

ബി.ബി.സി പുറത്തുവിട്ട 'ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ സമകാലിക തെരുവ് പ്രദര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീവ്ര ഹിന്ദുത്വം എന്ന ആശയത്തെയാണ് പ്രചോദിപ്പിക്കുക. കാരണം, ഗുജറാത്ത് കലാപം, വേദനാജനകമായ ഒരു ചരിത്രമാണ്. മുറിവുകളുടേയും അനന്തമായ നിരാശകളുടേയും ചരിത്രം. മുസ്ലിമുകള്‍ ഏറ്റുവാങ്ങിയ ആ മുറിവുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതിലൂടെ ചരിത്രത്തിന്റെ ഫ്രൈപാനില്‍ വംശഹത്യയുടെ ആ ഓര്‍മ്മകളെ പൊരിച്ചുനിര്‍ത്തുക വഴി, എന്താണ് ഇപ്പോള്‍ ബി.ബി.സി ലക്ഷ്യം വെക്കുന്നത്?
ഓര്‍മ്മകളുടെ ആ ഫ്രൈപാനില്‍(ഫ്രെയിം പാന്‍)ന്യൂനപക്ഷത്തെ അരക്ഷിതമായി നിര്‍ത്തുകയാണ്. ഇത് വേറൊരു തരത്തില്‍ 'ആടും പുലിയും'കളിയാണ്. പുലി എപ്പോഴും മുസ്ലിമുകളേയും ദളിതുകളേയും സംബന്ധിച്ചിടത്തോളം മാധ്യമങ്ങള്‍ ആയിരുന്നു. ചരിത്രത്തിന്റെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ മൗനം പാലിച്ച മാധ്യമങ്ങള്‍. ഇപ്പോള്‍ കളങ്കിതമായ, രക്തപങ്കിലമായ ആ ഓര്‍മ്മകളെ പുനരാനയിക്കുക വഴി, വിദ്വേഷത്തിന്റെ വിടവുകളില്‍ വീണ്ടും തീ പടര്‍ത്തുകയാണ്. തീരെ മറന്നുപോയ ഓര്‍മ്മകള്‍ അല്ല അത്. കടമ്മനിട്ട 'ക്യാ' എന്ന പേരില്‍ ഒരു കവിത പോലും എഴുതിയിട്ടുണ്ട്. ഓര്‍മ്മ ശരിയാണെങ്കില്‍, ഗുജറാത്ത് സന്ദര്‍ശിച്ചു വന്ന ഒരാളോട് കലാപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ക്യാ?' എന്ന് തിരിച്ചു ചോദിക്കുന്ന തീക്ഷ്ണമായ കവിത. അത്രയും നിസ്സംഗമായിരുന്നു ചരിത്രം.
ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഒരു തിരഞ്ഞെടുപ്പിലേക്ക് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ, ജനാധിപത്യ ചേരിയെ രാഷ്ട്രീയമായും മതാത്മകമായും വീണ്ടും ഛിഹ്നഭിന്നമാക്കാന്‍ ഈ ഡോക്യുമെന്ററി വഴി മരുന്നിടും. വെറുപ്പില്‍നിന്ന് ഊര്‍ജ്ജം കണ്ടെത്തുന്നവരാണ് ഫാസിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്നവര്‍. വര്‍ണ്ണത്തിലാശങ്ക സൃഷ്ടിക്കാന്‍ അവര്‍ കാത്തിരിക്കുന്ന കാരണങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു വര്‍ണ്ണത്തിലാശങ്കയാണ് അനില്‍ കെ. ആന്റണിയുടെ വാക്കിലും രാജിയിലും തെളിയുന്നത്, ഇന്ത്യയ്ക്ക് 'പൊതു' എന്നു പറയാവുന്നത് ഭരണഘടന മാത്രമാണ്. മറ്റെല്ലാം