ഗാന്ധിയ്ക്ക് സത്യം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായിരുന്നു...

സ്വന്തമെന്നു കരുതുന്നതിനെ ആഴത്തില്‍ സ്നേഹിക്കുമ്പോഴും മനുഷ്യന്‍ അന്യതയെ ഭയക്കുകയും നിര്‍വികാരതയോടെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന വിരുദ്ധോക്തി ചരിത്രത്തിലുടനീളം കാണാന്‍ കഴിയും
ഗാന്ധിയ്ക്ക് സത്യം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായിരുന്നു...

1938ല്‍ ഞങ്ങള്‍ സാക്സണ്‍ ഹൗസിലേക്ക് വന്നു. എന്റെ ഭാര്യക്ക് പൂക്കള്‍ ജീവനായിരുന്നു, ഞങ്ങളുടെ  വീട് മനോഹരമായ ഒരു പൂന്തോട്ടം തന്നെയായിരുന്നു. ജീവിതം സമാധാനപൂര്‍ണ്ണമായിരുന്നെങ്കിലും അസാധാരണമായി ഒന്നുമില്ലായിരുന്നു''- ബര്‍ലിന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ നാത്സി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായ സാക്സണ്‍ ഹൗസിന്റെ  കമാന്‍ഡര്‍ റുഡോള്‍ഫിന് യഹൂദന്മാരുടേയും ലിബറലുകളുടേയും ജനാധിപത്യവാദികളുടേയും മാര്‍ക്സിസ്റ്റുകളുടേയും കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും വിരസവും സാധാരണവുമായി മാറിയിരുന്നു. അപ്പോഴും ഭാര്യയുടെ ഇഷ്ടങ്ങളേയും പൂക്കളേയും പൂന്തോട്ടങ്ങളേയും അയാള്‍ അതിയായി പ്രണയിച്ചു.

സ്വന്തമെന്നു കരുതുന്നതിനെ ആഴത്തില്‍ സ്നേഹിക്കുമ്പോഴും മനുഷ്യന്‍ അന്യതയെ ഭയക്കുകയും നിര്‍വികാരതയോടെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന വിരുദ്ധോക്തി ചരിത്രത്തിലുടനീളം കാണാന്‍ കഴിയും. തങ്ങള്‍ നിരപരാധികളാണെന്നും നിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും യുദ്ധാനന്തരം ന്യൂറെന്‍ബര്‍ഗില്‍ നടന്ന വിചാരണവേളയില്‍ നാത്സി കുറ്റവാളികള്‍ സാക്ഷ്യപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പ് സമാനതകളില്ലാത്ത വംശഹത്യയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തിയത്  അധികാരവും  നിയമവ്യവസ്ഥിതിയും  തമ്മിലുള്ള ബന്ധത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ പലരേയും പ്രേരിപ്പിച്ചു. എന്നാല്‍ ഇതിനു പതിറ്റാണ്ടുകള്‍ക്കു മുന്നേതന്നെ ആധുനിക നിയമവ്യവസ്ഥിതിയുടെ നീതിബോധത്തെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ചോദ്യം ചെയ്തു.  ഗാന്ധിയെ സംബന്ധിച്ചിടത്തോളം നിയമങ്ങള്‍ യാന്ത്രികമായി നിര്‍മ്മിക്കപ്പെടേണ്ടതല്ല, മറിച്ച് മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധത്തിലൂടെ വളര്‍ന്നുവരേണ്ട  ഉടമ്പടിയാണ്. 

ബ്രിട്ടീഷ് ഭരണവും നീതിവ്യവസ്ഥിതിയും

ഗുജറാത്തി വ്യവസായി ദാദാ അബ്ദുള്ള ജാവേരിയുടെ കേസ് വാദിക്കാനാണ് 1893-ല്‍ യുവാവായ ഗാന്ധി ദക്ഷിണാഫ്രിക്കയിലെത്തിയത്. വക്കീലായ ഗാന്ധിയെ സംബന്ധിച്ചിടത്തോളം സത്യം എന്ന ആശയത്തിന്റെ ഏറ്റവും ഉദാത്തമായ മണ്ഡലമായിരുന്നു യൂറോപ്യന്‍ നിയമസംഹിത. അവിടെ നിലനിന്നിരുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള വിവേചനം ആ ഘട്ടത്തില്‍ അദ്ദേഹത്തിനു അസ്വാഭാവികമായി തോന്നിയില്ല. എന്നാല്‍, അധികാരഘടനകള്‍ നിലനില്‍ക്കുന്നത് വ്യവസ്ഥാപിതമായ നീതിനിഷേധത്തിലൂടെയാണ് എന്ന് ബാരിസ്റ്ററായ ഗാന്ധി സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. വെള്ളക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍നിന്നും പീറ്റര്‍മാരിറ്റസ്ബര്‍ഗ് സ്റ്റേഷനില്‍ വെച്ച് പുറത്താക്കുന്നതുവരെ ബ്രിട്ടീഷ് നിയമസംഹിത ഉറപ്പു നല്‍കിയ തുല്യതാബോധത്തില്‍ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. തനിക്കു നേരിട്ട അനുഭവം കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ വളര്‍ന്നുവന്ന നിയമസംഹിതയുടെ അസമത്വത്തെക്കുറിച്ചും നിയമവ്യവസ്ഥിതിയുടെ സാമൂഹിക-രാഷ്ട്രീയ അനുഭവപരിസരത്തെക്കുറിച്ചും അദ്ദേഹത്തെ ബോധവാനാക്കി.

സത്യത്തെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടിനെ അത് പൊളിച്ചെഴുതി. അധികാരകേന്ദ്രങ്ങള്‍ സത്യത്തെക്കുറിച്ചുള്ള പൊതുധാരണങ്ങള്‍ നിരന്തരം ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അത്തരം പൊതുബോധങ്ങള്‍ അധികാരത്തിന്റെ നിവൃത്തിയെ സാധൂകരിക്കുന്നതാണെന്നും ഗാന്ധി തിരിച്ചറിഞ്ഞു. ആധുനിക നിയമവ്യവസ്ഥിതിയും അധികാരഘടനയും ഇഴപിരിഞ്ഞു കിടക്കുകയാണെന്നും അധികാരമാണ് നിയമങ്ങളെ സൃഷ്ടിക്കുന്നതെന്നും നിയമങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് അധികാരത്തെ ചോദ്യം ചെയ്യാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കരുതി. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ വ്യവസ്ഥാപിതമായ ആശയങ്ങള്‍ക്കപ്പുറം നിത്യജീവിതത്തിന്റെ പ്രയോഗതലത്തിലൂടെയാണ് നിര്‍വ്വചിക്കപ്പെടുന്നത് എന്ന് അദ്ദേഹം വാദിച്ചു.  അതിനാലാണ്  ആധുനിക നിയമസംഹിതയില്‍ വിശ്വാസമര്‍പ്പിച്ച് ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഗാന്ധി വക്കീല്‍കോട്ട് ഉപേക്ഷിച്ച് ഒറ്റമുണ്ടുടുത്തു ഗ്രാമീണ ഇന്ത്യയുടെ പ്രയോക്താവായി സ്വയം പരിവര്‍ത്തനം ചെയ്ത് ഇന്ത്യയില്‍ തിരിച്ചുവന്നത്.  

മതസംഘര്‍ഷങ്ങള്‍ 

ബ്രിട്ടീഷ് ഇന്ത്യയില്‍ നിലനിന്ന ഭരണവ്യവസ്ഥിതി ചൂഷണാത്മകവും സാമൂഹിക വേര്‍തിരിവുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഗാന്ധി മനസ്സിലാക്കി. ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ  ജനങ്ങളെ വസ്തുക്കളായും വര്‍ഗ്ഗങ്ങളായും തരംതിരിച്ചു. അത്തരം തരംതിരിക്കലിലെ ഏറ്റവും പ്രധാന ഘടകം മതമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ വളര്‍ന്നുവന്ന ആധുനികത ഇന്ത്യക്കാരെ പുതിയ സ്വത്വബോധങ്ങളിലേക്കു പരിവര്‍ത്തനം ചെയ്തു.  സ്വന്തം സമുദായത്തിന്റെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള  ആത്മപരിശോധനയില്‍നിന്നും തുടങ്ങിയ ഇന്ത്യന്‍ നവോത്ഥാനം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ദേശീയ-മത-വംശീയ ബോധങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യക്കാരില്‍ പലരും ബ്രിട്ടീഷുകാര്‍ പരിചയപ്പെടുത്തിയ മതാത്മകതയിലൂന്നിയ സ്വത്വബോധം ഉള്‍ക്കൊള്ളുകയും പാരമ്പര്യത്തിന്റെ മഹത്വസങ്കല്പത്തിലേക്ക് ഉള്‍വലിയുകയും ചെയ്തിരുന്നു. അന്യസമുദായങ്ങളെ പ്രാകൃതമെന്നും വ്യത്യസ്തമെന്നും മുദ്രകുത്തുന്നതിലൂടെ മതങ്ങള്‍ തമ്മില്‍ സമാനതകള്‍ ഇല്ലെന്ന ചിന്ത വളരുകയും അന്യവല്‍ക്കരണത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും വിത്തുപാകുകയും ചെയ്തു. പാരമ്പര്യവാദത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞിരിക്കുന്ന അന്യവല്‍ക്കരണവും  സ്വത്വബോധവും സമകാലീന ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഗാന്ധി തിരിച്ചറിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതമായിരുന്നില്ല, സമകാലീന ഗ്രാമീണ ജീവിതത്തിലെ ദാരിദ്ര്യമായിരുന്നു ഇന്ത്യന്‍ സ്വത്വബോധത്തിന്റെ അടിസ്ഥാന ഘടകം.

ഗാന്ധിയുടെ സത്യാന്വേഷണം 

ഗാന്ധിയെ എന്നും അലട്ടിയത് 'അധികാരം' എന്ന പ്രതിഭാസമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, നിയമങ്ങള്‍ സ്വതന്ത്ര ചിന്തയുടെ ഉല്പന്നങ്ങളല്ല, മറിച്ച് അധികാരം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗമായിട്ട് സൃഷ്ടിക്കപ്പെട്ടതാണ്. അതിനാല്‍ത്തന്നെ അധികാരത്തെ എതിര്‍ക്കണമെങ്കില്‍ അധികാരവ്യവസ്ഥിതിയെ നിലനിര്‍ത്തുന്ന നിയമവ്യവസ്ഥിതിയെ എതിര്‍ക്കണം. കാരണം മുന്‍കാല രാജാധികാരത്തിനു വിരുദ്ധമായി ആധുനിക ഭരണവ്യവസ്ഥിതിയുടെ നിലനില്‍പ്പ് നിയമങ്ങളാല്‍ നിര്‍മ്മിതമായ അധികാര ശൃംഖലയിലൂടെയാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ത്തന്നെ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടം ആധുനിക വിദ്യാഭ്യാസം നേടിയ നഗര-കേന്ദ്രീകൃത യുവാക്കള്‍ കരുതിയപോലെ, ഭരണ-നിയമ വ്യവസ്ഥിതിയിലുള്ള പ്രാതിനിധ്യത്തിലൂടെയല്ല, മറിച്ച് ബ്രിട്ടീഷ് ഭരണം പ്രതിനിധാനം ചെയ്യുന്ന നിയമവ്യവസ്ഥിതിയെ തിരസ്‌ക്കരിക്കുന്നതിലൂടെയാണ് സാധ്യമാകുന്നതെന്ന് ഗാന്ധി വാദിച്ചു. അതുവഴി ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും വൈദേശികമാണെന്ന് അദ്ദേഹം അടിവരയിട്ടു. ചമ്പാരനിലെ നീലം കര്‍ഷകരോടും അഹമ്മദാബാദിലെ തുണിമില്‍ തൊഴിലാളികളോടും വൈദേശിക ഭരണവ്യവസ്ഥിതിയോടു നിസ്സഹകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 

അധികാരവും നിയമവും തമ്മിലുള്ള ബന്ധത്തിന്റെ വിമര്‍ശനാത്മക പരിസരമാണ് ഗാന്ധിയന്‍ ആത്മീയതയുടെ അടിസ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നിലനിന്നിരുന്ന ഇന്ത്യന്‍ ആത്മീയതയുടെ പ്രധാന ലക്ഷ്യം പരമമായ സത്യത്തെ കണ്ടെത്തുക എന്നതായിരുന്നു. അതിനുള്ള മാര്‍ഗ്ഗം വ്യക്ത്യാധിഷ്ഠിതവുമായിരുന്നു. ഗാന്ധിയെ സംബന്ധിച്ചിടത്തോളം സത്യം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായിരുന്നു; സത്യമായിരുന്നില്ല ലക്ഷ്യം. പരമമായ സത്യത്തിലുള്ള വിശ്വാസം പരമമായ അധികാരത്തിലേക്കുള്ള വഴിയാണെന്നും അക്രമത്തിലൂടെയല്ലാതെ അധികാരത്തിനു നിലനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. 

അതുകൊണ്ടുതന്നെ ഗാന്ധിയെ സംബന്ധിച്ചിടത്തോളം സത്യം സമകാലീന ഇന്ത്യന്‍ ജീവിതത്തിന്റെ ചുറ്റുപാടുകളെ സത്യസന്ധതയോടെ സമീപിക്കലായിരുന്നു. ആത്മത്യാഗം വ്യക്തിയുടെ മോചനമാര്‍ഗ്ഗമായിരുന്നില്ല, മറിച്ച് സമൂഹത്തേയും രാഷ്ട്രത്തേയും പരിഷ്‌കരിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു. സ്വന്തം ജീവിതംകൊണ്ടും ആശയങ്ങള്‍കൊണ്ടും ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇന്ത്യന്‍ ദേശീയബോധത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഗാന്ധി ശ്രമിച്ചത്. 

ആധുനികതയോടും പാരമ്പര്യത്തോടും അദ്ദേഹം ഒരേപോലെ കലഹിച്ചു. രോഗനിര്‍മ്മാര്‍ജ്ജനത്തിന് പാശ്ചാത്യ ചികിത്സയും ആയുര്‍വ്വേദവും വേണ്ടെന്നും പ്രകൃതിയില്‍ നിന്നും വരുന്ന രോഗത്തിന് മണ്ണും പ്രകൃതിയുമാണ് പ്രതിവിധിയെന്നും അദ്ദേഹം കരുതി. അസമത്വത്തിനു കാരണം നാഗരികതയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിയുടെ പ്രകൃതിവാദത്തിന്റെ ഏറ്റവും ഉദാത്തമായ രാഷ്ട്രീയ പ്രതികരണം 1930-ലെ നിയമലംഘന പ്രസ്ഥാനകാലത്തെ ഉപ്പു സത്യാഗ്രഹമായിരുന്നു.

ഉപ്പിന്റെ ഉല്പാദനത്തിനു മേലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുത്തകാവകാശത്തിനെതിരെ സബര്‍മതി ആശ്രമത്തില്‍നിന്നും ദണ്ഡി കടപ്പുറത്തേക്കുള്ള യാത്രയില്‍ ഗാന്ധി പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കിന് അടിവരയിടുകയായിരുന്നു. പ്രകൃതിയുടെ സത്തയാണ് ഉപ്പ്. മനുഷ്യനെ മണ്ണോടും ജലത്തോടും ആകാശത്തോടും ബന്ധിപ്പിക്കുന്നത് ഉപ്പാണ്. ബ്രിട്ടീഷ് നിയമം ലംഘിച്ച് ഉപ്പു വാരുന്നതു വഴി മണ്ണിനു മേലുള്ള അവകാശം വീണ്ടെടുക്കുകയായിരുന്നു.

ആധുനിക നിയമസംഹിതയുടെ അടിസ്ഥാന പ്രമാണങ്ങളെ തൃണവല്‍ഗണിച്ച് ആത്മനിയന്ത്രണത്തിലും അക്രമരാഹിത്യത്തിലും അധിഷ്ഠിതമായ സമരമാര്‍ഗ്ഗത്തിലൂടെ ബ്രിട്ടീഷ് ഭരണത്തെ നിഷ്‌കാസനം ചെയ്യാനും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ പരിഷ്‌കരിക്കാനും അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു സത്യാഗ്രഹം. ഗുജറാത്തി വൈഷ്ണവ ചിന്തയുടെ ആഗോള മാനവികതയും ആത്മത്യാഗത്തിന്റെ ജൈനതത്ത്വചിന്തയും സ്വര്‍ഗ്ഗരാജ്യം ദരിദ്രര്‍ക്കുള്ളതാണെന്ന യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണവും സന്നിവേശിപ്പിച്ചുള്ളതായിരുന്നു സത്യാഗ്രഹം.

എന്നാല്‍ ആധുനികതയുടെ  അധികാര-നിയമ ബാന്ധവത്തെ നിശിതമായി വിമര്‍ശിച്ച ഗാന്ധി ഇന്ത്യയില്‍ നിലനിന്ന ജാതി സമ്പ്രദായത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുടെ ഉദാത്ത മാതൃകയെന്നു കരുതി. കര്‍ക്കശമായ ആധുനിക നിയമവ്യവസ്ഥിതിക്ക് അധീതമാണ് വൈകാരികമായ മനുഷ്യബന്ധങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹിക ഘടന എന്ന കാല്പനികത ഗാന്ധിയെ നയിച്ചു. ജാതിവ്യവസ്ഥിതിയുടെ സാമ്പത്തിക-അധികാര അടിത്തറ ഗാന്ധി കാണാന്‍ ശ്രമിച്ചില്ല എന്ന് സാമൂഹിക പരിഷ്‌കാരത്തിന്റേയും മുഖ്യധാരയില്‍ നിലനിന്ന അംബേദ്കറിനേയും നാരായണഗുരുവിനേയും പോലുള്ളവര്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുതാന്‍ ആഗ്രഹിച്ച അംബേദ്കര്‍ സ്വയംപര്യാപ്ത ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്ന ഗാന്ധിയന്‍ നിലപാട് ജാതിയെ ന്യായീകരിക്കാനും നിലനിര്‍ത്താനുമുള്ള ഉപാധിയായി കണ്ടു.

എന്നാല്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ ഉള്ളില്‍നിന്നും പരിഷ്‌കരിക്കാം എന്നു കരുതിയ ഗാന്ധി സബര്‍മതിയിലേയും വാര്‍ദ്ധയിലേയും ഗാന്ധിയന്‍ ആശ്രമങ്ങളില്‍ ജാതിക്കെതിരെയുള്ള പരിഷ്‌കരണങ്ങളില്‍ ഏര്‍പ്പെട്ടു.  തന്റെ പ്രവര്‍ത്തനകാലയളവില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഇരുപതാം നൂറ്റാണ്ടില്‍ ശക്തിയാര്‍ജ്ജിച്ച വര്‍ഗ്ഗീയതയായിരുന്നു. ഗാന്ധി ഇന്ത്യന്‍ ജനതയോട് പറഞ്ഞത് ഭയക്കാതിരിക്കാനാണ്, കാരണം ഭയം അന്യനെ ഉള്‍ക്കൊള്ളാനുള്ള വിമുഖതയില്‍നിന്നും വരുന്നതാണ്. തന്റെ പ്രാര്‍ത്ഥനായോഗങ്ങളില്‍ ഗീതയും ഖുറാനും ബൈബിളും വായിക്കുന്നതുവഴി സാമൂഹിക ബഹുസ്വരതയ്ക്കു അടിവരയിടാനും ഏകമാന സ്വഭാവമുള്ള സ്വത്വബോധത്തെ ചെറുക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്  ഹിംസ വര്‍ദ്ധിത ഹിംസയ്ക്ക് വഴിവെയ്ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, മതാത്മകതയിലൂന്നിയ സ്വത്വബോധം അന്യമതത്തോടുള്ള വിദ്വേഷമായി വളര്‍ന്നു പന്തലിച്ചു.  ഭയം വെറുപ്പിനും വെറുപ്പ് അക്രമത്തിനും വഴിമാറി.

അശാന്തിയുടെ കാര്‍മേഘങ്ങള്‍ 1947-ലെ സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. സിറിള്‍ റാഡ്ക്ലിഫ് വരച്ചിട്ട ഇന്‍ഡോ-പാക് അതിര്‍ത്തിക്കിരുവശവും കൊന്നും കൊള്ളിവെച്ചും മനുഷ്യര്‍ കണക്കുതീര്‍ത്തു. തണുത്തുമരവിച്ച നിര്‍വ്വികാരതയോടെ അന്യരെ കൊന്നവരും പൂക്കളെ പ്രണയിച്ചിരുന്നു; മക്കളുടെ, ഭാര്യയുടെ ഇഷ്ടങ്ങളെ നെഞ്ചിലേറ്റിയിരുന്നു; സ്വന്തമെന്നു കരുതിയ എന്തിനേയും അഗാധമായി പ്രണയിച്ചിരുന്നു; അന്യതയെ ഭയന്നിരുന്നു. പ്രണയിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ആഗ്രഹം ഒരേപോലെ അവരില്‍ കുടികൊണ്ടു.

ആദ്യ സ്വാതന്ത്ര്യരാത്രിയിലെ ആഘോഷം ഡല്‍ഹിയില്‍ നടക്കുമ്പോള്‍ വര്‍ഗ്ഗീയ കലാപത്താല്‍ എരിഞ്ഞ അതിര്‍ത്തിഗ്രാമങ്ങളിലെ വിദ്വേഷത്തിന്റെ കനലുകള്‍ കെടുത്താന്‍ ഗാന്ധിജി നടക്കുകയായിരുന്നു. ഏകമാന സ്വഭാവമുള്ള സത്യസങ്കല്പത്തേയും സ്വത്വബോധത്തേയും ഗാന്ധിയന്‍ അഹിംസാവാദവും സത്യത്തെക്കുറിച്ചുള്ള ബഹുസ്വരതാസങ്കല്പവും അസ്വസ്ഥപ്പെടുത്തി. അക്രമത്തിന്റെ കാലത്തെ ഏറ്റവും അപകടകരമായ വാക്കായിരുന്നു 'സമാധാനം.' അതിന്റെ പ്രയോക്താവിനെ സ്വാതന്ത്ര്യം ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ഒരു തണുത്ത പകലില്‍ കൊലപ്പെടുത്തി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com