'മുമ്പോട്ടൊരു പദം വെയ്‌ക്കെ
മുമ്പ് കാണാത്ത പാതകള്‍.
അറിയും തോറുമേറുന്നു
അറിയാനുള്ള കൗതുകം
കണ്ണൊന്നിലൂന്നി നോക്കുമ്പോള്‍
കണ്ടാല്‍ മങ്ങാത്ത ഭംഗികള്‍
കണ്ടിടം തോറുമേറുന്നു
കാണുവാനുള്ള കെല്‍പ്പുകള്‍'
പാലിഭാഷയില്‍നിന്നുള്ള മലയാള വിവര്‍ത്തനത്തിന് മുഖമൊഴിയായി അയ്യപ്പത്ത് ചേര്‍ത്ത വരികളാണ് ഇവ. തറ മുതല്‍ തട്ടുവരേയും മൂല മുതല്‍ മൂല വരേയും മലര്‍ക്കെ ജാലകങ്ങളുള്ള ഹൃദയ ഗൃഹത്തിലേക്ക് ഉറഞ്ഞുതുള്ളുന്ന ജാലകക്കൊളുത്തുകളിലൂടെ എത്തിയ 'കാറ്റുകള്‍ എന്താണരുളിയത്?' ഈ കവിതയില്‍നിന്നാണ് അയ്യപ്പത്ത് മേല്‍പ്പറഞ്ഞ വരികള്‍ എടുത്ത് ധര്‍മ്മപദ വിവര്‍ത്തനത്തിന്റെ മുഖമൊഴിയായി ചേര്‍ത്തിട്ടുള്ളത്. ബുദ്ധത്തത്തിലേക്കുള്ള വഴിയേതെന്ന് അദ്ദേഹം അടയാളപ്പെടുത്തുന്നു.
'അയ്യപ്പത്തിന്റെ കവിത'കളിലെ അവസാനത്തെ കവിത 2007 മാര്‍ച്ചിലാണ് എഴുതിയി ട്ടുള്ളത്. അതിനു മുന്‍പേത്തന്നെ അദ്ദേഹത്തിലെ 'കവി' ഉള്‍വലിയുന്നതായി കാണാം, ബുദ്ധന്‍ തെളിഞ്ഞു വരുന്നതോടൊപ്പം. ഈ കവിതയുടെ ശീര്‍ഷകം 'നാരായണ നവകംഐക്യമന്ത്രം' ആരംഭിക്കുന്നത് 'തെറ്റാതകത്തു തെളിയിച്ചു നിര്‍ത്തുകില്‍, തെറ്റകറ്റുന്ന വിളക്കു നാരായണന്‍.'
'വിശ്വാസമേതെന്നു നോക്കേണ്ടതേയില്ല
വിശ്വാസമുണ്‍മയില്‍, നന്മയിലാവുകില്‍,
വേറെയെന്നില്ലാതെ സോദരത്വത്തോടെ
വാഴ്‌കെന്നു ചൊന്നവന്‍ പേരു നാരായണ്‍'
ശ്രീനാരായണഗുരുവിന്റെ ആത്മസത്തയില്‍ അലിഞ്ഞുചേര്‍ന്ന വരികളിലൂടെ ഗുരുവിന്റെ സന്നിധിയിലെത്തുകയാണ് ഇവിടെ. ചിന്തിക്കുന്ന ലോകരില്‍ അഭയമായിത്തീര്‍ന്ന ഗുരുവിന്റെ വരികളെ ഇത് ഓര്‍മ്മിപ്പിക്കുന്നു.
'ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാമിത്'
ഗുരുവിലെ ബുദ്ധനെ ആശാനിലൂടെ തെളിയിക്കുന്നുണ്ട്, അയ്യപ്പത്ത്. കവിതയിലെ തന്റെ നൈസര്‍ഗ്ഗികമായ ഹൃദയബന്ധം 'ദിവാകരന്‍ നളിനിയില്‍നിന്ന് കരുണയിലേക്ക്' എന്ന കവിതയില്‍ സ്പഷ്ടമാണ്. കവിയുടെ കുറിപ്പുകളില്‍ ഇങ്ങനെ വായിക്കാം: '1994 സെപ്തംബര്‍ ഒക്‌ടോബര്‍ കാലത്ത് ഹിമാലയ നിരകളിലൂടെ സഞ്ചരിക്കുമ്പോള്‍ പഠിച്ചു മറന്ന പദ്യങ്ങള്‍ ഓര്‍മ്മയില്‍ തിക്കിത്തിരക്കി വന്നെത്തി നോക്കുന്നത് ആഹ്ലാദകരമായ അനുഭവമായിരുന്നു. ഒരു വിഭാതവേളയിലാണ് കുമാരനാശാന്റെ 'നളിനി'യിലെ ആദ്യശ്ലോകം മനസ്സില്‍ വിളങ്ങിയത്. നളിനിയിലെ തുടര്‍ശ്ലോകങ്ങളില്‍നിന്ന് ദിവാകരന്‍ സാക്ഷാല്‍ക്കാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ആദ്യഘട്ടം കടന്നിട്ടേയുള്ളൂവെന്ന് കവി കണ്ടെത്തുന്നു. കാമക്രോധാദിഡ് വൈരികളില്‍നിന്ന് കവിയും മുക്തിയന്വേഷിക്കുന്ന കാലമായിരിക്കാം ഇത്. 'ചണ്ഡാലഭിക്ഷുകി'യിലെ മാതംഗിആനന്ദന്മാരും 'കരുണ'യിലെ വാസവദത്തഉപഗുപ്തന്മാരും കവിയില്‍ തെളിഞ്ഞുവന്നു. കാവ്യസത്ത അതോടൊപ്പം കവിയുടെ ആത്മസത്തയും ബുദ്ധതത്ത്വങ്ങളിലേക്ക് പരിണമിക്കുന്നതായി കണക്കാക്കാം. അങ്ങനെ നാം അറിയുന്നു, കവിയിലേക്ക് ബുദ്ധന്‍ എത്തുകയാണ്. ഓരോ അന്വേഷിയിലും ഇതാണ് സംഭവിക്കുന്നത്. മറിച്ചല്ല.
കലാകാരന്മാരില്‍ പല അവസ്ഥകളില്‍ ഉള്ളവരുണ്ട് എന്നു തോന്നാറുണ്ട്. ഒരു കൂട്ടരുടെ സൃഷ്ടികള്‍ ഏകശിലാമുഖമായിരിക്കും. അതിനപ്പുറം അവര്‍ക്ക് കാഴ്ചയില്ല. മറ്റൊരു കൂട്ടരില്‍ ദ്വൈമുഖങ്ങള്‍ തെളിയാറുണ്ട്. ഇനിയും ചിലരില്‍ ഒരു മൂന്നാം ഡൈമെന്‍ഷന്‍ ആഴത്തില്‍ വിടരും. ലൗകികവും ധിഷണാപരവുമായ വാക്കുകളില്‍നിന്നും അനുഭവങ്ങളില്‍നിന്നും അവരുടെ സൃഷ്ടികള്‍ ആത്മീയതയുടെ അനന്തസാധ്യതകളുള്ള വിശാലമായ തുറസ്സുകളിലെത്തും. ഇവിടെ ആത്മീയതയെന്നത് ഏതെങ്കിലും മതബോധത്തില്‍നിന്നുള്ളതല്ല. പ്രപഞ്ചബോധമാണ് ഹേതു. സ്രഷ്ടാവ് അത്തരം സൃഷ്ടിവേളകളില്‍ അനുഭവിക്കുന്ന ഫ്‌ലാഷ് ഹശഴവലേിശിഴ ഇടിമിന്നല്‍ നൈമിഷകമായിരിക്കാമെങ്കിലും അവരത് അനുഭവിക്കുന്നുണ്ട്. സൃഷ്ടിയിലൂടെ കടന്നുപോകുന്ന വായനക്കാരിയുടെ ഹൃദയവും അതനുഭവിക്കുന്നുണ്ട്, നൈമിഷികമായി. അത് ശ്വാശ്വതമായി നിലനില്‍ക്കാറില്ല. അതാണ് സ്രഷ്ടാവിന്റെ നീറ്റല്‍. അത്തരം സൃഷ്ടി നടത്തുന്നവര്‍, ഒരു ഘട്ടത്തില്‍ ശ്വാശ്വതമായതിലേക്കുള്ള അന്വേഷണത്തില്‍ മുഴുകുന്നു. സൃഷ്ടിയില്‍നിന്ന് അവര്‍ മോചിതരാകുന്നു. അവരെ സംബന്ധിച്ചിടത്തോളം സൃഷ്ടിയിലൂടെ സാധ്യമാകുന്നത് രണ്ടാംതരമോ മൂന്നാംതരമോ ആണ്. കവിത എഴുത്തില്‍ വിമുഖനായി, കവിതയെത്തന്നെ ഉപേക്ഷിച്ച് ബുദ്ധസത്തയിലേക്ക് ഇഞ്ചിഞ്ചായി യാത്ര ചെയ്യുന്ന ഒരന്വേഷിയുടെ ഉള്‍വചനങ്ങളാണ് താഴെ.
'അടക്കം ശീലിക്കാത്ത അലയാഴിയുടെ
പതഞ്ഞുപൊങ്ങി തളര്‍ന്നുവാങ്ങുന്ന
വിലാസങ്ങളില്‍
അകമറിയാതെ മേവുന്ന തടശിലകളുടെ
വിതാനത്തില്‍നിന്ന്' (ദിവാകരന്‍നളിനിയില്‍നിന്ന് കരുണയിലേക്ക്)
നിര്‍ഝരികളുടെ / ഉറവിടങ്ങളുടെ ഉയരത്തിലേക്കു പോകുവാന്‍, കവി സ്വയം സജ്ജമാകുന്നു. എന്തിനെന്നോ? കാമനകളെ നേര്‍വഴിക്കാക്കി,
'പാരണയ്ക്കു സമയമായുള്ളോര്‍ക്കു
ക്കാര്യസത്യത്തിന്‍ നെല്ലിക്ക നല്‍കു
പോക നൂറുരു, ആനന്ദനായി,
പാകമെത്തിയുപഗുപ്തനായി,
സ്വസ്തിനേരുന്നു നേരിനെ കാണാന്‍,
ശക്തിനേരുന്നു കണ്ടതു ചെയ്യാന്‍' (അതേ കവിത)
മഹായുദ്ധങ്ങളുടെ ശവപ്പറമ്പുകളും അതിവേഗത്തിന്റെ നഗരവല്‍ക്കരണങ്ങളും തീര്‍ത്ത അസ്തിത്വ സംഘര്‍ഷങ്ങളില്‍നിന്ന് ചാലുകീറിയ പടിഞ്ഞാറന്‍ ആധുനികത കവിതയിലൂടെയും കഥയിലൂടെയും നോവലുകളിലൂടെയും ചിത്രശില്പങ്ങളിലൂടെയും സംഗീതത്തിലൂടെയും അന്യതാ ബോധത്തിന്റെ വ്യഥകള്‍ കേരളത്തിലും അറുപതുകള്‍ മുതല്‍ തിരകളുണര്‍ത്തുകയുണ്ടായി. പുറമേയ്ക്ക് ശാന്തമായ ഗ്രാമപ്രകൃതികളില്‍നിന്ന് ജീവസന്ധാരണത്തിനായി നഗരങ്ങളിലേക്ക് പറിച്ചുനടപ്പെട്ട കവികളില്‍ ഒരാളായിരുന്നു മാധവന്‍ അയ്യപ്പത്ത്. മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളുള്ള കുന്നംകുളം താലൂക്കിന്റെ പ്രകൃതിമനോഹരമായ ചൊവ്വന്നൂര്‍ ഗ്രാമത്തിലെ കലശലമലയുടെ താഴ്‌വരയിലാണ് കവിയുടെ ജനനം.
1952ല്‍ 18ാം വയസ്സില്‍ പ്രസിദ്ധീകരിച്ച 'സന്ധ്യാദീപം' എന്ന കവിതയില്‍ ഇതിന്റെ കാറ്റ് കാണാം. ആദ്യകാല കവിതകളിലൊന്നായ 'യാത്രക്കാരിലെ'ത്തുമ്പോള്‍ 'സത്യസംഗീതം കേള്‍ക്കാനുഴറും ഞങ്ങള്‍ നിത്യം മൃത്യുവിന്‍ ദയനീയ രോദനമത്രേ കേള്‍പ്പൂ' എന്നതിലേക്ക് വഴിമാറുന്നുണ്ട്. 'നിസ്തുലാനന്ദം തേടിപ്പോകുന്നവര്‍ കാണ്‍മതസ്ഥിരത്ത്വത്തെച്ചൊല്ലി മാഴ്കുമാസ്യങ്ങള്‍ മാത്രമെന്ന്' നീറുന്നുണ്ട്. പക്ഷേ, പ്രതീക്ഷയോടെ യാത്ര തുടരുന്നുണ്ട്, യാത്രികന്‍.
ഈ യാത്രയില്‍ അയ്യപ്പത്ത് പ്രകൃതിയില്‍നിന്നു മാത്രമല്ല ഊര്‍ജ്ജം സ്വീകരിക്കുന്നത്. തന്റെ പരിസര പ്രകൃതിയില്‍ ജനിച്ച് (18621963) നാടും വീടുമുപേക്ഷിച്ച് നര്‍മ്മദാ തീരത്ത് 32 കൊല്ലം കഠിനതപം ചെയ്ത് ബോധോദയമുണ്ടായി ലോകം മുഴുവന്‍ യാത്രചെയ്ത ശിവപുരി ബാബയില്‍നിന്നു കൂടിയാണ്. ജീവിതമാണ് മുഖ്യമെന്നും ശരീരവും കുടുംബവും സമൂഹവും രാഷ്ട്രവും ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്നുമുള്ള ബാബയുടെ ബോധനം കവിയിലുണ്ട്. അദ്ദേഹത്തിന്റെ ഏകാന്തമായ യാത്രകളും. രോഗം, പട്ടിണി, ദാരിദ്ര്യം, മരണം, ഉച്ചനീചത്വങ്ങള്‍, അസമത്വം, അധാര്‍മ്മികതകള്‍, കാപട്യങ്ങള്‍ എന്നിവ നേരിട്ട് കണ്ടതിന്റെ ഫലമായി ഗോതമ സിദ്ധാര്‍ത്ഥന്റെ ഹൃദയത്തില്‍ സംഭവിച്ച അസ്തിത്വ സംഘര്‍ഷങ്ങള്‍, അയ്യപ്പത്തിലും നീറിപ്പിടിക്കുന്നുണ്ട്. നാമത് ആധുനിക കവിതയുടെ പ്രകടമായ പ്രതിഫലനങ്ങളായി വായിച്ചെടുത്തു. അങ്ങനേയും ഒരു വായന സാധ്യമാണ്.
മലയാളകവിതയുടെ ആധുനികത
56ല്‍ 'ബസ് സ്‌റ്റോപ്പില്‍' എന്ന കവിതയും '58'59 കാലങ്ങളില്‍ 'പ്രതിമയുടെ മുന്‍പില്‍', 'മണിയറയിലേക്ക്', 'മണിയറയില്‍' എന്നീ മണിയറക്കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് മലയാള കവിത ആധുനികതയുടെ അമ്പരപ്പിലേക്കും അര്‍ത്ഥവത്തയിലേക്കും കണ്ണുമിഴിക്കുന്നത് എന്ന്, അയ്യപ്പത്തിന്റെ 'കിളിമൊഴികള്‍'ക്ക് എന്‍.എന്‍. കക്കാട് എഴുതിയ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്. 'അന്ന് എന്റെ പാതാളക്കവിതകളോ (അയ്യപ്പ) പണിക്കരുടെ കുരുക്ഷേത്രമോ രൂപംകൊണ്ടിരുന്നുപോലുമില്ല. പുതിയ സംവേദനവും ആധുനിക നഗരസംസ്‌കൃതിയും അതിന്റെ അനേകം കാവ്യപരവും ദാര്‍ശനികവുമായ പ്രശ്‌നങ്ങളും മലയാളത്തില്‍ ആദ്യമായി പ്രതിവിധി തേടുകയായിരുന്നു മാധവന്റെ കവിതകളില്‍. മനുഷ്യജീവിതത്തെ അഗാധമായി കാണുകയും അപഗ്രഥിക്കുകയും ഒരു മഹാസാകല്യം എന്ന നിലയ്ക്ക് അതിനെക്കണ്ടാവിഷ്‌കരിക്കുകയും ചെയ്തത് മണിയറക്കവിതകളായിരുന്നു' കക്കാട് തുടരുന്നു.
'മനുഷ്യജീവിതത്തെ അഗാധമായി കാണുകയും അപഗ്രഥിക്കുകയും ചെയ്ത' ഗോതമ സിദ്ധാര്‍ത്ഥനില്‍ അസ്തിത്വ സംഘര്‍ഷങ്ങള്‍, മനുഷ്യജീവിതത്തിന്റെ, ജീവന്റെ അര്‍ത്ഥമെന്തെന്ന വലിയൊരു ചോദ്യത്തിലേക്കുള്ള നീണ്ട യാത്രയായി. സിദ്ധാര്‍ത്ഥനും ഗ്രാമ റിപ്പബ്ലിക്കുകള്‍ നഗരങ്ങളായി മാറുന്നതിന്റെ അന്യവല്‍ക്കരണം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
'ഇന്നലെ ഞാനൊരു കിനാവു കണ്ടു, എന്തതിന്‍ പൊരുളെന്നാരു കണ്ടു!' എന്ന് ഉദാസീനമായി ആരംഭിക്കുന്ന 'പ്രതിമയുടെ മുന്‍പില്‍' എന്ന കവിത നാലാം ഖണ്ഡത്തിലെത്തുമ്പോള്‍ ശാന്തമായ ബാല്യമുഖം കൈവെടിഞ്ഞ് 'അമ്പലമുറ്റത്തൊരു പലകമേല്‍, അക്കമിട്ടുള്ള ശവങ്ങളാണൊക്കെയും അപ്പുറത്തുള്ളൊരു വൈദ്യുതമെത്തമേല്‍ ഒപ്പം മരിക്കുന്ന രണ്ടുകിനാക്കള്‍' എന്ന സര്‍റിയലിസ്റ്റ് ചിത്രത്തിലേക്കെത്തുന്നു; തുടര്‍ന്നുള്ള വരികള്‍ 'മരണത്തെത്തിന്നും മഹാപ്രഭുവിന്റെ മണിക്കോവിലിത്', നമ്മെ മരണത്തിന്റെ തീക്ഷ്ണതയിലേയ്‌ക്കെടുത്തെറിയുന്നു. 'മൃത്യുവെത്താത്ത ഗൃഹത്തില്‍ നിന്നാഴക്കു മുത്താറി വാങ്ങാന്‍ നടക്കുമൊരമ്മ' ബുദ്ധകഥയിലെ മരണം തീണ്ടാത്ത വീട്ടില്‍നിന്ന് കടുക് വാങ്ങി വരാന്‍ ഗോതമ ബുദ്ധനാല്‍ നിര്‍ദ്ദേശിക്കപ്പെട്ട കുഞ്ഞ് മരിച്ച കിസഗോമതിയെന്ന അമ്മയിലെത്തുന്നു.
ആധുനിക മലയാള കവിതയുടെ അടയാളമായി രേഖപ്പെടുത്തിയ 'മണിയറയിലേക്ക്' എന്ന കവിതയില്‍ വഴിയൊട്ടേറെ നടന്നൊടുവില്‍ യാത്രികന്‍ വലിയൊരു മാളികയുടെ ഒന്നാം വാതിലിന്റെ മുന്നിലെത്തി, പതിവുപോലെ, ക്ഷമയോടെ വിളിച്ചു.
'വാതില്‍ കാക്കുന്ന കാവല്‍ക്കാരെ
വാതില്‍ തുറക്കൂ, വന്നൂ ഞാന്‍'
കാലു കുഴയുന്നു, മെയ്യു തളരുന്നു എന്ന പഥികന്റെ വാക്കുകള്‍ക്ക് ആധുനിക കാലം കാലത്തിന്റെ CASTLE ചെവി കൊടുത്തില്ല. തീക്ഷ്ണമായ ചൂടും ദാഹവുമകറ്റാന്‍ ഒന്നുമില്ലെന്ന ദയനീയ പരമാര്‍ത്ഥം കവി മനസ്സിലാക്കുന്നു.
'എന്തിന്നെന്തിന്നിതൊക്കെയുമെന്തി
ന്നെന്തിനാര്‍ക്കിതിന്നുത്തരം നല്‍കാം'
എന്ന പൊരുളിലേക്കുള്ള ചോദ്യവുമായി കവി മാളികയുടെ രണ്ടാം വാതിലിലെത്തുന്നു. വാതില്‍ കാക്കുന്ന കാവല്‍ക്കാരോട് വാതില്‍ തുറന്നുതരാന്‍ തന്റെ സര്‍ഗ്ഗാത്മകതയുടെ ഓടക്കുഴല്‍ തന്നെ തരാമെന്ന് അപേക്ഷിക്കുന്നു. ആരെയും കാണാതായപ്പോള്‍ ആധുനിക നാഗരികതയുടെ ചില്ലുവാതിലില്‍ ആഞ്ഞടിച്ചു. ചില്ല് പൊട്ടിത്തകര്‍ന്നു. മനുഷ്യരില്ല. ഒച്ചയില്ല. മൂകത മാത്രം. ദാഹം മൂത്തു. ഇത്തിരി വെള്ളത്തിനായി കേണപേക്ഷിച്ചു 'ഇതിന്നപ്പുറത്തിനിയൊന്നുമില്ലെന്നോ' എന്ന നീറുന്ന വ്യഥയില്‍ മൂന്നാം വാതിലിന്റെ മുന്നിലെത്തി. അവിടെയും പഥികന് തുറന്നു കൊടുക്കാന്‍ വാതിലില്ലായിരുന്നു. 'ഇന്നലെ കണ്ട കിനാക്കളെല്ലാം ഇന്നിന്റെ മുന്നിലലിയുമെന്നോ?' എന്ന ചോദ്യത്തില്‍ കവിത അവസാനിക്കുകയാണ്. പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുന്ന ഈ കവിതയിലും ജീവിതത്തിന്റെ പ്രഹേളികതന്നെയാണ് നമ്മിലെത്തുന്നത്. 'വഴിയേത്, വാതിലേത്' എന്ന അന്വേഷിയുടെ ചോദ്യം ഏഴു ഭാഗങ്ങളുള്ള 'മണിയറയില്‍' എന്ന കവിതയിലും അതേ പഥികന്‍ ആവര്‍ത്തിക്കുന്നുണ്ട്.
'കറവുകഴിഞ്ഞ പശുക്കളെപ്പോലെ,
നൂറുകണക്കിനു നൂറ്റാണ്ടുകള്‍
നൂണുകടന്നു പോയിക്കാണും
നില്‍ക്കുകയാണിന്നും ഞാനാ വാതിലിന്മേല്‍ നോക്കി
മുട്ടുവാനെന്‍ കൈകള്‍ വീണ്ടും വീണ്ടും പൊക്കി'
ഇവിടെ വാതില്‍ തുറക്കുന്നുണ്ട്; പക്ഷേ, ഉള്ളിലുള്ളതെല്ലാം സര്‍റിയലിസ്റ്റ് ചിത്രങ്ങളാണെ ന്നുമാത്രം.
'ആയിരമാദിത്യഗോളങ്ങളൊന്നിച്ചൊ
രാളല്‍! ഉയര്‍ന്നു വിപത്തിന്റെ കൂണുകള്‍'
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകളുതിര്‍ന്ന ആധുനിക മനുഷ്യന്റെ നൃശംസതയില്‍ ഉയര്‍ന്നുപൊങ്ങിയത് പതിനായിരക്കണക്കിനു മനുഷ്യരെ ഭസ്മമാക്കിയ MUSHROOMS (കൂണുകള്‍)തന്നെയാണ്.
'കുന്നുകുന്നായിക്കിടക്കും ശവങ്ങള്‍തന്‍
പിന്നില്‍ നില്‍പ്പുണ്ടൊരാള്‍ഏകാകി, വിഹ്വലന്‍
പിന്നോട്ടു നീക്കുകയാണ് ഘടികാര
സൂചികളയാള്‍, വിറയ്ക്കുന്ന കൈകളാല്‍'
എന്നുള്ള വരികള്‍ തുടരുന്നത് 'അതെന്റെ നിഴലായിരുന്നുവോ?' എന്ന ചോദ്യത്തിലാണ്. കൊല്ലിച്ചവനും കൊല്ലപ്പെട്ടവനും ഞാനെന്ന മനുഷ്യന്‍ തന്നെയാണെന്ന ഭീതിദമായ തിരിച്ചറിവ് 'ധര്‍മ്മപദം' വായിക്കുന്ന ഒരാളിന് തിരിച്ചറിയാനാവും. തന്നിലുള്ള സഹജമായ ബുദ്ധപ്രേരണയില്‍നിന്നായിരിക്കാം, ലോകം കണ്ട ഹിംസയുടെ അതിദാരുണവും ഭീകരവുമായ കാഴ്ചയില്‍ വിഹ്വലനായി കവി നില്‍ക്കുന്നത്. ഇത് ഉള്ളില്‍ നീറിനീറിപ്പിടിക്കുന്ന ഒരുവനില്‍ കവിത പാഴ്‌വാക്കാണെന്ന ബോധമുണരുകയും എത്തേണ്ടത് ബുദ്ധസത്തയിലേക്കാണെന്ന പുതിയ ബോധം ഉദിക്കുകയും ചെയ്യുന്നു.
'ജീവചരിത്രക്കുറിപ്പുകളി'ല്‍ എന്റെ ദേഹമെ ങ്ങതാ താഴെപ്പൊന്തയില്‍ പുളയ്ക്കുന്ന പുഴുക്കള്‍ക്കൂണാകുന്നു! എന്ന വരികള്‍ കവി 1959 ഡിസംബറില്‍ 25ാം വയസ്സിലെഴുതിയതാണ്. ജീവിതം പരമബോറാണെന്ന് മുന്‍പേ പറഞ്ഞുവെച്ചതിനുശേഷമാണ്, തെരുവിനടുത്തുള്ള ഒരു വലിയ കെട്ടിടത്തിലെ മുറിയിലിരുന്നു വിദൂരതയിലെ ശൂന്യത നോക്കി നില്‍ക്കുന്ന കവിയില്‍ തന്റെ ശരീരം പുഴുക്കള്‍ക്ക് ഭക്ഷണമാകുന്ന കാഴ്ചയുണ്ടാകുന്നത്. കവിതയിലുടനീളം പുലര്‍ത്തുന്ന ശാന്തിയുടെ വാക്കുകള്‍ക്കിടയില്‍ ഇത്തരം ബിംബങ്ങള്‍ നമ്മില്‍ മരണബോധത്തിന്റെ ഇടിമിന്നലുണ്ടാക്കുന്നു. 25ാം വയസ്സില്‍പോലും സ്വന്തം മരണത്തെ, അതും പുഴുക്കള്‍ക്ക് ഭക്ഷണമായിത്തീരുന്ന സ്വന്തം ശരീരത്തെ സ്വന്തം കണ്ണുകള്‍കൊണ്ട് കാണുകയെന്നത് രമണമഹര്‍ഷിക്ക് 16ാം വയസ്സില്‍ അനുഭവപ്പെട്ട മരണത്തിന്റെ (ജീവിതം തന്നെ മരണം) വിദൂരമായ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.
അയ്യപ്പത്തിന്റെ 'ധര്‍മ്മപദ' വിവര്‍ത്തനത്തിലെ പതിമൂന്നാം അധ്യായത്തില്‍നിന്ന്:
'പെരുന്തച്ചാ, ദുഷ്ടനായ് നീ,
വീണ്ടും കൂട്ടേണ്ട നീ ഗൃഹം.
ഉത്തരങ്ങളുടഞ്ഞല്ലോ
മോന്തായങ്ങള്‍ തകര്‍ന്നുപോയ്
മുന്‍ബാക്കിയറ്റതായ് ചിത്തം,
തൃഷ്ണയെല്ലാമകന്നതായ്'
മനസ്സെന്ന പെരുന്തച്ചന്‍ നിരന്തരം കൂട്ടിക്കൊണ്ടിരിക്കുന്ന വീടിന്റെ ഉത്തരങ്ങളും മോന്തായങ്ങളും തകര്‍ന്നുപോയാല്‍ ഭൂതകാല ഭാരങ്ങളുടേയും തൃഷ്ണയുടേയും തടവറയില്‍നിന്നും വിമോചിതമാകാമെന്നും 'ബുദ്ധന്മാരും ബൗദ്ധന്മാരും' എന്ന അദ്ധ്യായത്തില്‍ വിവരിക്കുകയാണ്. 'ധര്‍മ്മപദ'ത്തിലെ കര്‍മ്മയോഗവും സാധനയും നിഷ്ഠയും പെരുന്തച്ചന്‍ കൂട്ടിക്കൊണ്ടിരിക്കുന്ന വീട് എന്ന തടവറയില്‍നിന്നു പുറത്ത് കടക്കാനുള്ള, മുക്തി നേടാനുള്ള വഴിയാണ്.
തിച്ച്‌നാത്ഹാന്റെ 'പഴയ പാത വെളുത്ത മേഘങ്ങളി'ല്‍ (മൊഴിമാറ്റം: കെ. അരവിന്ദാക്ഷന്‍) ഇത് മറ്റൊരു തലത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. 'ഗൗതമന് അജ്ഞതയായിരുന്നു തടവറ സൂക്ഷിപ്പുകാരന്‍. അജ്ഞതമൂലം അദ്ദേഹത്തിന്റെ മനസ്സ് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. വ്യാമോഹിതമായ ചിന്തകളുടെ അന്തമില്ലാത്ത തിരകളാല്‍ മൂടപ്പെട്ട്, മനസ്സ് യാഥാര്‍ത്ഥ്യത്തെ താനും അന്യനുമാക്കി, ഉള്ളതും ഇല്ലാത്തതുമാക്കി, ജീവിതവും മരണവുമാക്കി. ഈ വിവേചനത്തില്‍നിന്നു തെറ്റായ കാഴ്ചപ്പാടുകളുയര്‍ന്നു. വികാരങ്ങളുടേയും ആഗ്രഹങ്ങളുടേയും ആര്‍ത്തികളുടേയും തടവറകള്‍. മരണം, രോഗം, വാര്‍ദ്ധക്യം, ജനനം ഇവയുടെ ദുരിതപ്പെടലുകള്‍ തടവറ ഭിത്തികളെ കൂടുതല്‍ കട്ടിയുള്ളതാക്കിയതേയുള്ളൂ. തടവറ സൂക്ഷിപ്പുകാരനെ പിടികൂടുക, അയാളുടെ ശരിയായ മുഖം കാണുക, തടവറ സൂക്ഷിപ്പുകാരന്‍ അജ്ഞതയാണ്. അജ്ഞതയെ മറികടക്കാനാണ് അഷ്ടമാര്‍ഗ്ഗം.'
പുതിയകാലത്ത് അംബേദ്കര്‍ക്ക് ഇന്ത്യന്‍ സമൂഹത്തെ അപ്പാടെ തടവറയിലാക്കിയ ജാതി ശ്രേണിയുടെ ഭസ്മീകരണത്തില്‍നിന്നേ (Annihilation) ദളിതന്റെ വിമോചനവും അതുവഴി ഇന്ത്യന്‍ സമൂഹത്തിന്റെ വിമോചനവും സാധ്യമാകൂ. അദ്ദേഹം 'ബുദ്ധനും ബുദ്ധധര്‍മ്മവും' എന്ന മഹദ്ഗ്രന്ഥത്തിന്റെ ഉപസംഹാരത്തില്‍ ഇ.ജി. ടെയ്‌ലറെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു:
'മനുഷ്യന്‍ ഒരു ബാഹ്യശക്തിയുടെ ഭരണത്തിന്‍ കീഴിലായിട്ടു കാലമേറെ കഴിഞ്ഞു. യഥാര്‍ത്ഥ സംസ്‌കാരം നേടണമെന്നുണ്ടെങ്കില്‍ മനുഷ്യന്‍ സ്വന്തം സിദ്ധാന്തങ്ങളനുസരിച്ച് ഭരിക്കപ്പെടണം. മനുഷ്യനെ മനുഷ്യന്‍ തന്നെ ഭരിക്കുന്ന, സന്മാര്‍ഗ്ഗനിരതമായ ആദ്യത്തെ ഒരു വ്യവസ്ഥയാണ് ബുദ്ധമതം. ബുദ്ധന്‍ മാത്രമാണ് ബാഹ്യശക്തികളുടെ സഹായമില്ലാതെ സ്വന്തം മോക്ഷത്തിനുള്ള വഴി വെട്ടിത്തുറക്കാന്‍ മനുഷ്യന് സ്വതസിദ്ധമായ കഴിവുണ്ടെന്നു കണ്ടെത്തിയത് (പ്രൊഫ: ഡ്വൈറ്റ് ഗോര്‍ദ്ദാര്‍ഡ്). ജാതി പീഡനങ്ങളുടേയും പരാധീനതകളുടേയും തടവറകളില്‍നിന്ന് അധഃസ്ഥിത ജനതയെ വിമോചിപ്പിക്കുവാനാണ് അംബേദ്കര്‍ ശ്രമിച്ചതെന്ന് 'ധര്‍മ്മപദ'ത്തില്‍ (പുറം:37) അയ്യപ്പത്ത് ഭംഗ്യന്തരേണ ചൂണ്ടിക്കാട്ടുന്നുണ്ട്. അയ്യപ്പത്തിന്റെ കവിതകളില്‍ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ആഹ്വാനമോ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങളോ കണ്ടേക്കില്ല. എന്നാല്‍ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ അനേകം തടവറകളില്‍ മനുഷ്യന്‍ ബന്ധിക്കപ്പെട്ടിരിക്കയാണെന്ന ഉണ്‍മ കവിയില്‍ നിരന്തരമായി പ്രവര്‍ത്തിച്ചിരുന്നെന്ന് ബോധ്യമാകും.
ധര്‍മ്മപദം തേടിയ കവി
നാഗരികതയുടെ മഹാസൗധത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് അപ്പുറത്തേക്ക് നോക്കുമ്പോള്‍ 'അഴുക്കുതോടിന്റെ വക്കിലെ ഞാഞ്ഞൂളില്‍ പുറ്റുകള്‍ കണ്ടേന്‍/ ഓരോ പുറ്റിന്‍ നിറുകയില്‍നിന്നും / ചാരമണിഞ്ഞ പുക പടരുന്നു/ ചീയും ചിരങ്ങിലെ ചലമെന്നപോലെ/ തീരാപ്പകയുടെ പ്രേതങ്ങള്‍പോലെ' എന്ന് 'ഭീരുവിന്റെ ഗാനത്തില്‍' കവി എഴുതുന്നു. തൃഷ്ണയുടെ ഫലമായുണ്ടായ ഭയത്തിന്റെ തടവറയിലാണ് താനും പുത്തന്‍ മനുഷ്യസംസ്‌കാരവും എന്ന് കവി ഓര്‍മ്മപ്പെടുത്തുന്നു. അതിന്റെ പുകയും ജീര്‍ണ്ണതയും പ്രേതക്കാഴ്ചകളും തടവറയില്‍പ്പെട്ട തന്നില്‍നിന്നു പുതിയൊരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്. ബുദ്ധനു ലഭിച്ച ഉള്‍ക്കാഴ്ച യാതൊരു മനുഷ്യേതര പ്രഭാവത്തിന്റേയും ഇടപെടലിന്റെ ഫലമായിരുന്നുല്ല. 'യത്‌നം നീ തന്നെ ചെയ്യേണം, ബുദ്ധന്മാരുപദേശികള്‍' എന്നു ധര്‍മ്മപദത്തിലുണ്ട്.
'എന്നും പതിവായെന്‍ മിഴി പൊത്താനെത്തും
നിന്നെ ഞാനൊരുനാളൊരു മിന്നലില്‍ കാണും
അന്നു ഞാന്‍ നേരില്‍ നിന്‍ നഗ്‌നത കാണും
പിന്നെ ഞാന്‍ മുക്തനജയ്യനദമ്യന്‍'
'ഭീരുവിന്റെ ഗാനം' അവസാനിക്കുന്നതിങ്ങനെയാണ്. ഈ വരികളെത്തന്നെ ശക്തമായി ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ആധുനികതയ്ക്ക് ഉദാഹരണമായി പലരും എടുത്ത് കാട്ടാറുള്ള 'സ്ട്രീക്കിങ്ങ്.' 1976 ആഗസ്റ്റിലാണ് അയ്യപ്പത്ത് ഈ കവിതയെഴുതുന്നത്. ഇന്ത്യ അടിയന്തരാവസ്ഥയുടെ ഭീകരയാമങ്ങളിലൂടെ കടന്നുപോകുന്ന കാലം. ഈ ഭീകര കാലത്ത് പാതയില്‍ പരിപൂര്‍ണ്ണ നഗ്‌നനായി നടക്കുകയാണ് 'കവി.' 'എന്തിനീയാടകൂടിയും വലിച്ചൂരി/ പൊന്തയില്‍ തൂക്കൂ, കാറ്റിന്‍ കൊടിയായ് പറക്കട്ടെ' എന്ന് കവി തനിക്കു ചുറ്റും രാഷ്ട്രീയവും നാഗരികതയും കെട്ടിപ്പൊക്കിയിട്ടുള്ള അനേകം കോട്ടകള്‍ക്കുള്ളില്‍നിന്നും പുറത്ത് കടക്കുവാനുള്ള വ്യഗ്രതയാണിവിടെ. ഇതൊന്നു നോക്കിനില്‍ക്കാന്‍ കാണികള്‍ക്കു നേരവുമില്ല, നിന്നാല്‍ത്തന്നെ നേരിനെ കാണാന്‍ കണ്ണുമില്ല; നേരായതോതാന്‍ നാവുമില്ല. തടവറകളില്‍നിന്ന് സ്വതന്ത്രനാകാനായാല്‍:
'ആയിരം സൗരഭ്യങ്ങളാദരിക്കാനെത്തുമ്പോ
ളായിരം ജന്മങ്ങള്‍ നാം നേടുന്നു ക്ഷണംതോറും'
ഈ ജീവിതത്തിന്റെ ഒരൊറ്റ നിമിഷത്തില്‍ത്തന്നെ നാം ആയിരം ജന്മങ്ങള്‍ കടന്നുപോകുന്നു. ഈ നിമിഷത്തിന്റെ ജാഗ്രതയില്‍ ജീവിക്കുകയെന്നതാണ് ബുദ്ധധര്‍മ്മത്തിന്റെ കാതലെന്ന് അറിയുന്ന കവി പുനര്‍ജന്മത്തിന്റെ തടവറകളെ മറികടക്കുന്നു. 'ശ്രദ്ധതാനമൃതം മാര്‍ഗ്ഗം / ശ്രദ്ധയില്ലായ്മ മാരണം' എന്ന് ധര്‍മ്മപദം. അങ്ങനെ സ്വപ്രയത്‌നത്താല്‍ പുറത്തു കടന്നാല്‍ സിദ്ധിക്കുന്ന ഉണര്‍വ്വും ഉണ്‍മയും കവി വിവരിക്കുന്നു.
'എന്തൊരു കുളുര്‍മയിക്കാറ്റിന്, വാരിപ്പുല്‍കാന്‍
സ്വന്തമായെനിക്കിന്നൊരായിരം മെയ്യുണ്ടെങ്കില്‍!'
'ജീവചരിത്രക്കുറിപ്പുകളി'ല്‍ (1959) നിന്ന് ചില വരികള്‍:
'ഏറെ ഞാന്‍ കേറീ പാറക്കെട്ടുകള്‍, ആദ്യം ചോന്നു
ചോരയാല്‍ കല്ലും മുള്ളും, മുനകള്‍ പൊട്ടി പിന്നെ.
കണ്ടു ഞാനൊരു മുള്ളുവേലിയും വെണ്ണക്കല്ലിന്‍ തുണ്ടിലീ വിലക്കലുംവേലികള്‍ ലംഘിക്കായ്.'
പക്ഷേ, ആ ശാസനം കവി വകവെയ്ക്കുന്നില്ല. വേലികളും ശാസനകളും കോട്ടകളും തടവറകളും നിരന്തരം ലംഘിച്ചാല്‍ മാത്രമേ, ഉണ്മ തേടിയുള്ള അന്വേഷണത്തിന് ഫലമുണ്ടാകൂ എന്ന് കവി വിചാരപ്പെടുന്നുണ്ട്.
'വേലിപ്പടിക്ക് /വായ് നീട്ടുമാടിന്‍ മുല / തേടും തൃഷ്ണകള്‍' എന്ന് അയ്യപ്പത്ത് തന്റെ ഹൈക്കു കവിതകളില്‍ എഴുതുന്നുണ്ട്. ഈ തൃഷ്ണയാണ് രോഷമായി മാറുന്നത്. 'നെയ്യാര്‍ ഡാമി'ന്റെ ഹൈക്കു വരികളില്‍ 'അതിക്രമിച്ച്/ഇരമ്പിപ്പതയുന്ന/ തടവിന്‍ രോഷം.' 'നേരു ചൊല്ലുക കോപിക്കായ് കേകൂ ചോദിക്കിലുള്ളത്/ നിലയീ മൂന്നുമുണ്ടെങ്കില്‍/ ദേവകള്‍ക്കൊപ്പമെത്തിടാം' എന്ന് ധര്‍മ്മപദത്തില്‍. 'ഉടഞ്ഞ മണി പോലേതു/മൊപ്പമില്ലാതിരിപ്പവന്‍/ അവന്നിളക്കമുണ്ടാവി, /ല്ലവന്‍ നിര്‍വ്വാണമാര്‍ന്നവന്‍' 'കത്തിയമര്‍ന്ന / തീമലയ്ക്കകമൊരു / തെളിനീര്‍പ്പൊയ്ക'യാവാം അവിടെ തെളിയുന്നത് ('കത്തിയമര്‍ന്ന')
'പ്രബുദ്ധതയെന്നത് വര്‍ണ്ണിക്കാനോ വിശദീകരിക്കാനോ കഴിയില്ല. വാക്കിന് വഴങ്ങാത്ത ഒരു വെളിപാടാണത്.' ധര്‍മ്മപദത്തിന്റെ 'ശ്രീബുദ്ധന്‍' എന്ന കുറിപ്പില്‍ അയ്യപ്പത്ത് എഴുതുന്നത് അദ്ദേഹത്തിന്റെ കവിതയ്ക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകള്‍ സര്‍റിയലിസത്തിന്റെ ഞെട്ടിപ്പിക്കുന്ന, ചിലപ്പോള്‍ അസംബന്ധമെന്ന്, വിരുദ്ധോക്തികളെന്ന്, തോന്നാവുന്ന വാങ്മയങ്ങളാണ്. തന്റെ സഹയാത്രികനായിരുന്ന ആറ്റൂരിനെപ്പോലെ അദ്ദേഹം ദ്രാവിഡത്തനിമയിലേക്കും ഊരിലേക്കും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. നഗരത്തിന്റെ എടുപ്പുകളും കൃത്രിമ വര്‍ണ്ണങ്ങളും സുഖഭോഗങ്ങളും യാഥാര്‍ത്ഥ്യങ്ങളാണ് അയ്യപ്പത്തില്‍, അവ തന്റെ ഉണ്മയ്ക്കു ചുറ്റുമായി തടവറകള്‍ തീര്‍ക്കുമ്പോഴും. അത്തരം തൃഷ്ണകളുടെ അന്തമില്ലായ്മ (anattaa) തിരിച്ചറിഞ്ഞ് സ്വയം നഗ്‌നനാവുകയാണ് അദ്ദേഹം, കവിതയില്‍. അതിന്റെ പൂരണമാണ് അദ്ദേഹത്തിന്റെ 'ധര്‍മ്മപദം' വിവര്‍ത്തനം. 'എല്ലാ ജീവിതവും തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവര്‍ത്തനമായി, ഇടതടവില്ലാത്ത ഒഴുക്കായി അദ്ദേഹം (ബുദ്ധന്‍) കണ്ടു. എല്ലാം ഒന്നോടൊന്ന് ബന്ധപ്പെട്ടത്. അതില്‍ ഒന്നിനും പ്രത്യേകിച്ചൊരു നിലനില്‍പ്പുമില്ല. ഈ ഉള്‍ക്കാഴ്ച സിദ്ധാര്‍ത്ഥനെ സകലവിധമായ കെട്ടുപാടുകളില്‍നിന്നും വിടുവിച്ചു.' (ധര്‍മ്മപദം;)
'പഴയപാത വെളുത്ത മേഘങ്ങളില്‍' തിച്ച്‌നാത്ഹാന്‍ ബോധോദയത്തിന്റെ അനുഭവം കുട്ടികളോട് ഒരു മധുരനാരങ്ങയിലൂടെ മൊഴിയുന്ന ഗോതമബുദ്ധനെ അവതരിപ്പിക്കുന്നത് നോക്കുക. 'ഒരു മധുരനാരങ്ങ ഏകാഗ്രതയോടെ തിന്നുകയെന്നത് മധുരനാരങ്ങ തിന്നുമ്പോള്‍, നിങ്ങള്‍ ശരിക്കും അതുമായി താദാത്മ്യപ്പെട്ടു എന്നാണ്. ഏകാഗ്രത പരിശീലിക്കുന്ന ഒരാളിന് മധുരനാരങ്ങയില്‍ ഒരു മനുഷ്യന് മധുരനാരങ്ങച്ചെടിയും വസന്തത്തില്‍ അത് പൂത്ത് പുഷ്പിക്കുന്നതും മഴയും സൂര്യപ്രകാശവും അതിനെ പരിപോഷിപ്പിക്കുന്നതും കാണാനാവും... ഒരു മധുരനാരങ്ങയെ നോക്കിയാല്‍, ഏകാഗ്രത പരിശീലിക്കുന്ന ഒരു വ്യക്തിക്ക് പ്രപഞ്ചത്തിന്റെ സകല വിസ്മയങ്ങളും എല്ലാ വസ്തുക്കളും ഒന്നൊന്നായി ഇടപെടുന്നതും കാണാനാവും.' തിച്ച്‌നാത്ഹാന്‍ ഇതിനെ സഹോദയമായി കണ്ടു. ഭൂമിയിലെ ചേതനവും അചേതനവുമായ സകലതിന്റേയും ഉള്ളുണര്‍വ്വില്‍ ലയിക്കുന്ന ആനന്ദഭാവം, ആനന്ദം. വെളിച്ചം തേടുന്നവര്‍ക്ക്, തുണയാവാനുള്ള അന്‍പാര്‍ന്ന കാരുണ്യം. മാധവന്‍ അയ്യപ്പത്ത് കവിതയിലൂടെയും ജീവിതത്തിലൂടെയും സാധന ചെയ്ത് അന്വേഷിക്കാന്‍ ശ്രമിച്ചത് ഈ പ്രപഞ്ചകാരുണ്യമാണ്.
ഈ കാരുണ്യത്തിന്റെ ജീന്‍ എല്ലാ മനുഷ്യരിലുമുണ്ട്. ചിലരില്‍ ചില ഇടത്തിലും (Space) ഇടയിലും (Time) വേഗം കിളിര്‍ക്കുന്നു. ചിലരില്‍ ആ ജീനിന്റെ മുളയ്ക്ക് വളരാനുള്ള സാഹചര്യമുണ്ടാകണമെന്നില്ല. ബോധനവും സാധനയും സംഭവിക്കണമെന്നില്ല. അതായത് മുളകളും സാര്‍ത്ഥകമാകണമെന്നില്ല. പലരിലും അത് സര്‍ഗ്ഗാത്മകതയുടെ മുളകളായി നിലനിന്നേക്കും. അത് ജീവിതത്തിന്റെ ജൈവപ്ലാസത്തിന്റെ അന്വേഷണമായി വളരണമെന്നില്ല. അയ്യപ്പത്തില്‍ തന്നിലുള്ള സഹജമായ അന്‍പിന്റെ ജൈവധാതു കവിതയിലും ജീവിതത്തിലും വേരോടുന്നതായി കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates