തൃശൂരില്‍ എസ്.പിയായി എത്തുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം അവിടെ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന പൊലീസിന് എതിരായ വാര്‍ത്തകളായിരുന്നു. തൊഴില്‍പരമായി ഉന്നതനിലവാരം പുലര്‍ത്തിയ ധാരാളം ഉദ്യോഗസ്ഥര്‍ അന്ന് അവിടെ ഉണ്ടായിരുന്നു. പ്രമാദമായ പല കേസുകളും തെളിഞ്ഞിട്ടുമുണ്ട്. പല മേഖലകളിലും മികച്ച നേട്ടമുണ്ടായെങ്കിലും പൊലീസ് വിരുദ്ധത വാര്‍ത്തകളില്‍ അല്പം അതിരുകടന്നപോലെ അനുഭവപ്പെട്ടു. എങ്കിലും അതൊരു വലിയ പ്രശ്‌നമായി ഞാന്‍ കണ്ടില്ല. പൊലീസ് നേരെ ചൊവ്വേ ജോലി ചെയ്താല്‍ പിന്നെ പ്രതിച്ഛായ ഉണ്ടാക്കാന്‍ കുറുക്കുവഴി തേടേണ്ടതില്ല എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. അതായിരുന്നു അനുഭവം.
തുടക്കത്തില്‍ തന്നെ ജില്ലാ കളക്ടര്‍ എന്നോട് ഒരു പൊലീസ് സംരക്ഷണത്തിന്റെ കാര്യം പറഞ്ഞു. തൃശൂര്‍ ടൗണില്‍ ഏതോ അബ്കാരി ബിസിനസ്സുകാരന്റെ റെവന്യൂ റിക്കവറി നടത്തുന്നതിനായിരുന്നു. പൊലീസിന് അത് ഭാരിച്ച ജോലിയൊന്നുമല്ല. ഒരു എസ്.ഐയും ഏതാനും പൊലീസുകാരും മതി. റവന്യൂ റിക്കവറി നടപടിക്കു പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുവാനാണ് പൊലീസ്. ഇച്ഛാശക്തിയോടുകൂടി നടപടിയുമായി മുന്നോട്ട് പോയാല്‍ വലിയ എതിര്‍പ്പൊന്നുമുണ്ടാകില്ല. നേരിട്ട് ഉദ്യോഗസ്ഥരെ അക്രമിച്ചു നടപടി നിര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന രീതി കേരളത്തില്‍ സാധാരണമല്ല. രാഷ്ട്രീയമോ മറ്റ് രീതിയിലോ ഉള്ള സമ്മര്‍ദ്ദം ഉപയോഗിച്ച് നടപടി നിര്‍ത്തിവെയ്ക്കാന്‍ ശ്രമിച്ചേക്കാം. കളക്ടര്‍ റവന്യൂ റിക്കവറിയുടെ കാര്യം പറഞ്ഞപ്പോള്‍, ഞാന്‍ സംരക്ഷണം ഉറപ്പുകൊടുത്തു. എവിടെ, എപ്പോള്‍ സംരക്ഷണം നല്‍കണം എന്നതിനു നടപടി നടത്തുന്നതിന് അല്പം മുന്‍പ് മാത്രം അറിയിച്ചാല്‍ മതിയെന്നു പറഞ്ഞു. അക്കാര്യത്തിന് കത്തൊന്നും ആവശ്യമില്ലെന്നും അരമണിക്കൂര്‍കൊണ്ട് ഏര്‍പ്പാടാക്കാവുന്ന കാര്യമേ ഉള്ളു എന്നും അറിയിച്ചു. ഏതാനും ദിവസം കഴിഞ്ഞ് കളക്ടര്‍ എന്നോട് റവന്യൂ റിക്കവറി തീരുമാനമായെന്നും അതിന്റെ തിയ്യതിയും അറിയിച്ചു. വേണ്ട ഏര്‍പ്പാട് ചെയ്യാമെന്നും പൊലീസ് എവിടെ എത്ര മണിക്ക് എത്തണമെന്ന് പിന്നീട് എന്നെ അറിയിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഇക്കാര്യം മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. സംഭവത്തിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ആരോടും പറയാതിരുന്നത്. മാത്രവുമല്ല, മുന്‍കാലങ്ങളില്‍ കളക്ടര്‍ പ്ലാന്‍ ചെയ്ത ചില റെയ്ഡുകള്‍ വിജയിക്കാതെ പോയത്, പൊലീസില്‍നിന്ന് വിവരം ചോര്‍ന്നുപോയതുകൊണ്ടാണെന്നു വാര്‍ത്തകളുണ്ടായിരുന്നു. റിക്കവറി നടപടി നടക്കും എന്ന് പറഞ്ഞതിന്റെ തൊട്ട് തലേന്ന് കളക്ടര്‍ എന്നെ ഫോണ്‍ ചെയ്തു. നടപടി മാറ്റിവച്ചതായി അറിയിച്ചു. അതിന്റെ കാരണമൊന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചുമില്ല.
ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഏറ്റുമുട്ടല്‍
അതങ്ങനെ പോയെന്നു കരുതിയിരിക്കുമ്പോള്‍ ചില പ്രധാന പത്രങ്ങളില്‍ അക്കാര്യം സംബന്ധിച്ച് ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. പൊലീസിനെ കുറ്റപ്പെടുത്തി ആയിരുന്നു വാര്‍ത്ത. കളക്ടര്‍ പരമരഹസ്യമായി ആസൂത്രണം ചെയ്ത റെയ്ഡ് വിവരം പൊലീസ് ചോര്‍ത്തിയത്രേ. പൊലീസ് ചോര്‍ത്തിയെങ്കില്‍ 'ചോരന്‍' ഞാന്‍ തന്നെ ആയിരിക്കണം. കാരണം, കളക്ടര്‍ എന്നോട് പറഞ്ഞ റെയ്ഡ് വിവരം ഞാന്‍ മറ്റൊരാളോടും പറഞ്ഞിരുന്നില്ല. എന്നിട്ടും പൊലീസിനെ കുറ്റപ്പെടുത്തി വാര്‍ത്തയുണ്ടായി. തൃശൂരിലെ പൊലീസ് വിരുദ്ധ വാര്‍ത്തകളുടെ ഒരു ഉറവിടം ഏതാണെന്നതില്‍ സംശയം ജനിച്ചു. നിയമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രസക്തമായ സാഹചര്യത്തെളിവ്; അത്രമാത്രം. ഒരു പ്രശ്‌നമുണ്ടല്ലോ എന്നു മനസ്സില്‍ തോന്നിയെങ്കിലും എടുത്തുചാടി ഒന്നും ചെയ്തില്ല. പൊലീസിന് എതിരായ വാര്‍ത്തയില്‍ പ്രതികരിച്ചില്ല. പ്രതികരണത്തിലൂടെ വിവാദത്തിന് തിരികൊളുത്തേണ്ട എന്നു കരുതി. തെറ്റായ ഒരു വാര്‍ത്തയിലൂടെ മാത്രം നഷ്ടപ്പെടുന്ന ഒന്നല്ലല്ലോ പൊലീസ് ഇമേജ്. പൊലീസ്-റവന്യൂ ഏറ്റുമുട്ടല്‍ എന്ന പ്രതീതി ജില്ലയില്‍ നേരത്തേ നിലനിന്നിരുന്നു. ഭാവിയില്‍ അടിസ്ഥാനമില്ലാതെ, പൊലീസിനെതിരെ ഇത്തരം വാര്‍ത്തയുണ്ടാവുകയാണെങ്കില്‍ അപ്പോള്‍ നോക്കാം എന്ന് കരുതി. പൊലീസിനെ കരിവാരി തേച്ച് സ്വയം ഹീറോ ചമയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ദീര്‍ഘകാലം അത് അവഗണിക്കാനും പറ്റില്ലല്ലോ.
എവിടേയും എങ്ങനേയും സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ വ്യഗ്രതയുള്ള ചില മനുഷ്യരെക്കുറിച്ച് ജനപ്രിയ എഴുത്തുകാരനായിരുന്ന ഖുഷ്വന്ത് സിംഗ് എഴുതിയിട്ടുണ്ട്. അത്തരക്കാരന് ഏതു വിവാഹത്തിലും വരന്റെ സ്ഥാനം വേണം; ശവസംസ്‌കാരമാണെങ്കില്‍ ശവമായാലും കുഴപ്പമില്ല, ശ്രദ്ധിക്കപ്പെടണം എന്നേ ഉള്ളുവത്രെ. ഈ മാനസികാവസ്ഥയാണോ വിവാദം സൃഷ്ടിച്ച് വാര്‍ത്താതാരമാകാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ നയിക്കുന്നത്? ഏതായാലും ജനങ്ങള്‍ക്കോ സര്‍വ്വീസിനോ സര്‍ക്കാരിനോ അത് ഗുണകരമല്ല. അധികം വൈകാതെ ജില്ലാ കളക്ടര്‍ക്ക് മാറ്റമുണ്ടായി. ആദ്യത്തേതുപോലുളള വാര്‍ത്തകള്‍ പിന്നീട് പൊലീസിനെതിരെ ഉണ്ടായില്ല എന്നത് തികച്ചും ആകസ്മികമാകാം.
ആയിടെ അല്പം കൗതുകം ജനിപ്പിച്ച ഒരു സംഭവമുണ്ടായത് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ രാമനിലയത്തില്‍ വന്നപ്പോഴാണ്. രാത്രിയില്‍ വൈകിയെത്തിയ അദ്ദേഹത്തെ രാവിലെയാണ് ഞാന്‍ സന്ദര്‍ശിച്ചത്. അദ്ദേഹം കാപ്പി കുടിക്കുകയായിരുന്നു. തലേന്ന് കുന്നംകുളത്തുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം ശ്രദ്ധയോടെ കേട്ടു. അതിനിടെ ഒരു യുവ ഐ.എ.എസ് ഓഫീസറും മുറിയില്‍ വന്നു. ഔപചാരികത വെടിഞ്ഞുള്ള അയാളുടെ സംഭാഷണം മുഖ്യമന്ത്രി ആസ്വദിക്കുന്നതുപോലെ എനിക്കു തോന്നി. സംഭാഷണത്തില്‍ ഉത്തരേന്ത്യയിലെ ഭൂപ്രകൃതി, കാലാവസ്ഥ, മരുഭൂമി, ഒട്ടകം അങ്ങനെ പലതും കടന്നുവന്നു. അതെല്ലാം മുഖ്യമന്ത്രിയും രസിച്ച് കേട്ടുകൊണ്ടിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍, 'ഇമാലഹ, ്‌ലൃ്യ യലമൗശേളൗഹ' എന്നൊക്കെ ഇടയ്ക്കിടെ അദ്ദേഹവും കൂട്ടിച്ചേര്‍ത്തു. ആ ഉദ്യോഗസ്ഥനാകട്ടെ, ''താന്‍ എവിടെയായാലും സത്യസന്ധമായി സേവനം ചെയ്യു''മെന്നും ''കേരളം മനോഹരമാണെ''ന്നും ഒക്കെ പറഞ്ഞ് പതുക്കെ കേരളത്തിലെത്തി. ഉടനെ വന്നു ശ്രീ നായനാരുടെ ചോദ്യം: ''താന്‍ വയനാട് പോയോ?'' തുടര്‍ന്ന് 'Sulthan's Battery (സുല്‍ത്താന്‍ ബത്തേരി) അറിയാമോ?'' എന്നും മറ്റും ചോദിച്ചു. താനവിടെ പണ്ട് ഒളിവില്‍ താമസിച്ചിട്ടുണ്ടെന്നും നല്ല സ്ഥലമാണെന്നും എല്ലാം അദ്ദേഹം പറഞ്ഞു. വേഗം വയനാട്ടില്‍ പോകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം. അപ്പോഴേയ്ക്കും ആ ഉദ്യോഗസ്ഥന്‍ അതുവരെ പ്രകടിപ്പിച്ച വാക്ചാതുരി പെട്ടെന്ന് അപ്രത്യക്ഷമായി. വയനാട്ടേയ്ക്കുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ഒഴിവാക്കുകയായിരുന്നു സന്ദര്‍ശനോദ്ദേശ്യം എന്നെനിക്കു തോന്നി. പക്ഷേ, വിഷയം ഉന്നയിക്കാന്‍ പോലും കഴിയാത്തവിധത്തില്‍ നായനാര്‍ അത് കൈകാര്യം ചെയ്തു. ആ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ഭരണവൈഭവം അത്ഭുതാവഹമായിരുന്നു. ഐ.എ.എസ്/ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മത്സരപ്പരീക്ഷയില്‍ മാര്‍ക്ക് നേടാനുള്ള ബുദ്ധിയും കഴിവും ഉണ്ടായിരിക്കാം. ധാരാളം ജനങ്ങളുമായി അടുത്ത് ഇടപഴകി വളര്‍ന്നുവന്ന ഒരു രാഷ്ട്രീയ നേതാവിനു മനുഷ്യനെ മനസ്സിലാക്കാനും വിലയിരുത്താനും വേഗത്തില്‍ കഴിയും. അക്കാര്യത്തില്‍ ഉദ്യോഗസ്ഥന് പ്രാപ്തനായ രാഷ്ട്രീയനേതാവിനെ തോല്‍പ്പിക്കാനാവില്ല. നാഷണല്‍ പൊലീസ് അക്കാദമിയില്‍ വച്ച് പുതുതായി സര്‍വ്വീസില്‍ വരുന്ന ഐ.പി.എസ് പ്രൊബേഷണര്‍മാരോട് ഞാന്‍ ഈ 'വിജ്ഞാനം' വിളമ്പിയിട്ടുമുണ്ട്.
തൃശൂരില്‍ എസ്.പി ആയെത്തി അധികം കഴിയും മുന്‍പ് രാജുനാരായണസ്വാമി അവിടെ കളക്ടറായെത്തി. ആലപ്പുഴയില്‍ എസ്.പി ആയിരിക്കെ അവിടെ സബ്കളക്ടറായിരുന്ന അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമായിരുന്നു. അതുതന്നെ തൃശൂരിലും തുടര്‍ന്നു. തികഞ്ഞ സത്യസന്ധതയോടെ അതികഠിനമായി ജോലിയില്‍ മുഴുകിയ അദ്ദേഹം ധാരാളം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും റവന്യൂ റിക്കവറിയിലും മറ്റും മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നു. പൊതുപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും എല്ലാം സഹകരിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. നഗരത്തില്‍ പടിഞ്ഞാറെ കോട്ടഭാഗത്ത് ഗതാഗതവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ഒണ്‍വേ പ്രശ്‌നം അന്നവിടെ അല്പം തലവേദന സൃഷ്ടിച്ചിരുന്നു. അത് പരിഹരിക്കാന്‍ കളക്ടര്‍ മുന്‍കൈ എടുത്തപ്പോള്‍ പൊലീസും പൂര്‍ണ്ണമായും സഹകരിച്ചു.
ഒരു ദിവസം ഉച്ചകഴിഞ്ഞ നേരത്ത് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തെ കുറെ പേര്‍ ഓഫീസില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഉടന്‍ എത്തണമെന്നുമായിരുന്നു പറഞ്ഞത്. പാലക്കാട് കളക്ടറെ ബന്ധിയാക്കിയിട്ട് അധികം കാലമായിരുന്നില്ല. അതാണെനിക്ക് ഓര്‍മ്മ വന്നത്. ഞാനുടന്‍ കളക്ടറുടെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ മുറിയില്‍ കുറെ സ്ത്രീകള്‍ കടന്നുകയറി ഇരിക്കുകയായിരുന്നു. ഓഫീസ് സ്റ്റാഫില്‍ ചിലരും പത്രഫോട്ടോഗ്രാഫര്‍മാരും എത്തിയിട്ടുണ്ട്. വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍നിന്ന് പൊലീസും അവിടെയുണ്ട്. ആദിവാസികളുടെ പേരിലുള്ള ഒരു പ്രാദേശിക സംഘടനയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ പരിപാടിയായിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു കാരണം. പക്ഷേ, കളക്ടര്‍ക്ക് അതിലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാനെത്തുമ്പോള്‍ അവിടെ മുദ്രാവാക്യം വിളികളും ബഹളവും ഒന്നുമുണ്ടായിരുന്നില്ല. ജില്ലാതലത്തില്‍ തനിക്ക് യാതൊന്നും ചെയ്യാനില്ലാത്ത കാര്യമാണ് ഇതെന്ന് വിശദീകരിച്ചിട്ടും പുറത്തുപോകില്ല എന്നു പറഞ്ഞ് ബലമായി വളഞ്ഞ് ഇരിക്കുകയാണെന്ന് കളക്ടര്‍ എന്നോടു പറഞ്ഞു. എങ്ങനെയെങ്കിലും പ്രകോപനം സൃഷ്ടിക്കുന്ന ഒരു രീതിയായിരുന്നു ആദിവാസി വിഷയം ഉന്നയിച്ചിരുന്ന ചില പ്രക്ഷോഭകര്‍ അന്ന് സ്വീകരിച്ചിരുന്നത്. കളക്ടറുടെ ഓഫീസിനുള്ളില്‍ വലിയ പിടിവലിയൊന്നും കൂടാതെ ബലപ്രയോഗം ഒഴിവാക്കി അവരെ പുറത്തിറക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി. അവരെ ഉള്ളില്‍ പറഞ്ഞുവിട്ടശേഷം നേതാവ് പിന്മാറിയിരുന്നു. കളക്ടറുടെ മുറിക്കുള്ളിലും പുറത്തും ആവശ്യത്തിന് പൊലീസ് എത്തിയിരുന്നതുകൊണ്ട് സുരക്ഷാപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. സമരക്കാരുടെ പ്രവൃത്തി നിയമലംഘനമാണെങ്കിലും ഓഫീസിനുള്ളില്‍ ബലപ്രയോഗം അഭികാമ്യമല്ല എന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. മാത്രവുമല്ല, കടുത്ത സാഹചര്യങ്ങളോട് ഏറ്റുമുട്ടി ജീവിക്കുന്ന മനുഷ്യര്‍ ബലപ്രയോഗം ഉണ്ടായാല്‍ എന്തിനും തയ്യാറാകും. അത് തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിനു മുന്നില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പ്രായോഗിക ബുദ്ധിക്കും നിയമസാധുതയ്ക്കും അപ്പുറം ഇതുപോലുള്ളിടത്ത് പൊലീസ് പരമാവധി സംയമനം പാലിക്കുക തന്നെ വേണം. അല്പം സമയം എടുത്തുവെങ്കിലും, ഞങ്ങളുടെ സംസാരത്തിലൂടെ, പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടാണ് അവരവിടെ കയറി കളക്ടറെ തടഞ്ഞുവെച്ചത് എന്ന് അവര്‍ക്കും മനസ്സിലായിരിക്കണം. ശുദ്ധഗതിക്കാരായ അവര്‍ക്ക് സമരതന്ത്രമൊന്നുമറിയില്ലല്ലോ. വളരെ വൈകാരികമായാണ് അവര്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ടൊക്കെയാകാം ''ഇനി നിങ്ങള്‍ പുറത്തുപോകണം'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ അവര്‍ പുറത്തേയ്ക്ക് നടന്നത്. പൊലീസ് തികച്ചും സമാധാനപരമായി അവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. അങ്ങനെ തൃശൂര്‍ കളക്ടറേറ്റിലെ ബന്ധിപ്രശ്‌നം വേഗം കഴിഞ്ഞു. ആ സ്ത്രീകളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ പൊലീസിന് നേരെ വന്നെങ്കിലും അതിനു വഴങ്ങിയില്ല. ഒരു സംഭവത്തിലുള്‍പ്പെട്ട വ്യക്തികളുടെ സ്റ്റാറ്റസ് അനുസരിച്ച് കേസിന്റെ വകുപ്പുകള്‍ ചെറുതും വലുതുമൊക്കെ ആകാറുണ്ട്. ഓണപ്പാട്ടില്‍ 'മാനുഷരെല്ലാരുമൊന്നുപോലെ' ആണെങ്കിലും പൊലീസ് കേസെടുക്കുമ്പോള്‍ അങ്ങനെയല്ല.
അക്കാലത്ത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പൊലീസിനു വലിയ പരിമിതികളുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനം പൊലീസ് സ്റ്റേഷനുകളാണല്ലോ. വാടകക്കെട്ടിടങ്ങളിലാണ് പല പൊലീസ് സ്റ്റേഷനുകളും പ്രവര്‍ത്തിച്ചിരുന്നത്. ഉള്ള സര്‍ക്കാര്‍ കെട്ടിടങ്ങളാകട്ടെ, പലതും വളരെ പഴകിയതും ഇടിഞ്ഞുപൊളിയാറായതുമായിരുന്നു. ആ ഗണത്തില്‍ പെട്ടതായിരുന്നു എരുമപ്പെട്ടി. അവിടെ ശക്തമായ ഒരു കാറ്റ് വീശിയപ്പോള്‍ എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്റെ ഓടെല്ലാം ഇളകി പറന്നത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അത്ര ശോചനീയമായിരുന്നു അവസ്ഥ. കാരണം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി തന്നെ. ഈ സാഹചര്യത്തില്‍ കളക്ടര്‍ രാജുനാരായണസ്വാമി ആ പൊലീസ് സ്റ്റേഷന്റെ രക്ഷകനായെത്തി. എരുമപ്പെട്ടി പ്രശ്‌നം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ ജില്ലയ്ക്കുള്ളില്‍ തന്നെ നമുക്ക് ഫണ്ട് കണ്ടെത്താം എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമായും പഞ്ചായത്തുകളെ ആശ്രയിക്കാനായിരുന്നു പരിപാടി. അദ്ദേഹം മുന്‍കൈ എടുത്ത് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും മറ്റ് ഉദ്യോഗസ്ഥന്മാരുടേയും യോഗം വിളിച്ചുകൂട്ടി. ഞാനും പങ്കെടുത്തു. പഞ്ചായത്തുകളുടെ സഹകരണത്തോടെ പൊലീസ് സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം എന്ന ആശയം പൊലീസ് പൊതുജനബന്ധം മെച്ചപ്പെടുത്തുന്നതിനും ഗുണകരമായിരുന്നു. ആ ആശയം പ്രാവര്‍ത്തികമാക്കിയതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും രാജുനാരായണസ്വാമിക്കുള്ളതാണ്. അധികം വൈകാതെ ജനകീയ സഹകരണത്തോടെയുള്ള എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണ ഉദ്ഘാടനം ആ പ്രദേശത്ത് ഒരുത്സവം പോലെ കൊണ്ടാടി. വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും സംസ്ഥാന ഡി.ജി.പി ബി.എസ്. ശാസ്ത്രി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും അതില്‍ പങ്കെടുത്തു. ചങ്ങമ്പുഴ കവിതയൊക്കെ സമൃദ്ധിയായി ഉദ്ധരിച്ചുകൊണ്ട് രാജുനാരായണസ്വാമി അന്നവിടെ നടത്തിയ എരുമപ്പെട്ടി വര്‍ണ്ണന എല്ലാപേരെയും രസിപ്പിച്ചു. അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു; ഞാനും.
അങ്ങനെ പല മേഖലകളിലും നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായ ഒരു സംഭവവികാസമുണ്ടായി. തുടക്കം, വളരെ ചെറിയ കാര്യമായിട്ടായിരുന്നു. കളക്ടറേറ്റില്‍ ഒരു യോഗം കഴിഞ്ഞ് മറ്റുള്ളവരെല്ലാം പോയശേഷം കളക്ടറും ഞാനും മാത്രമായി. ഔദ്യോഗിക യോഗങ്ങള്‍ അനാവശ്യമായി വലിച്ചുനീട്ടാതെ കഴിയുന്നത്ര പ്രസക്തമായ കാര്യങ്ങളില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്ന ശൈലിയായിരുന്നു കളക്ടറുടേത്. സമയം അദ്ദേഹം ഏറെ വിലമതിച്ചിരുന്നു. യോഗങ്ങള്‍ക്കു ശേഷം എന്നോട് മാത്രം ചുരുക്കം ചില കാര്യങ്ങള്‍ കൂടി സംസാരിക്കും. അതായിരുന്നു രീതി. അത്തരം ഒരു അവസരത്തില്‍ മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നും വാഹനങ്ങള്‍ താല്‍ക്കാലികമായി എടുക്കുന്ന കാര്യം സംസാരിച്ചു. തെരഞ്ഞെടുപ്പ്, പ്രകൃതിദുരന്തം തുടങ്ങിയ അവസരങ്ങളില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍നിന്നും വാഹനങ്ങള്‍ ആവശ്യപ്പെടേണ്ടിവരും. അതെല്ലാം ഏകോപിപ്പിക്കാനുള്ള അധികാരവും ചുമതലയും ജില്ലാകളക്ടറുടേതാണ്. അല്പം ബുദ്ധിമുട്ടുള്ള ഒരു ചുമതലയാണത്. വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കും. പ്രായോഗികമായ പല പ്രശ്‌നങ്ങളും കടന്നുവരും. ആവശ്യപ്പെടുന്ന വാഹനങ്ങള്‍ എല്ലായ്‌പ്പോഴും ലഭ്യമായെന്നു വരില്ല. ചിലത് ഓടുന്ന അവസ്ഥയിലായിരിക്കില്ല. ചിലത് ആ വകുപ്പിന് ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്കു വേണ്ടിവരും. അത്തരം സാഹചര്യങ്ങള്‍ പരസ്പരം ബോദ്ധ്യപ്പെട്ട് ചില നീക്കുപോക്കുകള്‍ വേണ്ടിവരും. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ഒരുതരം അനങ്ങാപ്പാറനയം സ്വീകരിച്ച് നിസ്സഹകരിക്കും. അവിടെ കളക്ടര്‍ക്ക് തന്റെ ചുമതല നിര്‍വ്വഹിക്കാന്‍ നിയമപരമായ അധികാരപ്രയോഗം അനിവാര്യമായി വരും. അത് അപൂര്‍വ്വമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം പിടിച്ചെടുക്കുന്നതില്‍ പൊലീസും പങ്കാളിയാകും.
നായനാരുടെ നയതന്ത്രം
ഒരു പിടിച്ചെടുക്കല്‍ വിഷയമായിരുന്നു അന്നത്തെ യോഗം കഴിഞ്ഞ് എന്നോട് സൂചിപ്പിച്ചത്. 'കില'യുടെ ഭാഗത്തുനിന്ന് വാഹനം നല്‍കാന്‍ വലിയ നിസ്സഹകരണമാണത്രെ. 'കില' എന്നാല്‍ 'KILA', കേരളാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍. ടിക്കാറാം മീണ ആയിരുന്നു അന്ന് 'കില'യുടെ തലവന്‍. അദ്ദേഹത്തിന്റെ കാറും ജില്ലാതലത്തില്‍ മറ്റു വകുപ്പുകളില്‍നിന്നും ലഭിക്കേണ്ടുന്ന വാഹനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 'കില' നിസ്സഹകരിക്കുകയാണെന്ന് കളക്ടര്‍ എന്നോട് പറഞ്ഞു. അവസാനം അത് അങ്ങനെ വിടാനാകില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഭരണപരമായ നിശ്ചയദാര്‍ഢ്യമാണോ അതോ വ്യക്തിനിഷ്ഠമായ താല്പര്യം ആയിരുന്നുവോ എന്നെനിക്കു വ്യക്തമായില്ല. ഏതായാലും ''അത് വേണോ?'' എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. 'കില' ഡയറക്ടര്‍, മുന്‍പ് തൃശൂരില്‍ തന്നെ കളക്ടറായിരുന്ന വ്യക്തിയായിരുന്നുവെന്നും അതുകൊണ്ട് ഇപ്പോഴത്തെ കളക്ടര്‍ തന്റെ മുന്‍ഗാമിയുടെ വാഹനം പിടിച്ചെടുക്കാന്‍ മുതിരുന്നത് പ്രശ്‌നങ്ങളുണ്ടാക്കും എന്ന് മനസ്സില്‍ തോന്നി. അത് ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്നായിരുന്നു എന്റെ അഭിപ്രായം. അത് ഞാന്‍ പറയുകയും ചെയ്തു. സംഭാഷണത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതായി കളക്ടര്‍ സൂചിപ്പിച്ചു. അതെനിക്ക് അത്ഭുതകരമായി തോന്നി; കാരണം, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അക്കാലത്ത് ചില സന്ദര്‍ഭങ്ങളില്‍ എന്നെയും വിളിച്ചിട്ടുണ്ടെങ്കിലും തെറ്റായതോ അനുചിതമായതോ ആയ ഒരു കാര്യവും എന്നോട് പറഞ്ഞിട്ടില്ല. വാഹനം പിടിച്ചെടുക്കലില്‍ തീരുമാനമെടുക്കാനുള്ള അധികാരം കളക്ടറുടേതാണ്. തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ ആവശ്യമായ പൊലീസ് സഹായം നല്‍കുക എന്ന ഉത്തരവാദിത്വമേ എനിക്കുള്ളു. കിലയുടെ മേധാവിയുടെ വണ്ടിപിടിത്തം ഒഴിവാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം എങ്കിലും, കളക്ടര്‍ അക്കാര്യത്തില്‍ തീരുമാനിച്ചാല്‍ പൊലീസ് നിയമപരമായ പിന്തുണ നല്‍കാം എന്ന് ഞാന്‍ പറഞ്ഞു. അന്ന്, അക്കാര്യം അങ്ങനെ അവസാനിച്ചു. ദിവസങ്ങള്‍ കടന്നുപോയെങ്കിലും ഇക്കാര്യത്തില്‍ ഒരനക്കവും കണ്ടില്ല. കളക്ടര്‍ അത് ഉപേക്ഷിച്ചിരിക്കും എന്ന് എനിക്കു തോന്നി. അങ്ങനെ ഇരിക്കേ ഒരു ദിവസം വൈകീട്ട് തൃശൂര്‍ ടൗണ്‍ വെസ്റ്റ് സി.ഐ. ജോണ്‍ ഓടിക്കിതച്ച് എന്റെ ഓഫീസിലെത്തി. 'കില'യില്‍ പോയി ഉടന്‍ ഒരു വണ്ടി പിടിക്കണമെന്ന് കളക്ടറുടെ ഓഫീസില്‍ വിളിപ്പിച്ച് പറഞ്ഞു എന്ന് ആ ഉദ്യോഗസ്ഥന്‍ എന്നെ അറിയിച്ചു. നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അക്കാര്യത്തില്‍ നിര്‍ദ്ദേശത്തിനാണ് ഉടന്‍ എന്നെ കണ്ടതെന്ന് സി.ഐ പറഞ്ഞു. ഇക്കാര്യത്തില്‍ കളക്ടറും ഞാനും തമ്മില്‍ ഉണ്ടായ ആശയവിനിമയത്തെക്കുറിച്ച് സി.ഐയെ ധരിപ്പിച്ചു. ഒരു കാരണവശാലും സര്‍ക്കാര്‍ വാഹനം പിടിച്ചെടുക്കാനൊന്നും പൊലീസ് ഇറങ്ങി പുറപ്പെടരുതെന്ന് ഞാന്‍ പറഞ്ഞു. ഏതെങ്കിലും വാഹനം പിടിച്ചെടുക്കാനുള്ള ഉത്തരവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടാല്‍ മാത്രം പൊലീസ് സഹായം നല്‍കാം. പൊലീസ് സഹായത്തിന്റെ പേരില്‍ എന്തു ചെയ്യാം എന്തു ചെയ്യാന്‍ പാടില്ല എന്നും ഞാന്‍ വിശദീകരിച്ചു കൊടുത്തു. വാഹനം പിടിക്കാന്‍ ഉത്തരവുമായി പോകുന്ന റവന്യൂ ഉദ്യോഗസ്ഥന് തല്ലുകൊള്ളരുത് എന്ന് ഉറപ്പാക്കുകയാണ് പൊലീസ് ജോലി എന്നായിരുന്നു പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. പൊലീസ് സംരക്ഷണം എന്നാല്‍ നിയമാനുസരണം പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ എന്നതിനപ്പുറം അവര്‍ ചെയ്യേണ്ട മറ്റ് ജോലികള്‍ ചെയ്യാനുള്ള ചുമതലയോ, ഉത്തരവാദിത്വമോ പൊലീസിനില്ല. വെസ്റ്റ് സി.ഐ. 'കില'യിലേയ്ക്ക് പോകുന്നില്ലെന്നു കണ്ടപ്പോള്‍ കളക്ടര്‍ ആ ഉദ്യോഗസ്ഥനെപ്പറ്റി എന്നോട് പരാതി പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പൊലീസിന്റെ പങ്ക് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുന്നതില്‍നിന്നും വ്യത്യസ്തമാണിത്. വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവുമായി ഒരു ഉദ്യോഗസ്ഥനെ അയയ്ക്കുകയാണെങ്കില്‍ നിയമാനുസരണം സംരക്ഷണം നല്‍കാമെന്ന് ഞാന്‍ പറഞ്ഞു. അവസാനം കില ഡയറക്ടര്‍ ടിക്കാറാം മീണയുടെ കാര്‍ പിടിച്ചെടുക്കാന്‍ ഒരു തഹസില്‍ദാരെ നിയോഗിച്ചു. തഹസില്‍ദാര്‍ക്ക് സംരക്ഷണവുമായി കൂടെ പൊലീസും പോയി. മീണയുടെ വാഹനം പിടിച്ചെടുക്കുന്നതില്‍ തഹസില്‍ദാര്‍ വിജയിച്ചു. തഹസില്‍ദാര്‍ക്ക് ദേഹോപദ്രവമൊന്നും ഏറ്റില്ല എന്നതിനാല്‍ പൊലീസും വിജയിച്ചു. പിടിച്ചെടുത്ത വാഹനം കിലയുടെ ഗേറ്റ് കടക്കുംമുന്‍പേ ടിക്കാറാം മീണ എന്നെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. പൊലീസ് അദ്ദേഹത്തിന്റെ വാഹനം പിടിച്ചെടുത്തിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. പിടിച്ചെടുത്തത് റവന്യൂ ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമേ പൊലീസ് ചെയ്തിട്ടുള്ളുവെന്നും പറഞ്ഞു. അദ്ദേഹം രാജുനാരായണസ്വാമിക്കെതിരെ കുറേ ആക്ഷേപങ്ങള്‍ നിരത്തിയശേഷം അയാളുടെ ഉത്തരവ് പൊലീസ് തള്ളിക്കളയേണ്ടതായിരുന്നു എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന് അതൊരു അഭിമാനപ്രശ്‌നമായി മാറിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തിപരമായ എന്റെ വീക്ഷണത്തിന് പ്രസക്തിയില്ലെന്നും നിയമത്തിന്റെ അതിരുകള്‍ക്കുള്ളില്‍നിന്നേ പൊലീസ് പ്രവര്‍ത്തിച്ചിട്ടുള്ളു എന്നും വ്യക്തമാക്കി. ഡി.ഐ.ജി മഹേഷ്‌കുമാര്‍ സിംഗ്ല സാറിനോടും അദ്ദേഹം പരാതി പറഞ്ഞു. പൊലീസ് നടപടിയെ അദ്ദേഹവും പൂര്‍ണ്ണമായും ന്യായീകരിച്ചു. പക്ഷേ, സംഭവം വലിയ കോലാഹലം സൃഷ്ടിച്ചു. വണ്ടിപിടിത്തം കളക്ടറും മുന്‍കളക്ടറും തമ്മിലുള്ള വിരോധവും പകപോക്കലും എന്ന നിലയില്‍ വിവാദം കത്തിക്കയറി. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഏറ്റുമുട്ടല്‍ എന്ന നിലയില്‍ അത് വലിയ വിവാദമായപ്പോള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. കളക്ടറെന്ന നിലയില്‍ നല്ല തുടക്കം കുറിച്ച രാജുനാരായണസ്വാമിയുടെ അകാല സ്ഥാനമാറ്റത്തിലാണത് കലാശിച്ചത്. നടന്നതെല്ലാം ഒഴിവാക്കേണ്ടിയിരുന്ന കാര്യങ്ങളായിരുന്നു എന്ന തോന്നല്‍ ബാക്കിയായി.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
