

താരങ്ങള്‍ വിളങ്ങുന്ന വിണ്ണാണ് തമിഴകം. തിരശ്ശീലയിലെന്നതുപോലെ അവര്‍ക്ക് രാഷ്ട്രീയത്തിലും ഊര്‍ജ്ജിതപ്രഭാവമുള്ള വ്യക്തിവിഗ്രഹങ്ങള്‍ വേണം. ഉറപ്പോടെ തീരുമാനമെടുക്കുന്ന നേതാക്കളും അക്ഷരംപ്രതി അനുസരിക്കുന്ന അണികളും വേണം. അഞ്ചു ദശാബ്ദമായി ദ്രാവിഡ പാര്‍ട്ടികള്‍ മാറ്റുരയ്ക്കുന്ന മണ്ണിലെ പോരാട്ടം അങ്ങനെയാണ്. ഇത്തവണ യുദ്ധം നയിക്കാന്‍ പഴയ അതികായരില്ല. ജയലളിതയുടേയും കരുണാനിധിയുടേയും വിയോഗം സൃഷ്ടിച്ച ശൂന്യത തമിഴ് രാഷ്ട്രീയത്തിന്റെ മാറ്റത്തിനുള്ള ചരിത്രനിമിഷമായി കണക്കാക്കപ്പെടുന്നു. നാടകീയത നിറഞ്ഞ ആ ഇരുളില്‍ ചില പുത്തന്‍ താരോദയങ്ങളുണ്ടായി. വെട്ടിത്തിളങ്ങി പാഞ്ഞ് ചിലത് പൊടുന്നനെ ഇല്ലാതായി. ചിലത് തെളിഞ്ഞും മറഞ്ഞും നില്‍ക്കുന്നു.
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനമായിരുന്നു പ്രതീക്ഷിച്ചിരുന്ന വഴിത്തിരിവ്. എം.ജി.ആറിന്റേയും കരുണാനിധിയുടേയും കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് വീരനായകനായി രജനി മാറുമെന്നാണ് ഏവരും കരുതിയത്. ക്ലൈമാക്സിലെ രജനിയുടെ പിന്മാറ്റം തകര്‍ത്തെറിഞ്ഞത് ബി.ജെ.പിയുടെ മോഹങ്ങളായിരുന്നു. ഡി.എം.കെയുടേയും അണ്ണാ ഡി.എം.കെയുടേയും നേതൃത്വ സ്വഭാവവും മാറിക്കഴിഞ്ഞു. ഒരു പിന്‍ഗാമിയെ പാര്‍ട്ടിയില്‍ കണ്ടെത്താന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, തെക്കന്‍ തമിഴ്നാട്ടില്‍ ശക്തനായിരുന്ന അഴഗിരിയെ മാറ്റി സ്റ്റാലിനെ നേതൃപദവിയിലെത്തിക്കാന്‍ കരുണാനിധിക്കായി. അങ്ങനെയാണെങ്കിലും നിര്‍ഭാഗ്യവനായ രാഷ്ട്രീയക്കാരനായാണ് സ്റ്റാലിന്‍ ഇന്നേവരെ അറിയപ്പെട്ടത്.
മുഖ്യമന്ത്രിയാകാന്‍ ഇത്തവണ അളന്നുമുറിച്ചാണ് സ്റ്റാലിന്‍ ചുവടുകള്‍ വയ്ക്കുന്നത്. ഉപമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് സ്റ്റാലിന്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്. കരുണാനിധിയുടെ മകനെന്ന മേല്‍വിലാസം മുതല്‍ക്കൂട്ടാണെങ്കിലും രാഷ്ട്രീയം പരിചയിച്ചും അനുഭവിച്ചുമാണ് സ്റ്റാലിന്‍ വളര്‍ന്നത്. ചെന്നൈയില്‍ മേയറും എം.എല്‍.എയും പിന്നീട് മന്ത്രിയുമായി. മുഖ്യമന്ത്രി സ്ഥാനമെന്ന ചിരകാല സ്വപ്നമാണ് ഇപ്പോള്‍ കൈവെള്ളയില്‍. പത്തിലധികം തെരഞ്ഞെടുപ്പുകളില്‍ ഡി.എം.കെയെ നയിച്ച കരുണാനിധിയുടെ മകന് ആ പാരമ്പര്യം പിന്‍പറ്റാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം കൂട്ടുന്നത്. 39 സീറ്റില്‍ 38 എണ്ണത്തിലും ഡി.എം.കെയ്ക്ക് ജയിക്കാനായി. എങ്കിലും രാഷ്ട്രീയ അടവുകളും സംഘാടകസാമര്‍ത്ഥ്യവും വ്യക്തിപ്രഭാവവും ഒരിക്കല്‍ക്കൂടി തെളിയിക്കേണ്ടിവരും. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും എം.ഡി.എം.കെയുമൊക്കെ ചേര്‍ന്ന ഇത്തവണത്തെ ഡി.എം.കെ സഖ്യം കൂടുതല്‍ കെട്ടുറപ്പുള്ളതാണ്. എക്സിറ്റ് പോളുകളും തകര്‍പ്പന്‍ വിജയം പ്രവചിക്കുന്നു. മകന്‍ ഉദയനിധിക്ക് സ്റ്റാലിന്‍ അമിത പരിഗണന നല്‍കുന്നുവെന്നതാണ് കല്ലുകടി. ഉദയനിധി ഇത്തവണ ചെപ്പോക്കില്‍ മത്സരിക്കുന്നുണ്ട്. സിനിമയുടെ അടിത്തറയില്‍ പടര്‍ന്ന ദ്രാവിഡ രാഷ്ട്രീയം അനുകരിക്കാനാണ് ഉദയനിധിയെ സ്റ്റാലിന്‍ പ്രാപ്തനാക്കുന്നത്. സ്റ്റാലിന്‍ ജയിച്ച് മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടി നേതൃത്വത്തിലും ഉദയനിധിയെത്തും. അണികളുടെ എതിര്‍പ്പ് തനിക്ക് നേരിടാനാകുമെന്നാണ് സ്റ്റാലിന്റെ കണക്കുകൂട്ടല്‍.
ജയലളിത മരിച്ചതിനുശേഷം അണ്ണാ ഡി.എം.കെയുടെ മങ്ങിയ നിഴല്‍ മാത്രമാണ് ശേഷിക്കുന്നത്. സ്റ്റാലിനെപ്പോലെ ഒരു പിന്‍ഗാമിയെ വളര്‍ത്തിയെടുക്കാന്‍ ജയലളിത തയ്യാറായില്ല. അവര്‍ക്കൊപ്പം നില്‍ക്കാന്‍ വ്യക്തിപ്രഭാവമുള്ള നേതാക്കളും പാര്‍ട്ടിയിലുണ്ടായിരുന്നില്ല. എന്നാല്‍, ജയലളിതയുടെ മരണത്തിനുശേഷം, കഴിഞ്ഞ നാലു വര്‍ഷത്തെ അതിജീവനപ്രവര്‍ത്തനം കൊണ്ട് പാര്‍ട്ടിനേതൃത്വം ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ഭരണമികവ്, പ്രളയസമയത്തെ ഇടപെടല്‍, കൊവിഡ് മഹാമാരിയെ നേരിട്ട രീതി, വ്യവസായ സൗഹാര്‍ദ്ദനയം എന്നിവ ഗുണകരമാകുമെന്ന് അണ്ണാ ഡി.എം.കെ കരുതുന്നു. ജയലളിതയുടെ അസാന്നിധ്യം കൊണ്ടുണ്ടാകുന്ന അസ്ഥിരത ഒരുപരിധി വരെ മറികടക്കാന്‍ എടപ്പാടിക്കും പനീര്‍ശെല്‍വത്തിനും കഴിഞ്ഞു. ആ പ്രതീക്ഷയിലാണ് അണ്ണാ ഡി.എം.കെ.
തന്ത്രങ്ങളില്‍ സ്റ്റാലിനു പിറകിലല്ല മുഖ്യമന്ത്രിയായ എടപ്പാടിയും. ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പദ്ധതിയായി പ്രഖ്യാപിച്ചാണ് മുന്നൊരുക്കം. എന്നാല്‍, പളനിസ്വാമിയുടെ രാഷ്ട്രീയ മെയ്വഴക്കവും കൗശലവും മാത്രം പോരാ അണ്ണാ ഡി.എം.കെയ്ക്ക് ജയിക്കാന്‍. പാര്‍ട്ടിയില്‍ രണ്ടാമനായ ഒ.പി.എസ്സിനും ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകം. ഗ്രൂപ്പുകളിയില്‍ കരുത്തനാകണമെങ്കില്‍ ജയത്തില്‍ കുറഞ്ഞൊന്നും അദ്ദേഹത്തിനും ചിന്തിക്കാനില്ല. ഒ.പി.എസ് ഗ്രൂപ്പിലെ പ്രമുഖരെല്ലാം ഇപ്പോള്‍ എടപ്പാടിയുടെ കൂടെയാണ്. വിട്ടുനില്‍ക്കുകയാണെങ്കിലും ശശികലയുടെ രാഷ്ട്രീയനീക്കങ്ങള്‍ ഒ.പി.എസിനെതിരായിരിക്കുമെന്ന് ഉറപ്പ്.
ജയലളിതയുടെ നിഴലായി കൂടെ നടന്ന വി. ശശികലയുടെ നാടകീയമായ വരവും പോക്കുമാണ് മറ്റൊന്ന്. ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് പഴയ ജനറല്‍ സെക്രട്ടറി റോഡ് ഷോ നടത്തി സ്വീകരണവും ഏറ്റുവാങ്ങി ചെന്നൈയിലെത്തിയത്. എന്നാല്‍, പൊടുന്നനെ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചു ത്യാഗത്തലൈവി. 2027 വരെ മത്സരിക്കാന്‍ അവര്‍ക്ക് വിലക്കുണ്ട്. അമിത്ഷായുടെ ഉപദേശപ്രകാരമാണ് ചിന്നമ്മയുടെ ഈ രാഷ്ട്രീയ കീഴടങ്ങല്‍ എന്നും സംസാരമുണ്ട്. അണ്ണാ ഡി.എം.കെ ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ശശികല തിരിച്ചുവരുമെന്നും പാര്‍ട്ടി പിടിച്ചെടുക്കുമെന്നും പറയുന്നവരുണ്ട്. ഏതായാലും ശശികലയുമായി ഒത്തുതീര്‍പ്പില്ലെന്ന നിലപാടാണ് ഒ.പി.എസ്സും ഇ.പി.എസ്സും ഇപ്പോള്‍ സ്വീകരിക്കുന്നത്. ഒരിക്കല്‍ മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ട് ശശികലയ്ക്കു മുന്നില്‍ കൈകൂപ്പിയ ഇ.പി.എസ്സും കലാപക്കൊടി ഉയര്‍ത്തിയ ഒ.പി.എസ്സും ഇപ്പോള്‍ ഒറ്റക്കെട്ടാണ്.
ശശികലയുടെ സഹോദരീപുത്രനായ ടി.ടി.വി. ദിനകരനാണ് മറ്റൊരു താരം. അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ച ദിനകരന്റെ ലക്ഷ്യം അണ്ണാ ഡി.എം.കെ പിടിച്ചെടുക്കുകയാണ്. ഒരിക്കല്‍ ജയലളിത തന്നെ പുറത്താക്കിയ ദിനകരനെയാണ് ശശികല പാര്‍ട്ടി പിടിച്ചടക്കാന്‍ ആശ്രയിച്ചത്. എന്നാല്‍, ജയിലിലായതോടെ ശശികലയുടേയും ദിനകരന്റേയും പദ്ധതികള്‍ തെറ്റി. 2017-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്‍ സ്വതന്ത്രനായി മത്സരിച്ച് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഭരിക്കുന്ന പാര്‍ട്ടിക്ക് ഉപതെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടത്. എന്നാല്‍ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു ശതമാനം വോട്ടുകള്‍ മാത്രമാണ് എ.എം.എം.കെയ്ക്ക് കിട്ടിയത്. ഇത്തവണ ഒ.വൈ.സിയുടെ എ.ഐ.എം.ഐ.എമ്മുമായാണ് സഖ്യം.
കോണ്‍ഗ്രസ്സിന് 25 സീറ്റാണ് മത്സരിക്കാന്‍ ഡി.എം.കെ. ഇത്തവണ നല്‍കിയത്. അതിനു തന്നെ രാഹുല്‍ ഗാന്ധി സ്റ്റാലിനെ നേരിട്ട് വിളിക്കേണ്ടിവന്നു. കഴിഞ്ഞ തവണ 41 സീറ്റിലാണ് മത്സരിച്ചത്. സീറ്റ് ധാരണയാകുന്നതിനു മുന്‍പ് ഡി.എം.കെയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. മൂന്നാം മുന്നണി പ്രവേശനവും കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുണ്ടായിരുന്നു. കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളിലും തെക്കന്‍ ജില്ലകളിലുമാണ് കോണ്‍ഗ്രസ്സിന് സ്വാധീനം. പ്രധാനമന്ത്രിയാകാന്‍ മോദിയേക്കാള്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു തമിഴ്നാട്ടിലെ ഐ.എ.എന്‍.എസ്-സി വോട്ടര്‍ സര്‍വ്വേഫലം. ജനങ്ങളുമായി രാഹുല്‍ നടത്തിയ സംവാദങ്ങള്‍ പാര്‍ട്ടിക്ക് പുഷ് അപ്പാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ഉത്തരേന്ത്യന്‍ പാര്‍ട്ടി എന്ന പേരുദോഷമാണ് ബി.ജെ.പിക്ക്. വേല്‍ യാത്ര ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ തന്ത്രങ്ങള്‍ പയറ്റുന്നുണ്ടെങ്കിലും അതത്ര വിജയിച്ച മട്ടില്ല. കഴിഞ്ഞതവണ 188 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിയുടെ വോട്ടു ശതമാനം 2.84 മാത്രമാണ്. ഇത്തവണ രാഹുലിന്റെ റോഡ്ഷോകളേയും സംവാദങ്ങളേയും നേരിടാന്‍ അമിത്ഷായും മോദിയും നേരിട്ടെത്തി. അമിത്ഷായുടെ റോഡ് ഷോയോടെയാണ് പ്രചരണം തുടങ്ങിയത്. കേന്ദ്രഭരണത്തിന്റെ സ്വാധീനത്തില്‍ കൂടുതല്‍ സീറ്റുകള്‍ തെക്കു-പടിഞ്ഞാറന്‍ ജില്ലകളില്‍നിന്ന് കിട്ടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. നാഗര്‍കോവില്‍, കന്യാകുമാരി മണ്ഡലങ്ങളില്‍ നിന്നായി എട്ടു തവണ പാര്‍ലമെന്റിലേക്കു മത്സരിച്ച പൊന്‍ രാധാകൃഷ്ണന്‍ രണ്ടുതവണ ജയിച്ചിട്ടുണ്ട്. 2014-ല്‍ മോദി സര്‍ക്കാരില്‍ മന്ത്രിയുമായി. ഖുശ്ബുവും ഗൗതമിയുമടക്കമുള്ള താരസാന്നിധ്യം കൊണ്ടുമാത്രം വോട്ട് വീഴില്ലെന്നുറപ്പ്.
മൂന്നാം മുന്നണിയില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ശരത്കുമാറിന്റെ സമത്വ മക്കള്‍ കക്ഷിയും എസ്.ആര്‍.എം വ്യവസായ ഗ്രൂപ്പിന്റെ മുതലാളി പാരിവേന്ദറിന്റെ ഇന്ത്യന്‍ ജനനായക കക്ഷി എന്നിവയാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചെങ്കിലും പ്രതീക്ഷിച്ച വോട്ട് നേടാന്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്കായില്ല. നഗരമേഖലകളിലാണ് പ്രതീക്ഷ. സംഘടനാ സംവിധാനം ശക്തമായ മറ്റു പാര്‍ട്ടികളോട് പിടിച്ചുനില്‍ക്കാന്‍ നീതി മയ്യത്തിനു കഴിയുന്നുമില്ല. ഡയലോഗ് മാത്രം പോരാ എന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും കമല്‍ഹാസന് മനസ്സിലാകുമെന്നാണ് പലരും പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates