യുഎസിനെ മറികടക്കാന്‍ എന്ത് സാമ്പത്തിക-രാഷ്ട്രീയ തന്ത്രമാകും ഷി സ്വീകരിക്കുക? 

73 കൊല്ലങ്ങള്‍ക്കു മുന്‍പ് ചെറുതണുപ്പ് പടര്‍ന്നു തുടങ്ങിയ ഒരു ഒക്ടോബറിലാണ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വരുന്നത്
യുഎസിനെ മറികടക്കാന്‍ എന്ത് സാമ്പത്തിക-രാഷ്ട്രീയ തന്ത്രമാകും ഷി സ്വീകരിക്കുക? 

73 കൊല്ലങ്ങള്‍ക്കു മുന്‍പ് ചെറുതണുപ്പ് പടര്‍ന്നു തുടങ്ങിയ ഒരു ഒക്ടോബറിലാണ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വരുന്നത്. പ്രതിയോഗിയായ ചിയാങ് കൈഷക്കും ആറ് ലക്ഷത്തോളം വരുന്ന സൈനികരും ഇരുപതു ലക്ഷത്തിലേറെയുള്ള കുമിന്താങ് അനുഭാവികളും തായ്വാനിലേക്ക് അഭയം തേടി. പിന്നീടുള്ള മൂന്നു പതിറ്റാണ്ട് മാവോ കാലഘട്ടമായിരുന്നു. 1976-നു ശേഷമുള്ള കാലം സാമ്പത്തിക പരിഷ്‌കരണ കാലഘട്ടവും. മാവോയുടെ കാലഘട്ടത്തില്‍ ദാരിദ്ര്യത്തിലായിരുന്ന രാജ്യമായിരുന്നു ചൈന. മാവോയ്ക്ക് ശേഷമെത്തിയ ഡെങ് സിയാപിങ് തുടക്കമിട്ട സാമ്പത്തിക ഉദാരവല്‍ക്കരണം ചൈനയെ പുതിയൊരു വിപണി കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയിലേക്കു നയിച്ചു. സ്വകാര്യ സ്വത്തും വ്യവസായ സംരംഭങ്ങളുമൊക്കെ വന്നു. ചൈനീസ് സമ്പദ്വ്യവസ്ഥ തുറന്നുകൊടുത്തു. പിന്നീടുള്ള ദശാബ്ദങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ചൈന മാറി. അംബരചുംബികളായ കെട്ടിടങ്ങളുടെയും ബുള്ളറ്റ് ട്രെയിനുകളുടെയും മാളുകളുടെയും നാടായി ചൈന മാറി. ഒപ്പം മാവോയ്ക്കു ശേഷമുള്ള ചൈനയിലെ ഏറ്റവും ശക്തനായ നേതാവായി ഷി ജിന്‍പിങ്ങും മാറി. 

മാവോ, ഡെങ് സിയാവോ പിങ്, ജിയാങ് സെമിന്‍, ഹൂ ജിന്റാവോ, ഷി ജിന്‍പിങ് എന്നീ അഞ്ച് പേരാണ് കമ്യൂണിസ്റ്റ് ചൈന ഭരിച്ചത്. ഇതില്‍ മാവോയുടേയും ഡെങ്ങിന്റേയും ആശയങ്ങളാണ് ചൈനീസ് വ്യവസ്ഥയില്‍ ആവാഹിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഡെങ് അവതരിപ്പിച്ച ആശയങ്ങള്‍ക്ക് അംഗീകാരവും പ്രചാരവും ലഭിച്ചത് അദ്ദേഹം മരിച്ചതിനു ശേഷമാണ്. ഇപ്പോഴത്തെ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ് വ്യത്യസ്തനാകുന്നത് ഈ അര്‍ത്ഥത്തിലാണ്. സ്വന്തം ജീവിതകാലത്തു തന്നെ തന്റെ ആശയങ്ങള്‍ നടപ്പാകുന്നതു കാണാനുള്ള ഭാഗ്യം ഷിക്കുണ്ടായി. എന്തുതന്നെയായാലും കമ്യൂണിസ്റ്റ് ചൈനയേയും ഷി ജിന്‍പിങ്ങിനേയും സംബന്ധിച്ച് ഇതു നിര്‍ണ്ണായകമായ ഒരു ഘട്ടമാണ്. 