അന്യോന്യം പുറംതിരിഞ്ഞു നില്‍ക്കുന്ന ബഹുരൂപമാര്‍ന്ന ഉള്ളടക്കങ്ങളാണ്. പൊതുനിരത്തിലൂടെ നടക്കാന്‍ വേണ്ടി അവര്‍ണ്ണസമൂഹം ജാഥ നയിച്ച കേരളീയമായ ഓര്‍മ്മയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം മാത്രമേ പഴക്കമുള്ളൂ. നിരത്തുകള്‍ 'പൊതു'വായിരിക്കുന്നതിന്റെ ആഹ്ലാദങ്ങള്‍ അനുഭവിച്ച ജനത, ജ്ഞാനവും 'പൊതു'വായിരിക്കാന്‍ ആഗ്രഹിച്ചു. പൊതുവിദ്യാലയങ്ങള്‍ ജ്ഞാനത്തെ സമകാലികമാക്കി. ഇത്തരം പൊതുവായിരിക്കുന്നതിന്റെ അനുഭവപരവും ജ്ഞാനപരവുമായ ആശ്ലേഷങ്ങള്‍ കൊണ്ടുവരുന്നതില്‍ ഗാന്ധിജി, അയ്യന്‍കാളി, മിഷനറിമാര്‍ തുടങ്ങി പല കൈവഴികളുണ്ടായിരുന്നു. പുരോഗമനാശയവുമായി ബന്ധപ്പെട്ട 'പൊതു'സമ്മതങ്ങള്‍ ഏറ്റവും നവീകരിച്ചത് ഹിന്ദുസമൂഹത്തെയായിരുന്നു. വീട്ടിലും പൂരിപ്പിക്കേണ്ട രേഖകളിലും ജാതി ഒരു യാഥാര്‍ത്ഥ്യമായി നിലനിന്നുവെങ്കിലും കേരളത്തിലെങ്കിലും പൊതു ഇടങ്ങളില്‍ അസ്പൃശ്യത പാഠപുസ്തകത്തിലെ പരാമര്‍ശമായി ചുരുങ്ങിവന്നു. എങ്കിലും, സവര്‍ണ്ണത സാംസ്‌കാരികമായ പ്രതികാര വാഞ്ഛയോടെ അവസരം കാത്തുകിടപ്പുണ്ടായിരുന്നു. അവര്‍ണ്ണരുടെ ആരാധനാലയങ്ങളുടെ പുനഃപ്രതിഷ്ഠാ കര്‍മ്മങ്ങളിലൂടെ, ബ്രാഹ്മണ്യവും തന്ത്രിമാരും പുനരവതരിച്ചു. ബ്രാഹ്മണ്യത്തിന്റെ ഈ പുനരവതരണങ്ങളില്‍ കീഴാള സമൂഹവും ഭക്തകുചേലരായി നിരനിരയായി നിന്നു. ഹിന്ദു സമൂഹം, ഈ രീതിയില്‍, 'പൊതു ഹിന്ദു' രാഷ്ട്രീയത്തിന്റെ സ്പന്ദ മാപിനികളായി മാറി. ജ്ഞാനവും വഴികളും പൊതുവായതുപോലെയല്ല ഭക്തിയുടെ ഹിന്ദു പൊതുവല്‍ക്കരണമുണ്ടായത്. 'തന്റേതാക്കി ഇല്ലാതാക്കുന്ന' സവര്‍ണ്ണയുക്തി അതിലുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞത് ഒരു പരിധിവരെ കമ്യൂണിസ്റ്റുകാരാണ്. ഹിന്ദുത്വ അടയാളങ്ങള്‍ അവരുടേതാക്കി രാഷ്ട്രീയമായ പ്രതിരോധഭിത്തി അവരുണ്ടാക്കി; ദൈവത്തില്‍ വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റു ഗൃഹങ്ങളിലും വിഷു പുലര്‍ച്ചകളില്‍ കണികണ്ടുണര്‍ന്നു. ജുമുഅക്ക് പോകുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരന്‍ 'നോട്ടപ്പുള്ളിയായി' തുടര്‍ന്നുവെങ്കിലും വിഷു, ഓണം ആഘോഷങ്ങള്‍ 'നമ്മുടേ'താക്കി...ഹിന്ദു ആഘോഷങ്ങളുടെ ഈ 'നമ്മുടേതാക്കല്‍' അല്ലെങ്കില്‍ ആഘോഷങ്ങളുടെ പൊതുവല്‍ക്കരണങ്ങള്‍ ഹിന്ദുത്വയ്ക്കെതിരായ പ്രതിരോധ ഭിത്തിയായിരുന്നു.
പക്ഷേ, ഈ പൊതുവല്‍ക്കരണം ഇതര സമുദായങ്ങളിലും നടക്കുന്നുണ്ടായിരുന്നു. ആശുപത്രികള്‍, കലാശാലകള്‍, വാണിജ്യസമുച്ചയങ്ങള്‍ -മുസ്ലിമുകളും മറ്റേതൊരു സമൂഹത്തെക്കാളും മുന്നേറി. അവര്‍ വണിക്കുകളുടെ ഒരു സമൂഹമായി മാറി. പണം വമ്പിച്ച രീതിയില്‍ ഒഴുക്കുന്ന സമൂഹം. കെട്ടിട നിര്‍മ്മിതി മുതല്‍ മീന്‍ചന്ത വരെ ആ ധാരാളിത്തം പ്രതിഫലിച്ചു. മീന്‍ചന്തകള്‍ 'ഫിഷ് മാര്‍ക്കറ്റുകള്‍' ആയി. വേറൊരു തരത്തില്‍ എല്ലാം മാര്‍ക്കറ്റായി. ആളുകള്‍ അന്യോന്യം ഇടകലര്‍ന്ന് ഒഴുകിപ്പരന്നു. ഇത് ഇതര സമുദായങ്ങളില്‍ ഉണ്ടാക്കിയ അസഹിഷ്ണുതകള്‍ ചില്ലറയല്ല. ലവ് ജിഹാദ് മുതല്‍ ജ്യൂസ് ജിഹാദ് വരെ അതിന്റെ പ്രതിഫലനങ്ങള്‍ ആയിരുന്നു. മാധ്യമങ്ങള്‍ ആവോളം ശ്രമിച്ചുവെങ്കിലും ആ തീപ്പൊരികള്‍ ആളിപ്പടര്‍ന്നില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ജനപ്രിയ സിനിമകളിലെ പാട്ടുസീനുകളെ വിമര്‍ശിച്ചുകൊണ്ട് 'മരച്ചുവട്ടില്‍ പാട്ടു പാടി' ഉല്ലസിക്കുന്ന കമിതാക്കളെ നിത്യജീവിതത്തില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചത് ഓര്‍മ്മവരുന്നു. ഇപ്പോള്‍ മരച്ചുവടുകള്‍ മാത്രമല്ല, ഏതിടത്തും അന്യോന്യം ചേര്‍ത്തുപിടിച്ച മനോഹരമായ നൃത്തച്ചുവടുകള്‍ അനുനിമിഷം റീലുകളായി വരുന്നു. ക്ലാസ്സുമുറികളില്‍ അദ്ധ്യാപകരും കുട്ടികളും നൃത്തം ചെയ്യുന്നു. അടഞ്ഞ മുറികളില്‍ നടക്കുന്ന അനീതികള്‍ കുട്ടികള്‍ തന്നെ പുറത്തുകൊണ്ട് വരുന്നു. ആഹ്ലാദങ്ങള്‍ മാത്രമല്ല, അടഞ്ഞ മുറികളിലെ ഉള്ളുരുക്കങ്ങളും പൊതുസമൂഹം അറിയുന്നു.
ഈ ഘട്ടത്തിലാണ്, പഴയ മുറിപ്പാടുകള്‍ തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗുജറാത്ത് കലാപത്തീയുടെ ഓര്‍മ്മകള്‍ ലോകത്തിന്റെ ദുഃഖമാണ്. ഭൂമിയില്‍ നടക്കുന്ന എല്ലാ വംശ ഹത്യകളും ലോകത്തിന്റെ
ദുഃഖമാണ്. 'നമ്മളായി'രിക്കാന്‍ മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങളാണ് അത്തരം ഇടങ്ങളില്‍ കത്തിച്ചാമ്പലായത്. അതുവഴി ഇരുണ്ടതും ഭയാനകവുമായ അവരവര്‍ തുരുത്തുകള്‍ രൂപപ്പെട്ടു. മുറിവുകളില്‍ ഈച്ചയാക്കുന്ന ഒരു ഭൂതകാലം ഇനിയുമെന്തിനാണ് തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്? അത്തരം ഓര്‍മ്മകള്‍ ആരെയാണ് പ്രചോദിപ്പിക്കുക? മാംസളതയിലും ഹിംസയിലും വെറിപൂണ്ടവരെ അല്ലാതെ ആ ചരിത്രം ആരെയും പ്രചോദിപ്പിക്കില്ല. ആ ഡോക്യൂമെന്ററി പുതുതായി ഒരു പാഠവും അവതരിപ്പിക്കുന്നില്ല. അത് തുറന്നു പറഞ്ഞതിന് ഏകാന്ത പോരാട്ടങ്ങളിലൂടെ കടന്നുപോയ എത്രയോ മനുഷ്യര്‍ ഇന്ത്യയിലുണ്ട്.
