ഡി.എന്‍.എ ഡേറ്റിംഗ് എന്തുകൊണ്ട് അനിവാര്യമാകുന്നു?

ജൈവശകലങ്ങളുടെ സാന്നിദ്ധ്യമുള്ള ചരിത്രാവശിഷ്ടങ്ങളുടെ കാലഗണനയില്‍ ഇന്ന് റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിന്റെ പരിമിതികളെ മറികടക്കുന്നതിനു ഡാറ്റാസയന്‍സും ജനിതകശാസ്ത്രത്തിലെ കുതിപ്പുകളുംസഹായകമാകുന്നുണ്ട്
ഡി.എന്‍.എ ഡേറ്റിംഗ് എന്തുകൊണ്ട് അനിവാര്യമാകുന്നു?

പുരാവസ്തു പഠനത്തിലും പുരാവസ്തു ശാസ്ത്രത്തിലും പരമപ്രധാനമായ ഒരു സംഗതിയാണ് ഉദ്ഖനനത്തിലൂടെയും മറ്റും കണ്ടെത്തുന്ന സാമഗ്രികളുടേയും മറ്റും കാലഗണന. വളരെ പണ്ടൊരു കാലത്ത് ശ്മശാനമായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളുടേയോ ആഭരണങ്ങളുടേയോ കണ്ടെത്തലുകള്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചരിത്രകുതുകികളില്‍ അതു വലിയ ആവേശം സൃഷ്ടിക്കുമെന്നത് നേരുതന്നെ. എന്നാല്‍, ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അത്തരം കണ്ടെത്തലുകള്‍ക്ക് അര്‍ത്ഥം കൈവരണമെങ്കില്‍ പുരാവസ്തുക്കള്‍ എത്രത്തോളം പഴക്കമുള്ളതാണെന്ന് നിര്‍ണ്ണയിക്കാനാകണം.

1946ലാണ് രസതന്ത്രജ്ഞനായ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വില്ലാര്‍ഡ് ലിബി റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് എന്ന സാങ്കേതികവിദ്യയെ സംബന്ധിച്ച ആശയം മുന്നോട്ടുവെയ്ക്കുന്നതും അതു വികസിപ്പിച്ചെടുക്കുന്നതും. ജൈവാവശിഷ്ടങ്ങളുടെ സാന്നിദ്ധ്യമുള്ള, കണ്ടെത്തുന്ന ചരിത്രാവശിഷ്ടങ്ങളുടെ കാലഗണനയെ സഹായിക്കുന്ന ഈ വിദ്യ പുരാവസ്തു ഗവേഷണശാഖയില്‍ ഒരു വഴിത്തിരിവായി. ഈ നേട്ടത്തെ മുന്‍നിര്‍ത്തി ലിബിക്ക് പിന്നീട് നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.

പില്‍ക്കാലത്ത് റേഡിയോകാര്‍ബണ്‍ സാങ്കേതികവിദ്യ എന്ന കാലഗണനാ സമ്പ്രദായം വ്യാപകമായ അംഗീകാരം നേടിയ ഒന്നാകുകയും അതിനു പ്രചുരപ്രചാരം സിദ്ധിക്കുകയും ചെയ്തു. മനുഷ്യാവശിഷ്ടങ്ങളില്‍വരെ കൃത്യമായി കാലം നിശ്ചയിക്കുന്നതിന് റേഡിയോകാര്‍ബണ്‍ !ഡേറ്റിംഗ് ഉപയോഗിക്കാമെന്ന് പലരും കരുതിപ്പോരുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരടക്കം ഈ ധാരണയെ ശരിവയ്ക്കുന്നുണ്ട്. എന്നാല്‍, ഈ രീതി ഉപയോഗിച്ച് കണ്ടെടുക്കപ്പെടുന്ന 50 ശതമാനം മൃതശരീരാവശിഷ്ടങ്ങളുടെ കാലം മാത്രമേ നിര്‍ണ്ണയിക്കാനാകൂ എന്നു വിദഗ്ദ്ധര്‍ പറയുന്നു. ചില അസ്ഥികൂടങ്ങളില്‍ ആവശ്യത്തിന് ജൈവവസ്തുക്കള്‍ അവശേഷിച്ചിട്ടുണ്ടാകില്ല. അല്ലെങ്കില്‍ അതു മറ്റു രാസപദാര്‍ത്ഥങ്ങളാല്‍ മലിനമായിട്ടുണ്ടാകാം. ഇങ്ങനെ കാലം ഗണിക്കുമ്പോള്‍ ഇതാണ് കൃത്യതയ്ക്ക് വിഘാതമാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ത്തന്നെ ആവേശം ജനിപ്പിക്കുന്നതരത്തില്‍ കണ്ടെത്തിയിട്ടുള്ള അസ്ഥികൂടങ്ങള്‍ ഉള്‍പ്പെടെയുള്ള പല അവശിഷ്ടങ്ങളും കൃത്യമായ കാലഗണനയ്ക്ക് ഇപ്പോഴും വിധേയമായിട്ടില്ല എന്നു പറയേണ്ടിവരും. അതായത് ഈ അസ്ഥികൂടങ്ങളും നമ്മുടെ പൗരാണിക ജീവിതത്തിന്റെ മറ്റു ശേഷിപ്പുകളും നല്‍കുന്ന അറിവുകളുടെ ഒരു ശേഖരം ഇപ്പോഴും അജ്ഞേയതയുടെ താഴിട്ടു പൂട്ടിയ നിലയിലാണ് എന്നര്‍ത്ഥം.

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി

റേഡിയോകാര്‍ബണ്‍  ഡേറ്റിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നു 

ഈയൊരു ന്യൂനതയെ മറികടക്കുന്നതിനാണ് ഡി.എന്‍.എ ഡേറ്റിംഗ് എന്ന സാങ്കേതികവിദ്യ പഠിതാക്കള്‍ പ്രയോജനപ്പെടുത്തുന്നത്. ഡി.എന്‍.എ ഡേറ്റിംഗ് എന്തുകൊണ്ട് അനിവാര്യമാകുന്നു എന്നു ബോധ്യപ്പെടണമെങ്കില്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് എന്താണെന്ന് ആദ്യം മനസ്സിലാക്കണം. മരണശേഷം ശരീരം പ്രകൃതിയില്‍ ലയിച്ചുചേരാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന രാസപ്രക്രിയകളെ അടിസ്ഥാനമാക്കി ജൈവവസ്തുക്കളുടെ (അതായത് 50,000 വര്‍ഷത്തില്‍ താഴെയുള്ളത്) കാലഗണന നടത്താന്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് നമ്മെ സഹായിക്കുന്നുണ്ട്.

എല്ലാ ജൈവശരീരങ്ങളിലും സന്നിഹിതമായിട്ടുള്ള കാര്‍ബണ്‍ എല്ലാ തന്മാത്രകളുടേയും നട്ടെല്ലുമാണ്. ഭക്ഷണം കഴിക്കുമ്പോഴും മറ്റും നാം അത് ആഗിരണം ചെയ്യുന്നുണ്ട്. ഉച്ഛ്വാസത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്നു. 

റേഡിയോകാര്‍ബണ്‍ ഡേറ്റിംഗില്‍ കാര്‍ബണിന്റെ മൂന്നു വ്യത്യസ്ത ഐസോടോപ്പുകളെ (ഒരു തരം ആറ്റം) താരതമ്യത്തിനു വിധേയമാക്കുന്നുണ്ട്. ഏറ്റവും സമൃദ്ധമായ ഐസോടോപ്പ് ആണ് കാര്‍ബണ്‍12. മാറ്റമൊന്നുമില്ലാതെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ അസ്ഥികൂടങ്ങളുടെ പ്രായം അളക്കുന്നതിനുള്ള ഒരു നല്ല അളവുകോലായിട്ട് ഇതിനെ കണക്കാക്കാം. എന്നാല്‍, മറ്റൊരു ഐസോടോപ്പായ കാര്‍ബണ്‍ 14 റേഡിയോ ആക്ടീവ് ആണ്. ഇത് കാലക്രമേണ ക്ഷയിക്കുന്നു. കാര്‍ബണ്‍ 14ന്റെ ഈ ക്ഷയത്തെ ഒരുതരം ഘടികാരമായി ഉപയോഗിച്ചുകൊണ്ടാണ് ഗവേഷകര്‍ കാലം കണക്കാക്കുന്നത്. ഭൂതകാലത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരു കാഴ്ച പ്രദാനം ചെയ്തുകൊണ്ട് എല്ലാ ജൈവവസ്തുക്കളുടേയും കാലം നിര്‍ണ്ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഗവേഷകരെ പ്രാപ്തരാക്കുന്നുണ്ട് എന്നും പറയാം. ഓരോ 5,730 വര്‍ഷത്തിലും കാര്‍ബണ്‍14 ന്റെ റേഡിയോ ആക്ടിവിറ്റി പകുതിയായിട്ട് ക്ഷയിക്കുന്നു.

ഉ​ദ്ഖനനത്തിന് വിധേയമായ ഒരു ബൊ​ഹീമിയൻ ബെൽബീക്കർ ശവകുടീരം
ഉ​ദ്ഖനനത്തിന് വിധേയമായ ഒരു ബൊ​ഹീമിയൻ ബെൽബീക്കർ ശവകുടീരം

മൃഗങ്ങളും സസ്യങ്ങളും നശിച്ചുതുടങ്ങുമ്പോള്‍ കാര്‍ബണ്‍14 ആഗിരണം ചെയ്യുന്നത് നിര്‍ത്തുന്നതിനാല്‍ അവശേഷിക്കുന്ന കാര്‍ബണ്‍14ന്റെ റേഡിയോ ആക്ടിവിറ്റി അവയുടെ പ്രായം വെളിപ്പെടുത്തുന്നുണ്ട്. ആ അര്‍ദ്ധായുസ്സ് റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനു നിര്‍ണ്ണായകമാണ്. കാര്‍ബണ്‍12 ക്ഷയിക്കാത്തതിനാല്‍, കാര്‍ബണ്‍14 ന്റെ അനിവാര്യമായ ഈ ഇല്ലാതാകല്‍ കാലം കണക്കാക്കുന്നതിനുള്ള ഒരു നല്ല മാനദണ്ഡമാണ്. ഒരു കാര്‍ബണ്‍14 ഐസോടോപ്പ് പുറപ്പെടുവിക്കുന്ന റേഡിയോ ആക്ടിവിറ്റി കുറവാണെങ്കില്‍ അത് കണ്ടെടുക്കപ്പെട്ട വസ്തു പഴയതാണ്. എന്നാല്‍, ഒരു പ്രശ്‌നമുണ്ട്. ജൈവപദാര്‍ത്ഥങ്ങളുടെ കുറഞ്ഞ അളവ്, മരിച്ച വ്യക്തിയുടേയോ മൃഗത്തിന്റേയോ ഭക്ഷണക്രമം, ആധുനിക സാംപിളുകളിലെ കലര്‍പ്പ് എന്നിവ കണക്കുകൂട്ടല്‍ തെറ്റിക്കും.

ഏറെ പഴക്കമുള്ളതാണ് ജൈവവസ്തു എങ്കില്‍ അതും ഒരു പ്രശ്‌നമാണ്. കാര്‍ബണ്‍14 ന്റെ നന്നേ കുറഞ്ഞ സാന്നിദ്ധ്യം നിമിത്തം ഏകദേശം 40,000 വര്‍ഷത്തിലധികം പഴക്കമുള്ള സാംപിളുകളുടെ കൃത്യമായ കാലം കണക്കാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നതാണ് മറ്റൊ രു സങ്കീര്‍ണ്ണത. 60,000 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ് അവയെങ്കില്‍ അവയുടെ കാലം കൃത്യമായി നിര്‍ണയിക്കാനും കഴിയില്ല. അജൈവ പദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് വിശകലനം ഒട്ടും സാദ്ധ്യവുമല്ല.
വ്യത്യസ്ത ലാബുകളിലെ ഡേറ്റിംഗില്‍ 1,000 വര്‍ഷം വരെ വ്യത്യാസമുണ്ടാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറിയ വ്യതിയാനമല്ല ചരിത്രത്തെ സംബന്ധിച്ചുള്ള നിഗമനങ്ങളില്‍ അതുണ്ടാക്കുക. വില്യം ദ കോണ്‍ക്വററുടെ കാലത്താണ് ഈയിടെ അന്തരിച്ച എലിസബത്ത് രാജ്ഞി ജീവിച്ചിരുന്നത് എന്നു കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചുനോക്കുക. ജനാധിപത്യം മുന്നേറിയ ഇതരരാജ്യങ്ങളെ അപേക്ഷിച്ച്  ഇംഗ്ലണ്ട് ആയിരം വര്‍ഷങ്ങള്‍ക്കു പിറകിലാണ് എന്ന് വിമര്‍ശകര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ ഈ തെറ്റായ നിഗമനം വേണ്ട; എന്നാല്‍ പോലും.  
റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിലെ ന്യൂനതകളെ മറികടക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപാധി മനുഷ്യന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തുന്ന പുരാവസ്തുക്കളാണ്. ഒരു അസ്ഥികൂടത്തിനൊപ്പം ഏതെങ്കിലും കാലത്തെ അച്ചടിച്ച ഒരു നാണയം കണ്ടെത്തിയിരിക്കുന്നു എന്നുവെയ്ക്കുക. പരലോകജീവിതത്തിനു സഹായകമായ രീതിയില്‍ മൃതദേഹത്തോടൊപ്പം ഭൗതികവസ്തുക്കളേയും പരിചാരകരേയും ഇണയെത്തന്നെയും അടക്കം ചെയ്യുന്ന പതിവുള്ള സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന ഒരാളുടേതാണ് ഈ അസ്ഥികൂടാവശിഷ്ടം എന്ന് അനുമാനിക്കപ്പെടുന്നുവെന്നും വെയ്ക്കുക. ആ പശ്ചാത്തലത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗിലെ കണ്ടെത്തലുകളെ ഈ നാണയത്തിന്റെ കാലവുമായി താരതമ്യപ്പെടുത്തുന്നത് കണ്ടെത്തലിലെ കൃത്യത തിട്ടപ്പെടുത്തുന്നതിനു സഹായകരമാകും. എന്നാല്‍, ഇതൊക്കെ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സംഗതികളാണ്. എങ്കിലും റേഡിയോകാര്‍ബണ്‍ ഡേറ്റിംഗില്‍ സന്ദര്‍ഭം (Context) ആണ് എല്ലാം എന്നു പൊതുവേ വിലയിരുത്തപ്പെടാറുണ്ട്. 

ആദ്യകാല മനുഷ്യജീവിതത്തിന്റെ സാന്നിദ്ധ്യമുണ്ടായതെന്നും സംസ്‌കൃതികളുടെ സങ്കലനം നടന്നുവെന്നും വിചാരിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. അതുകൊണ്ട് ചരിത്രകാരന്മാരുടേയും നരവംശ ശാസ്ത്രജ്ഞരുടേയും സവിശേഷ ശ്രദ്ധ അഫ്ഗാനുണ്ട്. 

അഫ്ഗാനിസ്ഥാനിലെ ആദ്യകാല മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ബദാക്ഷനിലെ ദര്‍രാഇകുര്‍ ഗുഹയില്‍നിന്നാണ്. ദര്‍രാഇകുര്‍ ഗുഹയില്‍നിന്നു കണ്ടെത്തിയ കാര്‍ബണിന്റേയും മണ്ണിന്റേയും സാമ്പിളുകളുടെ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനെ അടിസ്ഥാനമാക്കി പ്ലെയ്‌റ്റോസീന്‍ മനുഷ്യഫോസിലുകളാണ് (30,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) എന്ന് ആദ്യം അനുമാനിക്കപ്പെട്ടു. എന്നാല്‍, പിന്നീടുള്ള ഒരു പഠനത്തില്‍ ആധുനിക മനുഷ്യന്റെ തലയോട്ടിയുമായി ഗുഹയില്‍നിന്നു കണ്ടെത്തിയ തലയോട്ടിയുടെ ശകലങ്ങളെ താരതമ്യപ്പെടുത്തുകയും ഈ മനുഷ്യാവശിഷ്ടം നിയാണ്ടര്‍ത്താലിനേക്കാള്‍ ആധുനിക മനുഷ്യരൂപത്തോട് അടുപ്പമുള്ള ഒന്നാണെന്നു കണ്ടെത്തുകയും ചെയ്തു. നേരത്തെ കണ്ടെത്തിയതില്‍നിന്നും ഏകദേശം 25,000 വര്‍ഷങ്ങള്‍ക്കു ശേഷം നവീന ശിലായുഗത്തില്‍ നിന്നുള്ളതാണ് തലയോട്ടിയുടെ ശകലമെന്ന് വീണ്ടുമൊരു ഡേറ്റിംഗില്‍ തെളിയുകയും ചെയ്തു. ആവശ്യത്തിന് കാര്‍ബണ്‍ സാംപിളുകള്‍ ലഭിക്കാത്തതാണ് കാലഗണനയിലെ പിഴവിനു കാരണമായത്. ഡി.എന്‍.എ സീക്വന്‍സിംഗിനു വിധേയമായ അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ആദ്യത്തെ പുരാതന മനുഷ്യശരീരാവശിഷ്ടമായിരുന്നു അത്. 

വില്യം ദ കോൺക്വററുടെ ഫ്രാൻസിലെ പ്രതിമ
വില്യം ദ കോൺക്വററുടെ ഫ്രാൻസിലെ പ്രതിമ

കാലഗണനയിലെ ജനിതക ശാസ്ത്രം 

ഒരാള്‍ എവിടെനിന്നുള്ളതെന്ന് കാണിക്കാന്‍ കഴിയുന്ന ഡി.എന്‍.എ മ്യൂട്ടേഷനുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇന്ന് ബോധവാന്മാരാണ്. ജീനോമുകള്‍ക്കായി സൃഷ്ടിച്ച 'ഏജട' (ഏലിലശേര ജീുൗഹമശേീി ടേൃൗരൗേൃല) എന്ന ഒരു സാങ്കേതികവിദ്യ മുഖാന്തരം വടക്കു കിഴക്കേ തുര്‍ക്കിയില്‍ സ്ഥിതിചെയ്യുന്ന പുരാതന അഷ്‌കെനാസ് ഗ്രാമങ്ങളെ അഷ്‌കെനാസി ജൂതന്മാരുടേയും യിദ്ദിഷ് ഭാഷയുടേയും ജന്മസ്ഥലമായി തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടുണ്ട്. പോപ്പുലേഷന്‍ ജനറ്റിക്‌സിന്റെ ഭാഗമാണിതും. ദേശീയതാ രാഷ്ട്രീയം ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആര്യദ്രാവിഡവാദത്തില്‍ നിര്‍ണായകമായ തീര്‍പ്പുകള്‍ സൃഷ്ടിക്കുന്നതില്‍ പോപ്പുലേഷന്‍ ജനറ്റിക്‌സ് ബഹുദൂരം മുന്നേറിയിട്ടുണ്ട് എന്ന് ഓര്‍ക്കുക. 

ജനിതക ശാസ്ത്രത്തിലെ കുതിപ്പുകള്‍ മുന്‍നിര്‍ത്തി ഒരാള്‍ എത്രകാലം മുന്‍പ് ജീവിച്ചിരുന്നുവെന്ന് നമുക്ക് ഇന്നറിയാനാകും. ചില ഡി.എന്‍.എ മ്യൂട്ടേഷനുകളുടെ സഹായത്താലാണത്. പാലിലും പാലുല്പന്നങ്ങളിലും അടങ്ങിയിട്ടുള്ള പഞ്ചസാരയായ ലാക്ടോസിനെ ദഹനപ്രക്രിയയ്ക്കു വിധേയമാക്കാന്‍ നമ്മുടെ പൂര്‍വ്വികരെ പ്രാപ്തരാക്കിയ എല്‍.സി.ടി ജീന്‍ മ്യൂട്ടേഷനാണ് ഇതിന് ഒരു ഉദാഹരണം. നവീന ശിലായുഗത്തില്‍ (ബിസി 10,0008,000) വികസിച്ചുവന്ന ഒന്നാണ് ഈ മ്യൂട്ടേഷന്‍. അന്നു മുതല്‍ അതിവേഗം ഇത് വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ നമുക്ക് എല്‍.സി.ടി ജീന്‍ മ്യൂട്ടേഷന്‍ ഇല്ലാത്ത പുരാതന ജീനോമുകള്‍ നിയോലിത്തിക്ക് യുഗത്തിന് മുന്‍പുള്ള കാലത്തേതാണെന്നു കണക്കാക്കാം. 

ഇതിനു പുറമേ ടെമ്പറല്‍ പോപ്പുലേഷന്‍ സ്ട്രക്ചര്‍ (ടി.പി.എസ്) അല്‍ഗോരിതം ടൂള്‍ എന്നൊരു സങ്കേതവും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കുകയും അതുപയോഗിച്ച് പുരാതനവും ആധുനികവുമായ 5,000 ജീനോമുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കാലക്രമേണ കൂടുകയോ കുറയുകയോ ചെയ്ത പതിനായിരക്കണക്കിന് മ്യൂട്ടേഷനുകള്‍ വേറേയും ഉണ്ട്. ടി.പി.എസ് ഈ മ്യൂട്ടേഷനുകളും അവയുമായി ബന്ധപ്പെട്ട കാലയളവും തിരിച്ചറിയുകയും അവയെ എട്ട് വിശാലമായ കാലഘട്ടങ്ങളായി തരംതിരിക്കുകയും ചെയ്തിരിക്കുന്നു. ഓരോ വ്യക്തിയുടേയും ജീനുകളില്‍ ഈ മ്യൂട്ടേഷനുകള്‍ അതതു കാലഘട്ടങ്ങളിലെ കയ്യൊപ്പുകളായി പതിഞ്ഞിരിക്കുന്നു. അസ്ഥികൂടങ്ങളുടെ പ്രായവുമായി ആ കയ്യൊപ്പുകള്‍ പൊരുത്തപ്പെടുത്തുന്നതിന് സൂപ്പര്‍വൈസ്ഡ് മെഷീന്‍ ലേണിംഗ് എന്നറിയപ്പെടുന്ന ഒരുതരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടി.പി.എസില്‍ ഉപയോഗിക്കുന്നുണ്ട്. ഡേറ്റിംഗ് രീതി പരിശോധിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം പരസ്പരബന്ധമുള്ള അസ്ഥികൂടങ്ങളുടെ കാലവ്യത്യാസം താരതമ്യം ചെയ്യുക എന്നതാണ്. അസ്ഥികൂടങ്ങള്‍ ജീവിച്ചിരുന്ന വ്യക്തികളുടെ പ്രായം കണക്കാക്കാന്‍ പോരുന്നവയാണെങ്കില്‍ ഈ വിദ്യ പ്രായോഗികമാകും. ഉദാഹരണത്തിന്, അച്ഛന്റേതും മകന്റേതുമാണ് അസ്ഥികൂടങ്ങള്‍ എങ്കില്‍ അവ തമ്മില്‍ ഏകദേശം 17 മുതല്‍ 35 വര്‍ഷം വരെ വ്യത്യാസമുള്ളതായിട്ട് കണക്കാക്കാനാകും. 

ഒരു ബ്ലൈന്‍ഡ് ടെസ്റ്റില്‍ (പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പരീക്ഷണങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ അ!ജ്ഞാതമാക്കിവെയ്ക്കുന്നതാണ് ഒരു ബ്ലൈന്‍ഡ് ടെസ്റ്റ്) ടി.പി.എസ് അനുസരിച്ച് അടുത്ത കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങളുടെ താരതമ്യത്തില്‍ 17 വര്‍ഷത്തെ സമയപരിധിയാണ് ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസമായി തീരുമാനിച്ചത്. മറ്റ് ഡേറ്റിംഗ് രീതികള്‍ക്കായുള്ള നോണ്‍ബ്ലൈന്‍ഡ് ടെസ്റ്റില്‍ ഇത് 68 വര്‍ഷമായിരുന്നു. 

കാലപ്പഴക്കം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും വിവാദമുയര്‍ത്തിയ സൈറ്റുകളിലൊന്നാണ് ചെക്കിയ ബ്രാന്‍ഡിസെക് ശ്മശാനം. ബെല്‍ ബീക്കര്‍ കാലഘട്ടത്തിലേതെന്ന് പിന്നീട് കണ്ടെത്തിയിട്ടുള്ള ബ്രാന്‍ഡിസെക് ശ്മശാനങ്ങളില്‍ 1955നും 1956നും ഇടയിലാണ് പര്യവേഷണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഖനനം മൂലം നശിച്ചുതുടങ്ങിയ ഈ സൈറ്റില്‍നിന്നും മണ്‍പാത്രങ്ങള്‍, എല്ലുകൊ ണ്ടുള്ള പെന്‍ഡന്റ്, ഫ്‌ലിന്റുകള്‍ തുടങ്ങിയ പുരാവസ്തുക്കള്‍ക്കൊപ്പം 22 ശവക്കുഴികളില്‍നിന്ന് 23 പേരുടെ ശരീരാവശിഷ്ടങ്ങളും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. റേഡിയോകാര്‍ബണിന്റേയും പുരാവസ്തു പശ്ചാത്തലത്തിന്റേയും അടിസ്ഥാനത്തില്‍, ഈ ശ്മശാനം ബെല്‍ ബീക്കര്‍ കാലഘട്ടത്തിലേതെന്ന് (4,8003,800 വര്‍ഷങ്ങള്‍ക്കു മുന്‍പ്) തിരിച്ചറിയപ്പെട്ടു. എന്നാല്‍, അതേ റേഡിയോകാര്‍ബണ്‍ പഠനത്തില്‍നിന്നുതന്നെ അസ്ഥികൂടങ്ങളിലൊന്ന് ഏകദേശം 5,500 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതാണെന്നും കണ്ടെത്തുകയുണ്ടായി! 

ഇവിടെനിന്നുള്ള രണ്ട് മൃതദേഹങ്ങളെ മാത്രമേ ശരിയായ രീതിയില്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനു വിധേയമാക്കാന്‍ കഴിയൂ എന്നതിനാല്‍, ഡേറ്റിംഗില്‍ വന്ന പിഴവാണോ അതോ ആയിരക്കണക്കിനു വര്‍ഷങ്ങളായിട്ട് ആചാരപരമായ ശവമടക്കിനു പ്രാധാന്യമുള്ള ഒരു ഇടമാണോ ഈ പ്രദേശം എന്നു വിവേചിച്ചറിയാനോ ഉറപ്പിച്ചു പറയാനോ വിഷമമായിരുന്നു. അക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ കൂടിയാണ് ഡി.എന്‍.എ പഠനം സഹായകമായത്. 

സൈറ്റില്‍നിന്നുള്ള 12 അസ്ഥികൂടങ്ങളെക്കുറിച്ചു നടത്തിയ ഡി.എന്‍.എ പഠനം, നേരത്തെ പരാമര്‍ശിച്ച, കാലത്തെക്കുറിച്ചു സംശയം സൃഷ്ടിച്ച, അസ്ഥികൂടത്തിനു മറ്റുള്ളവയേക്കാള്‍ 1,000 വര്‍ഷം പഴക്കമുണ്ടെന്ന വസ്തുത സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. നിയോലിത്തിക്ക് കാലഘട്ടം മുതല്‍ ഈ പ്രദേശം ഒരു ശ്മശാനഭൂമിയാണെന്നും ഡി.എ.ന്‍എ പഠനം സ്ഥിരീകരിക്കുന്നുണ്ട്. സ്‌റ്റോണ്‍ ഗ്രേവ് പോലെ, ബെല്‍ ബീക്കര്‍ ശ്മശാനങ്ങളുമായി സാധാരണയായി ബന്ധമില്ലാത്ത വാസ്തുവിദ്യാ സവിശേഷതകള്‍ ഈ സൈറ്റിന് ഉള്ളത് എന്തുകൊണ്ടാണെന്നും ഇത് വിശദമാക്കുന്നുണ്ട്. 

പുരാതന മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളില്‍നിന്നും അതിന്റെ കാലപ്പഴക്കം കണക്കാക്കുന്ന കാര്യത്തില്‍ മികച്ച പ്രകടനമാണ് ടി.പി.എസിന്റേത് എന്നതു ശരിയാണെങ്കിലും റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനു പകരമാകുന്നില്ല അത്. 

പുരാതന ഡി.എന്‍.എയുടെ ഡാറ്റാസെറ്റിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ കൃത്യത. തീര്‍ച്ചയായും ടി.പി.എസിന് മനുഷ്യരുടേയും കാര്‍ഷികവേലയ്ക്കുപയുക്തമാക്കിയിരുന്ന മൃഗങ്ങളുടേയും ശരീരാവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയും. എന്നാല്‍, ഇതിനും വിപുലമായ ഡാറ്റ അനിവാര്യമാണ്. 

തീര്‍ച്ചയായും വൈജ്ഞാനികമേഖലയിലെ പുതിയ കുതിപ്പുകള്‍ നമ്മുടെ ഭൂതകാലത്തെക്കുറിച്ചുള്ള ധാരണകള്‍ക്ക് കൂടുതല്‍ തെളിമ നല്‍കാന്‍ സഹായകമാകുകയാണ്. ഡാറ്റാസയന്‍സും ജനിതകശാസ്ത്രവും ചരിത്രവും കൈകോര്‍ക്കുന്നതിലൂടെ പഴയകാലത്തെക്കുറിച്ച് കൂടുതല്‍ മിഴിവാര്‍ന്ന ചിത്രം മനുഷ്യരാശിക്കു കൈവരികയാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com