

ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് ജൂലൈ നാലിന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടത്തിയ പ്രസംഗം ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഒരു ചടങ്ങില്‍, ക്വാജ ഇഫ്തികാര്‍ അഹമദ് രചിച്ച 'മനസ്സുകളുടെ സംഗമം' (The Meeting of Minds) എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഭാഗവത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അമരത്തിരുന്ന നേതാക്കളില്‍ ഒരാളും ഇന്നേവരെ പങ്കുവെച്ചിട്ടില്ലാത്ത ചില നിരീക്ഷണങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു സംഘമുഖ്യന്റെ പ്രസംഗം.
ഇന്ത്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളും മുസ്ലിങ്ങളും നാല്‍പ്പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ജീവിച്ചവരുടെ പിന്‍മുറക്കാരാണെന്നു ചൂണ്ടിക്കാട്ടിയ ഭാഗവത് ഇരുവിഭാഗങ്ങളുടേയും ഡി.എന്‍.എ ഒന്നാണെന്ന വസ്തുതയില്‍ അടിവരയിടുകയുണ്ടായി. ജനിതകാര്‍ത്ഥത്തില്‍ വ്യത്യസ്തരല്ലാത്ത രണ്ടു ജനവിഭാഗങ്ങളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്നിരിക്കെ അവര്‍ക്കിടയില്‍ അനൈക്യത്തിന്റെ പ്രശ്‌നം കടന്നുവരേണ്ടതില്ല. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് പലരും സംസാരിക്കാറുള്ളത്. എന്നാല്‍, ഇരു സമുദായങ്ങളും രണ്ടല്ല, ഒന്നു തന്നെയാണെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത് എന്ന് ആര്‍.എസ്.എസ് തലവന്‍ വിശദീകരിക്കുകയുണ്ടായി.
ഭാഗവതിന്റെ പ്രസംഗത്തില്‍നിന്നു ഒരു ഭാഗം 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ: ''നമ്മുടേത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഇവിടെ ഹിന്ദുക്കളുടേയോ മുസ്ലിങ്ങളുടേയോ മേധാവിത്വം ഉണ്ടായിക്കൂടാ. ഇന്ത്യക്കാരുടെ മേധാവിത്വത്തിനു മാത്രമേ ഇവിടെ സ്ഥാനമുള്ളൂ. മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കാന്‍ പാടില്ല എന്ന് ഏതെങ്കിലും ഹിന്ദു പറയുന്നുവെങ്കില്‍, അയാള്‍ ഹിന്ദുവല്ല.'' ആള്‍ക്കൂട്ട ഹിംസ നടത്തി മുസ്ലിങ്ങളെ കൊല്ലുന്നവര്‍ക്കെതിരേയും സംഘമേധാവി ശക്തമായ നിലപാടെടുത്തു. അത്തരം ഹിംസ ഹിന്ദുത്വത്തിനെതിരെയാണ്; ആള്‍ക്കൂട്ട ഹിംസയിലേര്‍പ്പെടുന്നവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പശു പുണ്യമൃഗമാണെന്നത് ശരിയാണെങ്കിലും അതിന്റെ പേരില്‍ നടത്തപ്പെടുന്ന ഹിംസയ്ക്ക് ന്യായീകരണമില്ല.
സമ്മിശ്രവികാരമുണര്‍ത്തിയ പ്രസ്താവന
'ഇന്ത്യയില്‍ ഇസ്ലാം അപകടത്തില്‍' ആണെന്ന ഭീതി മനഃസ്ഥിതിയില്‍നിന്ന് മുസ്ലിങ്ങള്‍ മുക്തരാകണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു മോഹന്‍ ഭാഗവത്. ആര്‍.എസ്.എസ്സിന്റെ രണ്ടാം സര്‍സംഘ് ചാലക്കും അതിന്റെ മുഖ്യ താത്ത്വികനുമായിരുന്ന മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ തന്റെ 'വിചാരധാര'യുള്‍പ്പെടെയുള്ള കൃതികളില്‍ പ്രകടിപ്പിച്ച ഇസ്ലാം (മുസ്ലിം) വിരുദ്ധതയ്ക്ക് കടകവിരുദ്ധമായ നിലപാടായി വേണം ഭാഗവതിന്റെ നിരീക്ഷണങ്ങളെ കാണാന്‍. മുസ്ലിങ്ങള്‍ മാത്രമല്ല, തീവ്ര ഹൈന്ദവ വലതുപക്ഷവും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഗൗരവബുദ്ധ്യാ ഉള്‍ക്കൊള്ളേണ്ടതുണ്ട്. പശുഭക്തിയുടെ പേരില്‍ ആള്‍ക്കൂട്ട ഹിംസ നടത്തുന്നവരും മുസ്ലിങ്ങള്‍ പാകിസ്താനിലേയ്ക്ക് പോകണം എന്നാക്രോശിക്കുന്നവരും ഗാസിയാബാദ് പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക് കണ്ണും മനസ്സും ചെല്ലിക്കേണ്ടതാണ്.
ആര്‍.എസ്.എസ്സിന്റെ ആറാം സര്‍സംഘ് ചാലകിന്റെ പ്രസംഗം മുസ്ലിങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുളവാക്കിയത്. ഒരു വിഭാഗം അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു നേരെ കടുത്ത രോഷവും പുച്ഛവും പ്രകടിപ്പിച്ചുകൊണ്ടു രംഗത്തുവന്നു. മറ്റൊരു വിഭാഗം ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക സാമഞ്ജസ്യം പരിപോഷിപ്പിക്കാനുതകുന്ന വിചാരങ്ങളായാണ് പ്രസംഗത്തെ വിലയിരുത്തിയത്. പ്രസംഗത്തിനെതിരെ ആഞ്ഞടിച്ചവരുടെ മുന്‍നിരയില്‍ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദൂല്‍ മുസ്ലിമീന്‍ എന്നു പാര്‍ട്ടിയുടെ അധ്യക്ഷനായ അസദുദ്ദീന്‍ ഒവൈസിയുണ്ട്. ആള്‍ക്കൂട്ട കൊലകള്‍ക്ക് പിന്നിലുള്ളത് 'ഗോദ്‌സെയുടെ ഹിന്ദുത്വവാദ'മാണെന്നും അതുപേക്ഷിക്കാത്തിടത്തോളം ഭാഗവതിന്റെ വാക്കുകള്‍ ജലരേഖയായി കലാശിക്കുമെന്നുമായിരുന്നു ഒവൈസിയുടെ പ്രതികരണം. ഇങ്ങ് കേരളത്തില്‍ പോപ്പുലര്‍ ഫ്രന്റുകാരുടെ ദൈ്വവാരികയായ 'തേജസ്' (2021 ജൂലൈ 16-31) തെല്ലുകൂടി രൂക്ഷമായാണ് പ്രതികരിച്ചത്. ഭാഗവത് പറഞ്ഞതൊന്നും മുഖവിലക്കെടുക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, ഇന്ത്യയില്‍ ഇസ്ലാമും മുസ്ലിങ്ങളും മുന്‍കാലത്തേക്കാള്‍ അപകടത്തിലാണെന്ന പല്ലവി ആവര്‍ത്തിക്കുക കൂടി ചെയ്തു ദൈ്വവാരിക. ''സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും രൂക്ഷവും ഭീകരവുമായ അസ്തിത്വ പ്രതിസന്ധിയുടെ ഘട്ടത്തിലൂടെ''യാണ് മുസ്ലിങ്ങള്‍ കടന്നുപോകുന്നത് എന്നത്രേ തേജസ് അഭിപ്രായപ്പെട്ടത്.
ഇത്തരം നിഷേധാത്മക പ്രതികരണങ്ങളില്‍നിന്നു വ്യത്യസ്തമായി സംഘമേധാവിയുടെ പ്രസംഗത്തെ അനുഭാവപൂര്‍വ്വം സമീപിക്കാന്‍ ശ്രമിച്ചവരും മുസ്ലിങ്ങള്‍ക്കിടയിലുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖനത്രേ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ താരീഖ് മന്‍സൂര്‍. അദ്ദേഹം ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ 'Dialogue over discord' എന്ന ലേഖനത്തില്‍ ഭാഗവത് ഊന്നല്‍ നല്‍കിയ രണ്ടു കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയാണ് ഒന്ന്. സങ്കരസംസ്‌കാര പോഷണത്തിനുവേണ്ടിയുള്ള ആശയവിനിമയ(ഡയലോഗ്)ത്തിന് ആരംഭം കുറിക്കുക എന്നതാണ് മറ്റൊന്ന്. ഓരോ സമുദായത്തിന്റേയും മതസമ്പ്രദായവും ആചാരവും വേഷരീതികളുമെല്ലാം പരിരക്ഷിച്ചുകൊണ്ടുള്ള ഒരു സങ്കരസംസ്‌കാരമാണാവശ്യം. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ മാതൃരാജ്യവും പൈതൃകവും പങ്കുവെയ്ക്കുകയും ഇരുകൂട്ടരുടേയും പൂര്‍വ്വികര്‍ ഒന്നുതന്നെയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത്തരമൊരു സമ്മിശ്ര സംസ്‌കാരബോധം സംഘര്‍ഷമേതുമില്ലാതെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.
താരീഖ് മന്‍സൂര്‍ എഴുതുന്നു: ''ഭാഗവതിന്റെ പ്രസംഗത്തെ അതിന്റെ സമഗ്രതയില്‍ വീക്ഷിക്കണം. ഒരു പുതിയ തുടക്കത്തിനു സമയമായിരിക്കുന്നു. അദ്ദേഹത്തിന്റെ ധീരമായ കാല്‍വെപ്പുകളോട് സൗഹാര്‍ദ്ദപൂര്‍വ്വം പ്രതികരിക്കേണ്ടതുണ്ട്. ആ യാത്രയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാകാം; ചിലപ്പോള്‍ പരുഷാനുഭവങ്ങള്‍ പോലുമുണ്ടാകാം. അവയെ എല്ലാം നാം തരണം ചെയ്യേണ്ടിയിരിക്കുന്നു. സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.'' (The Hindu,13-07-2021)
ഹിന്ദുക്കളുടേതെന്നപോലെ മുസ്ലിങ്ങളുടേയും മാതൃഭൂമിയാണ് ഇന്ത്യ എന്ന് ഭാഗവത് എടുത്തു പറഞ്ഞതിന് താരീഖ് അന്‍വര്‍ സവിശേഷ പ്രാധാന്യം കല്പിക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാഷ്ട്രമാണെന്നും ഇന്ത്യയുടെ സ്വാഭാവിക അവകാശികള്‍ ഹിന്ദുക്കള്‍ മാത്രമാണെന്നുമുള്ള അതിസങ്കുചിതവും അതിവര്‍ഗ്ഗീയവും അടിസ്ഥാനഹീനവുമായ വാദം ആര്‍.എസ്.എസ്സിന്റെ പരമോന്നത നായകന്‍ തള്ളിക്കളയുമ്പോള്‍, മുസ്ലിങ്ങളില്‍ അവര്‍ക്കിടയിലെ തല്പരകക്ഷികള്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്ന അപരത്വബോധത്തിന്റേയും അന്യതാബോധത്തിന്റേയും പ്രസക്തിയാണില്ലാതാകുന്നത്. മുസ്ലിങ്ങള്‍ പുറത്തുള്ളവരല്ല, അകത്തുള്ളവര്‍ തന്നെയാണെന്നാണ് ആറാം സര്‍സംഘ് ചാലക് പറഞ്ഞതിന്റെ പൊരുള്‍.
തങ്ങള്‍ അകത്തുള്ളവര്‍ (insiders) ആണെന്ന് മുസ്ലിങ്ങള്‍ക്ക്, വിശിഷ്യ ഉത്തരേന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് തോന്നാനും ബോദ്ധ്യപ്പെടാനും ആള്‍ക്കൂട്ട ഹിംസപോലുള്ള മുസ്ലിം വിരുദ്ധ കൃത്യങ്ങള്‍ ഹിന്ദുത്വ എന്ന ആശയത്തിന് എതിരാണെന്ന് മോഹന്‍ ഭാഗവത് പ്രസംഗിച്ചാല്‍ മാത്രം മതിയോ എന്ന ചോദ്യം ഇവിടെ സംഗതമാണ്. പശുവിന്റെ പേരില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ ആദ്യത്തെ ആള്‍ക്കൂട്ടക്കൊല നടന്നത് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 2015 സെപ്റ്റംബര്‍ 28-നാണ്. വീട്ടിലെ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്ക് എന്ന മധ്യവയസ്‌കനെ അന്നു ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പെഹ്ലു ഖാന്‍, റക്ബര്‍ ഖാന്‍, മുഹമ്മദ് ഖാസിം എന്നിവരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പശു രാഷ്ട്രീയക്കാരാല്‍ നിര്‍ദ്ദയം കൊല്ലപ്പെട്ടവരാണ്. ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ കയറിയ ജുനൈദ് എന്ന ചെറുപ്പക്കാരനെ മുസ്ലിംദ്വേഷം മനസ്സില്‍ പേറുന്ന ആള്‍ക്കൂട്ടം അടിച്ചുകൊന്നത് ട്രെയിനിലെ സീറ്റിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നു. ഇവ്വിധം കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും മോദി സര്‍ക്കാരോ സംസ്ഥാന ബി.ജെ.പി സര്‍ക്കാരോ താല്പര്യപൂര്‍വ്വം മുന്നോട്ടു വന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ആള്‍ക്കൂട്ടഹിംസ ഹിന്ദുത്വത്തിന് ചേരാത്തതാണെങ്കില്‍ അതിനിരയായവര്‍ക്ക് നീതിയുറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട ഒരു പ്രമുഖ സംഘടനയുടെ സാരഥിയെന്ന നിലയില്‍ ഭാഗവത് ശ്രമിക്കേണ്ടിയിരുന്നില്ലേ?
ഗാസിയാബാദ് പ്രസംഗത്തിനുശേഷം മറ്റൊരു പുസ്തക പ്രകാശച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ജൂലൈ 21-ന് ഗുവാഹതിയില്‍ ആര്‍.എസ്.എസ് മേധാവി നടത്തിയ പ്രസംഗവും ഇക്കൂട്ടത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു. പൗരത്വനിയമ ഭേദഗതിയോ ദേശീയ പൗരത്വ റജിസ്റ്ററോ ഇന്ത്യയിലെ മുസ്ലിങ്ങളെ ഒരുവിധത്തിലും ദോഷകരമായി ബാധിക്കുകയില്ലെന്ന് ആ പ്രസംഗത്തില്‍ ഭാഗവത് വ്യക്തമാക്കുകയുണ്ടായി. പാകിസ്താനിലും ബംഗ്ലാദേശിലും മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കളടക്കമുള്ള അമുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പാകിസ്താനിലും ബംഗ്ലാദേശിലും മതപീഡനങ്ങള്‍ക്കിരയാകുന്നവര്‍ അമുസ്ലിങ്ങള്‍ മാത്രമല്ല എന്നത് സത്യം മാത്രമാണ്. അവിടങ്ങളിലെ അഹമദിയ്യ മുസ്ലിങ്ങളും ശിയ മുസ്ലിങ്ങളും ലിബറല്‍ മുസ്ലിങ്ങളും തുല്യ അളവില്‍ പീഡിതരാണ്. അത്തരക്കാരെ എന്തുകൊണ്ട് പൗരത്വനിയമ ഭേദഗതിയുടെ പരിധിയില്‍നിന്നു ഒഴിച്ചുനിര്‍ത്തുന്നു എന്നതിലേക്ക് ഭാഗവത് കടക്കുന്നില്ല. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും ഡി.എന്‍.എയും പൂര്‍വ്വികരും ഒന്നാണെങ്കില്‍, ഉപഭൂഖണ്ഡത്തിന്റെ ഭാഗമായ പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും വന്ന അഭയാര്‍ത്ഥികളെ പൗരത്വഭേദഗതി നിയമത്തിനു വെളിയില്‍ നിര്‍ത്തുന്നതിന് എന്ത് നീതീകരണമാണുള്ളത്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates