സി.പി.എം സംസാരിക്കുന്നത് സിമിയുടെ ഭാഷയില്‍
By ഹമീദ് ചേന്നമംഗലൂര്‍ | Published: 06th February 2022 04:30 PM |
Last Updated: 06th February 2022 04:30 PM | A+A A- |

എണ്‍പതുകളുടെ അവസാനത്തില്‍ 'സ്റ്റുഡന്റ്‌സ് ഇസ്ലാമിക മൂവ്‌മെന്റ് ഓഫ് ഇന്ത്യ' (സിമി) ശക്തമായി പ്രചരിപ്പിച്ച ഒരു തിയറിയുണ്ട്. ഇന്ത്യയിലെ മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ സവര്‍ണ്ണഹിന്ദുക്കളാല്‍ നയിക്കപ്പെടുന്നതും സവര്‍ണ്ണതാല്പര്യം പരിരക്ഷിക്കുന്നതുമായ പാര്‍ട്ടികളാണ് എന്നതായിരുന്നു അത്. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുസ്ലിം ന്യൂനപക്ഷത്തിനും ദളിതര്‍ക്കും ആ വിഭാഗങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നു മാത്രമല്ല, അവയെ അടിക്കടി പ്രാന്തങ്ങളിലേക്ക് തള്ളുകകൂടി ചെയ്യുന്നു എന്നാണ് സിമി എന്ന ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരോപിച്ചത്. ''ഇന്ത്യന്‍ സമൂഹത്തെ വരിഞ്ഞുമുറുക്കിയ ബ്രാഹ്മണ-സവര്‍ണ്ണാധിപത്യ''ത്തെ തകര്‍ത്തെറിയാന്‍ മുസ്ലിങ്ങളും ദളിതരുമടങ്ങിയ മുന്നണി ആവശ്യമാണെന്നുകൂടി അവര്‍ പറഞ്ഞുവെക്കുകയുണ്ടായി.
തങ്ങളുടെ സിദ്ധാന്തം തെളിയിക്കാന്‍ അന്നു സിമിക്കാര്‍ കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും പഴയതും പുതിയതുമായ നേതൃത്വത്തിലേക്കാണ് കൈചൂണ്ടിയത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഡബ്ല്യു.സി. ബാനര്‍ജി, ദാദാഭായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, സി. ശങ്കരന്‍ നായര്‍, മദന്‍ മോഹന്‍ മാളവ്യ, ഭൂപേന്ദ്രനാഥ് ബോസ്, മോത്തിലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി, ശ്രീനിവാസ അയ്യങ്കാര്‍, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായി പട്ടേല്‍, രാജേന്ദ്ര പ്രസാദ്, പട്ടാഭി സീതാരാമയ്യ, ഇന്ദിരാഗാന്ധി, നീലം സഞ്ജീവ റഡ്ഢി, നരസിംഹറാവു, സീതാറാം കേസരി, വി.കെ. കൃഷ്ണമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. കരുണാകരന്‍ തുടങ്ങിയവരെല്ലാം ബ്രാഹ്മണരോ അബ്രാഹ്മണ സവര്‍ണ്ണരോ ആണെന്നതില്‍ അവര്‍ അടിവരയിട്ടു. ബദറുദ്ദീന്‍ തയബ്ജിയും റഹ്മത്തുല്ലയും നവാബ് സയ്യിദ് മുഹമ്മദ് ബഹദൂറും സയ്യിദ് ഹസന്‍ ഇമാമും ഹക്കിം അജ്മല്‍ ഖാനും മുഹമ്മദലി ജൗഹറും അബുല്‍കലാം ആസാദും മുക്തര്‍ അഹമദ് അന്‍സാരിയും മുഹമ്മദ് അബ്ദുറഹിമാനും ഇ. മൊയ്തു മൗലവിയും പി.പി. ഉമ്മര്‍കോയയും ടി.ഒ. ബാവയും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ള മുസ്ലിങ്ങള്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കളായിരുന്നു എന്ന വസ്തുത അവര്‍ മറച്ചുപിടിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് നേതാക്കളുടെ ബ്രാഹ്മണ്യവും സവര്‍ണ്ണതയും പൊലിപ്പിച്ചു കാട്ടാന്‍ എസ്.വി. ഘാട്ടെയുടേയും എസ്.എ. ഡാങ്കെയുടേയും പി.സി. ജോഷിയുടേയും പ്രമോദ് ദാസ്ഗുപ്തയുടേയും എ.കെ.ജിയുടേയും ഇ.എം.എസ്സിന്റേയും ജ്യോതി ബസുവിന്റേയും രണദിവെയുടേയും പി. രാമമൂര്‍ത്തിയുടേയും ബസവ പുന്നയ്യയുടേയും സി. അച്യുതമേനോന്റേയും എം.എന്‍. ഗോവിന്ദന്‍ നായരുടേയും പി.കെ. വാസുദേവന്‍ നായരുടേയും ഇ.കെ. നായനാരുടേയും മറ്റും പേരുകളത്രേ സിമി കൂട്ടുപിടിച്ചത്. ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളില്‍ മുസാഫിര്‍ അഹമദും അബ്ദുല്‍ ഹലീമും ഷൗക്കത്ത് ഉസ്മാനിയും ഗുലാം ഹുസൈനും ഇ.കെ. ഇമ്പിച്ചിബാവയും പാലൊളി മുഹമ്മദ് കുട്ടിയും മുഹമ്മദ് തരിഗാമിയും ഉള്‍പ്പെടെയുള്ള മുസ്ലിങ്ങള്‍കൂടി പെടുമെന്ന യാഥാര്‍ത്ഥ്യം അവര്‍ തമസ്‌കരിച്ചു.
ഇപ്പോള്‍ കേരളത്തിലെ സി.പി.എം നേതൃത്വം കോണ്‍ഗ്രസ്സിനേയും രാഹുല്‍ ഗാന്ധിയേയും അടിക്കാന്‍ സിമിയുടെ വടി ഉപയോഗിക്കുന്നു. മൗദൂദിസ്റ്റ് സംഘടനയുടെ പ്രഥമ അഖിലേന്ത്യ വിദ്യാര്‍ത്ഥിപ്രസ്ഥാനമായി പിറവികൊണ്ട സിമി സെക്യുലര്‍ പാര്‍ട്ടി നേതാക്കളുടെ മതപശ്ചാത്തലം നോക്കി തങ്ങളുടെ ഇസ്ലാമിക മതമൗലിക അജന്‍ഡ കൊഴുപ്പിക്കാനാണ് ബ്രാഹ്മണ-സവര്‍ണ്ണാധിപത്യ സിദ്ധാന്തവുമായി രംഗത്ത് വന്നിരുന്നതെങ്കില്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം തങ്ങളുടെ മുസ്ലിം (ന്യൂനപക്ഷ) പ്രീണന അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സിമി തിയറി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സില്‍ മുന്‍കാലത്ത് മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്നെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതൃരഹിതമായി കൊണ്ടിരിക്കയാണെന്നുമാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നത്. മുസ്ലിങ്ങളേയും ക്രൈസ്തവരേയും ഒഴിച്ചുനിര്‍ത്തി ഹിന്ദുക്കളെ മാത്രം നേതൃസ്ഥാനങ്ങളിലിരുത്താന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വം ശ്രമിക്കയാണെന്ന് അദ്ദേഹം പറയുന്നു. തെളിവോ, നിലവില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഹിന്ദുമതസ്ഥരാണെന്നതും!
മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷ സമുദായക്കാരെ നേതൃനിരയില്‍നിന്നു കോണ്‍ഗ്രസ് ഒഴിവാക്കുന്നത് യാദൃച്ഛികമല്ല എന്നു സമര്‍ത്ഥിക്കാനും പാര്‍ട്ടി സെക്രട്ടറി കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. ഡിസംബര്‍ 12-ന് ജയ്പൂരില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശം തന്റെ വാദമുഖത്തിനു തെളിവായി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ധരിക്കുന്നു. രാജ്യം ഭരിക്കേണ്ടത് ഹിന്ദുത്വവാദികളല്ല, ഹിന്ദുക്കളാണ് എന്ന പരാമര്‍ശത്തിലെ ആദ്യഭാഗം ഒഴിവാക്കി 'ഹിന്ദുക്കളാണ്' എന്ന ഭാഗം മാത്രം ഉയര്‍ത്തിക്കാട്ടുകയത്രേ ബാലകൃഷ്ണന്‍ ചെയ്തത്. ഹിന്ദുമതം വേറെ, ഹിന്ദുത്വവാദം വേറെ എന്നതിലാണ് രാഹുല്‍ ഗാന്ധി ഊന്നിയത്. ഹിന്ദു 'സത്യം' അന്വേഷിക്കുമ്പോള്‍ ഹിന്ദുത്വവാദിയുടെ നെട്ടോട്ടം അധികാരത്തിനു പിറകെയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിശദീകരിക്കയുണ്ടായി. ഡോ. എസ്. രാധാകൃഷ്ണനെപ്പോലുള്ളവര്‍ യഥാര്‍ത്ഥ ഹിന്ദുവിനെ നിര്‍വ്വചിച്ചത് എല്ലാ സൃഷ്ടികളേയും ഒന്നായി കാണുന്നവന്‍ എല്ലാ നിലയിലാണ്. ആ കാഴ്ചയില്‍നിന്നാണ് 'അഭേദം' എന്ന വിശാലമായ ആശയവും പ്രയോഗവുമുണ്ടാകുന്നത്. ഹിന്ദുത്വവാദികള്‍ അഭേദം എന്ന പരികല്പന അംഗീകരിക്കുന്നില്ല. അവര്‍ ഭേദത്തില്‍ വിശ്വസിക്കുകയും അപരരെ സൃഷ്ടിക്കുകയും അപരര്‍ക്കു നേരെ വിദ്വേഷാഗ്‌നി ആളിക്കത്തിക്കുകയും ചെയ്യുന്നു.
ഹിന്ദു എന്ന പദത്തെ ഒരു മതസംവര്‍ഗ്ഗമായി കാണുന്നതിനുപകരം ദാര്‍ശനിക സംവര്‍ഗ്ഗമായി കാണാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചതെന്നു തോന്നുന്നു. സര്‍വ്വജന്തുജാലങ്ങളേയും ഒന്നായി കാണാന്‍ കഴിയുന്നവരുടെ രാജ്യം ഭരിക്കേണ്ടത് എന്നേ 'ഹിന്ദുക്കളാണ് രാജ്യം ഭരിക്കേണ്ടത്' എന്ന അഭിപ്രായപ്രകടനത്തിന് അര്‍ത്ഥമുള്ളൂ. ഹിന്ദുമത സമുദായത്തില്‍പ്പെട്ടവര്‍ നാട് ഭരിക്കണമെന്നല്ല, അഭേദം എന്ന ആശയം സ്വാംശീകരിച്ചവര്‍, അവരുടെ മതമെന്താവട്ടെ, നാട് ഭരിക്കണം എന്ന വിചാരത്തിന്റെ ഉല്പന്നമായി രാഹുലിന്റെ പ്രസ്താവനയെ കാണാവുന്നതാണ്. പക്ഷേ, കോണ്‍ഗ്രസ് നേതാവിന് ഒരു വന്‍പിഴവ് സംഭവിച്ചു എന്നത് എടുത്തുകാട്ടാതിരിക്കാനാവില്ല. ഹിന്ദുമതത്തേയും ഹിന്ദുത്വവാദത്തേയും വേര്‍തിരിച്ചു കണ്ട അദ്ദേഹം ഇസ്ലാം മതത്തേയും ഇസ്ലാമിസത്തേയും വേര്‍തിരിച്ചു കാണാന്‍ മിനക്കെട്ടില്ല. ഹിന്ദുത്വവാദത്തിന്റെ മുസ്ലിം പതിപ്പാണ് ഇസ്ലാമിസം. ഇസ്ലാം മതവുമായല്ല, അധികാര രാഷ്ട്രീയവുമായാണ് അതിനു ബന്ധം. ഹിന്ദുത്വവാദികളെപ്പോലെ വെറുക്കപ്പെടേണ്ട അപരരെ സൃഷ്ടിക്കുകയും അപരമതദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയം കയ്യാളുകയും ചെയ്യുന്നവരാണ് ഇന്ത്യയിലടക്കം ലോകത്താകമാനമുള്ള ഇസ്ലാമിസ്റ്റുകള്‍. ഹിന്ദുത്വവാദികള്‍ക്കു വേണ്ടത് ഹിന്ദു രാഷ്ട്രമാണെങ്കില്‍ ഇസ്ലാമിസ്റ്റുകള്‍ക്കു വേണ്ടത് ഇസ്ലാമിക രാഷ്ട്രമാണെന്ന വ്യത്യാസം മാത്രമേ അവര്‍ തമ്മിലുള്ളൂ. അപരരെ ഉള്‍ക്കൊള്ളലിലല്ല, ഒഴിച്ചുനിര്‍ത്തലിലാണ് ഇരുകൂട്ടരും വിശ്വസിക്കുന്നത്.
ഹിന്ദുമതത്തെ ഹിന്ദുത്വവാദത്തില്‍നിന്നു വ്യവച്ഛേദിച്ച രാഹുലിനെ ഹിന്ദുവര്‍ഗ്ഗീയവാദിയാക്കുകയും കോണ്‍ഗ്രസ് ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നു വിലയിരുത്തുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം മൂന്നര പതിറ്റാണ്ടോളം മുന്‍പ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ സി.പി.എമ്മിനെ സവര്‍ണ്ണഹിന്ദുക്കളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പാര്‍ട്ടിയായി ചിത്രീകരിച്ച കാര്യം മറക്കരുത്. അന്നു സിമിക്കാര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞത് എത്രത്തോളം അസംബന്ധമാണോ അത്രത്തോളം അസംബന്ധമാണ് ഇപ്പോള്‍ കോടിയേരിയെപ്പോലുള്ളവര്‍ കോണ്‍ഗ്രസ്സില്‍ ആരോപിക്കുന്ന ഹിന്ദുവര്‍ഗ്ഗീയത.
2014-ല്‍ നരേന്ദ്ര മോദിയുടെ നായകത്വത്തില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലേറുകയും 2019-ല്‍ കൂടുതല്‍ മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം സമ്പാദിക്കുകയും ചെയ്ത രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെ, കേരളത്തിന്റെ ഇട്ടാവട്ടത്തിലിരുന്നു സി.പി.എം കോണ്‍ഗ്രസ്സിനുമേല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ചാപ്പകുത്തുന്നത്, മിതമായി പറഞ്ഞാല്‍ ആത്മഹത്യാപരമാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ മോദിയും ആര്‍.എസ്.എസ്സും ബി.ജെ.പിയും ചേര്‍ന്നു ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കുമേല്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്പിച്ചു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സെക്യുലര്‍ ഐക്കോണുകള്‍ ഒന്നൊന്നായി പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു.
രാഷ്ട്രീയ കേരളത്തിനു പുറത്തേയ്ക്ക് കണ്ണുതുറന്നു നോക്കാന്‍ സി.പി.എം നേതൃത്വത്തിനു സാധിക്കേണ്ടതുണ്ട്. രാഷ്ട്രീയ ഇന്ത്യ ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നു നോക്കിയിട്ടുവേണം കേരളത്തില്‍ സ്വന്തം പാര്‍ട്ടിയുടെ അധികാരം സുസ്ഥിരമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍. സാമ്പത്തിക ലിബറലിസവും രാഷ്ട്രീയ-സാംസ്‌കാരിക ഇല്ലിബറലിസവുമാണ് മോദി ഭരണകൂടം ദേശീയതലത്തില്‍ പിന്തുടരുന്നത്. സാമ്പത്തിക തുറയില്‍ അതിരുവിട്ട ലിബറലിസം എത്രമാത്രം ജനദ്രോഹകരമാണോ അത്രതന്നെയോ അതില്‍ കൂടുതലോ ജനദ്രോഹകരമാണ് രാഷ്ട്രീയ-സാംസ്‌കാരികരംഗങ്ങളിലുള്ള ഇല്ലിബറലിസം. മതേതര ഇന്ത്യ എന്ന ആശയം കാണെക്കാണെ അസ്തമിക്കുകയാണ്. ആ പ്രക്രിയയ്ക്ക് തടയിടണമെങ്കില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും മറ്റു മതേതര പാര്‍ട്ടികളും കൈകോര്‍ത്തേ മതിയാവൂ. ആ തിരിച്ചറിവിലേക്ക് കേരളത്തിലെ സി.പി.എം നേതൃത്വം എന്നാണിനി ഉണരുക?