

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം 75 ആഴ്ച നീണ്ടുനിന്ന (2021 മാര്‍ച്ച് 12 - 2023 ആഗസ്റ്റ് 15) 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിലാണല്ലോ രാജ്യം ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കടമെടുത്താല്‍, ''സ്വാതന്ത്ര്യത്തിന്റെ ഊര്‍ജ്ജത്തിന്റേയും സ്വാതന്ത്ര്യസമര പോരാളികളുടെ പ്രചോദനത്തിന്റേയും പുതിയ ആശയങ്ങളുടേയും പ്രതിജ്ഞകളുടേയും ആത്മനിര്‍ഭരതയുടേയും'' അമൃതോത്സവമാണ് കടന്നുപോയത്. ഇതോടെ ഇന്ത്യ 2.0 അതിന്റെ ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നദ്ദേഹം സൂചിപ്പിക്കുന്നു.
ഇതിനര്‍ത്ഥം ഇന്ത്യയ്ക്ക് ഒരു 1.0 ഉണ്ടായിരുന്നു എന്നാണല്ലോ. അതിനെക്കുറിച്ച് മൗനം ദീക്ഷിക്കുന്നതും അതിന്റെ അസ്തിത്വം നിഷേധിക്കുന്നതുമാണ് അദ്ദേഹത്തിന്റെ പതിവ് രീതി. ''അതിനെ തൊടരുത്, അത് വിണ്ട്കീറിയിരിക്കുന്നു'' എന്ന് ഫ്രെഞ്ച് കവി സുള്ളി പ്രിധോം (Sully Prudhomme) പറഞ്ഞതുപോലെ, നരേന്ദ്ര മോദി അതിനെ തൊടാതെ മാറിനില്‍ക്കുന്നു, വിണ്ടുകീറിയതുകൊണ്ടല്ല, അതിനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്നു മാത്രം. ഇന്ത്യയുടെ എല്ലാ നേട്ടങ്ങളും മഹത്വവും, അതിന്റെ ചരിത്രം തന്നെയും 2014-ന് ശേഷമാണ് ഉണ്ടായത് എന്ന തരത്തില്‍ പ്രചരണം നടക്കുകയാണല്ലോ. ഇതിനിടയില്‍ ''സ്വാതന്ത്ര്യത്തിന്റെ ഊര്‍ജ്ജത്തെക്കുറിച്ചും സ്വാതന്ത്ര്യസമര പോരാളികളുടെ പ്രചോദനത്തെക്കുറിച്ചും'' മറ്റും ഓര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെ.
ഇന്ത്യ 1.0 : കണക്കുപുസ്തകത്തിലെ ഭാഷ ഉപയോഗിക്കാതിരുന്ന കാലം
രാഷ്ട്രീയക്കാര്‍ കണക്കുപുസ്തകത്തിലെ ഭാഷ ഉപയോഗിക്കാതിരുന്ന കാലമാണ് 1.0, പ്രത്യേകിച്ച് അതിന്റെ ആദ്യ ദശകങ്ങളില്‍. അവര്‍ ആക്ഷന്‍ ഹീറോമാരോ നെഞ്ചളവും മസില്‍പവറും കാട്ടി ജനങ്ങളുടെ രക്ഷകരായി ചമഞ്ഞതുമില്ല. അവരില്‍ പലരും ജനകീയരും ചിലര്‍ ദാര്‍ശനികരുമായിരുന്നു. അനവധി പരാധീനതകള്‍ക്കു നടുവിലും രാഷ്ട്രനിര്‍മ്മാണത്തിനും ജനാധിപത്യത്തിന്റെ കാല് നാട്ടാനുമാണ് അവര്‍ തുനിഞ്ഞത്. ഇന്ത്യയെ സൃഷ്ടിക്കുക ഇന്ത്യയില്‍ സൃഷ്ടിക്കുക (Make India and make in India) എന്നതായിരുന്നു മുദ്രാവാക്യം. അതിനെ (മുദ്രാവാക്യത്തെ) ധ്വനിപ്പിക്കാന്‍ ഉപയോഗിച്ച പദം തന്നെ ശ്രദ്ധേയമാണ്- സ്വാശ്രയം (self-reliance). ഇതില്‍ ഭരണകൂടത്തിന്റെ പങ്കിനായിരുന്നു ഊന്നല്‍. വിരോധാഭാസമാകാം, ഇന്ന് സ്വാശ്രയമെന്ന വാക്ക് സെല്‍ഫ്-ഫിനാന്‍സിംഗ് ആവുകയും 'മേക്ക് ഇന്‍ ഇന്ത്യ' സ്വകാര്യ സംരംഭകരെ (വിദേശിയും സ്വദേശിയും) ഏല്പിച്ച് ഭരണകൂടം പിന്‍വലിയുകയും ചെയ്തിരിക്കുന്നു. സംശയം വേണ്ട, ഇത് മാറിയ കാലത്തിന്റെ പ്രതീകവും വരാന്‍ പോകുന്ന കാലത്തിന്റെ സൂചകവുമാണ്.
ദീര്‍ഘകാല വികസന കാഴ്ചപ്പാടിനും ഒട്ടൊക്കെ സാമൂഹ്യനീതിക്കും ഊന്നല്‍ നല്‍കിയിരുന്ന കാലം കൂടിയായിരുന്നു 1.0. പഞ്ചവത്സര പദ്ധതികള്‍ വികസനത്തെ ആസൂത്രിതമാക്കുകയും നീതിനിഷ്ഠമായ വളര്‍ച്ച എന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തത് ഇക്കാലത്താണ്. തങ്ങള്‍ക്കു പ്രയോജനപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ വൃദ്ധന്മാര്‍ വൃക്ഷത്തൈകള്‍ നടാന്‍ തയ്യാറാകുമ്പോഴാണ് നാട് വളരുന്നത് എന്നു പറയാറുണ്ട്. അങ്ങനെ 'വൃദ്ധന്മാര്‍' നാടുനന്നാക്കാന്‍ ഇറങ്ങിപുറപ്പെട്ടൊരു കാലത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ദേശീയതയെ ദേശീയരോടുള്ള സ്നേഹമായും രാഷ്ട്രത്തിന്റെ അഖണ്ഡതയെ വൈവിദ്ധ്യങ്ങളിലെ വൈരുദ്ധ്യങ്ങളുടെ കണക്കെടുപ്പിനപ്പുറം അവയുടെ (വൈവിദ്ധ്യങ്ങളുടെ) മേളമായും കണ്ടിരുന്ന കാലം.
രാഷ്ട്രത്തിന്റെ അന്തസ് വ്യക്തിയുടെ തനിമയിലും മഹത്വത്തിലുമാണ് കുടികൊള്ളുന്നത് എന്ന ബോദ്ധ്യവും ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. ഗാന്ധിജിയുടെ സ്വയംഭരണത്തേയും അംബേദ്കറുടെ സാഹോദര്യത്തേയും പെരിയാറിന്റെ സ്വാഭിമാനത്തേയും വിളക്കിച്ചേര്‍ത്ത ജനാധിപത്യ സമൂഹത്തെക്കുറിച്ചായിരുന്നു ചിന്ത. സ്ത്രീകളോടും ദളിതരോടും ന്യൂനപക്ഷങ്ങളോടും ദുര്‍ബ്ബല ജനവിഭാഗങ്ങളോടും, ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം സഹജീവികളോട് ആദരവ് പുലര്‍ത്തുന്ന സമൂഹം. ഇതാണ് 1.0 വിഭാവന ചെയ്ത ഡെമോക്രാറ്റിക് സെല്‍ഫ്. ജനാധിപത്യം ആഴത്തില്‍ വേരോടാത്തൊരു സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനായിരുന്നു ശ്രമം. മഹത്തായ വിപ്ലവത്തിനൊന്നും തുടക്കം കുറിച്ചില്ലെങ്കിലും ഭാവി ഇന്ത്യയെക്കുറിച്ചൊരു സമവായം തീര്‍ക്കാന്‍ അതിനായി എന്നതാണ് ഇന്ത്യ 1.0-ന്റെ ചരിത്രവിജയം.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ അതിനു ചില ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനായെന്നതും ഇത്തരുണത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു. ദാരിദ്ര്യത്തിന്റെ കാഠിന്യം കുറയ്ക്കാനും വ്യാവസായിക പുരോഗതി നേടാനും ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്താനും ഭക്ഷ്യകാര്യത്തില്‍ ഉള്‍പ്പെടെ പല മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കാനും നമുക്കായി, മൂന്നാം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. മറുവശത്ത്, ഏറ്റവും വലിയ പോരായ്മ ലിബറല്‍ ജനാധിപത്യ സംസ്‌കാരത്തിന് ആഴത്തില്‍ വേരോടാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്, നെഹ്റുവിന്റ കാലത്തുപോലും. അദ്ദേഹം ജനാധിപത്യ വിശ്വാസിയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1959-ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത് ഉള്‍പ്പെടെയുള്ള ചില സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, അദ്ദേഹം ജനാധിപത്യ സംസ്‌കാരത്തിനു ഹാനികരമായതൊന്നും ചെയ്തതുമില്ല. ഇത് സമ്മതിക്കുമ്പോഴും ഒരു കാര്യം പറയാതെ വയ്യ. കോണ്‍ഗ്രസ്സില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്താനോ അച്ചടക്കം നിലനിര്‍ത്താനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്താനോ ഇന്ത്യന്‍ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒരുപക്ഷേ, രാഷ്ട്രനിര്‍മ്മാണത്തിന്റെ തിരക്കിനിടയില്‍ ഇക്കാര്യത്തില്‍ നെഹ്റുവിനു ശ്രദ്ധ പതിപ്പിക്കിനായിക്കാണില്ല.
ജനാധിപത്യം: നഷ്ടപ്പെട്ട അവസരം
രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിത്വത്തില്‍ ഊന്നിനിന്നുകൊണ്ട് ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്. 1951 നവംബര്‍ 28-ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ആര്‍.കെ. ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണില്‍ ഇത് ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ക്കു മുകളില്‍ ഒരു കൊളോസ്സസ്സിനെപ്പോലെ അദ്ദേഹം നില്‍ക്കുന്ന ചിത്രമായിരുന്നു അത്. അദ്ദേഹത്തിന്റെ പിന്‍ഗാമികളും ഇതേ പാതയാണ് പിന്തുടര്‍ന്നത്. ഇതോടെ പാര്‍ട്ടി നിഷ്പ്രഭമാവുകയും നേതാവ് പാര്‍ട്ടിയായി മാറുകയും ചെയ്തു. നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും, ഒരു പരിധിവരെ, രാജീവ് ഗാന്ധിക്കും അവരുടെ വ്യക്തിപ്രഭാവംകൊണ്ട് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കില്‍, പിന്നീട് വന്നവര്‍ക്ക് - ഉദാഹരണമായി, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും - അത് സാധിക്കാതെ ആയി. അവര്‍ കോണ്‍ഗ്രസ്സുകാരുടെ മാത്രം ഗുരുത്വാകര്‍ഷണമായി മാറി. അതില്‍ തന്നെയും ഇടയ്ക്കും മുറയ്ക്കും വിള്ളല്‍ വീഴുന്നു. ഇതിനു തെളിവാണ് കോണ്‍ഗ്രസ്സില്‍നിന്ന് മറ്റു പാര്‍ട്ടികളിലേക്ക് പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ദിനംപ്രതി ചേക്കേറുന്നതും തൃണമൂല്‍ കോണ്‍ഗ്രസ്സിനേയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സിനേയും തെലുങ്കാന രാഷ്ട്രസമിതിയേയും എന്‍.സി.പിയേയും പോലുള്ള പാര്‍ട്ടികള്‍ ആവിര്‍ഭവിച്ചതും.
താമസിയാതെ കോണ്‍ഗ്രസ് തന്നെ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നു പിന്‍വാങ്ങുകയും ചെയ്തു. സാമൂഹ്യനീതിയും നെഹ്‌റുവിയന്‍ സോഷ്യലിസവുമൊക്കെ എടുക്കാചരക്കായി. സ്വാശ്രയം എന്ന വാക്കിനു വന്ന അര്‍ത്ഥവിലോപവും രാഷ്ട്രനിര്‍മ്മാണത്തില്‍നിന്ന് ഭരണകൂടം പിന്‍മാറുന്നതും അത് മൂലധനശക്തികള്‍ക്ക് അടിയറവ് വയ്ക്കുന്നതും കോണ്‍ഗ്രസ് ഭരണത്തിന്‍കീഴിലാണ് ആരംഭിച്ചത് എന്നത് കേവലം യാദൃച്ഛികമല്ല. ഇന്ദിരാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ 'ലെയ്സസ് ഫെയര്‍ രാഷ്ട്രീയം' (laissez faire politics) റാവു - മന്‍മോഹന്‍ സിങ്ങ് പ്രഭൃതികള്‍ ഊര്‍ജ്ജിതമാക്കി. രാഷ്ട്രനിര്‍മ്മാണത്തിലെ ഈ വ്യതിയാനം കോണ്‍ഗ്രസ്സിനുള്ളിലും ഭരണരംഗത്തും അധികാര രാഷ്ട്രീയമായി രൂപപ്പെട്ടു. പാര്‍ട്ടിക്കകത്തും പുറത്തും അധികാരത്തിനു മാത്രമായി മുന്‍തൂക്കം. അധികാര ലഭ്യതയുടെ ലിറ്റ്മസ് ടെസ്റ്റ് ആകട്ടെ, നേതൃത്വത്തോടുള്ള കൂറും.
ഈ കൂറ്സംസ്‌കാരം കേന്ദ്രനേതൃത്വത്തില്‍ തുടങ്ങി താഴേത്തട്ടിലേക്കു അരിച്ചിറങ്ങി. സംഘടനയുടെ ഓരോ ഘടകത്തിലും അധികാരം കേന്ദ്രീകരിക്കപ്പെട്ടു. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനം ജനങ്ങളില്‍നിന്നു മാറി നേതൃത്വത്തിനു ചുറ്റും തിരുവാതിര കളിയായി പരിണമിച്ചു. പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനക്ഷമതയുടെ അടയാളം സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ട് ജനങ്ങളെ സംഘടിപ്പിക്കുന്നതിനു പകരം നേതാക്കളുടെ പെട്ടിപിടിത്തമായി മാറി എന്നാണ് പറഞ്ഞുവരുന്നത്. ഇതുമൂലം പാര്‍ട്ടി തന്നെ ഒരു അധികാരവ്യവസ്ഥയായി മാറുകയും അധികാരത്തിനുവേണ്ടി കുറുക്കുവഴികള്‍ തേടാനും ആരംഭിച്ചു. മതനിരപേക്ഷതയെക്കാള്‍ പഥ്യം വര്‍ഗ്ഗീയ - ജാതി രാഷ്ട്രീയത്തിനോടായി. കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം മുഖ്യമന്ത്രിമാരെ തന്നെ ഇളക്കിപ്രതിഷ്ഠിക്കുന്നതും പ്രതിപക്ഷ ഭരണത്തെ അസ്ഥിരപ്പെടുത്തുന്നതും അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതും (നെഹ്റു) കുടുംബമഹിമയില്‍ അഭിരമിക്കുന്നതും പതിവ് രീതിയായി.
ഇതുമൂലം ചില ഹ്രസ്വകാല നേട്ടങ്ങള്‍ പാര്‍ട്ടിക്കുണ്ടായി എന്നത് വാസ്തവമാണ്; പ്രത്യേകിച്ച് അതിന്റ പഴയ പ്രതാപവും പ്രതിപക്ഷം ദുര്‍ബ്ബലവും ആയിരുന്നിടത്തോളം കാലം. സമീപകാലത്ത് ഇതിന്റെ അപകടം തിരിച്ചറിഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. 2013-ല്‍ ജയ്പൂരില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, ''തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നത് എങ്ങനെയാണെന്ന് ചിലപ്പോള്‍ കോണ്‍ഗ്രസ്സിനുതന്നെ അറിയില്ല'' എന്നാണ്. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയിലേക്കാണ് ഇതിലൂടെ അദ്ദേഹം വിരല്‍ചൂണ്ടിയത്. രസകരമായ വസ്തുത ഇതേ കാര്യം അദ്ദേഹത്തിന്റെ പിതാവ്, രാജീവ് ഗാന്ധി, മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് (1991ല്‍) കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞിരുന്നു എന്നതാണ്. ''കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് അകന്നുപോയി'' എന്നായിരുന്നു ആ പരിദേവനം. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെന്നത് മറ്റൊരു കാര്യം. ഫലമോ, തൃണമൂല്‍തലത്തില്‍ പാര്‍ട്ടിയുടെ ഉറവ വറ്റിവരണ്ട് സംഘടനാ സംവിധാനം ക്ഷയോന്മുഖമായി.
ഇന്ത്യ 1.0-ത്തിന്റെ മറ്റൊരു പോരായ്മ സര്‍ക്കാര്‍ സംവിധാനത്തെ, പ്രധാനമായും ബ്യൂറോക്രസിയെ രാഷ്ട്രീയ വിമുക്തമാക്കുന്നതിലും ജനാധിപത്യവല്‍ക്കരിക്കുന്നതിലും സംഭവിച്ച പരാജയമാണ്. സര്‍ക്കാര്‍ സേവനങ്ങളുടെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക് സ്വയമേവ ലഭ്യമാക്കുന്നതിനു പകരം, ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ രാഷ്ട്രീയക്കാര്‍ സ്വയം അവരോധിക്കുകയും ഒരു ഇടനില സംസ്‌കാരം ഊട്ടിഉറപ്പിക്കുകയും ചെയ്തു. തല്‍ഫലമായി, ജനങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും - പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുതല്‍ സെക്രട്ടേറിയറ്റ് വരെ - രാഷ്ട്രീയക്കാരുടെ ഇടനിലപ്പണി നിലവില്‍ വന്നു. ഇതോടെ നിയമവാഴ്ച രാഷ്ട്രീയ വാഴ്ചയ്ക്കും ഒരുതരം രക്ഷകര്‍തൃത്വ രാഷ്ട്രീയത്തിനും (പേട്രണേജ് പൊളിറ്റിക്സ്) പങ്കുപറ്റു സമ്പ്രദായത്തിനും വഴിമാറി. ഇത് ഭരണസംവിധാനത്തെ ഉത്തരവാദിത്വരഹിതമാക്കുകയും അഴിമതിക്കും സ്വജനപക്ഷപാതത്തിനും പടിതുറന്നുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ നടന്ന നീക്കങ്ങളെ അടിച്ചമര്‍ത്താനും വിമര്‍ശനങ്ങളുടെ വാമൂടിക്കെട്ടാന്‍ മാധ്യമ നിയന്ത്രണവും പൗരാവകാശ നിഷേധവും തരാതരം പോലെ അരങ്ങേറി. സ്വാതന്ത്ര്യാനന്തരകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം വാസ്തവത്തില്‍ ജനങ്ങളെ ശാക്തീകരിക്കുന്നതിനു പകരം ഭരണസംവിധാനത്തെ അമിതാധികാരവല്‍ക്കരിക്കുകയാണ് ചെയ്തത്. ചുരുക്കത്തില്‍ 1.0-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം ദുര്‍ബ്ബലപ്പെടുകയും സ്ഥാപന സ്വരൂപങ്ങളെ ദുര്‍ബ്ബലപ്പെടുത്തി ജനാധിപത്യത്തിന്റെ കാല്‍ ഇളക്കുകയും ചെയ്തു.
ഇന്ത്യ 2.0 : ഭയത്തിന്റെ പരിവാര്‍
അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും അത് ബീജാവാപം ചെയ്ത സിനിസിസവും കൂടിച്ചേര്‍ന്നതോടെ ദുര്‍ബ്ബലമായ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനും പകരം ശക്തമായ ഭരണവും ഭരണാധികാരിയും ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് പഥ്യമാവുന്നത് സ്വാഭാവികമാണ്. പോരെങ്കില്‍ തൊണ്ണൂറുകള്‍ മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ വലതുപക്ഷ സാമ്പത്തികനയങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തിന് കളമൊരുക്കുകയും ചെയ്തു. വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ വലതുപക്ഷ രാഷ്ട്രീയത്തിനു വഴിവയ്ക്കുമെന്നത് ചരിത്രം നല്‍കുന്ന പാഠമാണ്. തൊഴിലാളി സംഘടനകളുടെ തകര്‍ച്ച ഈ രാഷ്ട്രീയ വലതുപക്ഷവല്‍ക്കരണത്തിന്റെ ആക്കം കൂട്ടി. 1993 - 1994 മുതല്‍ 2011-2012 കാലയളവില്‍ ട്രേഡ് യൂണിയന്‍ സാന്ദ്രത (മൊത്തം തൊഴിലാളികളില്‍ ട്രേഡ്യൂണിയന്‍ അംഗത്വമുള്ളവരുടെ ശതമാനം) 20 ശതമാനം കുറഞ്ഞ് അത് 28.8 ശതമാനത്തിലെത്തി. ഇപ്പോഴിത് 13.4 ശതമാനവുമാണ്. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി അധികാരത്തില്‍ എത്തുന്നതും ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേയ്ക്ക് വ്യക്തമായി ചായുന്നതും. ഇതിന് ഒന്നരപതിറ്റാണ്ട് മുന്‍പ് വാജ്പേയി അധികാരത്തില്‍ വന്നിരുന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ മൃദുഹിന്ദുത്വത്തില്‍നിന്ന് തീവ്ര ഹിന്ദുത്വത്തിലേക്കുള്ള പരിവര്‍ത്തനം സംഭവിക്കുന്നത് മോദിയുടെ കാലത്താണല്ലോ.
ഏറ്റവും ശ്രദ്ധേയമായ കാര്യം നരേന്ദ്ര മോദി 2014-ലെ തെരഞ്ഞെടുപ്പില്‍ ഉടനീളം പറഞ്ഞത് വികസനത്തെക്കുറിച്ചും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തേയും അഴിമതിമുക്ത ഭാരതത്തെക്കുറിച്ചുമാണ്. എന്നാല്‍, അധികാരത്തില്‍ അമര്‍ന്ന് ഇരുന്നതോടെ പല്ലവി മാറി. കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിവച്ച സാമ്പത്തികനയങ്ങളും രാഷ്ട്രീയ (കു)തന്ത്രങ്ങളും അവരെക്കാള്‍ ഭംഗിയായി അദ്ദേഹം നടപ്പിലാക്കാന്‍ തുടങ്ങി. പൗരത്വവും ചരിത്രവും ഉള്‍പ്പെടെ ചോദ്യം ചെയ്യാനാവില്ലെന്ന് നാം കരുതിയ പലതിനേയും അദ്ദേഹം പുനഃപരിശോധിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ രാഷ്ട്രീയം തന്നെയും ഒരുതരം മാജിക്കായിരിക്കുന്നു. ഇന്ദ്രജാലക്കാരന്മാരെപ്പോലെ രാഷ്ട്രീയക്കാര്‍ കൈക്രിയകള്‍ കാണിക്കുന്നു. ഇതുകണ്ട് ആകൃഷ്ടരായ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നു. അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ പക്ഷേ, അവരുടെ മാജിക് കറുത്തതോ (black magic) വെളുത്തതോ എന്ന സംശയം ജനിക്കുന്നു. ഇതെന്തായാലും, രാഷ്ട്രീയം ഇന്ദ്രജാലമാകുമ്പോള്‍ അതിനു ദീര്‍ഘവീക്ഷണം ഇല്ലാതാവുകയും അതിന്റെ അകവും പുറവും തമ്മില്‍ സാമ്യമില്ലാതാവുകയും ചെയ്യും. പുറമേ കാണുന്നതിനും കേള്‍ക്കുന്നതിനും പ്രചരണമൂല്യമേയുള്ളു. കാണാത്ത അകമാണ് യഥാര്‍ത്ഥമെന്ന് ജീവിതാനുഭവത്തിലൂടെ നാം തിരിച്ചറിയുന്നു.
എന്നാല്‍, ഈ തിരിച്ചറിവ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നില്ലെന്നതാണ് ലോകത്തെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയം. വര്‍ത്തമാനകാല ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മ ഭരണാധികാരികള്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നതിനേക്കാള്‍ ഭരിക്കപ്പെടുന്നവര്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞ് പെരുമാറുന്നില്ല എന്നതാണെന്ന് ഇത് അടിവരയിടുന്നു. ഇന്ത്യയിലെ കാര്യവും വിഭിന്നമല്ല.
ഭയം, മാധ്യമനിയന്ത്രണം, നാടകീയത, അനീതിക്കു നേരെയുള്ള ഭരണകൂട മൗനം, വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും രഹസ്യമായി സൂക്ഷിക്കല്‍, ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ സമൃദ്ധമായ ഉപയോഗം തുടങ്ങിയവയാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രധാന ചേരുവകള്‍. ഗ്ലാഡിയേറ്റര്‍ (Gladiator, 2000) എന്ന ഹോളിവുഡ് സിനിമയിലെ ഒരു കഥാപാത്രം പറയുന്ന വാചകമുണ്ട്, ''ഭയവും വിസ്മയവും ശക്തമായൊരു സംയുക്തമാണ്'' (Fear and wonder, a powerful combination). ഇതാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുന്നത്. പൊലീസ് നടപടിയും കോടതി കേസുകളും ചേര്‍ന്ന് ഭരണകൂട വിമര്‍ശനം ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിലക്കപ്പെട്ട കനിയായിരിക്കുന്നു. അന്വേഷണ ഏജന്‍സികളുടെ റെയ്ഡും അറസ്റ്റും പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തനത്തെത്തന്നെ സാരമായി ബാധിക്കുംവിധം അനുദിനം വര്‍ദ്ധിക്കുന്നു. ഭരണകൂടത്തെ ശക്തിപ്പെടുത്താന്‍ ജനങ്ങളേയും പ്രതിപക്ഷത്തേയും ദുര്‍ബ്ബലപ്പെടുത്തേണ്ടതുണ്ടല്ലോ.
മാധ്യമങ്ങളെ രണ്ടു രീതിയിലാണ് ഭരണകൂടം വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് - പരസ്യങ്ങളിലൂടെയും ഭയപ്പാടിലൂടേയും. 2014-2019 കാലയളവില്‍ മാത്രം 4300 കോടി രൂപയിലധികം കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിനും പബ്ലിസിറ്റിക്കും ചെലവഴിച്ചെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019-2020 സാമ്പത്തിക വര്‍ഷം ഇത് പ്രതിദിനം 20 ദശലക്ഷം രൂപയായി. രാഷ്ട്രീയഭേദമെന്യേ എല്ലാ സര്‍ക്കാരുകളും (കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും) ഇതേ പാതയാണ് പിന്തുടരുന്നത് എന്നതില്‍ സംശയമില്ല. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ നട്ടെല്ല് ഒടിക്കുന്നതാണ് - ചുരുങ്ങിയ പക്ഷം വളയ്ക്കുകയെങ്കിലും ചെയ്യുന്നതാണ് - പരസ്യമെന്ന (സ്വകാര്യ പരസ്യം ഉള്‍പ്പെടെ) ഈ അക്ഷയഖനി. ഇനി ഏതെങ്കിലും മാധ്യമങ്ങള്‍ ''പണത്തിനുമേല്‍ പരുന്തായി പറക്കാന്‍'' ശ്രമിച്ചാല്‍ അത്തരക്കാരെ മെരുക്കാന്‍ ശ്രമിക്കുന്നത്, മുന്‍പ് സൂചിപ്പിച്ചതുപോലെ, നിയമങ്ങളിലെ പഴുതും പതിരും ഉപയോഗിച്ച് കേസ് എടുത്തുകൊണ്ടാണ്. പൊതു നയങ്ങളും സര്‍ക്കാരുകളുടെ വീഴ്ചയും വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നത് അപൂര്‍വ്വമായിരിക്കുന്നു എന്നതാണ് പരിണതഫലം. അതേസമയം, പ്രതിപക്ഷത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചില മാധ്യമങ്ങള്‍ കാണിക്കുന്ന ഔത്സുക്യം നമ്മേ അതിശയിപ്പിക്കാന്‍ പോരുന്നതാണ്. മാത്രമല്ല, ചില ടി.വി. അവതാരകന്മാര്‍ മന്ത്രിമാരേയും ഭരണകക്ഷി നേതാക്കളേയും അപേക്ഷിച്ച് ചോദ്യശരങ്ങള്‍ തൊടുക്കുന്നത് സര്‍ക്കാര്‍ വിമര്‍ശകര്‍ക്കും പ്രതിപക്ഷത്തിനും നേരെയാണെന്ന വസ്തുതയും നിലനില്‍ക്കുന്നു.
ദേശീയ രാഷ്ട്രീയം ഒരു അഭിനയകലയായി മാറുന്ന അവസരങ്ങളും അപൂര്‍വ്വമല്ല. ഭരണാധികാരികളുടെ പ്രസംഗങ്ങളില്‍ നാടകീയത മുറ്റിനില്‍ക്കുന്നു. സുപ്രധാന നയങ്ങളെല്ലാം ഈ വിധമാണ് പ്രഖ്യാപിക്കപ്പെടുന്നതും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നോട്ട് നിരോധനത്തെ അവതരിപ്പിച്ച രീതി. ജനാധിപത്യം ഒരു കെട്ടുകാഴ്ചയായി മാറിയിരിക്കുന്നു. വ്യക്തമായി പറഞ്ഞാല്‍ ഒരുതരം 'ഇവെന്റോക്രസി' (eventocracy). 'ഇവെന്റോക്രസി' 'മൗനോക്രസി' ആയി മാറുന്ന അവസ്ഥയുമുണ്ട്. രാജ്യത്തെ നടുക്കുന്ന സംഭവങ്ങളിലും ഭരണകൂടത്തിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളിലും ഭരണാധികാരികള്‍ കൊടിയ മൗനം ദീക്ഷിക്കുന്നു. യു.പിയില്‍ ദളിതനെ മര്‍ദ്ദിച്ച് ചെരുപ്പ് നക്കിച്ചതും ലൈംഗികാതിക്രമത്തിനെതിരെ വനിതാ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരവും മൗനംകൊണ്ട് ഉടച്ചുകളയാനാണ് ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചത്. ഏതാണ്ട് 150-ന് അടുത്ത് മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ട മണിപ്പൂര്‍ കലാപത്തിന്റെ കാര്യത്തില്‍ എത്ര വൈകിയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്? ഇത്തരത്തില്‍പ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിനുപോലും കഴിയുന്നില്ല, അഥവാ അതിനെ അനുവദിക്കുന്നില്ല.
'മൗനോക്രസി' പ്രകടമാവുന്ന മറ്റൊരു മേഖല സ്ഥിതിവിവരക്കണക്കിന്റേതാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയുടേയും ഭരണത്തിന്റേയും യഥാര്‍ത്ഥ ചിത്രം പ്രതിഫലിപ്പിക്കുന്ന വസ്തുതകള്‍ പാര്‍ലമെന്റില്‍പോലും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത അവസരങ്ങള്‍ ഉണ്ട്. കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, കൊവിഡ് കാലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ മരണവുമൊക്കെ മൗനംകൊണ്ടാണ് അത് നേരിട്ടത്. പറക്കാല പ്രഭാകറിന്റെ (The Crooked Timber of India) വാക്കുകളില്‍ പറഞ്ഞാല്‍, തങ്ങളുടെ കൈവശം കണക്കുകള്‍ ഇല്ലെന്ന ലളിതയുക്തിയില്‍ അത് അഭയം തേടി. ഇതുമൂലം ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത ലോകത്തെമ്പാടും ചോദ്യം ചെയ്യപ്പെടുന്നു എന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു.
രാഷ്ട്രത്തെ കുടുംബമായി, 'പരിവാര്‍' ആയി കാണുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. രണ്ടു രീതിയിലാണ് ഇത് സംഭവിക്കുന്നത്. ആദ്യത്തേത് കുടുംബവാഴ്ചയായി അവതരിക്കുന്നു. ഇവിടെ കുടുംബാംഗങ്ങളെ പാര്‍ട്ടിയുടേയും ഭരണത്തിന്റേയും താക്കോല്‍ സ്ഥാപനങ്ങളില്‍ അവരോധിക്കുന്നു. ഈ രീതിയാണ് കോണ്‍ഗ്രസ്സും ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും പിന്തുടരുന്നത്. മറുവശത്ത് സംഘപരിവാറും ബി.ജെ.പിയും രാഷ്ട്രത്തെ തന്നെ പരിവാര്‍/കുടുംബം എന്ന് വിശേഷിപ്പിക്കുന്നു. ഇതിന്റെ യുക്തി മറ്റൊന്നാണ്. രാഷ്ട്രം പരിവാറാകുമ്പോള്‍ ജനങ്ങള്‍ കുട്ടികളും ഭരണകൂടം അവരുടെ ക്ഷേമത്തിനായി യത്‌നിക്കുന്ന രക്ഷിതാക്കളുമാകും! കുട്ടികള്‍ക്കു മുതിര്‍ന്നവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഇടപെടാനുള്ള കഴിവോ അവകാശമോ ആവശ്യമോ ഇല്ലെന്ന മറ്റൊരു യുക്തിയും ഇതില്‍ ഒളിഞ്ഞിരിക്കുന്നു! അപ്പോള്‍ പിന്നെ രാഷ്ട്രീയ ചര്‍ച്ചയും ഡേറ്റയും ഒന്നും വേണ്ടതില്ലല്ലോ?
പേറ്റെന്റഡ്' രാഷ്ട്രീയവും ബ്രെയിന്‍ വാഷിംഗ് ജനാധിപത്യവും
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ 'പേറ്റെന്റഡ്' യഥാര്‍ത്ഥത്തില്‍ മൂലധനശക്തികളുടെ കയ്യിലാണെങ്കിലും അതിന്റെ അവകാശികള്‍ 'സാംസ്‌കാരിക ദേശീയതയില്‍' വിശ്വസിക്കുന്നവരാണെന്ന് (ഭൂരിപക്ഷ മതവിഭാഗം എന്ന് വായിക്കുക) വരുത്തിത്തീര്‍ക്കാനുള്ള ശ്രമം സജീവമാണ്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, രാഷ്ട്രീയത്തിനുമേല്‍ സ്വത്വാടിസ്ഥാനത്തില്‍ അവകാശവാദം ഉന്നയിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്, ജനാധിപത്യത്തിലായാലും സമഗ്രാധിപത്യത്തിലായാലും. പണ്ട് ചക്രവര്‍ത്തിമാര്‍ ദൈവത്തെ മുന്‍നിര്‍ത്തി തങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ തുനിഞ്ഞതിന്റെ പുത്തന്‍ പതിപ്പ്. അരൂപിയായ ദൈവത്തെക്കാള്‍ സ്വരൂപിയായ മതത്തിനും വംശീയതയ്ക്കും ജാതിക്കുമാണ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മേല്‍കയ്യും താരമൂല്യവും. ജനാധിപത്യത്തില്‍ ഭൂരിപക്ഷാടിസ്ഥാനത്തിലാണല്ലോ അധികാരം ലഭിക്കുന്നത്. ഇത് (ഭൂരിപക്ഷം) രാഷ്ട്രീയമായി സ്വരൂപിക്കുന്നതിനെക്കാള്‍ എളുപ്പവും ഉറപ്പും സ്വത്വാടിസ്ഥാനത്തില്‍ സ്വരൂപിക്കുന്നതാണ്. അതില്‍ വൈകാരികതയുടെ അംശവും സാങ്കല്പിക ശത്രുക്കളെ സൃഷ്ടിക്കാനുള്ള ഇടവുമുണ്ട്. ഇതേ യുക്തിയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റേയും. ഭൂരിപക്ഷം ്.െ ന്യൂനപക്ഷം എന്ന സമവാക്യത്തില്‍ രാഷ്ട്രീയത്തെ തളച്ചിടുകയും ഇതില്‍ ആദ്യത്തെ കൂട്ടരെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്ന യുക്തി. ഇതുകൊണ്ടാണ് സമകാലീന ദേശീയ രാഷ്ട്രീയം ആരാധനാലയങ്ങളുടേയും ഭാഷയുടേയും ചരിത്രത്തിന്റേയും ചെങ്കോലിന്റേയും വ്യക്തിനിയമങ്ങളുടേയും ചുറ്റും വട്ടംകറങ്ങുന്നത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, ഭൂരിപക്ഷം vs. ന്യൂനപക്ഷമെന്നത് എന്‍.ഡി.എ vs. പ്രതിപക്ഷം, നരേന്ദ്ര മോദി vs. മറ്റുള്ളവര്‍ എന്ന സമവാക്യമായി വളരെ എളുപ്പം വ്യാഖ്യാനിക്കാനാവും എന്നതാണ്. ഞങ്ങള്‍ ഭൂരിപക്ഷത്തിന്റെ കൂടെയാണ് ഞങ്ങള്‍ക്ക് (ബി.ജെ.പിക്ക്/ എന്‍.ഡി.എയ്ക്ക്) ശക്തനായൊരു വികസന നായകനുണ്ട്. ഇങ്ങനെ പറയുകവഴി അവര്‍ പ്രതിപക്ഷത്തിനോട് പരോക്ഷമായി ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. നിങ്ങള്‍ ആരുടെ കൂടെയാണ്? നിങ്ങളുടെ നേതാവ് ആരാണ്? ജനാധിപത്യത്തെ ഭൂരിപക്ഷ ഭരണമായും ഭൂരിപക്ഷത്തെ മത/സാമുദായികാടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുകയും ഒടുവില്‍ അത് ഒരു പാര്‍ട്ടിയിലേക്കും അതില്‍തന്നെ ഒരു വ്യക്തിയിലേക്കും ചുരുക്കുന്ന ഏര്‍പ്പാടാണ് ഇത്. ജനാധിപത്യത്തെ തലകീഴായി നിര്‍ത്തുന്ന ജാലവിദ്യ.
ജനാധിപത്യത്തെ മൂലധനാധിപത്യമാക്കുന്ന രഹസ്യനീക്കങ്ങള്‍ ഇതിനിടയില്‍ നടക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ 'ഓളിഗാര്‍ക്കിക്' സ്വഭാവവും (പാര്‍ട്ടി നിയന്ത്രണം ഏതാനും ചിലരില്‍ ഒതുങ്ങിനില്‍ക്കുന്ന രീതി) മൂലധന കേന്ദ്രീകരണവും പ്രക്രിയയെ എളുപ്പമാക്കുന്നു. അപവാദങ്ങള്‍ മാറ്റിവച്ചാല്‍, എല്ലാ പാര്‍ട്ടികളിലും കേന്ദ്രീകൃത അധികാരഘടനയാണ് നിലനില്‍ക്കുന്നത്. മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ഹൈക്കമാന്റും ഹൈക്കമാന്റില്‍ ഒരു അധികാരമൂര്‍ത്തിയും. ഇത്തരമൊരു സംഘടനാസംവിധാനത്തെ വളരെ വേഗം മൂലധനശക്തികള്‍ക്ക് സ്വാധീനിക്കാനാവും. ഇതിനെ അനായാസമാക്കുന്ന മറ്റൊന്നാണ് സമ്പത്തിന്റെ കേന്ദ്രീകരണം. 1991 മുതല്‍ ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ആകത്തുക. ഉദാരവല്‍ക്കരണത്തിന്റെ ലക്ഷ്യം തന്നെ സ്വകാര്യമൂലധനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ.
ലഭ്യമായ കണക്കനുസരിച്ച്, ജനസംഖ്യയുടെ മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം ആള്‍ക്കാരുടെ വരുമാനം 21.7 ശതമാനം വരും (2021); ഇതേവര്‍ഷം, 65 ശതമാനം കോര്‍പറേറ്റ് ലാഭം മുകള്‍ത്തട്ടിലുള്ള 20 കമ്പനികള്‍ക്കാണ് ലഭിച്ചത്; സാമ്പത്തികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 5 വലിയ ബിസിനസ് ഗ്രൂപ്പുകളുടെ ആസ്തി 1991-ല്‍ 10 ശതമാനം വര്‍ദ്ധിച്ചത് 2021-ല്‍ 18 ശതമാനമായി. മറുവശത്ത് തൊട്ട് താഴെയുള്ള 5 ഗ്രൂപ്പുകളുടെ ആസ്തി 18 ശതമാനത്തില്‍നിന്ന് 9 ശതമാനമായി ഇടിയുകയും ചെയ്തു. പല വ്യവസായങ്ങളിലും - ഉദാഹരണമായി ടെല്‍കോം, തേയില, ബിസ്‌കറ്റ്, ഉരുക്ക്, സിമന്റ്, അലൂമിനിയം, സിന്തറ്റിക്ക് ഫൈബര്‍, ഏവിയേഷന്‍, പോളിമര്‍, ടോയ്ലെറ്ററീസ് - രണ്ടോ പരമാവധി മൂന്നോ പ്രമുഖ ഗ്രൂപ്പുകളാണ് വിപണി കയ്യടക്കിയിരിക്കുന്നത്. ഈ സാമ്പത്തിക കേന്ദ്രീകരണം രാഷ്ട്രീയ സംഭാവനയുടെ കേന്ദ്രീകരണത്തിനും അതുവഴി രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏറ്റെടുക്കലിലേയ്ക്കു തന്നെയും വഴി വച്ചിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പേറ്റന്റ് മൂലധനശക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്നര്‍ത്ഥം.
സ്വകാര്യ മൂലധനവും രാഷ്ട്രീയ സംഭാവനയും തമ്മിലുള്ള ബന്ധം ഇത്രമാത്രം ശക്തിപ്പെടുന്നത് 2018-ല്‍ തെരഞ്ഞെടുപ്പ് ബോണ്ട് സ്‌കീം നിലവില്‍ വന്നതോടുകൂടിയാണ്. ഇതോടെ അജ്ഞാത ഉറവിടങ്ങളില്‍നിന്ന് വലിയ സംഭാവനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളിലേക്ക് ഒഴുകാന്‍ തുടങ്ങി. 2019-2020-ല്‍ മൊത്തം സംഭാവനയുടെ 70 ശതമാനം ഇങ്ങനെ എത്തിയതാണെന്നും ഇതിന്റെ 90 ശതമാനം തെരഞ്ഞെടുപ്പ് ബോണ്ടില്‍നിന്നാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റ ഏറ്റവും വലിയ ഗുണഭോക്താവ് ബി.ജെ.പിയുമാണ്. 2018- 2022-ല്‍ 5,270 കോടി രൂപ - വിറ്റഴിക്കപ്പെട്ട ബോണ്ടിന്റെ 57 ശതമാനം - അതിനു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റേത് 964 കോടി - 10 ശതമാനം - മാത്രമാണ്. അവശേഷിച്ച 33 ശതമാനമാണ് മറ്റുള്ളവര്‍ക്കു ലഭിച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ക്കുപോലും അവരുടെ സംഭാവനയുടെ 55 ശതമാനം ഇപ്രകാരം ലഭിക്കുന്നതാണത്രെ. മൊത്തം ബോണ്ടിന്റെ 90 ശതമാനവും ഒരുകോടി രൂപ വിലമതിക്കുന്ന കൂപ്പണുകള്‍ വഴിയാണ് എത്തുന്നത് എന്നുകൂടി അറിയുമ്പോഴാണ് കോര്‍പറേറ്റുകള്‍ എത്രത്തോളം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകുന്നത്. ഇതിന്റെ പാര്‍ശ്വഫലമായാണ് തെരഞ്ഞെടുപ്പ് ചെലവ് കുത്തിച്ചുയരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും കൂടി ചെലവഴിച്ചത് എത്ര രൂപയാണെന്നല്ലേ? 60,000 കോടി ($7.2 ബില്യണ്‍), 2016-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ ($6.5 ബില്യണ്‍) $0.7 ബില്യണ്‍ കൂടുതല്‍! ഒരു സീറ്റിന് ശരാശരി 100 കോടി!
അതിസമ്പന്നര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജനപ്രതിനിധികളാകാനും പറ്റുകയുള്ളു എന്നൊരു അര്‍ത്ഥംകൂടി ഇതിനുണ്ട്. 17-ാം (ഇപ്പോഴത്തെ) ലോക്സഭയില്‍ 88 ശതമാനം പേര്‍ കോടിപതികളാണ്! ഇത് 16-ാം ലോക്സഭയില്‍ 82 ശതമാനവും 15-ാം സഭയില്‍ 58 ശതമാനവും ആയിരുന്നു. പൊതുവേ ഇതിന് അപവാദമായി നില്‍ക്കുന്നത് കമ്യൂണിസ്റ്റ് അംഗങ്ങളാണെങ്കില്‍, ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ ഉള്ളത് ബി.ജെ.പിയിലാണ്. പ്രാദേശിക കക്ഷികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മാത്രമല്ല, വിവിധ കക്ഷികളില്‍പ്പെടുന്ന ഏതാണ്ട് നൂറോളം എം.പിമാര്‍ ബിസിനസ് പങ്കാളിത്തമുള്ളവരുമാണ്. ഇതേ പാതയിലൂടെയാണ് സംസ്ഥാനങ്ങളും സഞ്ചരിക്കുന്നത്.
പാര്‍ലമെന്റിലും നിയമസഭകളിലും സമ്പന്നരുടേയും ബിസിനസുകാരുടേയും ബിസിനസ് താല്പര്യമുള്ളവരുടേയും എണ്ണത്തിലെ ഈ വര്‍ദ്ധനവ് സമകാലീന ഇന്ത്യയുടേയും അത് ബീജാവാപം ചെയ്ത പുതുരാഷ്ട്രീയത്തിന്റേയും പ്രത്യേകതയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ആന്‍ഗസ് ഡീറ്റണ്‍ പറയുന്നതനുസരിച്ച്, സമ്പന്നര്‍ അവര്‍ അര്‍ഹിക്കുന്നതിനെക്കാള്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതോടെ ഭരണകൂടത്തിന്റെ നിലപാടുകളിലും നയസമീപനങ്ങളിലും കാതലായ മാറ്റം സംഭവിക്കുന്നു. ബിസിനസ് പ്രമുഖര്‍ക്ക് നികുതി ഇളവും അവരുടെ കിട്ടാക്കടം എഴുതിത്തള്ളാനും വ്യഗ്രത കാണിക്കുന്ന ഇന്ത്യന്‍ ഭരണകൂടം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് വര്‍ദ്ധിച്ചതോതില്‍ പിന്‍മാറുന്നത് ഇതിന്റെ നേര്‍ തെളിവാണ്. അത് സെന്‍സെക്സിനെക്കുറിച്ച് വേവലാതിപ്പെടുന്നു; സ്മാര്‍ട്ട് സിറ്റികള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു; അതേസമയം ഗ്രാമങ്ങളേയും സാധാരണ മനുഷ്യരേയും അവഗണിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിനുമേലുള്ള പേറ്റന്റ് 'വീ ദ പീപ്പിളിന്' നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനെ ന്യായീകരിക്കുകയും അതിന് നിയമസാധുത നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നിലവിലുള്ളത്. ഭരണകൂടത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയം. ഇത് ഒരു ''ബ്രെയിന്‍ വാഷിംഗ് ജനാധിപത്യമാണ്.'' ഭയത്തേയും പ്രചാരവേലയേയും സമാസമം ചേര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സാക്ഷിയുടെ പ്രതിപുരുഷനായി ഭരണകൂടം സ്വയം അവതരിക്കുന്നു. അസഹിഷ്ണുതയുടെ സഹിഷ്ണുതയാണ് ശരിയെന്നും ഒന്നായതിനെ രണ്ടെന്നു കാണുന്നതാണ് ചരിത്രത്തിലെ അപഭ്രംശങ്ങളുടെ പ്രതിവിധിയെന്നും അത് ഉദ്ഘോഷിക്കുന്നു. ജനാധിപത്യം വെറുമൊരു രാഷ്ട്രീയ ഇടമായി തീര്‍ന്നിരിക്കുന്നു.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates