന വിധത്തില്‍ തികച്ചും ജനാധിപത്യപരമായാണ് ഇന്‍സ്ട്രക്ടര്‍മാരെ നിശ്ചയിച്ചത്. വയനാട് ജില്ലയിലെ മുഴുവന്‍ ഊരുകളും അട്ടപ്പാടി ബ്ലോക്കിലെ മുഴുവന്‍ ഊരുകളുമാണ് എടുത്തത്. അതിലൂടെ നാലായിരത്തിലധികം ആദിവാസി ഇന്‍സ്ട്രക്ടര്‍മാരുണ്ടായി. ഇവര്‍ അതിനൊപ്പം സാക്ഷരതാമിഷന്റെ തന്നെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ ചേര്‍ന്നു പഠിച്ചു. ഈ രീതിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അത് അവരിലുണ്ടാക്കിയ ആത്മവിശ്വാസവും തുടര്‍പഠനത്തിനു സാധ്യതയുണ്ട് എന്ന് അവര്‍ക്ക് മനസ്സിലായതും പഠിച്ചതും ഉന്നത വിദ്യാഭ്യാസത്തിനു പോകാനായതുമൊക്കെ ഇന്‍സ്ട്രക്ടര്‍മാരുടെ അനുഭവങ്ങളാണ്. പത്താംക്ലാസ് കഴിഞ്ഞു വെറുതേ നില്‍ക്കുകയായിരുന്നു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ വിവാഹിതരായവരുള്‍പ്പെടെയുണ്ട് അവരില്‍.

അതുപോലെ, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ളവരെത്തന്നെയാണ് ആ മേഖലയില്‍ ഇന്‍സ്ട്രക്ടര്‍മാരാക്കിയത്. പട്ടികജാതി കോളനികളിലും ആ വിഭാഗത്തില്‍ നിന്നുള്ളവരെത്തന്നെയാണ് ഇന്‍സ്ട്രക്ടര്‍മാരാക്കിയത്. ഇവിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചവരെയാണ് നിയമിച്ചത്. സാക്ഷരതാമിഷന്‍ നേരിട്ട് എടുക്കുകയായിരുന്നില്ല. 

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഡോ. പിഎസ് ശ്രീകല
പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഡോ. പിഎസ് ശ്രീകല

അതിഥിത്തൊഴിലാളികള്‍ എന്നു കേരളം പേരുവിളിച്ച് കൂടെ നിര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്? 

അവരുടെ കാര്യത്തിലാണ് വ്യത്യസ്തമായ മറ്റൊരു ഇടപെടല്‍. ഇതിനെല്ലാം ആധാരം നവകേരളം എന്ന ലക്ഷ്യംതന്നെയാണ്. അതിനകത്ത് ആരും പുറംതള്ളപ്പെട്ടു പോകരുത് എന്ന കാഴ്ചപ്പാടുണ്ടായിരുന്നു. ഓരോ പ്രോജക്ടിലും അത് പ്രതിഫലിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ അങ്ങനെയാണ് കണക്കിലെടുത്തത്. അവര്‍ വലിയൊരു സംഖ്യയാണ്; പ്രത്യേകിച്ചും കൊവിഡിന് മുന്‍പ്. അവര്‍ കേരള സമൂഹത്തിന്റെ ഭാഗമായിരിക്കുന്നു; പക്ഷേ, വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനം അവര്‍ക്കു നേരെ നടക്കുന്നു എന്നതായിരുന്നു സ്ഥിതി. കേരള സമൂഹത്തോടുള്ള അവരുടെ ഭയം മാറ്റാനും അവരെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാനും സാക്ഷരതാപ്രവര്‍ത്തനം പ്രയോജനപ്പെട്ടു. എല്ലാ മനുഷ്യരേയും പോലെ മനുഷ്യരാണ് അവരും. ജന്മനാ കുറ്റവാളികളും മയക്കുമരുന്നു വില്‍ക്കുന്നവരുമൊന്നുമായി വന്നവരല്ല. 
കുറ്റവാസനയാണെങ്കിലും അക്രമസ്വഭാവമാണെങ്കിലും മലയാളികളില്‍ എത്രപേരിലുണ്ടോ അത്രത്തോളമേ അവരിലുമുള്ളു. പിന്നെ, അല്ലാതെ വരുന്നുണ്ടെങ്കില്‍ അതിനു കാരണം നമ്മുടെ സമീപനമാണ്. ഈ ഒറ്റപ്പെടുത്തലും കാണുമ്പോള്‍ത്തന്നെ ഭയന്നു മാറിനില്‍ക്കലും. അവരുടെ മാറ്റം നേരില്‍ത്തന്നെ കണ്ടതാണ്. മാറമ്പള്ളി എം.ഇ.എസ് കോളേജിലെ മുന്നൂറ് കുട്ടികളാണ് പെരുമ്പാവൂരില്‍ അവരെക്കുറിച്ചു നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തത്. അതിപ്പോള്‍ എല്ലാ ജില്ലയിലും നടക്കുന്നു; അതില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ സഹകരിക്കുന്നുണ്ട്. രാത്രിയിലൊക്കെ പെണ്‍കുട്ടികളാണ് പോയി അവര്‍ക്ക് ക്ലാസ്സെടുക്കുന്നത്. അടുത്തടുത്തു താമസിക്കുന്ന കുറേപ്പേരെ ഒന്നിച്ചു ചേര്‍ത്തുള്ള അത്തരം ക്ലാസ്സുകള്‍ വലിയ അനുഭവമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതൊരു വലിയ ഇടപെടലായിരുന്നു. അവര്‍ ഫണ്ട് അനുവദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പക്ഷേ, അതിഥിത്തൊഴിലാളികളില്‍ ഒരു വിഭാഗം ആരുടെയെങ്കിലും കയ്യിലെ ഉപകരണമാവുകയും ലഹരിമരുന്ന് ഉപയോഗം പോലുള്ളവ ശീലമാക്കുകയും ക്രിമിനല്‍ സ്വഭാവത്തോടെ പൊലീസിനെ ആക്രമിക്കുകയും ഉള്‍പ്പെടെ ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. 

ഭരണഘടനാ സാക്ഷരതപോലുള്ള മൂവ്മെന്റുകളിലേക്ക് വന്ന പശ്ചാത്തലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്തായിരുന്നു പൊതു പ്രതികരണം? 

ആരോഗ്യകരമായ സാമൂഹികജീവിതത്തിന് അനുകൂലമായ ഒരു ബോധം വ്യക്തികളില്‍ സൃഷ്ടിക്കുക എന്നതും സാക്ഷരതാ നിര്‍വ്വചനത്തിന്റെ ഭാഗമാണ്. അതിപ്പോള്‍ യുനെസ്‌കോ തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. സാഹചര്യം ഓരോയിടത്തും ഓരോന്നായിരിക്കും. പൗരത്വ നിയമഭേദഗതിയായിരുന്നു ഭരണഘടനാസാക്ഷരത ഏറ്റെടുക്കാനുള്ള പ്രധാന കാരണം. ശബരിമല വിഷയം വന്നപ്പോഴും അതു പ്രസക്തമായി. ഇന്ത്യന്‍ ഭരണഘടന വെല്ലുവിളി നേരിട്ടതുകൊണ്ടാണ് ആ വിധം ഭരണഘടനാ സാക്ഷരത പ്രസക്തമായത്. കേരളത്തില്‍ ശബരിമല യുവതിപ്രവേശനം ഒരു പ്രശ്‌നമായി വന്നപ്പോഴാണ് സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയിട്ടുള്ള സമരങ്ങളുടേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ബോധം പുതിയ കാലത്ത് ഉണ്ടാകുന്നതിന്റെ പ്രസക്തി. ഭരണഘടനാ സാക്ഷരതയും നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങളും വലിയ രീതിയില്‍ കേരളത്തില്‍ സാക്ഷരതാ പ്രവര്‍ത്തനമായിത്തന്നെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളിലും സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞ കാലത്തെപ്പോലെ ജനകീയ പ്രവര്‍ത്തനമായി നടത്താന്‍ കഴിഞ്ഞു. ഭരണഘടനാ സന്ദേശയാത്ര തന്നെ സംഘടിപ്പിച്ചു. അന്‍പതു ലക്ഷത്തോളം പേര്‍ പല ഘട്ടങ്ങളിലായി അതിലൊക്കെ പങ്കെടുത്തു. സാക്ഷരത മുതല്‍ പത്താംക്ലാസ്സ് വരെയുള്ള സാക്ഷരതാമിഷന്റെ പഠിതാക്കള്‍ ഒരു വര്‍ഷം ഒന്നര മുതല്‍ രണ്ടു ലക്ഷം പേര്‍ വരെയുണ്ടാകും. അവരെ മാത്രമല്ല ലക്ഷ്യം വച്ചത്. അവര്‍ ഓരോരുത്തരും പത്തോ പതിനഞ്ചോ പേരിലേക്ക് ഈ സാമൂഹിക സാക്ഷരതാ സന്ദേശം എത്തിച്ചു. കൂടാതെ, ഈ പഠിതാക്കളുടെ മുഴുവന്‍ കുടുംബങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ ശ്രമിച്ചു. തുല്യതാ ക്ലാസ്സ് മാത്രമായി നിന്നിരുന്ന സാക്ഷരതാമിഷനെ വ്യത്യസ്തമാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ളത് ഈ രീതിയിലുള്ള പ്രവര്‍ത്തനമാണ്.

ഇഎംഎസിനൊപ്പം. 1994ൽ എടുത്ത ചിത്രം
ഇഎംഎസിനൊപ്പം. 1994ൽ എടുത്ത ചിത്രം

നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും ഡയറക്ടര്‍ക്കതിരെ ഉണ്ടായി. നിയമസഭയില്‍ വരെ പ്രതിപക്ഷം അത് ഉന്നയിച്ചു. എന്താണ് പ്രതികരണം? 

നിയമസഭയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വളരെ വിശദമായിത്തന്നെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാകണം പ്രതിപക്ഷം പിന്നീട് ആ വിഷയം ഉന്നയിച്ചുമില്ല. അതിനു മുന്‍പും ശേഷവും പുറത്ത് തുടര്‍ച്ചയായി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാന്‍ ചില കേന്ദ്രങ്ങള്‍ അമിതോത്സാഹം കാണിക്കുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ ചെയ്തതിനു പകരം ഒന്നും ചെയ്യാതിരിക്കുകയായിരുന്നെങ്കില്‍ ഈ ആരോപണങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. നിഷ്‌കളങ്കമായോ നിഷ്പക്ഷമായോ ദുരുദ്ദേശമില്ലാതേയോ വന്ന ആരോപണങ്ങളും വാര്‍ത്തകളുമാണ് ഇതൊക്കെയെന്നു വിചാരിക്കുന്നില്ല. തീര്‍ച്ചയായും ആദിവാസികളും പാര്‍ശ്വവല്‍ക്കൃതരും പിന്നാക്കം നില്‍ക്കുന്നവരും മുന്നോട്ടു വരുന്നതില്‍ അസ്വസ്ഥതയുള്ള, അല്ലെങ്കില്‍ അകമേ എങ്കിലും അത് ഇഷ്ടപ്പെടാത്തവരുടെ അസഹിഷ്ണുതയാണ് പഴികളും ആക്ഷേപങ്ങളുമായി വരുന്നത്. ആരോപണങ്ങളേക്കാള്‍ എത്രയോ ഇരട്ടി അനുകൂലമായ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളത് മാധ്യമങ്ങളാണ്. മുന്‍പ് സാക്ഷരതാമിഷനെക്കുറിച്ച് ഇത്രയ്ക്കു വാര്‍ത്തകള്‍ വന്നിട്ടില്ല; പഴികളും വന്നിട്ടില്ല. പക്ഷേ, വ്യക്തിപരമായി ഇതിലൊന്നും എന്തെങ്കിലും വിരോധമുള്ളതായി മനസ്സിലായിട്ടില്ല; അതിന്റെ കാര്യവുമില്ല. ഒന്നുകില്‍ സര്‍ക്കാര്‍ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കുകയും അതു കുറേയേറെ ഫലം കാണുകയും ചെയ്യുന്നതിലുള്ള അസ്വസ്ഥത. രണ്ട്, അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ആളുകള്‍ ഉണര്‍ന്നെണീറ്റ് മുന്നിലേക്കു വരുന്നതിലെ വിഷമം. ഈ രണ്ടു ഘടകങ്ങള്‍ അതിലുണ്ടെന്ന് വിചാരിക്കുന്നു. അതിനെയൊന്നും വ്യക്തിപരമായി എടുക്കുന്നില്ല, ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലെ സമീപനത്തില്‍ മാറ്റം വരുത്താനും ഉദ്ദേശിക്കുന്നില്ല. 

കോളേജ് അദ്ധ്യാപിക ആയിരിക്കുമ്പോഴാണല്ലോ ഈ ചുമതലയിലേക്കു വന്നത്. അക്കാദമിക മേഖലയിലെ പുതിയ ഉയരങ്ങള്‍ നഷ്ടപ്പെടുത്തി എന്നു ഖേദിക്കേണ്ടിവന്നിട്ടുണ്ടോ? 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപിക ആയിരിക്കുമ്പോഴാണ് സാക്ഷരതാ മിഷന്‍ ഡയറക്ടറാകാനുള്ള എന്ന നിര്‍ദ്ദേശം വരുന്നത്. പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പായ യു.ജി.സിയുടെ റിസര്‍ച്ച് അവാര്‍ഡ് കിട്ടിയ സമയമായിരുന്നു. എല്ലാ ഫാക്കല്‍റ്റിയിലുമുള്‍പ്പെടെ രാജ്യത്താകെ നൂറു പേര്‍ക്കു കൊടുക്കുന്ന ഫെല്ലോഷിപ്പ്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് യു.ജി.സി അതിനുവേണ്ടി അപേക്ഷ ക്ഷണിക്കുന്നത്. അതു കിട്ടിയാല്‍ രണ്ടു വര്‍ഷത്തേക്കു കോളേജില്‍നിന്നു ശമ്പളത്തോടുകൂടിയ അവധി അനുവദിക്കും; ആ ശമ്പളം യു.ജി.സി നേരിട്ടു തരും. അങ്ങനെ അവധിയില്‍ പ്രവേശിച്ച് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഈ നിര്‍ദ്ദേശം വരുന്നത്. ആ ഫെല്ലോഷിപ് എനിക്ക് വലിയ അഭിമാനവും അക്കാദമികരംഗത്ത് കുറച്ചുകൂടി ശ്രദ്ധിക്കാന്‍ പറ്റും എന്നൊക്കെ തോന്നിയ ഒരു സാഹചര്യവുമൊക്കെ ആയിരുന്നു. അതില്‍ തുടരാനാണ് വാസ്തവത്തില്‍ ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, പാര്‍ട്ടി നിര്‍ദ്ദേശിച്ച ചുമതലയാണ് അതിനേക്കാള്‍ പ്രധാനം എന്നതുകൊണ്ട് അത് ഏറ്റെത്തു. ഫെല്ലോഷിപ് കാലയളവില്‍ മറ്റ് അസൈന്‍മെന്റുകളൊന്നും ഏറ്റെടുക്കാന്‍ പാടില്ലാത്തതുകൊണ്ട് അത് ഒഴിവാക്കേണ്ടിവന്നു. സാക്ഷരതാമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പ്രതിബദ്ധതയോടെ മുഴുകുന്നതിലെ സാധ്യതകള്‍ മനസ്സിലായതോടെ വ്യക്തിപരമായ അക്കാദമിക നേട്ടത്തേക്കാള്‍ പ്രധാനമാണ് പതിനായിരക്കണക്കിനു വരുന്ന ആളുകളിലേക്ക് അവര്‍ക്കു നഷ്ടപ്പെട്ടുപോയെന്നു കരുതിയത് എത്തിക്കാനും അവര്‍ക്ക് അവകാശബോധമുണ്ടാക്കാനും അവരുടെ ജീവിതത്തില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും വളര്‍ത്താനും കഴിയുന്നതെന്ന് മനസ്സിലായി. അതോടെ നിരാശ പൂര്‍ണ്ണമായി മാറി, ഇതാണ് ഞാന്‍ ചെയ്യേണ്ടത് എന്നു ബോധ്യമാവുകയും ചെയ്തു. എത്രമാത്രം ആളുകള്‍ക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം എത്തിക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത്. ഇതിനിടെ, തലസ്ഥാന നഗരത്തിലെ പേട്ടയില്‍ സാക്ഷരതാമിഷന് സ്വന്തമായി ആസ്ഥാനവുമുണ്ടായി. 

സാക്ഷരതാ പരീക്ഷ എഴുതുന്ന ആദിവാസി സ്ത്രീ
സാക്ഷരതാ പരീക്ഷ എഴുതുന്ന ആദിവാസി സ്ത്രീ

കോട്ടയത്തെ 104 വയസ്സുള്ള കുട്ടിയമ്മ കോന്തി എന്ന പഠിതാവ് സമൂഹത്തിനും മാധ്യമങ്ങള്‍ക്കും ഒരു കൗതുകം മാത്രമായിരിക്കാം, പക്ഷേ, ഈ പ്രായം വരെ അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാതിരുന്ന ഒരു അവകാശം അനുഭവിപ്പിക്കുന്നതിന്റെ ഭാഗമാകാനാണ് ഞങ്ങള്‍ക്കു കഴിഞ്ഞത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ പോയി 91 വയസ്സുള്ള കാളിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. 105 വയസ്സില്‍ സാക്ഷരതാമിഷന്റെ നാലാംതരം തുല്യതാ പരീക്ഷ എഴുതി ജയിച്ച ഭാഗീരഥി അമ്മയ്ക്കു രാഷ്ട്രം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. ഭാഗീരഥി അമ്മയും മറ്റൊരു നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മയും ഒരു മാസത്തെ വാര്‍ദ്ധക്യ പെന്‍ഷന്‍ കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത് നിരവധിയാളുകള്‍ക്കു പ്രചോദനമായി. അഞ്ചു വര്‍ഷംകൊണ്ട് അങ്ങനെ എത്ര വലിയ അനുഭവങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com