വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ആര്‍ക്കാണു പേടി?

സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല
വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ആര്‍ക്കാണു പേടി?

സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ മുസ്ലിം ലീഗില്‍ അതേച്ചൊല്ലി രൂപപ്പെട്ട ഭിന്നത ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും തമ്മിലുള്ള ഭിന്നതയായി മാറുകയും ചെയ്തു. ഭരണമുന്നണിയും അതിനെ നയിക്കുന്ന സി.പി.എമ്മും ഏറെ താല്പര്യത്തോടെ ഈ വിഷയത്തില്‍ ഉറ്റുനോക്കുകയാണ്. 

എന്നാല്‍ വഖഫ് സ്വത്തുക്കളെക്കുറിച്ച് കേരളം വിചിത്രമൗനത്തിലാണ്. സംസ്ഥാനത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുക വിശ്വാസികളുടെ പൊതുസ്വത്ത് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നവരിലാണ്. അവര്‍ ആരൊക്കെയെന്ന് തിരിച്ചറിയുമ്പോള്‍ കേരളം അമ്പരന്നുപോകും. ട്രസ്റ്റുകളും മുസ്ലിം സമുദായത്തിന്റെ പ്രാദേശിക ഘടകമായ മഹല്ലുകളും ഉള്‍പ്പെടെ 11101  സ്ഥാപനങ്ങള്‍ സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍, വലിയ വരുമാനമുള്ള നിരവധി ട്രസ്റ്റുകളും വഖഫ് സ്വത്തുക്കളും ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാതേയും പ്രവര്‍ത്തിക്കുന്നുണ്ട്. വഖഫ് ചെയ്യപ്പെട്ട വസ്തു സംബന്ധിച്ചുള്ള പ്രമാണത്തില്‍ രേഖപ്പെടുത്തിയതു പ്രകാരമല്ലാതെ, ആ വസ്തു വഖഫ് ബോര്‍ഡില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെ ഇഷ്ടദാനം ചെയ്യുകയോ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നതിനു നിയമസാധുതയില്ല. നിലവിലെ ഏതെങ്കിലും നിയമത്തിനു വിധേയമായി സ്ഥിതിചെയ്യുന്ന പള്ളിയോ ദര്‍ഗയോ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയോടെ ഇഷ്ടദാനം ചെയ്യാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ല. വഖഫ് വസ്തുവകകള്‍ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ ഏതെങ്കിലും തരത്തില്‍ കൈമാറിയെന്ന വിവരം കിട്ടിയാല്‍ വസ്തുവകകളുടെ അവകാശം മടക്കിക്കിട്ടാന്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാം. ഇങ്ങനെയൊക്കെയാണ് നിയമം. 

പക്ഷേ, നിയമം നടപ്പാക്കണമെങ്കിലും വഖഫ് സ്വത്തു സംരക്ഷിക്കണമെങ്കിലും എവിടെയൊക്കെ എത്രയൊക്കെ സ്വത്തുണ്ടെന്ന് രേഖകളുണ്ടാകണം. വഖഫ് ബോര്‍ഡിന്റെ പക്കല്‍ വഖഫ് ഭൂമിയുടെ കൃത്യമായ കണക്കുകളില്ല. ഈ സ്ഥിതി ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് 2008-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ റിട്ടയേഡ് ജസ്റ്റിസ് എം.എ. നിസാറിനെ അന്വേഷണ കമ്മിഷനായി നിയമിച്ചത്. ജസ്റ്റിസ് നിസാര്‍ 2009 ഒക്ടോബര്‍ 30-ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആയിരം കോടിയോളം രൂപയുടെ വഖഫ് സ്വത്തുക്കള്‍ സംസ്ഥാനത്ത് അന്യാധീനപ്പെട്ടിട്ടുണ്ട് എന്നായിരുന്നു കണ്ടെത്തല്‍. മലബാര്‍ ഭാഗത്താണ് കൂടുതലായും ഇത്തരത്തില്‍ സ്വത്ത് നഷ്ടപ്പെട്ടിട്ടുള്ളത്. ഒരു വര്‍ഷത്തോളം അന്വേഷിച്ചു തയ്യാറാക്കിയ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ചു നടപടികളൊന്നും ഉണ്ടായില്ല. ''വഖഫ് അഡ്മിനിസ്ട്രേറ്ററായ മുത്തവല്ലിമാര്‍ അറിഞ്ഞും അറിയാതേയും ഭൂമി കൈമാറ്റം ചെയ്തു നല്‍കുന്നുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്തു പോയി. കോഴിക്കോട് ഫാറൂഖ് കോളേജിനു നല്‍കിയ ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ നഷ്ടപ്പെട്ടതായാണ് കണ്ടെത്താനായത്.'' ജസ്റ്റിസ് എം.എ. നിസാര്‍ പറയുന്നു. അന്ന് വഖഫ് ചുമതലയുണ്ടായിരുന്ന മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഈ സ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്നു താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരില്‍ വഖഫ് വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ ഇതില്‍ കാര്യമായൊന്നും ചെയ്തില്ല. അദ്ദേഹത്തെ താന്‍ നേരിട്ടുപോയി കണ്ടെന്നും ജസ്റ്റിസ് നിസാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഇത്തരം സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കേണ്ടത് സര്‍വ്വേ കമ്മിഷനാണ്. ഇതിനു മാത്രമായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയാല്‍ മാത്രമേ വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാനാവൂ. നിലവില്‍ ഇതിന്റെ ചുമതലയുള്ളത് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കാണ്.

