സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പൊരുത്തത്തില്‍ ബോദ്ധ്യമുള്ള രാഷ്ട്രീയക്കാരന്‍

പ്രായോഗികത എന്ന വാക്കിന് ആദര്‍ശത്തെ കയ്യൊഴിയുക എന്നൊരര്‍ത്ഥം വരുന്ന കാലത്ത് ഇങ്ങനെയൊരു പൊരുത്തത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും സംശയമുണ്ടാക്കിയെന്നുവരാം
സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പൊരുത്തത്തില്‍ ബോദ്ധ്യമുള്ള രാഷ്ട്രീയക്കാരന്‍

ജീവിതം ഒരു പോരാട്ടമാണെന്നും ജീവിതസമരത്തിനു പല രൂപമുണ്ടെന്നും ഉള്ള ഒരു തിരിച്ചറിവ് കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരു മാര്‍ക്‌സിസ്റ്റ് ആവര്‍ത്തിക്കുമ്പോള്‍ അതില്‍ അതിശയിക്കാന്‍ മാത്രം ഒന്നുമില്ല. മനുഷ്യചരിത്രത്തിന്റെ എന്‍ജിന്‍ തന്നെ സമരമാണെന്നാണ് സാമ്യവാദചിന്തകര്‍ അടിവരയിട്ടു പറഞ്ഞിട്ടുള്ളത്. 

എന്നാല്‍, ആ മാര്‍ക്‌സിസ്റ്റ് ജ്ഞാനത്തിലുറച്ച്, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് ഏതൊരു പ്രശ്‌നത്തേയും തരണം ചെയ്യാനുള്ള വഴിയെന്ന വിശ്വാസം കൂടി ഇതിനൊപ്പം ഉദ്‌ഘോഷിക്കുമ്പോഴാണ് അങ്ങനെയൊരാള്‍ യഥാര്‍ത്ഥ വിപ്ലവകാരിയാകുന്നത്. സ്വപ്നം കാണുന്ന ലോകം ഏതെങ്കിലുമൊരുകാലത്ത് സാധ്യമാകുന്ന ശുഭചിന്തയുടെ തായ്‌വേരും ഇങ്ങനെയൊരു ആത്മവിശ്വാസമാണ്. അതുകൊണ്ടാണ് ചൈനീസ് നാടോടിക്കഥയിലെ മലകളെ നീക്കം ചെയ്യാന്‍ മോഹിച്ച വിഡ്ഢിയായ കിഴവന്‍ മൗ സേദൂങിന്റെ പുനരാഖ്യാനത്തില്‍ ഒരു ജ്ഞാനിയായി മാറുന്നത്. ഏണസ്റ്റ് ഹെമിംഗ്വേ എന്ന സാഹിത്യകാരനും കമ്യൂണിസ്റ്റുകാര്‍ക്കും പൊതുവായി എന്തെങ്കിലുമുണ്ടെന്നു വരുന്നതിനും ഇതുതന്നെയാണ് നിമിത്തമാകുന്നത്.

കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് എപ്പോഴെങ്കിലും ഹെമിംഗ്വേ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടു അനുഭാവപൂര്‍ണ്ണമായ സമീപനമുണ്ടായിരുന്നോ എന്നതിനു തീര്‍ച്ചയില്ല. ക്യൂബയിലോ ബാറ്റിസ്റ്റയ്‌ക്കെതിരായ പോരാട്ടത്തിലോ സിയറ മേസ്ട്രയിലെ ഗറില്ലകളിലോ ഹെമിംഗ്വേയ്ക്കും താല്പര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും ഹെമിംഗ്‌വേക്കും കാസ്‌ട്രോയിസത്തിനുമിടയ്ക്ക് ദൃഢമായ ബന്ധംപോലെ എന്തോ ഒന്നുണ്ടെന്ന് തോന്നാറുണ്ട്. ഒരു സാന്റിയാഗോ എന്ന വൃദ്ധകഥാപാത്രത്തിന്റെ നിശ്ചയദാര്‍ഢ്യമോ ആത്മവിശ്വാസമോ ഒക്കെ ഇതിനു നിമിത്തങ്ങളിലൊന്നാകാം. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് സാന്റിയാഗോവിന്റെ ഈ മനോഭാവം. ഏതൊരറിവിന്റേയും പ്രയോഗസാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുന്നത് ഈ ആത്മവിശ്വാസമാണ്. ഇതേ ആത്മവിശ്വാസമാണ് രാഷ്ട്രീയ പോരാട്ടത്തിന്റെ വേദികളിലും രോഗത്തിന്റെ ഉച്ചസ്ഥായിയിലും കോടിയേരി എന്ന കമ്യൂണിസ്റ്റ് നേതാവ് പ്രകടമാക്കിയത്. 

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പൊരുത്തത്തില്‍ ബോദ്ധ്യമുള്ള രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി. പ്രായോഗികത എന്ന വാക്കിന് ആദര്‍ശത്തെ കയ്യൊഴിയുക എന്നൊരര്‍ത്ഥം വരുന്ന കാലത്ത് ഇങ്ങനെയൊരു പൊരുത്തത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും സംശയമുണ്ടാക്കിയെന്നുവരാം. എന്നാല്‍, രോഗം ഗ്രസിച്ചു ചികിത്സകള്‍ക്കു വിധേയനായി കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹം പ്രകടിപ്പിച്ച ഇതേ ആത്മവിശ്വാസമായിരുന്നു പാര്‍ട്ടിയും ഇടതുരാഷ്ട്രീയവും കാലമുയര്‍ത്തുന്ന സ്വാഭാവിക പ്രതിസന്ധികളിലകപ്പെട്ട സന്ദര്‍ഭങ്ങളിലൊക്കെ കോടിയേരി എന്ന കമ്യൂണിസ്റ്റ് നേതാവിനു മുഖ്യമായും കൈമുതലായി ഉണ്ടായിരുന്നത് എന്നതിനു ചരിത്രം സാക്ഷിയാണ്. 

പാലോളി മുഹമ്മദ് കുട്ടി, ഇഎംഎസ് എന്നിവർക്കൊപ്പം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും
പാലോളി മുഹമ്മദ് കുട്ടി, ഇഎംഎസ് എന്നിവർക്കൊപ്പം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും

രാഷ്ട്രീയപരവും സംഘടനാപരവുമായ വെല്ലുവിളികള്‍ നിറഞ്ഞ നിരവധി സന്ദര്‍ഭങ്ങളെ മറികടന്നാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വേരുറപ്പിച്ചതും പടര്‍ന്നുപന്തലിച്ചതും. ഏതുഗ്രമായ തിരയിളക്കത്തിലും കാറ്റിലും കോളിലും പതറാതെ പാര്‍ട്ടിയെ നയിച്ച കപ്പിത്താന്മാരോടും കൂടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജനവും തൊഴിലാളിവര്‍ഗ്ഗവും കടപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും സ്ഥൈര്യവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയത്. പാര്‍ട്ടിക്കുള്ളില്‍നിന്നുയര്‍ന്ന വെല്ലുവിളികളെ സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ സൗമ്യമായിട്ടെങ്കിലും വിട്ടുവീഴ്ചയില്ലാതെ നേരിട്ടു കോടിയേരിയും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. പാര്‍ട്ടിക്കു പുറത്ത് രാഷ്ട്രീയ എതിരാളികളുയര്‍ത്തിയ വെല്ലുവിളികളേയും ഈ രീതിയില്‍ തന്നെയാണ് അദ്ദേഹം നേരിട്ടത്. 

കൊളോണിയല്‍ ഭരണകൂടത്തിനും ജന്മിത്വ ചൂഷണത്തിനുമെതിരെ നടന്ന തീക്ഷ്ണ പോരാട്ടങ്ങള്‍ അരങ്ങേറിയ കണ്ണൂര്‍ ജില്ലയില്‍നിന്നുയര്‍ന്നുവന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. നമ്മുടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് എല്ലാ കാലവും ആവേശം നല്‍കുന്നതാണ് കണ്ണൂരിലേയും ഉത്തര മലബാറിലേയും പോരാട്ടങ്ങളുടെ ചരിത്രം. എ.കെ. ഗോപാലന്‍ മുതല്‍ നിരവധി രാഷ്ട്രീയ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയത് ആ മണ്ണാണ്. മനുഷ്യമഹത്വമറിഞ്ഞ് ചുവന്ന കൊടിയേന്തിയ മഹാന്മാരായ ആ നേതാക്കളുടെ ശ്രേണിയില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്റേയും സ്ഥാനം. 

വര്‍ഗ്ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ

ഉത്തര മലബാറിലെ കയ്യൂരും കരിവെള്ളൂരും മൊറാഴയും മുനയന്‍കുന്നും പാടിക്കുന്നുമൊക്കെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് മര്‍ദ്ദിതജനതയുടെ ചെറുത്തുനില്‍പ്പിന്റെ പര്യായപദങ്ങളായിട്ടാണ്. കണ്ണൂരിലേയും കാസര്‍ക്കോട്ടേയുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഈ പോരാട്ടങ്ങളുടെ നേരവകാശികളായിട്ടും. സ്വാതന്ത്ര്യാനന്തരവും കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഗവണ്‍മെന്റും അവശിഷ്ട സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും പാര്‍ട്ടിയുമായി ആശയപരമായും കായികവുമായൊക്കെ ഏറ്റുമുട്ടിയപ്പോള്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിരാളികളായത് ആര്‍.എസ്.എസ്സാണ്. ആര്‍.എസ്.എസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ മിക്കപ്പോഴും രക്തരൂഷിതവും ദാരുണവുമായ ഫലങ്ങളാണ് സൃഷ്ടിച്ചത്. ഇടയ്‌ക്കൊക്കെ കോണ്‍ഗ്രസ്സാണ് മറുപക്ഷത്തുണ്ടായത് എങ്കില്‍പ്പോലും '80-കളിലും '90-കളിലും മുഖ്യമായും ആര്‍.എസ്.എസ്സായിരുന്നു എതിരാളി. ഇരുകക്ഷികള്‍ക്കും നിരവധി കേഡര്‍മാരെ ഈ യുദ്ധത്തില്‍ നഷ്ടപ്പെടുകയും കണ്ണൂരെന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു പേരായി മാദ്ധ്യമതാല്പര്യങ്ങള്‍ വ്യാഖ്യാനിച്ചെടുക്കുകയും ചെയ്തു.
 
ഹിന്ദുത്വ രാഷ്ട്രീയവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടു കൊമ്പുകോര്‍ത്ത ആ നാളുകളില്‍ ആര്‍.എസ്.എസ്സിനെ മാത്രമല്ല, കണ്ണൂര്‍ ജില്ലയടക്കമുള്ള പ്രദേശങ്ങളില്‍ ആ പാര്‍ട്ടിക്കു നേരിടേണ്ടിവന്നത്. സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയെ കൂടിയായിരുന്നു. പുറമേ, ആര്‍.എസ്.എസ്സുമായി ഏറ്റുമുട്ടലുണ്ടായ സന്ദര്‍ഭങ്ങളില്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഗവണ്‍മെന്റും ആഭ്യന്തരവകുപ്പും പൊലീസും കൈക്കൊണ്ട നിലപാടുകളും വിവാദപൂര്‍ണ്ണമായിരുന്നു. അക്കാലത്ത് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെ അന്നത്തെ രാഷ്ട്രീയാവസ്ഥയുയര്‍ത്തിയ വെല്ലുവിളികള്‍ മറികടക്കുന്നതിനും കോടിയേരി നേതൃത്വം നല്‍കി. 

