സബര്‍വാന്‍ മലയടിവാരത്തിലെ പ്രണയപ്പൂന്തോട്ടങ്ങള്‍
By ഹാരിസ് ടി.എം. | Published: 06th February 2022 04:59 PM |
Last Updated: 06th February 2022 04:59 PM | A+A A- |

ഗുല്‍മാര്‍ഗില്‍നിന്നു മടങ്ങുമ്പോള്‍ ബിലാല്‍ ഞങ്ങളെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. മൂന്നു ദിവസത്തെ പരിചയമേയുള്ളൂ ആ ചെറുപ്പക്കാരനുമായി. കശ്മീരിന്റെ വശ്യസൗന്ദര്യം നുകരാന്‍ ശ്രീനഗറിലും പഹല്‍ഗാമിലും ഗുല്‍മാര്‍ഗിലും ബിലാലിന്റെ ടവേരയിലായിരുന്നു സഞ്ചാരം. ദാല്‍ തടാകത്തില്‍, ഞങ്ങള്‍ താമസിക്കുന്ന HB PINTAIL എന്ന ഹൗസ് ബോട്ടിന്റെ ഉടമ അബ്ദുല്‍ റഷീദാണ് ബിലാലിനെ പരിചയപ്പെടുത്തിയത്.
പഴയ ശ്രീനഗറിന്റെ ഇടുങ്ങിയ തെരുവുകളിലൊന്നില്‍ ബിലാല്‍ വണ്ടി നിര്‍ത്തി. ടവേരയില്‍ നിന്നിറങ്ങി അല്പദൂരം നടന്ന് ഞങ്ങളെത്തിയത് ഒറ്റമുറിയുള്ള ഒരു വീടിനു മുന്നിലായിരുന്നു. അമ്മ നിലോഫറും അനിയത്തി റുക്സാനയുമാണ് ബിലാലിന്റെ കുടുംബത്തിലെ അംഗങ്ങള്‍. കേറിച്ചെല്ലുന്നേരം കാണുന്ന ദീര്‍ഘചതുരാകൃതിയിലുള്ളതാണ് സ്വീകരണമുറിയും കിടപ്പുമുറിയുമെല്ലാം. നിലത്ത് ഭംഗിയുള്ള പരവതാനി വിരിച്ചിട്ടുണ്ട്. ഒരു അരച്ചുമരിന്റ അപ്പുറത്ത് വാതില്‍പ്പാളിയില്ലാത്ത കൊച്ചടുക്കള കാണാം.
ഞങ്ങള്‍ക്കൊപ്പം നിലത്തിരുന്ന അവര്‍ മൂന്നു പേരും സ്‌നേഹംകൊണ്ട് സംവദിച്ചു. നിനച്ചിരിക്കാതെ കടന്നുവരുന്ന അസ്വസ്ഥതകളും നിശാനിയമങ്ങളും അടച്ചിടലുകളും താഴ്വരയിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തുന്നത് പതിവാണ്. അങ്ങനെ പാതിവഴിയില്‍ മുടങ്ങിയതാണ് ബിലാലിന്റേയും പഠനം. സഞ്ചാരികള്‍ ഈ സ്വര്‍ഗ്ഗഭൂമി കാണാനെത്തുന്ന നാളുകളാണ് ഇവരുടെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത്. അപ്പോള്‍ മാത്രമേ ഈ നാട്ടിലെ സാധാരണക്കാരുടെ അടുപ്പില്‍നിന്നു തീയുയരുകയുള്ളൂ. റുക്സാന ഡിഗ്രിക്കു പഠിക്കുന്നുണ്ട്. പക്ഷേ, എത്രകാലം അതു തുടരാനാവുമെന്ന് ആര്‍ക്കും പറയാനാവില്ല. സംസാരത്തിനിടെ തന്നെ നിലോഫര്‍ കാഹ്വ തിളപ്പിച്ച് ഞങ്ങള്‍ക്കു പകര്‍ന്നു നല്‍കി. കശ്മീരി ചായയില്‍ കറുകപ്പട്ടയും ഡ്രൈ ഫ്രൂട്ട്സും ചേര്‍ത്തു തിളപ്പിച്ചുണ്ടാക്കുന്നതാണ് കാഹ്വ. യാത്ര പറയവേ, തങ്ങളുടെ കണ്ണുകളില്‍ തിരയടിക്കുന്ന ശോകത്തെ ചുണ്ടില്‍ വിരിഞ്ഞ നിറപുഞ്ചിരികൊണ്ട് മായ്ക്കാന്‍ അവര്‍ ശ്രമിക്കുന്നുവോയെന്ന് വെറുതെ ചിന്തിച്ചുപോയി. ഇന്നിപ്പോള്‍, 2019 ഓഗസ്റ്റ് അഞ്ചു മുതല്‍ തുടങ്ങിയ കശ്മീരിലെ അടച്ചിരിപ്പിന്റെ സുദീര്‍ഘമായ നാളുകളില്‍, ബിലാലിന്റെ കുടുംബം എങ്ങനെയാവും കടന്നുപോകുന്നത് എന്നോര്‍ക്കാതിരിക്കാനാവുന്നില്ല.
ശ്രീനഗറിലെത്തിയതിന്റെ മൂന്നാംനാള്‍, അനുപമ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന, സ്വപ്നസമാനമായ മൂന്ന് ഉദ്യാനങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. ദാല്‍ തടാകത്തിന്റെ വലത്തേ തീരത്ത്, സബര്‍വാന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ തട്ടുതട്ടുകളായി തിരിച്ച് പേര്‍ഷ്യന്‍ ശില്പ മാതൃകയില്‍ രൂപവിധാനം നടത്തിയവയാണ് 'മുഗള്‍ ഗാര്‍ഡന്‍സ്'-ഷാലിമാര്‍ ബാഗ്, നിഷാത്ത് ബാഗ്, ചഷ്മ ഷാഹി. താഴ്വരയിലെത്തിയാല്‍ നാം കാണാതെ പോകരുത്, ദൃശ്യചാരുതയാര്‍ന്ന ഈ പൂങ്കാവനങ്ങള്‍. ശ്രീനഗറില്‍നിന്ന് 14-15 കിലോമീറ്ററാണ് ദൂരം.
പ്രണയപ്പൂന്തോട്ടമായ (Garden of Love) ഷാലിമാര്‍ ബാഗ് ആണ് ഏറെ പ്രസിദ്ധമായത്. ഏറ്റവും വലുതും. 1619-ല്‍ തന്റെ പ്രിയതമ നൂര്‍ജഹാനുവേണ്ടി ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മ്മിച്ചത്. നാലു തട്ടുകളിലായി പരന്നുകിടക്കുന്ന ഇവിടെ ദാലിലേക്ക് നീണ്ട് ഒഴുകുന്ന ഒരു കനാലുണ്ട്. എവിടെയും കടുത്ത വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്ത് നിറഞ്ഞുനില്‍ക്കുന്ന പൂക്കൂടകളും ജലധാരകളും ചിനാര്‍ മരങ്ങളും. ഒരു കുന്നിന്‍ചെരിവിനിണങ്ങുന്ന വിധം പാകപ്പെടുത്തിയിട്ടുള്ള ഈ പൂങ്കാവനത്തിനു കൂടുതല്‍ മോടി വരുത്തിയത് ബാദ്ഷാ ഷാജഹാനാണത്രെ, 1630-ല്‍. പൂവിതളുകള്‍ ചാഞ്ചാടിനില്‍ക്കുന്ന, പുല്‍പരവതാനി വിരിച്ച തട്ടുകളോരോന്നും സഞ്ചാരികള്‍ക്ക് ഹര്‍ഷപ്രകര്‍ഷമേകുന്നു. വസന്താഗമനത്തില്‍ ചക്രവര്‍ത്തിയും പരിവാരങ്ങളും ദില്ലിയിലെ രാജധാനി വിട്ട് ഇവിടെയാണ് വാസമുറപ്പിച്ചിരുന്നത്. ഇതു കണ്ടാവേശം പൂണ്ട് പിന്നീട്, ദില്ലിയിലും ലാഹോറിലും ഇതുപോലെ ഉദ്യാനങ്ങള്‍ തീര്‍ത്തു, ഷാജഹാന്‍. മേലേത്തട്ടിലെത്തുമ്പോള്‍ ഒരു കറുത്ത കല്‍മണ്ഡപത്തില്‍ കൊത്തിവെച്ച കവിത കാണാതെ പോവില്ല നാം. സ്‌നേഹഗായകനായ അമീര്‍ ഖുസ്രുവിന്റെ വരികള്‍:
''ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍
അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ്.''
ആനന്ദനിര്‍വൃതിയുടെ ആരാമമാണ് നിഷാത്ത് ഗാര്‍ഡന്‍ (Garden of Bliss). 1633ല്‍ നൂര്‍ജഹാന്റെ മൂത്തസഹോദരനായ ആസഫ് ഖാന്‍ രൂപകല്പന ചെയ്ത ഇതിന്റെ നടുവിലൂടെ ഒരു കനാല്‍ ഒഴുകുന്നു. പച്ചപ്പരവതാനികളും ജലധാരകളും നിറഞ്ഞ പുഷ്പഗന്ധികളായ 12 മേടുകളുണ്ടിവിടെ. പശ്ചാത്തലത്തില്‍, മാനസസരസ്സില്‍ നീന്തിത്തുടിക്കുന്ന രാജഹംസങ്ങള്‍ പോലെ ഷിക്കാരകള്‍ ഒഴുകിനീങ്ങുന്ന ദാല്‍ തടാകം. 1632-ല്‍ കശ്മീര്‍ ഗവര്‍ണറായിരുന്ന അലി മര്‍ദാന്‍ ഖാന്‍ ഷാജഹാനുവേണ്ടി നിര്‍മ്മിച്ചതാണ് ചഷ്മ ഷാഹി. 108 മീറ്റര്‍ നീളവും 38 മീറ്റര്‍ വീതിയുമുള്ള ദാല്‍ തടാകത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഉദ്യാനം മുഗള്‍ ഗാര്‍ഡന്‍സില്‍ ഏറ്റവും ചെറുതാണ്. ഇതിലൂടെയൊഴുകുന്ന അരുവി, ജലധാരകളും കനാലും ജലപാതവുമായി രൂപം മാറുന്നു. അങ്ങനെ അഴകോലുന്നൊരിടമാവുന്നു, ഈ പൂങ്കാവനവും.
വേനലവധി ആഘോഷിക്കാനെത്തിയ കുഞ്ഞുകുട്ടികളെ എല്ലാ പൂന്തോപ്പുകളിലും ഞങ്ങള്‍ കണ്ടു. പൂക്കളെപ്പോല്‍ ചിരിച്ച് പൂമ്പാറ്റകളെപ്പോല്‍ പാറിനടന്ന് അവര്‍ ഈ ആരാമങ്ങളെ കൂടുതല്‍ സുന്ദരമാക്കി. പുല്‍ത്തകിടിയിലിരുന്ന് അവരുമായി കുശലമോതിയും ഒപ്പം ഫോട്ടോ എടുത്തും ഞങ്ങള്‍ കുട്ടിക്കാലം തിരിച്ചുപിടിക്കാന്‍ വൃഥാ ശ്രമിച്ചു.
അന്നു സായന്തനത്തില്‍ ഡല്‍ തടാകത്തിലൂടെ (ഡല്‍ എന്നാല്‍ പൊയ്ക) ഒരു ഷിക്കാരാ സവാരിക്കിറങ്ങി. വെനീഷ്യന്‍ ഗൊണ്ടോലകള്‍പോലെ കശ്മീരിന്റെ (സാംസ്‌കാരികത്തനിമയുടെ) അടയാളമാണ് ഷിക്കാരകള്‍. ദേവദാരുക്കള്‍ കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. കടുത്ത നിറങ്ങളാല്‍ അലങ്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ചെറുവള്ളങ്ങള്‍ക്ക് വലിച്ചുകെട്ടിയ ഷീറ്റുകളാണ് മേല്‍ക്കൂരകളാവുന്നത്. കൂര്‍ത്ത പിന്നറ്റത്തിനു മുകളില്‍ തോണിക്കാരന്‍ ഇരിപ്പുറപ്പിക്കുന്നു. കുഷ്യനിട്ട ഇരിപ്പിടങ്ങളില്‍ നാല് പേര്‍ക്ക് ചാരിക്കിടന്ന് കാഴ്ചകള്‍ കണ്ട് സ്വച്ഛമായി ഒഴുകിയലയാം. ഷാലിമാര്‍ ബാഗിലേക്കും നിഷാത്തിലേക്കും ഹസ്രത്ത് ബാല്‍ പള്ളിയങ്കണത്തിലേക്കും ഈ ഷിക്കാരകളിലേറി കടന്നുചെല്ലാം.
കരയില്‍നിന്ന് ഹൗസ്ബോട്ടുകളിലേക്കും തിരിച്ചുമുള്ള സഞ്ചാരത്തിനും തടാകത്തിലേയും ചുറ്റുമുള്ള കാഴ്ചകള്‍ കാണാനും മാത്രമല്ല ഷിക്കാരകള്‍. ഉദയം മുതല്‍ അസ്തമനം വരെ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന വ്യാപാരകേന്ദ്രങ്ങളായി ഇവ മാറുകയും ചെയ്യുന്നു. പ്രഭാതങ്ങളില്‍ താമരപ്പൂക്കളും കാബേജിലകളും മധുര മുള്ളങ്കിയും കാരറ്റുമടക്കമുള്ള പച്ചക്കറികളുമായി ഇവ തടാകത്തില്‍ നിറയുന്നു. നമ്മുടെ ഷിക്കാരാ യാത്രയ്ക്കിടെ ഇതുപോലുള്ള കച്ചവട വള്ളങ്ങള്‍ ഒപ്പം വന്നു മുട്ടിയുരുമ്മി നില്‍ക്കുന്നു. കല്ലുമാലകളും വളകളും കുങ്കുമവും അവര്‍ നമുക്കായ് നീട്ടുന്നു.
ചിനാര്‍ മരങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കവിയും ചരിത്രകാരനുമായ സരീഫ് അഹ്മദ് സരീഫ് പറയുന്നത് കേള്‍ക്കാം: ''കശ്മീര്‍ ബാദ്ഷയായിരുന്ന ഗിയാസുദ്ദീന്‍ സെയ്നുല്‍ ആബിദീന്‍ 14-ാം നൂറ്റാണ്ടിലാണ് സിന്ധില്‍നിന്ന് മിറാബ്സ് എന്നു വിളിക്കപ്പെട്ടിരുന്ന എന്‍ജിനീയര്‍മാരെ കൊണ്ടുവന്നു പായല്‍ നീക്കി ഡല്‍ വൃത്തിയാക്കിയത്. അവരാണ് അവിടെ പൊങ്ങിക്കിടക്കുന്ന ഉദ്യാനങ്ങള്‍ക്ക് (FIoating Gardens) രൂപമേകിയത്. ശ്രീനഗറിലേക്കുള്ള മുഴുവന്‍ പച്ചക്കറികളും ഈ തോട്ടങ്ങളില്‍നിന്നാണ് കൊണ്ടുപോകുന്നത്. തടാകത്തിലെ മാലിന്യങ്ങള്‍ കൃഷിക്ക് വളമാണ്. രാസവളമോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. താമരയിലകള്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആഹാരമാണ്. പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും തടാകം ഭക്ഷണമൊരുക്കുന്നു. മനുഷ്യരെ മാത്രമല്ല, മറ്റു ജീവജാലങ്ങളേയും ഡല്‍ തീറ്റിപ്പോറ്റുന്നുണ്ട്.
മുള്‍വേലികളില്ലാത്ത രണ്ട് ആരാധനാലയങ്ങള്‍
എട്ട് മണിക്കു തന്നെ ബിലാല്‍ ടവേരയുമായി എത്തിയിട്ടുണ്ട്. കശ്മീര്‍ താഴ്വരയിലെ ഞങ്ങളുടെ മൂന്നാമത്തെ പ്രഭാതം. നേരത്തെ പുറപ്പെട്ടാലേ കാണാന്‍ നിശ്ചയിച്ച കാഴ്ചകളെല്ലാം കണ്ട് മടങ്ങാനാവൂ. അടുത്ത ദിവസം നേരം പുലരുമ്പോള്‍ വാര്‍ത്തകളിലൂടെ മാത്രം നമുക്കു പരിചിതമായ കാര്‍ഗിലിലെ മലമടക്കുകളിലേക്ക് യാത്ര തുടരേണ്ടതുണ്ട്. മന്‍സൂര്‍ ഷിക്കാര തുഴയുകയാണ്, പ്രധാന പാതയോരത്തേക്ക്.
ഒരു കുന്നിനു മുകളില്‍, 1100 അടി ഉയരത്തിലുള്ള ശങ്കരാചാര്യ ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കശ്മീരിന്റെ ചരിത്രകാരനായ കല്‍ഹണന്‍ സംസ്‌കൃതത്തില്‍ എഴുതിയ 'രാജതരംഗിണി'യിലൂടെയാണ് ഈ കുന്നിന്‍മുകളിലെ ചരിത്ര സംഭവങ്ങളുടെ ചുരുളഴിയുന്നത്. മുന്‍പ് ഈ സ്ഥലം സോളമന്റെ പൂന്തോട്ടമെന്നും (Bagh-i-Sulaiman) സോളമന്റെ കുന്നെന്നും (Koh-i-Sulaiman) അറിയപ്പെട്ടിരുന്നു. കുരിശേറ്റത്തിനു ശേഷം യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചിന്താധാരകള്‍ ഒഴുകിയതായി നമുക്കറിയാം. അതിലൊന്ന് യേശു ഉയിര്‍ത്തെഴുന്നേറ്റതില്‍പ്പിന്നെ കിഴക്കു ദിക്കിലേക്ക് സഞ്ചരിച്ചുവെന്നും കശ്മീരില്‍വെച്ച് മരണപ്പെട്ടുവെന്നുമുള്ളതാണ്. ഈ കുന്നിന്‍മുകളിലും അദ്ദേഹം എത്തിയതായി പറയപ്പെടുന്നു. ക്രിസ്തുവിനു മുന്‍പ് 371 മുതല്‍ തുടങ്ങുന്ന നൂറ്റാണ്ടുകളുടെ ചരിത്രാവശേഷിപ്പുകള്‍ ഇവിടെ കൂമ്പാരം കൂടിക്കിടപ്പുണ്ടെന്നും പേര്‍ഷ്യന്‍, ജൂത, മുസ്ലിം, ഹൈന്ദവ, സിഖ് സ്വാധീനമുദ്രകള്‍ ഇവിടെ പതിഞ്ഞുകിടപ്പുണ്ടെന്നും കല്‍ഹണന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ കാലുകുത്തിയതോടെയാണ് ഈ ക്ഷേത്രം ശ്രദ്ധാകേന്ദ്രമാവുന്നത്. ശങ്കരാചാര്യ ക്ഷേത്രമെന്നറിയപ്പെടുന്നത് അതിനുശേഷമാണ്. ശൈവാരാധനയ്ക്ക് സമര്‍പ്പിക്കപ്പെട്ട ആരാധനാലയത്തിലേക്കുള്ള 13 കിലോമീറ്റര്‍ പാതയില്‍ പകുതിയോളം കുത്തനെയുള്ള കയറ്റമാണ്. വാഹനമിറങ്ങിയാല്‍ 250-ലേറെ കല്‍പടവുകള്‍ കയറിവേണം മുകളിലേക്കെത്താന്‍. ദോഗ്ര രാജവംശത്തിലെ മഹാരാജാ ഗുലാബ് സിംഗിന്റെ കാലത്താണ് (1846-'57) ഈ പടവുകള്‍ കെട്ടിയുണ്ടാക്കിയത്. യാത്രയ്ക്കിടെ വളര്‍ന്നുപൊങ്ങിയ വൃക്ഷങ്ങളും മരംകൊണ്ടു നിര്‍മ്മിച്ച വീടുകളും കാണാം. സബര്‍വാന്‍ മലനിരകളില്‍പ്പെടുന്ന ഈ കുന്നിനു മുകളിലൂടെ നടക്കുമ്പോള്‍ ദൂരെ ഡല്‍ തടാകത്തിന്റേയും ശ്രീനഗര്‍ പട്ടണത്തിന്റേയും ചേതോഹര ദൃശ്യങ്ങള്‍.
പ്രവാചകന്റെ 'തിരുകേശം' (Moi-e-Muqaddas) സൂക്ഷിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്ന് എന്നതിനാല്‍ വലിയൊരു വിഭാഗം ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രിയതരമാണ്, ശ്രീനഗറില്‍ ഡല്‍ തടാകത്തിന്റെ് പടിഞ്ഞാറേ കരയിലുള്ള ഹസ്റത്ത്ബാല്‍ പള്ളി. (Hazrath=Respected, Bal= Place. ബാല്‍ എന്ന വാക്ക് ഫാര്‍സി ഭാഷയില്‍നിന്ന് ഉര്‍ദുവിലേക്ക് വന്നതാണ്. ഹിന്ദിയിലും ഉര്‍ദുവിലും ഇതിനു മുടി എന്നാണ് അര്‍ത്ഥം. ഹള്റത്ത് എന്ന അറബി വാക്കിന് ഉര്‍ദുവില്‍ ഹസ്റത്ത് എന്നാണ് ഉച്ചാരണം.) 17ാം നൂറ്റാണ്ടിന്റെ അവസാനമോ 18-ാം നൂറ്റാണ്ടിന്റെ ആദ്യമോ മദീനയില്‍നിന്ന് ബിജാപൂരിലേക്ക് എത്തിയ പ്രവാചകന്റ പിന്തുടര്‍ച്ചാവകാശക്കാരാണ് ഈ മുടിയിഴകള്‍ അജ്മീര്‍ ദര്‍ഗ്ഗ വഴി കശ്മീരില്‍ എത്തിക്കുന്നത്. 1634 വരെ ഒരു പൂവാടിയോടു കൂടിയ രമ്യഹര്‍മ്മമായിരുന്നത്രെ ഇവിടെ ഉണ്ടായിരുന്നത്. 1634-ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനുശേഷമാണ് ആ സ്ഥലത്തോട് ചേര്‍ന്ന് ഒരു പ്രാര്‍ത്ഥനാഹാള്‍ പണിയുന്നത്. 1700-ല്‍, ഔറംഗസീബിന്റെ കാലത്താണ്, കൈമാറി വന്ന പ്രവാചക കേശം ഈ പള്ളിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. മംഗോള്‍-കശ്മീരി ശില്പരചനാരീതിയില്‍ പണിത ഇവിടം മാര്‍ബിള്‍ പതിച്ച് മദീനയിലെ പ്രവാചകപ്പള്ളിയുടെ മാതൃകയില്‍ മനോഹരമാക്കിയത് 1968-ല്‍. 'തിരുകേശം' 1963 ഡിസംബര്‍ 27 മുതല്‍ ഒന്‍പത് ദിവസം കാണാതായ ഒരു സംഭവമുണ്ടായത് വലിയ വിവാദമായിരുന്നു. 1993-ല്‍ മത തീവ്രവാദികള്‍ ഹസ്റത്ത് ബാല്‍ പള്ളി പിടിച്ചെടുത്തതും രക്തച്ചൊരിച്ചിലിലൂടെ വീണ്ടെടുത്തതും വിസ്മരിക്കാറായിട്ടില്ല.
ഞങ്ങള്‍ കടന്നുചെല്ലുമ്പോള്‍ തോക്കേന്തിയ സുരക്ഷാഭടന്മാരുടെ നിരന്തര നിരീക്ഷണത്തിലാണ് പള്ളി. ഹസ്റത്ത് ബാലിനകത്ത് പ്രവേശനത്തിന് മതത്തിന്റേയോ വിശ്വാസത്തിന്റേയോ വേര്‍തിരിവുകളൊന്നുമില്ല. അകത്ത് ഭക്തര്‍ക്കും സഞ്ചാരികള്‍ക്കുമൊപ്പം പട്ടാളക്കാരുടേയും സാന്നിദ്ധ്യം പ്രകടമാണ്. പ്രവാചക കേശത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഒരാള്‍ മുകളിലെ ബാല്‍ക്കണിയിലേക്ക് ചൂണ്ടി. പള്ളിക്കകത്ത് മുകളിലൊരു സുരക്ഷിത സ്ഥാനത്ത് പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള കേശനാരുകള്‍, പ്രവാചക ജന്മദിനത്തിലും 'മിഇറാജ്' നാളിലും മാത്രമാണത്രേ വിശ്വാസികള്‍ക്ക് കണ്‍പാര്‍ക്കാന്‍ അവസരം നല്‍കുന്നത്.
പുറത്ത് പുല്ലുവിരിച്ച മുറ്റത്ത് ചിനാര്‍ മരങ്ങള്‍ നിരന്നുനില്‍പ്പുണ്ട്. നൂറുകണക്കിനു പ്രാവുകള്‍ ഒന്നുയര്‍ന്നു പറന്ന ശേഷം വീണ്ടും താഴെ വന്നിരിക്കുന്നു. സന്ദര്‍ശകര്‍ വീശിയെറിയുന്ന ഗോതമ്പു മണികള്‍ കൊത്തിയെടുത്ത് അവ പിന്നെയും ആകാശവീഥികളില്‍ വട്ടമിട്ടു. അല്പമകലെ ഡല്‍ തടാകത്തിലെ കടവുകളില്‍ ഒന്നുരണ്ടു ഷിക്കാരകള്‍ നങ്കൂരമിട്ടിരിക്കുന്നു. പുലരിയുടെ സൗന്ദര്യം നുകരാന്‍ തടാകത്തിലൂടെ സവാരിക്കിറങ്ങിയ സഞ്ചാരികള്‍ ഇവിടെ യാത്ര അവസാനിപ്പിച്ചതാവാം. ദൂരെ ഗിരിശൃംഗങ്ങളില്‍ വെയില്‍ പരന്നൊഴുകുന്നു. കശ്മീരിലെ ഈ വേനല്‍ക്കാലം ഏറെ പ്രസന്നമാണ്.
ഗുല്‍മാര്‍ഗ് കശ്മീരിലെ സ്വര്‍ഗ്ഗഭൂമി
ഹസ്റത്ത് ബാലില്‍നിന്നിറങ്ങി, ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിലേക്കാണ് ഇനി യാത്ര. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പീര്‍പഞ്ജല്‍ മലനിരകളിലാണ്, 8700 അടി ഉയരെയുള്ള ഈ മഞ്ഞുകാല വിനോദകേന്ദ്രം. പനിനീര്‍ പൂപ്പാത എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം. പേര്‍ഷ്യന്‍-ടര്‍ക്കിഷ് ഭാഷകളില്‍ ചിരപരിചിതമായ വാക്കാണ് ഗുല്‍. (Gul= Rose, Marg=Path)
ഗ്രീഷ്മകാലം ഗുല്‍മാര്‍ഗിനെ ഹരിതശോഭ തൂകുന്ന പുല്‍മേടാക്കി മാറ്റുമ്പോള്‍ ശിശിരം കാടും മേടും മലകളും നിറഞ്ഞ താഴ്വരയെ ഒന്നാകെ മഞ്ഞിന്‍ പുതപ്പണിയിക്കുന്നു. ഋതുഭേദങ്ങളില്ലാതെ ഗുല്‍മാര്‍ഗ് പ്രണയസുരഭിലമായ നിമിഷങ്ങള്‍ നമുക്കായി കാത്തുവെയ്ക്കുന്നു. കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാണെങ്കില്‍ ഗുല്‍മാര്‍ഗ് കശ്മീരിലെ സ്വര്‍ഗ്ഗഭൂവാണ്. ശ്രീനഗറില്‍നിന്ന് 56 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുല്‍മാര്‍ഗിലെത്താം. അതിലവസാനത്തെ 12 കിലോമീറ്റര്‍ ദൂരം കോണിഫെറസ് മരങ്ങള്‍ (പൈന്‍, ഫിര്‍) നിഴല്‍ വീഴ്ത്തുന്ന പാതയിലൂടെയാണ് നമ്മുടെ യാത്ര. കടന്നുപോരുന്ന വഴിയില്‍ തങ്മാര്‍ഗ് എന്ന കൊച്ചുപട്ടണം. ലോകമെങ്ങും സ്‌കീയിംഗിനു പേരുകേട്ട സ്ഥലങ്ങളാണ് ഇവിടമെല്ലാം. ഏഷ്യയിലെ ഏറ്റവും മികച്ച സ്‌കീയിംഗ് കേന്ദ്രമാണ് ഗുല്‍മാര്‍ഗ്. ഹിമപാദുകങ്ങളണിഞ്ഞ് മഞ്ഞിലൂടെ തെന്നിപ്പായുന്ന വിനോദമാണ് സ്‌കീയിംഗ്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള, ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഗുല്‍മാര്‍ഗിലെ ഗോള്‍ഫ് കോഴ്സിന്റെ കാഴ്ചകള്‍ രമണീയമാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് ഗോള്‍ഫ് സീസണ്‍. പ്രകൃതിദത്തമായ പുല്‍പ്പരപ്പില്‍ പുഷ്പതല്‍പ്പങ്ങള്‍. പശ്ചാത്തല ഭംഗിയേകാന്‍ ചുറ്റുമുള്ള ഹിമശൈലങ്ങളില്‍നിന്ന് വെള്ളിനൂല്‍പോലെ ഒഴുകിയിറങ്ങുന്ന നീരുറവകളും അരുവികളും.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ വര്‍ദ്ധിച്ചുവന്ന രാഷ്ട്രീയ അസ്വാസ്ഥ്യങ്ങള്‍ ഈ മനോഹര ദേശത്തേക്കുള്ള സഞ്ചാരികളുടെ പ്രയാണം വലിയ തോതില്‍ തടസ്സപ്പെടുത്തി. 1988-ല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തുടങ്ങിയ കേബിള്‍ കാര്‍ നിര്‍മ്മാണം ദീര്‍ഘനാള്‍ നീണ്ടുപോയതും അതുകൊണ്ടാണ്. 1998-ലാണ് 10100 അടി ഉയരത്തിലുള്ള കോങ്ഡൂരി (Kongdori) വരെയുള്ള ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. 12300 അടി ഉയരെ അഫര്‍വാത് ഗിരിശൃംഗത്തിലേക്കുള്ള രണ്ടാം ഘട്ടം 2005-ലും 13800 അടി വരെയുള്ള അന്തിമഘട്ടം 2011-ലുമാണ് പൂര്‍ത്തിയായത്. നീളത്തിലും ഉയരത്തിലും ഈ കേബിള്‍ വേ ഏഷ്യയില്‍ ഒന്നാമതാണ്. ഒരു കാറില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. കോങ്ഡൂരിയിലെ ഒന്നാമത്തെ സ്റ്റേഷന്‍ വരെ സഞ്ചരിക്കാന്‍ 700 രൂപയായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക്.
പച്ചവിരിച്ചു കിടക്കുന്ന, പരന്ന പിഞ്ഞാണത്തിന്റെ ആകൃതിയിലുള്ള, പുല്‍ത്തകിടിക്കു മുകളിലൂടെ ആകാശപേടകത്തില്‍ സഞ്ചരിക്കുമ്പോള്‍ പര്‍വ്വത സസ്യജാലങ്ങളും വനപുഷ്പങ്ങളും മലയോരത്തെ ജനവാസ കേന്ദ്രങ്ങളും നാം പിന്നിടുന്നു. ഗോള്‍ഫ് കോഴ്സിനു ചുറ്റും അതിരിട്ട് വരിചേര്‍ന്നു നില്‍ക്കുന്ന പൈന്‍മരങ്ങള്‍ക്കിടയിലൂടെ യുവമിഥുനങ്ങള്‍ ഉല്ലാസപ്പറവകളെപ്പോലെ ആമോദചിത്തരായി നടന്നു മറയുന്നു. മുകളില്‍ നേര്‍ത്ത മേഘശകലങ്ങള്‍ ഒട്ടും അകലെയല്ലാതെ തെന്നിമറയുന്നു. പണ്ടു കണ്ടുമറന്ന ഒരു കലണ്ടര്‍ചിത്രത്തിലൂടെ നാമിപ്പോള്‍ ഒഴുകുകയാണോ എന്ന പ്രതീതി.
ആദ്യത്തെ സ്റ്റേഷനായ കോങ്ഡൂരിയില്‍ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ചു. ചെന്നിറങ്ങിയ പാടെ അടുത്തുള്ള പുല്‍മേടുകളിലേക്കും വിദൂരത്തല്ലാതെ അങ്ങിങ്ങായി മഞ്ഞണിഞ്ഞു കിടക്കുന്ന മലഞ്ചെരിവുകളിലേക്കുമുള്ള സഫാരിക്ക് ക്ഷണിച്ചുകൊണ്ട് പോണിവാലകള്‍ നമ്മെ വളയുന്നു. എങ്കിലും കുടുംബങ്ങളായെത്തിയവരാണ് അവരുടെ പ്രധാന കസ്റ്റമേഴ്സ്. കുട്ടികളുമൊത്ത് കോവര്‍ കഴുതപ്പുറത്ത് വലിഞ്ഞുകേറാന്‍ പാടുപെടുന്നുണ്ട്, ചിലര്‍. വലിച്ചുകെട്ടിയ ഷാമിയാനകള്‍ക്കു താഴെ പല വര്‍ണ്ണങ്ങളിലുള്ള കസേരകള്‍ നിരത്തിയിട്ട് മൂന്നാലു ടീസ്റ്റാളുകള്‍. അവയിലൊന്നിനു കീഴെ ചെന്നിരുന്നു. ചൂടുള്ള കഷ്മീരി ചായ ചുണ്ടോടടുപ്പിച്ചുകൊണ്ട് അവിടെയിരിക്കുമ്പോള്‍ മലകയറ്റത്തിനായി മുകളിലേക്ക് ചരിക്കുന്ന സാഹസികരെ കണ്ടു.
കേബിള്‍ സഫാരി കഴിഞ്ഞ് തിരിച്ചിറങ്ങിയ ശേഷം ഗോള്‍ഫ് കോഴ്സിനരികെയുള്ള സെന്റ് മേരീസ് പള്ളിയിലേയ്ക്ക് കേറിച്ചെന്നു. വിക്ടോറിയന്‍ ശില്പരചനാചാരുതയാര്‍ന്ന ഈ ആരാധനാകേന്ദ്രം 1902-ല്‍ നിര്‍മ്മിച്ചതാണ്. ചാരക്കല്‍കൊണ്ടുള്ള കെട്ടുകളും പച്ചഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും മരപ്പാളികള്‍കൊണ്ടു തീര്‍ത്ത ചുമരുകളുമുള്ള പള്ളിയുടെ മൂന്നു ഭാഗത്തുമായി ഗോള്‍ഫ് കോഴ്സ് പരന്നുകിടക്കുന്നു. ദീര്‍ഘകാലം അടച്ചിട്ടശേഷം കേടുപാടുകള്‍ തീര്‍ത്ത് 2003-ലാണത്രേ ഈ പള്ളി തുറന്നുനല്‍കിയത്. ക്രിസ്തുമസ് കാലത്ത് സാന്തയെ വരവേല്‍ക്കാനും പ്രകാശതോരണങ്ങള്‍ തൂക്കാനും മനുഷ്യര്‍ ഇവിടെ ഒത്തുകൂടുന്നത് മതഭേദങ്ങളില്ലാതെയാണെന്ന് മുന്‍പൊരിക്കല്‍ വായിച്ചതോര്‍മ്മ വരുന്നു. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ - അമൃതസര്‍ രൂപതയുടെ ഭാഗമാണ് ഈ ആലയം. മഹാരാജാ ഹരിസിംഗിന്റെ കാലത്ത് നിര്‍മ്മിച്ച ഒരു ശിവക്ഷേത്രവും ഗുല്‍മാര്‍ഗിലുണ്ട്.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഗുല്‍മാര്‍ഗില്‍ എത്താന്‍ നല്ലത്. തന്നെ ഉപാസിക്കുന്നവര്‍ക്ക് പ്രകൃതിയൊരുക്കുന്ന ഒരു വിശുദ്ധ ഗേഹമാകുന്നു ഈ പൂമാടം.
During the Spring- Beatuy abound, in the Summer- Green bedded with grass, the Autumn offers colour radiant and the Winter sireplete with Snow.
ഓരോ ഋതുവും നമുക്കായ് ഈ താഴ്വരയില്‍ ഒരുക്കിവെയ്ക്കുന്നത് വര്‍ണ്ണവൈവിദ്ധ്യങ്ങളാണ്. കശ്മീരിന്റെ മുഴുവന്‍ സൗന്ദര്യവും നുകരാന്‍ ഇനിയും പലവട്ടം ഇവിടെ വരാതിരിക്കാനാവില്ല.