ആരും ആവശ്യപ്പെട്ടിട്ടല്ല ഒരാള്‍ എഴുതാന്‍ തുടങ്ങുന്നത്. ഒരു ദിവസം അയാള്‍ അസ്വാഭാവികമായി ഒരു ദൈവദാക്ഷിണ്യം പോലെ എഴുതിപ്പോവുകയായിരിക്കാം. ഞാന്‍ എഴുതിത്തുടങ്ങിയത് ആരുടേയും ആവശ്യപ്രകാരമല്ലായിരുന്നു. എഴുതിപ്പോയി. വായനയെക്കുറിച്ചുള്ള ഒരു കുറിപ്പായിരുന്നു അതെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് വായനയുടെ സ്വര്‍ഗ്ഗത്തിലെന്ന പുസ്തകം വായിച്ചിരുന്നില്ല. അങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. വായനയുടെ സിദ്ധാന്തങ്ങള്‍ എന്റെ സംവേദനത്തെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നില്ല. വായന എന്ന പ്രക്രിയ എന്താണെന്നുപോലും അറിയുമായിരുന്നില്ല. എന്നിട്ടും വായനയെക്കുറിച്ച് എഴുതി. അത്ഭുതവും ആനന്ദവും തോന്നിയ ഒരു സന്ദര്‍ഭം.
തീരദേശത്തെ പ്രദേശങ്ങളില്‍ നടന്നിരുന്ന സാഹിത്യസംവാദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ചെന്നിരുന്നു കൊടുത്തു. ഏത് എഴുത്തുകാരനും ചെയ്യുന്നതുപോലെ നിശബ്ദതയോടെ കാലത്തെ നോക്കിക്കണ്ടു. നാട്ടുകാര്‍ പറയുന്നത് കേട്ട് രസിച്ചു. ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും ചലച്ചിത്രത്തിനുവേണ്ടി മരിച്ചപോലെ കിടന്നുകൊടുത്ത ചാപ്പയ്ക്കരിയില്‍ ചെന്നു നിന്നു. ചെമ്മീന്‍ നോവല്‍ വായിക്കാന്‍ അത് പ്രേരകമായി. കഥകള്‍ എഴുതാന്‍ നോക്കി. പരാജയപ്പെട്ടപ്പോള്‍ ചെറുലേഖനങ്ങള്‍ എഴുതിത്തുടങ്ങി എന്ന് പറഞ്ഞതില്‍ ശരിയില്ല. എന്നാല്‍ ലേഖനങ്ങള്‍ എഴുതുകയായിരുന്നു ലക്ഷ്യം. അങ്ങനെ വായനക്കാരനും എഴുത്തുകാരനുമാവുകയാണ്. എന്റെ ജീവിതനിയോഗമെന്നത് ഇപ്പോള്‍ എനിക്ക് തോന്നുന്നു, ഒരു ദൈവദാക്ഷിണ്യം പോലെയാണ് ഒരാള്‍ എഴുത്തിലേയ്ക്ക് വരിക എന്നത്.
ദസ്തയേവ്സ്കി ദൈവനിയോഗം ലഭിച്ച എഴുത്തുകാരനായിരുന്നു. സി.വിയും ബഷീറും വിജയനും മാധവിക്കുട്ടിയുമൊക്കെ അവരേക്കാള്‍ ആ ദാക്ഷിണ്യം ലഭിച്ചവരാണ് ഓരോ വായനക്കാരനെന്നും ഞാന്‍ മനസ്സിലാക്കി. പുസ്തകങ്ങള്‍ തേടി അലഞ്ഞു. ഒരുപക്ഷേ, അതിന്റെ ഫലയോഗം കൂടി ആയിരിക്കാം എഴുത്ത് എന്ന കല. അതിനാല്‍ വായിക്കുമ്പോള്‍ ദൈവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു എന്ന് പ്രവചിക്കാന്‍ എനിക്ക് തോന്നുന്നു.
എഴുത്തുകാരന്‍ അയാള്‍ വായന തുടങ്ങിയ സന്ദര്‍ഭത്തെക്കുറിച്ച് ഓര്‍ത്തെടുക്കണമെന്നില്ല. അത് അസാധ്യമാണെന്ന് അയാള്‍ക്കുമറിയാം; നമുക്കുമറിയാം. കണ്ടതും കിട്ടിയതും വായിച്ചു തുടങ്ങുന്നു. അക്കൂട്ടത്തില്‍ കഥകളും നോവലുകളും ഇതര കൃതികളും കാണും. അസ്വാഭാവികമായിരിക്കും, ഒരു നിരൂപണഗ്രന്ഥത്തിന്റെ സാന്നിധ്യം. അത് വായനയുടെ നിയമമാവുന്നു. തിയറിയാവുന്നു. ചിലത് സര്‍ഗ്ഗാത്മകവും മറ്റു ചിലത് അസര്‍ഗ്ഗാന്മകവുമാവുക യാദൃച്ഛികമല്ല. എങ്കിലും വായന എഴുത്തുകാരനോട് കൂടിച്ചേരുന്ന ഒരു സ്ഥലരാശിയാണെന്ന് അയാള്‍ അറിയുന്നു. വായനയുടെ ചരിത്രത്തെ അംഗീകരിക്കേണ്ടിവരും. ഒരാളുടെ വായനയ്ക്ക് ഒരു ചരിത്രമുണ്ട് എന്ന തിരിച്ചറിവില്‍ എഴുതാനിരിക്കുമ്പോള്‍, ഭാവനയുടെ ശൈശവം ശിഥിലമായി തീരുമെന്നും എഴുത്തുകാരന്‍ മനസ്സിലാക്കുന്നു. ആശയങ്ങള്‍ വക്കുപൊട്ടിയവയാണെന്നും വാക്കുകള്‍കൊണ്ടാണ് ആ മുറിവ് തീര്‍ക്കേണ്ടത് എന്നും ഓരോ നല്ല രചനയും പ്രഖ്യാപിക്കുന്നു. എഴുത്തുമുറിയിലിരിക്കുമ്പോള്‍ വന്നുവീഴുന്ന ആശയം എഴുതിത്തീരുമ്പോഴാണ് പ്രകാശമാനമായ മറ്റൊന്നായി പരിണമിക്കുക. ആശയം സമഗ്രമാവുന്നതും സൈദ്ധാന്തികമാവുന്നതും രചനയുടെ ആ നീതിബോധം കൊണ്ടാണ്.
വായനക്കാരനും എഴുത്തുകാരനും തമ്മില്‍ വലിയ ഭിന്നതയുണ്ടെന്ന് അറിയാന്‍ വാങ്മയങ്ങള്‍ പരിശോധിക്കപ്പെടണം. തങ്ങള്‍ തുടങ്ങിയ ഇടത്തെക്കുറിച്ച് ഓര്‍മ്മപ്പിശകുകള്‍ പ്രകടിപ്പിക്കുന്നവരായിരിക്കും ഓരോ എഴുത്തുകാരനും. ചില സന്ദര്‍ഭങ്ങളില്‍ വായന തുടങ്ങിയ കാലം ഒരെഴുത്തുകാരന്‍ ഓര്‍മ്മിച്ചു എന്നു വരാം. അത് വായനക്കാരനു കഴിയുമെന്നു തോന്നുന്നില്ല. വായനയെ സംബന്ധിക്കുന്ന തനിക്കുള്ള നിരീക്ഷണങ്ങള്‍ രചനയുടെ ഭാവികാലത്തും സൂചിപ്പിക്കേണ്ടിവരുമെന്ന പ്രത്യാശ എഴുത്തുകാരന്‍ സൂക്ഷിച്ചുവെയ്ക്കുന്നു. വായനക്കാരനാകട്ടെ, പുതുഭാവുകത്വം കണ്ട് അതിനു പിറകെ ഓടുന്നു. പരിണാമം അന്വേഷിച്ച് അലയുന്നു. പുതിയ കൃതികളും പുതിയ ആശയങ്ങളുമാണ് അവന്റെ ദിശാലക്ഷ്യം. തങ്ങളുടെ ആദ്യത്തെ രചന ഏതാണെന്ന ചോദ്യത്തിനു മുന്നില്‍ ചില പതറിച്ചകള്‍ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം രചനയെ സംബന്ധിക്കുന്ന ഭാവസൗന്ദര്യത്തിന്റെ അവ്യക്തതയിലാണ് അയാള്‍ എന്ന് അത് ബോധ്യപ്പെടുത്തുന്നു. പമീലയുടെ കര്‍ത്താവിനെ അയാള്‍ എന്തുകൊണ്ട് ഓര്‍ക്കുന്നില്ല എന്നാണ് എന്റെ വാദം. ഒരു തീയതി നോവലിലെഴുതുമ്പോള്‍ തന്റെ കയ്യും ശരീരവും വിറയ്ക്കുന്നു എന്നു പറഞ്ഞ സാമുവല്‍ റിച്ചാഡ്സണ്‍ നമ്മുടെ എഴുത്തുകാര്‍ക്ക് അപരിചിതനാവരുത്. ഫിക്ഷനും ചരിത്രവും തമ്മിലുള്ള ഇഴബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ കലയല്ല എഴുത്ത്. ഇവിടെ എഴുത്തുകാരന്‍ പ്രയാസപ്പെടുന്നത് തന്റെ ഓരോ രചനകളും ആദ്യത്തേതാണോ എന്ന സംശയത്തിലാണ്. വാക്കും പ്രയോഗവും തേടുന്ന എഴുത്തുകാരന്‍ എന്തുകൊണ്ടാണ് ഈ രചനാപ്രശ്നം മറന്നുപോകുന്നത് എന്നാണ് എന്റെ ചോദ്യം.
എഴുത്തുകാരന് നേരിടുന്ന ശൂന്യത
ഓരോ രചനയും തന്റെ ശത്രുവായി പൊടുന്നനെ പരിണമിക്കുന്നത് അയാള്‍ കാണാതെ പോവുകയാവാം. മറിച്ചാണ് സംഭവിക്കേണ്ടത്. ലോകത്തിലെ എല്ലാ ഭാഷകളിലേയും വലിയവരായ എഴുത്തുകാര്‍ ഈ വക അനുഭവങ്ങള്‍ മനസ്സിലാക്കിയിരിക്കും എന്നു തീര്‍ച്ച. ഒരു രചന നിര്‍വ്വഹിച്ച് കഴിയുന്നതിലൂടെ എഴുത്തുകാരന്‍ ഒരു ശൂന്യതയില്‍ ചെന്നു വീഴുന്നതും മറ്റൊരു രചനയ്ക്കായി സങ്കല്പിച്ചും തര്‍ക്കിച്ചും രംഗം കയ്യടക്കുന്നത് ചരിത്രദൃശ്യമാണ്. അയാള്‍ നിതാന്തശൂന്യതയെ പ്രാപിക്കുന്നു. ഒന്ന് എഴുതിത്തീരുമ്പോള്‍ അത് തന്റേതു മാത്രമാണോ എന്ന ഒരു ഭയം അയാള്‍ക്കുണ്ടാകുന്നു. ആ ഭയത്തിലാണ് അടുത്ത രചനയെക്കുറിച്ച് ഓര്‍മ്മിക്കുക. അത് ഒരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയില്‍നിന്ന് വിമോചിക്കുക എന്ന മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് രചന നിര്‍വ്വഹിക്കാമെന്ന് കരുതുന്നു. അങ്ങനെ അയാള്‍ തുടര്‍ന്നെഴുതുന്നു. അതായത് എഴുതിത്തീര്‍ന്ന രചന സൃഷ്ടിക്കുന്ന അസംതൃപ്തിയും അകന്നുപോക്കും ആക്രമണസ്വഭാവവും അനുഭവിച്ച ഒരു എഴുത്തുകാരനു മാത്രമേ മറ്റൊരു രചന സാധ്യമാവൂ. ഈ വ്യവസ്ഥ ഇല്ലാതെ പോയാല്‍ നവീനമായ എഴുത്തുകള്‍, സിദ്ധാന്തരചനകള്‍ പേനത്തുമ്പില്‍ കായ്ക്കില്ലെന്നത് ഒരു വസ്തുത മാത്രം.
വായനയുടെ തുടര്‍ച്ചകള്‍ നമ്മെ അസ്ഥിരപ്പെടുത്തുകയും വിശുദ്ധമായ അസ്വാസ്ഥ്യങ്ങളില്‍ ഓരോ എഴുത്തുകാരനേയും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. തീവ്രമായ ആശങ്കയോടെയാണ് ഓരോ രചനകളും നിര്‍വ്വഹിക്കപ്പെടുന്നത്. അത് എഴുത്തുകാരനറിയാം. അതിനാല്‍ പൂര്‍വ്വമെഴുതിയത് മറന്നുപോകട്ടെ എന്ന് അയാള്‍ സ്വയം ശപിക്കുന്നു. മാത്രവുമല്ല, തന്റെ ആദ്യത്തെ രചന ചൂണ്ടിക്കാണിക്കാന്‍പോലും അയാള്‍ മറക്കുന്നു. ആ മറവിയാണ് കലതന്നെ കലയെ മൂടുന്നു എന്ന രചനാതത്ത്വത്തിന് കാരണമാവുന്നത്. അത് ഒരു വഴിമാറിക്കൊടുക്കലാണ്. രചനയും രചനയും തമ്മില്‍ എഴുത്തുകാരനില്‍ സൃഷ്ടിക്കുന്ന തര്‍ക്കമാണ് നിര്‍മ്മാണകലയുടെ ഒരു രഹസ്യം.
വായന പ്രകാശിപ്പിക്കാത്തത് എന്ത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കുന്നു; വായനയുടെ തുടക്കങ്ങള്‍ പ്രകടിപ്പിക്കേണ്ടതില്ല. അതുപോലെ എഴുത്തിന്റെ മറ്റൊരു പ്രതിസന്ധിയാണ് ആദ്യ രചനയെ സംബന്ധിക്കുന്ന ചോദ്യാവലികള്‍. അതേസമയം അപൂര്‍വ്വമായി ചില കാര്യങ്ങള്‍ എഴുത്തുകാരന്റെ മനസ്സില്‍ തടഞ്ഞുനിന്നു എന്നു വരാം. അത് വിളിച്ചുപറയാന്‍ വിരോധമില്ല. എന്നാല്‍, അങ്ങനെയുള്ള ചില വസ്തുതകളുടെ പശ്ചാത്തലത്തില്‍ തന്റെ എഴുത്തിന്റെ തുടക്കവും തുടര്‍ച്ചയും അടയാളപ്പെടുത്തുന്നതില്‍ അപാകമുണ്ടോ? അയാള്‍ സംശയിക്കുന്നു. സംഭാഷണങ്ങളിലും ആത്മകഥനങ്ങളിലും അയാളത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു. ആഘോഷമാക്കുന്നു. ഇവിടെ വിചിത്രമായ ഒരു ലോകത്തിലേയ്ക്ക് വായനയെ തെറ്റായി നയിക്കാന്‍ എഴുത്തുകാരന്‍ തന്നെ മുതിരുന്നു. അതെ, അയാള്‍ തന്റെ ഭാവുകത്വത്തിന്റെ ശവക്കല്ലറകള്‍ തീര്‍ക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചു നോക്കി. വിപണിയുടെ പുത്തന്‍ സാധ്യതകള്‍ എഴുത്തിലൂടെ ആരായുകയാണ് എന്ന ഒരു വാദം ഒരു വായനക്കാരന്‍ പറഞ്ഞത് കേട്ടു. കോര്‍പ്പറേറ്റ് മനോഭാവങ്ങള്‍ വായനയിലും എഴുത്തിലും പ്രതീകാത്മകമായി ഇടപെടുന്നുവെന്നും മറ്റൊരാള്‍ അറിയിച്ചു. ഏതാണ് ശരി? എന്റെ എഴുത്തുജീവിതത്തിന്റെ ചരിത്രം പരിശോധിക്കാന്‍ വൃഥാ ശ്രമിച്ചുനോക്കി. കയ്യെഴുത്ത് മാസികകള്‍ മുതല്‍ സമാരംഭിക്കുന്ന രചനാചരിത്രം ഓരോ എഴുത്തുകാരനുമുണ്ടാവും. ആദ്യമെഴുതിയത് അച്ചടിക്കാന്‍ വൈകിപ്പോകുന്നതും പിന്നീട് എപ്പോഴോ എഴുതിയത് എല്ലാത്തിനും മുന്‍പേ അച്ചടിക്കപ്പെടുന്നതും വിരളമല്ലല്ലോ. അങ്ങനെ വായനയിലെത്തുന്ന ആദ്യരചന രണ്ടാമതെഴുതിയതായി വരിക സ്വാഭാവികം. വായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരെഴുത്തുകാരന്റേതായി താന്‍ വായിച്ച ആദ്യ കൃതിയാവും അയാള്‍ക്ക് പഥ്യമാവുക. അപ്പോള്‍ അച്ചടിക്കപ്പെട്ട ആദ്യരചന ഏതാണ് എന്ന് നോക്കി എഴുത്തിന്റെ കാലവും തീയതിയും പരിഗണിക്കുന്നതില്‍ ഒരഭംഗി ഞാന്‍ കാണുന്നു. മാത്രവുമല്ല, താന്‍ വൈകി എഴുതിയത് പ്രചാരവും ശ്രദ്ധയും നേടുന്നതിലൂടെ തുടക്കം കുറിച്ച രചനകള്‍ വിസ്മരിക്കാന്‍ എഴുത്തുകാരന്‍ തയ്യാറാവുന്നു. തന്റെ രാഷ്ട്രീയ കഥകള്‍ വരുന്നതിനു മുന്‍പ് എഴുതപ്പെട്ട നോവലുകള്‍ വീണ്ടും പ്രകാശിപ്പിക്കരുതെന്ന എം. സുകുമാരന്റെ മനോഭാവത്തില്‍ ആ വസ്തുത ഒളിഞ്ഞിരിക്കുന്നു.
ഇങ്ങനെ ചില പാഠസത്യങ്ങള്‍ എഴുത്തുകാരുടെ ജീവിതത്തിലും രചനാചരിത്രത്തിലും കാണാനാവും. വായനക്കാര്‍ അതിന്റെ പുറകേ പോകാറില്ല. ഭാവുകത്വവുമായി എഴുത്തുകാരന്‍ ഇടപെടുന്നതിലാവും വായനയുടെ സര്‍ഗ്ഗാത്മക ശ്രദ്ധ. ചരിത്രപരമായി ഉണരുന്നതാണ് ഒരാളുടെ സൗന്ദര്യബോധം. ചരിത്രപരമായി അത് വികസിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ വിഭാവപ്രക്രിയയുമായി ബന്ധപ്പെട്ട് ഭാവുകത്വം സംഭവിക്കുന്നു. എഴുത്തിന്റെ ചരിത്രം പരിശോധിക്കുന്നതിനു മുന്‍പേ ഈവക കാര്യങ്ങളില്‍ രചനകള്‍ തട്ടിച്ചുനോക്കി പരിശോധിക്കുകയാണ് വേണ്ടത്. രചനയുടെ ഉറപ്പ് എന്നത് ഭാവുകത്വപരിസരത്തില്‍ സംഭവിക്കുന്ന ചരിത്രത്തിന്റേയും സൗന്ദര്യത്തിന്റേയും തത്ത്വപരമായ ഉറപ്പുതന്നെ. ഭാവുകഭാഷയും മനുഷ്യജീവിതവും സൗന്ദര്യ ചിന്തയുമായി സമന്വയിക്കപ്പെടുന്നിടത്ത് കല അതിന്റെ വരുംകാല വഴികള്‍ വെളിപ്പെടുത്തുന്നു. തന്നെ ഈ ഭാവുകത്വം ചുരുക്കുന്നോ എന്നാണ് ഒരു പുതിയ എഴുത്തുകാരന്റെ മുഖ്യമായ വിഷയം. ആ രചനാവഴിയിലൂടെ പോകുന്ന വിമര്‍ശകന്‍ ഒരിക്കലും അവനവന്റെ നിര്‍മ്മിതിയുടെ ചരിത്രം മാത്രം പരിശോധിക്കുന്നവനല്ല. വായനയുടെ ചരിത്രവുമായി ഇടപെടാതെ രൂപപ്പെടുന്ന ഒരു കൃതിയും അയാള്‍ ഇഷ്ടപ്പെടുന്നില്ല. അഭിരമിക്കല്‍ അയാളുടെ കഠിനമായ എതിര്‍പ്പു മാത്രമേ ഉണ്ടാക്കൂ. ഒരു ഭാവുകത്വം വേറൊരു ഭാവുകത്വത്തെ രഹസ്യമായി ആക്രമിക്കുന്നത് സൂക്ഷ്മതയോടെ പരിശോധിക്കുന്നു. പ്രവണതകളും പ്രസ്ഥാനങ്ങളും നിരസിക്കപ്പെടുന്നതിന്റെ പൊരുള്‍ തേടി പുതിയ സാധ്യതകള്‍ പരീക്ഷിക്കുന്നു. എഴുത്തിന്റെ കാര്‍ണിവലൈസേഷനുമായി യോജിക്കാതിരിക്കുകയും വിഭാവനങ്ങളുടെ വൈകുന്നേരങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആ വൈകുന്നേരങ്ങളില്‍ പ്രവേശിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന വിമര്‍ശകനെയാണ് നമുക്കാവശ്യം. പഴയ നിഷേധത്തിന്റെ കാലം അയാള്‍ മറന്നിട്ടില്ല. ഈ സ്വീകാര്യത്തിന്റെ കാലം വിമര്‍ശനത്തിന് ഗുണകരമാക്കുകയാണ് തന്റെ തിരസ്‌കാരവിദ്യകൊണ്ട് ഓരോ വിമര്‍ശകനും ലക്ഷ്യമിടുന്നത്.
ആസ്വാദകനെ വേട്ടയാടുന്നില്ല, അയാളെ ജാഗ്രതയില്‍ കൊണ്ടുനിര്‍ത്തുന്നു. കലയുടെ പ്രധാന ലക്ഷ്യം മൂല്യബോധവും ജാഗ്രതയുമാണെന്ന് വിമര്‍ശനകല മനസ്സിലാക്കുന്നു. വായനക്കാര്‍ മാതൃകാവായനക്കാരനാവുകയും ജീവിതവും ഭാവുകത്വവും അതാത് കാലത്ത് വിവിധ രീതിയില്‍ ആക്രമിക്കപ്പെടുന്നത് അവരിലൂടെ അനുഭവിക്കുകയുമാണ് വിമര്‍ശനം. അവിടെ വാക്കുകളുടെ എല്ലുപൊട്ടുന്ന ശബ്ദം ഓരോ വായനക്കാരനും കേള്‍ക്കുന്നുണ്ടാകാം. ഭാഷയുടെ ശരീരത്തെ കീഴ്പ്പെടുത്തുന്നതും ഭാവനയില്‍ അഭിധ സൃഷ്ടിക്കുന്നതുമായ കാഴ്ചകള്‍ വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്നു. അതോടെ ഓരോ രചനയും അയാള്‍ക്ക് പുതിയതായി അനുഭവപ്പെടും. ആദ്യമായിട്ടാണ് എഴുതുന്നത് എന്ന് ഓരോ രചന നിര്‍വ്വഹിക്കുമ്പോഴും അയാള്‍ക്ക് തോന്നും. ഓരോ രചനയും അതില്‍നിന്നുള്ള ഒരു വിച്ഛേദത്തിന്റെ വാസന പ്രസരിപ്പിക്കുന്നു എന്ന് സാരം. വായനയും എഴുത്തും വിച്ഛേദത്തിന്റെ കലകളാണ്.
രചനയുടെ ആദ്യമൂല്യം
ഇവിടെ രചനയുടെ ആദ്യമൂല്യം എന്താണ്? ഒടുവിലത്തെ രചന എഴുത്തുകാരന് അയാളുടെ ആദ്യരചനയായിട്ടാണ് അനുഭവപ്പെടുന്നതെങ്കില്‍ എത്ര മരണങ്ങളും എത്ര ജന്മങ്ങളും അയാള്‍ നേരിട്ടിരിക്കണം. പഴയ രചനകള്‍ ആക്രമിച്ചുകൊണ്ട് ഭാവുകത്വം വേറിട്ട രചനയ്ക്കായി വാക്കുകള്‍ അന്വേഷിക്കാന്‍ എഴുത്തുകാരനെ പ്രചോദിപ്പിക്കുന്നു. ഒരു നിര്‍മ്മിതിയും ഒരു നിര്‍മ്മാണനിരാസവും ഇവിടെ സംഭവിക്കുന്നു. അതിന്റെ പൂര്‍ണ്ണനായ പങ്കാളി എഴുത്തുകാരന്‍ തന്നെ. ഒരുപക്ഷേ, അയാളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വായനക്കാരന്‍ കൂടി അതിന്റെ ഭാഗമാകുന്നു. അയാളെയാണ് കൃതിക്കുള്ളിലെ പ്രഭാഷകനായും എഴുത്തുകാരന്റെ പ്രതിനിധിയായും ഉത്തരാധുനിക നിരൂപണം നിര്‍വ്വചിച്ചത്. അതിന്റെ കാലം കഴിഞ്ഞോ? സാഹിത്യവിമര്‍ശനം തുടങ്ങുമ്പോള്‍ വിമര്‍ശകന്‍ തന്റെ രചനയ്ക്കു നല്‍കുന്ന ശ്രദ്ധയും ജാഗ്രതയും ഓരോന്നെഴുതുമ്പോഴും നല്‍കുന്നുണ്ടോ എന്ന പരിശോധന തെറ്റല്ല. യഥാര്‍ത്ഥ കല സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്. ഓരോ രചനയിലും അതിന്റെ ഭാഷയിലൂടെ ഓരോ എഴുത്തുകാരന്‍ പിറക്കുന്നു. ഭാവുകത്വത്തിന്റെ ഓരോ ആക്രമണവും സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ഈ പിറവി സംഭവിക്കുക.
വിമര്‍ശനങ്ങളുടെ വൈകുന്നേരങ്ങളില്‍ വിശ്രമിക്കുന്ന എത്രയോ എഴുത്തുകാരെ നാം കാണുന്നു. പകലിന്റെ മുറിവുകളെപ്പറ്റി അയാള്‍ മറന്നുകഴിഞ്ഞു. ഇപ്പോള്‍ ഒരു ദുര്‍വിധിയിലാണ്. പഴയ ഭാവുകത്വത്തിലേയ്ക്ക് പോലും തിരിച്ചുപോകാന്‍ പറ്റാത്തവിധം കലയില്‍നിന്ന് അകന്നുപോയതിന്റെ വെറുപ്പ് ഓര്‍മ്മകളും അനുഭവങ്ങളും വഴി എഴുതിത്തീര്‍ക്കുന്നു. വല്ലാത്ത വേദന സൃഷ്ടിക്കുന്ന ഈ ദുര്‍വിധിയില്‍ വിമര്‍ശനത്തിന് ഇടപെടാതിരിക്കാനാവില്ല. അയാള്‍ കരയുന്നു. ഓരോ കലാസൃഷ്ടിക്കു പിറകിലും ഓരോ കരച്ചിലിന്റെ ഭാഷയുണ്ടെന്ന് പ്രവചിച്ച ഹാരോള്‍ഡ് ബ്ലൂമിനെ സ്മരിക്കുന്നു. വിമര്‍ശനകലയിലും കരച്ചിലിന്റെ അടിയൊഴുക്കുകള്‍ ഉണ്ടോയെന്ന് അറിയാവുന്ന വിമര്‍ശകന്‍ എഴുത്തുകാരുടെ വേദനയില്‍നിന്ന് വിമര്‍ശനം പിറക്കുമെന്ന് ശഠിക്കുന്നു. അത് ആരും തുറന്നുപറഞ്ഞിട്ടില്ല. വായിച്ചുതീര്‍ത്ത രചനകള്‍ വീണ്ടുമെടുത്ത് വായിക്കുമ്പോള്‍ അപ്രതീക്ഷിതമായി തടയുന്ന ഒരു വാക്കില്‍നിന്നായിരിക്കും പുതിയ വിചാരലോകം പിറക്കുക. വാക്കുകള്‍ സര്‍ഗ്ഗാത്മകതയില്‍ എഴുത്തുകാരെ കൊണ്ടെത്തിക്കുന്ന വഴിത്തൂണുകളാണ്. ഭാവുകത്വ ആക്രമണത്തിന്റെ മറ്റൊരു ഭാഷയായി ഈ വാക്കുകളുടെ പുനര്‍നിര്‍മ്മിതി സംഭവിക്കുന്നു.
വാക്കുകള്‍ പുനര്‍ജ്ജനിക്കുകയാണ്. കലാകാരനെപ്പോലെ, വിമര്‍ശകനെപ്പോലെ. ഓരോ രചനയിലും ആ പുനര്‍ജ്ജന്മത്തിന്റെ കഥകള്‍ നമുക്ക് വായിക്കാനാവും. ഓരോ എഴുത്തും ഓരോ ജന്മങ്ങളാണെന്നു സംശയിച്ച കലാകാരനെ മറക്കേണ്ടതില്ല. ഓരോ വിഭാവനവും എഴുത്തിന്റെ പുനര്‍ജ്ജന്മത്തെ സാധൂകരിക്കുന്നു. രചനകള്‍ അദൃശ്യമായി മാറുന്നു. ഓരോ വാക്കും ഉചിതമായി പ്രയോഗിച്ച് നിശബ്ദമാവുകയും മറ്റൊരു വാക്കിനായി വീണ്ടും ജനിക്കുകയും ചെയ്യുന്ന സര്‍ഗ്ഗാത്മകതയില്‍ എഴുത്തിന്റെ വീര്യമാണ് നാം കാണുക. സര്‍ഗ്ഗാത്മക സാഹിത്യം അടിവരയിടുന്നത് തന്നെ വിമര്‍ശനവും അടിവരയിടുന്നു. ഓരോ കൃതി രചിക്കുമ്പോഴും തന്റെ പുനര്‍ജ്ജന്മമാസ്വദിക്കുന്ന കലാകാരന്‍ അവന്റെ ഭാവഗതിയാണ് ആക്രമിക്കപ്പെടുന്നത് എന്ന് അറിയുക. അതിനെതിരെ ഇരുട്ടുപിടിക്കാത്ത വാക്കുകള്‍ കണ്ടെത്തുമ്പോള്‍ കലാകാരന്‍ ഒരു ചരിത്രത്തേയും സൗന്ദര്യത്തേയും സ്പര്‍ശിക്കുന്നു. പുതിയ രചനയ്ക്കുവേണ്ടിയുള്ള അയാളുടെ പരിശ്രമങ്ങളില്‍ ചരിത്രവും സൗന്ദര്യവും ഇടപെടുന്നു.
അതുകൊണ്ട് ആരാണ് ശരിയായ വിമര്‍ശകനാവുക? ഒരു മസാലദോശ സൗഹൃദം അയാള്‍ക്കന്യമാവുന്നു. ഭാവുകത്വത്തിന്റെ പുറമ്പോക്കില്‍ അയാള്‍ വിശ്രമിക്കുന്നേയില്ല. കലയുടെ ഭൂമണ്ഡലത്തിലിരുന്ന് അയാള്‍ വിളിച്ചുപറയുമത്രേ, ദാ എന്റെ ശത്രു നടന്നുപോകുന്നു. ആരാണ് ശത്രു? അയാള്‍ കലാകാരനാകാം, ഭാവുകത്വമാകാം. ശരിയാണ്, ഭാവുകത്വത്തിന്റെ സ്വീകാര്യതയില്‍ തളര്‍ന്നുപോയവന്‍. സവിശേഷമായ സംവേദനത്തെ ആക്രമിച്ച് കീഴടക്കാന്‍ കഴിയാതെ സര്‍ഗ്ഗാത്മകതയുടെ വൈകുന്നേരങ്ങളില്‍ ഉലാത്തുന്നവന്‍ വിശ്രമമില്ലാത്ത അന്വേഷണത്തിലൂടെ ഭാവുകത്വവിളര്‍ച്ച കണ്ടെത്തുമ്പോള്‍, സ്വാഭാവികമായും ഒരു വിമര്‍ശനത്തിന് പിറക്കാതിരിക്കാനാകില്ലല്ലോ. അറിയാതെ നിലവിലുള്ള ഭാവുകത്വം വിചാരഭാവങ്ങളുടെ ഭാവങ്ങളില്‍ ആക്രമിക്കപ്പെടുന്നതും സാഹിത്യത്തിലെ പുതിയ കാഴ്ചയാകുന്നു. പുതിയ വിമര്‍ശനം ഈ കാഴ്ചയില്‍നിന്ന് തുടങ്ങുന്നതാണ് അഭികാമ്യമാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates