വെറുപ്പിന്റെ രാഷ്ട്രീയമല്ല സി.പി.എം നയം എന്നതായിരുന്നു കോടിയേരിയുടെ ഉറച്ച നിലപാട്
By പി.എസ്. റംഷാദ് | Published: 20th October 2022 03:20 PM |
Last Updated: 20th October 2022 03:20 PM | A+A A- |

ചില സംഭവങ്ങള്‍ നമ്മള്‍ പണ്ടുകാലത്ത് ചെയ്തിട്ടുണ്ടാകാം. അന്നു ചെയ്തത് ആ കാലഘട്ടത്തില്‍ ചിലപ്പോള്‍ ശരിയായിരിക്കും; അന്ന് സമൂഹം അത് അംഗീകരിച്ചതുമായിരിക്കും. പക്ഷേ, സമൂഹം അംഗീകരിക്കാത്ത ഒരു സമീപനവും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.'' രണ്ടാമതു സംസ്ഥാന സെക്രട്ടറിയായപ്പോള്‍ നല്‍കിയ വിശദമായ അഭിമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മട്ടന്നൂരിലെ ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേരിട്ട പഴികളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. അവ്യക്തതകളൊന്നും അവശേഷിപ്പിക്കാതെ കൃത്യമായാണ് കോടിയേരി സംസാരിച്ചത്. പിടിച്ചുനില്‍ക്കാനുള്ള കുമ്പസാരമായാലും തിരിച്ചറിവിന്റെ വിവേകമായാലും ഇതു രണ്ടുമായാലും പാര്‍ട്ടിക്കുവേണ്ടിയുള്ള സ്വയംവിമര്‍ശനവും ആത്മവിശ്വാസവുമാണ് കോടിയേരി അന്നു വിട്ടുവീഴ്ചയില്ലാതെ പ്രസരിപ്പിച്ചത്.
ഉള്ളിലാണ് കനല്‍
1973-ല്‍ കൊല്ലത്തു ചേര്‍ന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനമാണ് കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജി. സുധാകരന്‍ പ്രസിഡന്റ്. സി.പി.എം ലോക്കല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വം ഏറ്റെടുത്തു, ബിരുദ വിദ്യാര്‍ത്ഥിയായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേരുകയും ചെയ്തു. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം. ഒരു വര്‍ഷം മുന്‍പേ പ്രീഡിഗ്രി ജയിച്ചെങ്കിലും ബിരുദത്തിനു ചേര്‍ന്നിരുന്നില്ല. കാരണം സാമ്പത്തിക ഞെരുക്കം. ആ ഒരു വര്‍ഷം നാട്ടില്‍ത്തന്നെ മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്നു. 1979-ല്‍ എസ്.എഫ്.ഐ നേതൃചുമതലയില്‍നിന്നു മാറിയ ശേഷം തലശ്ശേരിയില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി. അന്ന് മുനിസിപ്പാലിറ്റിയില്‍ ഒരു ലോക്കല്‍ കമ്മിറ്റിയേ ഉള്ളൂ; അതിന്റെ സെക്രട്ടറി. 1980-ല്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്.
1982-1987 കാലയളവിലെ ഏഴാം നിയമസഭയില്‍ അംഗമായതോടെയാണ് വീണ്ടും പ്രവര്‍ത്തനമേഖലയില്‍ തിരുവനന്തപുരം പ്രധാനമായത്. 1987-ലും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതുകൊണ്ട് 1991-ലും 1996-ലും മത്സരിച്ചില്ല. 2001-ല്‍ ജയിച്ച് മൂന്നാംവട്ടം എം.എല്‍.എ ആയപ്പോള്‍ സി.പി.എം നിയമസഭാകക്ഷി ഉപനേതാവായി; പ്രതിപക്ഷ ഉപനേതാവ്. വി.എസ്. അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. എ.കെ. ആന്റണി മന്ത്രിസഭയുടേയും അദ്ദേഹം രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടേയും ഭരണകാലം. നിയമസഭയിലെ പ്രതിപക്ഷനിരയെ വി.എസ്സും കോടിയേരിയും ചുമലൊത്തുനിന്നു നയിച്ച സംഭവബഹുലമായിരുന്ന കാലം. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് വെടിവയ്പ്, മാറാട് കൂട്ടക്കൊലയും തുടര്‍ സംഭവങ്ങളും കേരളത്തെ പിടിച്ചുകുലുക്കിയ ദിനങ്ങള്‍, സുനാമി, കിളിരൂര്‍, കവിയൂര്‍ ലൈംഗികപീഡന സംഭവങ്ങള്‍; ഇരകളുടെ മരണം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20-ല്‍ 18 സീറ്റുകളിലും യു.ഡി.എഫിന്റെ തോല്‍വി, കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി പുതിയ അധികാരകേന്ദ്രമായി മാറുന്നതിന്റെ വിവിധ ഘട്ടങ്ങള്‍; കെ. കരുണാകരന്റെ പതനം എന്നിങ്ങനെ പ്രതിപക്ഷത്തിന് ആയുധമാക്കാനേറെയുണ്ടായിരുന്നു ആ കാലത്ത്.

