

1834-ല്‍ രൂപംകൊണ്ട തോമസ് ബോബിങ്ങ്ഹാം മെക്കോളെ അദ്ധ്യക്ഷനായ പ്രഥമ നിയമ കമ്മിഷന്‍ തയ്യാറാക്കി രൂപം നല്‍കിയ ഇന്ത്യന്‍ പീനല്‍കോഡ് 164 വര്‍ഷം പഴക്കമുള്ള പീനല്‍ കോഡ് 1860 ഒക്ടോബര്‍ ആറിനാണ് പ്രാബല്യത്തില്‍ വന്നത്. ഒന്നര നൂറ്റാണ്ടു പിന്നിട്ട ശിക്ഷാനിയമം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പൊളിച്ചെഴുതണമെന്നത് ചരിത്രപരമായ ഒരു ആവശ്യമാണ്. പക്ഷേ, ഭരണകൂടത്തിന്റെ അനാവശ്യ ധൃതിയും ചര്‍ച്ച കൂടാതെ പാസ്സാക്കിയെടുത്ത രീതിയും ഉദ്ദിഷ്ട ലക്ഷ്യം നേടാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഴയ പീനല്‍കോഡിലെ 511 വകുപ്പുകളില്‍ 24 വകുപ്പുകള്‍ നീക്കം ചെയ്തും 20 പുതിയ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മൊത്തം 356 വകുപ്പുകളുള്ള പുതിയ നിയമത്തില്‍ പ്രേരണ, ശ്രമം, ഗൂഢാലോചന എന്നീ അപൂര്‍ണ്ണ കുറ്റങ്ങള്‍ ഒരുമിച്ച് നാലാം അദ്ധ്യായത്തിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റങ്ങളെല്ലാം പീനല്‍ കോഡില്‍ വ്യത്യസ്ത അദ്ധ്യായങ്ങളിലുണ്ടായിരുന്നത് അഞ്ചാം അദ്ധ്യായത്തില്‍ മനുഷ്യശരീരത്തിന് എതിരായ കുറ്റങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പൊതുസ്ഥലത്തു മദ്യപിച്ച് മര്യാദകേടായി പെരുമാറുക (355ാം വകുപ്പ്), അപകീര്‍ത്തിയുണ്ടാകുന്ന പ്രസിദ്ധീകരണം അച്ചടിക്കുക (356 (3) വകുപ്പ്) എന്നീ കുറ്റങ്ങള്‍ക്കാണ് തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ സാമൂഹ്യ സേവനവും ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുള്ളത്.
സാമൂഹ്യസേവനം
വധശിക്ഷ, ജീവപര്യന്തം, കഠിനതടവ്, വെറും തടവ് വസ്തു കണ്ടുകെട്ടല്‍, പിഴ എന്നീ ശിക്ഷാരീതികള്‍ക്കു പുറമെ സാമൂഹ്യസേവനവും ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) നാലാം വകുപ്പില്‍ പുതുതായി ചേര്‍ത്തെങ്കിലും സാമൂഹ്യസേവനത്തിനു നിര്‍വ്വചനം നല്‍കാത്തതിനാല്‍ അവ്യക്തത നിലനില്‍ക്കും. പൊതുസേവകന്‍ നിയമവിരുദ്ധമായി വ്യാപാരത്തില്‍ ഏര്‍പ്പെടുക (202 വകുപ്പ്), കോടതിയില്‍ ഹാജരാകാന്‍ വാറണ്ടും വിളംബരവും പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരിക്കല്‍ (2029ാം വകുപ്പ്), പൊതുസേവകനെ നിയമാനുസൃതമായ അധികാരം ഉപയോഗിക്കാന്‍ വേണ്ടി ആത്മഹത്യാശ്രമം അഥമം നിരാഹാര സത്യഗ്രഹം (226ാം വകുപ്പ്), 5000 രൂപയില്‍ വിലമതിപ്പുള്ള വസ്തുവിന്റെ ആദ്യ മോഷണം നടത്തി മോഷണവസ്തു തിരികെ നല്‍കിയാലുള്ള കുറ്റം (303(2) വകുപ്പ്), പൊതുസ്ഥലത്തു മദ്യപിച്ച് മര്യാദകേടായി പെരുമാറുക (355ാം വകുപ്പ്), അപകീര്‍ത്തിയുണ്ടാകുന്ന പ്രസിദ്ധീകരണം അച്ചടിക്കുക (356 (3) വകുപ്പ്) എന്നീ കുറ്റങ്ങള്‍ക്കാണ് തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ സാമൂഹ്യ സേവനവും ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുള്ളത്.
പുതിയ കുറ്റങ്ങള്‍
ബി.എന്‍.എസ് അനുസരിച്ച് ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്യാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നും പ്രേരണ നല്‍കുന്നത് ബി.എന്‍.എസ് 48-ാം വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വൈവാഹിക കുറ്റങ്ങള്‍ ബി.എന്‍.എസ് കര്‍ശനമാക്കിയതിനെ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ചതിയില്‍കൂടി ലൈംഗികമായി സ്ത്രീകളുമായി ബന്ധപ്പെടുന്ന കുറ്റം 69-ാം വകുപ്പനുസരിച്ച് 10 വര്‍ഷം വരെ തടവും പിഴയുമുള്ള കുറ്റമാണ് ഐ.പി.സി അനുസരിച്ച് സമാനമായ കുറ്റം വെറും ചതി മാത്രം ആരോപിച്ച് 417-ാം വകുപ്പനുസരിച്ച് ഒരു വര്‍ഷം വെറും തടവോ പിഴയോ മാത്രം വിധിക്കാവുന്നതും പൊലീസിനു നേരിട്ട് കോടതിയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അധികാരമില്ലാത്ത കുറ്റമായിരുന്നു.
ബലാത്സംഗം തുടങ്ങി ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കോടതിയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നത് ബി.എന്‍.എസ്. 73-ാം വകുപ്പനുസരിച്ച് രണ്ട് വര്‍ഷം വരെ വെറും തടവോ പിഴയോ വിധിക്കാവുന്ന കുറ്റമാക്കി. കുട്ടികളെ കുറ്റകൃത്യം ചെയ്യാന്‍ വേണ്ടി ഏര്‍പ്പെടുത്തുന്നത് ബി.എന്‍.എസ് 95-ാം വകുപ്പനുസരിച്ച് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും 10 വരെയാക്കാവുന്ന തടവും പിഴയും വിധിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്തിട്ടുള്ളതും കുട്ടികളുടെ സുരക്ഷാ നിയമമാണ്.
ബി.എന്‍.എസ് 111(3) വകുപ്പ് അനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ ഒറ്റയായോ കൂട്ടായോ സംഘടിത കുറ്റകൃത്യ സംഘത്തിലെ അംഗമെന്ന നിലയിലോ ഭീക്ഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ആക്രമണം നടത്തിയോ മറ്റ് നിയമവിരുദ്ധ മാര്‍ഗ്ഗത്തില്‍ കൂടിയോ നേരിട്ടോ അല്ലാതെയോ സാമ്പത്തിക നേട്ടങ്ങള്‍ക്കായി മനുഷ്യരെ തട്ടികൊണ്ടുപോവുകയോ വസ്തു അപഹരിക്കുകയോ വാഹന മോഷണം നടത്തുകയോ പിടിച്ചു പറിക്കുകയോ ഭൂമി തട്ടിപ്പറിക്കുകയോ കരാറു കൊല നടത്തുകയോ സാമ്പത്തിക കുറ്റം ചെയ്യുകയോ സൈബര്‍ കുറ്റകൃത്യം ചെയ്യുകയോ ആയുധമോ നിയമവിരുദ്ധ വസ്തുക്കളോ സേവനമോ ചെയ്യുകയോ വ്യഭിചാരത്തിനായി മനുഷ്യക്കടത്ത് ചെയ്യുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും 'സംഘടിത കുറ്റകൃത്യ'മായി വിവരിച്ചിട്ടുണ്ട്. മേല്‍ വിവരിച്ച സംഘടിത കുറ്റകൃത്യം ചെയ്ത് മരണം സംഭവിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ രണ്ട് ലക്ഷത്തില്‍ കുറയാത്ത പിഴയടക്കമുള്ള ശിക്ഷയാക്കി ബി.എന്‍.എസ് 111(2) (എ)-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മരണം സംഭവിക്കാത്ത സംഘടിത കുറ്റകൃത്യം ചെയ്യുന്നത് 111(2) (ബി) വകുപ്പനുസരിച്ച് അഞ്ച് വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാക്കാവുന്ന കുറ്റമാണ്. സംഘടിത കുറ്റകൃത്യത്തിന്റെ നിര്‍വ്വചനത്തില്‍ വിവരിച്ച 'സാമ്പത്തിക കുറ്റം' എന്താണെന്നു നിര്‍വ്വചിക്കാത്തതും ഭൂമി തട്ടിയെടുക്കല്‍ സംഘടിത കുറ്റകൃത്യമാക്കിയതും നിയമത്തിന്റെ ദുരുപയോഗത്തിനു സാഹചര്യമുണ്ടാക്കും. ചെറുതും വലുതുമായ ഭൂമി കയ്യേറ്റങ്ങള്‍ സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടുത്തി കേസെടുക്കാവുന്ന അവസ്ഥ നിരവധി ഉത്തമവിശ്വാസത്തോടുകൂടി ഭൂമിയിലെ അളവ് വ്യത്യാസത്തെ തുടര്‍ന്നുണ്ടാവുന്ന സിവില്‍ തര്‍ക്കങ്ങള്‍പോലും സംഘടിത കുറ്റകൃത്യമായി വ്യാഖ്യാനിച്ച് കേസെടുക്കുന്ന സ്ഥിതിയുണ്ടാവും. ബി.എന്‍.എസ് 112-ാം വകുപ്പനുസരിച്ചുള്ള 'നിസ്സാര സംഘടിത കുറ്റത്തിന്റെ' നിര്‍വ്വചനമനുസരിച്ച് ഏതൊരാളും വ്യക്തിയെന്ന നിലയില്‍ സ്വന്തമായോ മററുള്ളവരുമായി ചേര്‍ന്നോ മോഷണമോ തട്ടിപ്പറിയോ ചതിയോ നിയമവിരുദ്ധമായി ടിക്കറ്റ് വില്‍പ്പന നടത്തുന്നതോ ചൂതാട്ടം നടത്തുന്നതോ പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് വില്‍പ്പന നടത്തുന്നതോ അതുപോലുള്ള മറ്റ് കുറ്റകൃത്യം ചെയ്യുന്നത് ഒരു വര്‍ഷത്തില്‍ കുറയാത്തതും ഏഴ് വര്‍ഷത്തില്‍ കവിയാത്തതുമായ തടവ് ശിക്ഷയോ പിഴയോ ചുമത്താവുന്ന കുറ്റമാണ്. മേല്‍ വിവരിച്ച സംഘടിത കുറ്റകൃത്യത്തിന്റേയും നിസ്സാര സംഘടിത കുറ്റകൃത്യത്തിന്റേയും നിര്‍വ്വചനം പരിശോധിച്ചാല്‍ വാഹനം തട്ടിക്കൊണ്ടുപോകുന്നതും തനിക്കവകാശമില്ലാത്ത അന്യന്റെ ഭൂമി കൈവശം വെക്കുന്നതും അഞ്ച് വര്‍ഷത്തില്‍ കുറയാത്തതും ഏഴ് ജീവപര്യന്തം വരെയാവുന്ന കുറ്റമാണ്. എന്നാല്‍, നിസ്സാര കുറ്റകൃത്യമെന്ന നിലയില്‍ ഏറ്റവും കുറഞ്ഞ ഒരു വര്‍ഷത്തെ തടവുശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ള കുറ്റങ്ങള്‍ ഏറെയും ഗുരുതര സ്വഭാവമുള്ളതാണ്. ഇതില്‍നിന്നും നിയമത്തില്‍ കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ശിക്ഷ വ്യവസ്ഥ ചെയ്തതിലെ വൈരുദ്ധ്യമാണ് പ്രകടമാക്കുന്നത്. അതേപോലെ നിസ്സാര കുറ്റകൃത്യത്തില്‍ 'സമാന കുറ്റകൃത്യം' എന്നതിനും നിര്‍വ്വചനം നല്‍കിയിട്ടില്ല. അതുമൂലം പൊലീസിന് ഏതുവിധത്തിലും വ്യാഖ്യാനിക്കാന്‍ അവസരം സൃഷ്ടിക്കും. ബി.എന്‍.എസ് 304-ാം വകുപ്പനുസരിച്ച് ഇളകുന്ന മുതലുകളുടേയും മോഷണം ഏതെങ്കിലും വ്യക്തിയില്‍നിന്നു ബലംപ്രയോഗിച്ച് നടത്തുന്നത് തട്ടിപ്പറിക്കല്‍ എന്ന പ്രത്യേക വകുപ്പ് എഴുതിച്ചേര്‍ത്ത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്തതും പുതിയ കുറ്റമാണ്.
നിരാഹാര സത്യാഗ്രഹം ലക്ഷ്യംവെച്ച് ഏതെങ്കിലും പൊതുസേവകന്‍ തങ്ങളില്‍ നിക്ഷിപ്തമായ നിയമാനുസൃതമായ അധികാരം നിര്‍വ്വഹിക്കണമെന്നാവശ്യപ്പെട്ട് മരണംവരെ സത്യാഗ്രഹം നടത്തുന്ന കുറ്റം ന്യായ സന്‍ഹിത 226-ാം വകുപ്പനുസരിച്ച് കുറ്റകരമാക്കിയത് ഗാന്ധിയന്‍ സമര മുറ തമസ്‌കരിക്കാനും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടുകൂടിയാണെന്നു വ്യക്തം.
രാജ്യദ്രോഹക്കുറ്റം
ബ്രിട്ടീഷ് ഭരണാധികാരികള്‍ നടപ്പിലാക്കിയ ഇന്ത്യന്‍ പീനല്‍കോഡിലെ രാജ്യദ്രോഹക്കുറ്റ(124 എ വകുപ്പ്)ത്തിന്റെ ദുരുപയോഗം അതിരുകടന്നപ്പോള്‍ സുപ്രീംകോടതി തന്നെ മരവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ബി.എന്‍.എസിലെ രാജ്യദ്രോഹകുറ്റം വിവരിക്കുന്ന 152-ാം വകുപ്പ് പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ ചേര്‍ത്തതായി കാണാം. 124 എ വകുപ്പില്‍ വിവരിച്ച സര്‍ക്കാരിനെതിരെ അപ്രിയമുണ്ടാക്കുന്ന നടപടി എടുത്തുമാറ്റിയെങ്കിലും ആരെങ്കിലും വാക്കാലോ എഴുത്തുവഴിയോ ആംഗ്യേനയോ ഇലക്ട്രോണിക് രൂപേനയോ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍, സായുധകലാപം ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നതു ജീവപര്യന്തം തടവ് ശിക്ഷയോ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയോ നല്‍കാവുന്ന കുറ്റമാണ്. പക്ഷേ, 'സായുധകലാപം', വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, 'അട്ടിമറി പ്രവര്‍ത്തനങ്ങള്‍' എന്നീ സുപ്രധാന കൃത്യങ്ങള്‍ക്കു യാതൊരു വിവരണമോ നിര്‍വ്വചനമോ നല്‍കാതെ ഭരിക്കുന്ന ഭരണാധികാരികളുടേയും പൊലീസിന്റെ ഇഷ്ടങ്ങളനുസരിച്ച് അര്‍ത്ഥം നല്‍കി തങ്ങളുടെ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാന്‍ അവസരമൊരുക്കുന്ന ഗുരുതര സ്ഥിതിവിശേഷം പുതിയ സന്‍ഹിത നടപ്പില്‍ വരുന്നതോടുകൂടി സൃഷ്ടിക്കപ്പെടും. ആയത് പഴയ 124 എ വകുപ്പിന്റെ തനിയാവര്‍ത്തനമായി മാറും.
നിരാഹാര സത്യഗ്രഹം കുറ്റകരം
പഴയ ഐ.പി.സിയിലെ ആത്മഹത്യശ്രമം (309ാം വകുപ്പ്) അനുസരിച്ച് നിരാഹാര സത്യാഗ്രഹം ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതികളുടേയും സുപ്രീംകോടതികളുടേയും നിരവധി വിധിന്യായങ്ങള്‍ ഉണ്ട്. മാത്രമല്ല, 2017-ലെ മെന്റല്‍ ഹെല്‍ത്ത് ആക്ട് അനുസരിച്ച് ആത്മഹത്യാശ്രമം കുറ്റകരമല്ലാതായി. പക്ഷേ, നിരാഹാര സത്യാഗ്രഹം ലക്ഷ്യംവെച്ച് ഏതെങ്കിലും പൊതുസേവകന്‍ തങ്ങളില്‍ നിക്ഷിപ്തമായ നിയമാനുസൃതമായ അധികാരം നിര്‍വ്വഹിക്കണമെന്നാവശ്യപ്പെട്ട് മരണംവരെ സത്യാഗ്രഹം നടത്തുന്ന കുറ്റം ന്യായ സന്‍ഹിത 226-ാം വകുപ്പനുസരിച്ച് കുറ്റകരമാക്കിയത് ഗാന്ധിയന്‍ സമര മുറ തമസ്‌കരിക്കാനും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടുകൂടിയാണെന്നു വ്യക്തം. വര്‍ഗ്ഗം, ലിംഗ, ഭാഷ, വിശ്വാസം, ജനനസ്ഥം, മതം എന്നീ വിദ്വേഷങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചോ അതിലധികം ആളുകള്‍ ചേര്‍ന്ന് മറ്റൊരു വിഭാഗത്തിലെ ആളുകളെ കൊല്ലുന്ന കുറ്റം വിധശിക്ഷയോ, ജീവപര്യന്തം തടവുള്‍പ്പെടെ പിഴ വിധിക്കാവുന്ന കുറ്റമായിട്ടാണ് 113(2) വകുപ്പില്‍ വിവരിച്ചിരിക്കുന്ന ആള്‍ക്കൂട്ട കൊല അതീവ ഗുരുതര കുറ്റമായി ബി.എന്‍.എസില്‍ വിവരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ കുറ്റം
ഒന്നില്‍ കൂടുതല്‍ ആളുകള്‍ 18 വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ സംഘത്തിലുള്ള ഓരോ വ്യക്തിയും ചെയ്ത ബലാത്സംഗമായി കണക്കാക്കി ശേഷിക്കുന്ന ജീവിതകാലം മുഴുവനും തടവ് ശിക്ഷയും പിഴയും അല്ലെങ്കില്‍ വധശിക്ഷ എന്ന കുറ്റമാക്കിക്കൊണ്ടും പിഴ സംഖ്യ അതിജീവിതയുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും മതിയായ സംഖ്യ പിഴ കണക്കാക്കി വിധിക്കണമെന്നും ബി.എന്‍.എസ് 70(2) വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തരംതിരിച്ചുള്ള അശ്രദ്ധാക്കുറ്റം
നരഹത്യയല്ലാത്ത അശ്രദ്ധമൂലം സംഭവിക്കുന്ന മരണം അഞ്ച് വര്‍ഷം വരെ തടവും പിഴയും വിധിക്കാവുന്ന കുറ്റമായി സന്‍ഹിത 106-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്‌തെങ്കിലും പഴയ പീനല്‍ കോഡിലേതുപോലെ ജാമ്യം ലഭിക്കുന്നതും ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു വിചാരണ ചെയ്യാവുന്നതായി നിലനിര്‍ത്തുകയുണ്ടായി. മാത്രമല്ല, ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അനാസ്ഥയെ തരംതിരിച്ച് പരമാവധി രണ്ട് വര്‍ഷം തടവും പിഴയുമാക്കി തരംതിരിച്ചിരിക്കുകയാണ്. പഴയ പീനല്‍കോഡില്‍ അശ്രദ്ധമൂലമുണ്ടാവുന്ന മരണം വെറും പരമാവധി രണ്ട് വര്‍ഷം തടവും പിഴയും മാത്രം ശിക്ഷ നല്‍കാവുന്ന കുറ്റമാക്കി വ്യവസ്ഥ ചെയ്തത് ബ്രിട്ടീഷ് ഭരണകാലത്ത് വാഹനങ്ങള്‍ ഭൂരിപക്ഷവും ബ്രട്ടീഷുകാര്‍ക്ക് ഉള്‍പ്പെട്ടതായിരുന്നു അതുകൊണ്ടാണ് വാഹനമപകടം മൂലമുണ്ടാവുന്ന മരണം നിസ്സാരവല്‍ക്കരിച്ചുകൊണ്ട് ശിക്ഷാനിയമമുണ്ടാക്കിയതെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, അശ്രദ്ധ കാരണം വാഹന അപകടം സംഭവിച്ച് പൊലീസിനേയോ മജിസ്ട്രേറ്റിനേയോ അറിയിക്കാതെ രക്ഷപ്പെടുന്നത് 10 വര്‍ഷം വരെ ശിക്ഷ നല്‍കാവുന്ന കുറ്റമായി 106 (2) വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വധശിക്ഷയുടെ തിരിച്ചുവരവ്
ബ്രിട്ടീഷ് ഭരണാധികാരികള്‍ പാസ്സാക്കി നടപ്പിലാക്കിയ 1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് വധശിക്ഷ വിധിച്ച കുറ്റം ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട തടവുകാരന്‍ കൊലപാതകക്കുറ്റം ചെയ്താല്‍ മാത്രം ഐ.പി.സി 303-ാം വകുപ്പനുസരിച്ച് വിധിക്കാവുന്ന ശിക്ഷയായിരുന്നു വധശിക്ഷ. പിന്നീട് 1983-ല്‍ സുപ്രീംകോടതി മിത്ത്/സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ അപ്രകാരം വധശിക്ഷ വിധിക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കണമെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റങ്ങള്‍ക്കു മാത്രമേ വധശിക്ഷ വിധിക്കാന്‍ പാടുള്ളൂവെന്നു വിധിച്ചിട്ടുണ്ടായിരുന്ന വിധിയാണ് ഇന്നു രാജ്യത്ത് ഫലത്തിലും ബലത്തിലും നിലനില്‍ക്കുന്നതും കോടതികള്‍ പിന്തുടരുന്നതും. പക്ഷേ, മേല്‍ വിവരിച്ച വ്യവസ്ഥകളെല്ലാം പാടെ വിസ്മരിച്ചുകൊണ്ട് വധശിക്ഷ നിരവധി കുറ്റങ്ങള്‍ക്കു വ്യവസ്ഥ ചെയ്തത് ഫലത്തില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സുപ്രീംകോടതി വിധി നിരാകരിക്കുന്നതിനു തുല്യമാണ്.
ഭീകരപ്രവര്‍ത്തനം
ന്യായ സന്‍ഹിത 113-ാം വകുപ്പില്‍ വിവരിച്ച ഭീകരപ്രവര്‍ത്തനം 2008-ല്‍ ഭേദഗതി ചെയ്യപ്പെട്ട യു.എ.പി.എ വകുപ്പില്‍ വിവരിച്ച ഭീകര പ്രവര്‍ത്തനത്തിന്റെ തനിയാവര്‍ത്തനമാണ്. പുതിയ ന്യായ സന്‍ഹിതയില്‍ ആവര്‍ത്തനമായി ഭീകരപ്രവര്‍ത്തനം എഴുതിച്ചേര്‍ക്കുമ്പോള്‍ എന്തുകൊണ്ട് യു.എ.പി.എ നിയമത്തില്‍ അവ നീക്കം ചെയ്തില്ലെന്നത് വിചിത്രമാണ്. മാത്രമല്ല, ഒരേ കുറ്റം രണ്ട് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കെ കുറ്റകൃത്യം നടന്നാല്‍ ഏതു നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു തീരുമാനിക്കേണ്ടത് ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസിന്റെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ന്യായ സന്‍ഹിത 113 (7) വകുപ്പില്‍ വ്യവസ്ഥ ചെയ്തതും പൊലീസിന് അമിതാധികാരം നല്‍കുന്ന സ്ഥിതി ഫലത്തില്‍ ദുരുപയോഗമായി മാറും. ഒരേ കുറ്റം ന്യായ സന്‍ഹിതയിലും യു.എ.പി.എയിലും വിവരിച്ച സ്ഥിതിയില്‍ ഭീകരപ്രവര്‍ത്തനം ചുമത്തി കേസെടുത്ത് കുറ്റപത്രം ബോധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്ന യു.എ.പി.എ വ്യവസ്ഥയ്ക്ക് സമാനമായി ന്യായ സന്‍ഹിതയില്‍ പ്രത്യേക വകുപ്പുകളില്ലാത്തതും നിയമത്തിലെ വലിയൊരു വൈരുദ്ധ്യമാണ്.
1892-ലെ ക്രിമിനല്‍ നടപടി സംഹിത 1973-ല്‍ സമഗ്രമായി പരിഷ്‌കരിച്ചെങ്കിലും 1872-ലെ ഇന്ത്യന്‍ തെളിവു നിയമത്തില്‍ ചില ഭേദഗതികള്‍ ഉണ്ടായിയെന്നതല്ലാതെ സമഗ്രമായി പരിഷ്‌കരണം നാളിതുവരെയായി ഉണ്ടായിട്ടില്ല. പരിഷ്‌കരിച്ച 2023-ലെ ഭാരതീയ നാഗറിക് സുരക്ഷാ സന്‍ഹിത(ബി.എന്‍.എസ്.എസ്)യുടെ ഘടന പരിശോധിച്ചാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുംവിധം എല്ലാ അര്‍ത്ഥത്തിലും പൊലീസിനു വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുമാറ് കേസന്വേഷണത്തിന്റെ പേരില്‍ പൊലീസിന് അമിതാധികാരം ഉപയോഗിക്കാന്‍ സാധിക്കും വിധമാണെന്നു വ്യക്തം. ബി.എന്‍.എസ്.എസ് 187(3)ാം വകുപ്പനുസരിച്ച് അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും പൊലീസിനു 15 ദിവസത്തോളം 60 ദിവസത്തിനുള്ളിലോ 90 ദിവസത്തിനുള്ളിലോ എപ്പോള്‍ വേണമെങ്കിലും പൊലീസ് കസ്റ്റഡി ആവശ്യപ്പെടാമെന്ന വ്യവസ്ഥ ജാമ്യമെന്ന സങ്കല്‍പ്പത്തെത്തന്നെ കളങ്കപ്പെടുത്തുന്നതാണ്.
പ്രാഥമികാന്വേഷണം
കൊഗ്നൈസബിള്‍ ഗണത്തില്‍പ്പെടുന്ന ഏതു കുറ്റം സംബന്ധിച്ച് പൊലീസിനു വിവരം നേരിട്ടോ ഫോണ്‍ മുഖാന്തിരമോ മറ്റുവിധത്തിലോ വിവരം ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന പഴയ രണ്ട് ക്രിമിനല്‍ നടപടി സന്‍ഹിതയിലും സുപ്രീംകോടതിയുടെ സുപ്രസിദ്ധമായ ലളിതകുമാരി കേസിലെ വിധിക്കുമെതിരായി കൊഗ്നൈസബിള്‍ ഗണത്തില്‍പ്പെട്ട കേസ് സംബന്ധിച്ച വിവരം കിട്ടിയാല്‍ തുടര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായി പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് 4 ദിവസത്തെ സമയപരിധിക്കുള്ളില്‍ പ്രാഥമിക അന്വേഷണം നടത്താമെന്ന ന്യായസംഹിത 173 (3) വകുപ്പിലെ വ്യവസ്ഥ ഫലത്തില്‍ പ്രതികള്‍ക്കു രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും ആരംഭത്തില്‍ത്തന്നെ കേസ് അട്ടിമറിക്കാന്‍ കാരണമാക്കും.
ഭരണഘടനയും മൗലികാവകാശവും പരിഷ്‌കൃത സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ കാറ്റില്‍പറത്തിക്കൊണ്ട് 43(3) വകുപ്പനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും കയ്യാമം വെയ്ക്കാമെന്നു വ്യവസ്ഥ ജനാധിപത്യ ഭരണക്രമത്തിന് ഒരിക്കലും യോജിച്ചതല്ല. മാത്രമല്ല, കയ്യാമം വെയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ സുനില്‍ ബത്ര കേസിലും 1980-ല്‍ വീണ്ടും ആവര്‍ത്തിച്ച് പ്രേം ശങ്കര്‍ ശുക്ല കേസിലേയും വിധികള്‍ ഇന്നും നിലനില്‍ക്കുകയാണ്. കേസന്വേഷണത്തോട് അനുബന്ധിച്ച കൃത്യ സ്ഥലപരിശോധനയും തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതും മൊബൈല്‍ ഫോണ്‍ മുഖാന്തിരമുള്ള ആഡിയോ വീഡിയോ റിക്കാര്‍ഡിങ്ങ് വഴിയായിരിക്കണമെന്ന 105-ാം വകുപ്പിലെ വ്യവസ്ഥ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ബോധിപ്പിക്കുമ്പോള്‍ കേസന്വേഷണ പുരോഗതി പരാതിക്കാരനേയോ ഇരയേയോ അറിയിച്ചിരിക്കണമെന്ന 193(2) (ശശ) വകുപ്പിലെ വ്യവസ്ഥ തികച്ചും നൂതനമാണ്. അന്വേഷണത്തിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി തുടരന്വേഷണംപോലും ആവശ്യപ്പെടാന്‍ മേല്‍ വ്യവസ്ഥ സഹായിക്കും.
പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെങ്കില്‍ പിന്നെയുള്ള ഏകമാര്‍ഗ്ഗം മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ബോധിപ്പിക്കുകയെന്നതാണ്. പുതിയ ബി.എന്‍.എസ്.എസ്സിലെ 223-ാം വകുപ്പനുസരിച്ച് സ്വകാര്യ അന്യായം ബോധിപ്പിച്ച് പരാതിക്കാരനേയും സാക്ഷികളേയും വിസ്തരിച്ച് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതിക്കു ബോദ്ധ്യപ്പെട്ടാലും പ്രതിക്ക് സമന്‍സയച്ചു വിളിപ്പിക്കുന്നതിനു മുന്‍പായി പ്രതിയെ കേള്‍ക്കണമെന്ന വ്യവസ്ഥ തികച്ചും അസംബന്ധമായേ കാണാനൊക്കൂ.
പ്രോസിക്യൂഷന്‍ അനുമതി
പൊതുസേവകന്മാര്‍ക്കോ ജഡ്ജ്മാര്‍ക്കോ എതിരായ കേസുകളില്‍ 120 ദിവസങ്ങള്‍ക്കുള്ളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നും അല്ലാത്തപക്ഷം 120 ദിവസം കഴിഞ്ഞാല്‍ അനുമതി നല്‍കിയതായി കണക്കാക്കാമെന്ന 218 (1)ാം വകുപ്പനുസരിച്ച വ്യവസ്ഥയും നീതിനിര്‍വ്വഹണം വേഗത്തിലാക്കും. രാജ്യത്തെവിടെ നടന്ന കുറ്റം സംബന്ധിച്ചും ഏതു പൊലീസ് സ്റ്റേഷനിലും പ്രഥമവിവരം റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന സീറോ എഫ്.ഐ.ആര്‍ സമ്പ്രദായം വ്യവസ്ഥ ചെയ്ത 173-ാം വകുപ്പ് ബി.എന്‍.എസ്.എസ്സിന്റെ സവിശേഷതയാണ്.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ പ്രതിയുടെ സാന്നിദ്ധ്യമില്ലാതെ കുറ്റവിചാരണയാവാമെന്ന 356-ാം വകുപ്പിലെ വ്യവസ്ഥയും അപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതിക്ക് അപ്പീല്‍ ബോധിപ്പിക്കാന്‍ പ്രതിയുടെ സാന്നിദ്ധ്യം ആവശ്യമാണെന്നും 356 (2)ാം വകുപ്പിലെ വ്യവസ്ഥ കേസുകള്‍ പ്രതികള്‍ക്കുവേണ്ടി കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാവും. രാജ്യത്ത് നിലവില്‍ ഇപ്പോള്‍ 3.4 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് നാഷണല്‍ ജൂഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ കണക്കു പറയുന്നത്.
കുറ്റപത്രം ബോധിപ്പിച്ച് വിചാരണയിലിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുന്നതിനു മുന്‍പായി ഇരയെ കേള്‍ക്കണമെന്ന 360-ാം വകുപ്പിലെ വ്യവസ്ഥയും തങ്ങളുടെ ഇഷ്ടാനുസരണം കേസ് പിന്‍വലിക്കുന്ന സര്‍ക്കാര്‍ രീതിക്കു വിരാമം കുറിക്കും.
കാലത്തിന്റെ മാറ്റത്തിനും ശാസ്ത്രസാങ്കേതികവിദ്യയുടെ അതിവേഗത്തിലെ പുരോഗതിയേയും അടിസ്ഥാനപ്പെടുത്തി തെളിവുനിയമത്തിലെ മാറ്റങ്ങള്‍ തികച്ചും അനിവാര്യമാണ്. 'രേഖ'യുടെ നിര്‍വ്വചനം മാറ്റിയെഴുതി ഇലക്ട്രോണിക്, ഡിജിറ്റല്‍ റിക്കാര്‍ഡുകള്‍, ഇ-മെയില്‍, സെര്‍വര്‍ കംപ്യൂട്ടറിലെ രേഖകള്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ സന്ദേശങ്ങള്‍, വെബ് സൈറ്റുകള്‍ എന്നിവ ചേര്‍ത്തു മാറ്റിയെഴുതിയത് ക്രിമിനല്‍, സിവില്‍ നീതിന്യായ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ക്കു കാരണ ഹേതുവാകും, ഇലക്ട്രോണിക് തെളിവുകള്‍ കൃത്രിമം ചെയ്യാന്‍ സാധിക്കുമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇലക്ട്രോണിക് തെളിവുകള്‍ സ്വീകാര്യമാണെന്ന ഭാരതീയ സാക്ഷ്യ അഭിനയം (ബി.എസ്.എ) എഴുതിച്ചേര്‍ത്തത് നീതിന്യായ നിര്‍വ്വഹണ പ്രവര്‍ത്തനത്തെത്തന്നെ സാരമായി ബാധിക്കുന്നതാണ്. ഇലക്ട്രോണിക് റിക്കാര്‍ഡുകള്‍ക്ക് സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന പഴയ തെളിവ് നിയമത്തിലെ 65 എ വകുപ്പ് പുതിയ ബി.എസ്.എയില്‍ 62, 63 എന്നിങ്ങനെയായി യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുകയും ഇലക്ട്രോണിക് തെളിവുകള്‍ ബി.എസ്.എയിലെ മറ്റു വകുപ്പുകളിലെ വ്യവസ്ഥകള്‍ക്കു വിധേയമായി സ്വീകാര്യത നിഷേധിക്കാന്‍ പാടില്ലായെന്ന് 61-ാം വകുപ്പില്‍ എഴുതിച്ചേര്‍ത്തത് പരസ്പര വിരുദ്ധമാണ്.
ന്യായ സന്‍ഹിതയും നാഗരിക സുരക്ഷാ സന്‍ഹിതയും നടപ്പാക്കുന്നതിന്റെ പരമപ്രധാനമായ ഘടകം ഇതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിക്കേണ്ട ചട്ടങ്ങളാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കാതെ ജൂലൈ ഒന്നിനു പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും. മാത്രമല്ല, രാജ്യത്തെ കീഴ്കോടതികള്‍ തൊട്ട് ഭരണഘടനാ കോടതികള്‍ വരെയുള്ള ന്യായാധിപന്മാര്‍, 15 ലക്ഷത്തോളം അഭിഭാഷകര്‍ അതേപോലെ ലക്ഷക്കണക്കിനു പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും പുതിയ നിയമം സംബന്ധിച്ചുള്ള പരിശീലനവും അറിവും വരും നാളുകളില്‍ ലഭിക്കാതെ നിയമങ്ങള്‍ നടപ്പില്‍ വരുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും അതിന്റെ ഫലമായി നീതിനിര്‍വ്വഹണത്തിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു നീതിനിഷേധമായി മാറുമെന്നതാണ് ആശങ്ക.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