രണ്ടു തരം വഖഫുകളാണ് നിലവിലുള്ളത്. ഒന്നാമത്തേത് പള്ളികള്‍പോലെ മതപരമായ കാര്യങ്ങള്‍ക്കുള്ളതും രണ്ടാമത്തേത് വ്യക്തികള്‍ക്കോ സമൂഹത്തിനോ വേണ്ടിയുള്ളതും. ഉദാഹരണത്തിന്, കുടുംബാംഗങ്ങള്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും വേണ്ടി മാത്രം ചെയ്യുന്ന വഖഫ്. ഇത്തരം വഖഫിനു പേര് 'വഖ്ഫുല്‍ ഔലാദ്' എന്നാണ്. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് വേഴ്സസ് കമ്പം മൂസാ സേഠ് എന്ന കേസില്‍ വസ്തുതന്നെ വഖഫ് ചെയ്യണോ അതോ വസ്തുവില്‍ നിന്ന് ലഭിക്കുന്ന വരുമാനം, ആദായം തുടങ്ങിയ നേട്ടങ്ങള്‍ മാത്രം വഖ്ഫ് ചെയ്താല്‍ മതിയോ എന്നുള്ളതില്‍ ഹൈക്കോടതി തീര്‍പ്പ് കല്പിച്ചിരുന്നു. വസ്തു മാത്രമല്ല, വസ്തുവില്‍നിന്ന് കിട്ടുന്ന മുഴുവന്‍ ആദായവും വഖ്ഫുല്‍ ഔലാദില്‍ ഉള്‍പ്പെട്ടിരിക്കണം എന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1930-ലെ മറ്റൊരു കേസില്‍, വഖഫ് ചെയ്യുന്ന വസ്തു ഭൂമിയോ കെട്ടിടമോ മാത്രമാകണമെന്നില്ലെന്നും കമ്പനിയിലെ ഷെയറോ പണമോ ആകാമെന്നും പറയുന്നുണ്ട്.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ ചർച്ച നടത്തിയപ്പോൾ
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ ചർച്ച നടത്തിയപ്പോൾ

ചിതറിപ്പോയ സ്വത്തുക്കള്‍

മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കായി വഖഫ് ചെയ്ത ഭൂമി എവിടെയൊക്കെയുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ എവിടെനിന്നും ലഭിക്കില്ല. വഖഫ് ബോര്‍ഡില്‍ ഇവയുടെ രേഖകള്‍ സൂക്ഷിക്കണമെന്ന് വഖഫ് നിയമം കൃത്യമായി നിര്‍ദ്ദേശിക്കുന്നുണ്ടുതാനും. അതുപോലെതന്നെ വഖഫിന്റെ പരിരക്ഷ ഉറപ്പ് വരുത്തുക എന്നതും ബോര്‍ഡിന്റെ ചുമതലയാണ്. ഈ ചുമതലകള്‍ ബോര്‍ഡ് വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് സംസ്ഥാനത്തെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളെക്കുറിച്ചു പറയേണ്ടി വരുന്നത്. 

വഖഫ് പരിപാലന സമിതിയെന്ന രജിസ്റ്റേഡ് സ്ഥാപനമാണ് വഖഫ് സ്വത്ത് സംബന്ധിച്ചു മറ്റൊരു പഠനം നടത്തിയത്. 11038 ഏക്കര്‍ വഖഫ് സ്വത്ത് കയ്യേറിയിട്ടുണ്ടെന്നാണ് ഇവരുടെ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. വഖഫ് ബോര്‍ഡില്‍നിന്നും ലഭിച്ച വിവരാവകാശ രേഖ പ്രകാരം 1102 പരാതികള്‍ അന്യാധീനപ്പെട്ട സ്വത്ത് സംബന്ധമായി ലഭിച്ചിട്ടുമുണ്ട്. ഇവയില്‍ എത്രയെണ്ണം തീര്‍പ്പ് കല്പിക്കാനായി എന്നതില്‍ വ്യക്തതയില്ല. പതിറ്റാണ്ടുകളായി നിയമക്കുരുക്കില്‍ പെട്ടുപോയ ഭൂമികളാണ് വഖഫ് ബോര്‍ഡിനു മുന്നിലുള്ളത്. 3000 ഏക്കര്‍ ഭൂമിയൊക്കെ ഒന്നായി കയ്യേറ്റക്കാരുടെ കൈവശമെത്തിയിട്ടുണ്ടെന്നാണ് വഖഫ് പരിപാലന സമിതിയുടെ കണ്ടെത്തല്‍. 

1950 നവംബര്‍ ഒന്നിനു ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാന്‍ ബഹദൂര്‍ പി.കെ. ഉണ്ണിക്കമ്മു സാഹിബിന് കൊച്ചി കണയന്നൂര്‍ താലൂക്കില്‍ കച്ചിമേമന്‍ മുസല്‍മാന്‍ ഹാജിയും സേട്ടുവിന്റെ മകന്‍ മുഹമ്മദ് സിദ്ദിഖ് സേട്ടും ഇടപ്പള്ളി സബ് രജിസ്റ്റാര്‍ ഓഫീസില്‍വെച്ചാണ് ചെറായി ബീച്ചിലെ 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. ഇന്നു ടൂറിസം മേഖലയായി മാറിയിരിക്കുന്ന ചെറായി ബീച്ചിനെക്കുറിച്ചാണ് ഈ പറയുന്നത്. ചെറായി ബീച്ചില്‍ അടുത്ത ദിവസം പോയപ്പോള്‍ കണ്ടത് വലിയ റിസോര്‍ട്ടുകളും കോട്ടേജുകളുമാണ്. ഫാറൂഖ് കോളേജിന് നല്‍കിയെന്ന് പറയുന്ന വഖഫ് ഭൂമി ഇതാണോ എന്നു നേരിട്ട് വഖഫ് ബോര്‍ഡില്‍ അന്വേഷിച്ചു. ബീച്ച് ജംഗ്ഷനില്‍നിന്നും 500 മീറ്റര്‍ വടക്കോട്ട് മാറിയാല്‍ കാണുന്ന ഭൂമി മുഴുവനും വഖഫ് ഭൂമിയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെ വഖഫ് ഭൂമിയില്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയെന്നതായി പിന്നെ അന്വേഷണം. 1950-ല്‍ ക്രയവിക്രയാധികാരത്തോടുകൂടി കോളേജ് കമ്മിറ്റിക്ക് കിട്ടിയത് ആധാരത്തിലെ നിബന്ധനകള്‍ക്കനുസരിച്ച് ദാനാധാരമാണ്. 404 ഏക്കറില്‍ 350 ഏക്കര്‍ സ്ഥലം കടലിലും കായലിലും പെട്ട് കിടക്കുകയായിരുന്നു. ബാക്കി സ്ഥലം കുടികിടപ്പുകാരുടെ കയ്യിലുമായിരുന്നു. ഇതുസംബന്ധിച്ച് 1962-ല്‍ പറവൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 1963 മുതല്‍ ഈ ഭൂമി റിസീവറുടെ കൈവശമാകുകയും ചെയ്തു. ഈ സ്ഥലം ഒഴിപ്പിച്ചെടുക്കാനാവാത്ത സ്ഥിതിയിലായതിനാല്‍ ഫാറൂഖ് കോളേജ് പിന്നീടു കയ്യൊഴിഞ്ഞുവെന്നാണ് കോളേജിന്റെ തന്നെ നിലപാടായി പുറത്തുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമാകുന്നത് 350 ഏക്കര്‍ കടലെടുത്തുവെന്ന വാദം ശരിയല്ലെന്നാണ്. കുഴിപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുറകുവശത്തുള്ള സ്ഥലവും പള്ളിപ്രം വില്ലേജ് അതിര്‍ത്തിയിലെ പ്രദേശങ്ങളും വഖഫ് ഭൂമിയായിരുന്നെന്നും അവ പലവട്ടം മറിച്ചുവില്‍പ്പനയ്ക്ക് വിധേയമായിട്ടുണ്ടെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചെറായി ബീച്ച് പരിസരത്ത് നേരിട്ട് അന്വേഷിച്ചപ്പോള്‍ പ്രദേശവാസിയായ ജോസ് എന്നയാള്‍ പറഞ്ഞത് സാക്ഷ്യപ്പെടുത്തുന്നു. റിസീവര്‍ ഭരണത്തിന്‍ കീഴിലായിരിക്കെയാണ് ഇദ്ദേഹം അഭിഭാഷകന്റെ കയ്യില്‍നിന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങുന്നത്. പിന്നീടത് മറിച്ചുവിറ്റു. ഇപ്പോള്‍ മറ്റൊരിടത്ത് വീടുവെച്ച് താമസിക്കുന്നു. കോളേജ് മാനേജ്മെന്റിലെ ആരും തന്നെ ഈ പ്രദേശത്ത് അന്വേഷിച്ചിരുന്നില്ല. പിന്നീട് റിസീവറായി വന്ന അഭിഭാഷകനാണ് ഭൂമി വില്‍പ്പന നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. അടുത്തയിടെയായി ചില ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംശയം തോന്നുകയും തുടര്‍ന്ന് വഖഫ് ഭൂമിയാണെന്ന രീതിയില്‍ അത് മനസ്സിലാക്കുകയും ചെയ്തെന്നാണ് വഖഫ് ബോര്‍ഡിന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരുടെ കൈവശമുള്ള ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള പ്രാഥമിക നടപടി വഖഫ് ബോര്‍ഡ് ആരംഭിച്ചിരിക്കുകയാണ്. വന്‍കിട റിസോര്‍ട്ടുകാരുടെ ഉള്‍പ്പെടെ കൈകളിലായിപ്പോയ ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള വൈകിയ വേളയിലെ ശ്രമം വഖഫ് ബോര്‍ഡ് എവിടെവരെ എത്തിക്കുമെന്ന് കാത്തിരുന്നു കാണണം.
                         
വസ്തുതകള്‍ മാത്രം സംസാരിക്കുന്നു

വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമശ്രദ്ധയില്‍ വന്നതോടെ വഖഫ് ബോര്‍ഡ് കയ്യേറ്റങ്ങളും ട്രൈബ്യൂണല്‍ ഉത്തരവുകളുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്തിന്റെ ഭൂമി യത്തീംഖാനയ്ക്കു കൈമാറിയത് സംബന്ധിച്ച വലിയ തര്‍ക്കം പുറത്തുവന്നത്. ജമാഅത്ത് കമ്മിറ്റി യത്തീംഖാനയ്ക്കായി രണ്ട് ഏക്കര്‍ 10 സെന്റ് ഭൂമി പല ഘട്ടങ്ങളിലായി കൈമാറിയെന്നാണ് പരാതി ഉയര്‍ന്നത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് കൈമാറ്റം. മഹല്ല് ഭാരവാഹികളുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ട്രസ്റ്റുണ്ടാക്കുകയും പിന്നീട് അത് യത്തീംഖാനയ്ക്കായി കൈമാറുകയുമാണുണ്ടായത്. സംഗതി കോടതിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. 

കോഴിക്കോട് നടക്കാവില്‍ എം.ഇ.എസ് ഉടമസ്ഥതയിലുള്ള ഫാത്തിമ ഗഫൂര്‍ മെമ്മോറിയല്‍ വനിതാ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. പുതിയ പൊന്‍മാണി ചിന്തകം തറവാട് വഖഫ് ചെയ്ത കോഴിക്കോട് ടൗണിലെ ബ്ലോക്ക് നമ്പര്‍ 12 വാര്‍ഡ് 3-ലെ ഭൂമിയിലാണ് എം.ഇ.എസിന്റെ കോളേജ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടത്തിയത്. പുതിയ പൊന്‍മാണി ചിന്തകം വഖഫിന്റെ സെക്രട്ടറി വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാലിന് നല്‍കിയ പരാതിയിലാണ് നിയമനടപടി ആരംഭിച്ചത്. ബോര്‍ഡിന് അവകാശപ്പെട്ട 25 കോടിയുടെ കെട്ടിടവും ഭൂമിയും  തിരിച്ചു നല്‍കണമെന്നായിരുന്നു ആവശ്യം. 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത് എന്നാണ് എം.ഇ.എസിന്റെ വാദം. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പാട്ടക്കരാറുണ്ടാക്കിയതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. കോളേജിനെതിരെയുള്ള നടപടിക്കെതിരെ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളുകയും ചെയ്തു. കൃത്യമായ പാട്ടക്കരാറില്ലാതെ വസ്തുക്കള്‍ കൈവശം വെയ്ക്കുന്നത് കയ്യേറ്റമാണെന്ന മേല്‍ക്കോടതി ഉത്തരവുകളും പരിഗണിച്ചാണ് ട്രൈബ്യൂണല്‍ വിധിയുണ്ടായത്. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് എം.ഇ.എസിന്റെ തീരുമാനം.

പ്രശസ്തമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ഭൂമിയുമായി ബന്ധപ്പെട്ടും വലിയ തര്‍ക്കങ്ങളാണ് നിലവിലുള്ളത്. വഖഫ് ഭൂമി വ്യക്തികള്‍ കയ്യേറിയെന്ന പരാതി ഉന്നയിച്ചത് വഖഫായി സ്വത്ത് നല്‍കിയ വ്യക്തിയുടെ പിന്‍തുടര്‍ച്ചക്കാരന്‍ തന്നെ. ആറര ഏക്കര്‍ വഖഫായി നല്‍കിയത് താന്‍ വിദേശത്തായിരുന്നപ്പോള്‍ കയ്യേറിപ്പോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. സ്ഥാപന അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അത് പരിഗണിക്കാതെ വന്നപ്പോഴാണ് വഖഫ് ബോര്‍ഡിനെ സമീപിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് അവകാശപ്പെട്ട പെരിന്തല്‍മണ്ണ കൊറ്റുകുളത്തെ ഭൂമിയും ഈ രീതിയില്‍ അന്യാധീനപ്പെട്ടതായി പരാതിയുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാലാപറമ്പ് കെ. കുഞ്ഞിമായിന്‍ ഹാജി ഭാര്യ ഉമയ്യ ഉമ്മ ഹജ്ജുമ്മയെ മുത്തവല്ലിയാക്കി 1961 നവംബര്‍ ഒന്നിനാണ് 534 ഏക്കര്‍ ഭൂമി വഖഫ് ചെയ്യുന്നത്. ഭൂമി വഖഫ് ചെയ്യുമ്പോള്‍ സ്വത്തില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച് ചില വ്യവസ്ഥകളും വെച്ചിരുന്നു. എന്നാല്‍, ഈ സ്വത്തില്‍ നിന്നുള്ള വരുമാനം ഇപ്പോഴും വഖഫ് ബോര്‍ഡിന് ലഭിക്കുന്നില്ല. ഭൂമി തിരിച്ചുപിടിക്കാന്‍ സി.ഇ.ഒ നടപടി സ്വീകരിച്ചു തുടങ്ങിയതായി സൂചനകളുണ്ട്.

കോഴിക്കോട് മുക്കത്തിനടുത്തുള്ള തണ്ണീര്‍പൊയിലില്‍ വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം സംബന്ധിച്ച് നിരവധി പരാതികളുണ്ട്. ആനയാംകുന്നിലെ വയലില്‍ കുഞ്ഞാലിക്കുവേണ്ടി മകന്‍ ഉണ്ണി മൊയിയാണ് കാരശേരി കട്ടയാട്ടുമ്മല്‍ തണ്ണീര്‍ പൊയില്‍ ജുമാഅത്ത് പള്ളിക്ക് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2619 - 1952 നമ്പറായി ഭൂമി വഖഫ് ചെയ്തത്. 1918-ല്‍ തന്നെ വഖഫ് ചെയ്തിരുന്നെങ്കിലും 1952-ലാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. ഈ വഖഫ് ഭൂമി ഇന്ന് ഓരോ വ്യക്തികളുടെ കയ്യിലാണെന്നാണ് വഖഫ് ബോര്‍ഡും പറയുന്നത്. കോഴിക്കോട് ജില്ലയില്‍ വാഴൂര്‍ പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് പ്രദേശത്തുകാര്‍ക്ക് മതപഠനം നടത്തുന്നതിനായാണ് മൂന്നര ഏക്കര്‍ വഖഫ് ഭൂമി കന്നിക്കാട്ടില്‍ ബീരാന്‍ കുട്ടി വഖഫ് ചെയ്തത്. 1958 ജൂണ്‍ 23-നാണ് ഫറോക്ക് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 4 രൂപ 25 പൈസ ഫീസടച്ച് ഇത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 1978-ല്‍ ഈ ഭൂമിക്ക് പട്ടയം സംഘടിപ്പിച്ചുവെന്നും അത് ചിലര്‍ ചേര്‍ന്ന് കൈക്കലാക്കിയെന്നുമാണ് പരാതി. വഖഫ് ബോര്‍ഡ് പരാതി സ്വീകരിച്ച് അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തതായി വഖഫ് സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി ഉമര്‍ ഏറാമല പറയുന്നുണ്ട്. എന്നാല്‍ ഈ ഭൂമി ഇപ്പോഴും വഖഫ് ബോര്‍ഡിന്റെ കൈവശം എത്തിയിട്ടില്ല. 

കൊണ്ടോട്ടിയിലെ പ്രസിദ്ധമായ തക്കിയ വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് വലിയ പരാതികള്‍ പണ്ടുമുതലേയുള്ളതാണ്. 1770-കളില്‍ ചിസ്തി ഖാദിരി ത്വരീഖത്തിന്റെ ശെയ്ഖ് ആയിരുന്ന ഖാജാ മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടിയിലെ തക്കിയ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത്. മഹാരാഷ്ട്രയിലെ കര്‍ജ്ജാന്‍ പട്ടണത്തിലെ സയ്യിദ് ഇസ്മായിലിന്റേയും മഖ്ദൂം ഗോത്രത്തില്‍പ്പെട്ട ശിഹാബുദ്ദീന്റെ മകള്‍ ഫാത്തിമയുടേയും മകനായ ഖാജാ മുഹമ്മദ് ഷാ കൊണ്ടോട്ടിയില്‍ താമസമാക്കി. ഇതോടെ ഇദ്ദേഹത്തെ പിന്‍പറ്റി നിരവധി പേര്‍ കൊണ്ടോട്ടിയിലെത്തി. ശിഷ്യന്മാര്‍ നിരവധി സ്വത്തുക്കള്‍ വഖഫ് ചെയ്തതായാണ് പറയപ്പെടുന്നത്. ഇതൊക്കെ ഇപ്പോള്‍ ആരുടെയൊക്കെയോ കൈകളിലായിരിക്കുന്നു. പ്രശസ്തമായ വാഴക്കാട് ദാറുല്‍ ഉലൂം കോളേജിന്റെ കാര്യത്തിലും വലിയ തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഏക്കര്‍ കണക്കിന് ഭൂമി വഖഫ് ചെയ്തിട്ടും നിലവില്‍ 200 ഏക്കര്‍ മാത്രമാണ് കൈവശമുള്ളതെന്നാണ് കണ്ടെത്തല്‍.

കാസർക്കോട് ടാറ്റയുടെ സഹായത്തോടെ സ്ഥാപിച്ച കോവിഡ് ആശുപത്രിക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്തത് വഖഫ് ബോർഡാണ്. പകരം ഭൂമിയാണ് അന്ന് സംസ്ഥാന സർക്കാർ വാ​ഗ്ദാനം ചെയ്തത്. എന്നാൽ ഈ കരാർ പാലിക്കാൻ സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് ഭൂമി തിരികെ വേണമെന്ന് വഖഫ് ബോർഡ് ആവശ്യപ്പെട്ടിരുന്നു
കാസർക്കോട് ടാറ്റയുടെ സഹായത്തോടെ സ്ഥാപിച്ച കോവിഡ് ആശുപത്രിക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്തത് വഖഫ് ബോർഡാണ്. പകരം ഭൂമിയാണ് അന്ന് സംസ്ഥാന സർക്കാർ വാ​ഗ്ദാനം ചെയ്തത്. എന്നാൽ ഈ കരാർ പാലിക്കാൻ സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് ഭൂമി തിരികെ വേണമെന്ന് വഖഫ് ബോർഡ് ആവശ്യപ്പെട്ടിരുന്നു

ആരാണ് അവകാശികള്‍

ഇസ്ലാം മതവിശ്വാസികള്‍ പുണ്യവും സമുദായ ക്ഷേമവും ലക്ഷ്യമാക്കി ദാനം ചെയ്യുന്ന സ്വത്തിനാണ് വഖഫ് സ്വത്ത് എന്ന് പറയുന്നത്. അങ്ങനെ വഖഫ് ചെയ്ത ഭൂമിയാണ് ഇത്തരത്തില്‍ അന്യാധീനപ്പെട്ട് പോകുന്നത്. വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ നിരവധി  ഉദാഹരണങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബി കോളേജിനുവേണ്ടി ഹാജി ഉമ്മി സൈദുമുഹമ്മദ് വഖഫ് ചെയ്ത 96 ഏക്കര്‍ ഭൂമിയുടെ കഥ. ഉമ്മി ഹാജിയുടെ മരണ ശേഷം സഹോദരന്‍ വി.എസ്. മുഹമ്മദ് ഈ 96 ഏക്കര്‍ ഭൂമി വെറും നാലര ലക്ഷം രൂപയ്ക്ക് വഖഫ് ബോര്‍ഡിനു കൊടുത്തു. എന്നാല്‍, ഇതേ ഭൂമി ഭാര്യയുടേയും മക്കളുടേയും പേരിലാക്കിയ ശേഷം 2006-ല്‍ 12 കോടി രൂപയ്ക്ക് എറണാകുളത്തെ ആബാദ് പ്ലാസയ്ക്ക് കൈമാറിയതായി പരാതിയുണ്ടായി. 10237 ആര്‍.എ നമ്പറായി വഖഫ് രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ്  എം.ഐ.സിയുടെ  കീഴിലുള്ള 4 ഏക്കര്‍ 12 സെന്റ് ഭൂമി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ടാറ്റയ്ക്കു കൈമാറിയത്.

ഏറ്റവും ഒടുവിലായി നിയമനടപടികള്‍ക്ക് വിധേയമായ വഖഫ് ഭൂമിയാണ് തളിപ്പറമ്പ് ജമാഅത്തിന്റേത്. 1962-ല്‍ 323 ഏക്കര്‍ 85 സെന്റ് ഭൂമിയാണ് തളിപ്പറമ്പ് ജമാഅത്തിന്റേതായി വഖഫ് ചെയ്തത്. തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ അധീനതയിലുള്ള 20 ഏക്കര്‍  സ്ഥലം കണ്ണൂര്‍ ജില്ലാ മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന് പാട്ടത്തിന് കൊടുക്കാന്‍ വഖഫ് ബോര്‍ഡിനോട് അനുവാദം വാങ്ങാന്‍ 1966-ല്‍  പള്ളിക്കമ്മിറ്റി മിനുട്‌സ് എഴുതി തീരുമാനിക്കുന്നു. പിന്നീട്  മിനുട്സിന്റെ കോപ്പി സഹിതം അപേക്ഷ നല്‍കുന്നു. 21 ഏക്കര്‍ 53 സെന്റ് സ്ഥലം സി.ഡി.എം.ഇ.എയ്ക്ക്  ലീസ് ആധാരം  ചെയ്തു കൊടുക്കാന്‍ 1966-ല്‍ വഖഫ് ബോര്‍ഡ് പള്ളിക്കു  അനുവാദം കൊടുക്കുന്നു. ജുമാഅത്ത് പള്ളിയും സി.ഡി.എം.ഇ.എയും ചേര്‍ന്ന് വഖഫ് അനുമതിക്ക്  വിരുദ്ധമായി 25 ഏക്കര്‍ സ്ഥലം 196-ല്‍  ലീസാധാരം ചെയ്യുന്നു. ലീസാധാരം നിയമപരമായി നിലനില്‍ക്കാത്തതിനാല്‍ ലീസാധാരം റദ്ദു ചെയ്തു വസ്തു തിരിച്ചെടുക്കുകയോ, വഖഫ് ബോര്‍ഡ് അനുവദിച്ച 21 ഏക്കര്‍ 53 സെന്റ് സ്ഥലത്തിന് പുതിയ ലീസാധാരം ചെയ്യാന്‍ അനുവദിച്ചു ബാക്കി സ്ഥലം തിരിച്ചെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് സ്വദേശികളായ കെ. മുഹമ്മദ്  അഷ്‌റഫ്, സി.പി. നൗഫല്‍ എന്നിവര്‍ ചേര്‍ന്ന്  വഖഫ് ബോര്‍ഡിനു ഹര്‍ജി നല്‍കുന്നു. വഖ്ഫ് ബോര്‍ഡ് അനുവദിച്ചത് 21 ഏക്കര്‍ 53 സെന്റ് മാത്രമാണെങ്കിലും, കോളേജ് തുടങ്ങാന്‍ 25 ഏക്കര്‍ സ്ഥലം ആവശ്യമായതിനാല്‍, അതിനെ മറികടക്കാന്‍ പള്ളിക്കമ്മിറ്റിയുമായി യോജിച്ച് 25 ഏക്കറിന് ലീസാധാരം ചെയ്തതാണെന്നാണ് സി.ഡി.എം.ഇ.എ സെക്രട്ടറി കേസില്‍ മറുപടി നല്‍കിയത്. ഇതേ പള്ളിയുടെ മറ്റൊരു രണ്ടേക്കര്‍ ഭൂമി സി.ഡി.എം.ഇ.എയ്ക്കു ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ജമാഅത്ത് പള്ളി ലീസാധാരം ചെയ്തത് വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെയായതിനാല്‍ ഈ രണ്ടേക്കര്‍ കയ്യേറ്റമായി കണക്കാക്കി പള്ളിക്കു തിരിച്ചു നല്‍കണമെന്ന   മറ്റൊരു ഹര്‍ജിയും  ബോര്‍ഡ് മുന്‍പാകെ ഫയല്‍ ചെയ്യുന്നു. ഹോസ്റ്റലിനായി പള്ളിയില്‍നിന്ന് ലീസിനു വാങ്ങിയ രണ്ടേക്കര്‍ ഭൂമി. വഖഫ് ബോര്‍ഡിന്റെ അനുമതി  ഉണ്ടായിരുന്നില്ല.  വഖഫ് രജിസ്റ്ററില്‍ ഈ ഭൂമി റീസര്‍വ്വേ 147  എന്നാണ്. എന്നാല്‍, ഇപ്പോള്‍ 147 എന്ന് മാത്രമായി ഒരു സര്‍വ്വേ  നമ്പര്‍ ഇല്ല. ഉള്ളത് 147/1 എ,  147/1 ബി എന്നിങ്ങനെയാണ്. ഇത് ചൂണ്ടിക്കാട്ടി ഈ നമ്പറുകളിലുള്ള ഭൂമികള്‍ വഖഫ് ഭൂമിയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. ഇതോടെ ഇതിലുള്ള നടപടി അവസാനിച്ചു. സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ഈ നിയമപോരാട്ടം ഇവിടെ അവസാനിക്കുകയാണുണ്ടായത്. ഇതൊരു ഉദാഹരണം മാത്രമാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലുവ ടൗണില്‍ മുസ്ലിം ജമാഅത്ത് കൗണ്‍സിലിന്റെ പേരില്‍ ഒരു സമരം നടന്നിരുന്നു. അവര്‍ ഉന്നയിച്ചിരുന്ന വിഷയം ആലുവ പമ്പ് കവലയ്ക്ക് സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂള്‍ മുതല്‍ പോസ്റ്റോഫീസ് വരെയുള്ള സ്ഥലം മഹാരാജാവ് മുസ്ലിം സമുദായത്തിന് നല്‍കിയിരുന്നുവെന്നും അത് അന്യാധീനപ്പെട്ടു എന്നുമാണ്. ആലുവ അദ്വൈതാശ്രമവും സ്‌കൂളും നില്‍ക്കുന്ന സ്ഥലം ഹിന്ദു സമുദായത്തിനും ചേര്‍ന്നുള്ള സെന്റ് സേവ്യേഴ്സ് പള്ളിയും കോളേജും ക്രിസ്ത്യന്‍ സമുദായത്തിനും  നല്‍കുകയും അത് സംരക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍, മുസ്ലിം സമുദായത്തിന് ഇതേ രീതിയില്‍ നല്‍കിയ ഭൂമി അന്യാധീനപ്പെട്ടു. സ്വകാര്യ ഹോട്ടലടക്കമുള്ള സ്ഥാപനങ്ങളാണ് അവിടെയുള്ളത്. ഈ ഭൂമി മുഴുവനായും സര്‍ക്കാരിന്റെ കൈവശമാണെന്നും ഇതില്‍ സമുദായത്തിനു യാതൊരുവിധ പങ്കാളിത്തവുമില്ലെന്നുമാണ് മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഹൈദ്രോസ് കാരോത്തുകുഴി പറയുന്നത്. സമുദായത്തിന് ഇതു തിരിച്ചു കിട്ടാന്‍ ലോകായുക്തയിലടക്കം പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. പരാതിക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവായി ഈ സ്ഥലത്തെ ഒരു എല്‍.പി. സ്‌കൂള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. ആലുവ എച്ച്.എ.സി എല്‍.പി സ്‌കൂള്‍ എന്നാണ് ഇന്നും ഇതിന്റെ പേര്. മഹാരാജാവ് ഹമദാനി തങ്ങള്‍ക്കാണ് ഈ സ്ഥലം കൈമാറിയതെന്നും അന്ന് സ്ഥാപിച്ച ഹമദാനി അറബി കോളേജാണ് എച്ച്.എ.സി എന്നുമാണ് ഇവര്‍ പറയുന്നത്. പിന്നീട് ഇത് നാലാം ക്ലാസ്സ് വരെ മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളായി മാറി. ഇതിലൊന്നും സമുദായത്തിന് യാതൊരുവിധ അവകാശമില്ലാതായെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. മുസ്ലിം സമുദായ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി മഹാരാജാവ് കൈമാറിയ ഭൂമി സംസ്ഥാന വഖഫ് ബോര്‍ഡിന് കൈമാറണമെന്നാണ് ഉയരുന്ന ആവശ്യം.

ഭൂമിക്ക് കണക്കുണ്ടോ?

1960-ലാണ് വഖഫ് ഭൂമി സംബന്ധിച്ച് സര്‍വ്വേ നടന്നത്. ആ സര്‍വ്വേ കമ്മിഷന്‍ റിപ്പോര്‍ട്ട് 5000 വഖഫുകളുണ്ടെന്നായിരുന്നു. പിന്നീട്  1995-ലെ നിയമപ്രകാരം സര്‍വ്വേ നടത്തിയപ്പോള്‍ 1960-ല്‍ കണ്ടെത്തിയതിനേക്കാള്‍ സ്വത്തുക്കളില്‍ കുറവ് കണ്ടു. പിന്നീട് ബോര്‍ഡ് തന്നെ ഈ സര്‍വ്വേ മടക്കി. നിലവില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി സര്‍വ്വേ നടക്കുന്നുണ്ട്. വഖഫ് ബോര്‍ഡ് 74 സര്‍വ്വേ നമ്പറുകള്‍ റവന്യൂ വകുപ്പിന് നല്‍കി. എന്നാല്‍ റവന്യൂ വകുപ്പ് സര്‍വ്വേ നടത്തിയപ്പോള്‍ അതില്‍ 62 എണ്ണവും റവന്യൂ ഭൂമി തന്നെയായിപ്പോയെന്നും അതുകൊണ്ട് രണ്ട് വര്‍ഷമായിട്ടും സര്‍വ്വേ നടപടികള്‍ എങ്ങുമെത്തിയില്ലെന്നുമാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹനീഷിനെ സര്‍വ്വേ കമ്മിഷനായി നിയമിച്ച് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിലവില്‍ ഏഴ് ജില്ലകളിലെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചതായും എത്രയും പെട്ടെന്ന് തന്നെ മറ്റ് ജില്ലകളിലേതും കണ്ടെത്തി കൃത്യമായൊരു കണക്കുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറയുന്നു.

കൃത്യമായി രേഖകളില്ലാത്ത ഭൂമിയാണ് വഖഫില്‍ ഏറെയും. അതുകൊണ്ട് തന്നെ അവ കണ്ടെത്തല്‍ ശ്രമകരമായ കാര്യമാണ്. പൂര്‍വ്വികര്‍ വഖഫ് ചെയ്യുകയും പിന്‍തലമുറക്കാര്‍ കാലങ്ങളായി കൈവശംവെച്ച് പോരുകയും ചെയ്യുന്ന ഭൂമി പിന്നീട് അവര്‍ രേഖാമൂലം തന്നെ സ്വന്തമാക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. നിലവില്‍ ഇതിനൊന്നും കൃത്യമായ രേഖകള്‍ ബോര്‍ഡിന്റെ പക്കലില്ല. പലതും തിരിച്ചുപിടിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഇതു തന്നെയാണ്. വഖഫ് ഭൂമിയില്‍ താമസിച്ചിരുന്നവര്‍ക്ക് പലര്‍ക്കും ഭൂപരിഷ്‌കരണ നിയമത്തോടെ ഈ ഭൂമി സ്വന്തമായി ലഭിച്ചു. ഇതൊന്നും ഇനി വഖഫ് ബോര്‍ഡിലേക്ക് മാറ്റല്‍ സാധ്യമാകുന്ന കാര്യമല്ല. ആ രീതിയില്‍ അന്യാധീനപ്പെട്ടുപോയ ഭൂമിയും പലരും കൈവശം വെച്ചിരിക്കുന്നതും കൈവശക്കാര്‍ മറിച്ച് വില്‍പ്പന നടത്തിയതുമായി നിരവധി സ്വത്തുകളുണ്ട് സംസ്ഥാനത്ത്. ഇത്തരത്തില്‍ വഖഫ് സ്വത്തേത് വ്യക്തികളുടേത് ഏത് എന്ന് തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞുമറിഞ്ഞാണ് നിലവില്‍ വഖഫ് സ്വത്തുക്കളുടെ സ്ഥിതി. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുക എന്ന ആവശ്യം സര്‍ക്കാരിനു മുന്നില്‍ ശക്തമായി ഉന്നയിക്കാന്‍ മുസ്ലിം സംഘടനകള്‍ മടിക്കുന്നതിനു പിന്നിലും ഇതൊക്കെത്തന്നെ. അന്വേഷിച്ചിറങ്ങി മറ്റാര്‍ക്കെങ്കിലുമെതിരെ വിരല്‍ ചൂണ്ടിയാല്‍ ബാക്കി വിരലുകള്‍ തിരിച്ചു തങ്ങള്‍ക്കു നേരേയാകും എന്ന ഭയമുള്ള തിരിച്ചറിവ്.

എറണാകുളത്തെ വഖഫ് ബോർഡ് ആസ്ഥാനം
എറണാകുളത്തെ വഖഫ് ബോർഡ് ആസ്ഥാനം

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം

ഗവണ്‍മെന്റിനു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1954-ലെ കേന്ദ്ര വഖഫ് നിയമപ്രകാരമാണ് 1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. മുന്‍ മന്ത്രി പി.കെ. കുഞ്ഞ് ആയിരുന്നു ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍. സംസ്ഥാന സര്‍ക്കാര്‍ 1995-ല്‍ കേരള വഖഫ് നിയമത്തിനു രൂപം നല്‍കി. 1996 ജനുവരി 1-ന് പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസ്ഥാന വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കലൂരിലാണ് വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം. ബോര്‍ഡില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. ബോര്‍ഡിലെ അംഗങ്ങളേയും സെക്രട്ടറിയേയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറേയും സംസ്ഥാന സര്‍ക്കാരാണ് നിയമിക്കുന്നത്. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. അധ്യക്ഷനെ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു.

വഖഫ് നിയമത്തില്‍ കൃത്യമായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അംഗങ്ങളില്‍ രണ്ടു പേര്‍ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍നിന്നും എം.പിമാരില്‍ നിന്നുമുള്ള മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരായിരിക്കും. ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്ലിം അഭിഭാഷകന്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീയത്ത് നിയമം അറിയുന്ന സാമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ മറ്റുള്ളവര്‍. അവസാനത്തെ മൂന്നു പേരെ സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യുന്നത്. വഖഫ് സ്വത്ത് സംരക്ഷിക്കുകയാണ് ബോര്‍ഡിന്റെ പ്രധാന ചുമതല. 

ഗവണ്‍മെന്റ് ഗ്രാന്റ്, സാമൂഹിക ക്ഷേമ ഫണ്ടില്‍നിന്നുള്ള ഗ്രാന്റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം എന്നിവ വഖഫ് ബോര്‍ഡിലേക്കാണ് എത്തുന്നത്. കൂടാതെ രജിസ്റ്റര്‍ ചെയ്ത 9000 വരുന്ന മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിനു നല്‍കണം. ഇതില്‍ മാസം ലക്ഷങ്ങള്‍ വരുമാനമുള്ള മഹല്ലുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരുമാനമുള്ള മഹല്ലുകളുമുണ്ട്. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഓഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും ബോര്‍ഡിനാണ്. 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഗ്രാന്റായി വഖഫ് ബോര്‍ഡിന് ലഭിക്കുന്നത്. 

കോടിക്കണക്കിന് സ്വത്തുക്കള്‍ സംസ്ഥാനത്ത് വഖഫ് ചെയ്തിട്ടുള്ളപ്പോഴും ബോര്‍ഡിന് ലഭിക്കുന്ന വരുമാനം നാമമാത്രമാണ്. ഇത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. വാടകക്കെട്ടിടങ്ങളാണ് ബോര്‍ഡിന് വരുമാനമുണ്ടാക്കാവുന്ന പ്രധാന മാര്‍ഗ്ഗം. എന്നാല്‍, ഇവയില്‍ വലിയ പങ്കും ബോര്‍ഡിന്റെ കൈവശമല്ല. ഇക്കൊല്ലം മാത്രം വഖഫ് ബോര്‍ഡ് നൂറിലധികം വാടകക്കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമവഴികളില്‍ നീങ്ങുമ്പോഴും പല തടസ്സങ്ങളും വഖഫ് ബോര്‍ഡിന് മുന്നിലും എത്തുന്നുണ്ട്. പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ മാത്രമേ ബോര്‍ഡിന് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു. ദീര്‍ഘനാളായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചെടുക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com