തിരിച്ചറിവുകള്‍
എന്തെല്ലാം പ്രകോപനം ഉണ്ടായാലും കൊലപാതകം പാടില്ല എന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമായിത്തന്നെ കൊടുത്ത നേതാവായിരുന്നു കോടിയേരി. ''കൊലപാതകം നടക്കുന്നതോടുകൂടി അതിന്റെ തലം മാറിപ്പോകും. അതുകൊണ്ട് ഏത് ആളായാലും കൊല ചെയ്യപ്പെടുമ്പോള്‍ സമൂഹത്തിന്റെ മനോഭാവം മാറും. അതു മനസ്സിലാക്കി സി.പി.എം പ്രവര്‍ത്തകര്‍ പെരുമാറണം. ആവശ്യമായ ജാഗ്രത വേണം.''
സമുദായസംഘടനകളോട്
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനു വലിയ ഭൂരിപക്ഷം കിട്ടിയതില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ പിന്തുണ വലിയ ഘടകമായി എന്ന് പാര്‍ട്ടിയും മുന്നണിയുംതന്നെ അംഗീകരിച്ചതാണ്. എന്നാല്‍, സര്‍ക്കാരിന്റെ പല നടപടികളും പ്രത്യേകിച്ചും പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഏകപക്ഷീയമായി മാറുന്നു എന്ന വിമര്‍ശനം പലയിടത്തുനിന്നും ഉണ്ടായി. ഇതിനോട് സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി സ്വീകരിച്ച വിവേകം നിറഞ്ഞ സമീപനം തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഉതകുന്ന വിധമായിരുന്നു. വര്‍ഗ്ഗീയ ശക്തികളോടാണ് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും വിയോജിപ്പെന്നും ഒരു സമുദായത്തോടുമല്ല എന്നും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. അതിനുശേഷം ആ വിധത്തിലുള്ള പ്രചാരണത്തിനു ശക്തി കുറഞ്ഞു. പിന്നീടുമുണ്ടായ ചില ശബ്ദങ്ങളെ രാഷ്ട്രീയലക്ഷ്യമുള്ള തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങളായാണ് അദ്ദേഹം കണ്ടതും പ്രതികരിച്ചതും. എന്നാല്‍, തീവ്രവാദികളെന്നും മറ്റും വിളിച്ച് ആരെയും മുറിവേല്പിക്കാതിരിക്കാനുള്ള ജാഗ്രതയുമുണ്ടായി. വെറുപ്പിന്റെ രാഷ്ട്രീയമല്ല സി.പി.എം നയം എന്നതായിരുന്നു കോടിയേരിയുടെ ഉറച്ച നിലപാട്. ഇക്കാര്യത്തില്‍ ചില മുതിര്‍ന്ന നേതാക്കളുടെ സമീപനത്തോട് കോടിയേരിക്കു വിയോജിപ്പുണ്ടായിരുന്നു. പക്ഷേ, അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ വിവിധ സമുദായങ്ങളിലെ രാഷ്ട്രീയ ചലനങ്ങളെ ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്ത നേതാക്കള്‍ കുറവാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദാഹരണം: ''മുസ്ലിം സമുദായത്തില്‍ വലിയ മാറ്റങ്ങളുണ്ട്. നേരത്തേ കേരളത്തിലെ മുസ്ലിം ബഹുജനങ്ങളില്‍ മുസ്ലിം ലീഗായിരുന്നു ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി. മുസ്ലിം ലീഗ് വിചാരിക്കുന്നതനുസരിച്ച് എല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ കേരളത്തില്‍ ഉണ്ടായിരുന്നു. സുന്നി വിഭാഗത്തില്‍ ഇ.കെ., എ.പി. എന്നീ രണ്ട് പ്രബലമായ വിഭാഗങ്ങളുണ്ട്. മുജാഹിദുകളുടെ സംഘടനകളുണ്ട്. ഈ സംഘടനകളെല്ലാം ഉണ്ടെങ്കിലും അവസാനം ലീഗ് ഉദ്ദേശിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. പ്രത്യേകിച്ച് മുന്‍പത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ മുസ്ലിം സംഘടനകളേയും ഒരു കുടക്കീഴിലാക്കി നിര്‍ത്താന്‍ അവര്‍ക്ക് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സാധിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്കത് കഴിയുന്നില്ല. അതിന്റെ കാരണം, ഇങ്ങനെയുള്ള ഏതിന്റെയെങ്കിലും കൂടെ നില്‍ക്കാതെ തന്നെ കേരളത്തിലെ മുസ്ലിം ബഹുജനങ്ങള്‍ സുരക്ഷിതരാണ് എന്നതാണ്. കേരളത്തിലെ ഇടതുപക്ഷ മതേതര ശക്തികളുടെ കരുത്താണ് കേരളത്തിലെ മുസ്ലിം ബഹുജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ കാരണം. ഇത് അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. മുസ്ലിം ലീഗിനകത്തും ഈ മാറ്റം വരുന്നുണ്ട്. മുസ്ലിം ലീഗ് നേരത്തേയുള്ള അവസ്ഥയിലല്ല ഇപ്പോഴുള്ളത്. അതിനകത്തും പലതരത്തിലുള്ള അന്തച്ഛിദ്രങ്ങളുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ലീഗിനകത്തും വളര്‍ന്നുവരുന്നുണ്ട്. മുന്‍പ് തങ്ങള്‍ ഒരു തീരുമാനമെടുത്താല്‍ എല്ലാവരും അംഗീകരിക്കും. ഇന്ന്, കൂടിയാലോചന നടത്തി മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന നിലയിലേക്ക് ലീഗ് എത്തി. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു മാറ്റം മുസ്ലിം സമുദായത്തിനകത്തുതന്നെ വന്നുകൊണ്ടിരിക്കുന്നു. എ.പി. സുന്നി ആയാലും ഇ.കെ. സുന്നി ആയാലും പഴയതുപോലെ മാര്‍ക്‌സിസ്റ്റുവിരുദ്ധ സമീപനത്തിന് ഇന്നു പ്രസക്തിയില്ല. വര്‍ഗ്ഗീയശക്തികള്‍, പ്രത്യേകിച്ചും ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാരുമായി യോജിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ കമ്യൂണിസ്റ്റുകാരുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.''
മുസ്ലിങ്ങളില്‍ മാത്രമല്ല, ക്രിസ്ത്യാനികളിലേയും ദളിത് വിഭാഗങ്ങളിലേയും മതനിരപേക്ഷ ചിന്താഗതിയുള്ള സംഘടനകളും ഇടതുപക്ഷവുമായി സഹകരിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു: ഏതു മതത്തിലേയും സമുദായത്തിലേയും പാവപ്പെട്ടവരുടെ കൂടെയാണ് ഞങ്ങള്‍ എന്ന് കോടിയേരി മറകൂടാതെ പറഞ്ഞു. അതിനോടു സമുദായ നേതാക്കളുടെ മുഖഭാവവും മനോഭാവവും എന്താണെന്നത് അദ്ദേഹം പരിഗണിച്ചില്ല.

രാഷ്ട്രീയമാണ് മുഖ്യം
ഘടകകക്ഷികളുമായി ഏറ്റവും നല്ല ബന്ധത്തില്‍ പോകാന്‍ എപ്പോഴും ശ്രമിച്ചിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ കാലത്ത് അത് പ്രകടവുമായിരുന്നു. എങ്കിലും ഇടയ്ക്ക് ഒരു കൊട്ടു കൊടുക്കാനൊക്കെ അദ്ദേഹം മടിച്ചിട്ടുമില്ല; പക്ഷേ, വിഷയാധിഷ്ഠിതമായി മാത്രം. കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിനെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തുമെന്ന പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. കെ.എം. മാണി ജീവിച്ചിരിപ്പുണ്ട് അന്ന്. സി.പി.ഐ ഇടയ്ക്കിടെ ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു. അവരുടെ എതിര്‍പ്പാണ് പറയുന്നത്. ഇക്കാര്യത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ കോടിയേരി പറഞ്ഞതിങ്ങനെയാണ്: സി.പി.ഐ എന്തുകൊണ്ടാണ് ദിവസവും ഇതു ചര്‍ച്ചാവിഷയമാക്കുന്നത് എന്ന് അവരാണ് പറയേണ്ടത്. ഞങ്ങളിതുവരെ അങ്ങനെയൊരു തീരുമാനമെടുത്തതായി സി.പി.ഐയെ അറിയിച്ചിട്ടില്ല. കെ.എം. മാണി ഇങ്ങനെയൊരു തീരുമാനമെടുത്തതായി ഞങ്ങളേയും അറിയിച്ചിട്ടില്ല.''
വി.എസ്., പിണറായി, കോടിയേരി
പിണറായി വിജയനും അദ്ദേഹവും തമ്മിലുള്ള അടുപ്പവും സഹോദരതുല്യമായ ഹൃദയബന്ധവും ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേള്‍ക്കുന്ന ഒരു കാര്യമാണ്. പിണറായിയുടെ പിന്‍ഗാമി ആയാണ് കോടിയേരിയെത്തേടി പദവികള്‍ എത്തിയത് എന്നത് ഏറെത്തവണ ആവര്‍ത്തിച്ചു കേള്‍ക്കുന്നു. എന്നാല്‍, യാദൃച്ഛികമായി മാത്രം സംഭവിച്ചതാണ് സംഘടനാപരമായ ഇക്കാര്യങ്ങള്‍ എന്നതാണ് വസ്തുത. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായത് പിണറായിക്കു പിന്നാലെ; പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതും സംസ്ഥാന സെക്രട്ടറിയായതും പിണറായിയുടെ തുടര്‍ച്ച. ഇതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എസ്.എഫ്.ഐയില്‍ കോടിയേരിക്കു ശേഷം എ.കെ. ബാലന്‍ സെക്രട്ടറിയായി, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കോടിയേരിക്കു പിന്നാലെ ഇ.പി. ജയരാജന്‍ വന്നു; എം.വി. ഗോവിന്ദന്‍ കോടിയേരിയുടെ ഒഴിവില്‍ സംസ്ഥാന സെക്രട്ടറിയായി. ഇടയ്ക്ക് എ. വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു. ഇതൊക്കെ സംഭവിക്കുന്ന സാധാരണ കാര്യങ്ങളാണ്. പക്ഷേ, അങ്ങനെയല്ലാത്ത, അസാധാരണ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പൊളിറ്റ്ബ്യൂറോ അംഗമായത് പിണറായിയുടെ 'നോമിനി' ആയിട്ടായിരുന്നില്ല എന്നതാണ് അതിലൊരു കാര്യം.
സി.പി.എമ്മിലെ വിഭാഗീയതയുടെ കാലത്ത് അതിന്റെ തീക്ഷ്ണത മുഴുവന്‍ ഏറ്റുവാങ്ങി അക്ഷോഭ്യനായി നിന്ന നേതാവായിരുന്നു കോടിയേരി. അന്ന് അദ്ദേഹം സംസ്ഥാന സെക്രട്ടറി ആയിട്ടില്ല. മുതിര്‍ന്ന നേതാവ് വി.എസ്സും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൊമ്പുകോര്‍ത്ത സന്ദര്‍ഭങ്ങളില്‍ അനുനയത്തിന്റെ സ്വരമായിരുന്നു കോടിയേരി. പ്രത്യക്ഷത്തില്‍ ഔദ്യോഗിക പക്ഷമായിരിക്കുമ്പോഴും അദ്ദേഹം 'പിണറായി പക്ഷ'മോ 'വി.എസ്. വിരുദ്ധപക്ഷ'മോ ആയില്ല. തീരുമാനിച്ചുറച്ച സൂക്ഷ്മത തന്നെയായിരുന്നു അതില്‍ അദ്ദേഹം പാലിച്ചത്. 2006-2011 കാലയളവിലെ വി.എസ്. സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിക്ക് തുടക്കത്തില്‍ വിജിലന്‍സ് കൂടി കൊടുക്കാന്‍ മുഖ്യമന്ത്രി മടിച്ചതും പാര്‍ട്ടി കര്‍ക്കശ നിലപാടെടുത്ത് കൊടുപ്പിച്ചതും ചരിത്രം. അന്നും അതിനുശേഷം അഞ്ചു വര്‍ഷക്കാലവും വി.എസ്സിനോടു കോടിയേരി മുഖം മുഷിഞ്ഞതായി വി.എസ്സിന്റെ അക്കാലത്തെ വിശ്വസ്തരാരും ഇതുവരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലെ നിരന്തര പോരിനിടയില്‍നിന്ന് ഉരുകിയത് പാര്‍ട്ടിക്കുവേണ്ടി താന്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വമായാണ് കോടിയേരി കണ്ടത്.

ആലപ്പുഴ സമ്മേളനത്തില്‍നിന്ന് വി.എസ്. മുറിവേറ്റവനായി ഇറങ്ങിപ്പോയ സന്ദര്‍ഭം ഓര്‍ക്കേണ്ടതു തന്നെയാണ്. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി സമ്മേളനം കഴിഞ്ഞു നേരേ മറ്റു സെക്രട്ടറിമാരുടെ പതിവനുസരിച്ച് കണ്ണൂരിലേക്കല്ല പോയത്, തിരുവനന്തപുരത്തേക്കാണ്. മാധ്യമങ്ങളെയൊന്നും അറിയിക്കാതെ അദ്ദേഹം വി.എസ്സിനെ വീട്ടില്‍ പോയി കണ്ടു സംസാരിച്ച് അനുനയിപ്പിച്ചു. കോടിയേരി വി.എസ്സിനെ കണ്ടെന്നും ഒന്നിച്ചു ഭക്ഷണം കഴിച്ചെന്നും മാധ്യമങ്ങള്‍ അറിഞ്ഞത് കോടിയേരി തിരിച്ച് എ.കെ.ജി സെന്ററില്‍ എത്തിയശേഷമാണ്.
കോടിയേരിപക്ഷം
2018 ഒക്ടോബര്‍ നാലിന് കോടിയേരിയുടേതായി വന്ന ഒരു പ്രസ്താവനയുണ്ട്. സുപ്രീംകോടതിയുടെ ശബരിമല വിധിവന്ന് ദിവസങ്ങള്‍ക്കുള്ളില്‍. ''സ്ത്രീവിവേചനം എല്ലാ മേഖലയില്‍നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചത്. സ്ത്രീകളെ വിവേചനത്തോടെ കാണുന്നതും വിവിധ മേഖലകളില്‍നിന്നു മാറ്റിനിര്‍ത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീംകോടതിയുടേത്.'' ശബരിമലവിധി പിന്നീട് കേരളത്തെ ഇളക്കിമറിക്കുകയും വിധി നടപ്പാക്കാനൊരുങ്ങിയ സര്‍ക്കാരിനെതിരെ സംഘപരിവാര്‍ അതിരൂക്ഷ പ്രതിഷേധം നടത്തുകയും ചെയ്തു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം ശബരിമല വിഷയം വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഭവന സന്ദര്‍ശനങ്ങളിലും വിധിയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ചുമാണ് സംസാരിച്ചത്.
ഈ ലേഖനം കൂടി വായിക്കൂ
എതിര്‍ക്കേണ്ടത് എതിര്‍ത്തും പറയേണ്ടത് പറഞ്ഞും...
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