'ജെ. ദേവികയൊക്കെ എടുത്ത നിലപാട് അപഹാസ്യമാണ്, വലിയ തിയററ്റീഷനാണ് എന്നു ഭാവിച്ചതുകൊണ്ട് കാര്യമില്ല'

ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും സംഘടനകളും കേരളത്തില്‍ രൂപപ്പെട്ടതിന്റെ ചരിത്രം കൂടിയാണ് അജിതയുടെ ജീവിതം
'ജെ. ദേവികയൊക്കെ എടുത്ത നിലപാട് അപഹാസ്യമാണ്, വലിയ തിയററ്റീഷനാണ് എന്നു ഭാവിച്ചതുകൊണ്ട് കാര്യമില്ല'

വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും എണ്‍പതുകളോടെ സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയത്തിലേക്ക് മാറി നടന്നയാളാണ് കെ. അജിത. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും സംഘടനകളും കേരളത്തില്‍ രൂപപ്പെട്ടതിന്റെ ചരിത്രം കൂടിയാണ് അജിതയുടെ ജീവിതം. വിപ്ലവ പോരാട്ടകാലത്തോളം തന്നെ സമരവും കേസും പ്രതിഷേധവും പ്രതിരോധങ്ങളും നിറഞ്ഞ കാലം തന്നെയാണ് പിന്നീടുള്ള ഫെമിനിസ്റ്റ് ജീവിതവും. കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കേസു മുതല്‍ സ്ത്രീ വിമോചനത്തിനായുള്ള സമരങ്ങളില്‍ അസാധ്യമായ മനക്കരുത്തോടെ മുന്നോട്ട് പോകുന്നതാണ് ഈ ജീവിതം. വിപ്ലവകാലത്തിനു ശേഷമുള്ള ഫെമിനിസ്റ്റ് ജീവിതത്തെക്കുറിച്ചും കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങളേയും സംഘടനകളേയും കുറിച്ചും ഇടപെട്ട പ്രധാന കേസുകളെക്കുറിച്ചും പുതിയകാലത്തെ മീറ്റൂ മൂവ്മെന്റിനെക്കുറിച്ചും കെ. അജിത സംസാരിക്കുന്നു.

കേരളത്തില്‍ സ്ത്രീ മുന്നേറ്റങ്ങളും ഫെമിനിസ്റ്റ് സംഘങ്ങളും ഒക്കെയുള്ള തുടക്കകാലം എങ്ങനെയായിരുന്നു?
 
1985-നുശേഷമാണ് സ്ത്രീ മുന്നേറ്റങ്ങളൊ ക്കെ ഉണ്ടാകുന്നത്. യു.എന്‍ വനിതാ ദശകം (വിമന്‍സ് ഡിക്കേഡ്) പ്രഖ്യാപിച്ചിരുന്നു. 1975 മുതല്‍ 1985 വരെ. ആ കാലഘട്ടത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒരുപാട് സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. '80-കളിലൊക്കെയാണ് അത് ഇന്ത്യയിലെത്തുന്നത്. പുറത്തിറങ്ങുന്ന സ്ത്രീകളെ ഔട്ട് ഓഫ് ദ വേ ആയാണ് കണ്ടത്. കാരണം അവര്‍ ചെയ്യേണ്ട കാര്യമല്ല അവര്‍ ചെയ്യുന്നത്, അവര്‍ തന്റേടികളാണ്, മുദ്ര കുത്തപ്പെടേണ്ടവരാണ് എന്നൊക്കെയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍പോലും സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുകയോ നേതൃത്വത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കുകയോ ചെയ്യാത്ത അനുഭവമാണ് ഉണ്ടായത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇത്തരം സ്ത്രീവിരുദ്ധമായ അല്ലെങ്കില്‍ പുരുഷാധിപത്യപരമായ ഘടനയെ ബ്രേക്ക് ചെയ്തുകൊണ്ടാണ് ഫെമിനിസ്റ്റ് മൂവ്മെന്റ് യഥാര്‍ത്ഥത്തില്‍ ഇവിടെ ഉണ്ടാവുന്നത്. 

കെ അജിത അമ്മ മന്ദാകിനി നാരായണനൊപ്പം
കെ അജിത അമ്മ മന്ദാകിനി നാരായണനൊപ്പം

പാശ്ചാത്യ രാജ്യങ്ങളില്‍ പല തട്ടുകളിലായാണ് ഫെമിനിസം വര്‍ക്ക് ചെയ്തത്. ലിബറല്‍ ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, സോഷ്യലിസ്റ്റ് ഫെമിനിസം തുടങ്ങി പല പല വിഭാഗങ്ങളുണ്ട്. ഫെമിനിസം ഒരു മോണോലിത്തിക് സാധനമല്ല. പല സ്റ്റാന്റുകളില്‍നിന്ന് സ്ത്രീപക്ഷത്തേക്ക് എത്തിപ്പെടുന്ന ഒരു മൂവ്മെന്റാണ്. സമൂഹത്തേയും ലോകത്തേയും സ്ത്രീപക്ഷത്ത് നിന്നു നോക്കിക്കാണുക എന്നുള്ളതാണ് ഫെമിനിസ്റ്റ് കാഴ്ചപ്പാട്. അതായത് സ്ത്രീകളുടെ പ്രശ്‌നം മാത്രമല്ല, മൊത്തം പ്രശ്‌നങ്ങളേയും സ്ത്രീപക്ഷത്തുനിന്ന് വിലയിരുത്തുകയാണ്. എന്തിനും ഒരു സ്ത്രീപക്ഷമുണ്ട്. 

സ്ത്രീകളുടെ സ്റ്റോറി ആരും പറയുന്നില്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും ഒക്കെത്തന്നെ സ്ത്രീകള്‍ വഹിച്ച പങ്കെന്ത് എന്നത് ഇന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കയ്യൂര്‍, പുന്നപ്ര, വയലാര്‍ തുടങ്ങിയവയൊക്കെ ഉദാഹരണം. ഇങ്ങനെ കുറേ പ്രശ്‌നങ്ങളുണ്ട്. അതിലൊരു ഗൗരിയമ്മ വന്നിട്ടുണ്ടാകും, സ്ത്രീകളുടെ ഇടയില്‍ നേതാവായിട്ട്. അപ്പോഴും ഇപ്പുറത്ത് അവര്‍ അംഗീകരിക്കപ്പെടുന്നില്ല. അവിടെ പുരുഷാധിപത്യമാണ്. ഒരുപാട് സ്ത്രീകളുടെ കൂടി ഇന്‍വോള്‍വ്മെന്റ് ഉണ്ടായതുകൊണ്ടാണ് ഈ മൂവ്മെന്റുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വളര്‍ന്നത്. ഇടതുപക്ഷ പ്രസ്ഥാനം അങ്ങനെ വളരുമ്പോഴും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയാണ്. അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. 

കോഴിക്കോട് നടന്ന സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനത്തിന്റെ റാലി
കോഴിക്കോട് നടന്ന സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനത്തിന്റെ റാലി

അന്താരാഷ്ട്ര തലത്തിലുള്ള ഫെമിനിസ്റ്റ് മൂവ്മെന്റുകളുടെ സ്വാധീനവും ഇന്ത്യയിലും ഉണ്ടായി. 1985-ല്‍ മുംബൈയില്‍ നടന്ന സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അത് ഇനിയങ്ങോട്ടുള്ള എന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പുതിയ വ്യക്തതയും തിരിച്ചറിവും ഉണ്ടാക്കിയ ദിവസങ്ങളായിരുന്നു. നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി വിപ്ലവ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടപ്പോള്‍ ഒരു കൂട്ടായ്മയുടെ തീരുമാനത്തിനൊത്ത് ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ആ കൂട്ടായ്മയില്‍ സ്ത്രീ പങ്കാളിത്തം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ സ്ത്രീകളെന്ന നിലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിഷയമേ ആയിരുന്നില്ല ആ കൂട്ടായ്മയ്ക്ക്. 

1986-ല്‍ പഞ്ചാബില്‍ നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമെന്‍ സ്റ്റഡീസിന്റെ സമ്മേളനത്തിലും ഞാന്‍ പങ്കെടുത്തു.

ഇഎംഎസ്
ഇഎംഎസ്

കേരളത്തില്‍ പലയിടത്തും അക്കാലത്ത് ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു അല്ലേ? 

അക്കാലത്തുതന്നെ പ്രചോദന എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പ് തിരുവനന്തപുരത്ത് രൂപീകരിച്ചിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നവരും അവരുടെ സുഹൃത്തുക്കളുമായിരുന്നു അതില്‍. ഗംഗ, ഇന്ദിര, ഗീത, ജയശ്രീ തുടങ്ങിയവര്‍. കേഴിക്കോട് ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പ് തുടങ്ങുന്നതിനെക്കുറിച്ച് ഞാന്‍ അവരുമായി സംസാരിക്കുകയും അങ്ങനെ 1987-ല്‍ ബോധന രൂപീകരിക്കുകയും ചെയ്തു. ഞാന്‍, ഗംഗ, സുഹറ, അംബുജം തുടങ്ങിയവരായിരുന്നു ഗ്രൂപ്പില്‍. ആ സമയം ആവുമ്പോഴേക്കും സ്ത്രീകളുടെ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ പല ഭാഗത്തും ഉണ്ടായി. നാലോ അഞ്ചോ പേരൊക്കെയുള്ള ഗ്രൂപ്പുകളാണ്. പക്ഷേ, വളരെ ഡൈനാമിക് ആയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ഇന്ന് സ്ത്രീകള്‍ പരാതി പറയാനൊക്കെ മുന്നോട്ട് വരുന്നുണ്ട്. അന്ന് അതല്ല സ്ഥിതി. പത്രത്തില്‍ ഒരു പീഡന വാര്‍ത്ത കണ്ടാല്‍ ഞങ്ങള്‍ അങ്ങോട്ട് പോകുകയാണ്.

സാറാ ജോസഫിന്റേയും പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ സഹ അദ്ധ്യാപികമാരായ സുമംഗലക്കുട്ടി, ഇന്ദിര, പാര്‍വ്വതി എന്നിവരുടെ മുന്‍കയ്യിലുള്ള ഗ്രൂപ്പായിരുന്നു മാനുഷി. 1986-ല്‍ ഇടുക്കി തങ്കമണിയില്‍ പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലൈംഗികമായ അതിക്രമവും ഉണ്ടായ സംഭവം നടന്നിരുന്നു. മാനുഷി തങ്കമണി ഗ്രാമത്തില്‍ പോയി വീടുകള്‍ കയറിയിറങ്ങി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. മാനഭംഗത്തിന്റെ രാഷ്ട്രീയം എന്ന പേരില്‍ ലഘുലേഖയും അവര്‍ തയ്യാറാക്കി. കേരളം മുഴുവന്‍ വലിയ പ്രതിഷേധം തങ്കമണി സംഭവം ഉണ്ടാക്കിയിരുന്നു. ആ സമയത്ത് വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രചരണം നടത്തിയത്. തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ജസ്റ്റിസ് ശ്രീദേവി കമ്മിഷനെ സംഭവം അന്വേഷിക്കാന്‍ നിയമിച്ചു. നീതിപൂര്‍വ്വമായ ഒരു റിപ്പോര്‍ട്ടായിരുന്നു അവര്‍ നല്‍കിയത്. എണ്‍പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി അതിക്രമം നടത്തിയതായി കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍, സസ്പെന്‍ഷനിലായ ഈ ഉദ്യോഗസ്ഥരെയെല്ലാം തിരിച്ചെടുക്കുകയും പലര്‍ക്കും സ്ഥാനക്കയറ്റം കൊടുക്കുകയുമാണ് നായനാര്‍ സര്‍ക്കാര്‍ ചെയ്തത്. ഈ സംഭവത്തിന്റെ പേരില്‍ വോട്ട് വാങ്ങി അധികാരത്തില്‍ വന്നവരായിരുന്നു. 

പിടി ഉഷ
പിടി ഉഷ

മലപ്പുറംകാരിയായ കുഞ്ഞീബി കോഴിക്കോട് ട്രാഫിക്ക് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവമായിരുന്നു ബോധന ഏറ്റെടുത്ത ആദ്യത്തെ വിഷയം. പ്രതിഷേധ റാലിയും പൊതുയോഗവുമൊക്കെ നടത്തി. പ്രതിഷേധത്തിനൊടുവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും കളക്ടറുടെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒട്ടേറെ ഭാര്യാപീഡന കേസുകളിലും ബോധന അക്കാലത്ത് ഇടപെട്ടു. മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് സമരത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സമരത്തില്‍ പങ്കെടുപ്പിക്കാനും സംഘടനയ്ക്ക് കഴിഞ്ഞു. ഞങ്ങള്‍ ഒരു ഹാന്റ് മൈക്കും പിടിച്ച് തൊഴിലാളി ക്വാര്‍ട്ടേഴ്സുകളില്‍ കയറിയിറങ്ങിയാണ് പ്രചരണം നടത്തിയത്. ബോധനയുടെ ശ്രമഫലമായി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മാവൂര്‍ ടൗണിലൂടെ സ്ത്രീകള്‍ പ്രകടനം നടത്തി. ഒരു ദിവസം സമരസഖാക്കളെ അറസ്റ്റുചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനു പിന്നാലെ വലിയ പ്രതിഷേധം നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് കളക്ടറെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്ത്രീകള്‍ ഘെരാവോ ചെയ്തു. ബോധനയാണ് നേതൃത്വം കൊടുത്തത്. ഞങ്ങളെയെല്ലാം അറസ്റ്റുചെയ്ത് ജയിലിലടച്ചു. തൊഴിലാളി സമരചരിത്രത്തിലും സ്ത്രീ വിമോചന പ്രസ്ഥാന ചരിത്രത്തിലും ഇതൊരു നാഴികക്കല്ലായിരുന്നു. ഇത്തരം ചെറിയ ചെറിയ ഗ്രൂപ്പുകളാണ് കേരളത്തിലെ ഫെമിനിസ്റ്റ് മൂവ്മെന്റിനു തുടക്കം കുറിച്ചത്.

കോഴിക്കോട് നടന്ന സ്ത്രീ വിമോചന പ്രസ്ഥാന ദേശീയ സമ്മേളനം പൊളിക്കാന്‍ സി.പി.എമ്മിന്റെ ഇടപെടലുണ്ടായിരുന്നു എന്ന ആരോപണമുണ്ട്. എന്തിനായിരുന്നു സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം? 

സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനങ്ങള്‍ ആ സമയത്ത് ബോംബെ, ഡല്‍ഹി പോലുള്ള നഗരങ്ങളിലാണ് ഉണ്ടാകാറുള്ളത്. ഒരു തവണ ഞങ്ങള്‍ അത് കേരളത്തില്‍ കോഴിക്കോട് നടത്താന്‍ നിര്‍ദ്ദേശം വെച്ചു. അത് അവര്‍ സമ്മതിച്ചു. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ നാലാം ദേശീയ സമ്മേളനമായിരുന്നു അത്. അങ്ങനെ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തി. മികച്ച നാടകങ്ങളും മറ്റും ഒക്കെയായി ഇളക്കിമറിക്കുന്ന തരത്തിലായിരുന്നു അതിന്റെ ഇടപെടല്‍. 1990 ഡിസംബറിലായിരുന്നു. കേരളത്തില്‍ ഞങ്ങളൊരു കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഉണ്ടാക്കി. ബോധന, മാനുഷി, പ്രബുദ്ധത, സഹജ, ചേതന തുടങ്ങിയ ഫെമിനിസ്റ്റ് ഗ്രൂപ്പുകളെല്ലാം അതിലുണ്ടായിരുന്നു. പ്രചരണങ്ങളും ജാഥയും തെരുവുനാടകങ്ങളും ഒക്കെ നടത്തി. തെരുവുനാടക സംഘം നയിച്ചത് മാനുഷിയായിരുന്നു. സാറാ ജോസഫിനു പുറമെ മകള്‍ ഗീത, ശ്രീജ ആറങ്ങോട്ടുകര, എം.ജി. ശശി, നാരായണന്‍, ഷൈല തുടങ്ങിയവരായിരുന്നു ആ ഗ്രൂപ്പില്‍.

വിജി
വിജി

ഈ സമ്മേളനം നടക്കരുതെന്ന് താല്പര്യമുണ്ടായിരുന്നത് സി.പി.എമ്മിനായിരുന്നു. അത് പൊളിക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തി. ഫെമിനിസ്റ്റ് ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഏറ്റവുമധികം സ്വാധീനിച്ചിരുന്നത് ശാസ്ത്രസാഹിത്യ പരിഷത്തിലെ സ്ത്രീ പ്രവര്‍ത്തകരേയും സി.പി.എം. സ്ത്രീ വിഭാഗമായ മഹിളാ അസ്സോസിയേഷനേയുമായിരുന്നു. മറ്റെല്ലാ സംഘടനകളെക്കാളും അന്നും ഇന്നും വലിയ സ്ത്രീ സംഘടനയാണ് മഹിളാ അസ്സോസിയേഷന്‍. ഇടതുപക്ഷ വിഭാഗത്തിലുള്ള സ്ത്രീകളെ ചിന്തിപ്പിക്കാനും ചലിപ്പിക്കാനും അവര്‍ക്ക് ഈ പുരുഷാധിപത്യപരമായ നേതൃത്വത്തിന്റെ ഇടപെടലുകളെ ചോദ്യം ചെയ്യാനും ഉള്ള ഊര്‍ജ്ജം ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി അവര്‍ക്കു കിട്ടി. തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകള്‍ ആ നിയന്ത്രണങ്ങളെ മറികടക്കാനും തങ്ങളെ ചോദ്യം ചെയ്യാനും ധൈര്യപ്പെട്ടു തുടങ്ങി എന്നു നേതാക്കള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് സമ്മേളനത്തെ ശത്രുതാപരമായി അവര്‍ കണ്ടത്. കുടുംബം തകര്‍ക്കാനുള്ള പ്രസ്ഥാനമെന്നും സ്ത്രീകള്‍ക്കു ലൈംഗികമായി അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനമെന്നും പുരുഷനേയും സ്ത്രീയേയും ഭിന്നിപ്പിക്കാനുള്ള പ്രസ്ഥാനമെന്നും മറ്റും സി.പി.എം പ്രചരിപ്പിച്ചു. സമ്മേളനത്തിനു പിറകില്‍ വിദേശ ഫണ്ട് വാങ്ങുന്ന സംഘടനകളാണെന്നും പ്രചരിപ്പിച്ചു. ഇത്തരം കുപ്രചരണങ്ങള്‍ സമ്മേളനത്തിലേക്ക് ഇടതുപക്ഷ അണികളില്‍നിന്നുള്ള പങ്കാളിത്തം കുറയാന്‍ കാരണമായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്തപ്പോള്‍ സമ്മേളനം നടക്കുന്ന കേരളത്തില്‍നിന്നു കഷ്ടിച്ച് അന്‍പതോളം പേരാണ് പങ്കെടുത്തത്. 

ഈ സമ്മേളനത്തിന്റെ ചരിത്രരേഖകളൊന്നും സൂക്ഷിക്കപ്പെട്ടിട്ടില്ല. അന്ന് സ്വകാര്യ ചാനലുകളൊന്നുമില്ലല്ലോ. തിരുവനന്തപുരം ദൂരദര്‍ശനില്‍ ഞാന്‍ പോയി സംസാരിച്ചിരുന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ ആളെ അയക്കാമെന്നും സമ്മതിച്ചിരുന്നു. പക്ഷേ, ആരും വന്നില്ല. ഇതിലും സി.പി.എമ്മിനു പങ്കുണ്ട്. അവരുടെ സ്ത്രീകള്‍ അവരുടെ പാട്രിയാര്‍ക്കല്‍ അധികാരഘടനയെ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ അവര്‍ ഇത്രയും കാലം അനുഭവിച്ചുകൊണ്ടിരുന്ന സുഖങ്ങളൊക്കെ പോവില്ലേ. അധികാരം പോവില്ലേ. അതു സഹിക്കാന്‍ പറ്റില്ലല്ലോ. 1995-ല്‍ ആണെന്നു തോന്നുന്നു, ഇ.എം.എസ്. തിരുവനന്തപുരത്ത് ഒരു സമ്മേളനത്തില്‍വെച്ച് ആദ്യമായി പാട്രിയാര്‍ക്കി എന്ന വാക്കുപയോഗിക്കുന്നത്. അതുവരെ പാട്രിയാര്‍ക്കി എന്ന കാര്യംപോലും ഇവര്‍ അംഗീകരിച്ചിട്ടില്ല. അങ്ങനെയൊന്ന് നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്ന് സൈദ്ധാന്തികമായി അദ്ദേഹം അംഗീകരിക്കുകയായിരുന്നു ആ സമ്മേളനത്തില്‍. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സമരം ചെയ്യേണ്ടിവന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ നേതൃത്വത്തോടാണ്. 

എംകെ കേളു
എംകെ കേളു

പി.ടി. ഉഷയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലും ബോധനയുടെ ഇടപെടല്‍ ഉണ്ടായിരുന്നു അല്ലേ? 

ഏഷ്യാഡ് തോറ്റ് പി.ടി. ഉഷ കോഴിക്കോട് വന്നപ്പോള്‍ ഉണ്ടായത് ഭീകരമായ അനുഭവങ്ങളായിരുന്നു. നാട്ടുകാര്‍ എന്തൊക്കെ തെറികളാണ് വിളിച്ചത്. മാസികകളില്‍ വരെ മോശപ്പെട്ട രീതിയില്‍ എഴുതി. ആരണ്യകം എന്ന മാസിക ഉണ്ടായിരുന്നു. അതില്‍ ഉഷയെപ്പറ്റി വളരെ മോശമായ രീതിയില്‍ മുഖപ്രസംഗം എഴുതി. കോഴിക്കോട് ലോ കോളേജ് സ്റ്റുഡന്‍സ് ഉഷയ്‌ക്കെതിരെ കോഴിക്കോട് ടൗണില്‍ പ്രകടനം നടത്തി. എന്താണ് ഉഷ ചെയ്ത കുറ്റം? തോറ്റു പോയതോ. ഉഷ അതുവരെ ജയിച്ചതൊന്നും ഇവര്‍ കണക്കിലെടുത്തില്ല. പെണ്ണായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഊന്നിപ്പറഞ്ഞും അവളുടെ സെക്ഷ്വാലിറ്റിയെ വരെ അപമാനിച്ച് കൊണ്ടുമായിരുന്നു അധിക്ഷേപം. സ്പോര്‍ട്സ് പുരുഷന്റെ മേഖലയാണ്, അതു നിന്റെ മേഖലയല്ല എന്നായിരുന്നു അതിന്റെ മെസ്സേജ്. പയ്യോളിയില്‍ ഉഷയുടെ കാര്‍ വളഞ്ഞ് അപമാനകരമായ മുദ്രാവാക്യം വിളിച്ചു. നാട്ടുകാര്‍ മുഴുവന്‍ ബോയ്ക്കോട്ട് ചെയ്ത അവസ്ഥയില്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഉഷ. ഉഷയ്ക്ക് പിന്തുണയുമായി ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയി അവരുമായി സംസാരിച്ചു. പയ്യോളിയില്‍ ഉഷയെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പതിച്ചു. രണ്ട് ദിവസം കഴിഞ്ഞ് പയ്യോളി പൊലീസ് സ്റ്റേഷന് അടുത്തായി ഒരു പൊതുയോഗവും നടത്തി. ഞാനും ഗംഗയുമൊക്കെയുണ്ടായിരുന്നു. ശക്തമായ ഭാഷയിലുള്ള പ്രസംഗങ്ങളായിരുന്നു അന്നു നടത്തിയത്. വലിയ ജനക്കൂട്ടമുണ്ടായിരുന്നു. എതിര്‍ശബ്ദങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഞങ്ങള്‍ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയായിരുന്നു അവര്‍. ഉഷയുടെ ഓര്‍മ്മക്കുറിപ്പിലൊക്കെ ഉഷ ഇക്കാര്യം പറയുന്നുണ്ട്. ബോധനയില്‍ അന്ന് നാലോ അഞ്ചോ പേരെ ഉള്ളൂ. പക്ഷേ, വളരെ ഡൈനാമിക് ആയിരുന്ന പ്രവര്‍ത്തനങ്ങളായിരുന്നു. അതിന് പ്രസിഡന്റും സെക്രട്ടറിയും ഒന്നും ഇല്ല. എല്ലാവരും ഒരുപോലെയാണ്. ചിലര്‍ ഇനീഷ്യേറ്റീവ് എടുക്കും, ചിലര്‍ കൂടുതല്‍ വര്‍ക്ക് ചെയ്യും, അതൊക്കെ ഓരോരുത്തരുടെ താല്പര്യം പോലെ. ആരും ആരെയും നിര്‍ബ്ബന്ധിക്കില്ല. സ്വന്തം മനസ്സില്‍നിന്നു വരുന്ന കാര്യങ്ങള്‍ മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. 

ബോധനയില്‍നിന്നും പിന്നീട് അന്വേഷിയിലേക്ക് എത്തി. ആക്ടിവിസ്റ്റ് സംഘടന എന്നതിലുപരി കൗണ്‍സിലിങ്ങും നിയമപരമായ ഇടപെടലും അന്വേഷി നടത്തുന്നുണ്ട്. എങ്ങനെയായിരുന്നു ആ മാറ്റം?
 
ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കേരളം അക്കാലത്ത് പാകമായിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമായാണ് ബോധന ഇല്ലാതായതിനെ ഞാന്‍ കാണുന്നത്. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സൗഹൃദങ്ങളെ സദാചാരപരമായി കാണുകയും ഫെമിനിസ്റ്റ് ആശയങ്ങളുടെ നിരാകരണവുമായിരുന്നു അന്ന് നടന്നത്. ക്രമേണ മറ്റു ഗ്രൂപ്പുകളും മുമ്പത്തെപ്പോലെ സജീവമായില്ല. ബോധനയ്ക്കു ശേഷം നവോദയ മഹിളാ സമാജം രൂപീകരിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ തുടങ്ങി. സ്ത്രീകള്‍ക്കു തൊഴില്‍ പരിശീലനവും കുട്ടികള്‍ക്ക് ട്യൂഷനുമൊക്കെ നല്‍കാന്‍ സമാജത്തിനു കഴിഞ്ഞു. ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിച്ച തൊഴിലാളി കുടുംബങ്ങളിലായിരുന്നു പ്രവര്‍ത്തനം. എന്റെ വീടിനടുത്തുള്ള വിജിയായിരുന്നു സമാജത്തിന്റെ സെക്രട്ടറി. ഇപ്പോള്‍ പെണ്‍കൂട്ട്, അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വം വഹിക്കുന്നത് വിജിയാണ്. വീടിന്റെ ചട്ടക്കൂടില്‍നിന്നും സ്ത്രീകളെ പുറത്തിറങ്ങി തൊഴിലെടുക്കാന്‍ പ്രാപ്തരാക്കാന്‍ നവോദയ മഹിളാസമാജത്തിനു കഴിഞ്ഞു. നവോദയയുടെ തയ്യല്‍ യൂണിറ്റ് കോഴിക്കോട് ടൗണിലായിരുന്നു. ഞാനും വിജിയും ഷോപ്പിലുണ്ടാകും. മാനുഷിയുടേയും ബോധനയുടേയും പ്രവര്‍ത്തകരും സന്ദര്‍ശകരായി എത്തും. അത്തരം ഒത്തുചേരലുകളാണ് അന്വേഷി വിമന്‍സ് കൗണ്‍സിലിങ്ങ് സെന്റര്‍ എന്ന സംഘടനയുടെ രൂപീകരണത്തിലെത്തിയത്. ബോധന ചെയ്തതുപോലെ വല്ലപ്പോഴുമുള്ള ഇടപെടലുകളല്ല, നിത്യേനയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത് എന്ന ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്വേഷി രൂപീകരിക്കുന്നത്. 1993-ലാണ് അന്വേഷി രജിസ്റ്റര്‍ ചെയ്തത്.

ഐസ്ക്രീം പാർലർ കേസിൽ കുറ്റാരോപിതനായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരായി കെ അജിതയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ഐസ്ക്രീം പാർലർ കേസിൽ കുറ്റാരോപിതനായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരായി കെ അജിതയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

ഏറ്റെടുത്ത പ്രധാനപ്പെട്ട ഒരു കേസായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസ്. കേസുമായി പരമാവധി മുന്നോട്ടു പോയെങ്കിലും വിധി മറിച്ചായിരുന്നു? 

ആ കേസ് അങ്ങനെയെ വരൂ എന്ന് അറിയാമായിരുന്നു. എല്ലാ സാക്ഷികളേയും വിലയ്ക്ക് വാങ്ങുന്നത് ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിധി വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കേസിന്റെ തുടക്കം മുതല്‍ സുപ്രീംകോടതി കേസ് തള്ളുന്നതുവരെയുള്ള നീണ്ട 15 വര്‍ഷങ്ങളില്‍ പൊലീസും കോടതിയും നേതാക്കളും ഭരണതലത്തില്‍ നടത്തിയ കള്ളക്കളികളെല്ലാം ചരിത്രമാണ്. അട്ടിമറികളിലൂടെ ഒരു ക്രിമിനല്‍ കേസ് തേച്ചുമായ്ചു കളഞ്ഞത് നിയമപോരാട്ടങ്ങളുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും. സാധാരണ പരാതിക്കാര്‍ക്കുവേണ്ടിയാണ് പ്രോസിക്യൂഷനും സര്‍ക്കാരും നില്‍ക്കുക. നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി മുന്നോട്ട് വന്ന അന്വേഷി എന്ന സംഘടനയെ പ്രതി ഭാഗത്തോടൊപ്പമോ അതിനേക്കാളോ ഒറ്റപ്പെടുത്താനും അക്രമിക്കാനും ശ്രമിച്ചത് പ്രോസിക്യൂഷനാണ്. പലതരത്തിലായിരുന്നു ഈ കേസിലെ ഇടപെടലുകള്‍.

കേസന്വേഷണം നടക്കുമ്പോള്‍ തന്നെ ഒരു സെക്‌സ് റാക്കറ്റ് വിരുദ്ധ സമരസമിതി അന്വേഷിയുടെ മുന്‍കയ്യില്‍ രൂപീകരിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം തന്നെ ഈ സമിതിയില്‍ സജീവമായിരുന്നു. സമിതിയുടെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ സി.പി.എമ്മിലെ സതീദേവി ആയിരുന്നു. കണ്‍വീനര്‍ ഞാനും. ആയിടയ്ക്ക് ഒരു പത്രത്തില്‍ ഒരു വാര്‍ത്ത വന്നു. പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമല്ല, സി.പി.എം നേതാവും മുന്‍ കോഴിക്കോട് മേയറുമായ ടി.പി. ദാസനും സി.പി.ഐ നേതാവായ അന്നത്തെ മേയര്‍ ഒ. രാജഗോപാലും പ്രതികളാക്കപ്പെടേണ്ടവരാണെന്നും എല്‍.ഡി.എഫ് ഭരണമായതിനാല്‍ കുഞ്ഞാലിക്കുട്ടി മാത്രം അറസ്റ്റു ചെയ്യപ്പെടാനാണ് സാധ്യത എന്നുമാണ് വാര്‍ത്ത. അതു നീതിയല്ല എന്നും മൂന്നു പേരും അറസ്റ്റ് ചെയ്യപ്പെടേണ്ടതാണ് എന്നും അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി കേളു ഏട്ടനെ ഞാന്‍ നേരില്‍ പോയി കണ്ട് സംസാരിച്ചിരുന്നു. പക്ഷേ, സംഭവിച്ചത് ടി.പി. ദാസനും രാജഗോപാലും പതിനൊന്നും പന്ത്രണ്ടും പ്രതികളായി അറസ്റ്റുചെയ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി ഒരിക്കല്‍പോലും പ്രതിചേര്‍ക്കപ്പെട്ടതുമില്ല. 

സു​ഗതകുമാരി
സു​ഗതകുമാരി

പൊലീസിനു കിട്ടിയ തെളിവുകളും റജീന മജിസ്ട്രേറ്റിനു കൊടുത്ത മൊഴിയുമെല്ലാം കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാന്‍ ആവശ്യത്തിലധികമായിരുന്നു. അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. കല്ലട സുകുമാരന്‍ സര്‍ക്കാറിനു കൊടുത്ത റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയും പ്രതികളുടെ വക്താക്കളും കോഴിക്കോട് വന്‍ ഗൂഢാലോചന നടത്തിയത് മാധ്യമങ്ങളില്‍ വന്നിരുന്നു. പല സാമ്പത്തിക ഇടപാടുകളും ആ യോഗത്തില്‍ ഉണ്ടായി എന്നു പറയപ്പെടുന്നു. ആ യോഗത്തിനു ശേഷമാണ് നന്നായി മുന്നോട്ട് പോയിരുന്ന കേസന്വേഷണ ചുമതല സിറ്റി പൊലീസ് കമ്മിഷണര്‍ നീരാറാവത്തിന്റെ കയ്യില്‍നിന്നും ഐ.ജി ജേക്കബ്ബ് പുന്നൂസിന്റേയും ഡി.ഐ.ജി ശേഖരന്‍ മിനിയോടന്റേയും കൈകളില്‍ എത്തിയത്. 

മറ്റൊന്ന്, രണ്ട് പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവം ഉണ്ടായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ഈ സംഭവത്തിനു ബന്ധമുണ്ടായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഞാനും കമ്മിഷണറുടെ അടുത്തുപോയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ആ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ ടൗണ്‍ സി.ഐ എ.വി. ജോര്‍ജിനായിരുന്നു. എന്നാല്‍, തെളിവില്ല എന്ന കാരണം പറഞ്ഞ് സി.ഐ കേസന്വേഷണം നിര്‍ത്തിവെച്ചു. എ.വി. ജോര്‍ജ് ഈ കേസില്‍ ഇടപെട്ടത് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ടായിരുന്നു. റജീനയെക്കൊണ്ട് മൊഴി മാറ്റിപ്പിച്ചതായിരുന്നു അത്. 1998-ല്‍ താന്‍ മജിസ്ട്രേറ്റിനു കൊടുത്ത മൊഴി ശരിയല്ലെന്നും അജിതയും മറ്റും പ്രേരിപ്പിച്ചാണ് അത് കൊടുത്തതെന്നും 1999-ല്‍ റജീന കുന്ദമംഗലം മജിസ്ട്രേറ്റിനു മൊഴി കൊടുത്തിരുന്നു. ഇതിനു നിര്‍ബ്ബന്ധിച്ചും മുന്‍കൈ എടുത്തതും ഈ ഉദ്യോഗസ്ഥനായിരുന്നു. 

മീനാക്ഷി തമ്പാൻ
മീനാക്ഷി തമ്പാൻ

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് കേരളത്തില്‍ വനിതാ കമ്മിഷന്‍ രൂപീകരിക്കപ്പെട്ടത്. എ.കെ. ആന്റണി ആണ് അന്ന് മുഖ്യമന്ത്രി. സുഗതകുമാരി ടീച്ചറെയാണ് ചെയര്‍പേഴ്സണായി തീരുമാനിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ ആറ് അംഗങ്ങളെ കൂടി നിയമിച്ചു. മൂന്ന് എല്‍.ഡി.എഫ് നോമിനികളും മൂന്ന് യു.ഡി.എഫ് നോമിനികളുമാണ് അംഗങ്ങളായത്. സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യുന്ന പ്രമേയം കമ്മിഷനില്‍ വോട്ടിനിട്ടപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ എതിരായി വോട്ടു ചെയ്തു. ചെയര്‍ പേഴ്സണ്‍ അനുകൂലമായി വോട്ടു ചെയ്തതുകൊണ്ടുമാത്രം ആ പ്രമേയം അംഗീകരിക്കപ്പെട്ടു. സുഗതകുമാരി ടീച്ചര്‍ മുഖ്യമന്ത്രി നായനാരെ കണ്ട് പ്രമേയം ഏല്പിച്ചു. ഈ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് അനുവാദം വാങ്ങി വേണമായിരുന്നു തുടര്‍ നടപടികള്‍ ചെയ്യാന്‍. പക്ഷേ, ഈ പ്രമേയം നിയമസഭയില്‍ ഒരിക്കലും അവതരിപ്പിക്കപ്പെട്ടില്ല. ആ സമയത്ത് സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള നിയമസഭാ കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ സി.പി.ഐ നേതാവായിരുന്ന മീനാക്ഷി തമ്പാനായിരുന്നു. ഈ കമ്മിറ്റിയിലും യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങളുണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വോട്ടിനിട്ടപ്പോള്‍ മീനാക്ഷി തമ്പാന്‍ ഒറ്റപ്പെട്ടുപോയി. ഗൗരിയമ്മപോലും റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ എതിര്‍ക്കുകയായിരുന്നു. 

പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും അപവാദങ്ങള്‍ പ്രചരിപ്പിച്ചും കേസില്‍നിന്നു പിന്മാറ്റാന്‍ പരമാവധി ശ്രമിച്ചിരുന്നു. മന്ത്രിയായി കഴിഞ്ഞ ശേഷം ഒരു ദിവസം കോയമ്പത്തൂരില്‍നിന്ന് മന്ത്രിയുടെ സുഹൃത്തായ ഒരു വിജയന്‍ പഴയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടുകൂടി അന്വേഷിയുടെ ഓഫീസില്‍ വന്ന് കേസ് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പല സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു. ഇദ്ദേഹം ചാക്ക് രാധാകൃഷ്ണനായിരുന്നു എന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.

സിവിക് ചന്ദ്രൻ
സിവിക് ചന്ദ്രൻ

സുപ്രീംകോടതിയില്‍ അന്വേഷിയെ പ്രതിനിധീകരിച്ച എനിക്കുവേണ്ടി കേസ് വാദിച്ചത് അഡ്വ. ഇന്ദിര ജയ്സിങായിരുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം സംബന്ധിച്ച മേരി റോയിയുടെ നിയമപോരാട്ടം നടത്തിയതും അവരാണ്. അവര്‍ നേരിട്ട് താല്പര്യമെടുത്ത് സുപ്രീംകോടതിയില്‍ ഈ കേസില്‍ വാദിക്കുകയായിരുന്നു. എന്നാല്‍, വാദിയായ എനിക്കെതിരെ കേരള സര്‍ക്കാരും ഐ.ജി, ഡി.ഐ.ജി എന്നീ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. അഡ്വ കെ.കെ. വേണുഗോപാലായിരുന്നു അവരെ പ്രതിനിധീകരിച്ചത്. ഇത്രയൊക്കെ ശ്രമിച്ചിട്ടും അന്വേഷിക്ക് ഒരു അനുകൂല വിധിപോലും നേടിയെടുക്കാന്‍ കഴിയാതിരുന്നത് മറുവശത്ത് ഏറ്റുമുട്ടിയത് ഭരണതലത്തില്‍ ഏറെ സ്വാധീനമുള്ള, പണം കണക്കില്ലാതെ ഒഴുക്കിയ ഒരു എതിരാളിയോടായിരുന്നു എന്നതിനാലാണ്. 

2006 ജനുവരി 12-നു തെളിവുകളില്ലെന്നു പറഞ്ഞ് ശ്രീദേവിയടക്കം 16 പ്രതികളേയും കോടതി വെറുതെ വിട്ടു. നിയമം എത്രതന്നെ ശക്തമായാലും അതു പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഭരണകൂട സംവിധാനങ്ങളും അതിനെ വ്യാഖ്യാനിക്കുന്ന നീതിന്യായ സംവിധാനങ്ങളുമാണ് ഏതൊരു കേസിന്റേയും ഭാവി തീരുമാനിക്കുന്നത്. ഫൈറ്റ് ചെയ്യാന്‍ പറ്റുന്നിടത്തോളം ഫൈറ്റ് ചെയ്തു. പിന്നെയെന്തു ചെയ്യാന്‍. ജനങ്ങള്‍ക്കറിയാം ആരാണ് ശരി, ആരാണ് തെറ്റ് എന്ന്. ജുഡീഷ്യറിയും പൊലീസും ഒക്കെത്തന്നെ സ്ത്രീവിരുദ്ധമായിട്ടാണ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോടതികളില്‍നിന്നു നീതി ലഭിക്കാനുള്ള സാഹചര്യം വളരെ കുറവാണ്. സൂര്യനെല്ലി മുതലുള്ള അനുഭവം അതുതന്നെയല്ലേ. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അജിതയുടെ ഭാവനയില്‍ ഉണ്ടായ ഒരു സംഭവമാണ് എന്നാണ് പറഞ്ഞത്.

കോടതിവിധി അന്തിമ വിധിയാണെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസ് നോക്കൂ. അയാള്‍ നിരപരാധിയാണെന്നു പറയാന്‍ കഴിയുമോ? ഒരു കന്യാസ്ത്രീ എത്ര വേദനയോടുകൂടിയാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഗത്യന്തരമില്ലാതെ അവര്‍ക്കു പറയേണ്ടിവന്നു. അവരെ കള്ളിയാക്കുകയായിരുന്നോ വേണ്ടത്. കോടതിവിധികള്‍ പലപ്പോഴും സ്ത്രീ വിരുദ്ധമാണ്. എപ്പോഴെങ്കിലും പോസിറ്റീവായ ഒരു വിധി കിട്ടിയതുകൊണ്ട് മാത്രം നമുക്ക് ആശ്വസിക്കാന്‍ പറ്റില്ല.

പോരാട്ട വഴിയിൽ
പോരാട്ട വഴിയിൽ

കേരള സ്ത്രീവേദി എന്ന സംഘടന കേരള രാഷ്ട്രീയത്തില്‍ എങ്ങനെയാണ് ഇടപെട്ടത്? 

കേരളത്തിലെ സ്വതന്ത്ര സ്ത്രീസംഘടനകളുടെ കൂട്ടായ്മയായിരുന്നു 1996-ല്‍ രൂപീകരിച്ച കേരള സ്ത്രീവേദി. അതാത് പ്രദേശങ്ങളില്‍ ഓരോ സംഘടനകളും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കേരളത്തിലെ സ്ത്രീകളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടിയുണ്ടാക്കിയ ഒരു രാഷ്ട്രീയ വേദിയായിരുന്നു കേരള സ്ത്രീവേദി. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം, കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ പല സമരങ്ങളും പ്രതിരോധങ്ങളും കേരള സ്ത്രീവേദി നടത്തിയിരുന്നു. ലൈംഗിക കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കരുത് എന്നത് സ്ത്രീവേദിയുടെ ഒരാവശ്യമായിരുന്നു. അത്തരം വ്യക്തികളെ പരാജയപ്പെടുത്താന്‍ രംഗത്തിറങ്ങുക എന്നതും സംഘടനയുടെ നിലപാടായിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി മത്സരിച്ച പി.ജെ. കുര്യനെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ പ്രചരണം നടത്തിയിരുന്നു. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യന്റെ പങ്ക് അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ തെരഞ്ഞെടുപ്പില്‍ പി.ജെ. കുര്യന്‍ പരാജയപ്പെട്ടു. കുര്യന്‍ തോല്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായിരുന്നു അത്. കുഞ്ഞാലിക്കുട്ടിക്കെതിരേയും നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേയും ഇത്തരത്തില്‍ സ്ത്രീവേദി പ്രചരണം നടത്തിയിരുന്നു. കുറ്റിപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചരണം നടത്തി. കുറ്റിപ്പുറത്ത് കെ.ടി. ജലീല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സന്ദര്‍ഭത്തില്‍ കേരള സ്ത്രീവേദിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്തത് പ്രൊഫ. സുകുമാര്‍ അഴീക്കോടായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും തോറ്റു. 

മറ്റു മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ എങ്ങനെയാണ് സ്ത്രീ സംഘടനകളേയും മുന്നേറ്റത്തേയും കണ്ടത്?
 
കോണ്‍ഗ്രസ്സൊന്നും ഞങ്ങള്‍ക്കു സംവദിക്കാന്‍പോലും കഴിയാത്ത ഒരു ഗ്രൂപ്പായിരുന്നു. അവര്‍ അന്ന് അധികാരത്തിലുള്ള ഗ്രൂപ്പായിരുന്നു. സി.പി.ഐ ആണ് ഞങ്ങളോട് ചില സോഫ്റ്റ് കോര്‍ണര്‍ പുലര്‍ത്തിയിരുന്നത്. മീനാക്ഷി തമ്പാനൊക്കെ ഞങ്ങളെ അംഗീകരിച്ച നേതാവായിരുന്നു. ഞങ്ങളുടെ പരിപാടികളുമായി സഹകരിച്ചിരുന്നു. പക്ഷേ, സി.പി.ഐ പോലും ഇപ്പോഴും സ്ത്രീകള്‍ക്കു വേണ്ടത്ര സ്ഥാനം കൊടുക്കുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. സി.പി.എമ്മിനെ പലപ്പോഴും ഞങ്ങള്‍ക്ക് എതിര്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പൊതു സ്വഭാവം ഇതിനു രണ്ടിനുമുണ്ട്. രാഷ്ട്രീയ ഘടന പാട്രിയാര്‍ക്കലാണ്. 

ഇപ്പോഴും അധികാരത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പാട്രിയാര്‍ക്കല്‍ തന്നെയാണ്. ബി.ജെ.പിയാണെങ്കില്‍ സ്ത്രീകളെ മനുസ്മൃതിയുടെ കാലത്തേക്ക് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ്. സ്ത്രീകളുടെ അടിമത്തം അവര്‍ സ്വയം അംഗീകരിച്ച് മുന്നോട്ടു പോകുക, കുടുംബം നിലനിര്‍ത്തുക, പഴയ സ്ഥിതി നിലനിര്‍ത്തുക, പുരുഷാധിപത്യം നിലനിര്‍ത്തുക, ഇതൊക്കെയാണ് സ്ത്രീകളുടെ കടമ എന്നു പറയുന്നവരാണ്. സ്ത്രീകള്‍ കുങ്കുമം ധരിക്കണം എന്നൊക്കെയല്ലേ പറയുന്നത്. കുങ്കുമം ധരിക്കുന്നത് തന്റെ ഓണര്‍ഷിപ്പ് തന്റെ ഭര്‍ത്താവിന്റെ കയ്യിലാണ് എന്നു വിളിച്ചുപറയുന്ന ഒന്നാണ്. സ്ത്രീ, പുരുഷന്റെ സ്വകാര്യ സ്വത്താണ് എന്നതിന്റെ സിമ്പോളിക് സംഭവമാണിത്. അത് സ്ത്രീകള്‍ക്കു മനസ്സിലാവുന്നില്ല. സൗന്ദര്യത്തിന്റെ ഭാഗമായിട്ടാണ് അതിനെ പലരും കാണുന്നത്. എനിക്ക് ഭര്‍ത്താവുണ്ട് എന്ന് മറ്റുള്ളവരെ കാണിക്കാനും കൂടിയാണ്. നമ്മള്‍ നമ്മുടെ സ്വന്തം ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ഞാന്‍ പറയുക. ഹിന്ദുത്വ പ്രത്യയശാസ്ത്രം എന്നു പറയുന്നത് സ്ത്രീയെ ഏറ്റവുമധികം അടിമപ്പെടുത്തുന്ന സംഗതിയാണ്. അതുപോലെ തന്നെയാണ് ക്രിസ്ത്യന്‍, മുസ്ലിം പ്രത്യയശാസ്ത്രങ്ങളും. വലതുപക്ഷ പാര്‍ട്ടികള്‍ എന്നു പറയപ്പെടുന്ന കോണ്‍ഗ്രസ്സ്-മുസ്ലിംലീഗ് പോലെയുള്ളവയെ ഞങ്ങള്‍ പരിഗണിക്കുകപോലുമില്ല. മതവും രാഷ്ട്രീയവും രണ്ടും രണ്ടാണ് എന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. പൊളിറ്റിക്‌സിലേക്ക് മതം വരുന്നത് അങ്ങേയറ്റം അപകടകരമാണ്. വര്‍ഗ്ഗീയമാണ്. ഇതൊക്കെ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞുപോയ കാര്യമോ വരാന്‍ പോകുന്ന കാര്യമോ അല്ല. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. 

കെആർ ​ഗൗരിയമ്മ
കെആർ ​ഗൗരിയമ്മ

രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചേര്‍ന്നുനില്‍ക്കുന്ന ഫെമിനിസ്റ്റുകള്‍ പല വിഷയങ്ങളിലും പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുന്നതായി കാണാറുണ്ട്? 

സ്ത്രീകള്‍ക്ക് അവെയര്‍നെസ് ഉണ്ടായിവരുന്നതിന് ഒരു പ്രോസസ് ഉണ്ട്. ചിലര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടിയുമായി ബന്ധമുണ്ടാകും. അവര്‍ക്ക് ഫൈറ്റ് ചെയ്ത് കുറച്ച് ഫെമിനിസ്റ്റ് അവെയര്‍നെസും ഉണ്ടാവും. പക്ഷേ, അത് പൂര്‍ണ്ണമൊന്നുമായിരിക്കില്ല. പാര്‍ട്ടിക്കകത്തുള്ള സഖാവാണ് കുറ്റവാളി എന്നാല്‍, അവരാരും മിണ്ടില്ല, എതിര്‍ക്കില്ല. പാര്‍ട്ടി അവരെ അടിച്ചൊതുക്കുകയാണ്. ഈ പ്രതിയെ രക്ഷിക്കുക എന്നതാണ് പാര്‍ട്ടിയുടെ കടമ എന്ന രീതിയിലാണ്. പാര്‍ട്ടിക്കകത്ത് ലൈംഗിക അതിക്രമ കേസുകളുണ്ടായപ്പോള്‍ പാര്‍ട്ടി എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നു നമുക്കറിയാം. പലരും പാര്‍ട്ടിയോട് ഡിപ്പന്റഡ് ആയിരിക്കും.
 
സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാരോപണ കേസില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ആരോപണം കാണുന്നുണ്ട്? 

ഫെമിനിസ്റ്റുകളില്‍ പണ്ടും ഇങ്ങനെയുള്ള ട്രന്‍ഡുകളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ രീതിയില്‍ ഉണ്ടായിട്ടില്ല. ദിലീപിന്റെ കേസ് നോക്കിയാല്‍, അത് സിനിമാലോകത്ത് സംഭവിക്കുന്നതാണ്, നമ്മളെ നേരിട്ട് ബാധിക്കുന്നില്ല എന്ന തോന്നലില്‍ എല്ലാവര്‍ക്കും സ്റ്റാന്‍ഡ് എടുക്കാന്‍ ഒരു പ്രയാസവും ഇല്ല. ഫെമിനിസ്റ്റുകളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അതേ സമയം നമ്മള്‍ നിരന്തരം ഇടപെടുന്ന ആള്‍ക്കാര്‍, നിരന്തരം കാണുന്ന ആള്‍ക്കാര്‍, പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അവരുടെ കൂടെ നിന്നിട്ടുള്ള ആള്‍ക്കാര്‍, പലതരത്തിലുള്ള കമ്മിറ്റ്മെന്റ്സ് ഉള്ള ആള്‍ക്കാര്‍, അങ്ങനെയൊക്കെ വരുമ്പോള്‍ അത് രണ്ട് ഭാഗമാകും. ജെ. ദേവികയെ പോലൊരാളൊക്കെ ഈ കേസില്‍ എടുത്ത നിലപാട് അപഹാസ്യമാണ്. വലിയ തിയററ്റീഷനാണ് എന്നു ഭാവിച്ചതുകൊണ്ട് കാര്യമില്ല. സാധാരണക്കാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. ഞങ്ങളൊക്കെ ആക്ടിവിസ്റ്റുകളാണ്. ആക്ടിവിസ്റ്റുകള്‍ അക്കാദമീഷ്യന്മാരുടെ താഴെയാണെന്നാണ് വെപ്പ്. ഞങ്ങള്‍ക്കു സാധാരണക്കാരുടെ വികാരങ്ങളറിയാം. അതിനനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിജീവിതമാരുടെ വികാരങ്ങള്‍ ഞങ്ങള്‍ക്കറിയാം. 

ഇത്രയും കാലം പെണ്‍കുട്ടികളും സ്ത്രീകളും ഇതുപോലുള്ള അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അനുഭവിച്ചുകൊണ്ട് പ്രതികരിക്കാതെ ജീവിച്ചു പഠിച്ചവരാണ്. അവരെ പ്രതികരിക്കാന്‍ ആരും പഠിപ്പിക്കുന്നില്ല. മതമാണെങ്കിലും കുടുംബമാണെങ്കിലും മറ്റു സാമൂഹ്യ വിദ്യാഭ്യാസ സമ്പ്രദായങ്ങളാണെങ്കിലും പഠിപ്പിക്കുന്നത് അഡ്ജസ്റ്റ് ചെയ്യാനാണ്. അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുക എന്നത് നിങ്ങളുടെ രീതിയല്ല എന്നാണ് പറയുന്നത്. പൊറുക്കല്‍ നീതി എന്നാണ് ദേവികയൊക്കെ പറയുന്നത്. ഈ പൊറുക്കല്‍ നീതി സ്ത്രീകള്‍ക്ക് അന്യമല്ല. സ്ത്രീകള്‍ എത്രയോ കാലം ചെയ്തുകൊണ്ടിരുന്നതാണ്, അവരെക്കൊണ്ട് സമൂഹം ചെയ്യിച്ചുകൊണ്ടിരുന്നതാണ്. സ്ത്രീകളും പെണ്‍കുട്ടികളും ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അത് പോസിറ്റീവായി എടുക്കാന്‍ ദേവികയെപ്പോലുള്ള ഫെമിനിസ്റ്റുകള്‍ക്കു കഴിയുന്നില്ല. പെണ്‍കുട്ടികള്‍ അവരുടെ കൂടുകള്‍ പൊട്ടിച്ച് മുന്നോട്ട് വരുന്നുണ്ട്. അവരെ ഫെമിനിസ്റ്റുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. മീ റ്റൂ പുതിയ ഒരു മൂവ്മെന്റിന്റെ തുടക്കമാണ്. ചെറുപ്പക്കാരുടെ ഭാഗത്തുനിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടിയിട്ടുള്ള ഒരു പ്രവര്‍ത്തനമാണ്.

പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ് നടന്ന പല സംഭവത്തിലും അക്കാലത്ത് കേസുകൊടുക്കാനോ വിളിച്ചുപറയാനോ തോന്നിയിട്ടുണ്ടാകില്ല. അന്ന് തുറന്നുപറഞ്ഞാല്‍ ഒറ്റപ്പെടുന്നത് ഈ പെണ്‍കുട്ടി തന്നെയായിരിക്കും. അവളോട് മിണ്ടാതിരിക്കാന്‍ പറയും. ഇപ്പോഴാണ് സമൂഹത്തില്‍ ഇതൊക്കെ തുറന്നുപറയാന്‍ ഒരന്തരീക്ഷം വന്നുതുടങ്ങിയത്. ആ അന്തരീക്ഷമാണ് ഈ കുട്ടികളെ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലുള്ള സംഭവങ്ങളുണ്ടായി കേസ് കൊടുക്കാത്ത എത്രയോ ആളുകള്‍ ഇപ്പോഴുമുണ്ട്. സിവിക് ചന്ദ്രന്റെ കാര്യത്തിലും ഉണ്ട്. 

സമൂഹത്തില്‍ മാറ്റം വരുത്താന്‍ അധികാരം വേണം എന്നു പറയാറുണ്ട്. എന്തുകൊണ്ടാണ് സംഘടനകള്‍ക്കപ്പുറം രാഷ്ട്രീയത്തിലേക്ക് കടക്കാതിരുന്നത്? അത്തരമൊരു ആലോചനയുടെ ഭാഗമായിരുന്നോ ഗൗരിയമ്മയുമായി ചേര്‍ന്നുണ്ടായ കൂടിക്കാഴ്ചകള്‍? 

ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയ സമയത്ത് അവരോടൊപ്പം നില്‍ക്കാനും പുതിയൊരു പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്താല്‍ അവരോടൊപ്പം പ്രവര്‍ത്തിക്കണമെന്നും ആലോചിച്ചിരുന്നു. അവരുടെ പുറത്താക്കല്‍ നടപടിക്കു മൂന്നു കാരണങ്ങളാണ് ഞാന്‍ കണ്ടത്- നേതാക്കന്മാരെ മുഖത്തു നോക്കി വിമര്‍ശിക്കുന്നത്, പിന്നാക്ക ജാതിയില്‍പ്പെട്ടയാളായതുകൊണ്ട്, മൂന്ന്, അവര്‍ സ്ത്രീയാണ് എന്നത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതില്‍ അവരും വിഷമത്തിലായിരുന്നു. ഈ ഒരു അവസരം ഉപയോഗപ്പെടുത്തിയാല്‍ വ്യവസ്ഥാപിത മുഖ്യധാര പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ത്രീ-ജാതി-പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ബദല്‍ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു ജനകീയ പ്രസ്ഥാനത്തിന് ഗൗരിയമ്മ നേതൃത്വം കൊടുക്കുകയാണെങ്കില്‍ ശക്തമായി മുന്നേറാനാവുമെന്നു ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ കെ. വേണുവും ഉണ്ടായിരുന്നു. ഞങ്ങള്‍ പലപ്പോഴും ഗൗരിയമ്മയെ പോയി കണ്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. 

പെട്ടെന്ന് ഒരു പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നതിനോട് ഞങ്ങള്‍ക്കു യോജിപ്പില്ലായിരുന്നു. കുറച്ചു വര്‍ഷങ്ങളെടുത്ത് ഉചിതമായ സമയത്ത് പാര്‍ട്ടി രൂപീകരണം നടത്തുകയാണ് നല്ലതെന്നു ഞങ്ങള്‍ ഗൗരിയമ്മയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആലപ്പുഴയില്‍ ഗൗരിയമ്മയുടെ ചില സ്വീകരണയോഗങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നു. ഗൗരിയമ്മയോടൊപ്പം ഒരു ബദല്‍ പ്രസ്ഥാനത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അവര്‍ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ പോവുകയാണെന്നറിഞ്ഞത്. ഞങ്ങള്‍ പറയുന്ന പുതിയ രീതിയില്‍ ഗൗരിയമ്മയ്ക്ക് വലിയ വിശ്വാസവും ഉണ്ടായിരുന്നില്ല. പാര്‍ട്ടിയില്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്ന പരമ്പരാഗത ധാരണയില്‍നിന്നുകൊണ്ട് അവര്‍ ജെ.എസ്.എസ് എന്ന പാര്‍ട്ടിയുണ്ടാക്കി. ഒരു പുതിയ ബദല്‍ പ്രസ്ഥാനം ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ഉണ്ടാകില്ലെന്നു ബോധ്യപ്പെട്ടതോടെ ക്രമേണ ഞാന്‍ ഒഴിഞ്ഞുമാറി. ഗൗരിയമ്മയുമായി ഒരു പൊളിറ്റിക്കല്‍ അലൈന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചത് സ്ത്രീകള്‍ക്ക് അധികാരം ഉണ്ടാവണം എന്ന ആശയം വെച്ചുതന്നെയായിരുന്നു. 

ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഘടന പാട്രിയാര്‍ക്കല്‍ ആണ്. നേതാക്കന്മാര്‍ നല്ലതോ ചീത്തയോ എന്നതല്ല പ്രശ്‌നം, അതിന്റെ ഘടനയാണ്. ഹയറാര്‍ക്കിക്കല്‍ സ്ട്രക്ചര്‍ എന്നു പറയും ഫെമിനിസ്റ്റ് ഭാഷയില്‍. നേതാവ്-അണി എന്നൊക്കെ രീതിയിലുള്ള ഘടന. അത്തരം സ്ട്രക്ചറില്‍ പുരുഷാധിപത്യം കൊടിക്കുത്തി വാഴുന്ന അവസ്ഥയാണുള്ളത്. ഏതു പാര്‍ട്ടിയായാലും. 

പൊളിറ്റിക്‌സിലേക്ക് സ്ത്രീകള്‍ക്കു പ്രത്യേകമായി ഇറങ്ങാന്‍ പറ്റണം. സ്ത്രീകള്‍ക്കൊരു രാഷ്ട്രീയപ്പാര്‍ട്ടി വേണം എന്ന് എപ്പോഴും വാദിക്കുന്നൊരാളാണ് ഞാന്‍. എന്റെ മനസ്സില്‍നിന്ന് ആ ആശയം പോയിട്ടൊന്നുമില്ല. അതു പുതിയ കുട്ടികള്‍ ഏറ്റെടുക്കട്ടെ. എനിക്കിനി അതിനുള്ള ആരോഗ്യം ഒന്നുമില്ല. പുതിയ കുട്ടികളും പഴയ ആളുകളും കൂടിച്ചേര്‍ന്ന് ഇങ്ങനെയൊന്ന് ഉണ്ടാക്കുകയാണെങ്കില്‍ വളരെ നല്ലതാണ്. ഇപ്പോള്‍ ഒരുപാട് ചര്‍ച്ചകളും ചലനങ്ങളും സ്ത്രീപ്രശ്‌നങ്ങളില്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. പോസിറ്റീവായ ഡവലപ്‌മെന്റ്‌സും സമൂഹത്തിലുണ്ടാകുന്നുണ്ട്. യൂറോപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയൊക്കെ ഉണ്ടായില്ലേ. അതുപോലെ ഭാവിയില്‍ ഉണ്ടായിക്കൂടായ്കയൊന്നുമില്ല. സ്ത്രീകള്‍ അതിലേക്കു മെല്ലെ മെല്ലെ വരുന്നുണ്ട് എന്നാണ് എന്റെ പക്ഷം. ഞങ്ങളുടെ തലമുറ അടിത്തറ പാകിയിട്ടുണ്ട്. ഇനി പുതിയ തലമുറ ഏറ്റെടുക്കട്ടെ. ഇപ്പോ എനിക്ക് ആരോഗ്യമില്ലാത്തതുകൊണ്ടാണ്. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇനിയും ഇറങ്ങുമായിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com