മഹുവ മൊയ്ത്ര; കോണ്‍ഗ്രസ്സിന്റെ നഷ്ടം മമതയുടെ നേട്ടം

രണ്ടുവര്‍ഷം മുന്‍പ് ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തിയ മഹുവ മൊയ്ത്രയ്ക്ക് നേരിടേണ്ടിവന്നത് ഈ 'ലക്ഷ്വറി' ജീവിതരീതിയെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളായിരുന്നു
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര
Updated on
5 min read

യ്യില്‍ ലൂയി വ്യൂട്ടണ്‍ ബാഗ്, കാലില്‍ ഹൈഹീല്‍ സ്നീക്കര്‍, ബോബി ബ്രൗണ്‍ ഐലൈനര്‍ കൊണ്ടെഴുതിയ കണ്ണുകള്‍ മറയ്ക്കാന്‍ സണ്‍ഗ്ലാസ്, ഒറ്റനിറത്തില്‍ അലസമായി ഒഴുകിക്കിടക്കുന്ന സാരി, ചേര്‍ച്ചക്കുറവുള്ള നിറങ്ങള്‍ കോറിയിട്ട ബ്ലൗസ്. ഒറ്റനോട്ടത്തില്‍ ഏതോ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് സി.ഇ.ഒ ഇന്ത്യന്‍ വസ്ത്രമണിഞ്ഞതുപോലെ. രണ്ടുവര്‍ഷം മുന്‍പ് ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തിയ മഹുവ മൊയ്ത്രയ്ക്ക് നേരിടേണ്ടിവന്നത് ഈ 'ലക്ഷ്വറി' ജീവിതരീതിയെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളായിരുന്നു.  സ്വന്തം പാര്‍ട്ടിക്കകത്തും എതിര്‍ച്ചേരിയിലും ഇന്നും ആ ആരോപണങ്ങള്‍ നില്‍ക്കുന്നു. പാവപ്പെട്ടവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഇവരെങ്ങനെ തിരിച്ചറിയും എന്നതായിരുന്നു ബി.ജെ.പിയുടെ പ്രധാന ചോദ്യം. എന്നാല്‍, അധികം വൈകാതെ ആ ചോദ്യത്തിന്റെ മുനയൊടിഞ്ഞു. 

ലണ്ടനും നാഡിയയും തനിക്ക് ഒരുപോലെയാണെന്നാണ് മഹുവ മൊയ്ത്ര ഉത്തരമായി പറഞ്ഞത്. നാഡിയ ജില്ലയിലെ ഒരു ഗ്രാമമായിരുന്നു മഹുവ മത്സരിച്ച കൃഷ്ണനഗര്‍ മണ്ഡലം. കല്‍ക്കട്ടയില്‍നിന്ന് 120 കിലോമീറ്റര്‍ ദൂരം. നാഡിയ എന്ന ചെറുനഗരം ഒഴിച്ചാല്‍ തനി ഗ്രാമം. റായ് ഗുണാകര്‍ ഭട്ടാചാര്യ മുതല്‍ നാരായണ്‍ സന്യാല്‍ വരെയുള്ള സര്‍ഗ്ഗപ്രതിഭകളുടെ ജന്മനാട്. പാര്‍ലമെന്റിലേക്കുള്ള മൊയ്ത്രയുടെ ചുവടുറപ്പ് ഇവിടെ നിന്നായിരുന്നു. എം.പിയാകാന്‍ മത്സരിച്ച മഹുവയ്ക്ക് അപരിചിതമായിരുന്നില്ല ഈ നാട്. 2016 മുതല്‍ കരിംപൂരില്‍ അവര്‍ എം.എല്‍.എയായിരുന്നു. കൃഷ്ണനഗര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്ഥലം. 63,218 വോട്ടുകള്‍ക്കാണ് എതിരാളിയും ഫുട്‌ബോള്‍ താരവുമായ കല്യാണ്‍ ചൗബേയെ മൊയ്ത്ര പരാജയപ്പെടുത്തിയത്.

 ജെ.പി. മോര്‍ഗന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും തുടങ്ങുന്ന മഹുവയുടെ രാഷ്ട്രീയ യാത്ര ഇന്നെത്തി നില്‍ക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ ഇടറാത്ത സ്വരത്തിലാണ്. ജുഡീഷ്യറിയെ വിമര്‍ശിക്കാനുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ വൈമനസ്യത്തെ മറികടന്ന അവര്‍ മുന്‍ ചീഫ് ജസ്റ്റിസിനെ നിയമനിര്‍മ്മാണസഭയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ അവകാശമാണെന്നും ജനങ്ങളുടെ അവകാശപൂര്‍ത്തീകരണമാണ് തന്റെ കടമയെന്നും പറഞ്ഞു തുടങ്ങിയാണ് മഹുവ പ്രസംഗം തന്നെ ആരംഭിച്ചത്. 

ലണ്ടനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയപ്രവേശനത്തിനു മുന്‍പ് മസാച്യുസെറ്റ്‌സിലെ മൗണ്ട് ഹോളിയോക് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ അവര്‍ ന്യൂയോര്‍ക്കിലും ലണ്ടനിലും ജെ.പി. മോര്‍ഗന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് നിയോഗിക്കപ്പെട്ടത്. കോര്‍പ്പറേറ്റ് ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനും നാട്ടിലേക്ക് തിരിച്ചുവരാനും അവര്‍ തീരുമാനമെടുത്തു. സഹപാഠികളുടെ റീ യൂണിയനാണ് അതിനു വഴിയൊരുക്കിയത്. ആ കൂട്ടായ്മയില്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പുതിയ ഒരു മേഖലയിലാകും തന്റെ ജീവിതമെന്ന് പ്രഖ്യാപിച്ചു. 2008-ല്‍ കോണ്‍ഗ്രസ്സിലൂടെയാണ് മൊയ്ത്ര രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. 

പശ്ചിമബംഗാളില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചുമതലയാണ് രാഹുല്‍ ഗാന്ധി മഹുവയെ ആദ്യം ഏല്പിച്ചത്. ആം ആദ്മി കാ സിപാഹി(എ.എ.കെ.എസ്) പദ്ധതിയുടെ ചുമതലയായിരുന്നു ആ ദൗത്യം. ഡല്‍ഹി റെയ്‌സാന റോഡിലെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് അവര്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി, ഹരിയാന, യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരായിരുന്നു മൊയ്ത്രയുടെ ടീം. തൊഴിലുറപ്പ് പദ്ധതി പോലുള്ള യു.പി.എ പദ്ധതികള്‍ യുവതലമുറയിലൂടെ ഗ്രാമങ്ങളില്‍ എത്തിക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 

കോട്ടണ്‍ സാരിയണിഞ്ഞ് ചുറുചുറുക്കോടെ കാര്യങ്ങള്‍ വൃത്തിക്കു ചെയ്യുന്ന മൊയ്ത്ര അന്ന് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ബംഗാളില്‍ അവരുടെ പ്രവര്‍ത്തനം വലിയ മാറ്റങ്ങളുമുണ്ടാക്കി. മൊയ്ത്ര നയിച്ച യൂണിറ്റിന്റെ വിജയം മാതൃകയായി ഉദാഹരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ 2009-ലെ യു.പി.എയുടെ വിജയത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിലെ മുന്‍ഗണനകളിലുള്ള മാറ്റം മൊയ്ത്രയെപ്പോലെയുള്ള നേതാക്കളെ നിരാശപ്പെടുത്തി. ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സമരസപ്പെടുന്ന നടപടികള്‍ ഇവരെ കൂടുതല്‍ പ്രകോപിതരാക്കി. മമത ബാനര്‍ജി കൂടുതല്‍ യുവമുഖങ്ങളെ തേടുന്ന സമയമായിരുന്നു ഇത്. അവര്‍ മൊയ്ത്രയെ തൃണമൂലിലേക്ക് സ്വാഗതം ചെയ്തു.  2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തിയ അവര്‍ 2016-ല്‍ മത്സരിച്ചു. കോണ്‍ഗ്രസ്സിന്റെ നഷ്ടം അങ്ങനെ മമത ബാനര്‍ജിയുടെ നേട്ടമായി മാറുകയായിരുന്നു. 
 
രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു: ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കോര്‍പ്പറേറ്റ് മേഖലയുമായി രാഷ്ട്രീയത്തിന് ചില സമാനതകളുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയില്‍ മൂന്നു കാര്യങ്ങളാണ് വളരെ പ്രധാനപ്പെട്ടത്. അത് തന്നെ രാഷ്ട്രീയത്തിലും വേണം. ഒന്ന്, കഠിനാദ്ധ്വാനം. രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും അധ്വാനിക്കേണ്ടിവരും.  രണ്ട്, സ്വയം പുലര്‍ത്തുന്ന അച്ചടക്കം. കോര്‍പ്പറേറ്റ് മേഖലയിലെന്നതുപോലെ തന്നെ ഉയര്‍ച്ചകളും വീഴ്ചകളുമുള്ളതാവും രാഷ്ട്രീയജീവിതം. സ്വയം അച്ചടക്കം പാലിച്ചില്ലെങ്കില്‍ നഷ്ടപ്പെടാന്‍ എളുപ്പമാണ്. മൂന്നാമത്, സ്ഥിരോത്സാഹം. സ്ഥിരതയുള്ളവര്‍ക്കു മാത്രമേ ഈ മേഖലയില്‍ നിലനില്‍ക്കാനാകൂ. 

നാഡിയ ജില്ലയിലെ കൃഷ്ണന​ഗറിൽ മഹുവ മൊയ്ത്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത  ബാനർജി
നാഡിയ ജില്ലയിലെ കൃഷ്ണന​ഗറിൽ മഹുവ മൊയ്ത്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത  ബാനർജി

മമത ദീദിയാകുന്നു

''ആശയങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ ഇടയില്‍ രണ്ടഭിപ്രായമില്ല. തീരുമാനങ്ങളെടുക്കുന്നതില്‍ കുറച്ചുകൂടി വ്യക്തതയുമുണ്ട്''- മമത ബാനര്‍ജിയുമായുള്ള രാഷ്ട്രീയ സഹകരണത്തെ മൊയ്ത്ര വിശേഷിപ്പിക്കുന്നത് ഇങ്ങനെ. സാവധാനം ടെലിവിഷന്‍ ചര്‍ച്ചകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയവക്താവായി അവര്‍ മാറി. പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനം പോലും ശ്രദ്ധിക്കപ്പെട്ടത് മഹുവയുടെ വാക്കുകളായിരുന്നു. വിയോജിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവരുടെ പോരാട്ടം. അപ്രതീക്ഷിതമായ, നാടകീയമായ ആ പ്രസംഗം ഏറെ ചര്‍ച്ചയായി. വിയോജിക്കാന്‍ എനിക്ക് അവകാശമുണ്ട്. ഞാന്‍ വിയോജിക്കുന്നു ശക്തമായിത്തന്നെ... എന്നു പറഞ്ഞ് ആ പ്രസംഗം അവസാനിക്കുമ്പോള്‍ നീണ്ട കരഘോഷം ഉയര്‍ന്നിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കാന്‍ മഹുവ എഴുന്നേറ്റപ്പോള്‍ ഒരു സാധാരണ പ്രസംഗമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍,  വാക്കുകളുടെ കരുത്തും ശക്തിയും പ്രസംഗത്തിന്റെ തിളക്കം  കൂട്ടി. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

''അഛേ ദിന്‍ വന്നുവെന്നാണ് നിങ്ങളില്‍ പലരും അവകാശപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ ഈ സാമ്രാജ്യസൂര്യന്‍ ഒരിക്കലും അസ്തമിക്കില്ലെന്നും ചിലര്‍ കരുതുന്നു. എന്നാല്‍, ചില അടയാളങ്ങള്‍ നിങ്ങള്‍ കാണാതെ പോകുന്നുണ്ട്. ആ അടയാളങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് എന്റെ കടമയും ദൗത്യവും. ഫാസിസം ഇവിടെയുണ്ട്. അതിന്റെ അടയാളങ്ങളും വ്യക്തമാണ്. ഞാന്‍ അക്കമിട്ടു പറയാം ആ അടയാളങ്ങള്‍ ഏതൊക്കെയെന്ന്. ദേശീയതയാണ് ഒന്നാമത്തേത്. ബി.ജെ.പി പ്രചരിപ്പിക്കുന്ന ദേശീയതയിലുള്ള അഭിമാനബോധം. അത് ഉപരിപ്ലവമാണ്. ഇടുങ്ങിയ ചിന്താഗതി നിറഞ്ഞതാണ്. കൃത്രിമവും വ്യാജവുമായി സൃഷ്ടിച്ചതാണ്. ദേശീയതയെ നിങ്ങള്‍ വിഭജിക്കാനാണ് ഉപയോഗിക്കുന്നത്. ഒരുമിപ്പിക്കാനല്ല. ഇത് ഭരണഘടനയ്ക്കും വലിയ ഭീഷണി തന്നെയാണ്. ദേശീയ പൗരത്വ രജിസ്റ്ററാണ് രണ്ടാമത്തേത്. അത് ലക്ഷ്യം വയ്ക്കുന്നതും വേട്ടയാടുന്നതും ഒരു സമുദായത്തെയാണ്. ഈ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 50 വര്‍ഷത്തിലധികം ഇവിടെ ജീവിച്ച ജനങ്ങളോട് ഈ രാജ്യത്തെ പൗരന്‍മാരാണെന്നു തെളിയിക്കാന്‍ സാക്ഷ്യപത്രം ചോദിക്കുന്നു. ഇതേ രാജ്യത്തു തന്നെയാണ് കോളേജില്‍നിന്നുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്ത മന്ത്രിമാരുള്ളതെന്ന് മറക്കരുത്. ഇവിടെ ജനിച്ച്, ഇവിടെ ജീവിച്ചവരെ ഈ മണ്ണില്‍നിന്ന് ഒഴിവാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 

ഫാസിസത്തിന്റെ അടയാളങ്ങള്‍

മനുഷ്യാവകാശങ്ങളെ ബി.ജെ.പിക്ക് പുച്ഛമാണ്. എതിര്‍ക്കുന്നവരേയും വിയോജിക്കുന്നവരേയും അവഗണിക്കുന്നു. അവരെ വിസ്മരിക്കുന്നു. മറക്കരുത്; ഇത് ഫാസിസത്തിന്റെ അടയാളം തന്നെ. 2014-നും 19-നും ഇടയില്‍ വെറുപ്പു മൂലമുള്ള കൊലപാതകങ്ങള്‍ പത്തിരട്ടിയായാണ് വര്‍ദ്ധിച്ചത്. മറ്റൊന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം. എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ് അതും. മാധ്യമങ്ങളെ നിയന്ത്രിച്ച്, ഭരണകൂടത്തിന് ഇഷ്ടമുള്ള വാര്‍ത്തകള്‍ അവരിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമം. അതും കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.'' 

കേന്ദ്രസര്‍ക്കാരിന്റെ യൂണിയന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൂറിലധികം പേരെ നിയോഗിച്ചിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ മാത്രം. തെരഞ്ഞെടുപ്പിലെ പോരാട്ടം യഥാര്‍ത്ഥ പ്രശ്‌നങ്ങളായ കര്‍ഷകരുടെ കടക്കെണിയിലോ തൊഴിലില്ലായ്മയിലോ ഊന്നി ആയിരുന്നില്ല. പകരം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച കള്ളങ്ങളുടെ പേരിലായിരുന്നു. കുടുംബാധിപത്യത്തെ ബി.ജെ.പി നിരന്തരമായി കുറ്റം പറയുന്നു. പക്ഷേ, കോണ്‍ഗ്രസ് 36 പേരെ നേതാക്കളുടെ കുടുംബത്തില്‍നിന്നു മത്സരിപ്പിച്ചപ്പോള്‍ ഒട്ടും പിറകിലാകാതെ ബി.ജെ.പി 31 പേരെ അണിനിരത്തി. എവിടെയാണ് വ്യത്യാസം. ഇതാണോ കുടുംബാധിപത്യത്തിനെതിരായ സമരം? 

ദേശീയ സുരക്ഷയാണ് മറ്റൊരു ചര്‍ച്ചാവിഷയം. ആരോ എപ്പോഴും നമ്മളെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു എന്നൊരു ഭീതി സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ പ്രചരണം. സൈന്യത്തിന്റെ മുഴുവന്‍ നേട്ടത്തിന്റേയും ഉത്തരവാദിത്വം ഇവിടെ ഒരാള്‍ മാത്രം കവര്‍ന്നെടുക്കുന്നു. ഇപ്പോഴല്ലേ സൈന്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ചരിത്രത്തില്‍ ഒരുകാലത്തും മതത്തെ ഇതേ രീതിയില്‍ ഭരണം നേടാന്‍ ഉപയോഗിച്ചിട്ടില്ലെന്നും മനസ്സിലാക്കണം. 2.77 ഏക്കറിലുള്ള രാമജന്മഭൂമിയെക്കുറിച്ചുമാത്രം നമ്മുടെ എം.പിമാര്‍ ചിന്തിക്കുക എന്നതുതന്നെ വിരോധാഭാസമല്ലേ? അപ്പോള്‍ അവര്‍ മറക്കുന്നത് 80 കോടി ജനങ്ങളെയാണ്. കലകളോടുള്ള പുച്ഛവും എടുത്തുപറയണം. സാംസ്‌കാരിക നായകന്‍മാരേയും ബുദ്ധിജീവികളേയും അവഗണിക്കുന്നതും ഒതുക്കുന്നതും പുതിയ കാലത്തേക്കല്ല, ഇരുണ്ട യുഗത്തിലേക്കാണ് ബി.ജെ.പി നമ്മെ നയിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാരും. അവസാനമായി, ഇലക്ഷന്‍ കമ്മിഷനെപ്പോലും ബി.ജെ.പി തങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു. രാജ്യത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ പണം ഉപയോഗിച്ചത് ഏതു പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തു ചെയ്തു?

അതിദേശീയത, മനുഷ്യാവകാശ ലംഘനം, മാധ്യമവിധേയത്വം, ദേശസുരക്ഷയുടെ അതിപ്രസരം, ഭരണകൂടത്തിലെ മത ഇടപെടല്‍,  ബുദ്ധിജീവികളോടും കലകളോടുമുള്ള അവജ്ഞയും പുച്ഛവും,  ഇലക്ടറല്‍ സംവിധാനത്തിന്റെ വീഴ്ചകള്‍ എന്നിങ്ങനെ അവര്‍ പറഞ്ഞ  ഫാസിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഈ ഏഴ് ലക്ഷണങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിലുള്ള അമേരിക്കയെ മുന്‍നിര്‍ത്തി ഒരു അമേരിക്കന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചുവന്നതാണെന്നും ഇത് മോഷ്ടിച്ചാണ് മൊയ്ത്ര പ്രസംഗിച്ചതെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാല്‍, അമേരിക്കയിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള  പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുള്ള ഫാസിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് പ്രസംഗത്തില്‍ ഉദ്ധരിച്ചതെന്നായിരുന്നു അവരുടെ മറുപടി. ഫാസിസത്തിന്റെ 14 ലക്ഷണങ്ങളെക്കുറിച്ച് രാഷ്ട്രീയ സൈദ്ധാന്തികനായ ഡോ. ലോറന്‍സ് ഡബ്ല്യു. ബ്രിറ്റ് ചൂണ്ടിക്കാട്ടിയതാണിത്. ഇതില്‍ ഏഴ് ലക്ഷണങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ പ്രസക്തമാണെന്ന് വ്യക്തമാക്കുകയും അവയെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു തന്റെ പ്രസംഗത്തില്‍ ചെയ്തതെന്നും മൊയ്ത്ര വ്യക്തമാക്കി.

''ഹൃദയത്തില്‍നിന്നാണ് ഞാന്‍ പ്രസംഗിച്ചത്. ഓരോ ഇന്ത്യക്കാരും അവരുടെ ഹൃദയത്തില്‍നിന്നെന്നപോലെയാണ് ആ പ്രസംഗം പങ്കുവെ ച്ചതും. ചിലര്‍ എന്നെ തടയാന്‍ വരുന്നുണ്ട്. അതിന് നിങ്ങളുടെ പക്കലുള്ള വിലങ്ങുകള്‍ മതിയാവുമെന്ന് കരുതുന്നുണ്ടോ?''- ആ ചോദ്യത്തിന് മറുപടികളില്ലായിരുന്നു. 

പാര്‍ലമെന്റിലെ പ്രസംഗത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല മഹുവയുടെ വീര്യം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ഗോസ്വാമിക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തിയതാണ് മറ്റൊരു വിവാദം. അര്‍ണബിന്റേത് ഒരു വണ്‍മാന്‍ ഷോയാണെന്ന് പറഞ്ഞ മഹുവയുടെ പ്രവൃത്തിയെ പലരും അഭിനന്ദിച്ചു. പലര്‍ക്കും മറിച്ചുള്ള അഭിപ്രായവുമുണ്ടായി. സില്‍ചാര്‍ വിമാനത്താവളത്തില്‍ പൊലീസുകാര്‍ തടഞ്ഞതാണ് മറ്റൊരു വിവാദസംഭവം. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെക്കുറിച്ചുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു മഹുവയും. സില്‍ചാര്‍ വിമാനത്താവളത്തില്‍ ഇവരെ പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍, തന്നെ ശാരീരികമായി നേരിട്ട പൊലീസിനെ അങ്ങനെ തന്നെ നേരിടാനായിരുന്നു മഹുവ ശ്രമിച്ചത്.

ഏറ്റവുമൊടുവില്‍ രാഷ്ട്രീയക്കാര്‍ പൊതുവേ വിമര്‍ശിക്കാന്‍ മടിക്കുന്ന നീതിവ്യവസ്ഥയിലെ മോശം പ്രവണതകളെക്കുറിച്ചായിരുന്നു അവര്‍ പ്രസംഗിച്ചത്. നീതിന്യായ വ്യവസ്ഥയെന്ന വിശുദ്ധപശു അധികകാലം അങ്ങനെയാകില്ല. തനിക്കെതിരേയുള്ള ലൈംഗികപീഡന  പരാതിയില്‍ സ്വയം വിചാരണ നടത്തി, സ്വയം കുറ്റവിമുക്തനായി, വിരമിച്ച് മൂന്നു മാസത്തിനുള്ളില്‍  ഇസഡ് പ്ലസ് ക്യാറ്റഗറിയോടെ ചീഫ് ജസ്റ്റിസ് ഈ സഭയിലിരിപ്പുണ്ട്- ഇതായിരുന്നു ഇത്തവണത്തെ പരാമര്‍ശം. 2019-ലാണ് ഗോഗോയ്ക്കെതിരേ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതി പരാതി നല്‍കിയത്. സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് ഇവര്‍ അഫിഡവിറ്റ് നല്‍കിയിരുന്നു. എങ്ങനെയാണ് ചീഫ് ജസ്റ്റിസ് അവരെ ലൈംഗികമായി ഉപയോഗിച്ചതെന്നും ഇരയാക്കിയതെന്നും ജോലി നഷ്ടപ്പെടുത്തി ഉപദ്രവിച്ചതെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. ഈ സംഭവത്തെ പരാമര്‍ശിച്ചാണ് നീതിവ്യവസ്ഥയുടെ വീഴ്ചകളെ മൊയ്ത്ര വിമര്‍ശിച്ചത്.

കോൺ​ഗ്രസ് എംപി കാർത്തി ചിദംബരവും ടിഎംസി എംപി മഹുവ മൊയ്ത്രയും പാർലമെന്റിൽ 
കോൺ​ഗ്രസ് എംപി കാർത്തി ചിദംബരവും ടിഎംസി എംപി മഹുവ മൊയ്ത്രയും പാർലമെന്റിൽ 

മഹുവ മൊയ്ത്രയുടെ 10 വിമര്‍ശനങ്ങള്‍

1. ഒരു ഭീരുവിന് അധികാരമുള്ളപ്പോള്‍ മാത്രമേ ധൈര്യമുണ്ടാകൂ. എന്നാല്‍ ധീരന് നിരായുധനായിരിക്കുമ്പോള്‍ പോലും പോരാടാം.

2. ഒരു കയര്‍ കിട്ടിയാല്‍ അത് ഉപയോഗിച്ച് വെള്ളം കോരണോ അതോ ആളുകളെ തൂക്കിക്കൊല്ലണമോ എന്ന് തീരുമാനിക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്കു ഉണ്ടാകുകയാണ് പ്രധാനം.

3. സാമൂഹ്യമാധ്യമത്തിലെ കടലാസ് പുലിയായി നില്‍ക്കുന്നതില്‍നിന്ന് പ്രധാനമന്ത്രി വിട്ടുനില്‍ക്കണം. യഥാര്‍ത്ഥ മാധ്യമങ്ങളെ അഭിമുഖീകരിക്കണം. സ്വന്തം ആള്‍ക്കാര്‍ ചോദിക്കുന്ന, സ്വയം ഇഷ്ടപ്പെടുന്ന ചോദ്യങ്ങളല്ലാതെ യഥാര്‍ത്ഥ പത്രസമ്മേളനം നേരിടണം. യാഥാര്‍ത്ഥ്യം വൈഷമ്യകരമാണ്. അതിനെ നേരിടുക.

4. ഈ രാജ്യത്ത് മുസ്ലിങ്ങളുള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാനാകുക. അവര്‍ ഇവിടെനിന്നും പോയാല്‍ നിങ്ങള്‍ ബ്രാഹ്മണരും വൈശ്യരും ശൂദ്രനും ദളിതനുമാണ്.

5. മന്ത്രിമാര്‍ക്ക് കോളേജില്‍നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്ത രാജ്യത്താണ്, ദരിദ്രരായ ജനങ്ങളോട് അവര്‍ ഈ രാജ്യത്ത് ജനിച്ചവരാണെന്നതിന്റെ തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്.

6. വ്യാജ വാര്‍ത്തയാണ് ഇപ്പോഴത്തെ സാധാരണത്വം. ഈ തെരഞ്ഞെടുപ്പ് മത്സരം കര്‍ഷകരുടെ ദുരിതത്തിന്റെ അടിസ്ഥാനത്തിലോ തൊഴിലില്ലായ്മയുടെ പേരിലോ ആയിരുന്നില്ല നടന്നത്. വാട്സ് ആപ്പിനേയും വ്യാജ വാര്‍ത്തയേയും മനുഷ്യനെ തെറ്റായി സ്വാധീനിച്ചതിന്റേയും അടിസ്ഥാനത്തിലായിരുന്നു.

7. മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മതമേതാണെന്ന് അറിയാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഒരു ഇന്ത്യന്‍ പൗരന് അവന്‍ ദേശസ്നേഹിയാണെന്ന് തെളിയിക്കാന്‍ ഒരു ചിഹ്നമോ മുദ്രാവാക്യമോ ഇല്ല. അങ്ങനെ തെളിയിക്കാനാവില്ല.

8. ഞങ്ങളുടെ മുത്തശ്ശിമാര്‍ നിങ്ങള്‍ക്ക് തീവ്രവാദികളാണ്. ഞങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് ദേശദ്രോഹികളാണ്.

9. ദേശീയ സുരക്ഷയുടെ പ്രശ്നത്തില്‍, നിയമവ്യവസ്ഥയുടെ പ്രശ്നത്തില്‍, നയങ്ങളുടെ പേരില്‍ എല്ലാത്തവണയും സര്‍ക്കാരുമായി വിയോജിക്കുമ്പോഴാണ് ഞങ്ങള്‍ പ്രതിപക്ഷം ദേശവിരുദ്ധര്‍ എന്ന് വിളിക്കപ്പെടുന്നത്. 

10. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയാണോ അതോ നമ്മുടെ പൊതുബോധമാണോ നമ്മളെ പരാജയപ്പെടുത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com