'സാധാരണക്കാരായ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമല്ലേ ഏത് റിസര്‍ച്ചിലും വലുത്'- അന്ന് കോടിയേരി ചോദിച്ചു

By പി.എസ്. ശ്രീകല  |   Published: 20th October 2022 03:34 PM  |  

Last Updated: 20th October 2022 03:34 PM  |   A+A-   |  

kb

 

രു ദിവസം നേരില്‍ കണ്ടപ്പോള്‍ കോടിയേരിയുടെ ജീവചരിത്ര പുസ്തകത്തെക്കുറിച്ച് എ.കെ. ബാലന്‍ എന്നോട് പറഞ്ഞു: ''ഇനിയും ചിലതുകൂടി ചേര്‍ക്കാവുന്നതാണ്. കോടിയേരിയുടെ സമയം കൂടി നോക്കി ഒരു ദിവസം ഇരിക്കാം. അടുത്ത പതിപ്പില്‍ അക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താം.''  ഞാനും പ്രതീക്ഷിച്ചു, ആശ്വസിച്ചു: ''അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്താം.'' പക്ഷേ, ആ ഒരുമിച്ചിരിക്കല്‍ പിന്നെയുണ്ടായില്ല. ഇനിയതുണ്ടാവുകയുമില്ല.

പാര്‍ട്ടി കോണ്‍ഗ്രസ്സിന് കണ്ണൂരിലാണ് സഖാവിന്റെ ജീവചരിത്രം 'കോടിയേരി എന്ന രാഷ്ട്രീയ മനുഷ്യന്‍' പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തത്.  പുസ്തകപ്രകാശനത്തിനുശേഷം കോടിയേരിയെ കാണാന്‍ തന്നെയും കഴിഞ്ഞില്ല. പുസ്തകത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുക മാത്രമേ ഉണ്ടായുള്ളൂ.

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ ജീവചരിത്ര പുസ്തകത്തില്‍ കോടിയേരിയെക്കുറിച്ച് വസ്തുനിഷ്ഠമായി എഴുതിയിട്ടുണ്ട്. അതിലുള്ളതൊന്നും ഇവിടെ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. പഠനത്തില്‍ മിടുക്കനായിരുന്ന ഒരു സാധാരണ വിദ്യാര്‍ത്ഥിയില്‍നിന്ന് നിസ്വാര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരനായും അടിയുറച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായും അദ്ദേഹം രൂപപ്പെട്ടതെങ്ങനെ എന്ന് ആ പുസ്തകത്തില്‍ നിന്നറിയാനാവും. നേരിട്ടുള്ള അനുഭവങ്ങളില്‍ ചിലതു മാത്രം ഇവിടെ പരാമര്‍ശിച്ചുകൊള്ളട്ടെ.

ശബ്ദത്തിലും സംയമനം

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനു ശേഷമാണ് കോടിയേരിയെ പരിചയപ്പെടുന്നത്. അതിനുമുന്‍പ് തന്നെ ബാബു അണ്ണന്‍ പറഞ്ഞറിയാം കോടിയേരിയുടെ സവിശേഷതകളില്‍ ചിലത്. അതിലൊന്ന്, 1994-ല്‍ നടന്ന എല്‍.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ടതാണ്. ആ സംസ്ഥാന ജാഥ നയിച്ചത് കോടിയേരി സഖാവായിരുന്നു. അദ്ദേഹത്തിനു നേരെ വധഭീഷണിയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് പാര്‍ട്ടിപ്രവര്‍ത്തകരുടെ നേതൃത്വത്തിലും സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. അക്കൂട്ടത്തില്‍ ബാബു അണ്ണനും ഉണ്ടായിരുന്നു. ഓരോ സ്വീകരണകേന്ദ്രത്തിലും കോടിയേരിയുടെ വ്യത്യസ്തമായ പ്രസംഗങ്ങള്‍. ഗൗരവമുള്ള വിഷയങ്ങള്‍ അന്തസ്സത്ത ചോരാതെ സരസവും ആകര്‍ഷകവുമായി അവതരിപ്പിക്കുന്ന ശൈലി. ഒരുമണിക്കൂറില്‍ അധികം നീളുന്ന പ്രസംഗങ്ങള്‍ ഒരേ ദിവസം നാലും അഞ്ചും കേന്ദ്രങ്ങളില്‍. ഒപ്പമുള്ള ജാഥ അംഗങ്ങളായ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ഒന്നോ രണ്ടോ പ്രസംഗങ്ങള്‍ക്കു ശേഷം ശബ്ദമിടറുമ്പോള്‍ എല്ലാ സ്വീകരണകേന്ദ്രത്തിലും സംസാരിക്കുന്ന കോടിയേരിയുടെ ശബ്ദം ഒരിക്കലും ക്ഷീണിതമായിരുന്നില്ല. വാക്കിലും സമീപനത്തിലും മാത്രമല്ല, ശബ്ദത്തിലും സംയമനം പാലിച്ചിരുന്നെന്നതിനു തെളിവായി ഇതിനെ കാണുന്നു.

അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിലും കാണാം സൗമ്യനായ കോടിയേരിയെ. സി.പി.ഐ.എമ്മിന്റെ നേതാവായതുകൊണ്ട് മാത്രം ക്രൂരമായി ആക്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ പ്രവര്‍ത്തകരേയും അവരുടെ ചോദ്യങ്ങളേയും പ്രകോപിതനാവാതെ അദ്ദേഹം നേരിടുന്നതു കാണാം. എന്നാല്‍, സ്വന്തം പാര്‍ട്ടിയുടെ നേതാവിനെ ആക്രമിക്കാനുള്ള ആഹ്വാനം പോലെ ഒരു അവതാരകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു. നിമിഷനേരംകൊണ്ട് സംയമനം പാലിക്കുന്നതും നമ്മള്‍ കണ്ടു.

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താധിഷ്ഠിത ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. സമകാലിക - വിശേഷിച്ച്, അന്നന്നുണ്ടാവുന്ന, വിഷയങ്ങളാണല്ലോ ചാനല്‍ വാര്‍ത്തകളില്‍ ചര്‍ച്ചയാവുന്നത്. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളും ആയിരിക്കും. അത്തരം വിഷയങ്ങളില്‍ സി.പി.ഐ.എമ്മിന്റെ അഭിപ്രായം അറിയുന്നതിന് സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുമായിരുന്നു. സംസാരിച്ച ശേഷം ഇത്രയും കൂടി പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുക: ''ഇതാണ് പാര്‍ട്ടിയുടെ അഭിപ്രായം. നിങ്ങള്‍ക്ക് ഉചിതമായത് ചര്‍ച്ചയില്‍ പറയുക.''

സര്‍ക്കാര്‍ കോളേജുകള്‍ക്ക് സ്വയംഭരണപദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഞാനും ഉള്‍പ്പെട്ടിരുന്ന അദ്ധ്യാപക സംഘടന സമരരംഗത്തേക്ക് വന്നിരുന്നു. നാളുകള്‍ നീണ്ടുനിന്നു സമരം. സഖാവിനെ സമരകാലത്ത് മറ്റൊരു പരിപാടിയില്‍ നേരില്‍ കണ്ടപ്പോള്‍ സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംബന്ധിച്ച് സൂചിപ്പിച്ചു. ''സമരം തുടങ്ങുന്നവര്‍ക്ക് സമരം അവസാനിപ്പിക്കാനും അറിയണം. എങ്ങനെ അവസാനിപ്പിക്കുമെന്നു കൂടി തീരുമാനിച്ചിട്ടേ സമരം തുടങ്ങാവൂ'' അദ്ദേഹം പറഞ്ഞു.

സമരജീവിതം നല്‍കിയ ഊര്‍ജം

സാക്ഷരതാമിഷന്‍ ഡയറക്ടറാവുന്നത് യൂണിവേഴ്സിറ്റി കോളേജില്‍ അദ്ധ്യാപികയായിരുന്നപ്പോഴാണ്. യു.ജി.സിയുടെ റിസര്‍ച്ച് അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ രണ്ടു വര്‍ഷം ഗവേഷണത്തിനുള്ള അവധിയിലായിരുന്നു ഞാന്‍. ഡയറക്ടറുടെ ചുമതലയിലേക്കു വന്നാല്‍ ഗവേഷണം തുടരാന്‍ യു.ജി.സി അനുവദിക്കുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചേ മതിയാകൂ. അങ്ങനെ ആ ചുമതലയില്‍ പ്രവേശിച്ചു. അതിനടുത്ത ദിവസങ്ങളിലൊന്നില്‍ സഖാവിനെ കണ്ടു, ''എങ്ങനെയുണ്ട് പുതിയ ജോലി?'' അദ്ദേഹം ചോദിച്ചു. ''കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നു. പക്ഷേ, റിസര്‍ച്ച് തുടരാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്.'' ''സാധാരണക്കാരായ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമല്ലേ ഏത് റിസര്‍ച്ചിലും വലുത്'' -അദ്ദേഹം പറഞ്ഞു. ശരിയാണ്, പലരും മനസ്സിലൂടെ കടന്നുപോയി, ശരിയാണ്. പിന്നീട് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടു, അദ്ദേഹം പറഞ്ഞതാണ് ശരി.

ഔദ്യോഗിക ചുമതലയുടെ ഭാഗമായി നയപരമായ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിനോട് വിയോജിക്കുന്ന ചിലര്‍ സമരത്തിലേക്ക് കടന്നു. അക്കാലത്ത് ഒരു പൊതു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ സംസാരിക്കുന്നതിനിടയില്‍ സഖാവ് പറഞ്ഞു: ''എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക. ആടിയുലഞ്ഞുപോയാല്‍ നിങ്ങള്‍ക്ക് ഒരു കാര്യവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.'' ഇപ്പോഴും പ്രതിസന്ധികളില്‍ തുണയാകുന്നതാണ് ഈ വാക്കുകള്‍.

ചികിത്സയ്ക്കായി ചെന്നൈയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് മുന്‍പ് നേരില്‍ കാണണം എന്ന് അതിയായി ആഗ്രഹിച്ചു. അദ്ദേഹത്തിന് ബുദ്ധിമുട്ടാവുമെന്നോര്‍ത്ത് സ്വയം നിയന്ത്രിച്ചു. അദ്ദേഹത്തിന്റെ യാത്രയുടെ ദിവസം ഓഫീസിലേക്ക് പോകും വഴി സഖാവുമായി ആംബുലന്‍സ് ഫ്‌ലാറ്റില്‍ നിന്നിറങ്ങുന്നത് കണ്ടു. തിരുവനന്തപുരത്തെ വിമാനത്താവളം വരെ ആംബുലന്‍സിനു പിന്നാലെ സഞ്ചരിച്ചു. കാണാനല്ല, അദ്ദേഹത്തെ യാത്രയാക്കാന്‍ ഒപ്പമുണ്ടായി എന്ന സമാധാനത്തിനുവേണ്ടി മാത്രം. അന്നു രാവിലെ ഫ്‌ലാറ്റിലെത്തി അദ്ദേഹത്തെ നേരില്‍ കണ്ടുകഴിഞ്ഞ അമ്മു പറഞ്ഞിരുന്നു: ''അമ്മ കാണണ്ട, കാണാതിരിക്കുന്നതാണ് നല്ലത്. നമുക്ക് താങ്ങാന്‍ കഴിയില്ല.''

എങ്കിലും ഇതെഴുതുമ്പോള്‍ ഞാന്‍ പോകുകയാണ്, നിശ്ചേതനനായ പ്രിയസഖാവിനെ ഒരുനോക്ക് കാണാന്‍.

ജീവചരിത്രപുസ്തകം എഴുതാന്‍ താല്പര്യപ്പെട്ടു ചെന്നുകണ്ടപ്പോള്‍ സഖാവ് ചിരിച്ചുകൊണ്ട് പറഞ്ഞു, കുറേ പേര് ഇതേ ആവശ്യം പറഞ്ഞു വന്നുപോയിട്ടുണ്ട്. പിന്നെ ഈ വഴി കണ്ടിട്ടില്ല. ''ഞാന്‍ എഴുതാനുദ്ദേശിച്ചാണ് വന്നിരിക്കുന്നത്.''

''ശരി, എന്നാല്‍ നമുക്കെഴുതാം.''

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലേക്ക് കടക്കും മുന്‍പ് പലതവണ നേരില്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് എഴുതുന്ന തിരക്കിനിടയിലും ഫോണില്‍ മണിക്കൂറുകള്‍ സംസാരിച്ചു. പലപ്പോഴും ഒരു വാചകം പൂര്‍ത്തിയാക്കിയ ശേഷം അല്പനേരം നിര്‍ത്തും, എഴുതിയെടുക്കുകയാണെന്ന് കരുതി അതിന് സമയം അനുവദിക്കുന്നതാണ് അദ്ദേഹം. സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണെന്ന് അദ്ദേഹം മറന്നുപോകും. അത് ഓര്‍മ്മിപ്പിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് വര്‍ത്തമാനം തുടരും.

വിയോഗവാര്‍ത്തയറിഞ്ഞ വിഷാദനിമിഷങ്ങളില്‍ അമ്മു പറഞ്ഞു: ''അമ്മ ചെയ്തതാണ് ഈ അടുത്ത കാലഘട്ടത്തില്‍ കോടിയേരിയോട് നമുക്ക് ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ കാര്യം, അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്.'' അത് ശരിയാണെന്നു ഞാനും  കരുതുന്നു.

ആ ജീവിതം കേരളം അറിയണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാഠമാക്കണം. പുതിയകാലത്ത് ഇത്രമേല്‍ വലതുപക്ഷ ആക്രമണം നേരിട്ടൊരാള്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ കോടിയേരിയാണ്. ഇരുവരിലൂടെയും പാര്‍ട്ടി ശക്തിപ്പെടുന്നു എന്നതിലെ അസ്വസ്ഥതയാണത് വെളിപ്പെടുത്തുന്നത്. കോടിയേരി തന്നെ പറയുന്നതുപോലെ, ''ഒരു വിപ്ലവകാരി മരണപ്പെടുന്നതോടുകൂടി അയാള്‍ മറക്കപ്പെടുന്നില്ല. അയാള്‍ കൂടുതല്‍ ഊര്‍ജ്ജമായി നമുക്ക് മുന്‍പില്‍ ഉയര്‍ന്നുനില്‍ക്കുകയാണ് ചെയ്യുക.'' സാമ്രാജ്യത്വത്തിനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന സി.പി.ഐ.എമ്മിന് കോടിയേരിയില്‍നിന്നുള്ള ഈ ഊര്‍ജ്ജമായിരിക്കും തുടര്‍ പ്രവര്‍ത്തനത്തിന് കരുത്ത്.

ഈ ലേഖനം കൂടി വായിക്കൂ 

വെറുപ്പിന്റെ രാഷ്ട്രീയമല്ല സി.പി.എം നയം എന്നതായിരുന്നു കോടിയേരിയുടെ ഉറച്ച നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