തടവറകളില്‍ നരക യാതന അനുഭവിക്കുന്ന ഹതഭാഗ്യര്‍

സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി പോരടിച്ചവരുടെ ദയനീയമായ അവസ്ഥ കാണുമ്പോള്‍ തോന്നുന്നത് നമ്മള്‍ കൊളോണിയല്‍ ഭരണത്തിലേക്ക് തിരിച്ചുപോകുന്നുവെന്നാണ്
തടവറകളില്‍ നരക യാതന അനുഭവിക്കുന്ന ഹതഭാഗ്യര്‍

ഇരുണ്ട ദിനങ്ങള്‍ക്ക് എന്നാണ് അന്ത്യമാവുക? അല്ലെങ്കില്‍ എന്റെ ദൃഷ്ടിയില്‍ എവിടെയെങ്കിലും വെളിച്ചം തെളിയുന്നുണ്ടോ? ഞാന്‍ അവിടേക്ക് എത്തുകയാണോ? അതോ പാതിവഴിയിലോ അതോ ഈ പീഡനകാലം തുടങ്ങിയിട്ടേ ഉള്ളോ? സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി എത്തിയെന്ന് അവര്‍ പറയുന്നു. എന്നാല്‍, സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി പോരടിച്ചവരുടെ ദയനീയമായ അവസ്ഥ കാണുമ്പോള്‍ തോന്നുന്നത് നമ്മള്‍ കൊളോണിയല്‍ ഭരണത്തിലേക്ക് തിരിച്ചുപോകുന്നുവെന്നാണ്. അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ കാലമാണ് ഇത്. 

2022 സെപ്റ്റംബര്‍ 13-ന് രോഹിത് കുമാറെന്ന കൂട്ടുകാരനെഴുതിയ തുറന്ന കത്തില്‍ ജീവിതത്തില്‍ പ്രതീക്ഷ ഇല്ലാതാകുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥിനേതാവും ആക്റ്റിവിസ്റ്റുമായ ഉമര്‍ ഖാലിദ് വിവരിക്കുന്നു. 'ദ് വയര്‍' പ്രസിദ്ധീകരിച്ച ആ കത്തില്‍ വിചാരണത്തടവുകാരുടെ അവകാശനിഷേധങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഡല്‍ഹി കലാപത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി എന്ന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ് ഉമര്‍ ഖാലിദിനെ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ട് രണ്ടുവര്‍ഷം കഴിയുന്നു. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും കോടതി അംഗീകരിച്ചിട്ടില്ല. സ്വാതന്ത്ര്യം കാത്ത് കിടക്കുന്ന അനേകം വിചാരണ തടവുകാരിലൊരാളാണ് ഉമര്‍ ഖാലിദും. 
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 80 ശതമാനവും വിചാരണത്തടവുകാരാണെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തു തടവുകാരില്‍ എട്ടു പേര്‍ വിചാരണത്തടവുകാരാണ്. 2021-ലെ പ്രിസണ്‍ സ്റ്റാറ്റിക്സ് ഇന്ത്യ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 5.54 ലക്ഷം പേര്‍ തടവില്‍ കഴിയുന്നു. ഇതില്‍ 4.27 ലക്ഷം പേര്‍ വിചാരണത്തടവുകാരാണ്. അതായത് മൊത്തം തടവുകാരുടെ 77 ശതമാനത്തോളം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴികെ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും വിചാരണത്തടവുകാരുടെ എണ്ണം അറുപതു ശതമാനത്തിലധികമാണ്. ഡല്‍ഹിയിലെ ജയിലുകളില്‍ 91 ശതമാനത്തിലധികമാണ് വിചാരണത്തടവുകാരുടെ എണ്ണം. അതായത് 10 തടവുകാരില്‍ ഒന്‍പതു പേരും വിചാരണ കാത്തുകിടക്കുന്നു.