അതുകൊണ്ട് ഡി.വൈ.എഫ്.ഐ ബി.ബി.സി ഡോക്യുമെന്ററി തെരുവുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് വെറുപ്പിന്റെ പുതിയ പോര്‍മുഖങ്ങള്‍ തുറക്കരുത്.
ഇടവഴിയിലെ സംസാരം
നടപ്പ് ശീലങ്ങളില്‍ നിന്ന് പഠിച്ചെടുക്കാന്‍ പറ്റാത്തതായി മനുഷ്യന് എന്താണുള്ളത്?
ഷുക്കൂര്‍ പെടയങ്ങോട്
ഒരു ചായക്കട പുസ്തക ചര്‍ച്ചയുടെ കേന്ദ്രമായി മാറുക, വായനശാലയുടെ സാംസ്‌കാരിക വിനിമയങ്ങള്‍ നടത്തുക, ഇങ്ങനെ ആശയങ്ങള്‍ സ്വതന്ത്രമായി കൈമാറുന്ന ഇടമായി തീരുന്ന, ഇതിനകം ശ്രദ്ധേയമായിത്തീര്‍ന്ന 'വരാന്ത ചായക്കട' നടത്തുന്ന എഴുത്തുകാരന്‍ ഷുക്കൂര്‍ പെടയങ്ങോട് 'ഇടവഴിയി'ല്‍ സംസാരിക്കുന്നു.
കനലാടി എന്ന നോവലില്‍ ഗ്രാമീണമായ ഒരു പശ്ചാത്തലം നിറഞ്ഞുനില്‍ക്കുന്നുണ്ട്. 'ഹിന്ദു ജീവിതത്തിന്റെ' ചുറ്റുപാടുകള്‍, തെയ്യം, തിറ - തുടങ്ങി പലതും വരുന്നു. ഇരിക്കൂര്‍ പോലെയുള്ള മുസ്ലിം പാരമ്പര്യമുള്ള ഒരിടത്ത് ജീവിക്കുന്ന നിങ്ങള്‍ക്ക് ഈ ഉള്‍ക്കൊള്ളല്‍ എങ്ങനെ സാധിച്ചു?
ഞാന്‍ മുസ്ലിങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇരിക്കൂറിനടുത്ത് പെടയങ്ങോട് എന്ന ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും ജാതിമത വിശ്വാസ വ്യത്യസ്ത മനുഷ്യജീവിതം നടന്നും കണ്ടും പഠിച്ചും വളര്‍ന്നത് പടിയൂര്‍ പ്രദേശത്തിലെ കരവുര്‍ കല്ല് വയല്‍, മാങ്കുഴി എന്നീ ദേശങ്ങളില്‍ നിന്നാണ്. എന്റെ ചിന്തയും ഭാഷയും രാഷ്ട്രീയബോധവും വളര്‍ന്നതും ഹിന്ദു, ക്രിസ്ത്യന്‍ പെരുവണ്ണാന്‍, മലയ, പണിയ കരിമ്പാല വിഭാഗങ്ങള്‍ക്കിടയില്‍ പണിചെയ്ത് കഴിഞ്ഞതു കൊണ്ടാണ്. അവിടെനിന്ന് കണ്ടും കേട്ടും അറിഞ്ഞ തെയ്യവും തിറയും നാടകവും വായനയെ കുറിച്ചുള്ള ചര്‍ച്ചയും മറ്റൊരു മനുഷ്യനാക്കി മാറ്റി എന്ന് പറയുന്നതായിരിക്കും ഉചിതം.
നടപ്പ് ശീലങ്ങളില്‍നിന്ന് പഠിച്ചെടുക്കാന്‍ പറ്റാത്തതായി മനുഷ്യന് എന്താണുള്ളത്?
ഞാന്‍ അടുത്തറിഞ്ഞ ജീവിതങ്ങളില്‍നിന്ന് ചുരണ്ടിയെടുത്തതാണ് കനലാടി എന്ന നോവല്‍. അതുകൊണ്ട് തന്നെ ജീവിക്കുന്നവരുടേയോ ജീവിച്ചു മരിച്ച് പോയവരുടേയോ ചരിത്രമാണെന്നു തോന്നിയേക്കാം. ഓരോ കാഴ്ചയും എനിക്ക് ഓരോ പുസ്തകമാണ്.
ഇരിക്കൂര്‍ പാരമ്പര്യം എന്നൊന്നുണ്ടോ? സൂഫികളും ഔലിയാക്കളും നടന്ന നാടാണല്ലൊ?
വളപട്ടണം പുഴ ഇരിക്കൂറിനെ തൊട്ട് തഴുകി ഒഴുകിപ്പോകുന്നതിനാല്‍ തന്നെ മനുഷ്യജീവിത ചരിത്രങ്ങളുടെ തിരുശേഷിപ്പുകള്‍ ഇരിക്കൂറിന്റെ പരിസരങ്ങളില്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത്. പാരമ്പര്യങ്ങള്‍ എന്നാല്‍ അവനവന്റെ കുടുംബത്തെ ചേര്‍ത്തുവെക്കാനുള്ള ശ്രദ്ധ കൂടുതല്‍ കാണുന്നതിനാല്‍ ചരിത്രമായി തീരേണ്ടവര്‍ അടയാളപ്പെടാതെ മറഞ്ഞുപോയിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇരിക്കൂറിലുള്ള സൂഫികളേയും ഔലിയാക്കളേയും കുറിച്ച് വായിച്ച് പഠിക്കാനുള്ള വഴിയും ദുര്‍ഘടം പിടിച്ചതാണ്.
പഠിച്ച് എഴുതാനാണെങ്കില്‍ ഏറെയുണ്ട്താനും. പാടിയും പറഞ്ഞും നടകൊണ്ട ചരിത്രങ്ങള്‍ പില്‍ക്കാലത്ത് രസങ്ങള്‍ ഉല്പാദിപ്പിക്കുന്ന വെറും കഥകളായി മാറിയതുകൊണ്ട് സത്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴികളെല്ലാം ചില തറവാട് മുറ്റത്തേക്കുള്ളതായി തീരുന്നു. അവിടെ ബദറലീക്കമാരുടെ ചരിത്രങ്ങള്‍ വെറും കഥകളായി മാറുന്നു. ലാഭനഷ്ടക്കണക്കുകള്‍ എഴുതുന്നത് പോലെ എളുപ്പമല്ല ചരിത്രമെഴുത്തുകള്‍.
അതിനാലാവാം ഇന്നും ഇരിക്കൂര്‍ പാരമ്പര്യ ചരിത്രം വാമൊഴി കഥകളായിത്തന്നെ തുടരുന്നത്.
പ്രശസ്തമായ 'വരാന്ത ചായക്കട' ചര്‍ച്ച നടത്തുന്ന ആള്‍ എന്ന നിലയില്‍ കേരളത്തില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റുകളിലേക്ക് താങ്കളെ ക്ഷണിച്ചിരുന്നോ? കാണിയായി അവിടെ കാണാറുണ്ട്.
കേരളത്തില്‍ നടന്നതും നടക്കേണ്ടതുമായ ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിലേക്കോ അഞ്ചോളം കവിതാ സമാഹാരങ്ങളുള്ള ഒരു കവിയെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തിലോ സാഹിത്യ അക്കാദമിയുടെ കവിയരങ്ങിലേക്കോ എന്നെ വിളിച്ചിട്ടില്ല.
എന്നാല്‍ പട്ടാമ്പി കവിതാ കാര്‍ണിവല്‍ പോലുള്ളവരുടെ സ്നേഹവും ക്ഷണവും കിട്ടിയിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കവിതാ കാര്‍ണിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും മഹാഗുരു പൊയ്കയില്‍ അപ്പച്ചനെക്കുറിച്ച് സംസാരിച്ചതുമായ ഓര്‍മ്മ എന്നെ പുളകം കൊള്ളിക്കുന്നു.
ഏത് ലിറ്ററേച്ചര്‍ ഫെസ്റ്റിലും കവിയരങ്ങുകളുടെ സദസ്സിലും ഞാന്‍ കാഴ്ചക്കാരനായി എത്താന്‍ ശ്രമിക്കാറുണ്ട്. ലിറ്ററേച്ചറര്‍ ഫെസ്റ്റില്‍ എന്നെപ്പോലുള്ളവര്‍ക്ക് ചെയ്യാനൊന്നുമില്ലെന്ന് എനിക്കറിയാം.
ഞാന്‍ വരാന്ത ചായപ്പീടിക പുസ്തക ചര്‍ച്ചയില്‍ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാ ലിറ്ററേച്ചര്‍ ഫെസ്റ്റും രസങ്ങളും നിറങ്ങളും ഉല്പാദിപ്പിക്കുന്നു. എന്നാല്‍, പുസ്തക ചര്‍ച്ചകള്‍ ആശയങ്ങളും ഭാഷയും നിര്‍മ്മിക്കുന്നു.
അതുകൊണ്ട്തന്നെ ഞാന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിനേക്കാളും പുസ്തക ചര്‍ച്ചയെ ഇഷ്ടപ്പെടുന്നു.
പുസ്തകവിതരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തെ അനുഭവമുണ്ടല്ലോ. എങ്ങനെയുള്ള പുസ്തകങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്?
എന്റെ തോന്നലില്‍ മലയാള വായനക്കാര്‍ രണ്ട് തരം വായനയിലേക്കു മാത്രം ഒതുങ്ങിയിട്ടുണ്ടെന്നാണ്.
ആദ്യകാലത്ത് സയന്‍സ് പുസ്തകങ്ങള്‍ക്കും കമ്യൂണിസ്റ്റ് ആശയപുസ്തകങ്ങള്‍ക്കും വായനക്കാരുടെ ഇടയില്‍ മുഖ്യസ്ഥാനമുണ്ടെങ്കില്‍ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.
സയന്‍സ്, കമ്യൂണിസ്റ്റ് പുസ്തകങ്ങള്‍ക്കു പകരം വയാനക്കാര്‍ ഭക്തിലഹരിയുടെ പുസ്തകങ്ങള്‍ തേടി പോകുന്നു. പുരോഗമന ആശയക്കാര്‍ പോലും ജീവിതത്തില്‍ മിത്തുകളെ അടിസ്ഥാനമാക്കി സംസാരിക്കുമ്പോള്‍ പുതിയകാല മനുഷ്യജീവിതത്തിന്റെ ഭാവതലങ്ങളെ ഏത് അളവ്‌കോല്‍ കൊണ്ടാണ് പുതുക്കിയെടുക്കുക? അത്തരം ചര്‍ച്ചകള്‍ കേട്ട് മയങ്ങുന്നവര്‍ക്ക് നവഭാവുകത്വം വിദൂരമായിരിക്കും. രണ്ടാമത്തെ വായനക്കാര്‍ രസങ്ങള്‍ നിറക്കുന്ന പുസ്തകങ്ങളെ തേടി പോകുന്നു. അതില്‍ ഏറ്റവും പ്രിയം നോവലും കഥകളും തന്നെ.
എന്നാല്‍, ക്ലാസ്സിക്ക് രചനകളായ നോവലുകളുടെ വായന കുറഞ്ഞ് വരുന്നതായും കാണാം.
വായനക്കാര്‍ വിവാദങ്ങള്‍ക്കു പിറകേ പോകുന്നു എന്നതായിരിക്കാം അതിനൊരു കാരണമെന്നു തോന്നുന്നു.
എന്നാല്‍, ഏറ്റവും നന്നായി ഫിക്ഷനും വ്യക്തിത്വ വികസനത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വായിക്കുന്നവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചവരും പഠിക്കുന്നവരുമാണെന്നാണെന്റെ തോന്നല്‍.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates