ഒരു കസ്റ്റഡി മരണം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ 

കസ്റ്റഡിമരണം, വലിയ ദുരന്തമാണ്; പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന  വെല്ലുവിളി. പരിശീലനകാലത്ത് തന്നെ ഇതുപോലുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ട് വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന ഉദാഹരണങ്ങളുണ്ട്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പരിശീലനത്തിലായിരുന്ന ഐ.പി.എസ് പ്രൊബേഷണര്‍ ശ്രീജിത്തിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ തൃശൂരില്‍ എസ്.പിയുടെ ക്വാര്‍ട്ടേഴ്സില്‍ ഉച്ചയുറക്കം തുടങ്ങിയിരുന്നു. ''സാര്‍ കഞ്ചാവിന്റെ ഒരു ഇന്‍ഫോര്‍മേഷന്‍ കിട്ടിയിട്ടുണ്ട്.'' കേട്ടു ശീലിച്ച പൊലീസ് ഭാഷയിലാണ് അത് പറഞ്ഞത്. തൊട്ടടുത്ത ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണത്രെ സംഭവം. അവിടെ പോയി അതു പിടിക്കാന്‍ അനുമതി തേടിയാണ് വിളിച്ചത്. പ്രൊസീഡിയര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നുമാത്രം ഓര്‍മ്മിപ്പിച്ച് അനുമതി നല്‍കി. ഞാന്‍ പിന്നെയും ഉച്ചയുറക്കം തുടര്‍ന്നു. ചൊട്ടയിലെ ശീലം ചുടലവരെ എന്ന് പറഞ്ഞപോലെ പൊലീസ് ജീവിതത്തിലേയ്ക്ക് പിച്ചവച്ച് തുടങ്ങിയ കാലത്ത് ഹൈദ്രബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ വച്ച് ആര്‍ജ്ജിച്ച ശീലമാണ് ഉച്ചയുറക്കം. വെളുപ്പിന് അഞ്ച് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ശാരീരികവും മാനസികവുമായ അതികഠിനമായ അദ്ധ്വാനത്തിനു വിധേയമാക്കിയാല്‍ ആരാണ് ഉറങ്ങിപ്പോകാതിരിക്കുക. വാതില്‍പ്പുറ കായികാദ്ധ്വാനത്തിന്റെ ക്ഷീണം മാറ്റാന്‍ ക്ലാസ്സ്മുറിയില്‍ ഇരുന്നുറങ്ങാനുള്ള വൈദഗ്ദ്ധ്യം ചില സുഹൃത്തുക്കള്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്ക് ആ വിദ്യ വഴങ്ങിയില്ല. അപ്പോള്‍ പിന്നെ ഉച്ചയുറക്കം മാത്രമായി ആശ്രയം. അതും പരമാവധി 30 മിനിട്ട്. അതുകഴിഞ്ഞ് ദൈനംദിന പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. 

ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനും ഇടയിലുള്ള മയക്കത്തില്‍ ഒരിക്കല്‍ ഞാനൊരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. സ്വപ്നത്തില്‍ ഞാന്‍ അക്കാദമിയിലെ ഓഫീസേഴ്സ് ക്ലബ്ബില്‍ ആയിരുന്നു. ക്ലബ്ബെന്ന് കേട്ടാല്‍ അതൊരു സുഖദ സുന്ദര ലോകം എന്നൊന്നും സങ്കല്പിക്കേണ്ട. ഞങ്ങളുടെ നീന്തല്‍ക്കുളം അതിനുള്ളിലായിരുന്നു. ഞങ്ങളന്ന് നീന്തല്‍ പഠിക്കുകയായിരുന്നു. മുങ്ങിപ്പോകാതെ ചുരുങ്ങിയത് 50 മീറ്റര്‍ എങ്കിലും നീന്തിയില്ലെങ്കില്‍ പരിശീലനത്തിന്റെ അക്കരെ കടക്കില്ല. നീന്താന്‍ അറിയാത്ത ഞാന്‍ വെള്ളത്തില്‍ മനുഷ്യശരീരം പൊങ്ങിക്കിടക്കുന്നതിന്റെ ശാസ്ത്രീയത മനസ്സില്‍ വിലയിരുത്തി. ഊര്‍ജ്ജതന്ത്രത്തില്‍ അതിനുള്ള വിജ്ഞാനം എനിക്കുണ്ടായിരുന്നു. വെള്ളത്തിന്റെ സാന്ദ്രത, മനുഷ്യശരീരത്തില്‍ വെള്ളത്തിന്റെ ശതമാനം തുടങ്ങി എല്ലാം കണക്കുകൂട്ടി, പ്രസിദ്ധമായ ആര്‍ക്കിമിഡീസ് പ്രിന്‍സിപ്പിള്‍ പ്രയോഗിച്ചപ്പോള്‍ നീന്തല്‍ക്കുളത്തില്‍ അനായാസമായി പൊങ്ങിക്കിടക്കും എന്നെനിക്ക് ഉറപ്പായിരുന്നു. ശാസ്ത്രവിജ്ഞാനം നല്‍കിയ ധൈര്യവുമായി നീന്തല്‍ക്കുളത്തിലിറങ്ങിയ എന്റെ രക്ഷയ്ക്ക് ഒരു ആര്‍ക്കിമിഡീസും എത്തിയില്ല. ഞാന്‍ സമ്പൂര്‍ണ്ണമായി മുങ്ങി. അങ്ങനെ മുങ്ങിയും പൊങ്ങിയും നീന്തല്‍ പരിശീലനം മുന്നേറുന്ന കാലത്താണ് ഉച്ചമയക്കത്തിലെ സ്വപ്നം എന്നെ ഓഫീസേഴ്സ് ക്ലബ്ബില്‍ എത്തിച്ചത്. ഞാന്‍ ക്ലബ്ബില്‍ പ്രവേശിക്കുമ്പോള്‍ സമയം സന്ധ്യ. വെളിച്ചം കുറവാണ്. ക്ലബ്ബില്‍ ലൈറ്റൊന്നുമിട്ടിട്ടില്ല. തൊട്ടുമുന്നില്‍ നീന്തല്‍ക്കുളം. ആരെയും കാണുന്നില്ല. അനക്കവും ബഹളവും ഒന്നുമില്ല. ഞാന്‍ നീന്തല്‍ക്കുളത്തിന്റെ ഓരത്തുകൂടെ ഇടത്തോട്ട് നടന്നു. അറ്റത്തെത്തി അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞ് കുളത്തിന്റെ മറുകരയിലുള്ള ക്ലബ്ബ് ഓഫീസ് കെട്ടിടം ലക്ഷ്യമാക്കി നടന്നു. കെട്ടിടത്തിലേയ്ക്ക് തിരിയുമ്പോള്‍ നീന്തല്‍ക്കുളത്തിന്റെ മറ്റേ അറ്റത്ത് വെള്ളത്തില്‍ അവ്യക്തമായി എന്തോ കണ്ടു. ഞാനങ്ങോട്ട് നടന്നു. ആരോ അവിടെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണല്ലോ. ഞാനടുത്തെത്തി. ഒരാള്‍ കമിഴ്ന്നു കിടക്കുകയാണ്. ചലനമൊന്നുമില്ല. കരയില്‍നിന്നുകൊണ്ട് കയ്യെത്തി അയാളെ പിടിച്ചു. ഞാന്‍ വീഴാതെ, ശ്രദ്ധിച്ച് വലിച്ച്, കമിഴ്ന്നു കിടന്ന അയാളെ മലര്‍ത്തിയിട്ടു. പെട്ടെന്ന് ഞാനാമുഖം കണ്ടു. കര്‍ണാടകക്കാരനായ ഐ.പി.എസ് പ്രൊബേഷണര്‍ ഗഗന്‍ദീപ്. ഞാന്‍ ഞെട്ടിയുണര്‍ന്നു. ഓ, സ്വപ്നം എന്ന് ആശ്വസിച്ചു. 

അവിശ്വസനീയമായ ആകസ്മികത

അടുത്ത നിമിഷം പരിശീലനത്തിനു പോകാന്‍ തയ്യാറായി. പോകും വഴി ഗഗന്‍ദീപിനെ കണ്ടെങ്കിലും സ്വപ്നത്തിന്റെ കാര്യം പറഞ്ഞില്ല. എന്നെപ്പോലെ നീന്തല്‍ക്കുളത്തില്‍ കൈകാലിട്ടടിച്ച് ബുദ്ധിമുട്ടിയിരുന്ന സുഹൃത്തിന്റെ മേല്‍ സ്വപ്നഭാരം കൂടി കെട്ടിവെയ്ക്കണ്ടല്ലോ. അന്നു വൈകുന്നേരം പരിശീലനത്തിന്റെ എല്ലാ പരിപാടികളും കഴിഞ്ഞ് ഞാനൊറ്റയ്ക്ക് ഓഫീസേര്‍സ് ക്ലബ്ബിലേയ്ക്ക് നടക്കുകയായിരുന്നു. ക്ലബ്ബിനു മുന്നിലെ പൂന്തോട്ടത്തിനടുത്തുവെച്ച് ഗഗന്‍ദീപിനെ കണ്ടു. വെപ്രാളത്തില്‍ 'ആജ് മേം ബച്ച് ഗയ' (ഇന്നു ഞാന്‍ രക്ഷപ്പെട്ടു) എന്നയാള്‍ പറഞ്ഞു. അന്ന് നീന്തല്‍ ക്ലാസ്സില്‍ ആഴമുള്ള ഇടത്ത് അയാള്‍ നിയന്ത്രണമില്ലാതെ മുങ്ങാന്‍ തുടങ്ങി. കുറച്ച് വെള്ളം കുടിച്ചു. വല്ലാതെ പരിഭ്രമിച്ചു. അവസാനം നീന്തല്‍ കോച്ച് വന്ന് രക്ഷിച്ചു എന്നാണ് അയാള്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പറഞ്ഞത്. അപ്പോഴും ഭീതി പ്രകടമായിരുന്നു. ഉച്ചമയക്കത്തിലെ സ്വപ്നം മനസ്സില്‍ വന്നു. അവിശ്വസനീയമായ ആകസ്മികത. സ്വപ്നത്തിന്റെ വ്യാഖ്യാനം ഫ്രോയ്ഡിന്റെ പിന്‍ഗാമികള്‍ക്ക് വിടുന്നു. പക്ഷേ, മനസ്സില്‍ തോന്നിയ ഒരു ബന്ധം പറയേണ്ടതുണ്ട്. അക്കാദമിയില്‍ വച്ച്, ആയിടെ, ഞാന്‍ മഹാനായ എബ്രഹാം ലിങ്കന്റെ ഒരു പുതിയ ജീവചരിത്ര ഗ്രന്ഥം വായിച്ചിരുന്നു. അതില്‍ അദ്ദേഹം വധിക്കപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് ലിങ്കണ്‍ കണ്ടതായി പറയുന്ന ഒരു സ്വപ്നം വിവരിക്കുന്നുണ്ട്. സ്വപ്നത്തില്‍, ഒരു രാത്രിയില്‍ വൈറ്റ്ഹൗസില്‍ ഉറക്കത്തില്‍ പ്രസിഡന്റ് ലിങ്കണ്‍ കുറേ ആളുകളുടെ അടക്കിയ ഏങ്ങലടികളും കരച്ചിലും കേട്ടുണര്‍ന്നു. കിടക്കമുറിയില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ മറ്റൊരു മുറിയില്‍ അലംകൃതമായ ശവപ്പെട്ടി. വൈറ്റ്ഹൗസില്‍ ആരോ മരിച്ചു എന്ന് അടക്കം പറച്ചിലുകള്‍. ''ആരാണ് മരിച്ചത്?'' ശവപ്പെട്ടിയുടെ സമീപത്തു കണ്ട ഗാര്‍ഡിനോട് ലിങ്കണ്‍ ചോദിക്കുന്നു. ''പ്രസിഡന്റിനെ ആരോ കൊലപ്പെടുത്തി'' എന്ന് ഗാര്‍ഡിന്റെ മറുപടി. ഉച്ചയുറക്കത്തിലെ എന്റെ സ്വപ്നത്തിന് ഇതുമായി ബന്ധമുണ്ടോ? ആ ദിവസം തന്നെ എന്റെ സുഹൃത്തിന് ഉണ്ടായ അനുഭവം എങ്ങനെ വിശദീകരിക്കും? അറിയില്ല.

നമുക്ക് വീണ്ടും ശ്രീജിത്ത് പറഞ്ഞ കഞ്ചാവിലേക്ക് മടങ്ങാം. സന്ധ്യയ്ക്ക് ഓഫീസിലിരിക്കുമ്പോള്‍ ശ്രീജിത്ത് വീണ്ടും വിളിച്ചു. ഉച്ചമയക്കത്തില്‍ ഞാന്‍ നല്‍കിയ അനുമതിയുടെ അനന്തരഫലം അറിയിച്ചു. ''സാര്‍, കഞ്ചാവും കിട്ടി, ആളേയും കിട്ടി; പക്ഷേ, സാര്‍, ഒരു പ്രശ്നം ഉണ്ട്; ആള്‍ മരിച്ചുപോയി.'' ഞാന്‍ ഞെട്ടി. ദൗര്‍ഭാഗ്യവശാല്‍, അത് സ്വപ്നമായിരുന്നില്ല. കസ്റ്റഡിമരണം, വലിയ ദുരന്തമാണ്; പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വെല്ലുവിളിയാണ്. എ.എസ്.പിയുടെ പങ്കാളിത്തം സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കും. പരിശീലനകാലത്ത് തന്നെ ഇതുപോലുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ട് വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന ഉദാഹരണങ്ങളുണ്ട്. എന്റെ തൊട്ടുതാഴെയുള്ള ബാച്ചിലെ ആര്‍.പി. ശര്‍മ്മ ഐ.പി.എസ് പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ ട്രെയിനിങ്ങിലായിരിക്കെ അവിടെ കസ്റ്റഡിമരണം ഉണ്ടായി. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമണം, പൊലീസ് വെടിവെയ്പ്, ജുഡീഷ്യല്‍ അന്വേഷണം ഒക്കെ അരങ്ങേറി. 

എന്റെ അനുഭവത്തില്‍ കസ്റ്റഡിമരണമുണ്ടാകുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാനാണ്. കണ്ണടച്ച് ഇരുട്ടാക്കുന്ന രീതി ചില ഉദ്യോഗസ്ഥര്‍ അവലംബിക്കും. മരിച്ച വ്യക്തിയെ അനധികൃതമായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയോ മര്‍ദ്ദനം ഏല്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം തന്നെ പിന്നീട് കൃത്യമായി വെളിച്ചത്തുവരും. വസ്തുതകള്‍ മറച്ചുവെയ്ക്കാനുള്ള ശ്രമത്തില്‍ വ്യാജമായി എന്തെങ്കിലുമൊക്കെ രേഖപ്പെടുത്തിവെയ്ക്കുന്നത് പിന്നീട് പ്രശ്‌നം വഷളാക്കും. അതുകൊണ്ട് ശ്രീജിത്തിനോട് സത്യസന്ധമായി കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മറിച്ചുള്ള 'ഉപദേശങ്ങള്‍' അവഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍നടപടികളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പൈലിയുമായും സംസാരിച്ചു. അതിനുശേഷം ഞാന്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് പോയി. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, 'മിടുക്കന്‍മാരായ' പല ഉദ്യോഗസ്ഥരും കസ്റ്റഡി മരണം ഉണ്ടായെന്നു കേട്ടാല്‍ പിന്നെ അങ്ങോട്ട് പോകാറില്ല. കളിയായും കാര്യമായും സിവില്‍ സര്‍വ്വീസില്‍ പറയാറുള്ളത് ഗുരുതരമായ പ്രശ്‌നമുണ്ടാകുമ്പോള്‍ തന്ത്രം, 'presence of mind and absence of body' എന്നാണ്. അതായത് മനസ്സിന്റെ സാന്നിദ്ധ്യവും ദേഹത്തിന്റെ അസാന്നിദ്ധ്യവും. 

കുന്നംകുളത്തെത്തിയ ശേഷം സംഭവത്തിന്റെ വസ്തുതകള്‍ മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചു. മരണം പൊലീസ് കസ്റ്റഡിയില്‍ ആകുമ്പോള്‍ പ്രധാനപ്പെട്ട വസ്തുത മര്‍ദ്ദനം ഉണ്ടായിട്ടുണ്ടോ എന്നതാണ്. അത് ഏറ്റവും ഗുരുതരമാണ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അത് വ്യക്തമാകും. ഏതുതരത്തിലുള്ള ബലപ്രയോഗവും അതിന്റെ കൃത്യമായ അടയാളങ്ങള്‍ ശരീരത്തില്‍ അവശേഷിപ്പിക്കും. വിദഗ്ദ്ധനായ ഫോറന്‍സിക്ക് ഡോക്ടര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയും. സംശയിച്ച വ്യക്തിയുടെ വീട് പരിശോധിക്കാനും നിയമനടപടി സ്വീകരിക്കാനും എ.എസ്.പി എന്നോട് അനുമതി തേടിയിരുന്നു. പക്ഷേ, സ്ഥലത്തു പോയത് എ.എസ്.പി ആയിരുന്നില്ല. എ.എസ്.പി ചുമതലപ്പെടുത്തിയത് അനുസരിച്ച് ഒരു എ.എസ്.ഐയും രണ്ടോ മൂന്നോ പൊലീസുകാരുമാണ് പോയത്. അവരില്‍നിന്നും ലഭിച്ച വിവരമാണ് മുഖ്യമായും ആ സമയത്ത് ഉണ്ടായിരുന്നത്. മരണമടഞ്ഞ വ്യക്തി കഞ്ചാവ് ഇടപാടില്‍ ഉള്‍പ്പെട്ടതിനാലാണ് പൊലീസ് നടപടി സ്വീകരിക്കാന്‍ മുതിര്‍ന്നത്. ആ മനുഷ്യന് ചെറിയൊരു രാഷ്ട്രീയ സംഘടനയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. അല്പം ആശ്വാസം തോന്നിയ ഘടകം പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നില്ല എന്നതാണ്. അയാളുടെ വീട്ടില്‍നിന്നും ലഭിച്ച കഞ്ചാവ് പൊതികളുമായി അല്പം അകലെയായിരുന്ന പൊലീസ് ജീപ്പിലേയ്ക്ക് നടക്കുകയായിരുന്നുവത്രെ. ആ സമയം എന്തോ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അയാള്‍ നിലത്തിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നം സംശയിച്ച് നേരെ കുന്നംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുപോയത്രെ. ആശുപത്രിയിലെത്തുമ്പോള്‍ അയാള്‍ മരിച്ചിരുന്നു. മരണം സംഭവിച്ചത് പൊലീസ് കസ്റ്റഡിയില്‍ വച്ചുതന്നെയെന്നു വ്യക്തം. 

കഞ്ചാവ് റെയ്ഡിനു പോയ ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിച്ചതില്‍ ഒരുതരത്തിലുള്ള മര്‍ദ്ദനവും ഉണ്ടായിട്ടില്ല എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു. മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ എന്നോട് കുറ്റസമ്മതം നടത്തില്ലല്ലോ. ഞാന്‍ എ.എസ്.പി ശ്രീജിത്തിനോട് തന്നെ അവരോട് വീണ്ടും അതേപ്പറ്റി ചോദിക്കാന്‍ പറഞ്ഞു. എത്ര ചെറിയ ബലപ്രയോഗം പോലും തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പുറത്തുവരുമെന്നതുകൊണ്ട് സത്യം മറച്ചുവെച്ചാലും അതിന് ഏതാനും മണിക്കൂറിന്റെ ആയുസ്സേ ഉണ്ടാകുള്ളു എന്ന് എല്ലാപേരോടും പറഞ്ഞു. അറസ്റ്റുചെയ്ത സ്ഥലത്തും പരിസരത്തും രഹസ്യമായി അന്വേഷിച്ചുവെങ്കിലും അവിടെനിന്നും പൊലീസ് അതിക്രമം എന്ന നിലയിലുള്ള വിവരമൊന്നും കിട്ടിയില്ല. അങ്ങനെ വസ്തുതകള്‍ മനസ്സിലാക്കി സാഹചര്യം വിലയിരുത്തി ഏറെനേരം ഞാനാ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. ഭാഗ്യത്തിന് പൊലീസിനു നേരെ വൈകാരിക പ്രതിഷേധമൊന്നും പെട്ടെന്ന് ഉണ്ടായില്ല. ഉണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാം എന്ന് എ.എസ്.പി ശ്രീജിത്ത് എന്നോട് പറഞ്ഞു. പൊലീസ് മര്‍ദ്ദനം മൂലമാണ് മരണം സംഭവിച്ചതെങ്കില്‍ സംഭവം കൊലപാതക കേസ് ആകും. ക്രിമിനല്‍ കേസുകളില്‍ ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വം അയാളുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് മര്‍ദ്ദനം നടത്തിയ വ്യക്തിയുടെ ഉത്തരവാദിത്വം മറ്റൊരാളിലേയ്ക്ക് മാറില്ല. ഞാന്‍  വിശദീകരിച്ചു കൊടുത്തു. 

തെറ്റുകള്‍ ഒളിച്ചുവക്കുന്ന പ്രവണത

ഒരു കാര്യം പ്രത്യേകം നിഷ്‌കര്‍ഷിച്ചു. പൊലീസ് നടപടികള്‍ കൃത്യതയോടെ സത്യസന്ധമായി രേഖപ്പെടുത്താന്‍. പല സംഭവങ്ങളിലും പൊലീസിനെതിരെ ഉയരാനിടയുള്ള ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ എന്ന നിലയില്‍ കാട്ടിക്കൂട്ടുന്ന തെറ്റുകള്‍ പിന്നീട് വിനയായി ഭവിക്കാം. ഗുരുതരമായ തെറ്റുകള്‍ കൃത്രിമ രേഖകളിലൂടെ ഒളിച്ചുവെയ്ക്കുന്ന പ്രവണത പൊലീസില്‍ ഉണ്ടായിരുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍ ഭരണഘടനാ കോടതികള്‍പോലും ഇടപെടാന്‍ മടിച്ചിരുന്ന കാലത്താണ് ഈ ഉപസംസ്‌കാരം വളര്‍ന്നത്. പഴയ ദുശ്ശീലം പില്‍ക്കാലത്ത് പലരേയും വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചിട്ടുമുണ്ട്. Truth is the best defence (സത്യമാണ് ഏറ്റവും നല്ല പ്രതിരോധം) എന്ന ബോധത്തോടെ നടപടി സ്വീകരിക്കാനാണ് കുന്നംകുളത്ത് ശ്രമിച്ചത്. കസ്റ്റഡി മരണത്തോട് പൊതുമണ്ഡലത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. മാധ്യമങ്ങളും ചില രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പൊലീസുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. സ്വാഭാവികമായും ഉയരുന്ന സംശയം പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു. അക്കാര്യത്തില്‍ വ്യക്തമായ രൂപം തൊട്ടടുത്ത ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലഭിക്കുമെന്നും പ്രാഥമികമായി അങ്ങനെ ഒരു വിവരം ഇല്ലെന്നും വിശദീകരിച്ചു. ഏതായാലും മരണം നടന്ന ദിവസം രാത്രി വൈകിയും വലിയ പ്രകോപനപരമായ പ്രതികരണമൊന്നും ഉണ്ടായില്ല. എല്ലാം ശാന്തമായി എന്നു കരുതാവുന്ന അവസ്ഥയായിരുന്നില്ല. അതിനു പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയണം. അത് എതിരായാല്‍ പൊലീസിനെതിരെ വലിയ പ്രതിഷേധക്കൊടുങ്കാറ്റ് ഉയരും എന്ന് വ്യക്തമായിരുന്നു. 

ഏതായാലും തല്‍ക്കാലം പ്രശ്‌നങ്ങള്‍ ഇല്ല എന്ന് ആശ്വസിച്ച് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് മറ്റൊരു വിവരം വരുന്നത്. അതേ സര്‍ക്കിളില്‍പ്പെട്ട പേരാമംഗലം പൊലീസ് സ്റ്റേഷനില്‍നിന്നും എസ്.ഐയും പൊലീസ് പാര്‍ട്ടിയും ഒരു കേസിലെ പ്രതികളെ അന്വേഷിച്ച് പാലക്കാട് ജില്ലയില്‍ പോയിരുന്നു. രാത്രി വൈകി അവിടെനിന്നും ഫോണ്‍ വരുന്നു. അന്വേഷിച്ചു പോയ പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല. അതല്ല പ്രശ്‌നം. എസ്.ഐ സര്‍വ്വീസ് റിവോള്‍വറും കൊണ്ടാണ് പോയത്. അവിടെ പ്രതിയെ തിരക്കി രാത്രി എത്തിയപ്പോള്‍ നാട്ടുകാരുമായി എന്തോ പ്രശ്‌നങ്ങളുണ്ടായി. അതിന്റെ അവസാനം പ്രതിയെ കിട്ടിയില്ലെന്നു മാത്രമല്ല, എസ്.ഐയുടെ റിവോള്‍വറും നഷ്ടമായി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ എനിക്ക് മനസ്സിലായി. ആ സന്ദര്‍ഭത്തില്‍ അവസരത്തിനൊത്തുയര്‍ന്നത് കുന്നംകുളത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി. ശശികുമാര്‍ ആയിരുന്നു. നേരത്തെ പാലക്കാട് ജില്ലയില്‍ ജോലിചെയ്ത് പരിചയമുണ്ടായിരുന്ന ശശികുമാര്‍ ഉടന്‍ അങ്ങോട്ട് തിരിച്ചു. എങ്ങനെയെങ്കിലും നേരം പുലരും മുന്‍പേ, റിവോള്‍വര്‍ തിരികെ കിട്ടണം അതായിരുന്നു ദൗത്യം. അത് വിജയിച്ചു. അവിടുത്തെ പൊതുപ്രവര്‍ത്തകര്‍ മുഖേന, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ റിവോള്‍വര്‍ കണ്ടെത്തി. പൊലീസിനു വലിയൊരു പ്രതിച്ഛായാ നഷ്ടം ആ രാത്രി ഒഴിവായി. 

നേരം പുലരുമ്പോഴേയ്ക്കും കസ്റ്റഡി മരണവിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നു. പൊതുവേ മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കിയതായി തോന്നിയില്ല. പ്രഥമദൃഷ്ട്യാ പൊലീസിനെ കാര്യമായി പ്രതിക്കൂട്ടിലാക്കുന്ന ശൈലി വാര്‍ത്തകളില്‍ കണ്ടില്ല. മരണകാരണം അറിയാന്‍ എല്ലാപേരും കാത്തിരിക്കുകയായിരുന്നിരിക്കണം. ഇതുപോലുള്ള അവസരങ്ങളില്‍ അര്‍ദ്ധസത്യങ്ങളും കേട്ടുകേള്‍വികളും എല്ലാം കൂട്ടിക്കലര്‍ത്തി പൊലീസ് വിരുദ്ധവാര്‍ത്തകള്‍ കൊണ്ട് നിറയുന്ന അവസ്ഥ കണ്ടിട്ടുണ്ട്. അങ്ങനെയൊന്നും ഇവിടെ കണ്ടില്ല. സംഭവത്തില്‍ പൊലീസ് അതിക്രമമുണ്ടായിട്ടില്ല എന്നതായിരുന്നു ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന ലഭിച്ച പ്രാഥമിക വിവരം. എങ്കിലും അതിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാകില്ല. 

ധാര്‍മ്മികതയും നീതിബോധവും

പുതിയ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ച് മുന്നോട്ടു പോകാം എന്ന് കരുതി ഓഫീസില്‍ ഇരിക്കുമ്പോള്‍ അല്പം പ്രശ്‌നമുണ്ടായത് മറ്റൊരു കോണില്‍നിന്നാണ്. ഏതാണ്ട് 11 മണിയോടെ തൃശൂര്‍ ഡി.ഐ.ജി മഹേഷ്‌കുമാര്‍ സിംഗ്ല സാര്‍ എന്നെ വിളിച്ചു. ഡി.ജി.പി വലിയ ബഹളമാണെന്ന് എന്നോട് പറഞ്ഞു. ഉടന്‍ ആരെയെങ്കിലുമൊക്കെ സസ്പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. പൊലീസ് മര്‍ദ്ദനം ഉണ്ടായിട്ടുണ്ടോ? അതാണോ മരണകാരണം? ഇതൊന്നും അറിയാതെ എങ്ങനെ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാനാണ്? ഡി.ഐ.ജിയും എന്നോട് യോജിച്ചു. അധികം കഴിയും മുന്‍പേ കോഴിക്കോട് നിന്നും ഐ.ജി ജേക്കബ്ബ് പുന്നൂസ് സാര്‍ വിളിച്ചു. സസ്പെന്‍ഷന്‍ കാര്യം തന്നെയാണ് അദ്ദേഹവും പറഞ്ഞത്. ഒരുമിച്ച് ജോലി ചെയ്തിട്ടുള്ള ഞങ്ങള്‍ക്ക് പരസ്പര വിശ്വാസവും ധാരണയും ഉണ്ടായിരുന്നു. അക്കാലത്ത് ബി.എസ്. ശാസ്ത്രി സാര്‍ ആയിരുന്നു ഡി.ജി.പി. അദ്ദേഹമാകട്ടെ, ദീര്‍ഘകാലം പൊലീസ് വകുപ്പിന് പുറത്തായിരുന്നതുകൊണ്ട് നേരത്തെ ഞാന്‍ കൂടെ ജോലി ചെയ്തിരുന്നില്ല. സസ്പെന്‍ഷന് തടസ്സം ഞാനാണെന്ന് അറിഞ്ഞിട്ടാകാം, ഉച്ചയോടെ ഡി.ജി.പി എന്നെ വിളിച്ചു. നേരിയ അക്ഷമ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. എങ്കിലും എന്റെ ഭാഗം കേട്ടു. മുഖ്യമായും ഞാന്‍ ഊന്നിയത് അന്ന് വൈകുന്നേരത്തോടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനാഫലം ലഭിക്കുമെന്നും അതില്‍നിന്നും മര്‍ദ്ദനം ഉണ്ടെങ്കില്‍ അത് വെളിവാകുമെന്നുമായിരുന്നു. അദ്ദേഹം പറഞ്ഞത്, ഒരു കസ്റ്റഡി മരണമുണ്ടായി. അതിന്മേല്‍ സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണം. അതിനായി ഏതാനും പേരെ ഉടന്‍ സസ്പെന്റ് ചെയ്യുക എന്നതായിരുന്നു. അതായിരുന്നില്ല നിയമം. സസ്പെന്‍ഷന്‍ അച്ചടക്കനടപടിയുടെ തുടക്കമാണ്. അച്ചടക്ക അധികാരി, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി എന്ന പ്രാഥമികമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവിടേണ്ടത്. സുഗമമായ അന്വേഷണത്തിന് സസ്പെന്‍ഷന്‍ എന്ന് നിയമത്തിലില്ല. പക്ഷേ, ഡി.ജി.പിയോട് നിയമം പറഞ്ഞ് തര്‍ക്കിക്കുന്നതിനൊന്നും മുതിര്‍ന്നില്ല. അദ്ദേഹം പ്രശ്‌നത്തിന്റെ ധാര്‍മ്മികതയിലൂന്നി സംസാരിക്കുന്നതുപോലെ തോന്നി. നിവൃത്തിയില്ലാതെ ഞാന്‍ പറഞ്ഞു: 'Sir my sense of justice is no less than yours' (എന്റെ നീതിബോധം അങ്ങയുടേതിനേക്കാള്‍ ചെറുതല്ല) തുടര്‍ന്ന് ''പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെങ്കില്‍ ഉത്തരവാദികളെ സസ്പെന്റ് ചെയ്യുക മാത്രമല്ല, അവരെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കുകയും ചെയ്യും. പക്ഷേ, അതെനിക്ക് ബോദ്ധ്യപ്പെടണം. അതുകൊണ്ട് ദയവായി എനിക്ക് 3 മണിക്കൂര്‍ സമയം കൂടി അനുവദിക്കണം'' എന്ന് അഭ്യര്‍ത്ഥിച്ചു. അത് ഫലിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ ബോദ്ധ്യമില്ലാതെ സസ്പെന്റ് ചെയ്യുന്നതിനോട് ഒരുകാലത്തും എനിക്ക് യോജിപ്പില്ല. അച്ചടക്ക നിയമത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ് 'വെറുതെയുള്ള സസ്പെന്‍ഷന്‍.' മിക്ക സാഹചര്യങ്ങളിലും ഒന്നോ രണ്ടോ ദിവസംകൊണ്ട് ആവശ്യമായ പ്രാഥമിക വിവരം തേടാന്‍ കഴിയും. ഡി.ജി.പിയില്‍നിന്നും വാദിച്ച് 3 മണിക്കൂര്‍ സമയം നേടിയ ശേഷം ഞാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരുന്നു. അതിനിടെ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഒരുപാട് പൊലീസുകാര്‍ ആംഡ് ബറ്റാലിയനില്‍നിന്നും എത്തി. സാധാരണ എസ്.പിയുടെ അപേക്ഷ പ്രകാരം വളരെ ബുദ്ധിമുട്ടി കിട്ടാറുള്ള വിലപ്പെട്ട വിഭവമാണത്. ഇത്തവണ ഞാന്‍ ചോദിച്ചിരുന്നില്ല. കസ്റ്റഡി മരണത്തെത്തുടര്‍ന്ന് അവിടെ ഗുരുതരമായ ക്രമസമാധാനപ്രശ്നം പ്രതീക്ഷിച്ച് പൊലീസ് ആസ്ഥാനത്തുനിന്ന് നേരിട്ട് അയച്ചതാണ്. ഉച്ചയ്ക്ക് 3 മണിയോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ എന്നെ മെഡിക്കല്‍ കോളേജില്‍നിന്നും വയര്‍ലെസ്സില്‍ വിളിച്ചു. ശബ്ദം കൊണ്ടുതന്നെ ശുഭവാര്‍ത്തയാണെന്നു തോന്നി. ''സാര്‍ ഒരു കുഴപ്പവുമില്ല. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണം.'' ചുരുങ്ങിയ വാക്കുകളില്‍ കൃത്യമായി പറഞ്ഞു. വിവരം ഞാനുടന്‍ ഡി.ജി.പയെ അറിയിച്ചു. ചാവക്കാട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അവിടെ നിന്നായിരുന്നല്ലോ മരിച്ചയാളെ അറസ്റ്റുചെയ്തത്. ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടപോലെ തോന്നി. കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ചാവക്കാട് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാകും എന്ന് ഇന്റലിജെന്‍സില്‍നിന്നോ മറ്റോ പറഞ്ഞിരിക്കണം. പിന്നീട് സസ്പെന്‍ഷന്‍ കാര്യം ആരും ഉന്നയിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് ഒറ്റപ്പാലം എം.എല്‍.എ ആയിരുന്ന വി.സി. കബീറും ഏതാനും സഹപ്രവര്‍ത്തകരും എന്നെ ക്യാമ്പ് ഓഫീസില്‍ വന്ന് കണ്ടു. കസ്റ്റഡിമരണം ശരിയായി അന്വേഷിക്കണം എന്ന ന്യായമായ ആവശ്യവുമായാണ് അദ്ദേഹം വന്നത്. ആ സംഭവത്തില്‍ പൊലീസ് അതുവരെ സ്വീകരിച്ച നടപടികള്‍ ഞാന്‍ വിവരിച്ചു. കേസന്വേഷണം ഒരു മികച്ച ഉദ്യോഗസ്ഥനെ ഏല്പിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. അക്കാര്യത്തില്‍ ആരെയെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ എന്ന് ഞാനാരാഞ്ഞു. അവര്‍ പരസ്പം സംസാരിച്ചതിനുശേഷം ടൗണ്‍ ഡി.വൈ.എസ്.പി ആയിരുന്ന സുബ്രഹ്മണ്യനെ അതേല്പിക്കാമോ എന്ന് ചോദിച്ചു. അത്രയ്ക്ക് പൊതുസമ്മതി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഞാന്‍ സമ്മതിച്ചു.

പൊലീസ് നടപടികളെക്കുറിച്ച് ഓരോ ഘട്ടത്തിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിനാലാകാം, ആ വിഷയം കെട്ടടങ്ങി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com