'ഒരു വാക്കിനും കൊയപ്പമില്ല ശ്രീരാമേട്ടാ, കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍...'

വി.കെ. ശ്രീരാമന്‍ 'താന്‍ ഒരു ദിവസം ഏകാധിപതിയാവുകയാണെങ്കില്‍ നിരോധിക്കുന്ന വാക്കായി കുഴിമന്തി'യെ എടുത്തെഴുതുമ്പോള്‍, ആ ബോധത്തില്‍ സന്നിഹിതമാകുന്ന ചില പ്രശ്‌നങ്ങളുണ്ട്
'ഒരു വാക്കിനും കൊയപ്പമില്ല ശ്രീരാമേട്ടാ, കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍...'

ഴികളില്‍ വീണ്ടും നബിദിന റാലികള്‍ വരികയാണ്. കൊവിഡിന്റെ അടച്ചിരുപ്പുകള്‍ക്കു ശേഷം കുട്ടികള്‍ പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടും തക്ബീര്‍ മുഴക്കിയും ദഫ് മുട്ടിയും വഴികളില്‍ നിരനിരയായി നടക്കുന്നു. പള്ളികളിലും അവര്‍ കടന്നുപോകുന്ന വഴികളിലും മധുര പലഹാരം വിതരണം ചെയ്യുന്നു. 

ഞങ്ങളുടെ കുട്ടിക്കാലം, നബിദിനത്തിനായി കാത്തിരുന്ന കാലമായിരുന്നു. ചെറിയ/വലിയ പെരുന്നാളുകളേക്കാള്‍ ഇമ്പമുണ്ടായിരുന്നത് നബിദിനത്തിനാണ്. സുന്നീ കുട്ടികള്‍ക്കു പാട്ടിലൂടെയും പ്രസംഗത്തിലൂടെയും അവരവരെ പ്രകാശിപ്പിക്കാനുള്ള വേദികള്‍ കിട്ടിയത് നബിദിനത്തിനാണ്. അങ്ങനെ നബിദിനത്തിനു മനോഹരമായ ആരവങ്ങളിലൂടെ അവര്‍ കടന്നു പോയി. 

നബിദിന ദിവസം മാത്രം വേദിയില്‍ കയറി പാട്ടു പാടിയിരുന്ന ഒരു കൂട്ടുകാരന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ജീവിച്ച അവന് ആ ദിവസം കിട്ടുന്ന സമ്മാനം ജീവിക്കാനുള്ള പ്രചോദനങ്ങളിലൊന്നായിരുന്നു. പിന്നീടവന്‍ ഒരു കൈവണ്ടിയില്‍ പച്ചക്കറിയുമായി വീടുവീടാന്തരം കയറി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. പിന്നീടെപ്പോഴോ ആ കച്ചവടം ഉപേക്ഷിച്ച്, ഒരു കോഴിക്കടയില്‍ അറവുകാരനായി ജോലി തുടങ്ങി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പഴയങ്ങാടി പുഴയുടെ തീരത്തുനിന്ന് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കേ കാല്‍ തെന്നി പുഴയില്‍ വീണു മരിച്ചു.

ആ ദിവസം, കൂട്ടുകാരന്‍ നബിദിനത്തില്‍ പാടിയ പാട്ടുകള്‍ ഓര്‍മ്മിച്ചു കരഞ്ഞു.

ഈ വര്‍ഷം നബിദിനത്തിന് പള്ളികള്‍ വലിയ രീതിയില്‍ അലങ്കാരവിളക്കുകളാല്‍ അലങ്കരിച്ചിട്ടുണ്ട്. വെളിച്ചത്തിന്റെ മിനാരങ്ങള്‍.

വി.കെ. ശ്രീരാമന്‍
വി.കെ. ശ്രീരാമന്‍

കുഴിമന്തി 

ബിരിയാണി പാചകകലയില്‍ തുറന്നുവിട്ട രുചിയുടെ കൊടുങ്കാറ്റിനു ശേഷമാണ് കുഴിമന്തിയുടെ പ്രവേശനോത്സവം തുടങ്ങിയത്. അറേബ്യന്‍ രീതികള്‍ പലതും വസ്ത്രമായും ആചാരമായും ഭക്ഷണമായും കോപ്പി പേസ്റ്റ് ചെയ്യുന്നതിനിടയിലാണ് ഇതും സംഭവിക്കുന്നത്. പര്‍ദ്ദയുടെ വിപണി ആ രീതിയില്‍ കോപ്പി പേസ്റ്റായിരുന്നു. കുഴിമന്തിയും ആ നിലയില്‍ പാചകത്തിലേക്കുള്ള കടന്നുവരവാണ്.

വി.കെ. ശ്രീരാമന്‍ 'താന്‍ ഒരു ദിവസം ഏകാധിപതിയാവുകയാണെങ്കില്‍ നിരോധിക്കുന്ന വാക്കായി കുഴിമന്തി'യെ എടുത്തെഴുതുമ്പോള്‍, ആ ബോധത്തില്‍ സന്നിഹിതമാകുന്ന ചില പ്രശ്‌നങ്ങളുണ്ട്. ഒന്ന്, ഏകാധിപതി എന്ന ആ ആഗ്രഹ ചിന്ത. ആപല്‍ക്കരമായ ഉള്ളടക്കമാണ് അത്. ഒരു കലാകാരന്റെ/എഴുത്തുകാരന്റെ വിദൂരമായ സ്വപ്നങ്ങളില്‍ ആ 'എങ്കില്‍' ഉണ്ടാകാന്‍ പാടില്ല. വ്യക്തികള്‍ ബഹുരൂപമാര്‍ന്ന ഉള്ളടക്കങ്ങളില്‍ ആശയമായും വേഷമായും രുചിയായും സ്വയം പ്രകാശിപ്പിക്കുന്ന ഒരിടത്ത് 'നിരോധനം' എന്ന ബോധമാണ് ആദ്യം നിരോധിക്കപ്പെടേണ്ടത്. അധികാരം കിട്ടുമ്പോള്‍, എഴുത്തുകാരുടെ ഉള്ളിലും, 'നിരോധിക്കാ'നുള്ള ത്വരയാണുള്ളത്. വി.കെ. ശ്രീരാമന് അത് കുഴിമന്തിയാണ്.

എന്നാല്‍, സംസ്‌കാരം, മേഘങ്ങള്‍ സഞ്ചരിക്കുന്നതുപോലെ, അതിര്‍ത്തികളുടെ ബോഡിങ്ങ് പാസ്സിലാതെ സഞ്ചരിക്കുന്നു. ബസുമതി അരിയില്‍, സവിശേഷമായ രീതിയില്‍ വേവിച്ച്, അതില്‍ മൊരിഞ്ഞ വലിയ ചിക്കന്‍ പീസുകള്‍ ഇടുന്ന കുഴിമന്തി ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. ആ പേരില്‍ എവിടെയാണ് പ്രശ്‌നമുള്ളത്? കോഴി പൊരിച്ചത്, കോയി പൊരിച്ചതും കുഴലപ്പം കൊയലപ്പവുമാണ്. ഒരു വാക്കിനും 'കൊയപ്പമില്ല' ശ്രീരാമേട്ടാ. കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ കുണ്ടി എന്നാണോ ഓര്‍മ്മവരുന്നത്? അപ്പോള്‍ കിണ്ടി? അല്ലെങ്കിലും തീറ്റ എന്നു കേള്‍ക്കുമ്പോള്‍ തീട്ടം എന്ന് ഓര്‍മ്മ വന്നാല്‍ എന്തെങ്കിലും തിന്നാന്‍ കഴിയുമോ? 

ഈയിടെ ഞങ്ങള്‍ ചങ്ങാതിമാര്‍ കോഫീ ഹൗസില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അവന് കേള്‍ക്കുമ്പോള്‍ ഏറ്റവും വേദനാജനകമായി തോന്നിയ ഒരു പ്രയോഗം ഓര്‍മ്മിച്ചു പറയുകയുണ്ടായി: 'തോട്ടിക്ക് ശമ്പളം കിട്ടിയപോലെ' എന്ന പ്രയോഗമാണത്. അടിത്തട്ടനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ സുഖിയന്മാരായ മധ്യവര്‍ഗ്ഗ മലയാളികള്‍ പരിഹസിച്ചത് ഇത്തരം പരനിന്ദ നിറഞ്ഞ വാക്കുകളും ശൈലിയുമെടുത്താണ്. അവന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ ഒരു തോട്ടിയായിരുന്നു. 

എല്ലാവരുടേയും ഉളളില്‍, ജനാധിപത്യത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ഒരു ബോധം വളരുന്നുണ്ട്. ഒരുപാട് 'എങ്കിലു'കളിലൂടെ അവ പുറത്തുവരുന്നു.

ബാല്യത്തില്‍ വായിച്ച രസകരമായ ഒരു കഥ 'അപ്പമര'ത്തിന്റേതാണ്. തിരുവിതാംകൂറിലെ ദാമോദരന്‍ നമ്പ്യാര്‍ ഇരുപത്തിയൊന്ന് സ്രഗ്ദ്ധരാ വൃത്തശ്ലോകങ്ങളില്‍ എഴുതിയ ഒരു ലഘു കൃതിയാണത്.

കഥയിങ്ങനെയാണ്:

ഒരു ബ്രാഹ്മണ ബാലന്‍ ഒരു അപ്പം കുഴിച്ചിടുകയും അത് വളര്‍ന്ന് ഒരു മരമായി, അതില്‍ നിറയെ അപ്പങ്ങള്‍ കായ്ക്കുകയും ചെയ്യുന്നു. ഇതു കണ്ട് കൊതി മൂത്തു വന്ന ഒരു രാക്ഷസി അപ്പം മാത്രമല്ല, ബാലനേയും കൂടി തിന്നുമെന്നായപ്പോള്‍, അവന്‍ രാക്ഷസിയേയും അവളുടെ മകളേയും കൊല്ലുന്നു. അതാണ്, അപ്പക്കഥ.

അപ്പക്കഥയില്‍നിന്നു കാലം, കുഴിമന്തിയിലെത്തിനില്‍ക്കുന്നു. മരത്തിലും കുഴിയിലും രുചിയുടെ കഥാകാലങ്ങളുണ്ടാവട്ടെ.

കസ്തൂര്‍ബയുടെ ചെടികള്‍ 

ഗാന്ധിജയന്തി ദിനാഘോഷം പ്രമാണിച്ച് ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കുന്നു. എന്നാല്‍, അതോടൊപ്പം, ആകര്‍ഷകമായി തോന്നിയത്, കസ്തൂര്‍ബ ആശ്രമത്തില്‍നിന്നുള്ള ചെടികളും വില്‍പ്പനയ്ക്കുണ്ട് എന്നതാണ്. തീര്‍ച്ചയായും അത് വാങ്ങും. കസ്തൂര്‍ബ സ്വയം ഒരു ചെടിയായിരുന്നു. 

സ്ത്രീകളെ സംബന്ധിക്കുന്ന ശാശ്വതമായ ചില ചോദ്യങ്ങള്‍ ലോകത്തിനു മുന്നിലവതരിപ്പിക്കുന്നതാണ് കസ്തൂര്‍ബയുടെ ജീവിതം. മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിന്റെ കടമ്പകള്‍ കടന്നത്, കസ്തൂര്‍ബയെ വീട്ടിലിരുത്തിയാണ്. കസ്തൂര്‍ബ ജീവിതത്തില്‍ ഇരുന്ന ദൂരങ്ങളും ഗാന്ധിജി നടന്ന ദൂരങ്ങളും സ്വാതന്ത്ര്യത്തിന്റെ മറുപുറങ്ങളാണ്. അവരവര്‍ കടന്ന കടമ്പകളാണവ. അടിസ്ഥാനപരമായി, യാഥാസ്ഥിതികനായ ഇന്ത്യന്‍ പുരുഷനായിരുന്നു, ഗാന്ധിജി. ഇന്ത്യയെ ഗാന്ധിജി, കസ്തൂര്‍ബയിലൂടെ, മറ്റൊരു വിധത്തില്‍ മനസ്സിലാക്കിയിരിക്കാം. അത്, അന്നത്തെ ഇന്ത്യന്‍ ആണ്‍മനസ്സിന്റെ പ്രതിഫലനം മാത്രമായിരുന്നു. അതെ, നാമെപ്പോഴും കേള്‍ക്കുന്നതു തന്നെ, സര്‍വ്വം സഹയായ ഭൂമി, സ്ത്രീ, അമ്മ!
എന്നിട്ടോ?

നാം പുരുഷന്മാര്‍ കയ്യും വീശി സ്വാതന്ത്ര്യത്തിന്റെ വഴിയിലൂടെ നടക്കും.

ചാത്തമല 

കുടിയാന്മല ഏഴരക്കുണ്ട് വെള്ളച്ചാട്ടം മനോഹരമായ ഒരനുഭവമായിരുന്നു. കുട്ടികളോടൊപ്പം ഉല്ലാസപ്രദമായ കുളിയനുഭവങ്ങള്‍ക്ക് അവിടെ പറ്റിയ ഇടം തന്നെ. ചുറ്റോടു ചുറ്റു കാണുന്ന മലകളും മരങ്ങളും. ആ മല ചാത്തമല എന്നറിയപ്പെടുന്നു. കുടിയാന്മല കുടിയേറ്റ മലയോര ഗ്രാമമാണ്. മരങ്ങള്‍ക്കിടയില്‍ കോടയിറങ്ങുന്നത് മനോഹരമായ കാഴ്ചയായിരുന്നു. 

ഇന്നലെ കോഴിക്കോടുനിന്ന് കണ്ണൂരിലേക്കുള്ള മടക്കയാത്ര പൈതല്‍ മലയിലേക്കു പോകുന്ന രാത്രി ബസിലായിരുന്നു. മാഹിയില്‍നിന്നു പതിവുപോലെ ചിലര്‍ ബസില്‍ കയറി. ഒരു കാരണവുമില്ലാതെ ചിലര്‍ കണ്ടക്ടറെ പരിഹസിക്കാന്‍ തുടങ്ങി: ശമ്പളമൊക്കെ കിട്ടുന്നുണ്ടോ? 

മുനവെച്ച ചോദ്യം.

പെട്ടെന്നു മഴ പെയ്തു. എല്ലാവരും ഷട്ടറുകള്‍ താഴ്ത്തി. എന്നാല്‍ ലാസ്റ്റ് സീറ്റിനു തൊട്ടു മുന്‍പുള്ള സീറ്റില്‍ ഒരാള്‍ ഷട്ടര്‍ താഴ്ത്തിയില്ല. കണ്ടക്ടറായിരുന്നു അത്. പുറത്തേക്ക് നോക്കി എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. ഉള്ളിലാണോ പുറത്താണോ മഴ?

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com