രാജ്യത്തെ ഏറ്റവും പരമാധികാര സമിതിയായ പാര്‍ട്ടി കോണ്‍ഗ്രസ് ടിയാനന്‍മെന്‍ സ്‌ക്വയറിലെ പീപ്പിള്‍സ് ഗ്രേറ്റ് ഹാളില്‍ ഒക്ടോബര്‍ 16-നാണ് തുടങ്ങുക. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ചൈനീസ് പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ രണ്ടുതവണയായി തുടരുന്ന ഷി ജിന്‍പിങ് പരമോന്നത നേതാവെന്ന സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.

ഷി യുടെ തുടര്‍ച്ച വളര്‍ച്ചയുടെയും

കീഴ്വഴക്കമനുസരിച്ച് പ്രസിഡന്റ് സ്ഥാനം രണ്ട് തവണത്തേക്കാണ്. 68 വയസ്സ് കഴിഞ്ഞാല്‍ വിരമിക്കുകയും വേണം. എന്നാല്‍, ഈ രണ്ടു നിബന്ധനകളും 2018-ല്‍ ഭരണഘടനാഭേദഗതിയിലൂടെ പാര്‍ലമെന്റ് മാറ്റിയിരുന്നു. ഇതോടെ ഷിക്ക് ഇനിയും പ്രസിഡന്റ് സ്ഥാനത്തു തുടരാം. 2021 നവംബറില്‍ നടന്ന പാര്‍ട്ടി പ്ലീനറി സമ്മേളനം ഷിയെ പരമാധികാരിയായി തെരഞ്ഞെടുക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാചരണമായിരുന്നു പ്ലീനറി സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. എന്നാല്‍, ഷിയെ പരമോന്നത നേതാവായി അവരോധിക്കുന്ന ചടങ്ങായി അതുമാറി. മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന അഭ്യൂഹ കഥകള്‍ക്കപ്പുറം ചൈനീസ് പാര്‍ലമെന്റില്‍ വന്‍ഭൂരിപക്ഷമാണ് ഷി ജിന്‍ പിങ്ങിനുള്ളത്. അതുകൊണ്ടുതന്നെ വലിയ അട്ടിമറി ആരും പ്രതീക്ഷിക്കുന്നുമില്ല. 2027 വരെയെങ്കിലും ഷി അധികാരത്തില്‍ തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ എന്തൊക്കെയാവും ഷി നേരിടുന്ന വെല്ലുവിളികള്‍? മാറുന്ന ലോകക്രമത്തില്‍ യു.എസിനെ മറികടക്കാന്‍ എന്ത് സാമ്പത്തിക-രാഷ്ട്രീയ തന്ത്രമാകും ഷി സ്വീകരിക്കുക? ഭാവിയില്‍ ഷിയില്‍ തന്നെ അധികാരം കേന്ദ്രീകരിക്കുന്ന തരത്തില്‍ പാര്‍ട്ടിഘടനയിലും മാറ്റമുണ്ടാകുമോ? ഇത്തരം ചോദ്യങ്ങള്‍ അനവധിയാണ്.

2012-ല്‍ ഷി സ്ഥാനമേറ്റെടുത്തപ്പോള്‍ പല കഥകളും പ്രചരിച്ചിരുന്നു. വിപ്ലവകാരിയായിരുന്ന പിതാവിന്റെ പാത പിന്തുടരുമെന്നായിരുന്നു അതിലൊന്ന്. സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണച്ചയാളായിരുന്നു പ്രവിശ്യാനേതാവ് കൂടിയായ ഷിയുടെ പിതാവ്. സാംസ്‌കാരിക വിപ്ലവകാലത്തെ പാര്‍ട്ടി വിരുദ്ധന്‍. എന്നാല്‍, ഒരു പരിഷ്‌കര്‍ത്താവ് എന്നതിലുപരി പാര്‍ട്ടിയുടെ പുന:സ്ഥാപകനായാണ് അദ്ദേഹം സ്വയം കണ്ടത്. സമൂഹത്തിലെ പാര്‍ട്ടിയുടെ കര്‍ത്തവ്യം, ലോകത്തിലെ ചൈനയുടെ റോള്‍ എന്നിവയൊക്കെ തന്നിലൂടെ പുന:സ്ഥാപിക്കപ്പെട്ടെന്നാണ് ഷി ജിന്‍പിങ് കരുതുന്നത്. മാവോയ്ക്ക് ശേഷമുള്ള ഏതൊരു ചൈനീസ് നേതാവിനേക്കാളും അധികാരം നേടിയ ഷി ആ അധികാരം നിര്‍ദ്ദയമായി ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അധികാരത്തിനൊപ്പം ചൈനയുടെ ശക്തിയും വര്‍ദ്ധിച്ചുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 2017-ല്‍ ചെയര്‍മാനായി വീണ്ടും അവരോധിക്കപ്പെട്ടപ്പോള്‍ മൂന്നര മണിക്കൂര്‍ നീളുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. തന്റെ മുന്‍ഗാമി നടത്തിയതിലും രണ്ടിരട്ടിയിലധികം സമയം അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കാന്‍ ഉപയോഗിച്ചു. പുതിയ യുഗത്തിലേക്ക് ചൈന പ്രവേശിക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ചൈന കിഴക്കിന്റെ ശക്തിയെന്നു വിശേഷിപ്പിച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും പാരിസ്ഥിതികമായും ലോകത്തെ നയിക്കാന്‍ ശേഷിയുള്ള രാജ്യമാണ് ചൈനയെന്നു വാക്കുകളിലൂടെ ഊട്ടിയുറപ്പിച്ചു.

ഷിയുടെ മൂന്നാമൂഴത്തിനപ്പുറം ഒക്ടോബര്‍ 16-ന് തുടങ്ങുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മറ്റു കാര്യങ്ങളാണ് ശ്രദ്ധാകേന്ദ്രം. 1. പാര്‍ട്ടി നേതൃനിരയിലെ മാറ്റം. 2. പാര്‍ട്ടി ഭരണഘടനയിലെ മാറ്റങ്ങള്‍ക്കുള്ള അംഗീകാരം. 3. നയം സംബന്ധിച്ച തീരുമാനങ്ങള്‍. ഷി  മൂന്നാമൂഴം ഉറപ്പിച്ചാല്‍ പൊളിറ്റ്ബ്യൂറോയിലേയും പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേയും മാറ്റങ്ങളാവും ശ്രദ്ധാകേന്ദ്രം. ജിന്‍പിങ്ങിന്റെ എത്ര വിശ്വസ്തര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത സമിതികളിലെത്തുമെന്നതും നിര്‍ണ്ണായകം. 25 അംഗങ്ങളുള്ള പി.ബിയില്‍ ഒരു വനിത മാത്രമാണ് ഉണ്ടായിരുന്നത്. പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്. ഷി വിശ്വസ്തരെ ഉള്‍ക്കൊള്ളിച്ചാല്‍ അംഗങ്ങളുടെ എണ്ണം ഒന്‍പതു വരെയാകും. പുതിയ അംഗങ്ങള്‍ വിരമിക്കുന്നവര്‍ക്കു പകരം നിയോഗിക്കപ്പെടും. 68 വയസ്സാണ് വിരമിക്കല്‍ പ്രായം. വിമതപക്ഷം അവരുടെ പ്രതിനിധികളെ പി.ബിയിലും പി.ബി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കും. മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ വിശ്വസ്തനായ ലി കിക്വാങിന് 67 വയസ്സാണ്. താന്‍ ഇത്തവണ പടിയിറങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. 

1969 ഏപ്രിൽ ഒന്നിന് ബെയ്ജിങിൽ ചേർന്ന ഒൻപതാം പാർട്ടി കോൺ​ഗ്രസിൽ മാവോ സെ തൂങ്
1969 ഏപ്രിൽ ഒന്നിന് ബെയ്ജിങിൽ ചേർന്ന ഒൻപതാം പാർട്ടി കോൺ​ഗ്രസിൽ മാവോ സെ തൂങ്

ജനാധിപത്യപരമായ പ്രാതിനിധ്യം എന്നാണ് പേരെങ്കിലും ഈ നോമിനേഷന്‍ നടപടികള്‍ അത്ര ജനാധിപത്യപരമല്ല. 2017-ല്‍ 200 പൊളിറ്റ്ബ്യൂറോ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഷി ജിന്‍പിങ് തള്ളിക്കളഞ്ഞിരുന്നു. അഴിമതിക്കാരുടേതാണ് പട്ടികയെന്നാണ് അദ്ദേഹം അതിനു കാരണമായി പറഞ്ഞത്.  സ്റ്റേറ്റ് കൗണ്‍സില്‍, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ലമെന്റ് എന്നിങ്ങനെയാണ് അധികാരത്തിന്റെ പിരമിഡ്. സ്റ്റേറ്റ് കൗണ്‍സിലെന്നാല്‍ സര്‍ക്കാര്‍. ലി ക്വിയാങാണ് ഇപ്പോള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. പാര്‍ട്ടി നയം നടപ്പാക്കുക, ദേശീയ സാമ്പത്തിക പദ്ധതിയുടെ നിര്‍വ്വഹണം, ബജറ്റ് എന്നിവയൊക്കെ കൈകാര്യം ചെയ്യുന്നത് സ്റ്റേറ്റ് കൗണ്‍സിലായിരിക്കും. മൊത്തം ജനസംഖ്യയുടെ ഏഴു ശതമാനം വരുന്ന പാര്‍ട്ടി അംഗങ്ങളാണ് ചൈനയെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയത്തിലും വ്യാപാരത്തിലും എന്തിനേറെ വിനോദത്തില്‍പ്പോലും. അലിബാബയുടെ ജാക്ക്മാ, ഹുവായുടെ റെന്‍ സെന്‍ഗെഫി, ഫാന്‍ ബിങ്ബിങ് തുടങ്ങിയവര്‍ പാര്‍ട്ടി വളര്‍ത്തിയവരോ പാര്‍ട്ടിയെ ആശ്രയിക്കുന്നവരോ ആണ്. അല്ലാത്തപക്ഷം തിരിച്ചടികളുമുണ്ടായിട്ടുണ്ട്.

ഇനി നയപരമായ കാര്യങ്ങളിലെ ഷി ജിന്‍പിങ്ങിന്റെ തീരുമാനം ലോകം മുഴുവന്‍ ഉറ്റുനോക്കുന്നു. അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളോട് ഏതു സമീപനമാവും ചൈന സ്വീകരിക്കുകയെന്നത് നിര്‍ണ്ണായകമാണ്. തായ്വാനെ പീപ്പിള്‍സ് റിപ്പബ്ലിക്കിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കങ്ങള്‍ ചൈന ശക്തിപ്പെടുത്തുമോ എന്നും ലോകം ഉറ്റുനോക്കുന്നു. ചൈന ബലപ്രയോഗത്തിനു മുതിര്‍ന്നാല്‍ യുക്രെയ്നു ശേഷമുള്ള സംഘര്‍ഷം ഇതായി മാറും. 2049-നു മുന്‍പ് വിശാല ചൈനയെന്ന സ്വപ്നം പൂര്‍ത്തിയാക്കാനാണ് ഷി ജിന്‍പിങ് ലക്ഷ്യമിടുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളില്‍ അതെത്രമാത്രം പ്രായോഗികമാണെന്നതും ചൈനയ്ക്കു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. സാംസ്‌കാരിക വിപ്ലവകാലത്തു നടന്ന അടിച്ചമര്‍ത്തല്‍ തന്നെയാണ് ഫലത്തില്‍ ഷി ജിന്‍പിങ്ങും നടത്തിയത്. 2017-ല്‍ വിവിധ തടങ്കല്‍പാളയങ്ങളില്‍ പത്തുലക്ഷം ഉയിഗൂര്‍ വംശജര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കൊവിഡ് ലോക്ക്ഡൗണ്‍ പോലും ചൈന രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആയുധമാക്കിയിരുന്നു. 

1955ൽ ടിയാൻമെൻ സ്ക്വയറിൽ ചൈനീസ് കായിക താരങ്ങൾ നടത്തിയ പരേഡ്
1955ൽ ടിയാൻമെൻ സ്ക്വയറിൽ ചൈനീസ് കായിക താരങ്ങൾ നടത്തിയ പരേഡ്

സാഹചര്യം മുതലെടുത്ത് നിരീക്ഷണ സംവിധാനങ്ങളും സേനാവിന്യാസവും വന്‍തോതില്‍ കൂട്ടിയത് സാധാരണ പൗരന്മാരെ നിരീക്ഷിക്കാനായിരുന്നുവെന്ന വാദമുണ്ട്. ഏതായാലും അടിസ്ഥാനപരമായി ഒരു വിപ്ലവപാര്‍ട്ടി അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ദേശീയവാദത്തെ അംഗീകരിക്കുകയും അതിനായി സ്വന്തം നേതൃത്വത്തിന്റെ വര്‍ഗ്ഗസ്വഭാവത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്തതിന്റെ ചരിത്രം കൂടിയാണ് ചൈനയുടേത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com