ഉമർ ഖാലിദ്
ഉമർ ഖാലിദ്

മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ വിചാരണ വൈകിയ 24,033 പേര്‍ തടവറയില്‍ കഴിയുന്നു. വിചാരണ കാത്ത് അഞ്ച് വര്‍ഷത്തിലധികം കഴിഞ്ഞ 11,490 പേരുണ്ട്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഇത്തരത്തില്‍ കൂടുതല്‍ ആളുകളും തടവില്‍ കഴിയുന്നത്. വിചാരണത്തടവുകാരില്‍ 21.08 ശതമാനം പട്ടികവിഭാഗത്തില്‍പ്പെട്ടവരാണ്. 9.88 ശതമാനം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും. 18 ശതമാനം പേര്‍ മുസ്ലിങ്ങളാണ്. ജയിലുകളിലെ ഒക്യൂപെന്‍സി റേറ്റ് 2020-ല്‍ 120 ശതമാനമായിരുന്നത് 2021-ല്‍ 130 ശതമാനമായി. തടവുകാരുടെ എണ്ണം 4,25,609 പേരില്‍നിന്ന് 5,54,034 പേരായി ഉയര്‍ന്നു. കൊവിഡിന്റെ രണ്ടാംതരംഗ സമയത്ത് (2021 മാര്‍ച്ച്-ജൂലൈ കാലയളവില്‍) അറസ്റ്റുകള്‍ പരിമിതപ്പെടുത്താനും രോഗവ്യാപനം ഒഴിവാക്കാന്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കാനും നിര്‍ദ്ദേശമുണ്ടായിട്ടും 17 സംസ്ഥാനങ്ങളിലായി 93,526 പേരെ മാത്രമാണ് മോചിപ്പിച്ചത്. 2021 ഡിസംബറില്‍ 36 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളിലും ജയിലുകള്‍ നിറഞ്ഞു. ഇതിലേറ്റവും ഉയര്‍ന്നത് ഉത്തരാഖണ്ഡിലായിരുന്നു. 185 ശതമാനമായിരുന്നു അവിടുത്തെ ഒക്യുപെന്‍സി റേറ്റ്. ഏറ്റവും കുറവ് രാജസ്ഥാനിലും, 100.2 ശതമാനം.

അവകാശനിഷേധത്തിന്റെ നാളുകള്‍

കൊവിഡ് വ്യാപനത്തിന്റെ സമയത്ത് ഫോണ്‍ കോളുകളും കത്തുകളും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചപോലും നിഷേധിക്കപ്പെട്ടു. ഏകാന്തമായ സെല്ലിലേക്ക് ഒറ്റപ്പെട്ട് തള്ളുന്നതുപോലെ മനുഷ്യഹീനമായ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചില കോടതി ഇടപെടലുകള്‍ ഉണ്ടായി. തടവുകാര്‍ക്ക് വാക്സിനേഷന്‍ അത്തരത്തിലൊന്നായിരുന്നു. എന്നിട്ടും കുടുംബാംഗങ്ങളുമായുള്ള സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ല. ജയില്‍ ജീവനക്കാരുടെ വിവേചനവും ദുരുപയോഗവും സംബന്ധിച്ച് തടവുകാര്‍ക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ പരിഹാരം പോലും സാധ്യമാകാതെ വന്നു. ഇന്നും തടവുകാരുടെ ഇടക്കാല മോചനത്തിനായി വിവിധ സംസ്ഥാനങ്ങളിലെ എച്ച്.പി.സികള്‍ തീരുമാനിച്ച മാനദണ്ഡങ്ങളല്ല പരിഗണിക്കപ്പെടുക. എല്ലാ മനുഷ്യജീവനും തുല്യത എന്ന അടിസ്ഥാന തത്ത്വം അവിടില്ല. പ്രായം, ആരോഗ്യം, രോഗാവസ്ഥകള്‍, മറ്റ് ശാരീരിക ദൗര്‍ബ്ബല്യം എന്നിവ ഘടകങ്ങളേയാകുന്നില്ല. കുറ്റകൃത്യത്തിന്റെ തീവ്രത, ശിക്ഷാ കാലാവധി എന്നിവ മാത്രമായിരുന്നു അടിസ്ഥാനം. ഏകപക്ഷീയമായ ഒരു തരംതിരിക്കലായിരുന്നു അത്. 

വെർനൻ ​ഗോൺസാൽവസ്, സ്റ്റാന്‍ സ്വാമി, അരുൺ ഫെറേറിയ, സുധ ഭരദ്വാജ്, ​​ഗൗതം നവലാഖ
വെർനൻ ​ഗോൺസാൽവസ്, സ്റ്റാന്‍ സ്വാമി, അരുൺ ഫെറേറിയ, സുധ ഭരദ്വാജ്, ​​ഗൗതം നവലാഖ

എഴുപതുവയസ്സ് കഴിഞ്ഞ ഗൗതം നവലാഖയ്ക്ക് കൊതുക് വലയ്ക്കുവേണ്ടി കോടതിയില്‍ ഹാജരാകേണ്ടിവന്നു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയുടെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായിരുന്ന, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ഗൗതം ജീവിതം മുഴുവന്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിച്ച മനുഷ്യനായിരുന്നു. വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്ന ട്രേഡ് യൂണിയന്‍ ആക്റ്റിവിസ്റ്റ് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ മുംബൈ ജെ.ജെ. ആശുപത്രിയിലായിരുന്നു. സുരക്ഷയെ ബാധിക്കുമെന്ന വാദിച്ച്  ജയില്‍ അധികൃതര്‍ കൊതുകുവല അദ്ദേഹത്തിനു നിഷേധിച്ചിരുന്നു. 84-ാം വയസ്സില്‍ സ്റ്റാന്‍സ്വാമി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ച് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. ഒരു സ്പൂണോ സ്ട്രോയോ കിട്ടണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അതും നിഷേധിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. 

ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തകരും അദ്ധ്യാപകരുമായ എഴുത്തുകാരുമായ 16 പേരാണ് തടവിലാക്കപ്പെട്ടത്. ഹാനി ബാബു, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെന്‍, സുധീര്‍ ധാവ്ലെ, മഹേഷ് റൗത്ത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ സുധ ഭരദ്വാജിനും വരവരറാവുവിനും മാത്രമാണ് ജാമ്യം ലഭിച്ചത്. അതും നീണ്ട ജയില്‍വാസത്തിനൊടുവില്‍. കെട്ടിച്ചമച്ച തെളിവുകളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസിലാണ് ഇത്തരത്തില്‍ ഇന്ത്യയിലെ ധാരാളം പ്രമുഖര്‍ ഇന്നും തടവില്‍ കഴിയുന്നത്. ഗുജറാത്ത് വംശഹത്യകേസില്‍ ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റ സെറ്റല്‍വാദും കലാപത്തില്‍ മോദിക്കും കൂട്ടര്‍ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയ ആര്‍.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും തടവറയിലായി. ടീസ്റ്റയ്ക്ക് പിന്നീട് കടുത്ത നിബന്ധനകളോടെ ജാമ്യം നല്‍കി. കേസില്‍ മോദിക്ക് ക്ലീന്‍ചീറ്റ് നല്‍കിയ കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റിലായി. കര്‍ശന വ്യവസ്ഥകളോടെയാണ് സുബൈറിനും ജാമ്യം കിട്ടിയത്. രാഷ്ട്രീയത്തടവുകാരേക്കാള്‍ മോശമാണ് മറ്റു കേസുകളില്‍പ്പെടുന്നവരുടെ അവസ്ഥ. 

2021-ല്‍ 1.47 കോടി പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2020-ലാകട്ടെ, 7.7 ലക്ഷവും. ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും നിരക്ഷരരുമാണ്. മൊത്തം തടവുകാരില്‍ 25.2 ശതമാനം പേരും നിരക്ഷരരാണ്. രാജ്യത്തെ വിചാരണത്തടവുകാരില്‍ 25 ശതമാനവും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെന്നും മുസ്ലിം വിചാരണത്തടവുകാര്‍ കൂടുതലുള്ള അസം, പശ്ചിമ ബംഗാള്‍, യു.പി സംസ്ഥാനങ്ങളില്‍നിന്നുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുല്‍ വഹാബ് ഉന്നയിച്ച  ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇക്കാര്യം പറഞ്ഞത്. ദീര്‍ഘകാലമായി ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരേയും ചെറിയ കുറ്റങ്ങള്‍ക്കു തടവുശിക്ഷ അനുഭവിക്കുന്നവരേയും മോചിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഉടന്‍ തയ്യാറാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 

വരവരറാവു
വരവരറാവു

പത്തുവര്‍ഷത്തിലധികം വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതാണ് ഉചിതമെന്ന് സുപ്രീംകോടതി പോലും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിചാരണത്തടവുകാര്‍ നിരപരാധികളാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ അവര്‍ക്ക് ജീവിതം തിരിച്ചുകിട്ടില്ലെന്ന് അന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദരേഷ് എന്നിവര്‍ വ്യക്തമാക്കിയിരുന്നു. വിചാരണത്തടവുകാരേയും ചെറിയ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരേയും മോചിപ്പിക്കുന്നതിനുള്ള നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ 2020-ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ തടവുകാരില്‍ 59 ശതമാനം പേര്‍ വിചാരണത്തടവുകാരാണ്. പന്തീരങ്കാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിജിത് വിജയനടക്കം മിക്കവരും രണ്ടുവര്‍ഷത്തിലേറെയായി ജയിലിലാണ്. രൂപേഷ് ഏഴുവര്‍ഷമായി വിചാരണത്തടവുകാരനായി ജയിലിലാണ്. ഡോ. ദിനേശ്, രാജീവ്, ഉസ്മാന്‍, രാജന്‍, ചൈതന്യ, കൃഷ്ണമൂര്‍ത്തി, ആഞ്ജനേയലു, അയ്യപ്പന്‍ രാഘവേന്ദ്ര, ഡാനീഷ് എന്നിവരൊക്കെ വിചാരണത്തടവുകാരായി തുടരുന്നു. 2014 മുതല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച കടുത്ത നിബന്ധനകളോടെ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി. 2014-ല്‍ മഅദ്നിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇത് പാലിക്കപ്പെട്ടില്ല.  

2017-ല്‍ 25 സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ട ബുര്‍ക്പാലിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പേരില്‍ ഒട്ടേറെ ആദിവാസികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റക്കാരല്ലെന്നു ബോധ്യപ്പെട്ടതോടെ 121 പേരെ വിട്ടയച്ചു. വിചാരണത്തടവുകാരില്‍ പലരും സ്വന്തം ജാമ്യത്തിനുള്ള പണം പോലും അടയ്ക്കാന്‍ കഴിയാത്തവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരെ സാമ്പത്തികമായും നിയമപരമായും സഹായിക്കുന്നതില്‍പോലും പല കുടുംബങ്ങളും നിസ്സഹായരാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് നാലു വര്‍ഷം കഴിഞ്ഞ് 2021 ഓഗസ്റ്റില്‍ മാത്രമാണ് ഈ കേസിന്റെ വിചാരണ നടന്നത്. തടവിലാക്കപ്പെട്ട ആദിവാസികളില്‍ പലര്‍ക്കും തങ്ങളെന്ത് കുറ്റമാണ് ചെയ്തതെന്നുപോലും അറിയില്ലായിരുന്നു. ഇത്രയും കാലം തടവില്‍ കഴിഞ്ഞതിനും നഷ്ടമായ വരുമാനത്തിനും പകരം ഛത്തീസ്ഗഡ് പൊലീസ് നഷ്ടപരിഹാരം നല്‍കണമെന്ന് പറയുന്നു ബെല ഭാട്ടിയയെപ്പോലുള്ളവര്‍. കുറ്റാരോപിതരുടെ അഭിഭാഷകനായിരുന്നു ബെല ഭാട്ടിയ.

വൈകിവരുന്ന നീതിനിഷേധത്തിനു തുല്യമെങ്കില്‍ ഒരു കുറ്റാരോപണത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം വിചാരണത്തടവുകാരനായി ജയിലില്‍ കിടക്കേണ്ടിവരുന്നത് വലിയ അനീതി തന്നെയാണ്. കുറ്റം തെളിയാതെ മുന്‍കൂര്‍ ശിക്ഷ ഏറ്റുവാങ്ങി തടവറകളില്‍ നരകയാതന അനുഭവിക്കുന്ന ഈ ഹതഭാഗ്യരുടെ ജീവിതം ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഭരണസംവിധാനവും നീതിന്യായവ്യവസ്ഥയും ജനാധിപത്യവും ഉള്‍ക്കൊള്ളേണ്ടതാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com