രണ്ടു കാലങ്ങളുടെ കവികള്‍ തമ്മിലുള്ള 'ആഭ്യന്തര കലഹമാണ്', നമുക്കതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല

രണ്ടു കാലങ്ങളുടെ കവികള്‍ തമ്മിലുള്ള 'ആഭ്യന്തര കലഹമാണ്', നമുക്കതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല

KLFല്‍ പങ്കെടുത്ത ആള്‍ എന്ന നിലയില്‍ പറയാവുന്നത്, എഴുത്തുകാരും വായനക്കാരും മാത്രമല്ല, എത്രയോ മനുഷ്യരുടെ കൂടിച്ചേരല്‍ വേദിയാണ് അത്

ലയാള കവിതയില്‍, എസ്. ജോസഫ് രേഖപ്പെടുത്തുന്ന കാവ്യാത്മക വഴികളുണ്ട്. അവ ജീവിതത്തിന്റെ ഉള്ളടരുകള്‍ പ്രകാശിപ്പിക്കുന്നവയുമാണ്. കവിതയിലേക്ക് പാതവക്കിലും കാട്ടിടവഴികളിലും നില്‍ക്കുന്ന വാക്കുകള്‍ ആ കവിതകളില്‍ വന്നു. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പറ്റുപുസ്തകം ആ കവിതയില്‍ ജോസഫ് തുറന്നു. എന്നാല്‍, ഡി.സി ബുക്‌സ് സംഘടിപ്പിച്ച KLF-ല്‍ നിന്നു തഴയപ്പെട്ടതില്‍ കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച എസ്. ജോസഫ്, 'കവിയുടെ രാഷ്ട്രീയ പൗരത്വ'ത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു.

അതായത്, 'KLF കവികളു'ടെ ആ രാജ്യത്തുനിന്നു താന്‍ പുറത്താക്കപ്പെട്ടു എന്ന രീതിയില്‍ വ്യാജമായ ഒരു ദു:ഖഭാരം പേറുകയാണ്, കവി. ദു:ഖിക്കാനും രാജിവെക്കാനും നിരവധി കാരണങ്ങള്‍ ഉള്ള ഈ കാലത്ത് ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിലേക്ക് തന്നെ ക്ഷണിച്ചില്ല എന്നത് ഒരു കവിയുടെ സങ്കടമാണെങ്കില്‍ അതു മനസ്സിലാക്കാം, അതിനപ്പുറം അത് മാതൃകാപരമായ ഒരു കവി പ്രവര്‍ത്തനമായി മാറുന്നില്ല. എസ്. ജോസഫ് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ''തന്റെ ഏഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിനോടുള്ള നന്ദി എന്നുമുണ്ടാവും'' എന്നു പറയുന്നുണ്ട്. അക്കാദമി അംഗത്വം രാജിവെക്കുമ്പോഴും പ്രസാധകരോട് രാജിയാവുന്ന ആ വലിയ കവി മനസ്സ് നാം കാണാതെ പോകരുത്. പ്രശ്‌നം, രണ്ടു കാലങ്ങളുടെ കവികള്‍ തമ്മിലുള്ള 'ആഭ്യന്തര കലഹമാണ്.' പ്രത്യേകിച്ച് നമുക്കതില്‍ ഒന്നും ചെയ്യാനില്ല.

എസ്. ജോസഫ്
എസ്. ജോസഫ്

KLFല്‍ പങ്കെടുത്ത ആള്‍ എന്ന നിലയില്‍ പറയാവുന്നത്, എഴുത്തുകാരും വായനക്കാരും മാത്രമല്ല, എത്രയോ മനുഷ്യരുടെ കൂടിച്ചേരല്‍ വേദിയാണ് അത്. അന്യോന്യം കേള്‍ക്കുന്ന, അന്യോന്യം കെട്ടിപ്പിടിക്കുന്ന, പ്രചോദിപ്പിക്കുന്ന ദിവസങ്ങള്‍. കവിയരങ്ങില്‍ ആദ്യാവസാനം ഈ ലേഖകന്‍ കവിതകള്‍ കേട്ടിരുന്നു. 20 പേര്‍ ആ വേദിയിലുണ്ടായിരുന്നു. ആദ്യത്തെ പത്തു പേര്‍ കവിത അവതരിപ്പിച്ചപ്പോള്‍, പിന്നിലിരുന്ന പത്തു പേര്‍ മുന്നില്‍ വന്നിരുന്നു. അന്യോന്യമുള്ള ആ ഇരുപ്പ് പോലും ഒരു കവിതയാണ്. അവിടെ ആരും മുന്നിലല്ല, പിന്നിലുമല്ല പ്രിയ ജോസഫ്.

******
നമ്മുടെ ഉമ്മാമമാരുടെ കാലത്തുപോലും ഈ വസ്ത്രം ധരിച്ചു മണവാട്ടിയും തോഴിമാരും വന്നിട്ടില്ല. പിന്നെന്താ യുവജനോത്സവ ഒപ്പനയില്‍ മാത്രം ഈ വേഷം?

അടുത്ത സംസ്ഥാന യുവജനോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയാണോ പഴയിടം നമ്പൂതിരിയുടെ സദ്യയാണോ മാറ്റേണ്ടത്/മാറേണ്ടത് എന്ന് ആരെങ്കിലും ചോദിച്ചാല്‍, പെണ്‍കുട്ടികളുടെ ഒപ്പന മാറ്റണം/അല്ലെങ്കില്‍ പാട്ടും ചുവടുകളും കാലാനുസൃതമായി പുതുക്കണം എന്നായിരിക്കും 'കാണി' എന്ന നിലയിലുള്ള ഉത്തരം. അങ്ങനെയൊരു ചോദ്യം എന്തു കൊണ്ടാണ് ആരും ചോദിക്കാത്തത്? 

ഒപ്പന, മുസ്ലിം കലാരൂപമെന്ന നിലയിലാണ് പ്രീതിജനകമാവുന്നത്. നിറഞ്ഞ സദസ്സിലാണ് ഒപ്പനയുടെ പാട്ടും രസച്ചുവടുകളും കൈകൊട്ടിപ്പാടലും. പുതുമാരിയെ അണിയിച്ചൊരുക്കിയുള്ള ആ പാട്ട്/കൈകൊട്ടിപ്പാടല്‍ ഏതു ഭാഷയിലാണ്? സംസ്ഥാന യുവജനോത്സവത്തില്‍ പാടാറുള്ള ഒപ്പനപ്പാട്ടുകള്‍ ഏതു ശബ്ദതാരാവലി വായിച്ചാണ് മനസ്സിലാക്കേണ്ടത്? മോയിന്‍കുട്ടി വൈദ്യരുടെ കാലത്തെ ആ ഭാഷയില്‍ത്തന്നെ, പുതിയ കാലത്തെ എഴുത്തുകാരും സ്‌കൂള്‍ യുവജനോത്സവത്തിന് ഒപ്പനപ്പാട്ടെഴുതുന്നു. മിക്കവാറും എല്ലാ ഒപ്പനകളും ഒരേ ചുവടുകള്‍, കൊഞ്ചി മറിയലുകള്‍, നടു വളച്ചുള്ള ആ ലാസ്യ നടത്തം? ഇങ്ങനെ കുനിഞ്ഞുനിന്നു കളിച്ചാലേ ഒപ്പനയാവുകയുള്ളൂ? ചോരത്തിളപ്പുള്ള പെണ്‍കുട്ടികളാണ് എക്‌സ്പയേര്‍ഡായ മാപ്പിള വസ്ത്രം, മാപ്പിള ഉമ്മാമമാര്‍പോലും ഈ കാലത്ത് ഇടാത്ത കാച്ചിത്തട്ടവും മുണ്ടും അലിക്കത്തുമിട്ട് സ്റ്റേജിലേക്ക് വരുന്നത്. നമ്മുടെ മലയാള സിനിമയില്‍ എത്ര രസകരമായി ഒപ്പനപ്പാട്ടുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. 'പെരുമഴക്കാലം' എന്ന സിനിമയ്ക്കുവേണ്ടി ''മെഹറൂബ, മെഹറൂബ/പുതുക്കപ്പെണ്ണേ മെഹറൂബ'' വരെ എത്രയെത്ര സിനിമകള്‍, ഹൃദയം കവരുന്ന പാട്ടുകള്‍.

എന്നാല്‍, യുവജനോത്സവ വേദിയിലെ ഒപ്പനകളില്‍ കണ്ടുവരുന്നത്:

ഒന്ന്:
കൗമാര പ്രായമുള്ള കുട്ടികള്‍/നടു വളഞ്ഞുവരുന്നു. എന്തിനാണ് ഇങ്ങനെ നടു വളയുന്നത്? പ്രായം കൗമാര സുരഭിലമായ ഈ പ്രായത്തില്‍?

രണ്ട്:
ചുരിദാര്‍ അല്ലെങ്കില്‍ സല്‍വാര്‍ കമ്മീസ് ഒക്കെ ധരിച്ച് ഒപ്പന കളിച്ചാലെന്താ? പുതുക്കപ്പെണ്ണിന് പുതിയ കാലത്തെ വസ്ത്രമല്ലേ നല്ലത്? നമ്മുടെ ഉമ്മാമമാരുടെ കാലത്തുപോലും ഇങ്ങനെ വസ്ത്രം ധരിച്ചു പുതിയ പെണ്ണും തോഴിമാരും വന്നിട്ടില്ല. ആ കാലത്ത് ഇല്ലാത്തത് ഈ കാലത്ത് കൊണ്ടുവരുന്നതിന്റെ ഔചിത്യമെന്താണ്?

മൂന്ന്:
ചെറിയ കുട്ടികള്‍ ഒപ്പന കളിക്കുന്നത് അശ്ലീലമാണ്. കലാരൂപമല്ലെ, നടക്കട്ടെ. പക്ഷേ, പുതിയാപ്ള/മണിയറ/പുതുമാരന്‍ - ഇങ്ങനെ രതിയുമായി ബന്ധപ്പെട്ടാണ് ഓരോ ഒപ്പനയും നമ്മോട് സംവദിക്കുന്നത്. ശൃംഗാരം ആംഗ്യത്തിലുണ്ട്; പക്ഷേ, ഭാഷ നമുക്കറിയാത്ത ഏതോ കാലത്തെ മലയാളമാണ്. ഭാഷ പുതുക്കപ്പെണ്ണ് പോലെ പുതിയ മലയാളത്തില്‍ ലങ്കി മറിയണം.

നാല്:
ഒപ്പന മിക്‌സ്ഡാവുന്നതല്ലേ നല്ലത്? പുതുമാരനും പുതുമാരിയും ഒരേ വേദിയില്‍ വരുമ്പോള്‍ സ്‌നേഹം തുല്യമായി പങ്കിടുന്ന അനുഭവമുണ്ടാകും. മണവാളനെ കാണാമറയത്തു നിര്‍ത്തരുത്. ആണ്‍കുട്ടികളുടെ ഒപ്പനയില്‍ മണവാട്ടിയാണ് കാണാമറയത്ത്.

ഒപ്പന കാലോചിതമായി മാറണം. അങ്ങനെ മാറ്റിയാല്‍ 'ആകാശം ഇടിഞ്ഞുവീഴുകയൊന്നും' ചെയ്യില്ല.

ആട്ന്നും ഈട്ന്നും തിന്ന് ഐക്യത്തോടെ ജീവിക്കുന്ന മനുഷ്യര്‍

ചെറിയ ചെറിയ സമകാലിക അഭിമുഖങ്ങളിലൂടെ ഇടയ്ക്കൊക്കെ 'ഇടവഴി'കളില്‍ നമുക്ക് പരിചിതരായ 
ചിലരെ/അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പരിചിതരാകേണ്ട ചിലരെ കൊണ്ടുവരാം. ഇടവഴിയില്‍ വെച്ചു കാണുമ്പോള്‍ ഉള്ള കുഞ്ഞു സൗഹൃദ സംഭാഷണങ്ങള്‍. മാമുക്കോയയാണ് ആദ്യ 'ഇടവഴി സംസാര'ത്തില്‍ നില്‍ക്കുന്നത്

സ്വര്‍ഗ്ഗത്തേയും നരകത്തേയും കുറിച്ചു പറയുമ്പോള്‍ സ്വാമി വിവേകാന്ദന്‍ പറഞ്ഞ കഥയില്‍, പരസ്പരം ഊട്ടുന്നവരാണ് സ്വര്‍ഗ്ഗവാസികള്‍ എന്നുണ്ട്. 

കോഴിക്കോട് നടന്ന സംസ്ഥാന യുവജനോത്സവം പുതിയൊരു സംവാദോത്സവത്തിനു തുടക്കമിട്ടു. പഴയിടം നമ്പൂതിരി ആ ചര്‍ച്ചയുടെ കേന്ദ്രബിന്ദുവായി. ഈ ചര്‍ച്ചയ്ക്കിടയില്‍ കോഴിക്കോട്ടു തന്നെയുള്ള മാമുക്കോയക്ക് എന്താണ് പറയാനുള്ളത്? ആരെങ്കിലും അന്വേഷിച്ചോ അത്? കോയമാരും കോഴിബിരിയാണിയുമുള്ള കോഴിക്കോട്ടിരുന്ന് മാമുക്കോയ സംസാരിക്കുന്നു.

പഴയിടം നമ്പൂതിരിയുടെ സദ്യയാണോ വ്യക്തിയാണോ പ്രശ്‌നമെന്ന ചോദ്യത്തില്‍നിന്ന് മാമുക്കോയ പറഞ്ഞു തുടങ്ങി: ''സംസ്ഥാന യുവജനോത്സവത്തില്‍ കലോത്സവത്തില്‍ ഇല്ലാത്ത ഒരിനം എന്നു മിനക്കെട്ട് കണ്ടുപിടിച്ചവരാണ് പഴയിടം നമ്പൂതിരിയെ വിമര്‍ശിച്ചത്. എന്തിനെയെങ്കിലും വിമര്‍ശിക്കണമല്ലോ, അപ്പോള്‍ പഴയിടത്തിനു കിടക്കട്ടെ വിമര്‍ശനം എന്നു ചിലര്‍ തീരുമാനിച്ചു. അര്‍ഹരല്ലാത്ത ആള്കളാണ് പഴയിടത്തെ വിമര്‍ശിച്ചത്. പുതുതായി ഒന്നും പറയാനില്ലാത്തപ്പോള്‍ പഴയിടത്തിനെ വിമര്‍ശിക്കാം എന്നായി. എല്ലാ നല്ല കാര്യങ്ങള്‍ക്കും അപശബ്ദങ്ങള്ണ്ടാക്ക്ന്ന ചിലര്ണ്ട്.

''ഭക്ഷണത്തിലെ ബ്രാഹ്മണ്യത്തെയാണ് വിമര്‍ശിക്കപ്പെട്ടത്'' - എന്നതിനെ മാമുക്കോയ മറ്റൊരു വിധത്തിലാണ് വിശദീകരിച്ചത്:

''മാപ്പിള പാചകം, ബ്രാഹ്മണ പാചകം എന്നൊക്കെ പണ്ടേയുണ്ട്. ഹിന്ദു പാനി/മുസ്ലിം പാനി എന്നൊക്കെ ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ട്ണ്ട്. ഞാനഭിനയിച്ച ഒരു നാടകത്തിലേ ഇങ്ങനെയൊരു പാട്ട്ണ്ട്:

''ഹിന്ദു പാനി മുസ്ലിം പാനി എന്നൊന്നില്ല.'' ആ കാലത്ത് കോഴിക്കോട് ഏറെ കേട്ട പാട്ടാണത്. ഇന്നും മുസ്ലിം വീടുകളില്‍നിന്നു ഭക്ഷണം കഴിക്കാത്ത അമുസ്ലിമുകളും അമുസ്ലിം വീടുകളില്‍നിന്നു ഭക്ഷണം കഴിക്കാത്ത മുസ്ലിമുകളുമുണ്ട്. നജീസാണ്, ഹറാമാണ് എന്നൊക്കെ പറഞ്ഞിട്ടാണ് പഴയ മുസ്ലിങ്ങള്‍ അങ്ങനെ മാറിനിന്നത്. പക്ഷേ, 99 ശതമാനം ആളുകളും ഇതൊന്നും നോക്കാതെ ആട്ന്നും ഈട്ന്നും തിന്ന് ഐക്യത്തോടെ ജീവിക്കുന്ന ജനങ്ങളാണ്. പക്ഷേ, മാറിനില്‍ക്കുന്ന ഒരു ശതമാനത്തിന്റേതാണ് വലിയ ചൊറിച്ചില്. പരസ്പരം ഊട്ടുന്നതില്‍ ഐക്യം വന്നു. ഭക്ഷണത്തിലാണ് ഈ ഐക്യകേരളം യാഥാര്‍ത്ഥ്യമായത്. 

പഴയിടത്തിനു വര്‍ഗ്ഗീയ മനസ്സുള്ളതായി എനിക്കു തോന്നിയിട്ടില്ല. എന്തിലും നാം വര്‍ഗ്ഗീയത കാണണ്ട എന്നാണ് തോന്നുന്നത്. സദ്യയ്ക്ക് ഒരു സ്പിരിറ്റുണ്ട്. അത് കൂട്ടായ്മയുടേതാണ്, വര്‍ഗ്ഗീയതയുടേതല്ല.''
''സംസ്ഥാന യുവജനോത്സവം പോലെയുള്ള വലിയ പരിപാടികള്‍ക്ക് താങ്കള്‍ എന്താണ് തിരഞ്ഞെടുക്കുക?''

മാമുക്കോയ:

''ഒരു വലിയ ചടങ്ങിനു ഞാന്‍ പറയുക വെജിറ്റേറിയന്‍ വേണമെന്നാ. അതൊരു കൊഴപ്പല്ല. കാരണം, ആര്‍ക്കു കഴിച്ചാലും പ്രശ്‌നമല്ല. നോണ്‍ ആവുമ്പോ അതു കഴിക്കാത്തോരും ഉണ്ടാവും. വെജ് വ്യക്തിഗതമായ ചോയ്സാണ്. ചിലര്‍ക്ക് ഫിഷ്, ചിലര്‍ക്ക് മട്ടണ്‍, ചിലര്‍ക്ക് ചിക്കന്‍ അല്ലെങ്കില്‍ ബീഫ്. വെജിറ്റേറിയനാവുമ്പോ ഈ തര്‍ക്കമില്ല. അതുതന്നെ പോരേ?''

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com