'ജെമിനി ശങ്കരേട്ടന്‍ ജീവിതത്തിന്റെ 99 പടവുകള്‍ പിന്നിട്ടു, അവ കാലത്തിന്റെ അവിസ്മരണീയമായ പടവുകളാണ്'

ഇന്ദിരാഗാന്ധി അടുക്കളയില്‍ പാചകസമയത്ത് ഇടുന്ന ഏപ്രണുമായി ഒരു സന്ദര്‍ശകനെ സ്വീകരിക്കുന്നു. ആ സന്ദര്‍ശകന്‍, മറ്റാരുമല്ല - ജെമിനി ശങ്കരനായിരുന്നു
'ജെമിനി ശങ്കരേട്ടന്‍ ജീവിതത്തിന്റെ 99 പടവുകള്‍ പിന്നിട്ടു, അവ കാലത്തിന്റെ അവിസ്മരണീയമായ പടവുകളാണ്'
Updated on
5 min read

ജെമിനി ശങ്കരന്‍ എന്ന സര്‍ക്കസ് ഇതിഹാസത്തിന് ജൂണ്‍ 13-ന്, 99 വയസ്സ് പിറന്നു. തൊണ്ണൂറ്റി ഒന്‍പതു ദീര്‍ഘവര്‍ഷങ്ങള്‍ കണ്ട ആ കണ്ണുകള്‍ ബോധത്തില്‍ നിറച്ചുവെച്ചിരിക്കുന്നത്, ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ തമ്പുകളുടെ ചരിത്രമാണ്. ജെമിനി ശങ്കരേട്ടന്‍ സര്‍ക്കസ് ചരിത്രത്തിന്റെ എല്ലാ കാലത്തേക്കുമുള്ള അതുല്യമായ ഒരു പുസ്തകമാണ്. അല്ലെങ്കില്‍, എന്നേക്കുമായുള്ള ഓര്‍മ്മകളുടെ തമ്പ്. കാണികളേയും കലാകാരന്മാരേയും ഒന്നിപ്പിക്കുന്ന കാലത്തിന്റെ ഇനിയും മുറിഞ്ഞു പോകാത്ത ഒരു കണ്ണി.

ഒന്നാലോചിച്ചു നോക്കൂ, ഇന്ദിരാഗാന്ധി അടുക്കളയില്‍ പാചകസമയത്ത് ഇടുന്ന ഏപ്രണുമായി ഒരു സന്ദര്‍ശകനെ സ്വീകരിക്കുന്നു. ആ സന്ദര്‍ശകന്‍, മറ്റാരുമല്ല - ജെമിനി ശങ്കരനായിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കസ് കളി കാണാന്‍ ഇന്ദിരാഗാന്ധിയെ ക്ഷണിക്കാന്‍ പോയ ജെമിനി ശങ്കരനു വാതില്‍ക്കല്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നില്ല. അടുക്കളയില്‍ എന്തോ പാചകം ചെയ്യുകയായിരുന്ന അതേ വേഷത്തില്‍ ഇന്ദിര പുറത്തുവന്ന് ശങ്കരേട്ടനുമായി സംസാരിച്ചു. അത് അമൂല്യമായ ഓര്‍മ്മയാവുന്നത്, അതിന്റെ ചിത്രം കൂടി ശങ്കരേട്ടന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ ആല്‍ബത്തിലുണ്ട്. വെറുതെയങ്ങ് പറഞ്ഞുപോകുന്നതല്ല ആ ഓര്‍മ്മകളൊന്നും തന്നെ. ചിത്രസഹിതമുള്ള ഓര്‍മ്മകളാണ്. 

ഓര്‍മ്മകളുടെ ആ ചിത്രശാലയില്‍ ആരാണില്ലാത്തത്? ഇന്ത്യന്‍ ചരിത്രത്തിലെ പ്രകാശ ഗോപുരങ്ങളായിരുന്നവര്‍ എല്ലാവരുമുണ്ട്. നെഹ്റുവും വി.കെ. കൃഷ്ണമേനോനും സക്കീര്‍ ഹുസൈനും എ.കെ.ജിയും ഇ.എം.എസ്സും...

ജെമിനി ശങ്കരൻ (പഴയ ചിത്രം)
ജെമിനി ശങ്കരൻ (പഴയ ചിത്രം)

അങ്ങനെ ലെജന്റുകള്‍ കാണികളായി വരികയും അത്ഭുതത്തോടെ കയ്യടിക്കുകയും ചെയ്ത വിസ്മയകാലങ്ങളുടെ ദൃക്സാക്ഷിയാണ് ശങ്കരേട്ടന്‍. ലോകം, സര്‍ക്കസ് എന്ന 'ശരീരകല'യുടെ മന്ത്രികമായ തമ്പുകാലങ്ങളിലൂടെ കടന്നുപോയ കാലം. സര്‍ക്കസ് കാണാന്‍ വിദൂരദേശത്തുനിന്ന് പായയും ചെറിയ ചായപ്പാത്രങ്ങളുമായി വന്ന് തമ്പിനു മുന്നില്‍ രാപാര്‍ക്കുന്നവര്‍, അവര്‍ ടിക്കറ്റിനുവേണ്ടി കാത്തിരിക്കുന്നവരാണ്, ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍, സര്‍ക്കസ് താരങ്ങളെ വീരാരാധനയോടെ അഭിവാദ്യം ചെയ്യുന്നവര്‍...

അങ്ങനെ, ഓര്‍മ്മകള്‍ വലിയൊരു ആരവത്തെ ചെന്നു തൊടുന്നു.

ജെമിനി ശങ്കരേട്ടനോടൊപ്പം സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുമ്പോള്‍, മെയ്യഭ്യാസത്തില്‍ സൂക്ഷ്മതകള്‍ എത്ര പ്രധാനമാണെന്ന് ശങ്കരേട്ടന്‍ പറയും:

''ഏകാഗ്രതയാണ് കല.''

ശങ്കരേട്ടന്‍ പറയും: ''വലിയൊരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ അഭ്യാസം നടത്തുമ്പോഴും ആ ഏകാഗ്രത നഷ്ടപ്പെടാന്‍ പാടില്ല. കാണികള്‍ നമ്മെ കാണുന്നുണ്ട്. ഏകാഗ്രത നഷ്ടമായാല്‍ കാണികള്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കും. ഒരു പിഴവും വരാത്ത ഏകാഗ്രതയും സൂക്ഷ്മതയും...''

സര്‍ക്കസ്സിനെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു മഹാസംഭവമാക്കുന്നത്, ശരീരഭ്യാസങ്ങളുടെ ഈ തത്സമയ അവതരണമാണ്. അതെപ്പോഴും ഘശ്‌ല ആണ്. എഡിറ്റിങ്ങോ ഗ്രാഫിക്‌സോ ഇല്ല, ഡ്യൂപ്പുകള്‍ ഇല്ല.

''അത് പ്രധാനമല്ലേ?'' -ശങ്കരേട്ടന്‍ ചോദിക്കുന്നു. ''ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇല്ല സര്‍ക്കസില്‍. എല്ലാവരും നേരില്‍ നിന്നുകൊണ്ട്, സ്വന്തം ശരീരം കൊണ്ടുതന്നെ അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. ശരീരം വലിയൊരു അനുഭവമാണ്. അതിനെ എങ്ങനെയാണ് നാം പരിപാലിക്കുന്നത്, അതുപോലെ ശരീരം നമ്മുടെ ജീവിതത്തേയും പരിപാലിക്കും.''

99-ാം വയസ്സിലും ചിട്ടയായ ജീവിതശൈലികള്‍ ശങ്കരേട്ടന്‍ പുലര്‍ത്തുന്നു. സര്‍ക്കസ്/കളരി പാഠങ്ങളില്‍നിന്ന് ആര്‍ജ്ജിച്ച സ്വന്തമായി ചിട്ടപ്പെടുത്തിയ വ്യായാമം വിട്ടുവീഴ്ചയില്ലാതെ ചെയ്യുന്നു. ശരീരത്തിന്റെ ഓരോ കോശത്തേയും ഉണര്‍ത്തുന്നു. കളരി/സര്‍ക്കസ് അക്രോ ബറ്റ് കോമ്പിനേഷനാണ് ശങ്കരേട്ടന്റെ വ്യായാമം.

''നമ്മള്‍ അലക്കിയ ഒരു മുണ്ട് പിഴിഞ്ഞ്, നിവര്‍ത്തി അയലില്‍ ആറിയിടുമ്പോള്‍ ശരീരത്തിന്റെ ഒരു വ്യായാമം കൂടി നടക്കുന്നുണ്ട്. കയ്യുടെ അനായാസമായ ചലനത്തിനും ആരോഗ്യത്തിനും സ്വന്തം വസ്ത്രങ്ങള്‍ കൈകൊണ്ട് വാഷ് ചെയ്യുന്നത് നല്ലതാണ്.''

സർക്കസ് കലാകാരൻമാർക്കൊപ്പം
സർക്കസ് കലാകാരൻമാർക്കൊപ്പം

ശങ്കരേട്ടന്‍ ഇതു വെറുതെ പറയുന്നതല്ല. ഈ പ്രായത്തിലും അദ്ദേഹം സ്വന്തം വസ്ത്രങ്ങള്‍ ഹാന്‍ഡ് വാഷ് ചെയ്യാന്‍ മറ്റാരേയും ഏല്പിക്കാറില്ല. അത് ആനന്ദത്തോടെ ചെയ്യുന്നു.

''ഉദാസീനതയാണ് ഞാനിപ്പോള്‍ പലരിലും കാണുന്നത്.''

ശങ്കരേട്ടന്‍ പറയുന്നു:

''സ്വന്തം ശരീരത്തോടാണ് ആളുകള്‍ കൂടുതല്‍ ഉദാസീനരായി പെരുമാറുന്നത്. ശരീരത്തെ സ്‌നേഹിക്കുമ്പോള്‍, തിരിച്ച് ആ സ്‌നേഹം ശരീരം നല്ല ആരോഗ്യമായി തിരിച്ചുതരും.''

മഹാനായ സര്‍ക്കസ് ഗുരു കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ ശിഷ്യനാണ്, ശങ്കരേട്ടന്‍. കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ മെയ്വഴക്കം അസാധാരണമായിരുന്നുവെന്ന് ശങ്കരേട്ടന്‍ ഓര്‍ക്കുന്നു.

''മനുഷ്യശരീരത്തിന്റെ സാധ്യതകള്‍ അനന്തമാണ് എന്നു തിരിച്ചറിഞ്ഞയാള്‍ കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറാണ്'' -ശങ്കരേട്ടന്‍ പറയുന്നു. ശരീരംകൊണ്ട് പലതും ചെയ്യാമെന്ന് ലോകത്തെ പഠിപ്പിച്ച സര്‍ക്കസ് ആചാര്യന്‍.

ഒരുകാലത്ത് ലോക സര്‍ക്കസ് വേദികളില്‍ത്തന്നെ ഏറ്റവും പ്രശസ്തനായ ഹോറിസോണ്ടല്‍ ബാര്‍ കളിക്കാരനായിരുന്നു, ജെമിനി ശങ്കരന്‍. പിന്നീട് ട്രപ്പീസില്‍ ശ്രദ്ധ പതിപ്പിച്ചു. 1950-കളില്‍ സര്‍ക്കസ്സില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റിയ സൂപ്പര്‍താരമായിരുന്നു, ജെമിനി ശങ്കരന്‍. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍, പട്ടാളത്തില്‍ വയര്‍ലസ് ഓപ്പറേറ്ററായി മിലിട്ടറിയില്‍ ചേര്‍ന്നു. അലഹബാദില്‍ ആറുമാസത്തെ ട്രെയിനിങ്ങ്. തുടര്‍ന്ന് വയര്‍ലസ് ഒബ്സര്‍വറായി ജോലിയില്‍ പ്രവേശിച്ചു. മദ്രാസിലായിരുന്നു നിയമനം. നാലു വര്‍ഷം വരെ ആ ജോലി തുടര്‍ന്നു.

''ചെറുപ്പത്തിലേ കളരി പഠിച്ചതുകൊണ്ടും കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ ശിഷ്യനായതും ഒരു നിയോഗമായി. ശരീരത്തിന്റെ വിളി സര്‍ക്കസ്സില്‍ എത്തിച്ചുവെന്നു പറയാം'' -ശങ്കരേട്ടന്‍ ഓര്‍ക്കുന്നു.

1934-ലാണ് ശങ്കരേട്ടന്‍ ആദ്യമായി ഒരു സര്‍ക്കസ് കാണുന്നത്.

കിട്ടുണ്ണി സര്‍ക്കസ്.

''അന്നെനിക്ക് പത്ത് വയസ്സായിരുന്നു'' -ശങ്കരേട്ടന്‍ ചെറുചിരിയോടെ ഓര്‍ക്കുന്നു.

''ആ സര്‍ക്കസ്സ് കിട്ടുണ്ണിയുടെ ഒറ്റയാള്‍ പ്രകടനമായിരുന്നു. തമ്പ് - തുണികൊണ്ട് ഉയര്‍ത്തിയും വളച്ചും കെട്ടിയ ഒരു കൊച്ചു കൂടാരം എന്നേ പറയാനാവൂ - കെട്ടുന്നതും സര്‍ക്കസ് കളിക്കുന്നതും അവസാനം കളി കഴിഞ്ഞാല്‍ കയ്യടിക്കുന്നതും എല്ലാം കിട്ടുണ്ണിയായിരുന്നു!''

അന്നത്തെ ഒരണയാണ് കിട്ടുണ്ണി സര്‍ക്കസ് കാണാനുള്ള ടിക്കറ്റ് ചാര്‍ജ്. കത്തിയേറാണ് കിട്ടുണ്ണിയുടെ പ്രധാന ഐറ്റം. അതിനു ഭാര്യയെ കൂട്ടുപിടിക്കും...

ജവഹർലാൽ നെഹ്റുവിനൊപ്പം. അപൂർവ ചിത്രം
ജവഹർലാൽ നെഹ്റുവിനൊപ്പം. അപൂർവ ചിത്രം

ഒരു കാട്ടുപൂച്ചയെ കിട്ടുണ്ണി വളര്‍ത്തിയിരുന്നു. അവസാനം ആ കാട്ടുപൂച്ചയെ കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് കിട്ടുണ്ണി വിളിച്ചുപറയും:

''ഇതാ പുലി വരുന്നു. കാട്ടുപുലി.''

''കിട്ടുണ്ണി അത് പൂച്ചയല്ലേ, പൂച്ച!''

കാണികളില്‍ ചിലര്‍ അപ്പോള്‍ ആര്‍ത്തുവിളിക്കും. ''സംശയമുള്ളവര്‍ക്കു വായില്‍ കയ്യിട്ടു നോക്കാം'' -കിട്ടുണ്ണി കാണികളെ വെല്ലുവിളിക്കും.

ഇന്നും, ആ ഓര്‍മ്മയില്‍ ശങ്കരേട്ടന്‍ കുട്ടിയെപ്പോലെ ചിരിക്കുന്നു.

സര്‍ക്കസ് കഴിഞ്ഞ് ഒറ്റത്തൂണുള്ള തമ്പുമഴിച്ച് ചെറിയ ചെറിയ സര്‍ക്കസ് സാമഗ്രികളും മറ്റും തലച്ചുമടായി, കിട്ടുണ്ണി നടന്നുപോകുമ്പോള്‍, അന്നത്തെ ആ സര്‍ക്കസ് കണ്ട കുട്ടികള്‍ നഷ്ടബോധത്തോടെ അതു നോക്കിനില്‍ക്കുമായിരുന്നു... കുറേ ദൂരം വരെ കുട്ടികള്‍ കിട്ടുണ്ണിയെ പിന്തുടരും. ചെറിയ ചെറിയ കോമാളി കളികള്‍ കാണിച്ച് കിട്ടുണ്ണി കുട്ടികളെ ചിരിപ്പിക്കും...

കിട്ടുണ്ണി സര്‍ക്കസ് കണ്ട കൊളച്ചേരി കാവുംഭാഗത്തെ ''ആ കുട്ടി വളര്‍ന്നപ്പോള്‍, പക്ഷേ, ലോക പ്രശസ്തമായ തമ്പുകളുടെ കുലപതിയായി എന്നുതന്നെ പറയാം. തമ്പ് കെട്ടി ഉയര്‍ത്തുന്നത് ഇപ്പോഴും ഒരു വിസ്മയക്കാഴ്ചയാണ്. ഒരു കൂട്ടം മനുഷ്യരുടെ ഏകാഗ്രമായ പ്രവര്‍ത്തനമാണ് തമ്പായി ഉയരുന്നത്. 

സഹദേവന്‍ എന്ന ആത്മസുഹൃത്തുമായി ചേര്‍ന്ന് 1951 ഓഗസ്റ്റ് 15-ന് ഗുജറാത്തിനടുത്തുള്ള ബില്ലിമോറ എന്ന സ്ഥലത്ത്, ജെമിനി സര്‍ക്കസിന്റെ ആദ്യ പ്രദര്‍ശനം നടക്കുമ്പോള്‍, മൂര്‍ക്കോത്ത് വേങ്ങാക്കണ്ടി ശങ്കരന്‍, ഇപ്പോള്‍ അറിയപ്പെടുന്ന 'ജെമിനി ശങ്കരനാ'യി ഇന്ത്യന്‍ സര്‍ക്കസ് ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങി. ഇന്ന് ജെമിനി ശങ്കരന്‍ ഇന്ത്യന്‍ തമ്പുകളുടെ ചരിത്രനാമമാണ്. 1977 ഒക്ടോബര്‍ രണ്ടിന് ബീഹാറില്‍വെച്ച് ജംബോ സര്‍ക്കസ്സിനും തുടക്കമായി. അങ്ങനെ തലമുറകളുടെ ഓര്‍മ്മകളില്‍ അവിസ്മരണീയമായ കാഴ്ചവിരുന്നൊരുക്കിയ രണ്ടു സര്‍ക്കസ് തമ്പുകളുടെ 'ഉടയതമ്പുരാ'നായി ശങ്കരേട്ടന്‍. അസംഖ്യം കാണികള്‍ മാത്രമല്ല, 'ചരിത്രത്തിന്റെ കണ്ണു'കളും ആ തമ്പുകള്‍ സന്ദര്‍ശിച്ചു. ജവഹര്‍ലാല്‍ നെഹ്റു, ഡോ. എസ്. രാധാകൃഷ്ണന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്... അങ്ങനെ എത്രയെത്ര പേര്‍...

ജെമിനി ശങ്കരന്‍ സര്‍ക്കസ്സുമായി ലോകസഞ്ചാരം തന്നെ നടത്തിയിരുന്നു. സര്‍ക്കസ് ലോകത്തിന്റെ കലയായി വാഴ്ത്തപ്പെട്ട നാളുകളായിരുന്നു അവ. പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്തായിരുന്നു, ആ കാലത്തെ ആഫ്രിക്കന്‍ സഞ്ചാരങ്ങള്‍. സാംബിയയുടെ തലസ്ഥാനമായ ലുസാക്കോയിലും കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലും താന്‍സിയയുടെ തലസ്ഥാനമായ ദാറുസ്സലാമിലും എത്രയോ തവണ പറന്നു... 

''അത്ഭുതമാണ് ആഫ്രിക്ക'' 

ശങ്കരേട്ടന്‍ പറയുന്നു: ''താന്‍സിയയുടേയും കെനിയയുടേയും അതിര്‍ത്തിയില്‍ ഹറൂഷ എന്ന ഒരു കാടുണ്ട്. കണ്ടാമൃഗങ്ങളും ഒട്ടകപ്പക്ഷിയും കൂട്ടത്തോടെ മേയുന്നത് ഞാനവിടെവെച്ചു കണ്ടു. നമ്മുടെ പാടങ്ങളില്‍ കാലികള്‍ മേയുന്നതുപോലെ ആഫ്രിക്കന്‍ കാടുകളില്‍ സീബ്രകളും ജിറാഫുകളും മേയുന്നതു ഞാന്‍ കണ്ടു.

നൈല്‍ നദിക്കരയില്‍വെച്ച് ഹിപ്പപ്പൊട്ടാമസിനെ മാത്രമല്ല, അതിനെ തിന്നുന്നവരേയും കണ്ടു. ബീഫ് ഫ്രൈപോലെ, ഹിപ്പാപ്പൊട്ടാമസ് ഫ്രൈ! ആനയിറച്ചി പാചകം ചെയ്തു തിന്നുന്നവരേയും എലിയെ ചുട്ടുതിന്നുന്നവരേയും ആഫ്രിക്കയില്‍വെച്ചാണ് കാണുന്നത്...''

ആഫ്രിക്ക, ഓര്‍മ്മകളില്‍ നിറഞ്ഞ കാടായി ഇപ്പോഴുമുണ്ട്. 

''ജീവിതത്തിലെ വേഷപ്പകര്‍ച്ചകളും ലോകം അനുദിനം മാറുന്നതുമൊക്കെ യാത്ര ചെയ്യുമ്പോഴാണ് മനസ്സിലാവുക.''

ശങ്കരേട്ടന്‍ പറയുന്നു: ''ഷായുടെ ഭരണകാലത്താണ് ഇറാന്‍ സന്ദര്‍ശിച്ചത്. അപ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരികളായ ഇറാന്‍ സ്ത്രീകള്‍ ഫ്രോക്കിട്ടു നടക്കുന്നതു കാണാമായിരുന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ഖുമൈനിയുടെ കാലത്തും ഇറാന്‍ സന്ദര്‍ശിച്ചു; അപ്പോള്‍ മുഖം മൂടി പര്‍ദ്ദ ധരിച്ച സ്ത്രീകളെ എവിടേയും കണ്ടു. അങ്ങനെ ഇറാന്റെ രണ്ടു കാലങ്ങള്‍ കണ്ടു.''

വിഷ്ണു പന്ത് ഛത്രെയാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ കുലപതിയായി അറിയപ്പെടുന്നത്. ഒന്നാന്തരം കുതിര അഭ്യാസിയായിരുന്നു ഛത്രെ. ആ നാട്ടിലെ രാജാവിന്റെ കുതിരാലയം സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്ന ഛത്രെയും രാജാവും കൂടി, അക്കാലത്ത് ഇന്ത്യയില്‍ പ്രദര്‍ശനത്തിനു വന്ന റോയല്‍ ഇറ്റാലിയന്‍ സര്‍ക്കസ് കാണാന്‍ പോയി. ലോക സഞ്ചാരിയും അതിപ്രശസ്തനായ കുതിരാഭ്യാസിയുമായ ചിയാരിനി(Guiseppe chiarini)യുടെ ഉടമസ്ഥതയിലായിരുന്നു, റോയല്‍ ഇറ്റാലിയന്‍ സര്‍ക്കസ്. ആ സര്‍ക്കസ് കണ്ട് ആവേശഭരിതരായ രാജാവിനും വിഷ്ണു പന്ത് ഛത്രെയ്ക്കും അതുപോലെ ഇന്ത്യയിലും തുടങ്ങാന്‍ ആഗ്രഹമുണ്ടായി. അങ്ങനെയാണ് ഇറ്റാലിയന്‍ സര്‍ക്കസ് കലാകാരന്മാരുടേയും ആനിമല്‍ ട്രെയിനികളുടേയും സഹായസഹകരണങ്ങളോടെ 1880-ല്‍ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് ഇന്ത്യയില്‍ സ്ഥാപിതമാവുന്നത്.

ആ പ്രചോദിപ്പിക്കുന്ന ചരിത്രം, കാലങ്ങള്‍ക്കിപ്പുറം ജെമിനി ശങ്കരനില്‍ എത്തിനില്‍ക്കുന്നു. വിഷ്ണു പന്ത് ഛത്രെയില്‍ തുടങ്ങിയ ഇന്ത്യന്‍ സര്‍ക്കസ് പാരമ്പര്യം ജെമിനി ശങ്കരനില്‍ അതിന്റെ പൂര്‍ണ്ണതയെ കണ്ടെത്തി, അല്ലെങ്കില്‍ ആധുനികമായ അഭ്യാസങ്ങളുടേയും വൈവിധ്യം നിറഞ്ഞ കലാപ്രകടനങ്ങളുടേയും വിസ്മയ തമ്പുകളായി അവ പരിഷ്‌കരിക്കപ്പെട്ടു.

ജെമിനി ശങ്കരൻ, ഇന്നസെന്റ്, മോഹൻലാൽ
ജെമിനി ശങ്കരൻ, ഇന്നസെന്റ്, മോഹൻലാൽ

''എന്താണ് സര്‍ക്കസ്?''

ഈ ചോദ്യത്തിന് ശങ്കരേട്ടന്റെ മറുപടി എപ്പോഴും ഇങ്ങനെയായിരിക്കും:

''കാണികള്‍ക്കു മുന്നില്‍ ശരീരം കൊണ്ടുള്ള വലിയ റിയാലിറ്റി. ഇപ്പോള്‍ ടി.വിയില്‍ കാണുന്ന റിയാലിറ്റി ഷോ പോലെയല്ല, അത്. കാണികളുടെ മുന്നിലാണ് സര്‍ക്കസ് കലാകാരന്മാര്‍ നില്‍ക്കുന്നത്. ഒരു കണ്‍കെട്ടുവിദ്യയും അതിലില്ല. മാത്രവുമല്ല, സെക്കുലര്‍ താവളമാണ് സര്‍ക്കസ് തമ്പുകള്‍. മതാതീരായി മനുഷ്യര്‍ പാര്‍ക്കുന്ന സ്ഥലം. കൂടുതല്‍ മിശ്രവിവാഹം നടക്കുന്നത് സര്‍ക്കസ് തമ്പുകളിലാണ്. സ്ത്രീയും പുരുഷനും അവിടെ തുല്യതയോടെ ജീവിക്കുന്നു. സ്ത്രീകള്‍ സര്‍ക്കസ്സില്‍, തമ്പില്‍ വളരെ സുരക്ഷിതരുമാണ്.''

ശങ്കരേട്ടന്റെ ഒപ്പമിരുന്ന്, എത്രയോ തവണ ഒന്നിച്ചിരുന്നുകൊണ്ട് ഈ ലേഖകന്‍ സര്‍ക്കസ് കണ്ടിട്ടുണ്ട്. ഓരോ ഐറ്റം കഴിയുമ്പോഴും ശങ്കരേട്ടന്‍ കയ്യടിക്കും. അത്തരം കയ്യടികള്‍ കലാകാരന്മാര്‍ക്ക് നല്‍കുന്നത് വലിയ പ്രചോദനമായിരിക്കുമെന്ന്, ഒരുകാലത്ത് ഗാലറിയിലെ നിലക്കാത്ത കയ്യടികള്‍ കേട്ട സര്‍ക്കസിലെ ഈ 'താര ശരീര'ത്തിനറിയാം. എന്നാല്‍, ചിലപ്പോള്‍ വിസ്മയത്താല്‍ കയ്യടിക്കാന്‍ മറന്ന എന്നെ നോക്കി ശങ്കരേട്ടന്‍ പറയും:

''കയ്യടിക്കൂ.''

ഇപ്പോള്‍, ശങ്കരേട്ടന്‍ ജീവിതത്തിന്റെ 99 പടവുകള്‍ പിന്നിട്ടു. അവ കാലത്തിന്റെ അവിസ്മരണീയമായ പടവുകളാണ്.

അതുകൊണ്ട്, പ്രചോദിപ്പിക്കുന്ന ഈ ജീവിതത്തെ നോക്കി നമുക്കു കയ്യടിക്കാം.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com