സൈരന്ധ്രി മുതല്‍ പ്രശാന്തി വരെ; കാലൊച്ചയുടെ വഴിത്താരകള്‍

ക്ലാസ്സ്മുറിയും ടെക്സ്റ്റ് ബുക്കും മാത്രമല്ല അദ്ധ്യാപനം എന്ന് രാമകൃഷ്ണന്‍ മാഷിന്റെ ജീവിതം പറയും. ജീവികളേയും മനുഷ്യനേയും പരിസ്ഥിതിയേയും ഒരുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച മാഷ്
സൈരന്ധ്രി മുതല്‍ പ്രശാന്തി വരെ; കാലൊച്ചയുടെ വഴിത്താരകള്‍

ഡോ. രാമകൃഷ്ണന്റെ ജീവിതം മൂന്നു മേഖലകളായിത്തന്നെ പറയേണ്ടി വരും. സൈലന്റ്വാലിയുമായി ബന്ധപ്പെട്ടു നടത്തിയ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി തുടങ്ങിയ പ്രശാന്തി സ്‌കൂള്‍, ഇതിനൊപ്പം ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരു വിളിപ്പുറത്തിനിപ്പുറം ഓടിയെത്തുന്ന മാഷിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍. ക്ലാസ്സ്മുറിയും ടെക്സ്റ്റ് ബുക്കും മാത്രമല്ല അദ്ധ്യാപനം എന്ന് രാമകൃഷ്ണന്‍ മാഷിന്റെ ജീവിതം പറയും. ജീവികളേയും മനുഷ്യനേയും പരിസ്ഥിതിയേയും ഒരുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച മാഷ്- ഒറ്റവരിയില്‍ ഡോ. രാമകൃഷ്ണന്‍ പാലാട്ടിനെ ഇങ്ങനെ പറയാം. 1967 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സുവോളജി അദ്ധ്യാപകനായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റിനു ശേഷം സാമൂഹ്യസേവനത്തിന്റെ മറ്റൊരു മേഖലയിലേക്ക് അദ്ദേഹമെത്തി. സൈലന്റ്വാലിയെക്കുറിച്ചും പ്രശാന്തിയെക്കുറിച്ചും തന്റെ വിദ്യാര്‍ത്ഥികളെക്കുറിച്ചും രാമകൃഷ്ണന്‍ മാഷ് സംസാരിക്കുന്നു. 

എം.കെ. പ്രസാദും സൈലന്റ്വാലി ഓര്‍മ്മകളും

അടുത്തിടെ അന്തരിച്ച പരിസ്ഥിതി ശാസ്ത്രഞ്ജനായ ഡോ. എം.കെ. പ്രസാദിന്റെ ഓര്‍മ്മകളിലാണ് രാമകൃഷ്ണന്‍ മാഷ് സംസാരിച്ചു തുടങ്ങിയത്.

1967-ല്‍ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു രാമകൃഷ്ണന്‍ പാലാട്ടിന്റെ അദ്ധ്യാപന ജീവിതം തുടങ്ങുന്നത്. എം.കെ. പ്രസാദ് മാഷിനെ അന്നേ അറിയാമായിരുന്നെങ്കിലും പിന്നീട് 1975-ല്‍ കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സുവോളജി ലക്ചറായിരുന്ന സമയത്താണ് കൂടുതല്‍ അടുക്കുന്നതും പരിചയപ്പെടുന്നതും.  ആര്‍ട്സ് കോളേജില്‍ ബോട്ടണി വിഭാഗം തലവനായിരുന്നു എം.കെ. പ്രസാദ്. റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടായിരുന്ന കാലത്താണ് ശാസ്ത്രസാഹിത്യ പരിഷത്ത് 3000 ശാസ്ത്ര ക്ലാസ്സുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചത്. ഗ്രാമങ്ങളിലൊക്കെ പോയി സയന്‍സിന്റെ അടിസ്ഥാന വിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു ലക്ഷ്യം. തവനൂരിലെ ഗ്രാമങ്ങളിലൊക്കെ പോയി ക്ലാസ്സെടുക്കാന്‍ പ്രസാദ് മാഷ് ചുമതലപ്പെടുത്തിയത് രാമകൃഷ്ണന്‍ പാലാട്ടിനെയായിരുന്നു. അങ്ങനെയാണ് എം.കെ. പ്രസാദും രാമകൃഷ്ണന്‍ പാലാട്ടും ആദ്യമായി പരിചയപ്പെടുന്നത്. 

ആര്‍ട്സ് കോളേജില്‍ എത്തിയ ശേഷം ഒരു ദിവസമാണ് സൈലന്റ്വാലി സന്ദര്‍ശിക്കണമെന്ന ആഗ്രഹം എം.കെ. പ്രസാദ് രാമകൃഷ്ണന്‍ മാഷിനോട് പറയുന്നത്. പരിസ്ഥിതി ശാസ്ത്രഞ്ജനായ സഫര്‍ ഫത്തേഹള്ളിയുടെ പഠനങ്ങളൊക്കെ വന്നു തുടങ്ങിയ സമയമായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ രണ്ടുപേരും കോഴിക്കോട് നിന്ന് ബസ് പിടിച്ച് മണ്ണാര്‍ക്കാടെത്തി. സൈലന്റ്വാലി ഉള്‍പ്പെടുന്ന പ്രദേശം പണ്ട് മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടേതായിരുന്നു. അവസാനത്തെ മൂപ്പില്‍നായരുടെ മകന്‍ ഡോ. ശ്രീകുമാര്‍ എന്റെ രാമകൃഷ്ണന്‍ പാലാട്ടിന്റെ സുഹൃത്തായിരുന്നു. ശ്രീകുമാറന്റെ മണ്ണാര്‍ക്കാട്ടെ വീട്ടില്‍നിന്ന് ഭക്ഷണമൊക്കെ കഴിച്ച് സൈലന്റ്വാലിയിലേക്ക് തിരിച്ചു. രാമകൃഷ്ണന്‍ മാഷിന്റെ കൂടെ വിക്ടോറിയ കോളേജില്‍ പഠിച്ച ശങ്കരന്‍ ആയിരുന്നു അന്ന് സൈലന്റ്വാലിയുടെ ചാര്‍ജ്ജുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍. അദ്ദേഹവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പിലാണ് സൈലന്റ്വാലിയിലേക്ക് പോയത്. അന്ന് റോഡൊന്നും ഇല്ലാത്ത കാലമായിരുന്നു. മുക്കാലിയില്‍നിന്ന് 24 കിലോമീറ്ററുണ്ട് സൈരന്ധ്രിയിലേക്ക്.  യാത്ര  മുക്കാല്‍ ഭാഗം എത്തിയപ്പോഴേക്കും ഇരുട്ടായി. ആനയും മറ്റു മൃഗങ്ങളും ഇറങ്ങുന്ന വഴിയാണ്. ഇരുട്ടി തുടങ്ങിയതിനാല്‍ യാത്ര ചെയ്യാന്‍ വയ്യ. ഫോറസ്റ്റ് ഓഫീസര്‍ കൂടെയുള്ളതുകൊണ്ട് അവിടെ കെ.പി. മുഹമ്മദ് എന്നയാളുടെ എസ്റ്റേറ്റില്‍ ഭക്ഷണവും താമസവും കിട്ടി. പിറ്റേ ദിവസം വീണ്ടും യാത്ര തുടര്‍ന്ന്  സൈലന്റ്വാലിയില്‍ എത്തി. 

ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ ഷെഡൊക്കെ കെട്ടി പ്രാഥമിക പണികള്‍ തുടങ്ങിയ സമയമായിരുന്നു. വന്നത് പരിസ്ഥിതി പ്രവര്‍ത്തകരാണെന്ന് ആദ്യം അവര്‍ക്ക് മനസ്സിലായില്ല. ഫോറസ്റ്റ് ഓഫീസറുടെ കൂടെ വന്ന രണ്ടുപേര്‍ എന്നേ അവര്‍ കരുതിയുള്ളൂ. കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും വന്നത് പരിസ്ഥിതി പ്രവര്‍ത്തകരാണെന്നും ഡാം വരരുത് എന്ന് വാദിക്കുന്നവരാണെന്നും അവര്‍ക്ക് മനസ്സിലായി. പിന്നീട് അവര്‍ പുറകെ നടന്ന് ഒരോന്നു പറഞ്ഞ് ശല്യം ചെയ്യാന്‍ തുടങ്ങിയതായി രാമകൃഷ്ണന്‍ പാലാട്ട് ഓര്‍ക്കുന്നു-
''ഏത് പരിസ്ഥിതിക്കാര് വന്നാലും ഇവിടെ ഡാം വരും. തടയാന്‍ വരുന്നവരെ  ഞങ്ങള്‍ കൈകാര്യം ചെയ്യും എന്നൊക്കെയാണ് അവരന്ന് പറഞ്ഞത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസര്‍ക്ക് ദേഷ്യം വന്നു. പക്ഷേ പ്രസാദ് മാഷ് വളരെ നയത്തില്‍ അത് കൈകാര്യം ചെയ്തു. ഒരു ദിവസം മുഴുവന്‍ അവിടെയെല്ലാം വിശദമായി കണ്ട് വൈകുന്നേരമാണ് ഞങ്ങള്‍ മണ്ണാര്‍ക്കാടേക്ക് മടങ്ങിയത്. അതായിരുന്നു പ്രസാദ് മാഷിന്റെ ആദ്യത്തെ സൈലന്റ്വാലി യാത്ര. അതില്‍ എനിക്കും കൂടെ പോകാന്‍ ഭാഗ്യമുണ്ടായി. തിരിച്ചുവന്ന ശേഷം 'നിശബ്ദതയുടെ താഴ്വര' എന്ന പേരില്‍ അദ്ദേഹം മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതി. സൈലന്റ്വാലി മൂവ്മെന്റിന്റെ തന്നെ ബേസ് എന്ന് പറയാവുന്ന ലേഖനമായിരുന്നു അത്. അതില്‍നിന്നാണ് സൈലന്റ്വാലി മൂവ്മെന്റിന്റെയൊക്കെ തുടക്കം. അപ്പോഴേക്കും സുഗതകുമാരി ടീച്ചര്‍ അതുമായി സഹകരിച്ചു. സുരേന്ദ്രനാഥ് വന്നു. അങ്ങനെ അത് പൊതുസമൂഹത്തിലേക്കെത്തി'' രാമകൃഷ്ണന്‍ പാലാട്ട് പറയുന്നു.

രാമകൃഷ്ണന്‍ പാലാട്ടിന്റെ പി.എച്ച്.ഡി.യും സൈലന്റ്വാലി കാടുകളെ പറ്റിയായിരുന്നു. അതുമായി ബന്ധപ്പെട്ട് ധാരാളം ഡാറ്റയും പഠനങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ഈ ഡാറ്റയും എം.കെ. പ്രസാദിന്റെ ലേഖനവും ചേര്‍ത്ത് ഒരു പേപ്പര്‍ തയ്യാറാക്കി ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. പേപ്പറിന്റെ ഭൂരിഭാഗവും പ്രസാദ് മാഷ് തയ്യാറാക്കിയതാണെങ്കിലും തന്നെ കൊണ്ടാണ് അത് അവതരിപ്പിച്ചത് എന്ന് രാമകൃഷ്ണന്‍ പാലാട്ട് പറയുന്നു. 

''രാവിലെ ഹാളിലേക്ക് പോകുന്ന സമയത്താണ് പേപ്പര്‍ രാമകൃഷ്ണന്‍ പ്രസന്റ് ചെയ്താല്‍ മതി എന്ന് മാഷ് പറയുന്നത്. ഞാനന്ന് ചെറുപ്പമാണ്. അധികം പരിചയവുമില്ല. ഇതുപോലുള്ള കോണ്‍ഫറന്‍സുകള്‍ക്കൊന്നും പേപ്പര്‍ അവതരിപ്പിച്ചിട്ടുമില്ല. ഇത്രയും വലിയ സയന്റിസ്റ്റുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണ്ടേ. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. എനിക്ക് ടെന്‍ഷനായി. അങ്ങനെ ഞാന്‍ എന്റെ ബുദ്ധിമുട്ടുകള്‍ മാഷിനോട് പറഞ്ഞു. മാഷ് വിട്ടില്ല. ഇങ്ങനെയല്ലേ പരിചയമാകുന്നത് എന്നായിരുന്നു മാഷിന്റെ മറുപടി. ഹാളിലെത്തി പ്രസന്റേഷന് വിളിച്ചപ്പോള്‍ പ്രസാദ് മാഷ് എഴുന്നേറ്റ് നിന്ന് പറഞ്ഞു, രാമകൃഷ്ണന്‍ പാലാട്ട് പേപ്പര്‍ പ്രസന്റ് ചെയ്യും എന്ന്. അങ്ങനെ ഞാന്‍ അത് പ്രസന്റ് ചെയ്തു. സാധാരണ സ്റ്റുഡന്‍സിന്റെ ഡാറ്റയൊക്കെ വെച്ച് സ്വന്തം പേരില്‍ പേപ്പറുകള്‍ ഉണ്ടാക്കുന്ന സമയത്താണ് 90 ശതമാനവും മാഷ് എഴുതിയ പേപ്പര്‍ എന്നെ കൊണ്ട് ചെയ്യിച്ചത്. എന്റെയും പേര് അതില്‍ വെച്ചിരുന്നു'' അദ്ദേഹം ഓര്‍ക്കുന്നു.

അന്നത്തെ സര്‍ക്കാരിന്റെ സൈലന്റ്വാലി പ്രൊജക്ടിനോടുള്ള അനുകൂല നിലപാടിനെതിരെയായിരുന്നു ഈ പേപ്പര്‍. വനപ്രദേശം നശിപ്പിച്ചുകൊണ്ട് ഒരു പദ്ധതിയും പാടില്ല എന്നാണ് ഡാറ്റ വെച്ച് അവതരിപ്പിച്ചത്. അവതരണം കഴിഞ്ഞ് തിരിച്ചുവന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ടുപേര്‍ക്കും സര്‍ക്കാരില്‍നിന്നും മെമ്മോ വന്നു. സര്‍ക്കാര്‍ നയത്തിനെതിരായി പേപ്പര്‍ അവതരിപ്പിച്ചു, അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല എന്നൊക്കെയായിരുന്നു അതില്‍. 

''എനിക്ക് ആദ്യത്തെ അനുഭവമായതിനാല്‍ പേടിയായി. എന്നാല്‍ പ്രസാദ് മാഷ് പറഞ്ഞത് അത് ഞാന്‍ നോക്കിക്കൊള്ളാം, സയിന്റിസ്റ്റ് എന്ന നിലയിലുള്ള കണ്ടെത്തലുകള്‍ സെക്രട്ടേറിയറ്റിലെ ഗുമസ്തനെ കാണിച്ച് അനുമതി വാങ്ങേണ്ട കാര്യമില്ല എന്നായിരുന്നു. പിന്നീട് അതില്‍ നടപടി ഒന്നും ഉണ്ടായതുമില്ല. പിന്നീടും പല പ്രാവശ്യം മാഷിനൊപ്പം സൈലന്റ്വാലിയില്‍ പോയിരുന്നു'' രാമകൃഷ്ണന്‍ മാഷ് പറയുന്നു.

സൈലന്റ്വാലി ഗവേഷണത്തിന് ശേഷം ഫോറസ്റ്റ് കണ്‍സര്‍വേഷനിലായിരുന്നു രാമകൃഷ്ണന്‍ പാലാട്ടിന്റെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സ്റ്റഡീസിലായിരുന്നു ഗവേഷണം. പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആയിരുന്നു ഗൈഡ്. 

ഇ.സി.ജി. സുദര്‍ശനും അന്നവിടെ പ്രൊഫസറായിരുന്നു. എം.കെ. പ്രസാദിനെ പരിചയപ്പെടണം എന്ന് ഒരു ദിവസം ഗാഡ്ഗില്‍ പറഞ്ഞു. അങ്ങനെ രാമകൃഷ്ണന്‍ മാഷാണ് ഗാഡ്ഗിലിനെയും കൂട്ടി എം.കെ. പ്രസാദിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. പിന്നീട് ഗാഡ്ഗിലും എം.കെ. പ്രസാദും നല്ല സുഹൃത്തുക്കളായി. ഒരുമിച്ച് പല പ്രവര്‍ത്തനങ്ങളും നടത്തി.

മാധവ് ഗാഡ്ഗിലും രാമകൃഷ്ണന്‍ മാഷും നല്ല സുഹൃത്തുക്കളാണ്. കോഴിക്കോട്ടെ വീട്ടില്‍ വന്ന് ഗാഡ്ഗില്‍ താമസിക്കാറുണ്ട്. സൈലന്റ് വാലി, കരുവാരക്കുണ്ട്, മുത്തപ്പന്‍പ്പുഴ ഒക്കെ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഘട്ട്സ് എ ലവ് സ്റ്റോറി എഴുതുന്ന സമയത്ത് ഇടയ്ക്കിടെ വിളിച്ച് ഇവിടത്തെ കാര്യങ്ങളിലെ സംശയങ്ങളൊക്കെ ഗാഡ്ഗില്‍ രാമകൃഷ്ണന്‍ മാഷിനോട് ചോദിക്കും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കുന്ന കാലത്തും അദ്ദേഹം വീട്ടിലെത്തി മാഷുമായി സംസാരിക്കാറുണ്ടായിരുന്നു.

വെസ്റ്റേണ്‍ഘാട്ട്സ് ഇക്കോളജി സ്റ്റഡീസ് എന്ന പേരില്‍ അമേരിക്കയില്‍നിന്ന് ഗാഡ്ഗിലിന് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. പൂനെ മുതല്‍ കന്യാകുമാരി വരെയുള്ള ഓരോ കോളേജുകളെ തെരഞ്ഞെടുത്ത് അവിടത്ത് ഒരു ലക്ചററുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ആ പഠനം നടത്തിയത്. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനേയും തെരഞ്ഞെടുത്തിരുന്നു. ഞാനായിരുന്നു ഇവിടെ കോ ഓര്‍ഡിനേറ്റ് ചെയ്തത്. അതിന്റെ ഭാഗമായി എന്റെ വിദ്യാര്‍ത്ഥികളെയും കൊണ്ട് പശ്ചിമഘട്ടത്തിന്റെ ഈ ഭാഗത്ത് മൂന്നുവര്‍ഷം സ്ഥിരമായി പോയികൊണ്ടിരുന്നു. ഇവിടെ മുത്തപ്പന്‍ പുഴ എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് ഞങ്ങള്‍ ക്യാമ്പ് ചെയ്തത്. ആ പുഴ കടന്നാല്‍ കാടാണ്. അന്ന് പബ്ലിഷ് ചെയ്ത പേപ്പറുകള്‍ക്കെല്ലാം ഞാനെന്റെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. പ്രസാദ് മാഷുമായുള്ള സൗഹൃദമാണ് എനിക്ക് അങ്ങനെ ചെയ്യാന്‍ പ്രേരണയായത്. ഗാഡ്ഗിലും അത് പ്രോത്സാഹിപ്പിച്ചിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുന്‍പുവരെ പ്രസാദ് മാഷ് വിളിച്ച് സംസാരിച്ചിരുന്നു. ഗാഡ്ഗില്‍ അദ്ദേഹത്തിന്റെ കുറെ വര്‍ക്കുകള്‍ ചേര്‍ത്ത് എഴുതിയ വെസ്റ്റേണ്‍ഘട്ട്സ് എ ലവ് സ്റ്റോറി എന്ന ബുക്കിന്റെ മലയാളം പരിഭാഷ എറണാകുളത്തുവെച്ച് പ്രസാദ് മാഷായിരുന്നു പ്രകാശനം ചെയ്യേണ്ടിയിരുന്നത്. അതിന്റെ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചിരുന്നു. മാഷും ഭാര്യ ഷേര്‍ളി ടീച്ചറും ഞങ്ങളൊരു വീട് പോലെ കഴിഞ്ഞിരുന്നതായിരുന്നു''- അദ്ദേഹം പറയുന്നു.

1967 കാലത്താണ് രാമകൃഷ്ണന്‍ മാഷ് ഗവേഷണം തുടങ്ങിയത്. ആ കാലത്ത് പലരും ലാബില്‍ ഇരുന്നുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ മാഷ് പോയത് കാട്ടിലേക്കായിരുന്നു. സൈലന്റ്വാലിയില്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ ഉപേക്ഷിച്ച ഷെഡില്‍ കിടന്നുറങ്ങി എത്രയോ ദിവസങ്ങള്‍ കാട്ടില്‍ താമസിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍  സ്പെസിമെന്‍ കളക്ടറായിരുന്ന അബൂബക്കറും ചിലപ്പോള്‍ കൂട്ടിനുണ്ടാവും. കാട്ടില്‍ കഞ്ഞിയൊക്കെ ഉണ്ടാക്കി കഴിച്ച് നടത്തിയ എത്രയോ വനയാത്രകള്‍. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യപ്രകാരം അന്ന് പോയ സ്ഥലങ്ങളിലൂടെ 2009-ല്‍ രാമകൃഷ്ണന്‍ മാഷ് വീണ്ടും ഒരു യാത്ര നടത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു. സൈലന്റ് വാലി മുതല്‍ കരുവാരക്കുണ്ട് വരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോയി കാടിന്റെ മാറ്റങ്ങള്‍ തയ്യാറാക്കി നല്‍കുകയായിരുന്നു. പദ്ധതി പാടില്ല എന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കര്‍ക്കശമായി പറഞ്ഞതുകൊണ്ടാണ് സൈലന്റ് വാലി പദ്ധതി നിര്‍ത്തിയത് എന്ന് മാഷ് പറയുന്നു. സ്‌കോട്ലണ്ടില്‍ വേള്‍ഡ് വില്‍ഡര്‍നസ് കോണ്‍ഗ്രസ്സില്‍ സൈലന്റ്വാലിയെ കുറിച്ച് രാമകൃഷ്ണന്‍ പാലാട്ട് ഒരു പേപ്പര്‍ അവതരിപ്പിച്ചിരുന്നു. ഇന്ദിര ഗാന്ധി ഇടപെട്ട്  സൈലന്റ്വാലി പദ്ധതി അപ്പോഴേക്കും നിര്‍ത്തിയിരുന്നു. ഇക്കാര്യം കൂടി അദ്ദേഹം അവിടെ പറഞ്ഞു. പേപ്പര്‍ അവതരണത്തിനു ശേഷം അവര്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് മീറ്റിങ്ങിന്റേതായി ഒരു ഫാക്സ് അയച്ചു. പേപ്പര്‍ അവതരിപ്പിച്ചതിനെയും സൈലന്റ്വാലി പദ്ധതിയില്‍ ഇന്ദിര ഗാന്ധി നടത്തിയ ഇടപെടലിനെ അഭിനന്ദിച്ചും കൊണ്ടായിരുന്നു അത്. 

നന്മയുടെ വെളിച്ചമായി പ്രശാന്തി

2000-ല്‍ അദ്ധ്യാപനത്തില്‍നിന്നും റിട്ടയര്‍ ആയ ശേഷം രാമകൃഷ്ണന്‍ മാഷ് തെരഞ്ഞെടുത്തത് സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പുതിയ വഴിയായിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍. അതിനായി നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റുണ്ടാക്കി പ്രശാന്തി എന്ന പേരില്‍ സ്‌കൂള്‍ തുടങ്ങി. 21 വര്‍ഷമായി ഈ കുട്ടികള്‍ക്കൊപ്പമാണ് മാഷിന്റെ ജീവിതം. 103 പേരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. തികച്ചും വ്യത്യസ്തമായ ഒരു മേഖലയിലേക്ക് തിരിയാന്‍ മാഷിന് ഒരു കാരണമുണ്ടായിരുന്നു. കോളേജ് കാലത്ത് ഉള്ളുലഞ്ഞു പോയ ഒരു അനുഭവത്തിന്റെ തുടര്‍ച്ചയാണ് പ്രശാന്തി. ക്ലാസ്സ് മുറികളിലെ പഠിപ്പിക്കലിനപ്പുറം കുട്ടികളെ അറിയാനും മനസ്സിലാക്കാനും ശ്രമിച്ച അദ്ധ്യാപകനായിരുന്നു അദ്ദേഹം. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടി കുറേ ദിവസമായി ക്ലാസ്സിലെത്തിയില്ല. പലരോടും അന്വേഷിച്ചിട്ടും വിവരങ്ങളൊന്നും കിട്ടിയില്ല. ഒരു ദിവസം മാഷ് കുട്ടിയെ അന്വേഷിച്ച് അവളുടെ വീട്ടിലെത്തി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു കൂരയായിരുന്നു അത്. അവളുടെ ഉടുപ്പ് കീറിപ്പോയി. കോളേജിലേക്ക് ഇടാന്‍ കുപ്പായമില്ലാത്തതിനാലാണ് അവള്‍ ക്ലാസ്സില്‍ വരാതിരുന്നത്. അവളുടെ അമ്മ റോഡ് പണിക്ക് പോയി കിട്ടുന്ന 25 രൂപയായിരുന്നു അവരുടെ വരുമാനം. അദ്ധ്യാപകരോട് ആരോടെങ്കിലും പറയാമായിരുന്നില്ലേ, കോളേജില്‍ അതിനൊക്കെ ഫണ്ട് ഉണ്ട്,  അത് ശരിയാക്കാം ക്ലാസ്സില്‍ വരണം എന്ന് പറഞ്ഞ് ഇറങ്ങാന്‍ നേരം പിന്‍വശത്തുനിന്ന് ഒരു ശബ്ദം കേട്ടു. പോയി നോക്കിയപ്പോള്‍ ഇവളുടെ രണ്ട് അനിയന്‍മാരെ ഒരു തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നു. അവര്‍ക്കുള്ള കഞ്ഞി ഒരു പാത്രത്തില്‍ വെച്ചിട്ടുണ്ട്. കുട്ടികള്‍ വഴിയിലൂടെ പോകുന്നവരെയൊക്കെ പോയി തൊട്ട് ചെളിയാക്കുന്നതിനാല്‍ നാട്ടുകാര്‍ താക്കീത് നല്‍കിയതാണ്. മറ്റ് വഴിയില്ലാതെ കെട്ടിയിട്ടിരിക്കുന്നു. കാര്യമായ മാനസിക വൈകല്യങ്ങളൊന്നും കുട്ടികള്‍ക്കുണ്ടായിരുന്നില്ല എന്ന് മാഷ് പറയുന്നു. ഹൈപ്പര്‍ ആക്ടീവ് ആണെന്നേ ഉള്ളൂ. സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനുള്ള പണം ആ കുടുംബത്തിന് ഇല്ല. തിരിച്ചു വന്നിട്ടും ഈ കാഴ്ച മാഷിന്റെ ഉള്ളില്‍നിന്ന് മാഞ്ഞില്ല. അന്നേ തീരുമാനിച്ചു റിട്ടയര്‍മെന്റിന് ശേഷം ഇത്തരം കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണം. 

ഇതിനായി ഭാരതീയാര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സ്പെഷ്യല്‍ ചൈല്‍ഡ് എഡ്യുക്കേഷനില്‍ ബി.എഡ്. എടുത്തു. ആറുകുട്ടികളുമായി ഒറ്റ മുറിയില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 103 കുട്ടികളുണ്ട്. കോഴിക്കോട് പന്തീരങ്കാവില്‍ 75 സെന്റ് സ്ഥലവും കെട്ടിടവും 40 ജീവനക്കാരുമുള്ള സ്ഥാപനമായി പ്രശാന്തിയുടെ നന്മ വളര്‍ന്നു. മികച്ച സ്ഥാപനത്തിനുള്ള കേന്ദ്ര- സംസ്ഥാന അവാര്‍ഡുകളും പ്രശാന്തിക്ക് ലഭിച്ചു. ഡോക്ടര്‍മാരുടേയും ടീച്ചര്‍മാരുടേയും സേവനം ലഭ്യമാക്കുന്ന സ്ഥാപനത്തില്‍ ഒരു വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുണ്ട്. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തികൊടുക്കാനും തുടര്‍ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാനും സ്ഥാപനത്തിലൂടെ കഴിയുന്നുണ്ട്. അന്‍പതോളം കുട്ടികളെ സാധാരണ സ്‌കൂളിലേക്ക് അയക്കാനും പ്രശാന്തിയുടെ പരിശീലനത്തിലൂടെ സാധിച്ചു. മാഷിന്റെ വിദ്യാര്‍ത്ഥികളുടേയും സുഹൃത്തുക്കളുടേയും സഹകരണത്തോടെയാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. കോളേജ് അദ്ധ്യാപികയായിരുന്ന ഭാര്യ സീതയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ട്.

കുട്ടികളുടെ പ്രിയപ്പെട്ട മാഷ്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച അദ്ധ്യാപകനുള്ള പ്രൊഫ. ഗനി അവാര്‍ഡ് രാമകൃഷ്ണന്‍ മാഷിന് ലഭിച്ചിട്ടുണ്ട്. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്, കോടഞ്ചേരി ആര്‍ട്സ് കോളേജ്, മടപ്പള്ളി കോളേജ്, കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ധ്യാപനം. ക്ലാസ്സ് മുറിയിലും പുറത്തും മാഷ് നല്‍കിയ സ്നേഹം പല രീതിയിലാണ് വിദ്യാര്‍ത്ഥികള്‍ തിരിച്ചു നല്‍കുന്നത്. മാഷിന്റെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് പ്രശാന്തിയില്‍ എത്തുന്ന ഡോക്ടര്‍മാരില്‍ പലരും. സ്ഥാപനത്തിന് പലതരത്തിലും സഹായകമാവുന്നത് മാഷിന്റെ 'കുട്ടികളാണ്.'

മാഷിന്റെ ജീവചരിത്രം 'മുണ്ടക്കോട്ടുക്കുറിശ്ശിയില്‍നിന്ന് ഇവിടെ വരെ' എന്ന പുസ്തകം എഴുതിയത് അദ്ദേഹം പഠിപ്പിച്ച ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ്. 

സജിത്ത്, പ്രസൂണ്‍, ദേവാനന്ദ്, രാജേഷ്, മുജീബ്, മിന്‍ഹാസ്, ശ്രീലാല്‍ എന്നിവരാണ് പുസ്തകം തയ്യാറാക്കിയത്. അവര്‍ തന്നെയാണ് പുസ്തകം പബ്ലിഷ് ചെയ്തതും. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അടുത്ത മാസം പുറത്തിറങ്ങും. രാമകൃഷ്ണന്‍ മാഷിന് കാന്‍സര്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ലണ്ടനില്‍നിന്ന് എത്തിയത് പഴയ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഡോ. സുനു ആയിരുന്നു. 21 ദിവസത്തെ ഇടവേളയില്‍ കീമോതെറാപ്പി ചെയ്തിരുന്നു. മൂന്ന് ദിവസം ആശുപത്രിയില്‍ കഴിയണം. ഇതിനുവേണ്ടി മാത്രം 21 ദിവസമാകുമ്പോള്‍ 'മാഷിന്റെ കുട്ടി' ലണ്ടനില്‍നിന്നും കോഴിക്കോട്ടെത്തും. റിട്ടയര്‍ ചെയ്ത് 21 വര്‍ഷത്തിന് ശേഷവും വിദ്യാര്‍ത്ഥികളുടെ സ്നേഹം മാഷിനെ തേടിയെത്തുന്നുണ്ട്. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ കണ്ണനെന്ന നായക്കുട്ടിയുമുണ്ട് മാഷിന്. കഴിഞ്ഞ മാസം കണ്ണന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു മാഷ്. മാഷിന്റെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ സഫലമീ യാത്ര എന്നാണ് എനിക്ക് ജീവിതത്തെക്കുറിച്ച് തോന്നുന്നത് എന്ന് രാമകൃഷ്ണന്‍ മാഷ് പറഞ്ഞു നിര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com