മണ്ണും പെണ്ണും ഉപമകള്‍ നിര്‍ലോഭമായി ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. കൃഷിയേയും ഫലഭൂയിഷ്ഠതയേയും കുറിക്കുന്ന പദമാണ് ഉര്‍വ്വരത. ഉര്‍വ്വരിയെന്നാല്‍ ഉത്തമയായ സ്ത്രീ എന്നും. പെണ്ണ് ആണിന്റെ കൃഷിയിടമാണെന്നും അവള്‍ ജനിപ്പിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണമാണ് ഉത്തമയായ സ്ത്രീയുടെ അളവുകോലെന്നും പറഞ്ഞുവെയ്ക്കുന്നുണ്ട് ഗതകാല ഗോത്രബോധം. പുത്രകാമേഷ്ടിയേയും പുത്രലാഭത്തേയും പുത്രദുഃഖത്തേയും പറ്റിയേ ഇതിഹാസങ്ങള്‍ പറയുന്നുള്ളൂ. പുത്രലാഭമെന്നു പറയുമ്പോള്‍ പുത്രിനഷ്ടമാണെന്നു വരികള്‍ക്കിടയില്‍ വായിക്കാവുന്നതാണ്.
ആദമിന് ഏകാന്തതയുടെ വിരസതയകറ്റാന്‍, ഒരു കളിക്ക് അവന്റെ ഒരു വാരിയെല്ലില്‍നിന്നും ദൈവം സൃഷ്ടിച്ചതാണ് ഈവിനെ. ഊരിപ്പോയ തന്റെ വാരിയെല്ലുകൊണ്ട് കോല്‍ക്കളി കളിക്കാനുള്ള അവകാശം ആദമിനുണ്ടെന്ന് ആ ബോധം പറയാതെ പറയുന്നുണ്ട്. മുഖാമുഖം ആണിനു അടിയിലായി പെണ്ണു വരുന്ന സുരതനിലയ്ക്ക് മിഷണറി പൊസിഷന്‍ എന്നു പേരുവന്നത് യാദൃച്ഛികമാവാനുള്ള സാധ്യതയില്ല. ആണിനു കീഴ്പ്പെട്ടു ജീവിക്കുവാനായി മാത്രം സൃഷ്ടിക്കപ്പെട്ടതാണു പെണ്ണെന്ന ഗോത്രബോധമാണ് പല സമൂഹങ്ങളേയും നയിക്കുന്നത്. അതില്‍ നിന്നും ഒരു തരി മുന്നോട്ടു പോവാതെ നെല്ലിക്ക ചതച്ചിട്ട മത്തിക്കറിയുണ്ടാക്കലാണ് പെണ്ണിന്റെ കടമയെന്നും ആണിന്റെ കൃഷിയിടമാണ് പെണ്ണെന്നുമൊക്കെ മൈക്കുകെട്ടി പ്രസംഗിക്കുന്നതില്‍, അതു കേട്ടിരിക്കുന്നതില്‍ തെല്ലും ലജ്ജ തോന്നാത്ത ഒരു സമൂഹമായി നാം മാറുന്നു.
കൃഷിയിലൂന്നി ഉര്‍വ്വരതയില്‍ പിടിച്ച് മണ്ണിനെപ്പോലെ പെണ്ണിനേയും പരിലാളിക്കുന്നതും സ്നേഹിക്കുന്നതുമായ സംസ്‌കാരത്തിന്റെ ജ്വലനമാണ് ഈ പദങ്ങളും പഴഞ്ചൊല്ലുകളുമെല്ലാം എന്നു പലരും ന്യായീകരിച്ചേക്കാം. പ്രാകൃതമായ വിവേചനങ്ങളുടെ പഴമൊഴികളായി ഈ പൊട്ടച്ചൊല്ലുകളെ മലയാളം ആഘോഷിക്കുന്നുമുണ്ട്. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും എന്നൊരു ചൊല്ലുണ്ട്. സ്നേഹത്തിലെന്തിനാണ് ദണ്ഡം.
മണ്ണും പെണ്ണും ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാര്‍ക്കിയുടെ സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയില്‍ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്. സ്വത്ത് വിനിമയം ചെയ്യപ്പെടാനുള്ളതുമാണ്, കൈവശംവച്ച് യഥേഷ്ടം അനുഭവിക്കാനുള്ളതുമാണ് എന്ന ചിന്തയില്‍ നിന്നുമാണ് അത് ഉദ്ഭവിക്കുന്നത്. വല്ല സത്യവും അതിലുണ്ടായിരുന്നെങ്കില്‍ പെണ്ണിനു വേണ്ടാത്ത ഭൂമി മാത്രമാവുമായിരുന്നില്ലേ ആണിനുണ്ടാവുക. രാജ്യത്തെ കാര്‍ഷിക തൊഴിലാളികളുടെ 42 ശതമാനത്തിലധികം സ്ത്രീകളാണ്; എന്നാല്‍ അവരുടെ കയ്യില്‍ കൃഷിഭൂമിയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂ.
ഒരു ഓക്സ്ഫര്‍ഡ് അപാരത
ഇന്നു കേട്ട വാര്‍ത്ത ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയില്‍ ഒരിന്ത്യന്‍ പയ്യനെ പുറത്താക്കിയതാണ്. സഹപാഠിയായ പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നു ശല്യപ്പെടുത്തി; ഒടുക്കം കുറേ ശബ്ദസന്ദേശങ്ങളും അവള്‍ക്കയച്ചു.
''അവന്‍ എന്നെ അവന്റെ ഭാര്യയാക്കും, എന്നില്‍ അവന്റെ മക്കളെ ഉണ്ടാക്കും, ഞാന്‍ അവനോടൊപ്പം കഴിഞ്ഞോളണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി'' - പെണ്‍കുട്ടി ബിബിസിയോട് പറഞ്ഞു. അവനുമായി ഒരു ബന്ധത്തിനും താല്പര്യമില്ലെന്ന് അവള്‍ പലതവണ പറഞ്ഞു. പക്ഷേ, അതവന്റെ വിഷയമല്ല. അവന്റെ ബോധത്തില്‍ അവനിഷ്ടപ്പെട്ടു; ഇനി അവള്‍ അവന് കീഴ്പ്പെട്ടു കഴിയുക മാത്രം. വികസിത സമൂഹങ്ങളില്‍ ഏതാണ്ട് അവസാനിച്ച രോഗമാണിത്. ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലും അറബ്നാടുകളിലും ആഫ്രിക്കന്‍ സമൂഹങ്ങളിലും ആണിനെ നയിക്കുന്ന ബോധമാണ് ഇന്നുമിത്. പെണ്ണിനെ മണ്ണുപോലെ തനിക്കു വിത്തിറക്കാനുള്ളിടമായി കണ്ട ഗതകാല ഗോത്രബോധം കടലു കടന്നു എന്നുമാത്രം. അറിവിന് ആനുപാതികമായി ആണിനു ബോധം വളരാത്തതിന്റെ ഫലമാണ് പെണ്ണ് അനുഭവിക്കുന്നത്; അതിന്റെ ദുരന്തഫലങ്ങള്‍ പെണ്ണിനു മാത്രമല്ല, ഈ സമൂഹത്തില്‍ ആണിനുകൂടിയാണ്. വികസിത ലോകം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മടിക്കുന്നതിന്റെ ഒരു കാരണം ഇതുമാവാം.
ബോധമില്ലാത്ത വിവരം എത്രമാത്രം അപകടകരമാണ് എന്നു കാണിക്കുന്ന ഒരു കഥയുണ്ട്; ഒരു പാതിരിയെ നരഭോജി പിടിച്ച കഥ. ചുരുക്കിപ്പറയാം. പണ്ടൊരു പാതിരി കാട്ടില്‍ വഴിതെറ്റി നരഭോജികളുടെ പിടിയിലായി. ഒത്ത സൈസുള്ള ഒരാളെ ഭക്ഷണമായി എത്തിച്ചുകൊടുത്ത ദൈവത്തിന് നന്ദി പറയാന്‍ അവര്‍ മറന്നില്ല; ഒരു റാത്തല്‍ പാതിരിമാംസം ദൈവത്തിനു നേരുകയും ചെയ്തു. ഇത്രകാലവും ദൈവദാസനായ തന്റെ അവസ്ഥ ആലോചിച്ച് അദ്ദേഹത്തിന് ഒരെത്തും പിടിയും കിട്ടിയില്ല. ധൈര്യം സംഭരിച്ച് കണ്ണൊന്നു തുറന്നു; മരണം മുന്നിലുണ്ടെങ്കിലും.
ഉരുളി അടുപ്പത്തു കയറി. പാതിരിയെ വരട്ടിയെടുക്കുവാനുള്ള ചട്ടുകവുമായി സംഘത്തലവന്‍ എത്തി. അനുയായികള്‍ തലവനെ വണങ്ങി. തന്നെ തറിക്കാന്‍ എത്തിച്ച കുട്ടയും വെട്ടുകത്തിയും കണ്ടു ഭയചകിതനായ പാതിരി അറിയാതെ ചോദിച്ചുപോയി: ''കര്‍ത്താവേ ഈ ഐ.ടി. യുഗത്തിലും മനുഷ്യന്‍ മനുഷ്യനെ തിന്നുകയോ?''
''ലൂക്ക് ഫാദര്‍ അയാം ഏന്‍ ഓക്സ്ഫഡ് മാന്‍. ബട് ട്രഡീഷന്‍ ഈസ് ട്രഡീഷന്‍'': നേതാവിന്റെ മറുപടി കേട്ട് പാതിരി ഞെട്ടി.
ആ ഇംഗ്ലീഷ് കേട്ടപ്പോള്‍ ജീവനില്‍ ഒരു പ്രതീക്ഷ വന്ന പാതിരി തുടര്‍ന്നു:
''മികച്ച ഓക്സ്ഫഡ് വിദ്യാഭ്യാസവും ശുദ്ധമായ ഇംഗ്ലീഷും ഒക്കെയുണ്ടായിട്ടും മകനേ നീ ഇപ്പോഴും നിന്റെ സഹജീവിയെ തിന്നുകയോ? നിനക്കു മാറ്റമൊന്നുമുണ്ടായില്ലേ?''
''മാറ്റമുണ്ട് ഫാദര്‍, ട്രമന്റസ് ചെയ്ഞ്ചസ്...''
''അതൊന്നും പക്ഷേ, നിന്റെ പ്രവൃത്തിയില്‍ കാണുന്നില്ലല്ലോ മകനേ!''
''ഫാദര്‍ ശ്രദ്ധിക്കാത്തതാണ്'', അയാള്‍ ആ ഫോര്‍ക്കും നൈഫും ഒന്നുയര്‍ത്തി കാണിച്ചു കൊണ്ടു പറഞ്ഞു: ''പഴയതുപോലെയല്ല, ഇതുവച്ചാണ് ഞങ്ങളിപ്പോള്‍ കഴിക്കുന്നത്.''
ഉണ്ടായ മാറ്റം അതാണ്. പുതിയ അറിവ് കത്തിയും മുള്ളിലേക്കും ശീലത്തെ മാറ്റി. ബോധം പഴയതുതന്നെ. ആ നരഭോജിയുടെ നേരവതാരങ്ങളാണ് പലരും, ഈ പയ്യനടക്കം. പാരമ്പര്യത്തിനു മണ്ണുപിടിക്കാതെ നോക്കുന്നവര്‍, പുതുലോകത്തും സൈ്വരജീവിതത്തിനു ഭീഷണിയാവുന്നവര്‍. ഇവിടെയാണെങ്കില്‍ ഏറിയാല്‍ നാലുനാള്‍ കഴിഞ്ഞ് നാട്ടിലിറങ്ങി പെണ്ണിനെ വെട്ടിയോ വെടിവച്ചോ ആസിഡൊഴിച്ചോ കൊല്ലാനുള്ള സാധ്യതയുണ്ട്. സദാചാരികള്‍ പെണ്ണിന്റെ ചരിത്രവും ചാരിത്ര്യവും വിചാരണചെയ്ത് തൃപ്തരുമാവും. അവിടെയായതു കൊണ്ട് ആ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പയ്യനു തടവുമാത്രമല്ല, നാടുകടത്തലുമുണ്ട്.
പെണ്ണായി പിറന്നെങ്കില്‍ മണ്ണായി തീരുവോളം
കാലം ഒരു കവിയെക്കൊണ്ട് പെണ്ണായി പിറന്നെങ്കില്‍ മണ്ണായി തീരുവോളം കണ്ണീരു കുടിക്കാലോ എന്നു പാടിച്ചിട്ടുണ്ട്. മണ്ണ്, പെണ്ണ്, പ്രണയം ഒക്കെയും ആണിനെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കേണ്ട സംഗതികളാണ്. കുഴപ്പം ആ ഗോത്രബോധത്തിലാണ്. അവള്‍ എന്റെ പെണ്ണ് എന്നതിന്റെ പ്രണയാധികാര സ്വരത്തിനു മറുകുറിയായി അവന്‍ എന്റെ ആണ് എന്ന് കേട്ടിട്ടുണ്ടോ? പുരുഷാധിപത്യ സമൂഹത്തില്‍ മണ്ണും പെണ്ണും സ്വത്ത് ആണ്; സ്വാഭാവികമായും കഴിവുള്ളവന്‍ വാങ്ങും കഴിവുകെട്ടവന്‍ വില്‍ക്കും. നമ്മുടെ നാടന്‍ ഭാഷയില്‍ ഓളെ കൂട്ടിക്കൊടുക്കുന്നോന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവന്‍ പോലും പ്രയോഗിക്കുന്നത് പെണ്ണിലുള്ള തന്റെ അധികാരമാണ്. പരമ്പരാഗതബോധമായി പകര്‍ന്നുകിട്ടിയ ക്രയവിക്രയ അധികാരം. പ്രണയം പോലും അതിലേക്കുള്ള ഒരു വഴി മാത്രമാവാറുണ്ട്.
ഗതകാലത്തിന്റെ അപരിഷ്‌കൃതബോധം വാറ്റിയെടുത്തതാണ് നമ്മുടെ പല ചൊല്ലുകളും; വിശിഷ്യാ, സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ളവ. നാലക്ഷരം കൂട്ടിവായിക്കാനറിയാത്തവനും നാലു സ്ത്രീവിരുദ്ധ പഴമൊഴി വശമുള്ള സമൂഹമാണ് നമ്മുടേത്. ഈ പശ്ചാത്തലത്തില്‍നിന്നും ഒന്നു നമുക്ക് ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച ടീരശലശേല െവേമ േൃേലമ േംീാലി യമറഹ്യ മൃല ുീീൃലൃ മിറ ഹല ൈേെമയഹല എന്ന പഠനത്തിലേക്കു പോവാം. സ്ത്രീകളോട് മോശമായി പെരുമാറുന്ന സമൂഹങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ദരിദ്രമാണ്, നിലനില്‍പ്പു തന്നെ അവതാളത്തിലുമാണ് എന്നു സ്ഥാപിക്കുന്നതാണ് പഠനം.
''കാര്‍ ഓടിക്കുന്ന പെണ്ണ് കൊല്ലപ്പെടും'' - ഷെയ്ഖ് ഹാസിം മുഹമ്മദ് അല്‍ മന്‍ഷാദ് പറയുന്നു. തെക്കന്‍ ഇറാക്കിലെ അല്‍-ഗാസി എന്ന അയാളുടെ ഗോത്രത്തിലെ നിയമം കൃത്യമാണ്. ഒരു കാര്‍ ഓടിക്കുന്ന ഒരു സ്ത്രീ എവിടെയെങ്കിലും പുരുഷനെ കണ്ടുമുട്ടിയേക്കാം. അവളുടെ മാനം അയാള്‍ കവരും. അതുകൊണ്ടുതന്നെ അവളുടെ പുരുഷന്‍മാരായ ബന്ധുക്കള്‍ അവളെ വെട്ടിയോ കുത്തിയോ അല്ലെങ്കില്‍ വെടിവെച്ചോ കൊന്ന് മണല്‍ക്കൂനയില്‍ മറവുചെയ്യും. ഇതൊരിടത്തിന്റെ മാത്രം അവസ്ഥയല്ല, പെണ്ണിനെ അകത്തളങ്ങളിലേക്കു അടച്ചിരിക്കുവാന്‍ പ്രേരിപ്പിക്കുന്ന എല്ലാ സമൂഹത്തിന്റേയും അവസ്ഥയാണ്. അതിന് മതമെന്നോ ജാതിയെന്നോ പ്രത്യയശാസ്ത്രമെന്നോ വ്യത്യാസമില്ല. എല്ലാറ്റിന്റെ തലപ്പത്തും പാട്രിയാര്‍ക്കി വാഴുമ്പോള്‍ വിവേചനം ഏറിയും കുറഞ്ഞും നടമാടുകയാണ്. ദുരഭിമാനക്കൊലകളെന്നു വകയിരുത്തി നാമെഴുതിത്തള്ളുന്ന കൊലകള്‍ ഇന്ത്യയിലെത്രയാണ്, കേരളത്തിലും. നീനുവിനെ പ്രണയിച്ച കെവിനെ ഇല്ലാതാക്കിയത് ഈ ഗോത്രബോധമാണ്. അതില്‍ പ്രതികളായവര്‍ക്ക് വിദ്യാഭ്യാസത്തിനു കുറവുണ്ടായിരുന്നില്ല. കുഴിച്ചുമൂടേണ്ടത് ഈ പരമ്പരാഗത ബോധത്തെയാണ്, വാഴ്ത്തേണ്ടത് അതിരുകളില്ലാത്ത മാനവികതയേയുമാണ്.
കാര്‍ ഓടിക്കുന്ന പെണ്ണിനെ കൊല്ലാനുള്ളതാണ്, ആ കടമ നിര്‍വ്വഹിച്ച് അന്തസ്സ് രക്ഷിക്കേണ്ട ബാധ്യത കുടുംബത്തിലെ പുരുഷന്‍മാര്‍ക്കുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമുള്ളത്. പെണ്ണിനെ മണ്ണുപോലെ ഒരു ആസ്തിയായാണ് ഗോത്രബോധം കാണുന്നത്. മറ്റൊരാളുടെ നോട്ടം പോലും ആ ആസ്തിയെ ബാധ്യതയാക്കിക്കളയുകയാണ് സമൂഹത്തില്‍. സ്ത്രീപീഡനം വേദനിപ്പിക്കുന്നത് പെണ്ണിനെ മാത്രമല്ല, അതു ബാധിക്കുന്നത് ആണിനെക്കൂടിയാണ്, അതെങ്ങനെയാണ് സമൂഹിക സന്തുലനത്തെ ബാധിക്കുന്നതെന്നും വിശദമാക്കുന്നുണ്ട് ഗവേഷകരുടെ പഠനം.
സമ്പത്തിന്റെ വിതരണത്തിലെ അസമത്വത്തെക്കാള്‍ അപകടം ബോധം വളരാത്ത സമൂഹത്തില്‍ വിവരസാങ്കേതികവിദ്യയുടെ തുല്യമായ വിതരണമാണ്. നാലുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത സമൂഹത്തില്‍ കൂട്ടക്കൊലകളില്‍ ഒരു പങ്ക് വിവരസാങ്കേതിക വിദ്യയ്ക്കാണ്. വിദ്വേഷത്തിന്റെ ഒരു സന്ദേശം നിമിഷാര്‍ദ്ധത്തില്‍ ഗോത്രം മുഴുവനുമെത്തുന്ന അവസ്ഥയാണ്. ബോധമില്ലാത്ത സമൂഹത്തിനു കിട്ടുന്ന അറിവ് അപകടകാരിയാവുകയാണ്. മൊബൈല്‍ഫോണും മെഷീന്‍ഗണ്ണും ഒരേ ധര്‍മ്മം നിര്‍വ്വഹിച്ചുകളയുകയാണ്.
ആണെങ്കില്‍ വാ പടക്കളത്തില്‍, പെണ്ണെങ്കില്‍ പോ കലംതേക്കാന്‍
'ദി ഫസ്റ്റ് പൊളിറ്റിക്കല്‍ ഓര്‍ഡര്‍: ഹൗ സെക്സ് ഷേപ്പ്സ് ഗവേണന്‍സ് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി വേള്‍ഡ് വൈഡ്' എന്ന തന്റെ ഗ്രന്ഥത്തില്‍ ആമുഖത്തില്‍ രചയിതാവായ വലേറി ഹഡ്സന്‍ ഒരനുഭവം വിവരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ, താലിബാന്‍ അഫ്ഗാന്‍ കീഴടക്കും മുന്നേ വലേറിക്ക് ഒരു അഫ്ഗാന്‍ വനിതാമന്ത്രിയുമായി കൂടിക്കാഴ്ച തരമാവുന്നു. സ്വാഭാവികമായും വലേറി അഫ്ഗാന്‍ വനിതകളുടെ ശാക്തീകരണത്തെപ്പറ്റി സംസാരിച്ചു തുടങ്ങുന്നു. സര്‍വ്വകലാശാല വിദ്യാഭ്യാസം നേടിയവളും മന്ത്രിയും ഒക്കെയായ അഫ്ഗാന്‍ വനിതയായിരുന്നു അവര്‍. ആ സംസാരമധ്യേ പെട്ടെന്ന് ഇടയ്ക്കു കയറി മന്ത്രി പറഞ്ഞു: ''വലേറി, ഇനിയെനിക്ക് വീട്ടിലേക്ക് പോവണം; ഞാന്‍ നിന്നെ മൊഴിചൊല്ലുന്നു എന്നു മൂന്നു പ്രാവശ്യം പറഞ്ഞാല്‍ എന്റെ കാര്യം കഴിഞ്ഞു. അദ്ദേഹം അതു ചെയ്താല്‍, എനിക്ക് എന്റെ മക്കളെ നഷ്ടപ്പെടും; കഴിഞ്ഞുകൂടുവാന്‍ ഒരിടം ഇല്ലാതാവും. ഇനി അദ്ദേഹം എന്നെ മൊഴിചൊല്ലുന്നില്ലെങ്കില്‍ക്കൂടി, എന്റെ മക്കള്‍ എപ്പോള്‍ ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിക്കുന്നതില്‍ ഒരഭിപ്രായത്തിനുകൂടി എനിക്ക് അധികാരമില്ല. ഈ ഞാന്‍ തന്നെ എത്രമാത്രം ശാക്തീകരിക്കപ്പെട്ടവളാണെന്ന് ഒന്നാലോചിക്കൂ വലേറി.'' ആ പുസ്തകത്തിനു കാരണം തന്നെ ആയൊരു സംഭാഷണമാണ് എന്നറിയുന്നു.
ആ അഫ്ഗാനില്‍നിന്നും വലിയ സാംസ്‌കാരിക ദൂരമൊന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും സൗദി അറേബ്യയിലേക്കും ആഫ്രിക്കന്‍ സമൂഹങ്ങളിലേക്കും ഇല്ലെന്ന സത്യം 176 രാജ്യങ്ങളെ 0 മുതല്‍ 16 വരെയുള്ള സ്‌കെയിലില്‍ അടയാളപ്പെടുത്തി അവര്‍ കാണിക്കുന്നുണ്ട്. 'പാട്രിലൈനല്‍/ഫ്രറ്റേണല്‍ സിന്‍ഡ്രോം', മലയാളീകരിച്ചാല്‍ പിതൃപുത്ര താവഴിരോഗത്തിന്റെ ലക്ഷണങ്ങളാണ് സ്ത്രീവിരുദ്ധത നിഴലിക്കുന്ന പെരുമാറ്റം, നേരത്തെയുള്ള വിവാഹം, വിവാഹാനന്തരം നിര്‍ബ്ബന്ധിത ഭര്‍ത്തൃഗൃഹവാസം, ബഹുഭാര്യത്വം, പുത്രമുന്‍ഗണന, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അതിനോടുള്ള സാമൂഹിക മനോഭാവവും. ഉദാഹരണത്തിന്, ബലാത്സംഗത്തെ സമൂഹം കാണുന്നത് ഒരു പ്രോപ്പര്‍ട്ടി ക്രൈമായിട്ടാണ് എന്നവര്‍ എടുത്തു പറയുന്നു. ബലാത്സംഗം ചെയ്തവനോട് രാഖി കെട്ടാന്‍ ഉപദേശിച്ചുകളയുന്ന, ബലാത്സംഗം ചെയ്യപ്പെട്ടവള്‍ക്ക് ബലാത്സംഗിയെ വിവാഹം ചെയ്തുകൂടേ എന്നു ചിന്തിക്കുന്ന തരംതാണ നീതിബോധം കൈമുതലായരുടെ നാടുകൂടിയാണ് നമ്മുടേത്.
ഇനി ബലാത്സംഗത്തെ അഭിസംബോധന ചെയ്യുന്ന പത്രവാര്‍ത്തകള്‍ നോക്കൂ. സദാ കാണുന്ന പ്രയോഗമാണ് ഇര. ഇര എന്ന പ്രയോഗം തന്നെ കേസ് തള്ളിക്കളയാനുള്ള ന്യായമായ കാരണമാണ്. വേട്ടമൃഗത്തിന്റെ അവകാശമാണല്ലോ ഇര! വേറൊന്നു മാനഭംഗമാണ്, ബലാത്സംഗത്തിന്റെ പേരാണത്! ആര്‍ക്കാണ് മാനഭംഗം? അതിക്രമിച്ചു ബലാത്സംഗം ചെയ്തവനു വേണ്ടതാണ് മാനഭംഗം. മനുഷ്യന്‍ എന്ന മനോജ്ഞ പദത്തിന് അര്‍ഹത നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നതാണ് മാനഭംഗം, മാനഹാനി ഒക്കെയും. അതിക്രമത്തിനു വിധേയയായവള്‍ക്കെന്തു മാനഭംഗമാണ്. കൃത്യമായ വാക്കുകള്‍ നല്ല സംസ്‌കാരത്തിനു വിത്തിടുന്നതുപോലെ കെട്ട വാക്കുകള്‍ തരംതാണ സംസ്‌കാരത്തെ സൃഷ്ടിച്ചുകളയുകയും ചെയ്യും. വര്‍ത്തമാനലോകത്തെ ശവസമാന പദാവലികളെ മറവുചെയ്യുന്നതും ഒരു സംസ്‌കാരമാണ്.
ആ സൂചികയില്‍ സെക്സിസ്റ്റുകള്‍ക്കു രക്ഷയില്ലാത്ത രാഷ്ട്രങ്ങളായി മുന്നിട്ടു നില്‍ക്കുന്നത് വികസിത സമ്പന്ന ജനാധിപത്യ ശക്തികളാണ്. ഓസ്ട്രേലിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയെല്ലാം ഏറ്റവും മികച്ച പൂജ്യം സ്‌കോറിലാണ്. സമ്പന്ന രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും പിന്നിലാണ്. പെണ്ണിനോടുള്ള സമീപനത്തില്‍ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാവുന്നില്ല, എല്ലാറ്റിന്റേയും തലപ്പത്ത് പാട്രിയാര്‍ക്കിയാണ്. ഭേദം ജനാധിപത്യ സംസ്‌കാരമാണ്. പെണ്‍ജീവിതം നരകതുല്യമാവുന്ന രാഷ്ട്രങ്ങളായി ചിത്രത്തില്‍ കാണാം, സുഡാനേയും യമനേയും സൊമാലിയയേയും ഇറാക്കിനേയും അഫ്ഗാനിസ്ഥാനേയും പാകിസ്താനേയും. ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണ്; സൗദി അറേബ്യയോട് അടുത്താണ് കിടക്കുന്നത്. ഇരുരാജ്യങ്ങളിലെയും പ്രബലമതങ്ങള്‍ പെണ്ണിനോടുള്ള സമീപനത്തില്‍ ഐക്യപ്പെടുന്നതായി കാണാം. എന്തുമാത്രം പുരോഗതിയാണ്, സാമൂഹിക മുന്നേറ്റമാണ് ദക്ഷിണ കൊറിയ ഉണ്ടാക്കിയത് എന്നുകൂടി നോക്കണം.
പല സമൂഹങ്ങളിലും പെണ്ണിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് അവള്‍ ജന്മം നല്‍കുന്ന ആണ്‍കുട്ടികളുടെ എണ്ണമാണ്. ചാരിത്ര്യസംരക്ഷണ മതിലകത്ത് പ്രസവയന്ത്രങ്ങളായി മാറിപ്പോവുകയാണ് പെണ്ണുടലുകള്‍. പുരുഷാധിപത്യവും ദാരിദ്ര്യവും എവിടെയും കൈകോര്‍ക്കുന്നുണ്ട്. ഒരു രാജ്യം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം അവിടുത്തെ വനിതകളെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാക്കുകയാണ് എന്ന നോട്ടോടുകൂടിയാണ് ഗവേഷകര്‍ പഠനം അവസാനിപ്പിക്കുന്നത്. സെക്സിസം ഗര്‍ഭപാത്രത്തില്‍ തുടങ്ങുകയാണ്. ആണിനായി കാത്തിരിക്കുന്നവര്‍ പെണ്ണിനെ ജനിക്കുന്നതിനു മുന്നേ കൊല്ലുന്നു. ഇന്ത്യയിലും ചൈനയിലും മറ്റും അതു നിര്‍ബാധം നടക്കുന്നു. ജനിച്ചതിനുശേഷം ഉപേക്ഷിക്കപ്പെടുന്നതു വേറെ, ഏറ്റവും ചുരുങ്ങിയത് 13 കോടി പെണ്‍കുട്ടികള്‍ ലോകജനസംഖ്യയില്‍നിന്നും അപ്രത്യക്ഷരായിട്ടുണ്ടെന്ന് ഗവേഷകര്‍.
ആണിന്റെ ലൈംഗിക ദാരിദ്ര്യത്തിലേക്ക്
സാമ്പ്രദായിക രീതിയിലെ വിവാഹത്തിന് ആവശ്യത്തിനു പെണ്ണില്ലാതെ, നട്ടം തിരിയുന്ന ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്; അവിവാഹിതരായി തുടരാന്‍ വിധിക്കപ്പെട്ടവരായി. നിരാശരായ, ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍ അപകടകാരികളായിരിക്കും എന്നു സ്ഥാപിക്കുന്നുണ്ട് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ലെന എഡ്ലണ്ടും സഹഗവേഷകരും. ചൈനയില്‍, സ്ത്രീകളുടേയും പുരുഷന്മാരുടേയും അനുപാതത്തിലെ ഓരോ ഒരു ശതമാനം വര്‍ദ്ധനവിലും അക്രമവും സ്വത്ത് കുറ്റകൃത്യങ്ങളും 3.7 ശതമാനം വര്‍ദ്ധിച്ചു. പുരുഷന്മാര്‍ കൂടുതലുള്ള ഇന്ത്യയുടെ ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതലാണെന്നു കാണാം. ഇന്ത്യയിലെ ഏറ്റവും വികലമായ സ്ത്രീ-പുരുഷ അനുപാതം 889 : 1000 കശ്മീരിലാണ്. കശ്മീരിലുണ്ടാവുന്ന അക്രമസംഭവങ്ങളുടെ പിന്നില്‍ ഈയൊരു വസ്തുതകൂടി ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നുണ്ടാവാം. കേരളം ഇക്കാര്യത്തില്‍ വളരെ മുന്നിലാണ്, 1000 ആണിന് 1084 പെണ്ണുമായി ഇന്ത്യയ്ക്കു തന്നെ മാതൃക.
സ്ഥിതിയെ കൂടുതല്‍ വഷളാക്കുകയാണ് സാമ്പത്തിക ശേഷിയുള്ളവരുടെ, സായുധശേഷിയുള്ളവരുടെ ബഹുഭാര്യാത്വം. കുടുംബങ്ങളില്‍ ബഹുഭാര്യാത്വം ഏകദേശം രണ്ടു ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷേ, സദാ ആഭ്യന്തര കലഹങ്ങളാല്‍ വലയുന്ന സമൂഹങ്ങളില്‍ നിര്‍ബ്ബന്ധിത ബഹുഭാര്യാത്വമാണ് നടമാടുന്നത്. തീവ്രവാദ സംഘടനകള്‍ പെണ്ണുടലുകളെ തേടിക്കൊണ്ടുപോവുകയാണ്. നൈജീരിയയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്, ബോക്കോ ഹറാമിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളില്‍ 44 ശതമാനം നിര്‍ബ്ബന്ധിത ബഹുഭാര്യാത്വത്തിന് വിധേയരാണ്. ഇസ്ലാമിക് സ്റ്റേറ്റ് യുവാക്കളെ ആകര്‍ഷിക്കുന്നത് ലൈംഗിക അടിമകളെ നല്‍കിയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള അനുവാദമാണ് ബോക്കോ ഹറാം തങ്ങളുടെ സൈനികര്‍ക്ക് നല്‍കുന്നത്. താലിബാനാണെങ്കില്‍ സായുധരായി വാതിലുകളില്‍ മുട്ടി അവിവാഹിതരായ പെണ്‍കുട്ടികളെ അവര്‍ക്കു സമര്‍പ്പിച്ചുകൊള്ളുവാന്‍ കുടുംബങ്ങളോട് ആവശ്യപ്പെടുന്നു.
അതിസമ്പന്നരായ പത്തു ശതമാനം പേര്‍ നാലു ഭാര്യമാരെ നേടുമ്പോള്‍ മുപ്പതു ശതമാനത്തിന് പെണ്ണിനെ കാണാന്‍ കിട്ടാത്ത അവസ്ഥയുണ്ടാവുന്നുവെന്ന് പഠനം പറയുന്നു. പെണ്ണ് അവിടെ ചരക്കായിത്തന്നെ മാറുകയാണ്. പല ഗ്രൂപ്പുകളിലും നടക്കുന്ന ചേരിതിരിഞ്ഞുള്ള കൊലകള്‍ പലതും പെണ്ണിനെ പിടിച്ചെടുക്കുവാനായാണ്. ഗോത്ര കലഹഭൂമികളില്‍ നടമാടുന്നത് പ്രോപ്പര്‍ട്ടി കൊലകളാണ്; മറ്റൊരാളുടെ പ്രോപ്പര്‍ട്ടിയായ പെണ്ണിനെ നേടുവാനുള്ളത്.
പരിഹാരം ദക്ഷിണ കൊറിയയുടെ മഹനീയ മാര്‍ഗ്ഗം
കുടുംബമായി ജീവിക്കുവാന്‍ തുടങ്ങിയ കാലം തൊട്ടു വേരാഴ്ന്ന പാട്രിയാര്‍ക്കിയെ ശരവേഗം പൊളിച്ചടുക്കിയ രാഷ്ട്രം ആധുനിക ലോകത്ത് ദക്ഷിണ കൊറിയയാണ്. 1991-ല്‍ അവര്‍ പുരുഷന്റേയും സ്ത്രീയുടേയും അനന്തരാവകാശം തുല്യമാക്കി, വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണത്തിനുള്ള ഭര്‍ത്താവിന്റെ സ്വാഭാവിക അവകാശം അവസാനിപ്പിക്കുകയും ചെയ്തു. 2005-ല്‍ 'ഗൃഹനാഥന്‍', ഒരു കുടുംബത്തലവന്‍ എന്ന നിയമദത്തമായ പദം കുഴിച്ചുമൂടി. 2009-ല്‍ മെറിട്ടല്‍ റേപ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഇതിനിടയില്‍, എടുത്തുപറയേണ്ട സംഗതി വയോജനങ്ങള്‍ക്കുണ്ടാക്കിയ സാമ്പത്തിക സ്വാതന്ത്ര്യമാണ്; സ്റ്റെയിറ്റ് പെന്‍ഷനുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. അതോടെ മക്കളെ ആശ്രയിച്ചു കഴിയുന്ന കൊറിയക്കാരുടെ പങ്ക് കുത്തനെ കുറച്ചു. മാതാപിതാക്കളുടെ ഇടയില്‍, ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണനയുടെ ഒരു കാരണം വാര്‍ദ്ധക്യത്തില്‍ അവരെ ആശ്രയിക്കാമെന്ന തോന്നലാണ്. ആണ്‍കുട്ടികളോടുള്ള താല്പര്യം ഒരു തലമുറയ്ക്കുള്ളില്‍ത്തന്നെ പെണ്‍കുട്ടികളോടുള്ള മുന്‍ഗണനയിലേക്ക് മാറിയെന്നു ഗവേഷകര്‍.
അതിവേഗം ബഹുദൂരത്തേക്കുള്ള ഒരു സാംസ്‌കാരിക മുന്നേറ്റമാണ് തെക്കന്‍ കൊറിയയുടേത് എന്ന് ചിത്രം വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പാട്രിയാര്‍ക്കിയുടെ കോട്ടക്കൊത്തളങ്ങള്‍ ഇടിച്ചുനിരത്താന്‍ നൂറ്റാണ്ടുകളെടുത്തപ്പോള്‍, ദക്ഷിണ കൊറിയ അതു സാധ്യമാക്കിയത് മിന്നല്‍ വേഗത്തിലാണ്. അക്ഷരാര്‍ത്ഥത്തില്‍ അടുത്തകാലത്ത് ലോകം കണ്ട മഹാവിപ്ലവം. നമുക്ക് ഏറെ പഠിക്കാനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക