കൊഞ്ചലോവ്സ്‌കിയുടെ ചരിത്രാന്വേഷണങ്ങള്‍ 

റഷ്യന്‍ സംവിധായകന്‍ ആന്ദ്രെ കൊഞ്ചലോവ്സ്‌കിയുടെ 2021-ല്‍ പുറത്തെത്തിയ സിന്‍, ഡിയര്‍ കോമ്രേഡ്‌സ് എന്നീ ചിത്രങ്ങളെക്കുറിച്ച്
കൊഞ്ചലോവ്സ്‌കിയുടെ ചരിത്രാന്വേഷണങ്ങള്‍ 
Updated on
7 min read

84-ാം വയസ്സിലും പ്രശസ്ത റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്സ്‌കി (Andrey Konchalovsky) ചരിത്രത്തിലൂടെയുള്ള തന്റെ സഞ്ചാരം തുടരുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കഥ വളരെ സവിശേഷമായ രീതിയില്‍ ചിത്രീകരിക്കുന്ന പാരഡൈസി(2017)ല്‍, ചരിത്രത്തില്‍നിന്ന് പുറത്തെടുത്ത ജൂതരുടെ ദുരിതജീവിതങ്ങള്‍ തന്റേതായ രീതിയില്‍ അദ്ദേഹം തിരശ്ശീലയിലെത്തിച്ചു. നാസി വേട്ടക്കാരുടെ ആക്രോശങ്ങളും ഇരകളായ ജൂതരുടെ നിലവിളികളും തീവ്രതയോടെ 'പാരഡൈസ്' പ്രേക്ഷകരിലെത്തിച്ചിരുന്നു. അതിനുശേഷം, 2021-ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ രണ്ട് ചരിത്ര ചിത്രങ്ങള്‍ ലോകസിനിമയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ലോകചരിത്രം രേഖപ്പെടുത്തുന്ന സംഭവങ്ങള്‍ പ്രമേയങ്ങളാക്കുന്ന 'സിന്‍' (Sin), 'ഡിയര്‍ കോമ്രേഡ്സ്' (Dear Comrades) എന്നിവയാണ് ആ ചിത്രങ്ങള്‍. അനാഥരായ ജൂത പിഞ്ചുകുട്ടികളെ രക്ഷിക്കാനായി തന്റെ ജീവിതം മാറ്റിവെയ്ക്കുന്ന ഓള്‍ഗ (പാരഡൈസ്), ഭരണാധികാരികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കിടയില്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സര്‍ഗ്ഗജീവിതം നയിക്കുന്ന പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ മൈക്കലാഞ്ചലോ (സിന്‍), ജീവിതദുരന്തങ്ങള്‍ക്കിടയിലും താന്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയാനാകാതെ നിസ്സഹായയായി നില്‍ക്കുന്ന ല്യൂദ (ഡിയര്‍ കോമ്രേഡ്സ്) എന്നിവര്‍ തന്റെ ചരിത്രാന്വേഷണങ്ങളില്‍ കൊഞ്ചലോവ്സ്‌കി കണ്ടെടുത്ത് ദൃശ്യവല്‍ക്കരിക്കുന്ന ശക്തരായ കഥാപാത്രങ്ങളാണ്. ഈ മൂന്ന് പേരും തങ്ങളെ ഭരിക്കയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കു മുന്‍പില്‍ പീഡനങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിച്ചുകൊണ്ട്, ക്രൂരമായ ചരിത്രത്തിനു മുന്‍പില്‍ നിസ്സഹായരായി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്. 

'സിന്‍' പുറത്തു വന്നയുടനെ നടന്ന ഒരു അഭിമുഖത്തില്‍ കൊഞ്ചലോവ്സ്‌കി ചിത്രത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്: ''സിനിമകളുടെ തരംതിരിക്കലുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആന്ദ്രേ താര്‍കോവ്സ്‌കി(Andrey Tarkovsky)യുമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രം 'ആന്ദ്രേ റുബ്ലേവി'(Andrey Rublev)ന്റെ തിരക്കഥ ഞാനെഴുതുന്നത്. അതില്‍ 14-ാം നൂറ്റാണ്ടില്‍ ജീവിച്ച, പള്ളികളിലെ ബിംബങ്ങള്‍ പെയിന്റ് ചെയ്യുന്ന ആന്ദ്രേ റുബ്ലേവിന്റെ ജീവിത സംഘര്‍ഷങ്ങളാണ് ചിത്രീകരിക്കുന്നത്. എന്നാല്‍, റുബ്ലേവ് പെയിന്റ് ചെയ്യുന്നത് ആ ചിത്രത്തിലെവിടെയും നമുക്കു കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളില്‍ ചിലത് ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രം നാം കാണുന്നു. അതിനു മുന്‍പ് ചിത്രമാവിഷ്‌ക്കരിക്കുന്ന സംഭവങ്ങളുടെ ഒരു പ്രൊജക്ഷന്‍ മാത്രമാവുകയാണ് ആ പെയിന്റിങ്ങുകള്‍. അതു പരമ്പരാഗത രീതിയിലുള്ള ഒരു ബയോപിക് അല്ല. അതില്‍ പ്രേമമോ അതുപോലുള്ള മറ്റു ജീവിതഘടകങ്ങളോ ഇല്ല. വെറും ജീവിതമെന്ന പ്രഹേളിക മാത്രം. 'സിന്നി'ന്റെ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോള്‍ അത് 'ആന്ദ്രേ റുബ്ലേവി'ന്റെ തുടര്‍ച്ചയാണെന്ന് എനിക്കു തോന്നി. മൈക്കലാഞ്ചലോയെപ്പോലെ ഞാനും ഒരു കാര്യത്തില്‍ ഭാഗ്യവാനാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ലോറെന്‍സോ ഉണ്ടായിരുന്നതുപോലെ എനിക്കു ചിത്രം നിര്‍മ്മിക്കാന്‍ ഉസ്മനോവുണ്ട്. (Alisher Usmanov-sâ Foundation for Support of Arts and Sports ആണ് ചിത്രത്തിന്റെ 70 ശതമാനം നിര്‍മ്മാണച്ചെലവും വഹിച്ചത്). പ്രേക്ഷകരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്: ദയവ് ചെയ്ത് നിങ്ങള്‍ പോപ്പ്കോണുമായി തിയേറ്ററില്‍ വരരുത്. അതിന്റെ ശബ്ദത്തില്‍ നിങ്ങള്‍ക്ക് 'സിന്നി'ലെ സംഭാഷണങ്ങള്‍ കൃത്യമായി കേള്‍ക്കാന്‍ കഴിയില്ല. 2010-ല്‍ ഞാന്‍ നട്ക്രാക്കര്‍ (Nutcracker) നിര്‍മ്മിച്ചപ്പോള്‍ അതിന്റെ നിര്‍മ്മാതാവ് സൗണ്ട്ട്രാക്കിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനായി ആവശ്യപ്പെട്ടിരുന്നു: ''പോപ്കോണിന്റെ ശബ്ദത്തില്‍ അതു കേള്‍ക്കണമല്ലോ'' എന്നായിരുന്നു അതിന് അദ്ദേഹം നല്‍കിയ വിശദീകരണം. തന്റെ ചിത്രം അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി പ്രേക്ഷകരിലെത്തണമെന്ന് നിര്‍ബ്ബന്ധമുള്ള ഒരു സംവിധായകനെയാണ് ഇവിടെ നാം തിരിച്ചറിയുന്നത്. 

നവോത്ഥാനകാലത്ത് ഇറ്റലിയില്‍ ജീവിച്ചിരുന്ന ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ചലോയുടെ ജീവിതം 'സിന്നി'ല്‍ ചിത്രീകരിക്കുമ്പോള്‍, അദ്ദേഹം കടന്നുപോയ സൃഷ്ടിയുടെ സംഘര്‍ഷവഴികള്‍ പിന്തുടരുകയായിരുന്നു കൊഞ്ചലോവ്സ്‌കി. എന്തുകൊണ്ട് മൈക്കലാഞ്ചലോ? എന്ന ചോദ്യത്തിനു സംവിധായകന്‍ ഇങ്ങനെ മറുപടി പറയുന്നു: ''ഞാന്‍ പല തവണ ഇറ്റലി സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തിലെ കലാസൃഷ്ടികളില്‍ 70 ശതമാനവും ഇറ്റലിയില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. അതില്‍ ഭൂരിഭാഗവും അവിടെയുള്ള ഫ്‌ലോറെന്‍സില്‍നിന്നുമാണ് രൂപപ്പെടുന്നത്. നവോത്ഥാനകാലത്ത് ജീവിച്ച, പ്രശസ്തനായ മൈക്കലാഞ്ചലോയുടെ ജീവിതം സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെപ്പോലുള്ള ഒരു ജീനിയസ്സിന്റെ ജീവിതം സന്തോഷകരമല്ലാതിരുന്നതെന്നാണ് ഞാന്‍ ചിത്രത്തില്‍ അന്വേഷിക്കുന്നത്.'' 

മറ്റു പലരും ചെയ്യുന്നതുപോലെ മൈക്കലാഞ്ചലോ എന്ന ചിത്രകാരനെക്കുറിച്ച് ഒരു ബയോപിക്കല്ല കൊഞ്ചലോവ്‌സ്‌കി ഉദ്ദേശിച്ചിരുന്നത്. ലോകം അറിഞ്ഞ മൈക്കലഞ്ചലോവില്‍നിന്നു വിഭിന്നമായി, നവോത്ഥാന കാലത്ത് ജീവിച്ചിരുന്ന സ്വാര്‍ത്ഥനും പരുക്കനുമായ, അതേസമയം ദുര്‍ബ്ബലനും സ്‌നേഹമുള്ളവനുമായ മൈക്കലാഞ്ചലോ എന്ന ഒരു കാഴ്ചപ്പാടിനേ(vision)യാണ് അദ്ദേഹം തന്റെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. മൈക്കലാഞ്ചലോ തന്റെ ജീവിതത്തിലെ പ്രധാന ശില്പങ്ങളുണ്ടാക്കുന്നതോ സിസ്റ്റിന്‍ ചാപ്പലി(Sistine Chapel)ലെ പ്രശസ്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നതോ അല്ല സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കുന്നത്; മറിച്ച് ഡാന്റെയുടെ ഇന്‍ഫെര്‍ണോ (Inferno) പൂര്‍ണ്ണമായും മനപ്പാഠമാക്കിയതുപോലുള്ള അദ്ദേഹത്തിന്റെ സവിശേഷതകളും ഒരു വ്യക്തിയെന്ന നിലയില്‍ മൈക്കലാഞ്ചലോവിന്റെ ദൗര്‍ബ്ബല്യങ്ങളും ചിത്രം പരിശോധിക്കുന്നു. ഇവയൊന്നും അദ്ദേഹത്തെ സ്‌നേഹിക്കയും ആദരിക്കുകയും ചെയ്യുന്നതില്‍നിന്നു നമ്മെ പിന്തിരിപ്പിക്കില്ലെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. പ്രശസ്തനായ ചിത്രകാരനും ശില്പിയുമായ ഒരാളുടെ മനസ്സിലുള്ള പിശാചിനേയും ദൈവത്തേയും ഒരേപോലെ 'സിന്‍' പുറത്തെടുത്ത് പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. കുളിക്കാതേയും ഉറങ്ങാതേയും രാവും പകലും ജോലി ചെയ്തിട്ടും സിസ്റ്റിന്‍ ചാപ്പലിലെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അസ്വസ്ഥനാകുന്ന, മുഷിഞ്ഞുനാറിയ വേഷത്തിലുള്ള മൈക്കലാഞ്ചലോയാണ് നമുക്കു മുന്‍പില്‍ സ്‌ക്രീനില്‍ തെളിയുന്നത്. പൂര്‍ത്തിയാക്കാന്‍ നേരത്തെ നിശ്ചയിച്ച സമയത്തില്‍നിന്ന് ഒരു വര്‍ഷം പിന്നിട്ടു. അതു മുഴുമിപ്പിക്കാന്‍ ഒരു വര്‍ഷം കൂടി വേണം. പോപ്പ് ജൂലിയസ് രണ്ടാമന്റെ (Pope Julius II) ആള്‍ക്കാര്‍ സിസ്റ്റിന്‍ ചാപ്പലില്‍ പരിശോധനയ്ക്ക് വരുമ്പോള്‍ അവരെ തടയാന്‍ ശ്രമിക്കുന്ന മൈക്കലാഞ്ചലോ, അതില്‍ പരാജയപ്പെട്ട്, അവരെ ഭയന്ന് ഓടിപ്പോകുന്നു. തന്റെ ചിത്രങ്ങള്‍ക്ക് വളരെ മോശം അഭിപ്രായം പ്രതീക്ഷിക്കുന്ന അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 'ദൈവികമായ കഴിവുള്ള ആളെ'ന്നാണ് പോപ്പ് മൈക്കലാഞ്ചലോയെ വിശേഷിപ്പിക്കുന്നത്. അതറിഞ്ഞ അദ്ദേഹം, പരിസരം മറന്ന് ഒരു കുട്ടിയെപ്പോലെ ആനന്ദംകൊണ്ട് തുള്ളിച്ചാടുന്നത് നാം കാണുന്നുണ്ട്. 

അധികാരികളില്‍നിന്നും അവരുടെ അനുചരന്മാരില്‍നിന്നും മൈക്കലാഞ്ചലോ നേരിടുന്ന പീഡനങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് അദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്. പരസ്പരം പോരടിച്ചിരുന്ന ഈ അധികാര വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനു സ്വതന്ത്രമായി ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ വിശദമായിത്തന്നെ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. 

സിൻ 
സിൻ 

മൈക്കലാഞ്ചലോ നേരിട്ട സംഘര്‍ഷങ്ങള്‍

ഇറ്റലിയില്‍ പ്രസിദ്ധമായ ഡെല്ലാ റോവര്‍ (Della Rovere) കുടുംബത്തിലെ അംഗമായ ജൂലിയസ് മരിച്ചപ്പോള്‍, അയാളുടെ ക്രൂരനായ മരുമകന്‍ ശവക്കല്ലറ അലങ്കരിക്കാന്‍ ശില്പങ്ങളുണ്ടാക്കാനായി മൈക്കലാഞ്ചലോയോട് ആജ്ഞാപിക്കുന്നുണ്ട്. ഇതിനിടയില്‍ മറ്റൊരു ജോലിയും ഏറ്റെടുക്കരുതെന്നും അയാള്‍ കല്പിക്കുന്നു. ഇതിനുവേണ്ട മാര്‍ബിളിനായി മൈക്കലാഞ്ചലോ കറേറ(Carrera)യിലേക്കു പോകുന്നു. എന്നാല്‍, മറ്റൊരു പ്രബല കുടുംബമായ മെഡിസിയിലെ പോപ്പ് ലിയോ സമാനമായൊരു ജോലി അദ്ദേഹത്തെ ഏല്പിക്കുന്നുണ്ട്. അന്യോന്യം ശത്രുതയിലുള്ള കുടുംബങ്ങളിലെ ജോലി, പരസ്പരമറിയാതെ പൂര്‍ത്തിയാക്കണമെന്ന നിബന്ധനകളും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളും മൈക്കലാഞ്ചലോയെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തുന്നുണ്ട്. ചെയ്യാന്‍ കഴിയുന്നതില്‍ നിന്നെത്രയോ കൂടുതല്‍ ജോലി ഏറ്റെടുക്കുന്ന മൈക്കലാഞ്ചലോ, തനിക്കു മാത്രമേ അവ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്നു വിശ്വസിക്കുക മാത്രമല്ല, അതു പരസ്യമായി പ്രകടിപ്പിക്കയും ചെയ്യുന്നുണ്ട്. മാര്‍ബിളിനായി അദ്ദേഹം നടത്തുന്ന അന്വേഷണവും ഒടുവില്‍ അതുണ്ടാക്കുന്ന നിരാശയും ചിത്രം വിശദമായിത്തന്നെ ആവിഷ്‌കരിക്കുന്നുണ്ട്. 

മൈക്കലാഞ്ചലോ നടന്നുപോകുന്ന തെരുവുകളിലെ കുതിരകളുടെ കുളമ്പടിശബ്ദവും അദ്ദേഹത്തിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കുന്ന കാക്കകളുടെ കരച്ചിലും മുഷിഞ്ഞുനാറുന്ന വേഷങ്ങളിലുള്ള മനുഷ്യരും മൃഗങ്ങളും ഒക്കെച്ചേരുന്ന അന്തരീക്ഷം സംവിധായകന്‍ കൃത്യതയോടെ ചിത്രത്തില്‍ സൃഷ്ടിക്കുന്നുണ്ട്. ആ കാലത്തെ ഫ്‌ലോറന്‍സിനെ, ഉദാത്തമായല്ലാതെ തികച്ചും സ്വാഭാവികമായി ചിത്രീകരിക്കുകയെന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് സംവിധായകന്‍ പറയുന്നുണ്ട്. അക്കാലത്തെ തെരുവുകളില്‍ കൊടും ക്രൂരതകളായിരുന്നു നടന്നിരുന്നതെന്ന് സൂചിപ്പിക്കുന്ന സംവിധായകന്‍, മതവിചാരണ(Inquisition)യുടെ അഗ്‌നി അക്കാലത്ത് എല്ലായിടങ്ങളിലുമുണ്ടായിരുന്നെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവയുണ്ടാക്കുന്ന മരണങ്ങളും അന്നു വളരെ വ്യാപകമായിരുന്നു. മാര്‍ബിളിനായി കറേറായിലെത്തിയ മൈക്കലാഞ്ചലോയ്ക്ക്, തന്റെ ആരാധ്യപുരുഷനായ ഡാന്റെ ഉറങ്ങിയ കട്ടിലില്‍ കിടക്കാനുള്ള ഭാഗ്യമുണ്ടാകുന്നുണ്ട്. അദ്ദേഹം താമസിച്ചിരുന്ന മുറിയിലെ തുരങ്കത്തിലൂടെ നടന്ന മൈക്കലാഞ്ചലോ ചെന്നെത്തുന്നത് തന്റെ പരിചയക്കാരായ മാര്‍ബിള്‍ തൊഴിലാളികളുടെ സമീപത്താണ്. അവിടെ വെച്ച് തന്റെ ജോലിക്കു യോജിച്ച മാര്‍ബിള്‍ കണ്ടെത്തുന്ന അദ്ദേഹം അതു വാങ്ങാന്‍ തയ്യാറാവുന്നു. എന്നാല്‍, അതൊരു ദുരന്തത്തിലാണ് അവസാനിക്കുന്നത്. മൈക്കലാഞ്ചലോവിന്റെ എല്ലാ പ്രവൃത്തികളും ചാരന്മാര്‍ വഴി അധികാര കേന്ദ്രങ്ങളിലെത്തുകയും അത് അദ്ദേഹത്തിന്റെ ജീവിതം വളരെയധികം സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നുണ്ടെന്ന് പല സംഭവങ്ങള്‍ വഴി പ്രേക്ഷകര്‍ തിരിച്ചറിയുന്നു. 

തർക്കോവ്സ്കി
തർക്കോവ്സ്കി

സ്‌നേഹത്തിന്റെയും അഹങ്കാരത്തിന്റെയും അടിയൊഴുക്കുകള്‍

സംവിധായകന്‍ ചിത്രത്തിനു കൊടുത്ത പേര് 'പാപം' (Sin) എന്നാണല്ലോ. മൈക്കലാഞ്ചലോവിന്റെ ജീവിതത്തില്‍ അദ്ദേഹം ചെയ്തുപോകുന്ന പാപങ്ങളും സംവിധായകന്‍ ചിത്രീകരിക്കുന്നുണ്ട്. സന്ന്യാസി ജീവിതം നയിക്കുമ്പോഴും സ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങള്‍, സ്വാര്‍ത്ഥത, പണത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ, അതിനായുള്ള അമിതമായ ആഗ്രഹം, ശത്രുത, തനിക്കു മാത്രമേ ചിത്രങ്ങളും ശില്പങ്ങളും കൃത്യമായി ചെയ്യാനാവുകയുള്ളൂ എന്ന അമിതവിശ്വാസം, അഹംഭാവം ഇവയൊക്കെ സംവിധായകന്‍ വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പാപങ്ങളില്‍പ്പെടുന്നുണ്ട്. ഡാന്റെയുടെ ഇന്‍ഫെര്‍ണോ മനപ്പാഠമാക്കിയ, ലോകം കണ്ട മികച്ച ചിത്രങ്ങളും ശില്പങ്ങളും സൃഷ്ടിച്ച, ദൈവത്തിന്റെ കണ്ണ് പതിഞ്ഞ മനുഷ്യനില്‍ ഇത്തരം പാപങ്ങളുണ്ടെന്നു പറയുന്നത് ക്രൂരമാണെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്നാണ് അദ്ദേഹത്തിന്റെ ആരാധകന്‍ കൂടിയായ കൊഞ്ചലോവ്സ്‌കി ഈചിത്രത്തിലൂടെ തെളിയിക്കുന്നത്. 

മൈക്കലാഞ്ചലോ ആയി ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ ആല്‍ബെര്‍ട്ടൊ ടെസ്റ്റോണി(Alberto Testone)നെ വളരെയധികം ശ്രമങ്ങള്‍ക്കു ശേഷമാണ് കൊഞ്ചലോവ്സ്‌കി തിരഞ്ഞെടുക്കുന്നത്. 
മൈക്കലാഞ്ചലോയെപ്പോലെ മൂക്കിനു മുറിവുള്ള ഒരു നടനെ കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. ഒടുവില്‍ നീണ്ട കാത്തിരിപ്പിനുശേഷം ആല്‍ബെര്‍ട്ടൊയെ അദ്ദേഹം കണ്ടെത്തി. വളരെ കൃത്യമായ അഭിനയത്തിലൂടെ, മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന പ്രശസ്ത ചിത്രകാരനായും ശില്പിയായും അദ്ദേഹം ഈ ചിത്രത്തില്‍ മാറുന്നുണ്ട്. 

ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ കരോള്‍ റീഡ് (Carol Reed) 1965ല്‍ നിര്‍മ്മിച്ച, ഇര്‍വിന്‍ സ്റ്റോണി(കൃ്ശിഴ ടീേില)ന്റെ നോവല്‍ അടിസ്ഥാനമാക്കിയ പ്രസിദ്ധ ചിത്രം 'ദ എഗണി ഏന്‍ഡ് എക്സ്റ്റസി'(The Agony and the Ecstasy)യാണ് മൈക്കലാഞ്ചലോവിനെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളില്‍ ശ്രദ്ധേയമായത്. ഇത് 'സിന്നു'മായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ 'സിന്നി'ന്റെ സവിശേഷതകള്‍ നാം തിരിച്ചറിയുന്നുണ്ട്. ചരിത്രവുമായി ചേര്‍ന്നുപോകുന്ന ഒരു ബയോപിക്കായ 'ദ എഗണി ഏന്‍ഡ് എക്സ്റ്റസി'യില്‍ നമുക്കു ലഭിക്കുന്നത്, മൈക്കലാഞ്ചലോവിന്റെ കൃത്യമായ ജീവിതചിത്രമാണ്. കാലക്രമമനുസരിച്ചുള്ള കൃത്യമായ ജീവിതചിത്രീകരണത്തിനുമപ്പുറം മറ്റൊന്നും അതില്‍ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍, കൊഞ്ചലോവ്സ്‌കിയുടെ 'സിന്‍' ഒരു കാഴ്ചപ്പാടിന്റെ ഭാഗമാണ്. മഹാനായ കലാകാരന്റെ ദുരയുടേയും അഹങ്കാരത്തിന്റേയും സ്‌നേഹത്തിന്റേയും ദയയുടേയും അടിയൊഴുക്കുകള്‍ നാമതില്‍ അനുഭവിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും ശില്പങ്ങളും ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രമായി (താര്‍ക്കോവ്സ്‌കിയുടെ ആന്ദ്രേ റുബ്ലേവിലെപ്പോലെ) കറുപ്പിലും വെളുപ്പിലും നമുക്കു മുന്‍പില്‍ വരുന്നു. അവ കാണുന്ന പ്രേക്ഷകര്‍, തന്റെ സൃഷ്ടിക്കിടെ കലാകാരന്‍ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. സംവിധായകന്‍ സൂചിപ്പിക്കുന്നതുപോലെ 'സിന്‍', 'ആന്ദ്രേ റുബ്ലേവി'ന്റെ തുടര്‍ച്ച തന്നെയാണ്. അധികാരത്തിന്റെ കടന്നുകയറ്റങ്ങളില്‍ ചിത്രകാരന്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ശക്തമായ രേഖപ്പെടുത്തലാണ് 'ആന്ദ്രേ റുബ്ലേവ്'. തീവ്രമായ മാനസിക സംഘര്‍ഷ ഘട്ടങ്ങളില്‍ പെയിന്റിങ്ങ് നിര്‍ത്തിവെയ്ക്കുന്ന റുബ്ലേവിനെ നാം ആ ചിത്രത്തില്‍ അറിയുന്നുണ്ട്. 'സിന്നി'ലേതിനു സമാനമായി, അധികാരവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളും കലാകാരന്റെ മനസ്സിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് 'ആന്ദ്രേ റുബ്ലേവി'ന്റെ പ്രമേയം. 

'സിന്‍' നിര്‍മ്മിച്ചതിനു തൊട്ടുപിന്നാലെയാണ് കൊഞ്ചലോവ്സ്‌കി തന്റെ അടുത്ത ചരിത്രാഖ്യാനം 'ഡിയര്‍ കോമ്രേഡ്സ്' (Dear Comrades) സംവിധാനം ചെയ്യുന്നത്. തെക്കന്‍ റഷ്യയിലെ ഡോണ്‍ നദീതീരത്തുള്ള കൊസ്സാക്കുകളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന നോവൊഷെര്‍കാസ്‌ക് (Novocherkassk) നഗരത്തില്‍ 1962 ജൂണ്‍ രണ്ടിന് റഷ്യന്‍ പട്ടാളം നടത്തിയ വെടിവെയ്പാണ് കുപ്രസിദ്ധമായ 'നോവൊഷെര്‍കാസ്‌ക് കൂട്ടക്കൊല' എന്നറിയപ്പെടുന്നത്. അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിലും ശമ്പളം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്നു നടത്തിയ പ്രകടനത്തിനു നേരെ നിറയൊഴിച്ച കെ.ജി.ബിയും റഷ്യന്‍ സൈന്യവും നിരായുധരായ എണ്‍പതിലേറെ സാധാരണക്കാരെയാണ് അന്ന് കൊന്നൊടുക്കിയത്. ദീര്‍ഘകാലം വെളിച്ചം കാണാതിരുന്ന റഷ്യന്‍ ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായമാണ് ആന്ദ്രേ കൊഞ്ചലോവ്സ്‌കി തന്റെ ഏറ്റവും പുതിയ ചിത്രം 'ഡിയര്‍ കോമ്രേഡ്സി'ലൂടെ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തിക്കുന്നത്. 

സ്റ്റാലിനുശേഷം റഷ്യയില്‍ ഭരണത്തില്‍ വന്ന ക്രൂഷ്ചേവിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ്, രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവും വേതനം വെട്ടിക്കുറയ്ക്കലും നടപ്പിലാക്കുന്നത്. ഇതില്‍ ആശങ്കയിലായ തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്നു നടത്തിയ പ്രകടനമാണ് വെടിവെയ്പിലും നിരപരാധികളുടെ മരണത്തിലും അവസാനിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നോവോഷെര്‍കാസ്‌ക് നഗരക്കമ്മിറ്റി അംഗമായ ല്യുദ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം, അവരുടെ മകള്‍ സ്വേത്ക, കൊസ്സാക്കു ജീവിതം നയിച്ച പിതാവ്, കെ.ജി.ബി. ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ എന്നിവരിലൂടെ മുന്‍പോട്ട് പോകുമ്പോള്‍, ല്യൂദ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും ദീര്‍ഘകാലം അവര്‍ വിശ്വസിച്ച കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അവര്‍ക്ക് വരുന്ന സംശയങ്ങളും ചിത്രം തീവ്രതയോടെ ആവിഷ്‌കരിക്കുന്നു. ഭരണത്തിനെതിരായുള്ള ചെറിയൊരു അനക്കംപോലും രാജ്യദ്രോഹമായി കരുതുന്ന ല്യൂദയടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍, ഭരണാധിപര്‍, ചാരസംഘടന കെ.ജി.ബി, സൈന്യം എന്നിവരുടെ/എന്നിവയുടെ നിലപാടുകളും സമീപനങ്ങളും ചിത്രം പ്രേക്ഷകര്‍ക്കു മുന്‍പില്‍ കൊണ്ടുവരുന്നുണ്ട്. പ്രകടനക്കാര്‍ക്ക് നേരെ ശക്തമായ നടപടി ആവശ്യപ്പെടുന്ന ല്യൂദയടക്കമുള്ള നേതാക്കള്‍ ജനങ്ങള്‍ക്കു നേരെ വെടിവെയ്ക്കാന്‍ നിയമമനുവദിക്കുന്നില്ല എന്ന വ്യവസ്ഥ കാറ്റില്‍ പറത്തുന്നു. ഇതു ചൂണ്ടിക്കാട്ടുന്ന ഉന്നത പട്ടാള ഉദ്യോഗസ്ഥനെ പാര്‍ട്ടി താക്കീത് ചെയ്യുന്നുണ്ട്. സമാധാനപരമായി നടക്കുന്ന പ്രകടനത്തിനുനേരെ വെടിവെയ്ക്കാനാവശ്യപ്പെടുന്ന ല്യൂദ, തന്റെ മകള്‍ അതിലുണ്ടാവാമെന്ന് തല്‍ക്കാലം മറക്കുകയും പിന്നീട് അതോര്‍മ്മിക്കുമ്പോള്‍ ആശങ്കകളോടെ അവള്‍ക്കായി അന്വേഷണം നടത്തുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തെ മുന്‍പോട്ട് കൊണ്ടുപോകുന്നതും ഭരണ സംവിധാനത്തെക്കുറിച്ചും കമ്യൂണിസ്റ്റ് ആശയത്തിലുണ്ടാവുന്ന സംശയങ്ങളിലേക്ക് ല്യൂദയെ എത്തിക്കുന്നതും. 

തന്റെ മകളെ കാണാതാവുന്നതു മുതല്‍ ല്യൂദ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ കൊഞ്ചലോവ്സ്‌കി തീവ്രമായി രേഖപ്പെടുത്തുന്നുണ്ട്. ഫാക്റ്ററി തൊഴിലാളികളുടെ പണിമുടക്കും അവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനവും ചര്‍ച്ച ചെയ്യാന്‍ വിളിച്ച ടൗണ്‍ കമ്മിറ്റിയില്‍, ല്യൂദ പ്രകടനക്കാരെ കര്‍ശനമായി ശിക്ഷിക്കണമെന്ന ശക്തമായ നിലപാടാണെടുക്കുന്നത്. അത് ഗൗരവമായ കുറ്റകൃത്യമാണെന്നും പണിമുടക്കുന്നവര്‍ക്ക് ഒന്നുമറിയില്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, സംഭവത്തിനുശേഷം നടക്കുന്ന പാര്‍ട്ടി യോഗം, ല്യൂദയുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് വിള്ളലുകള്‍ വീഴുന്നതായി കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുന്ന തന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ വായിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ആ റിപ്പോര്‍ട്ട് സത്യത്തില്‍നിന്നു വളരെയേറെ അകലെയാണെന്ന് അവര്‍ക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നു. അതില്‍ ആവശ്യപ്പെടുന്ന കര്‍ശന നടപടിക്ക് തന്റെ മകളും വിധേയമാകേണ്ടിവരുമോ എന്ന ചിന്തയും അവര്‍ക്കുണ്ട്. ''പ്രിയപ്പെട്ട സഖാക്കളെ... (Dear Comrades...) എന്നു തുടങ്ങുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ട സമയത്ത്, ബാത്റൂമില്‍ കയറി, കാണാതായ തന്റെ മകളെയോര്‍മ്മിച്ചുകൊണ്ട് ദൈവത്തെ വിളിച്ച് കരയുന്ന ല്യൂദയുടെ കാഴ്ച, ചിത്രത്തിലെ തീവ്രമായൊരു വൈകാരിക കാഴ്ചയാണ്. അതിനുശേഷം മകളെ തേടിപ്പോകുന്ന ല്യൂദയുടെ മനസ്സ് സംഘര്‍ഷഭരിതമാണ്. തനിക്കു ചുറ്റും കാണുന്ന കളവുകള്‍ക്കിടയില്‍, ഒരു സത്യമെങ്കിലും കണ്ടെത്താനുള്ള അവരുടെ അവസാന ശ്രമമായായിരുന്നു അത്. ആ യാത്രയാണ് അവരുടെ രാഷ്ട്രിയ ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറുന്നത്. 

''ആ സംഭവം പൂര്‍ണ്ണമായ ബ്ലേക്കൗട്ട് ചെയ്ത്, 30 വര്‍ഷക്കാലമായി ചരിത്രത്തില്‍നിന്നു നീക്കം ചെയ്യപ്പെട്ടിരിക്കയായിരുന്നു. അതേക്കുറിച്ച് ഒരക്ഷരംപോലും മിണ്ടില്ലെന്ന സത്യവാങ്മൂലം നഗരത്തിലെ ഓരോ വ്യക്തിയോടും അധികാരികള്‍ വാങ്ങിയിരുന്നു; അതു ലംഘിക്കുന്നവര്‍ക്ക് മരണം ഉറപ്പായിരുന്നു.'' ഡിയര്‍ കോമ്രേഡ്സിന്റെ കേന്ദ്രപ്രമേയമായ 'നോവോഷെര്‍കാസ്‌ക് കൂട്ടക്കൊല'യെപ്പറ്റി സംവിധായകന്‍ കൊഞ്ചലോവ്‌സ്‌കി നല്‍കുന്ന വിവരണമാണിത്. 1992-ലെ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെയാണ് കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. അതോടെ, കൂട്ടക്കൊലയില്‍ മരിച്ചവരുടെ ശവശരീരങ്ങള്‍ ശ്മശാനങ്ങളില്‍നിന്നു പുറത്തെടുക്കയും പൂര്‍ണ്ണരീതിയില്‍ വീണ്ടും സംസ്‌കാരം നടത്തുകയും ചെയ്തു. പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ സോള്‍ഷെനിറ്റ്സന്‍ 1975-ല്‍ പൂര്‍ത്തിയാക്കിയ, The Gulag Archipelago എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്തില്‍ നോവോഷെര്‍കാസ്‌ക് കൂട്ടക്കൊലയെപ്പറ്റി ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു: ''തങ്ങള്‍ക്ക് മുന്‍പെ ജീവിച്ചിരുന്നവരെപ്പോലെ ജീവിക്കാന്‍ കഴിയാത്ത ജനങ്ങളുടെ ആത്മാവില്‍നിന്നുള്ള ഒരു നിലവിളി...'' 1962-ല്‍ നോവോഷെര്‍കാസ്‌ക് കൂട്ടക്കൊല നടക്കുമ്പോള്‍, റഷ്യന്‍ സംവിധായകന്‍ താര്‍ക്കോവ്സ്‌കിയുടെ ആദ്യചിത്രം 'ഇവാന്‍സ് ചൈല്‍ഡ് ഹുഡ്ഡ്'ന്റെ തിരക്കഥ കൊഞ്ചലോവ്സ്‌കിയും താര്‍ക്കോവ്സ്‌കിയും ചേര്‍ന്നെഴുതിക്കഴിഞ്ഞശേഷം ചിത്രം പുറത്തുവന്നിരുന്നു. സമരവും അതുമായി ബന്ധപ്പെട്ട വെടിവെയ്പുമൊക്കെ അന്ന് സംസാരവിഷയമായിരുന്നെങ്കിലും അത് അതീവ രഹസ്യമായിരുന്നെന്ന് അഭിമുഖത്തില്‍ കൊഞ്ചലോവ്സ്‌കി വെളിപ്പെടുത്തുന്നുണ്ട്. 

ഡിയർ കോമ്രേഡ്സ്
ഡിയർ കോമ്രേഡ്സ്

ഭരണകൂടസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുന്നവരുടെ ജീവിതം

ചിത്രത്തില്‍ ല്യൂദയായി വേഷമിടുന്നത്, കൊഞ്ചലോവ്സ്‌കിയുടെ പത്‌നിയായ ജൂലിയ വ്യസോട്സ്‌കയ(Julia Vyostskaya)യാണ്. 2017-ലെ 'പാരഡൈസി'ലും ജൂലിയ വ്യസോട്സ്‌കയ തന്നെയാണ് മുഖ്യവേഷം ചെയ്യുന്നത്. 77-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഡിയര്‍ കോമ്രേഡ്സ്' അവിടെ സ്പെഷ്യല്‍ ജൂറി പ്രൈസ് നേടി. ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍, മികച്ച അന്താരാഷ്ട്ര ചിത്രത്തിനായി റഷ്യയില്‍നിന്നുള്ള നോമിനേഷന്‍ കൂടിയായിരുന്നു 'ഡിയര്‍ കോമ്രേഡ്സ്.' 

'സിന്നും' 'ഡിയര്‍ കോമ്രേഡ്സും' രാഷ്ട്രീയ/ഭരണകൂട സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതങ്ങളാണ് ആവിഷ്‌കരിക്കുന്നത്. മാനസിക സംഘര്‍ഷം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനോവീര്യം, വിശ്വാസത്തകര്‍ച്ച എന്നിവയാണ് ഈ രണ്ട് ചിത്രങ്ങളിലും നാം കാണുന്നത്. പണിമുടക്കിയ തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും നേര്‍ക്ക് നിറയൊഴിക്കുന്ന 'ഡിയര്‍ കോമ്രേഡ്സി'ലെ കാഴ്ചയും ല്യൂദയില്‍ അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും അധികാരികളുടെ സമ്മര്‍ദ്ദങ്ങളാല്‍ മാനസിക സംഘര്‍ഷങ്ങളില്‍പ്പെടുന്ന മൈക്കലാഞ്ചലോയുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നു. വ്യക്തിപരവും ആത്മീയവുമായ കടമകളാല്‍ ബന്ധിതനായ മൈക്കലാഞ്ചലോ സംഘര്‍ഷങ്ങള്‍ക്കിടയിലും തന്റെ ജോലി തുടരുന്നു. ഇതേപോലെ രാഷ്ട്രീയവും ദേശീയവും വ്യക്തിപരവുമായ കടമകള്‍ ല്യൂദയ്ക്കുമുണ്ട്. ചിത്രത്തിനൊടുവില്‍ ''കമ്യൂണിസത്തിലല്ലെങ്കില്‍ മറ്റെന്തിലാണ് ഞാന്‍ വിശ്വസിക്കേണ്ടത്'' എന്ന് അവര്‍ക്ക് ചോദിക്കേണ്ടിവരുന്നതും ''തങ്ങള്‍ ഇനിയും മെച്ചപ്പെടുത്തും'' എന്ന് അവര്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. അധികാരികളുടേയും ഭരണവ്യവസ്ഥയുടേയും കടന്നുകയറ്റങ്ങളില്‍ നിസ്സഹായരായി നില്‍ക്കുന്നവരാണ് മൈക്കലാഞ്ചലോവും ല്യൂദയും. അവരുടെ മാനസിക പീഡനങ്ങളും സംഘര്‍ഷങ്ങളും തീവ്രതയോടെ ഈ ചിത്രങ്ങള്‍ തിരശ്ശീലയിലെത്തിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com