ഗുരു മുനി നാരായണ പ്രസാദ് ചിന്തയുടെ ധ്യാനം

ഇന്ന് നിത്യഗുരുവിന്റെ തുടര്‍ച്ചയായി മുന്നിലുള്ളത് ഗുരു മുനി നാരായണ പ്രസാദാണ്.  വിട്ടുപോയ കണ്ണികളൊക്കെ കൂട്ടിയിണക്കുന്ന ആചാര്യന്‍. ശതാഭിഷിക്തനായ മുനിനാരായണ പ്രസാദിനെക്കുറിച്ച് 
ഗുരു മുനി നാരായണ പ്രസാദ് ചിന്തയുടെ ധ്യാനം
Updated on
3 min read

തിബത്തിലെ ബുദ്ധമഠങ്ങളില്‍ നിരനിരയായിരിക്കുന്ന മഞ്ചുശ്രീയെന്നു വിളിക്കപ്പെടുന്ന ഗുരുക്കന്മാരുടെ ശില്പങ്ങള്‍ക്കോരോന്നിനും ഓരോ ഭാവമാണ്. തുറിച്ചുനോക്കുന്ന കണ്ണുകളുള്ളവര്‍, ചിരിച്ചു നോക്കുന്നവര്‍, കനിവുള്ളവര്‍, അതിക്രൂരന്മാര്‍ എന്നിങ്ങനെ. ഗുരുക്കന്മാരില്‍ ഇത്ര തരഭേദങ്ങളുണ്ടോ എന്നു ഞാന്‍ പകച്ചുനിന്നിട്ടുണ്ട്. പിന്നീടു ചിന്തിച്ചുനോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞതും അങ്ങനെതന്നെയല്ലേ എന്നു മനസ്സിലാക്കുകയും ചെയ്തു. 

ആത്മീയഗുരുക്കന്മാരെന്നു ഞാന്‍ കരുതുന്നവരെയെല്ലാം കണ്ടെത്തിയത് നാരായണ ഗുരുകുലത്തില്‍വെച്ചാണ്. നിത്യചൈതന്യ യതിയുടെ കാല്‍ക്കലിരിക്കുവാനുള്ള ഭാഗ്യമുണ്ടായി. പിന്നീട് ഗുരു മുനി നാരായണ പ്രസാദിന്റെ കാല്‍ക്കലിരിക്കുവാനും സാധിച്ചു. വിനയചൈതന്യ, വ്യാസപ്രസാദ് സ്വാമി എന്നിവരെയും അറിഞ്ഞു. 
ഞാന്‍ മഹാഭാരതം മുഴുവന്‍ ആധുനിക നോവലായി രചിച്ചിട്ടുണ്ട്. 'വെണ്‍മുരശി' എന്ന പേരില്‍ പ്രസിദ്ധീകരിച്ച 26 വാല്യമുള്ളതും 25,000 പുറങ്ങളുളളതുമായ ആ നോവല്‍ ശൃംഖലയാണ് ലോകസാഹിത്യത്തിലെ ഏറ്റവും വലിയ കൃതി. അതിലെ ഓരോ കൃതി വീതം ഞാന്‍ ഈ ആചാര്യന്മാര്‍ക്ക് സമര്‍പ്പണം ചെയ്തിട്ടുണ്ട്. എന്റെ ഗുരുദക്ഷിണയാണത്. 

ഇന്ന് നിത്യഗുരുവിന്റെ തുടര്‍ച്ചയായി മുന്നിലുള്ളത് ഗുരു മുനി നാരായണ പ്രസാദാണ്.  വിട്ടുപോയ കണ്ണികളൊക്കെ കൂട്ടിയിണക്കുന്ന ആചാര്യന്‍. ശ്രീ നാരായണ ഗുരുദര്‍ശനം ഇന്നു വളരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്. അതിന്റെ മാറ്റൊലി സാഹിത്യത്തില്‍ കേള്‍പ്പിക്കുന്ന ഒരു എളിയ വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍. ഇനിയും ഒരുപാടുകാലം ഗുരു മുനിയുടെ വാക്കുകള്‍ ഇവിടെയുണ്ടാകും. പലരിലൂടെയും അവ വളരും. അതിലൊരു ശൃംഖല ഞാനാണെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ എനിക്കു കഴിയും.  ഇക്കഴിഞ്ഞ 20 വര്‍ഷങ്ങളായി ഞാന്‍ ഗുരുമുനിയുടെ ചിന്തകള്‍ വായനക്കാരിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ വിജയിച്ചിട്ടുണ്ടെന്നും തോന്നുന്നു.

നടരാജഗുരുവിനെ ഞാന്‍ കണ്ടിട്ടില്ല. ശ്രീ നാരായണ ഗുരുദേവന്‍ ഒരു ചരിത്രനായകനായിട്ടാണ് എന്റെ ഉള്ളില്‍ വാഴുന്നത്. നിത്യഗുരുവിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുരുമുനിയേയും അടുത്തറിയാം. അവരുടെ ചിന്തകളിലും സമീപനങ്ങളിലുമുള്ള വ്യത്യസ്തതയാണ് എന്നെ അതിശയിപ്പിക്കുന്നത്. ജുഗല്‍ബന്ദിയില്‍ ഒരു ഗായകന്‍ പാടി നിറുത്തിയിടത്തുനിന്ന് അടുത്ത ഗായകന്‍ തുടങ്ങുന്നതുപോലെ. ഒരാള്‍ തൊടാത്ത ഭാഗം മറ്റൊരാള്‍ പൂരിപ്പിക്കുന്നതുപോലെ. ഇതൊരു നിയോഗമാണ്. നാം അറിയാത്ത ശക്തികള്‍ നമ്മുടെ മുന്നില്‍ നടത്തുന്ന മഹാനാടകം. നമുക്കത് കാണുവാനുള്ള യോഗമുണ്ടെന്നു മാത്രം.

മുനി നാരായണ പ്രസാദ്
മുനി നാരായണ പ്രസാദ്

ഈ ഗുരുക്കന്മാരുടെ ചിന്തകളിലും സമീപനങ്ങളിലുമുള്ള വ്യത്യാസങ്ങള്‍ സമാഹരിച്ചുകൊണ്ട് നമുക്ക് അവരെ മനസ്സിലാക്കാന്‍ കഴിയും. നടരാജഗുരുവിന്റേത് ഒരു ഏകത്വദര്‍ശനത്തിനു വേണ്ടിയുള്ള ധൈഷണികമായ ശ്രമമാണ്. ഇന്ത്യന്‍ ചിന്താസരണിയും പാശ്ചാത്യ ചിന്താസരണിയും ആധുനിക ശാസ്ത്രവും കൂട്ടിയിണക്കാനുള്ള ശ്രമമെന്നു നമുക്കതിനെപ്പറ്റി പറയാം. പക്ഷേ, കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കില്‍ സ്വന്തം അനുഭൂതിയിലൂടെ നേടിയ ദര്‍ശനത്തിന് പടിഞ്ഞാറന്‍ ചിന്തയിലും ആധുനിക ദര്‍ശനത്തിലും ഒരു തര്‍ക്കരീതി കണ്ടെത്തുവാനാണ് അദ്ദേഹം ശ്രമിച്ചതെന്നു കാണാം. ചിന്തയിലൂടെ കണ്ടെത്തുകയല്ല, കണ്ടെത്തിയതിനെ ചിന്തയിലൂടെ മുന്നോട്ടു വയ്ക്കകയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി. 

ഗുരുനിത്യ മന:ശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നീ രണ്ടു മേഖലകളിലൂടെ ആ ദര്‍ശനത്തെ വളര്‍ത്തിയെടുത്തു. ആധുനിക ശാസ്ത്രത്തോട് അദ്ദേഹം അടുത്തത് മന:ശാസ്ത്രത്തിലൂടെയാണ്. ആധുനിക ജീവിതത്തോട് വേദാന്തത്തിനെ ബന്ധിപ്പിച്ചതും അതുവഴിയാണ്. ആധുനിക സാഹിത്യത്തോടും മറ്റു കലകളോടും ശ്രീനാരായണഗുരു ദര്‍ശനത്തെ കൂട്ടിയിണക്കിയത് സൗന്ദര്യശാസ്ത്രത്തിലൂടെയാണ്. മന:ശാസ്ത്രവും സൗന്ദര്യശാസ്ത്രവും സാഹിത്യവുമായി വളരെ അടുത്തവയാണ്. അങ്ങനെയാണ് ഞാന്‍ നിത്യഗുരുവിനോട് അടുത്തത്. നിത്യഗുരുവിലൂടെ നടരാജഗുരുവിനെ അടുത്തറിയുകയുണ്ടായി.

പൂര്‍വ്വഗുരുക്കന്മാര്‍ പുതിയ പെട്ടകത്തില്‍ 

ഈ രണ്ടു ഗുരുനാഥന്മാരിലും വിട്ടുപോകുന്ന ഒന്നുണ്ട്. അതിലൂടെയാണ് നാം ഗുരു മുനിയെ സമീപിക്കേണ്ടത്. നമുക്കതിനെ 'ആധുനിക ചരിത്രാവബോധം' എന്നു വിളിക്കാം. വെറും ചരിത്രബോധമല്ല, ആധുനിക ചരിത്രം മറ്റൊന്നാണ്. പഴയ ചരിത്രം എന്നത് കാലക്രമം മാത്രമാണ്. ഘശിലമൃ ഒശേെീൃ്യ എന്നതിനെ വിളിക്കാം. ചരിത്രം എന്നാല്‍ സംഭവങ്ങളുടെ തുടര്‍ച്ച എന്ന് അത് വിശ്വസിക്കുന്നു. നൂറു വര്‍ഷം മുന്‍പ് നീഷേ ആ ചരിത്രസങ്കല്പത്തെ അട്ടിമറിച്ചിരുന്നുവെങ്കിലും ചിന്തയില്‍ അതൊരു പ്രസ്ഥാനമായി വന്നത് ഉത്തരാധുനികര്‍ (ജീേെ ങീറലൃിശേെ)െ സംസാരിച്ചു തുടങ്ങിയതിനുശേഷമാണ്. അതോടെ മറ്റൊരു ചരിത്രബോധം ഉണ്ടായിവന്നു. അതിനെ നമുക്ക് ബഹുസ്വരചരിത്രം എന്നു വിളിക്കാം. ആ പുതിയ ചരിത്രബോധത്തിലൂടെ ഇന്ത്യന്‍ ചിന്താസരണിയെ, വേദാന്തചിന്തയെ നോക്കിക്കാണുന്നതാണ് ഗുരുമുനിയുടെ രീതി.  

ഗുരുമുനിയുടെ കൃതികള്‍ പലതാണ്. ശങ്കരാചാര്യരുടേയും ശ്രീനാരായണഗുരുവിന്റേയും കൃതികള്‍ക്ക് എഴുതിയ വ്യാഖ്യാനങ്ങളാണ് ആദ്യം നമ്മുടെ ശ്രദ്ധയിലെത്തുക. വ്യാഖ്യാനമെഴുതുക എന്നത് ഇന്ത്യന്‍ തത്ത്വചിന്തയിലുള്ള ഒരു പ്രത്യേകതരം തത്ത്വാവതരണമാണ്. മൂലകൃതിയെ വിശദീകരിക്കുകയല്ല വ്യാഖ്യാനകാരന്‍ ചെയ്യുന്നത്. സ്വന്തം ചിന്ത മുന്നോട്ടുവെയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ഈ വ്യാഖ്യാനകൃതികളില്‍ ഗുരുമുനിയുടെ സ്വന്തം ചരിത്രബോധമാണ് തെളിഞ്ഞു കാണുന്നത്. അതിലൂടെ നാം ആ പൂര്‍വ്വഗുരുക്കന്മാരെ പുതിയ വെട്ടത്തില്‍ കണ്ടെത്തുന്നു. 

പില്‍ക്കാലത്ത് ഗുരുമുനി എഴുതിയ 'വേദാന്തം നാരായണഗുരുവരെ', 'ന്യായദര്‍ശനം' പോലുള്ള കൃതികളില്‍ നേരിട്ട് ആ ചരിത്രബോധം വെളിപ്പെടുന്നു. രണ്ടു രീതിയിലാണ് ഗുരു ആ ചരിത്രബോധത്തെ വെളിപ്പെടുത്തുന്നത്. ഒന്ന്, വാക്കിന്റെ വേര് കണ്ടെത്തി അതിലൂടെ ആ ചിന്തയുടെ പരിണാമഗതി എന്താണ് എന്നു നോക്കുന്നതിലൂടെ. ഒരു വാക്ക് ചരിത്രത്തിലൂടെ വളര്‍ന്ന് രൂപം മാറിവരുന്നത് ചിന്തയുടെ ചരിത്രത്തിലേക്ക് ചൂണ്ടുന്ന രേഖയാണ്. ചിന്തകളെ അദ്ദേഹം അവസാന നിലപാടുകളായിട്ടല്ല മുന്നോട്ടു വെയ്ക്കുന്നത്, മറിച്ച് ഒരു വലിയ ഒഴുക്കിലൂടെ യാത്രയായിക്കൊണ്ടിരിക്കുന്നവയായിട്ടാണ്. 

ഗുരുമുനിയുടെ ചരിത്രബോധം മൂല്യാധിഷ്ഠിത ചരിത്രം (Value Based History) എന്നു പറയാവുന്ന ഒന്നാണ്. അത് വ്യക്തമായി വെളിപ്പെടുന്ന ഒരു മഹനീയ കൃതിയാണ് 'വേദാന്തം നാരായണ ഗുരുവരെ'. ആ കൃതിയില്‍, പരസ്പരം തള്ളിപ്പറയുന്ന ഗുരുക്കന്മാരിലൂടെ വേദാന്തം എങ്ങനെ വളര്‍ന്നു വന്നിരിക്കുന്നു എന്നാണ് അദ്ദേഹം കാട്ടിത്തരുന്നത്. മധ്വാചാര്യര്‍ അദ്വൈതത്തിന് എതിരാണ്.  ശങ്കരാചാര്യരെ തള്ളിപ്പറയുന്നുണ്ട്. പക്ഷേ, നാരായണഗുരുവിന്റെ ദര്‍ശനത്തില്‍ മധ്വാചാര്യര്‍ക്കും പങ്കുണ്ട്. അതാണ് ഡയലക്റ്റിക്കല്‍ ഹിസ്റ്ററിയുടെ സമീപനം. എല്ലാ തത്ത്വചിന്തകളേയും കൂട്ടിയിണക്കിക്കൊണ്ട് അവയുടെ നടുക്ക് ഒരു കേന്ദ്രബിന്ദു കണ്ടെത്താനുള്ള ശ്രമമാണ് നടരാജഗുരു ചെയ്യുന്നത്. ചിന്തകളുടെ നടുക്കുള്ള വൈരുദ്ധ്യം അങ്ങനെ തന്നെ നിലനിറുത്തിക്കൊണ്ട് അവയില്‍ യാതൊരു കേന്ദ്രബിന്ദുവും കണ്ടെത്താന്‍ ശ്രമിക്കാതെ ചരിത്രത്തില്‍ ആകെ എന്തു സംഭവിച്ചു എന്നു നോക്കുകയാണ് മുനി ഗുരു ചെയ്യുന്നത്. ഇതാണ് പോസ്റ്റ് മോഡേണ്‍ സമീപനം. ഈ പുതിയ നോട്ടത്തിലൂടെ വേദാന്തം മറ്റൊരുതരം തിളക്കം നേടുകയാണ്. ശ്രീ നാരായണ ഗുരുദര്‍ശനത്തിന് പുതിയൊരു മാനം കൈവരിക്കുകയാണ്.

ലേഖകൻ
ലേഖകൻ

ഏകീകരിക്കാതെ, ഒന്ന് എന്നു സമര്‍ത്ഥിക്കാതെ, ചരിത്രത്തിന്റെ ഗതി അപ്പടിതന്നെ സ്വീകരിച്ചുകൊണ്ട് വേദാന്തത്തിന്റെ കേന്ദ്രസ്വഭാവത്തെ എടുത്തുകാട്ടാന്‍ ഗുരുവിന്റെ കൃതികള്‍ക്കു കഴിയുന്നു. ഇന്ത്യന്‍ വേദാന്തചിന്തയില്‍ത്തന്നെ ഇതൊരു മഹനീയമായ സംഭാവനയാണ്. അതിനപ്പുറത്ത് ഇത് മുനിഗുരുവിന്റെ വ്യക്തിപരമായ ദര്‍ശനം കൂടിയാണ്. ഈ പ്രപഞ്ചഘടനയില്‍ ബ്രഹ്മം എങ്ങനെയാണോ അതുപോലെയാണ് ചിന്തയില്‍ വേദാന്തം. ഏതു രീതിയിലാണെങ്കിലും നാം ചെന്നെത്തുന്നത് അദ്വൈതം എന്ന മഹാസത്യത്തിലേക്കു തന്നെയായിരിക്കും. സ്വന്തം വാക്കുകളിലൂടെ ഗുരുമുനി കാണിച്ചുതരുന്ന ദര്‍ശനം ഇതാണ്. ഇത്രയേറെ പുറങ്ങളെഴുതിയ ഒരു ചിന്തകന്‍ ഒന്നും തര്‍ക്കിച്ചു നിലനിറുത്തുന്നില്ല എന്നു നാം കണ്ടറിയേണ്ടതുണ്ട്. ഒന്നും ചെറുക്കുന്നില്ല. ഒന്നും തള്ളിപ്പറയുന്നില്ല. ലോകചിന്തയുടെ അലകളിലൂടെ സ്വാഭാവികമായൊഴുകി തന്റെ ഗുരുക്കന്മാര്‍ ഇരിക്കുന്ന അതേ പീഠത്തില്‍ കയറി താനും ഇരിക്കുകയാണ്. ചിന്തയാണ് അദ്ദേഹത്തിന്റെ ധ്യാനം, യോഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com