മുദ്രാവാക്യങ്ങളേക്കാള്‍ മുഖ്യം പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങളാണ് എന്ന ബോദ്ധ്യമുള്ള രാഷ്ട്രീയക്കാരന്‍

പരിശീലനംകൊണ്ടു ഗുസ്തിക്കാരനും കുടുംബപാരമ്പര്യംകൊണ്ട് കൃഷിക്കാരനും തൊഴിലുകൊണ്ട് അദ്ധ്യാപകനുമായിരുന്നു മുലായം സിംഗ് യാദവ്
മുദ്രാവാക്യങ്ങളേക്കാള്‍ മുഖ്യം പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങളാണ് എന്ന ബോദ്ധ്യമുള്ള രാഷ്ട്രീയക്കാരന്‍
Updated on
3 min read

82 വര്‍ഷങ്ങള്‍ക്കപ്പുറം സെഫായ് എന്ന ഉത്തരേന്ത്യന്‍ ഗ്രാമത്തിലാണ് ഒരു ഗുസ്തിക്കാരന്റെ മകനായി മുലായം സിംഗ് യാദവ് ജനിക്കുന്നത്. കന്നുകാലികളും കൃഷിപ്പണിയുമായി കഴിഞ്ഞിരുന്ന ഒരു സാധാരണ ഉത്തരേന്ത്യന്‍ കര്‍ഷക കുടുംബത്തില്‍. സെഫായ് ഒരു കുഗ്രാമമാണ്. നല്ല റോഡോ ജലവിതരണ സംവിധാനമോ സ്‌കൂളോ ഇല്ലാത്ത ഒരിടം. പിതാവിനു മകനെ തന്നെപ്പോലെ ഒരു നല്ല ഗുസ്തിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. ചെറുപ്പത്തില്‍ തന്നെ ഗുസ്തി പരിശീലിപ്പിച്ചു തുടങ്ങുകയും ചെയ്തു. എന്നാല്‍, മകനു സ്‌കൂളില്‍ പോയി പഠിക്കാനായിരുന്നു ആഗ്രഹം. പകല്‍നേരത്തെ കൃഷിപ്പണിയും ഗുസ്തിപരിശീലനവുമൊക്കെ കഴിഞ്ഞ് ഗ്രാമമുഖ്യന്‍ മഹേന്ദ്ര സിംഗിന്റെ നിശാപാഠശാലയില്‍ അദ്ദേഹം അക്ഷരം അഭ്യസിച്ചു തുടങ്ങി. പഠിത്തത്തില്‍ ശരാശരിക്കാരനായ മുലായം പിന്നീട് ഗ്രാമത്തില്‍നിന്നും അകലെ കോളേജില്‍ ചേര്‍ന്നു. വര്‍ഷക്കാലത്ത് കലങ്ങിമറിഞ്ഞ് നിറഞ്ഞൊഴുകിയിരുന്ന ഒരു ചെറിയ പുഴ കടന്നുവേണമായിരുന്നു അദ്ദേഹത്തിന് കോളേജിലെത്താന്‍. കടത്തോ പാലമോ ഇല്ലാത്ത ഈ പുഴ നീന്തിക്കടന്നായിരുന്നത്രേ അദ്ദേഹം കോളേജില്‍ പോയിരുന്നത്. പുഴക്കരയിലെത്തിയാല്‍ വസ്ത്രമെല്ലാം അഴിച്ച് ഒരു പോളിത്തീന്‍ കവറില്‍ പൊതിഞ്ഞെടുക്കും. അതുമായി അക്കരെയെത്തിയാല്‍ ഹാന്‍ഡ് പൈപ്പ് പ്രവര്‍ത്തിപ്പിച്ച് അതിനടിയില്‍നിന്ന് ഒരു കുളി. വസ്ത്രം വീണ്ടും ധരിച്ച് കോളേജിലേക്ക് വീണ്ടും യാത്ര. 

അന്ന് അദ്ദേഹത്തിന് ഒരു സൈക്കിളുണ്ടായിരുന്നു. ആ സൈക്കിളിലാണ് പുഴക്കരയില്‍ എത്തുക. മോഷണം ഭയന്ന് സൈക്കിള്‍ ഒളിപ്പിച്ചിരുന്ന ഇടത്തിനുമുണ്ട് ഒരു പ്രത്യേകത. ആ ഗ്രാമത്തിലെ ഏറ്റവും വലിയ വൃക്ഷമായ ഒരു ആല്‍മരത്തിന്റെ ഉച്ചിയിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. പുഴ നീന്തിക്കടന്നാണെങ്കിലും ഉപരിപഠനം നിര്‍വ്വഹിക്കണമെന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ശാരീരികശേഷിയും അദ്ദേഹത്തിന്റെ ഈ ശ്രമത്തിലും പ്രകടമായിരുന്നു. കൗമാരക്കാരനായ താന്‍ സൈക്കിള്‍ തോളിലേന്തി മരത്തിന്റെ ശാഖകള്‍ താണ്ടിയിരുന്ന കഥ അദ്ദേഹം പ്രശസ്ത പത്രപ്രവര്‍ത്തകനായ രാഹുല്‍ ശ്രീവാസ്തവയോട് വര്‍ണ്ണിച്ചിട്ടുണ്ട്. ആനുഷംഗികമായി പറയട്ടേ, സൈക്കിളാണ് അദ്ദേഹം നേതൃത്വം നല്‍കിയ സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നം. പല മരത്തലപ്പുകളിലും പിന്നീട് സൈക്കിള്‍ എന്ന ചിഹ്നം ഉയര്‍ന്നുപാറി.

ഹിന്ദി ഹൃദയഭൂമിയുടെ മനമറിഞ്ഞ നേതാവ്

ഹനുമാനെപ്പോലെ ഏതു വലിയ കടമ്പയും താണ്ടാന്‍ വശമായിരുന്നു അദ്ദേഹത്തിന്. എന്തു വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ ദൗത്യവും നിറവേറ്റാന്‍ പോരുന്ന ഉള്‍ക്കരുത്ത് നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിനും ദശകങ്ങള്‍ക്കു മുന്‍പേ താനൊരു വലിയ ഹനുമാന്‍ ഭക്തനാണെന്നും ശ്രീരാമഭക്തനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുലയത്തിന്റെ വാക്കുകളില്‍ തന്നേക്കാള്‍ വലിയ ഹിന്ദുവായി ആരുമില്ലായിരുന്നു. ഹിന്ദി ഹൃദയഭൂമിയുടെ മനസ്സറിഞ്ഞു നിലപാടുകളും നയങ്ങളും സ്വീകരിച്ച രാഷ്ട്രീയക്കാരനായിരുന്നു, അനുയായികള്‍ നേതാജി എന്നും ഹിന്ദുത്വ രാഷ്ട്രീയക്കാരായ എതിരാളികള്‍ മൗലാനാ മുലയം എന്നും വിളിച്ചുപോന്ന മുലായം സിംഗ് യാദവ്. 

പരിശീലനംകൊണ്ടു ഗുസ്തിക്കാരനും കുടുംബപാരമ്പര്യംകൊണ്ട് കൃഷിക്കാരനും തൊഴിലുകൊണ്ട് അദ്ധ്യാപകനുമായിരുന്നു മുലായം സിംഗ് യാദവ്. ജീവിതംകൊണ്ട് അടിമുടി പ്രായോഗികവാദിയായ ഒരു രാഷ്ട്രീയക്കാരനായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ സൈക്കിള്‍ എന്ന ജനകീയ വാഹനത്തെ ചിഹ്നമാക്കിയ തന്റെ പാര്‍ട്ടിയേയും പാര്‍ട്ടിക്കു പിറകില്‍ അണിനിരന്ന ദളിത്-മുസ്‌ലിം-പിന്നാക്ക സമുദായക്കാരടങ്ങുന്ന ബഹുജനത്തിനേയും ഏതു സുരക്ഷിത ഇടത്തിലും എത്തിക്കാന്‍ പോന്ന രാഷ്ട്രീയ ഗുസ്തിക്കാരനുമായിരുന്നു. 

ലാലുപ്രസാദ് യാദവുമൊത്ത്
ലാലുപ്രസാദ് യാദവുമൊത്ത്

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയും പ്രാദേശിക സത്രപികളുടെ ഉയര്‍ച്ചയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്പഷ്ടമായ '80-കളുടെ അവസാന പാദത്തിലും '90-കളുടെ ആദ്യകാലത്തുമാണ് മുലായം സിംഗ് യാദവ് എന്ന രാഷ്ട്രീയനേതാവിന്റെ ഉയര്‍ച്ചയും ഉണ്ടാകുന്നത്. സാമ്പത്തികരംഗത്ത് പ്രകടമായ തകര്‍ച്ചയും ഹിന്ദുവര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുമായിരുന്നു പശ്ചാത്തലം. രാംമനോഹര്‍ ലോഹ്യയുടെ സ്വാധീനത്തില്‍ സോഷ്യലിസ്റ്റായി തീര്‍ന്ന മുലായം സിംഗ് യാദവ്, ജയപ്രകാശ് നാരായണന്റെ ശിഷ്യനായ ലാലുപ്രസാദ് എന്നിവരായിരുന്നു ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തേരുതെളിച്ചത്. ഫലമോ? ലോകസഭയിലേക്ക് ഏറ്റവുമധികം എം.പിമാരെ അയച്ചുകൊണ്ടിരുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടി എല്ലാക്കാലത്തേക്കുമായി തുടച്ചുനീക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യം അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ്സിന്റെ നയവൈകല്യങ്ങളെ തുറന്നെതിര്‍ക്കുമ്പോള്‍ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുകയെന്ന ക്ലിഷ്ടദൗത്യവും അവര്‍ക്കു നിര്‍വ്വഹിക്കേണ്ടിവന്നു. ക്ഷേത്രനിര്‍മ്മാണത്തിനു താന്‍ എതിരല്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ തന്റെ ശവശരീരത്തില്‍ ചവിട്ടിക്കൊണ്ടു മാത്രമേ ബാബറി പള്ളി പൊളിക്കാന്‍ പോകാന്‍ കര്‍സേവകര്‍ക്കു കഴിയൂ എന്ന് ടൈം മാഗസിനു കൊടുത്ത ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അക്കാലത്ത് കര്‍സേവകര്‍ക്കു നേരെ നടന്ന വെടിവെയ്പായിരുന്നു അദ്ദേഹത്തിനു മുല്ലാ മുലായം എന്ന പേര് നേടിക്കൊടുത്തത്. എന്തായാലും ആ വെടിവെയ്പിനും മതേതരത്വമെന്ന ഭരണഘടനാതത്ത്വത്തോടു അദ്ദേഹം പുലര്‍ത്തിയ കൂറിനും കനത്ത വില നല്‍കേണ്ടിവന്നു. തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ തോറ്റു. 

മണ്ഡല്‍-കമണ്ഡലു രാഷ്ട്രീയകാലത്ത് പ്രധാനമന്ത്രി വി.പി. സിംഗിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു ശക്തമായ പിന്തുണ നല്‍കിയ നേതാക്കളായിരുന്നു മുലായം സിംഗ് യാദവും ലാലുപ്രസാദും. കമണ്ഡലു രാഷ്ട്രീയം ഉയര്‍ത്തിയ ഹിന്ദു ഏകീകരണ ഭീഷണിയെ പലതായി ചിതറിക്കുന്നതിലപ്പുറം കാര്യമായ യാതൊരു സാമൂഹ്യമാറ്റവും അന്ന് യൂണിയന്‍ ഗവണ്‍മെന്റ് വിഭാവനം ചെയ്തിരുന്നോ എന്നത് സംശയമാണ്. ഉണ്ടായിരുന്നെങ്കില്‍ സംവരണത്തിനു പുറമേ ഭൂപരിഷ്‌കരണം അടക്കമുള്ള ശിപാര്‍ശയിലെ മറ്റിനങ്ങള്‍ കൂടി രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഖ്യസ്ഥാനത്തു വന്നേനെ. എന്നിരുന്നാലും ബിഹാറിലും ഉത്തര്‍പ്രദേശിലുമെല്ലാം ദളിതരടക്കമുള്ള ഭൂരഹിത കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങളും ഭൂമിഹാറുകളടക്കമുള്ള സവര്‍ണ്ണരുടെ കൂലിപ്പടകളോടുള്ള ദളിതരുടെ ചെറുത്തുനില്‍പ്പുകളും ശക്തമായ കാലമായിരുന്നു അത്. വര്‍ഗ്ഗസംഘര്‍ഷങ്ങളുടെ തീവ്രവിളനിലമായിരുന്നു അക്കാലത്ത് ഈ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, വിശേഷിച്ചും ബിഹാര്‍. മുഖ്യാധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പിന്നീട് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ ആയിത്തീര്‍ന്ന ഐ.പി.എഫിനൊഴികെ കാര്യമായി അതു മുതലെടുക്കാനായില്ലെങ്കിലും. 

ദളിത് ജനതയോട് അദ്ദേഹത്തിനു ചെറുപ്പകാലം മുതല്‍ അനുഭാവവും ആഭിമുഖ്യവും ഉണ്ടായിരുന്നുവെന്നു തെളിയിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞുകേട്ട ഒരു കഥയുണ്ട്. ചെറുപ്പത്തില്‍ സവര്‍ണ്ണരായ കുട്ടികളുടെ ആക്രമണത്തില്‍നിന്നു സഹപാഠിയായ ഒരു ദളിത് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ സവര്‍ണ്ണ കുട്ടികളെ ഒറ്റയ്ക്ക് കൈക്കരുത്തുകൊണ്ട് നേരിട്ട കഥ. അതോടെ ദാദാ ഭയ്യാ എന്ന വിളിപ്പേരും സമ്മാനിക്കപ്പെട്ടു. 

മുലായം സിങ് യാദവ് (പഴയ ചിത്രം)
മുലായം സിങ് യാദവ് (പഴയ ചിത്രം)

യഥാര്‍ത്ഥത്തില്‍, രാഷ്ട്രീയമായ സവിശേഷതകള്‍ മുന്‍നിര്‍ത്തി ഏതെങ്കിലും ഒരു പേരിലൊതുക്കാന്‍ കഴിയുമോ മുലായം സിംഗ് യാദവ് എന്ന നേതാവിനെ എന്നു ചിന്തിക്കേണ്ടതുണ്ട്. സാമൂഹ്യനീതിയുടെ പോരാളി, മതനിരപേക്ഷതയുടെ ദീപശിഖാവാഹകന്‍ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ലോഹ്യാശിഷ്യനായി, ഹരിതവിപ്ലവത്തിന്റെ ഗുണം ലഭിച്ചു വളര്‍ന്നുവന്ന, കര്‍ഷക സമ്പന്നവിഭാഗത്തിന്റെ നേതാവായ ചരണ്‍സിംഗിന്റെ പിന്‍ഗാമിയായി ഉയര്‍ന്നുവന്ന മുലായം സിംഗ് യാദവ് എന്ന രാഷ്ട്രീയക്കാരനെ ഏതെങ്കിലും മൂല്യത്തോടുള്ള പ്രതിബദ്ധത മാത്രം കൊണ്ടുനടന്നയാള്‍ എന്നു വിശേഷിപ്പിക്കാനാകുമോ? തീര്‍ച്ചയായും ഇല്ല എന്നുതന്നെയാണ് ഉത്തരം. മിക്കപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടങ്ങളിലും ഒട്ടും മൂല്യബദ്ധത അവകാശപ്പെടാനാകാത്ത പാര്‍ലമെന്ററി അവസരവാദത്തിലും കുടുങ്ങിക്കിടന്നയാള്‍ തന്നെയായിരുന്നു മുലായവും. അതേസമയം അദ്ദേഹത്തിനു കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും ആ ലക്ഷ്യത്തിലേക്കു നീങ്ങുന്നതിനു ആരെയൊക്കെയാണ് കൂടെ നിര്‍ത്തേണ്ടത് എന്നു കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലാക്കാനാകും. 

ഒക്ടോബര്‍ മാസത്തില്‍ ചരമമടഞ്ഞ ഡോ. രാംമനോഹര്‍ ലോഹ്യയുടെ അനുയായിയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുലായം സിംഗ് യാദവ് '80-കളില്‍ മുസ്‌ലിം സ്ത്രീ സമൂഹത്തെ ബാധിക്കുന്ന ഏകീകൃത സിവില്‍ കോഡ് പ്രശ്‌നത്തിലും സ്ത്രീ സംവരണ പ്രശ്‌നത്തിലും എടുത്ത നിലപാടുകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തോടുള്ള പ്രതിബദ്ധത സംബന്ധിച്ച സംശയം ശക്തിപ്പെടാന്‍. തന്ന പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളില്‍ ആരുടെ അധീശത്വമാണ് നിലനില്‍ക്കുന്നതെന്നും ആ അധീശത്വത്തെ പിണക്കാതെ കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടതെന്നും മുലായത്തിനറിയാമായിരുന്നു. മുദ്രാവാക്യങ്ങളേക്കാള്‍ മുഖ്യം പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങളാണ് എന്ന ബോദ്ധ്യമുള്ള ഒരു പാര്‍ലമെന്ററി രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണമാണ് സോഷ്യലിസ്റ്റ്, സാമൂഹികനീതിയുടെ പോരാളി എന്നൊക്കെയുള്ള വിശേഷണങ്ങളേക്കാള്‍ മുലായമിനു യോജിക്കുക എന്നുതന്നെ പറയണം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com