ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ ഓര്‍മ്മകള്‍ 

സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ആ മനുഷ്യനില്‍നിന്ന് വന്നിരുന്ന ഫോര്‍ഹാന്‍ഡ് ഷോട്ടും മനസ്സില്‍ തെളിയാത്തവരുണ്ടാവില്ല
ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ ഓര്‍മ്മകള്‍ 

ഴിഞ്ഞ രണ്ട് ദശകത്തില്‍ എന്തായിരുന്നു ടെന്നീസ്? ഇങ്ങനെ ഒരു ചോദ്യം മുന്‍പിലേക്ക് എത്തിയാല്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ആ മനുഷ്യനില്‍നിന്ന് വന്നിരുന്ന ഫോര്‍ഹാന്‍ഡ് ഷോട്ടും മനസ്സില്‍ തെളിയാത്തവരുണ്ടാവില്ല. ആദ്യമായി ഗ്രാന്‍ഡ്‌സ്ലാമില്‍ മുത്തമിട്ട 2003-ലെ വിംബിള്‍ഡണ്‍. ഇവിടെ ഫൈനലില്‍ ആദ്യ സെറ്റിലെ ടൈ ബ്രേക്കറില്‍ ഈസ്റ്റേണ്‍ ഗ്രിപ്പില്‍നിന്ന് മാര്‍ക്ക് ഫിലിപ്പോസിസിനെതിരെ തൊടുത്ത ഫോര്‍ഹാന്‍ഡ് ഷോട്ട്. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍, തന്റെ 36-ാം വയസ്സില്‍ നദാലിനെ വീഴ്ത്തിയതും അണുവിട തെറ്റാത്ത കൃത്യതയോടെ വന്ന ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ കരുത്തില്‍ തന്നെ. 24 വര്‍ഷം കോര്‍ട്ടില്‍ പൂത്തുലഞ്ഞ 'സ്വിസ് വസന്തം' ലോകത്തിന്റെ മനം നിറച്ച ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ കഥ ഫെഡററുടെ ജന്മനാട്ടിലെ റൈന്‍ നദിപോലെയാണ്. അതങ്ങനെ മനോഹരമായി ഒഴുകിക്കൊണ്ടിരിക്കും. കോര്‍ട്ടിനോട് എന്നന്നേയ്ക്കുമായി അയാള്‍ വിടപറയുമ്പോള്‍ വരുന്നൊരായിരം തലമുറകളോളം അതിജീവിക്കാന്‍ പോകുന്നത് ഈ ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ കഥ മാത്രമല്ല. ഒറ്റക്കയ്യന്‍ ബാക്ക്ഹാന്‍ഡ് ഷോട്ടും സെര്‍വ്വിലെ കരുത്തും കോര്‍ട്ടിലെ ചടുതലയും റാലികളിലെ കൗശലങ്ങളുമുണ്ട്. എല്ലാത്തിനും മുകളില്‍, അയാളുടെ യഥാര്‍ത്ഥ കരുത്ത് അയാളുടെ മനസ്സ് തന്നെയാണ്. 

റോജർ ഫെഡറർ
റോജർ ഫെഡറർ

ഫെഡറര്‍ക്കു മാത്രം സ്വന്തമായ ആ കളിയഴക് ചരിത്രത്തിലേക്ക് മറയുകയാണ്. ടെന്നീസ് ഇത്ര അനായാസമോ എന്നു തോന്നിപ്പിക്കുംവിധം കോര്‍ട്ടില്‍ നിറഞ്ഞുകളിച്ച ഫെഡറര്‍ ഒരു ജാലവിദ്യക്കാരന്‍ കൂടിയായിരുന്നു. നമ്മളോരോരുത്തരുടേയും പ്രായം നിശബ്ദമായി മുന്‍പോട്ട് പോകുമ്പോള്‍ ഫെഡറര്‍ കളിച്ചുകൊണ്ടേയിരുന്നു, ജയിച്ചുകൊണ്ടേയിരുന്നു. നമ്മളോ ഈ ലോകമോ മാറുന്നില്ലെന്നു വിശ്വസിപ്പിച്ച് കോര്‍ട്ടില്‍ പ്രാവിനെപ്പോലെ പറന്നുയര്‍ന്നു ഫെഡറര്‍ എന്ന ജാലവിദ്യക്കാരന്‍. എന്നാല്‍, പുതിയൊരു യുഗത്തിലേക്ക് മാറിക്കഴിഞ്ഞു എന്ന് 2022 സെപ്തംബര്‍ 23-ഓടെ നമുക്കു സമ്മതിക്കേണ്ടിവന്നിരിക്കുന്നു. 

ഫെഡററുടെ നേട്ടങ്ങള്‍ക്കുറിച്ച് നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 20 ഗ്രാന്‍ഡ്‌സ്ലാം, 103 എ.ടി.പി കിരീടങ്ങള്‍, 310 ആഴ്ച ലോക ഒന്നാംനമ്പര്‍ താരം. 1251 ജയങ്ങള്‍... ജയങ്ങള്‍ മാത്രമാണോ? ഐതിഹാസിക യാത്രയില്‍ കോര്‍ട്ടില്‍ ഫെഡറര്‍ വീണ നിമിഷങ്ങളും ലോകം ഹൃദയത്തിലേറ്റി. 2008-ലെ മഴയില്‍ കുതിര്‍ന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ കൗമാരതാരം നദാലിനു മുന്‍പിലെ വീഴ്ച്ച. അഞ്ച് സെറ്റ് നീണ്ട 2011-ലെ യു.എ.സ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനു മുന്‍പില്‍ കാലിടറിയത്. ഏറ്റവും ഒടുവിലായിതാ നദാലിനെ കൂടെക്കൂട്ടിയിറങ്ങിയ ലേവര്‍ കപ്പിലെ തോല്‍വി...

പ്രൊഫഷണല്‍ ടെന്നീസ് താരം എന്ന നിലയില്‍ ഫെഡററുടെ ആദ്യ മത്സരം 1998-ലായിരുന്നു. സ്വിസ് ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍. ടെന്നീസ് ലോകം കാല്‍ക്കീഴിലാക്കാന്‍ പോവുകയായിരുന്ന 17-കാരനെ അന്നു തോല്‍പ്പിച്ച് വിട്ടതിന്റെ പേരിലാണ് അര്‍ജന്റൈന്‍ താരം അര്‍നോള്‍ഡ് കെറിനെ ലോകം അടയാളപ്പെടുത്തുന്നതുപോലും. വമ്പന്‍ വേദികളിലെ തുടര്‍ ജയങ്ങളല്ല കരിയറിന്റെ തുടക്കത്തില്‍ ഫെഡററെ വരവേറ്റത്. ഫ്രെഞ്ച് ഓപ്പണിലെ കളിമണ്‍ കോര്‍ട്ടിലായിരുന്നു ഫെഡററുടെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം മത്സരം, 1999-ല്‍. ആദ്യ റൗണ്ടില്‍ത്തന്നെ ലോക മുന്‍ ഒന്നാംനമ്പര്‍ താരമായ പാട്രിക് റാഫ്റ്ററിനോട് തോറ്റ് പുറത്ത്. തന്റെ പ്രിയപ്പെട്ട ഇടമായി മാറിയ വിംബിള്‍ഡണ്‍ കോര്‍ട്ടിലേക്ക് ഫെഡറര്‍ ആദ്യമെത്തുന്നതും ഈ വര്‍ഷം തന്നെ. ഇവിടെയും കാത്തിരുന്നത് ആദ്യ റൗണ്ടിലെ തോല്‍വി. 

2000-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും പിന്നാലെ യു.എസ് ഓപ്പണിലും മൂന്നാം റൗണ്ട് വരെ മുന്നേറി ഫെഡറര്‍ എന്ന കൗമാര താരം എത്തി. ഈ സമയം ഗ്രാന്‍ഡ്‌സ്ലാമുകളില്‍ പ്രയാസപ്പെട്ടിരുന്നെങ്കിലും 31 തുടര്‍ ജയങ്ങളുമായി മുന്നേറിയിരുന്ന പീറ്റ് സാംപ്രാസിന്റെ വഴി മുടക്കി വിംബിള്‍ഡണില്‍ ഭാവിതാരം താന്‍ തന്നെയെന്ന പ്രഖ്യാപനം ഫെഡറര്‍ നടത്തി. സിഡ്നി ഒളിംപിക്‌സില്‍ ഫെഡറര്‍ തന്റെ യാത്ര സെമിഫൈനല്‍ വരെയും നീട്ടി. 1998-ല്‍ 301-ാം റാങ്കില്‍നിന്ന് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ഫെഡറര്‍ 2002ല്‍ ടോപ് 10 താരമായി. 

2002-ല്‍ കളിമണ്‍ കോര്‍ട്ടിലെ മാസ്റ്റേഴ്സ് സീരീസ് ഫൈനലില്‍ ലോക മുന്‍ ഒന്നാംനമ്പര്‍ താരം മറാട്ട് സഫിനെ വീഴ്ത്തിയതാണ് ഫെഡററുടെ കരിയറിന്റെ തുടക്കത്തിലെ പ്രധാന നേട്ടം. ഒടുവില്‍ 2003-ല്‍ ആദ്യ ഗ്രാന്‍ഡ്‌സ്ലാമിന്റെ മധുരം. വിംബിള്‍ഡണ്‍ ചാമ്പ്യന്‍. വീണ്ടുമൊരു ഏഴ് തവണ കൂടി ഫെഡറര്‍ വിംബിള്‍ഡണില്‍ ആ മധുരം നുണഞ്ഞു. ആദ്യ ഗ്രാന്‍ഡ്‌സ്ലാം വിജയത്തിനു പിന്നാലെ 2004-ല്‍ മൂന്ന് ഗ്രാന്‍ഡ്‌സ്ലാമുകളിലാണ് ഫെഡറര്‍ വിജയക്കൊടി പാറിച്ചത്. 1988-നുശേഷം ഒരു സീസണില്‍ മൂന്ന് ഗ്രാന്‍ഡ്‌സ്ലാം കിരീടം തൊട്ട താരമായി മാറി ഫെഡറര്‍ ലോകത്തെ ഞെട്ടിച്ചു. വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായതുള്‍പ്പെടെ 2004-ല്‍ 11 കിരീടങ്ങള്‍. ഒപ്പം ലോക റാങ്കിങ്ങിലെ ഒന്നാംസ്ഥാനവും. 