ഹർകിഷൻ സിങ് സുർജിതിനൊപ്പം
ഹർകിഷൻ സിങ് സുർജിതിനൊപ്പം

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോടിയേരി പൊതുപ്രവര്‍ത്തനരംഗത്തേക്കു വരുന്നത്. ദക്ഷിണ കര്‍ണാടകയില്‍ വേരുറപ്പിച്ച ആര്‍.എസ്.എസ്. രാഷ്ട്രീയം ഉത്തര കേരളത്തിലേക്കും കണ്ണൂരിലേക്കും പടര്‍ന്നുപന്തലിക്കുമെന്നു തോന്നിച്ച ഒരു കാലഘട്ടമായിരുന്നു അത്. ഉത്തര കേരളത്തില്‍ ബീഡി വ്യവസായത്തെ ആശ്രയിച്ചു ജീവിച്ച നിരവധി കുടുംബങ്ങള്‍ക്കു സഹായകമാകുന്ന രീതിയില്‍ ആ മേഖലയില്‍ സഹകരണസംഘങ്ങളുണ്ടാക്കുകയും ദിനേശ് ബീഡി സ്ഥാപിക്കപ്പെടുകയും ചെയ്തത് ആര്‍.എസ്.എസ് രാഷ്ട്രീയത്തിനു തിരിച്ചടിയായി. ബീഡിത്തൊഴിലാളി സ്ഥാപനങ്ങളെ ഫാക്ടറികളുടെ കൂട്ടത്തില്‍ പെടുത്തിയതോടെ കര്‍ണാടകയിലേക്കു കൂടുമാറിയ ബീഡിക്കമ്പനികള്‍ക്കു കുറഞ്ഞ കൂലിക്ക് ബീഡിത്തൊഴിലാളികളുടെ അദ്ധ്വാനം ലഭ്യമാക്കിയിരുന്ന ആര്‍.എസ്.എസ്സുകാര്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ തിരിയുകയും അത് രാഷ്ട്രീയമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും ചെയ്തു. അന്നത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന കോടിയേരിക്കും ജയരാജനും മര്‍ദ്ദനമേല്‍ക്കുകയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലാണ് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനു പരിക്കേല്‍ക്കുന്നതും ആശുപത്രിയില്‍വെച്ചു മരിക്കുന്നതും. 

എല്ലാ ഇനം മതരാഷ്ട്രീയത്തോടും സന്ധിയില്ലാത്ത സമീപനമായിരുന്നു അക്കാലംതൊട്ടേ കോടിയേരിയുടേത്. പാര്‍ട്ടിയുടെ ചിരിക്കുന്ന മുഖം, സൗമ്യവ്യക്തിത്വം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുമെങ്കിലും രാഷ്ട്രീയ പോരാട്ടങ്ങളുടെ സന്ദര്‍ഭത്തില്‍ എതിരാളികളോടു ഒട്ടും മയമില്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതിരൂക്ഷമായ ഭാഷയില്‍ത്തന്നെ അപ്പോള്‍ അദ്ദേഹം അവരോടു സംസാരിച്ചു. 2016-ല്‍ ആര്‍.എസ്.എസ്സുമായുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം നടത്തിയ 'വരമ്പത്തു കൂലി' പ്രയോഗം വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. 

''സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ സ്തംഭിച്ചുനില്‍ക്കാതെ തിരിച്ചടിക്കണം. വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍.എസ്.എസ്സും ബി.ജെ.പിയും മനസ്സിലാക്കണം. സി.പി.ഐ.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍, സി.പി.ഐ.എമ്മിന്റെ പരമ്പരാഗത കേന്ദ്രങ്ങളില്‍ കടന്നുവന്ന് പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കാതെ അക്രമം നടത്തുകയാണ് ആര്‍.എസ്.എസ്. അക്രമം പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായികപരിശീലനവും ആവശ്യമാണ്. കടകളും വീടുകളും മറ്റ് സ്ഥാപനങ്ങളും ആക്രമിക്കാന്‍ പാടില്ല. സി.പി.ഐ.എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു ധനരാജ്. മൂന്നുതവണ ഇതിനു മുന്‍പ് ധനരാജിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. നാലാംതവണയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സംഘപരിവാറിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട്'' -ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 

വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്നത് അദ്ധ്വാനത്തെ സംബന്ധിച്ചുള്ള നീതിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും അത് കോടിയേരി ഉപയോഗിച്ചത് മറ്റൊരു സന്ദര്‍ഭത്തിലാണ്. അത്തരമൊരു പ്രസംഗം ഒരു ജനാധിപത്യക്രമത്തില്‍ ആശാസ്യമാണോ എന്ന ചോദ്യം സംഗതമാണെങ്കിലും അത്തരമൊരു പ്രസംഗം ആ സന്ദര്‍ഭത്തില്‍ സംഘടനാപരമായി ശരിയായിരുന്നു എന്നുതന്നെ പറയണം. തുടര്‍ന്ന് ഉണ്ടായ താരതമ്യേന സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം ഏകപക്ഷീയമായ കീഴടങ്ങലല്ല എന്ന ബോധ്യത്തിനും അത് അനിവാര്യമായിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com