എതിര്‍ക്കേണ്ടത് എതിര്‍ത്തും പറയേണ്ടത് പറഞ്ഞും...

പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും കൃത്യമായി നടപ്പാക്കിയ പ്രായോഗിക രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍
എതിര്‍ക്കേണ്ടത് എതിര്‍ത്തും പറയേണ്ടത് പറഞ്ഞും...

പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും കൃത്യമായി നടപ്പാക്കിയ പ്രായോഗിക രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കുറവില്ലാത്ത കണ്ണൂരില്‍ അണികളെ ആത്മവിശ്വാസത്തോടെ കൂടെ നിര്‍ത്തി, പാര്‍ട്ടിയെ കരുത്തോടെ നയിച്ച നേതാവ്. തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ആ തീരുമാനങ്ങള്‍ എതിരാളികളെപ്പോലും ബോധ്യപ്പെടുത്താനും കോടിയേരിക്കു കഴിഞ്ഞു. എതിര്‍ക്കേണ്ടത് എതിര്‍ത്തും പറയേണ്ടത് പറഞ്ഞും തന്നെയായിരുന്നു അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതെങ്കിലും എതിര്‍ പാര്‍ട്ടിക്കാരില്‍പോലും അപ്രിയമോ അതൃപ്തിയോ ഉണ്ടാക്കാതെ നോക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സംഘര്‍ഷഭൂമിയായിരുന്ന തലശ്ശേരിയില്‍നിന്നും അക്രമങ്ങളേയും സംഘര്‍ഷങ്ങളേയും നേരിട്ടുതന്നെയാണ് കോടിയേരിയും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുന്നത്. ചെറിയ പ്രായത്തില്‍ത്തന്നെ എതിര്‍ പാര്‍ട്ടിക്കാരുടെ അക്രമത്തിനിരയാകേണ്ടി വന്നയാള്‍. പിന്നീടിങ്ങോട്ട് പാര്‍ട്ടിയിലെ പല പദവികള്‍ വഹിച്ചപ്പോഴും കണ്ണൂരില്‍ കോണ്‍ഗ്രസ്സിനോടും ബി.ജെ.പി-ആര്‍.എസ്.എസ്സിനോടും ഒരുപോലെ പൊരുതിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ണൂരിലെ പല നേതാക്കളും ആരോപണവിധേയരായിട്ടുണ്ടെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തുപോലും കോടിയേരിക്ക് അത്തരം ആരോപണളൊന്നും നേരിടേണ്ടിവന്നിരുന്നില്ല, പാര്‍ട്ടിക്കുള്ളിലും പുറത്തും. അദ്ദേഹത്തിലെ പ്രാക്ടിക്കല്‍ പൊളിറ്റീഷ്യന്റെ വിജയം കൂടിയായിരുന്നു ഇത്.

1990-ല്‍ ടി. ഗോവിന്ദനെ സംഘടനാ നടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്തിയതിനെ തുടര്‍ന്നാണ് അന്ന് തലശ്ശേരി എം.എല്‍.എ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 1995 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. കണ്ണൂരില്‍ കെ. സുധാകരന്റെ വരവും ഇക്കാലത്തായിരുന്നു. ഡി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍. രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് കെ. സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. എം.വി. രാഘവനും കെ. സുധാകരനും പാര്‍ട്ടിതലത്തില്‍ സി.പി.എമ്മിനു നേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. അക്കാലം ആര്‍.എസ്.എസ്സിനേയും യു.ഡി.എഫിനേയും പ്രതിരോധിച്ചുകൊണ്ട് സി.പി.എം മുന്നോട്ടുപോയ സമയമായിരുന്നു. ദൃഢവും ധീരവുമായിരുന്നു കോടിയേരിയുടെ ഇടപെടലുകള്‍. കണ്ണൂരിന്റെ രാഷ്ട്രീയ സാഹചര്യത്തിനു പുറമെ സ്വാശ്രയ സമരങ്ങള്‍ കത്തിനിന്ന കാലം കൂടിയായിരുന്നു. കൂത്തുപറമ്പില്‍ സഹകരണ ബാങ്ക് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണമന്ത്രി എം.വി. രാഘവനെ തടയാന്‍ തീരുമാനിക്കുകയും അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ വെടിയേറ്റു മരിച്ചതും ഇക്കാലത്തായിരുന്നു.

കെ സുധാകരൻ
കെ സുധാകരൻ

ബി.ജെ.പി നേതാവായിരുന്ന സദാനന്ദന്‍ മാസ്റ്ററുടെ കാല് വെട്ടിയ സംഭവവും അതിനെ തുടര്‍ന്ന് കെ.വി. സുധീഷിനെ ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തിയതും കണ്ണൂരിനെ സംഘര്‍ഷാത്മകമാക്കിയ സംഭവമായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും സംയമനത്തോടെ ഇടപെടാനും അണികളെ സംരക്ഷിക്കാനും കോടിയേരിക്കു കഴിഞ്ഞു. ടാഡ നിയമപ്രകാരം പി. ജയരാജനടക്കം പല നേതാക്കളും അറസ്റ്റിലാവുന്നതും ഇതിനെ തുടര്‍ന്നായിരുന്നു. പ്രവര്‍ത്തകര്‍ക്ക് പരമാവധി ആത്മവിശ്വാസം പകരാന്‍ അക്കാലത്ത് കോടിയേരിയുടെ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു. 

നാല്‍പ്പാടി വാസു കൊല്ലപ്പെടുന്നതും കോടിയേരി ജില്ലാ സെക്രട്ടറിയായ കാലത്തായിരുന്നു. അന്ന് സ്ഥലത്തെത്തിയ കോടിയേരിയും മറ്റു നേതാക്കളും കണ്ടത് ക്ഷുഭിതരായി നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയായിരുന്നു. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയ കോടിയേരി വൈകാരികമായ പ്രതികരണങ്ങള്‍ പാടില്ലെന്നും പാര്‍ട്ടി ഇതിനു പരിഹാരം കാണുമെന്നും പ്രവര്‍ത്തകരോട് പറഞ്ഞു. കോടിയേരിയുടെ നയപരമായ ഇടപെടലായിരുന്നു അന്ന് ആ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കിയത്. 

അസാമാന്യമായ മനക്കരുത്ത്

1990 മുതല്‍ 1995 വരെ 23 രാഷ്ട്രീയ കൊലപാതകങ്ങളും ഒട്ടേറെ സംഘര്‍ഷങ്ങളും ബോംബേറുകളും അക്രമാസക്തമായ സമരങ്ങളും കണ്ണൂരില്‍ നടന്നിരുന്നു. അത്തരം സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിലായിരുന്നു കോടിയേരി പാര്‍ട്ടിയെ നയിച്ചത്. 1969-ല്‍ സ്‌കൂള്‍ പരീക്ഷ കഴിഞ്ഞു പോകുകയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍വെച്ച് ആക്രമിച്ചിരുന്നു. ഏറെ നാളത്തെ ആശുപത്രിവാസത്തിനു ശേഷമാണ് 16-കാരനായ കോടിയേരി ആരോഗ്യം വീണ്ടെടുത്തത്. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം എന്നു പറയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെടുന്നതും.
 
ഏതു സംഘര്‍ഷത്തിനു നടുവിലും അസാമാന്യമായ മനക്കരുത്ത് കാട്ടാനും എതിര്‍പ്പാര്‍ട്ടിക്കാരോട് സൗഹൃദത്തോടെ സംസാരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതാണ് കോടിയേരിയിലെ രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. കണ്ണൂരിലെ സംഘര്‍ഷത്തിന്റെ നാളുകളില്‍ സമാധാന ശ്രമങ്ങള്‍ക്ക് അദ്ദേഹം മുന്‍കൈ എടുത്തിരുന്നു എന്ന് ബി.ജെ.പി നേതാവ് സി.കെ. പത്മനാഭന്‍ ഓര്‍ക്കുന്നു.

കണ്ണൂരിൽ നടന്ന പാർട്ടി കോൺ​ഗ്രസ് വേദിയിൽ കോടിയേരി
കണ്ണൂരിൽ നടന്ന പാർട്ടി കോൺ​ഗ്രസ് വേദിയിൽ കോടിയേരി

''കണ്ണൂര്‍ ജില്ലയില്‍ വലിയ തരത്തിലുള്ള ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളൊക്കെ നടന്ന് വലിയ കൊടുങ്കാറ്റ് അടിച്ചിരുന്ന കാലഘട്ടത്തില്‍ അതു സമാധാനപ്പെടുത്താന്‍ വേണ്ടി ഒരുപാട് പരിശ്രമങ്ങള്‍ നടത്തിയതില്‍ കോടിയേരി വളരെയധികം സഹായം ചെയ്തിട്ടുണ്ട്. രാഷ്ട്രീയമായ നിലപാടുകള്‍ക്കു കാര്‍ക്കശ്യമുണ്ടെങ്കിലും അതിനപ്പുറം സൗമ്യമായ ഒരു നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഒരു കൊലപാതകം നടന്നാല്‍ അതിനു മറുപടിയായി മറ്റൊരു കൊലപാതകം ഉണ്ടാവുന്ന സാഹചര്യമുണ്ടായിരുന്നു.

പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടോ തീരുമാനിച്ചിട്ടോ അല്ല പല സംഭവങ്ങളും ഉണ്ടാവുന്നത്. പ്രാദേശികമായ ചില പ്രവര്‍ത്തകന്മാരുടെ എടുത്തുചാട്ടം മൂലവും അവരുടെ പ്രാദേശികമായ ചില വികാരങ്ങളുടെ പേരിലുമാണ് പലപ്പോഴും പല പ്രശ്‌നങ്ങളും ഉണ്ടാവാറ്. അക്കാലത്ത് നടന്ന ഒരു സംഭവം, സദാനന്ദന്‍ മാസ്റ്ററുടെ കാല് വെട്ടി അതിന്റെ പ്രതികരണം എന്ന നിലയില്‍ സുധീഷ് എന്ന എസ്.എഫ്.ഐ നേതാവും കൊല ചെയ്യപ്പെട്ടു. ഞാനന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം ജില്ലാ സെക്രട്ടറിയും. വളരെയധികം പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷമായിരുന്നു അന്ന്. എന്താണ് സംഭവിക്കുക എന്നറിയില്ല. അന്ന് വൈകുന്നേരം തന്നെ കണ്ണൂരില്‍ സമാധാന സമ്മേളനം വിളിച്ചു. 

ഞങ്ങള്‍ സദാനന്ദന്‍ മാഷിന്റെ വീട്ടില്‍ പോയി വീട്ടുകാരെയൊക്കെ ആശ്വസിപ്പിച്ചാണ് യോഗത്തിനെത്തുന്നത്. കോടിയേരിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും സുധീഷ് മരിച്ചതിലുള്ള വേദനയും വികാരങ്ങളുമായി ഒരു ഭാഗത്തുണ്ട്. കണ്ണൂര്‍ കളക്ട്രേറ്റില്‍ ഞങ്ങള്‍ കയറിപ്പോകുന്ന സമയത്ത് കോടിയേരിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അവിടെയുണ്ട്. സദാനന്ദന്‍ മാസ്റ്ററുടെ സംഭവം ഉണ്ടായതുകൊണ്ടുള്ള വിഷമവും സംഘര്‍ഷവും കാരണം ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ നിന്നില്ല. മുഖം കൊടുക്കാതെ പോകാനാണ് ശ്രമിച്ചത്. എന്റെ കൂടെ മറ്റു നേതാക്കളും പ്രവര്‍ത്തകരും ഉണ്ട്. ആ സമയത്ത് കോടിയേരി സി.കെ.പി എന്നു വിളിച്ചു. ആ ഒരു വിളിയില്‍ത്തന്നെ ആ കാലുഷ്യം അങ്ങോട്ട് കുറഞ്ഞു. പേരെടുത്ത് വിളിച്ചപ്പോള്‍ അന്തരീക്ഷം മാറി. അങ്ങനെയൊരു മനോഭാവമാണ് കോടിയേരിക്കുണ്ടായിരുന്നത്. മുഷ്‌കും ദേഷ്യവും ഒന്നും മനസ്സില്‍ വെച്ചുനില്‍ക്കുന്ന ആളല്ല അദ്ദേഹം. പ്രാദേശിക തലത്തിലുണ്ടായ അനിഷ്ട സംഭവമായിരുന്നു രണ്ടും. അത് അവസാനിപ്പിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. 

പി ജയരാജൻ
പി ജയരാജൻ

അങ്ങനെയൊരു വിളി അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് വിളിച്ചപ്പോള്‍ത്തന്നെ പൊതുവെ ഉണ്ടായിരുന്ന സംഘര്‍ഷാത്മകതയ്ക്ക് കുറവു വന്നതായി എനിക്കു തോന്നി. സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ ശുഷ്‌കാന്തിയോടെ നടപ്പാക്കാനും അദ്ദേഹം താല്പര്യമെടുത്തിരുന്നു'' -സി.കെ. പത്മനാഭന്‍ ഓര്‍ക്കുന്നു.

കെ.വി. സുധീഷിന്റെ കൊലപാതക ദിവസത്തെ വൈകാരികമായ ഓര്‍മ്മയാണ് പി. ജയരാജനും പങ്കുവെച്ചത്. ''ജില്ലാ കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു സഖാവ് സുധീഷ്. ജനുവരി 26 റിപ്പബ്ലിക് ദിനം പുലര്‍ച്ചെയാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ വീട്ടിനകത്ത് അച്ഛന്റേയും അമ്മയുടേയും കണ്‍മുന്നില്‍ വെച്ച് ആര്‍.എസ്.എസ്സുകാര്‍ അദ്ദേഹത്തെ വെട്ടിക്കൊന്നത്. തലേ ദിവസം ഞാന്‍ സുധീഷുമായി കണ്ട് സംസാരിച്ചിരുന്നു. എസ്.എഫ്.ഐ സമ്മേളനവുമായി ബന്ധപ്പെട്ട് കോഴിക്കോട് പോകും എന്നാണ് പറഞ്ഞത്. പക്ഷേ, അദ്ദേഹത്തിനു പോകാന്‍ കഴിഞ്ഞില്ല. അദ്ദേഹം കോഴിക്കോടാണ് എന്ന ധാരണയിലായിരുന്നു ഞാന്‍. 

വിശ്വസിച്ചാല്‍ ചതിക്കില്ല 

26-നു പുലര്‍ച്ചെ ഒരു നാലര മണിയായിട്ടുണ്ടാകും. സഖാവ് കോടിയേരി കിഴക്കെ കതിരൂരിലെ വീട്ടില്‍ വന്നു. അന്ന് ബാറ്ററി ഉപയോഗിച്ചുള്ള ടോര്‍ച്ചായിരുന്നു. വലിയ ഒരു ടോര്‍ച്ചുമായിട്ടാണ് അദ്ദേഹം വീട്ടിലെത്തി എന്നെ വിളിച്ചത്. ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. അങ്ങനെയാണ് സുധീഷിന്റെ ഞെട്ടിപ്പിക്കുന്ന ആ വധവാര്‍ത്ത അറിഞ്ഞത്. അത് വല്ലാത്ത വൈകാരികമായ ഒരു സന്ദര്‍ഭമായിരുന്നു. കോടിയേരി അന്ന് ജില്ലാ സെക്രട്ടറിയാണ്. ഞാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. അന്ന് ഫോണൊന്നും ഇല്ല. സംഘര്‍ഷത്തിന്റെ ഒരു കാലവും കൂടിയായിരുന്നു. കോടിയേരിയും ആര്‍.എസ്.എസ്സിന്റെ ഒരു ലക്ഷ്യമായിരുന്നു. അദ്ദേഹത്തേയും അക്രമികള്‍ പരതി പോയിരുന്നു എന്നാണ് പിന്നീട് മനസ്സിലായത്. ആ സംഭവം മനസ്സിലിപ്പോഴും ഉണ്ട്. 

അതേത്തുടര്‍ന്ന് ആര്‍.എസ്.എസ്സുമായി സംഘര്‍ഷം രൂക്ഷമായി. ആ സന്ദര്‍ഭത്തിലാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സംഘര്‍ഷ കേസുകളില്‍ ടാഡ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വിദേശശക്തികളുടെ സഹായത്തോടുകൂടി രാജ്യത്തിനകത്ത് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരെ നേരിടാനാണ് ടാഡ കൊണ്ടുവന്നത്. അത് നാട്ടിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രയോഗിക്കാന്‍ വേണ്ടിയാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ അനുഭവം ഇല്ലാത്ത കാര്യമാണ്. ടാഡ അനുസരിച്ചുളള കേസുകളില്‍ പ്രതിയായി കഴിഞ്ഞാല്‍ പ്രതിക്കു ചായ വാങ്ങി കൊടുക്കുന്നയാളടക്കം കുറ്റവാളിയാണ്. അത്രയും മാരകമായ നിയമമാണ്. ജാമ്യം കിട്ടൂല. അങ്ങനെയുള്ള കേസുകളിലാണ് ഞാനുള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയത്. അന്നു പത്രങ്ങളിലൊക്കെ ടാഡ കേസിന്റെ ഭയാനകമായ വകുപ്പുകളെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അങ്ങനെ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഭീതിയില്ലാതെ മുന്നോട്ട് നയിക്കുന്നതിനുള്ള കോടിയേരിയുടെ നേതൃപാടവം ആ ഘട്ടത്തില്‍ ബോധ്യമായതാണ്. കെ. സുധാകരന്‍ ഡി.സി.സി പ്രസിഡന്റ് ആയ ശേഷം കണ്ണൂര്‍ പട്ടണം കേന്ദ്രീകരിച്ച് വലിയ അക്രമങ്ങള്‍ സി.പി.എമ്മിനെതിരെ നടന്നിരുന്നു. സേവറി നാണുവിന്റെ കൊലപാതകം, സഹകരണ പ്രസ്സിനു നേരെയുണ്ടായ ബോംബ് അക്രമം അങ്ങനെ ഒട്ടേറെ അക്രമങ്ങള്‍. അത്തരം അന്തരീക്ഷത്തിലും കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചത് കോടിയേരിയാണ്. നിശ്ചയദാര്‍ഢ്യത്തോടേയും പക്വതയോടേയും കൂടി പാര്‍ട്ടിയെ നയിച്ച നേതാവാണ് അദ്ദേഹം'' -പി. ജയരാജന്‍ പറയുന്നു.

ഏതു കാര്യത്തിനും ഒരു തീരുമാനമെടുത്താല്‍ അതു നടപ്പിലാക്കാനുള്ള പ്രാപ്തിയും ഏത് എതിരാളിയേയും തന്റെ അഭിപ്രായത്തില്‍ കേന്ദ്രീകരിപ്പിക്കാനുള്ള കഴിവും കോടിയേരിക്കുണ്ടെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഓര്‍ക്കുന്നു.

പന്ന്യൻ രവീന്ദ്രൻ
പന്ന്യൻ രവീന്ദ്രൻ

''അതാണ് സൗമ്യമായ മുഖം എന്നു പറയുന്നത്. രോഷാകുലനായി സംസാരിക്കുമ്പോഴും ആ മുഖത്തെ ഭാവത്തില്‍ വലിയ വ്യത്യാസം കാണില്ല. എല്‍.ഡി.എഫ് മീറ്റിങ്ങില്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി അദ്ദേഹം വരും, സി.പി.ഐ പ്രതിനിധിയായി ഞാനും കാനവും ഉണ്ടാവും. മുഖ്യമന്ത്രിയും ഉണ്ടാകും. എന്നാല്‍, എല്‍.ഡി.എഫ് തീരുമാനം എടുക്കുന്നതില്‍ പ്രധാന ഘടകം കോടിയേരിയാണ്. അവസാന വാക്ക് അദ്ദേഹത്തിന്റേതാണ്. കോടിയേരിയുടെ ഒരു പ്രത്യേകത സാഹചര്യമനുസരിച്ച് ആവശ്യമായ ഭേദഗതി വരുത്തി കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള കഴിവുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ ധാരണയായ കാര്യം ഇവിടെ വന്നാല്‍ സാഹചര്യമനുസരിച്ച് മാറ്റാനും നടപ്പിലാക്കാനുമുള്ള കഴിവുണ്ട്. 

ആര്‍.എസ്.പി മുന്നണി വിട്ട സമയത്തെ സംഭവം ഞാന്‍ ഓര്‍ക്കുന്നു. അത് പ്രധാനപ്പെട്ട ഒരു സന്ദര്‍ഭമായിരുന്നു. ഞാനന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. ഞാന്‍ കമ്മിറ്റിയില്‍ ഇത് ശരിയായില്ല എന്നു ശക്തമായി പറഞ്ഞു. അതിനു ശേഷം ഇദ്ദേഹം എന്നോട് പറഞ്ഞു, പന്ന്യന്‍ ഇക്കാര്യത്തില്‍ ഇടപെടണം. നിങ്ങള്‍ ആര്‍.എസ്.പിക്കാരുമായി സംസാരിക്കൂ. അവര്‍ക്ക് സീറ്റ് കൊടുക്കാം. സീറ്റിന്റെ വിഷയമായിരുന്നല്ലോ. നിങ്ങള്‍ പോയി സംസാരിച്ച് തീരുമാനമെടുത്തോളൂ. അതു നമുക്കു നടപ്പിലാക്കാം എന്നു പറഞ്ഞു. ഞാന്‍ ആര്‍.എസ്.പിക്കാരെ പോയി കണ്ടു. അപ്പോഴേക്കും അവര്‍ ധാരണയായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംഭവം നടന്നില്ല. ആ പ്രതിസന്ധി തരണം ചെയ്യാന്‍ സീറ്റ് കൊടുക്കുകയാണ് വഴി എന്നു വന്നപ്പോള്‍ അദ്ദേഹം എന്നോട് പോയി സംസാരിക്കാന്‍ പറയുകയായിരുന്നു. മുന്നണിയില്‍ ആലോചിക്കാതെ ഒരു പാര്‍ട്ടിയെ വിട്ടു എന്ന എന്റെ മനസ്സിലെ വിരോധം അവിടെ പരിഹരിക്കപ്പെട്ടു. അതു പരിഹരിക്കാനുള്ള ഒരു വഴി അദ്ദേഹം തന്നെ കണ്ടെത്തി. സംഭവം നടന്നില്ലെങ്കിലും അദ്ദേഹം അക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തു എന്ന് എനിക്കു തോന്നി. അതുതന്നെയാണ് കാര്യം. ഏതു വിഷയവും അങ്ങനെയാണ്.

തീരുമാനം എടുത്താല്‍ നടപ്പിലാക്കാനുള്ള ശേഷിയാണ് ഒരു പൊളിറ്റിക്കല്‍ ലീഡറുടെ പ്രധാന ഗുണം. ആ ശേഷി അദ്ദേഹത്തിനുണ്ട്. നടപ്പിലാക്കുക എന്നു പറഞ്ഞാല്‍ അണികളെ ബോധ്യപ്പെടുത്തണം. ഏത് അണിയേയും ഇദ്ദേഹത്തിനു ബോധ്യപ്പെടുത്താന്‍ കഴിയും. രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ കിട്ടുമ്പോള്‍ ഒരുപാട് ഉയരത്തില്‍ നില്‍ക്കുകയാണ് എന്ന ധാരണയുണ്ടല്ലോ പൊതുപ്രവര്‍ത്തകര്‍ക്ക്. ആ ധാരണ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. വിശ്വസിച്ചാല്‍ ചതിക്കില്ല എന്ന വാക്ക് കൃത്യമായി നടപ്പാക്കുന്ന ഒരാളാണ്. ഒരു കാര്യം കോടിയേരി ചെയ്യും എന്നു പറഞ്ഞാല്‍ ആ വാക്ക് മാറില്ല. എന്തെങ്കിലും കാരണവശാല്‍ മാറേണ്ടി വന്നാല്‍ അതു നമ്മളെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനറിയാം'' -പന്ന്യന്‍ രവീന്ദ്രന്‍ ഓര്‍ക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com