തോല്‍വി തൊടാതെ ഏഴ് ഗ്രാന്‍ഡ്‌സ്ലാം ഫൈനലുകളിലൂടെ കുതിച്ചാണ് ലോകത്തെ റോജര്‍ ഫെഡറര്‍ വിസ്മയിപ്പിച്ചത്. എന്നാല്‍, ആ കുതിപ്പിനു തടയിട്ടത് കോര്‍ട്ടിലെ ഫെഡററുടെ എക്കാലത്തേയും വലിയ എതിരാളി റാഫേല്‍ നദാല്‍. 2006-ലെ ഫ്രെഞ്ച് ഓപ്പണ്‍ ഫൈനല്‍ ഫെഡററുടെ തുടര്‍ച്ചയായ എട്ടാമത്തെ ഗ്രാന്‍ഡ്‌സ്ലാം ഫൈനലായിരുന്നു. ഒരു ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ തന്റെ ആദ്യ തോല്‍വി ഇവിടെ റാഫേല്‍ നദാലില്‍നിന്ന് ഫെഡറര്‍ നേരിട്ടു. ഫെഡററും നദാലും ആദ്യമായി നേര്‍ക്കുനേര്‍ വന്ന ഗ്രാന്‍ഡ്‌സ്ലാം ഫൈനലും ഇതാണ്. ടെന്നീസ് ചരിത്രത്തിലെ ഐതിഹാസിക മത്സരങ്ങളിലേക്ക് കണ്ണോടിക്കുമ്പോഴും ഫെഡററും നദാലും നേര്‍ക്കുനേര്‍ വരുന്നത് പലവട്ടമാണ്. 2004-ലാണ് തുടക്കം. ലോക ഒന്നാംനമ്പര്‍ താരമായി ഫെഡറര്‍ നില്‍ക്കെ നദാലിന്റെ പ്രഹരം. മിയാമി മാസ്റ്റേഴ്സിന്റെ മൂന്നാം റൗണ്ടില്‍ തനിക്ക് ചുറ്റുമുള്ള വാഴ്ത്തുപാട്ടുകള്‍ വെറുതെയല്ലെന്നുറപ്പിച്ച് പതിനേഴുകാരനായ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡററെ വീഴ്ത്തി. 2008 വിംബിള്‍ഡണ്‍ ഫൈനല്‍ നാല് മണിക്കൂറും 48 മിനിറ്റും നീണ്ട പോരില്‍ നദാല്‍ ലോക ഒന്നാംനമ്പര്‍ താരമായി നിന്നിരുന്ന ഫെഡററെ വിറപ്പിച്ചു. 6-4, 6-4, 6-7, 6-7, 9-7 എന്ന സ്‌കോറിനായിരുന്നു നദാലിനു മുന്‍പില്‍ ഫെഡറര്‍ തോല്‍വി സമ്മതിച്ചത്. വിംബിള്‍ഡണില്‍ തുടരെ മൂന്നാംവട്ടം ഇരുവരും നേര്‍ക്കുനേര്‍ വന്ന ഫൈനലായിരുന്നു അത്. 2006-ലും 2007-ലും നദാലിനെ വീഴ്ത്തി ഫെഡറര്‍ ഇവിടെ ചാമ്പ്യനായിരുന്നു. 

നൊവാക് ജോക്കോവിച്
നൊവാക് ജോക്കോവിച്

ഫെഡറര്‍ നിറഞ്ഞു കളിച്ച സീസണായിരുന്നു 2006-ലേത്. ഓപ്പണ്‍ യുഗത്തിലെ ഒരു ടെന്നീസ് താരത്തിന്റെ ഏറ്റവും മികച്ച സീസണ്‍. ലോക ഒന്നാംനമ്പര്‍ താരമായി കലണ്ടര്‍ വര്‍ഷം മുഴുവന്‍ തുടര്‍ന്ന ഫെഡറര്‍ നാല് ഗ്രാന്‍ഡ്‌സ്ലാം ഫൈനലുകളിലും എത്തി. അതില്‍ മൂന്നെണ്ണത്തില്‍ മടങ്ങിയത് കിരീടവുമായി. ഓസീസ് ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ ചാമ്പ്യനായി ഫെഡറര്‍ നേട്ടങ്ങളുടെ കൊടുമുടി കയറി. 

2009-ല്‍ ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇറങ്ങുമ്പോള്‍ വമ്പന്‍ നേട്ടങ്ങളായിരുന്നു ഫെഡററുടെ മുന്‍പില്‍ വന്നു നിന്നത്. പക്ഷേ, അതുവരെ ഫ്രെഞ്ച് ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ വിജയഭേരി മുഴക്കാന്‍ ഫെഡററിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍, റോബിന്‍ സോഡെര്‍ലിങ്ങിനെ ഫൈനലില്‍ വീഴ്ത്തി തന്റെ ആദ്യ ഫ്രെഞ്ച് ഓപ്പണില്‍ ഫെഡറര്‍ മുത്തമിട്ടു. അതോടെ കരിയര്‍ ഗ്രാന്‍ഡ്‌സ്ലാം എന്ന നേട്ടം. പിന്നാലെ 15-ാം ഗ്രാന്‍ഡ്‌സ്ലാമില്‍ മുത്തമിട്ട് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടുന്ന താരമായാണ് 2009 അവസാനിപ്പിച്ചത്. മറികടന്നത് അമേരിക്കന്‍ ഇതിഹാസം സാംപ്രസിന്റെ 14 ഗ്രാന്‍ഡ്‌സ്ലാം എന്ന റെക്കോര്‍ഡ്. സെന്റര്‍ കോര്‍ട്ടില്‍ ആന്‍ഡി റോഡിക്കിനെ വീഴ്ത്തിയായിരുന്നു ആറാം വിംബിള്‍ഡണ്‍ കിരീടത്തിലും 15-ാം ഗ്രാന്‍ഡ്‌സ്ലാമിലും ഫെഡറര്‍ മുത്തമിട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി ഫെഡറര്‍ ഇറങ്ങിയ ലണ്ടന്‍ ഒളിംപിക്‌സിലെ സെമി പോരിലും കണ്ടു അതിശയിപ്പിക്കുന്ന ഫെഡററുടെ തിരിച്ചുവരവ്. അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഫെഡററെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട് ആദ്യ സെറ്റ് പിടിച്ചു. എന്നാല്‍, പിന്നെ വന്ന രണ്ട് സെറ്റിലും കണ്ടത് കടുത്ത പോരാട്ടം. ഒടുവില്‍ ഓപ്പണ്‍ യുഗത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് സെറ്റ് നീണ്ട പോരാട്ടമായി അതു മാറി. 19-17-നാണ് ഫൈനല്‍ സെറ്റ് ഫെഡറര്‍ ജയിച്ചത്. പിന്നാലെ കലാശപ്പോരില്‍ മറെയെ വീഴ്ത്തി ഫെഡററുടെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണ്ണം.

പീറ്റ് സാംപ്രസ്
പീറ്റ് സാംപ്രസ്

''ഇനിയും ഒരുപാട് വര്‍ഷം ഞാന്‍ കളിക്കും ഇനിയും ഒരുപാട് തവണ ഞാന്‍ ഇവിടേക്ക് വരും...'' 15 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ തന്റെ പേരിനോട് ചേര്‍ത്തുവെച്ചുകൊണ്ട് വിംബിള്‍ഡണിലെ പുല്‍മൈതാനത്ത് നിന്ന് ഫെഡറര്‍ പറഞ്ഞു. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ എന്ന നേട്ടം തൊട്ടതിനു പിന്നാലെ വന്ന സീസണ്‍ ഫെഡററിനു മികച്ചതായിരുന്നില്ല. 2010-ല്‍ ഒരു ഗ്രാന്‍ഡ്‌സ്ലാം ഫൈനലിലേക്ക് മാത്രമാണ് ഫെഡറര്‍ക്ക് എത്താനായത്. 2005-നുശേഷം ആദ്യമായി ഇങ്ങനെയൊരു ഫെഡററെ ടെന്നീസ് ലോകം കണ്ടു. നിറഞ്ഞ പോരാട്ട വീര്യവുമായി കോര്‍ട്ടില്‍ ഫെഡറര്‍ മനസ്സുറപ്പിക്കുമ്പോഴും 2013 മുതല്‍ പരിക്ക് ഫെഡററിനെ അലട്ടിക്കൊണ്ടിരുന്നു. 2013 മുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളില്ലാതെ ഫെഡററുടെ യാത്ര 2017 വരെ നീണ്ടു. കരിയര്‍ അവസാനിപ്പിക്കുന്നതിലേക്ക് വരെ എത്തിച്ച കാല്‍മുട്ടിലെ പരിക്ക് 2016 മുതലാണ് ഫെഡററെ പിന്നോട്ട് വലിച്ചു തുടങ്ങിയത്. പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടമായതോടെ ടോപ് 10 റാങ്കിങ്ങില്‍നിന്നും ഫെഡറര്‍ പുറത്തായി.

35-ാം വയസ്സില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടാണ് ഈ കിരീട വരള്‍ച്ച ഫെഡറര്‍ അവസാനിപ്പിച്ചത്. 1972-നുശേഷം ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി ഫെഡറര്‍ ഇവിടെ. 37-ാം വയസ്സില്‍ ഓസീസ് താരം കെന്‍ റോസ്വെല്‍ ഈ നേട്ടം തൊട്ടിരുന്നു. ആറാംവട്ടം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടതോടെ 20 ഗ്രാന്‍ഡ്‌സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ ഫെഡററുടെ അക്കൗണ്ടിലേക്ക് എത്തി. മാര്‍ഗരറ്റ് കോര്‍ട്ടിനും സെറീന വില്യംസിനും സ്റ്റെഫി ഗ്രാഫിനും ശേഷം ആദ്യമായൊരു പുരുഷതാരം! ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമായി റോജര്‍ ഫെഡറര്‍ മാറിയതും ആ മനസ്സിന്റെ കരുത്തിന്റെ ബലത്തില്‍ തന്നെയാണ്. 1977-നുശേഷം ഗ്രാന്‍ഡ്‌സ്ലാം ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം. 1526 സിംഗിള്‍സിലും 223 ഡബിള്‍സിലും റാക്കറ്റേന്തിയ താരം ഒരിക്കല്‍പോലും മത്സരത്തിനിടയില്‍ പിന്മാറല്‍ പ്രഖ്യാപിച്ച് കോര്‍ട്ട് വിട്ടിട്ടില്ല. ഒടുവില്‍ കാല്‍മുട്ടില്‍ മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നതോടെ ശരീരത്തെ കേട്ട് ഫെഡറര്‍ ആ തീരുമാനവും എടുത്തു. 

തന്റെ അവസാന മത്സരത്തിന് ശേഷം ടെന്നീസ് കോർട്ടിൽ നിന്ന് വിതുമ്പുന്ന ഫെഡറർ. നദാൽ സമീപം
തന്റെ അവസാന മത്സരത്തിന് ശേഷം ടെന്നീസ് കോർട്ടിൽ നിന്ന് വിതുമ്പുന്ന ഫെഡറർ. നദാൽ സമീപം

ഫെഡറര്‍, നദാല്‍, ജോക്കോവിച്ച്, മറെ എന്നത് പിന്നിട് ബിഗ് മൂന്ന് ആയി. വമ്പന്മാരുടെ സഖ്യത്തില്‍നിന്ന് ഇപ്പോള്‍ ഫെഡററും പടിയിറങ്ങിയിരിക്കുന്നു. ഫെഡററുടെ റെക്കോര്‍ഡുകളില്‍ പലതും നദാലും ജോക്കോവിച്ചും മറികടന്നിട്ടുണ്ട്. വരും തലമുറയും ആ നേട്ടങ്ങള്‍ ലക്ഷ്യം വെക്കും. എന്നാല്‍, എനിക്ക് സന്തോഷിക്കാന്‍ ഈ റെക്കോര്‍ഡുകളൊന്നും വേണ്ട എന്ന് ഫെഡറര്‍ പറഞ്ഞുകഴിഞ്ഞു. ''സാംപ്രാസിന്റെ മുന്‍പില്‍നിന്നു നേടിയ ആ 15-ാം ഗ്രാന്‍ഡ്‌സ്ലാം മാത്രം മതി. ബാക്കിയെല്ലാം ബോണസാണ്. ഞാന്‍ സന്തുഷ്ടനാണ്'', ഹൃദയം കൊടുത്ത കോര്‍ട്ടില്‍നിന്ന് ഇതിഹാസത്തിന്റെ സൈന്‍ ഓഫ്. ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ഫോര്‍ഹാന്‍ഡ് ഷോട്ടുകളുടെ ഓര്‍മ്മകള്‍ തലോടി ഇനി ലോകം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com