

മാധ്യമലോകത്തെ വന്‍ വൃക്ഷങ്ങള്‍ ഓരോന്നായി വീണുപോവുകയാണ്. എ.ജി. നൂറാനി, വി.ടി. രാജശേഖര്‍, എം.ടി., ഇപ്പോഴിതാ, പ്രിയപ്പെട്ട എസ്. ജയചന്ദ്രന്‍ നായരും നമ്മെ വിട്ടുപോയി.
സാഹിത്യ പത്രാധിപത്യത്തില്‍ (മാഗസിന്‍ ജേണലിസം) എന്‍.വിയെപ്പോലെയോ എം.ടിയെപ്പോലെയോ ഉള്ള മറ്റൊരാള്‍. ഇവരൊന്നും താരതമ്യത്തിനു വഴങ്ങാതെനില്‍ക്കുന്ന വേറിട്ട രീതികളുള്ള മാധ്യമപ്രവര്‍ത്തകരായിരുന്നു. ഒരേ കാലത്തോടൊപ്പം വേറിട്ടു നടന്നവര്‍. ഒടുവില്‍ പറഞ്ഞ മൂവരും ഒരു കാര്യത്തില്‍ ഒന്നിക്കുന്നു, എഴുത്തിലേയ്ക്ക് പ്രതിഭാശാലികളായ പുതിയ എഴുത്തുകാരെ കൂട്ടി.
മലയാള മാഗസിന്‍ ജേണലിസത്തില്‍ മാതൃഭൂമിയിലൂടെയും കേരള കൗമുദിയിലൂടെയും വന്നവരുടെ വഴി സ്വഭാവത്തില്‍ വേറിട്ടതായിരുന്നു. അതിനു ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. എം.ടിയുടേയും എന്‍.വിയുടേയും വഴികള്‍ കുറേക്കൂടി സാമ്യമുള്ളതായി തോന്നുന്നത് അതുകൊണ്ടാണ്.
ഞാന്‍ പത്താം ക്ലാസില്‍നിന്നുമാണ് കലാകൗമുദി വായിച്ചു തുടങ്ങിയത്. ആ കാലത്താണ് കലാകൗമുദി പിറന്നത് എന്നു തിരിച്ചറിയാന്‍ കുറെ വൈകി. മനോരമയും ചന്ദ്രികയും മാതൃഭൂമിയെക്കാള്‍ ലളിതവും ജനപ്രിയ സ്വഭാവം ഉള്ളതുമായിരുന്നു. ഇളം മനസ്സുകളിലേയ്ക്ക് വേഗത്തില്‍ അവ കടന്നിരുന്നു. അതേസമയം, വേങ്ങര ഹൈസ്‌കൂളിന്റെ മറുപുറത്ത് റോഡരികിലെ കടയില്‍ ഒരുനാള്‍ തൂങ്ങിക്കിടന്ന കലാകൗമുദിക്ക് വേറിട്ട ചാരുതയുണ്ടായിരുന്നു. അതേസമയം, കൗമുദി എന്നതിന്റെ അര്‍ത്ഥം അന്നു പിടികിട്ടിയിരുന്നില്ല. കൂട്ടി വായിച്ചു മനസ്സിലാക്കിയപ്പോള്‍ അതിനോട് വല്ലാത്ത മുഹബത്ത് തോന്നി. എന്നാല്‍, എസ്. ജയചന്ദ്രന്‍ നായരുടെ വരവോടെ, കലാകൗമുദിയുടെ കെട്ടും മട്ടും ഘടനാപരമായി പിന്നെയും മാറി. നമ്പൂതിരിയുടെ വരകള്‍ ആ വാരികയുടെ ഉള്‍ക്കനം കൂട്ടി. രണ്ടാമൂഴവും വി.കെ. എന്നിന്റെ അധികാരവും ഒക്കെ വന്നപ്പോള്‍ ഞങ്ങളുടെയൊക്കെ വായനയുടെ ലെവല്‍ തന്നെ മെല്ലെമെല്ലെ മാറി. മാതൃഭൂമിയെക്കാള്‍ എളുപ്പത്തിലും സരസതയോടും അത് വായിക്കാമെന്നായി. 'അധികാര'ത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങളാണ് ഒരുപക്ഷേ, വി.കെ. എന്നിന്റെ കഥയെക്കാള്‍ കാര്യത്തിന്റെ 'കള്ളി വെളിച്ച'ത്താക്കിയത്.
എം. കൃഷ്ണന്‍ നായരുടെ വാരഫലം കോളേജില്‍ പഠിക്കുന്ന കാലത്തെ വാരാന്ത്യ സാഹിത്യ ബൈബിള്‍ പാഠംപോലെയായി. കൗമാര വായനക്കാര്‍ക്ക് വിമര്‍ശനബുദ്ധിയോടെ കവിതയും കഥയും വായിക്കാനുള്ള സമര്‍ത്ഥ്യം നേടുന്നതില്‍ ആ പംക്തിക്ക് ഒരു വിശേഷ കഴിവുണ്ടായിരുന്നു. മാത്രമല്ല, ലോകസാഹിത്യത്തിലുള്ള പരന്നയറിവ് നല്‍കിയ എഴുത്തുകളായിരുന്നു കൃഷ്ണന്‍ നായരുടേത്. മാര്‍ക്വേസിനേയും ബോര്‍ഹേസിനേയുമൊക്കെ വായിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ആ പംക്തിയിലൂടെ കേട്ടുകൊണ്ടിരുന്നു. അക്കാലത്തുതന്നെ, വാരഫലത്തോട് മുതിര്‍ന്നവര്‍ പങ്കിട്ട വിമര്‍ശനങ്ങളില്‍ ഞങ്ങളും അറിഞ്ഞോ അറിയാതേയോ പങ്കാളികളായി.
2
ഒരു ദിവസം ഞാന്‍ ജോലിയെടുത്തുകൊണ്ടിരുന്ന സംസ്‌കൃത സര്‍വ്വകലാശാലയില്‍ (കൊയിലാണ്ടി പ്രാദേശിക കേന്ദ്രം) അധികാരികളില്‍നിന്നും ടെര്‍മിനേഷന്‍ ലെറ്ററാണ് കയ്യില്‍ കിട്ടിയത്. അന്നൊരു തിങ്കളാഴ്ചയായിരുന്നു. കഴിഞ്ഞുപോയ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് ചേര്‍ന്ന യോഗത്തില്‍ 'ബഹു.' സര്‍വ്വകലാശലാ റജിസ്ട്രാര്‍ ഞങ്ങളെ പിരിച്ചുവിടില്ല എന്നുറപ്പ് തന്നിരുന്നു. പിരിച്ചുവിടല്‍ കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ മനസ്സില്‍ നുരഞ്ഞുപൊങ്ങിയത് എന്തൊക്കെയായിരുന്നുവെന്ന് ഇന്നും ഓര്‍ത്തെടുക്കാന്‍ കഴിയും. നിസ്സഹായതയുടെ നടുകടലില്‍ വീണപോലെ.
സ്റ്റാഫ്‌റൂമില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ കസേരയിലൊക്കെ പുതിയ ആളുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മിക്കവരേയും അറിയാം. ആരും പ്രത്യേക ഭാവഭേദമൊന്നും കാട്ടിയില്ല. സീറ്റ് കയ്യടക്കിയവരുടെ മുന്നില്‍ മ്ലാനമായ ചിരിയുമായി കുറച്ചുസമയം അവിടെയൊക്കെ തങ്ങിനിന്നു. ശേഷം അവിടുന്നു പുറത്തിറങ്ങി രണ്ടു മൂന്ന് ബസ് കയറി വീട്ടിലെത്തി. ഉമ്മയോട് പറഞ്ഞു: നാളെ അങ്ങോട്ട് പോണ്ടാ.
പിന്നെ പൊരിഞ്ഞ നടത്തം. പിറ്റേന്നു മുതല്‍ പിരിച്ചുവിടലിന്റെ നിറംപിടിപ്പിച്ച കഥകള്‍ പത്രങ്ങള്‍ അച്ചുനിരത്തി. പിരിച്ചുവിട്ട കൂട്ടത്തില്‍ ഞാനുമുണ്ടെന്ന് എന്റെ നാട്ടിലും പാട്ടായി. ഒരു സര്‍വ്വകലാശാലയില്‍നിന്നും അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കിട്ടി എന്ന ഒറ്റക്കാരണത്താല്‍, ജോലി ചെയ്തിരുന്ന കോളേജിലെ ജോലി ഉപേക്ഷിച്ച നിമിഷത്തെ പഴിച്ചു. കടിച്ചതും പിടിച്ചതും പോയി എന്ന മട്ട്.
രാമചന്ദ്രന്‍ നായരുടെ പ്രതാപകാലത്ത് പിന്‍വാതിലിലൂടെ നിയമനം നേടിയ കഥകള്‍ പത്ര മാധ്യമങ്ങളില്‍ കൊഴുത്തു. എല്ലാ കഥകളും ഒരേ ചരടില്‍ കോര്‍ത്തുകെട്ടിയപോലെയായിരുന്നു മാധ്യമങ്ങളിലെ അവതരണം. തലയില്‍ മുണ്ടിട്ട് പിന്നാമ്പുറത്തുകൂടി കള്ളുഷാപ്പില്‍ പോകുന്ന മാന്യന്റെ ഗതികേടായി; അദ്ധ്യാപകരുടെ ഈ വാക്യം എന്റെ തലയില്‍നിന്നും ഇറങ്ങിപ്പോയില്ല.
നിരാശതയും നിസ്സഹായതയും കുന്നുകൂടിയപ്പോള്‍ ഒരുകാര്യം തീരുമാനിച്ചു. സത്യാവസ്ഥ എവിടെയെങ്കിലും എഴുതുകതന്നെ. 'പ്രകാശിപ്പിക്കപ്പെടാത്ത ഒരേട്' എന്ന ശീര്‍ഷകത്തില്‍ എസ്. ജയചന്ദ്രന്‍ നായരുടെ വിലാസത്തില്‍ മലയാളത്തിന് ആ ലേഖനമയച്ചു. മലയാളത്തില്‍ ഇടയ്‌ക്കൊക്കെ എഴുതുമെന്നല്ലാതെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല.
എന്നെപ്പോലുള്ള, പെരുവഴിയിലായ അദ്ധ്യാപകരുടെ നിലനില്‍പ്പിന്റെ ഒരു നീറുന്ന പ്രശ്‌നമായിരുന്നു ചെറുതെങ്കിലും ആ എഴുത്ത്.
ലേഖനം അയച്ചിട്ടുണ്ട് എന്നറിഞ്ഞ ചില അക്കാദമിക് സുഹൃത്തുക്കള്‍ എന്നെ ഭയപ്പെടുത്താന്‍ നോക്കി. സംഘടനാപരമായി ഞാന്‍ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കേണ്ടിവരും എന്നവര്‍ പറഞ്ഞുപരത്തി. ഒരു കയത്തിലകപ്പെട്ടപോലുള്ള ഞാന്‍ വീണ്ടും ആശങ്കയിലായി.
സമകാലിക മലയാളത്തിന്റെ നമ്പര്‍ തേടിപ്പിടിച്ച് എസ്. ജയചന്ദ്രന്‍ സാറെ ഞാന്‍ ഫോണില്‍ വിളിച്ചു. ഭാഗ്യവശാല്‍, അദ്ദേഹം തന്നെയാണ് എടുത്തത്.
ആരാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ പരുക്കന്‍ ശബ്ദത്തില്‍ കുശലം മുഴങ്ങി.
ഉമറിന്റെ കാലം തെളിയാനിരിക്കുന്നേയുള്ളൂ, എന്നായിരുന്നു മുഖവുര. ലേഖനം അടിക്കാന്‍ കൊടുത്തു എന്ന് രണ്ടാം വാചകം.
ഇല്ലാത്ത ധൈര്യം സമ്പാദിച്ചുകൊണ്ട് മ്ലാനസ്വരത്തില്‍ അദ്ദേഹത്തോട് ചോദിച്ചു:
''...സര്‍, ലേഖനം വന്നാല്‍ പ്രത്യാഘാതമുണ്ടാവുമോ?''
ഒരു പെരുംചിരി മുഴങ്ങി.
എന്നിട്ട് എന്നോട് ചോദിച്ചു: ''തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടയാള്‍ ഒരു കള്ളനെ പേടിക്കുമോ?''
ആ പ്രയോഗം എന്നിലുണ്ടാക്കിയ ധൈര്യവും ആനന്ദവും ചെറുതായിരുന്നില്ല.
''എനിക്ക്, തൃപ്തിയായി സര്‍...''
ഞാന്‍ പറഞ്ഞു. അദ്ദേഹം ഫോണ്‍ വെച്ചു.
എനിക്ക്, ദസ്‌തേവ്‌സ്‌കിയുടെ ഒരു കഥാപാത്രത്തെ മുന്നില്‍ കണ്ടുമുട്ടിയ അനുഭവമായിരുന്നു, ആ ഭാഷണശകലം. പിന്നീട് വെല്ലുവിളികള്‍ നേരിടേണ്ട സന്ദര്‍ഭത്തിലെല്ലാം അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാനോര്‍ത്തു.
അദ്ദേഹം മലയാളത്തിലെ പേരുകേട്ട ഒരു എഡിറ്റര്‍ ആണെന്നോര്‍ക്കണം. എന്നെപ്പോലെ ഒരശുവിന്റെ ലേഖനം അദ്ദേഹത്തിന്റെ ചവറ്റുകൊട്ടയിലിടാം. അല്ലെങ്കില്‍ ഒന്നുമറിയാതെ ഭരണപക്ഷത്തിന്റെ തൃപ്തിയോടൊപ്പം നില്‍ക്കാം. എന്നാല്‍, അതൊന്നുമായിരുന്നില്ല, എസ്. ജയചന്ദ്രന്‍ നായര്‍. തനിക്കു പറയാനുള്ളത് പറയുകയും തനിക്കു ശരിയെന്നു തോന്നിയത് നടപ്പിലാക്കുകയും ചെയ്ത സ്വതന്ത്രനായ ഒരു മനുഷ്യനും പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ മാധ്യമജീവിതത്തില്‍ നിരവധി സന്ദര്‍ഭങ്ങള്‍ അതിലേയ്ക്ക് വിരല്‍ചൂണ്ടുന്നു.
സാഹിത്യവും രാഷ്ട്രീയവും സിനിമയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. എം.ടിയെപ്പോലെ മലയാളത്തിലെ എണ്ണപ്പെട്ട സംവിധായകനും സിനിമയെഴുത്തുകാരനുമല്ലെങ്കിലും ഒരുപക്ഷേ, ലോകചലച്ചിത്രങ്ങളുടെ വായനയില്‍ ഇത്രമേല്‍ പൊരിമ കാട്ടിയ പത്രാധിപന്മാര്‍ നമുക്കു വേറെയധികമല്ല. അദ്ദേഹം എഴുതിയ 'സ്വം', 'പിറവി' (ഷാജി കരുണ്‍) എന്നിവ മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേയ്ക്ക് കൊണ്ടുപോയ ചിത്രങ്ങളാണ്. പിറവിപോലെ മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ കുറവാണ്.
എം.ടി സിനിമ കൊണ്ടുനടന്നുവെങ്കില്‍ എസ്.ജെ ലോകസിനിമയെ തന്റേതായ വിശകലനങ്ങളിലൂടെ സിനിമാവിമര്‍ശന സാഹിത്യത്തിനു മുതല്‍ക്കൂട്ടുകയും നമ്മുടെ സിനിമാചരിത്രത്തോടൊപ്പം നടക്കുകയും ചെയ്ത ആളാണ്. ആന്‍ഡ്രേ തര്‍ക്കോവസ്‌കി, അകിറാ കുറസോവ തുടങ്ങിയവരെക്കുറിച്ചുള്ള പുസ്തകങ്ങളും കാഴ്ചയുടെ സത്യം എന്ന സിനിമാവിമര്‍ശന ഗ്രന്ഥവും അതിന്റെ ജീവിക്കുന്ന പാഠങ്ങളാണ്. തന്റെ 'നിഴല്‍ വീഴാത്ത വെയില്‍തുണ്ടുകള്‍' എന്ന ഗ്രന്ഥത്തിലെ ജീവിതചിത്രണങ്ങളില്‍ ചലച്ചിത്രകാരന്മാരെ ഏറെകാണാം. 'ഒരു ദേശം രക്തത്തിന്റെ ഭാഷയില്‍ ആത്മകഥയെഴുതുന്നു' എന്നാണ് കുറസോവയുടെ ജീവിതമെഴുത്തു പുസ്തകത്തിന് ഉപശീര്‍ഷകം നല്‍കിയത്. ജെന്നി-മാര്‍ക്‌സ് ജോഡിയുടെ പ്രണയകഥയും വാന്‍ഗോഗിനെക്കുറിച്ചുള്ള ഉന്മാദത്തിന്റെ സൂര്യകാന്തികളും മലയാളത്തില്‍ ഏറ്റവും വായിക്കപ്പെട്ടവയാണ്. ഇതര കലാരൂപങ്ങളോടുള്ള അടങ്ങാത്തയാവേശം അദ്ദേഹത്തിന്റെ എഴുത്തിനു ബഹുലമായ ചിറകുകളുണ്ടാക്കി. മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് എഴുത്തുകാരെ എസ്. ജയചന്ദ്രന്‍ നായര്‍ കണ്ടെത്തുന്നത് ഒ.വി. വിജയനിലും എം.ടിയിലുമാണ്.
ഉച്ച ആധുനികതയില്‍ അനുവര്‍ത്തിച്ച രണ്ട് സാഹിത്യ-ചിന്താ പ്രാതിനിധ്യങ്ങളായി ഈ എഴുത്തുകാരെക്കുറിച്ചുള്ള പുസ്തകങ്ങളെ വായിച്ചെടുക്കാം. വിജയന്റെ സന്ദേഹ-ഭീതികളും സര്‍ഗ്ഗാത്മകതയും തമ്മിലുള്ള ബന്ധത്തെ ഒരുപക്ഷേ, മലയാളത്തില്‍ ആരും ഇത്ര തീക്ഷ്ണതയോടെയും സരസതയോടെയും വിലയിരുത്തിയിട്ടുണ്ടാവില്ല. എം.ടിയുടെ സാഹിത്യ ജീവിതത്തെ കഥാസരിത്സാഗരം എന്ന ശീര്‍ഷകത്തോടെയാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്.
'എന്റെ പ്രദക്ഷിണവഴികള്‍' ഒരുപക്ഷേ, എസ്.ജെയിലെ മാധ്യമസ്ഥനെ അറിയാന്‍ നല്ലൊരു റിമോട്ടുപകരണമാണ്. പത്രക്കാരന്റെ കുറിപ്പുകള്‍ എന്നതിനേക്കാള്‍ അതിലെ ആളുകളുടെ തെരഞ്ഞെടുപ്പും അവരെക്കുറിച്ചുള്ള ആശയ കാഴ്ചപ്പാടും ഏറെ വ്യത്യസ്തമാണ്. ഒരു വ്യത്യാസം ഒരാളിലുണ്ടെങ്കില്‍ എസ്.ജെയുടെ മനോദൃഷ്ടി അതു പിടിച്ചെടുക്കും. പൊതുസമൂഹത്തില്‍ അധികം അറിയുന്നവരും അല്ലാത്തവരുമായ ഏത് മനുഷ്യനായാലും തന്റെ കാഴ്ചപ്പാടിലൂടെ അതിനു സവിശേഷത ലഭിക്കും.
രാരിച്ചന്‍ എന്ന പൗരനിലെ ലത്തീഫിനെ എത്ര കാണികള്‍/വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇനി അങ്ങനെയെങ്കില്‍ത്തന്നെ എത്രപേര്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുടര്‍ന്നിട്ടുണ്ടാവും? മലയാള സിനിമാചരിത്രത്തിന്റെത്തന്നെ കഥയില്‍പ്പിന്നെ ലത്തീഫിനുണ്ടാവുന്ന സ്ഥാനം ജയചന്ദ്രന്‍ നായര്‍ രസകരമായി പറയുന്നു. അതോടൊപ്പം അതുപോലത്തെ മറ്റു മനുഷ്യരും ചരിത്രത്തില്‍ ഉറപ്പോടെ സ്ഥാനംപിടിക്കുന്നു. അങ്ങനെയുള്ള ഒരാളാണ് സൈഗാള്‍ ജോസഫ്.
''ഒരു കൊച്ചുകൂരയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാവം മനുഷ്യന്‍. വിഷാദമധുരമായി സൈഗാളിന്റെ പ്രശസ്തങ്ങളായ ഗാനങ്ങള്‍ ആലപിച്ചിരുന്നു. സോജാ രാജകുമാരി... ജോസഫ് ആലപിക്കുമ്പോള്‍ ആ കൂരയും അവിടുത്തെ അഴുക്കുകളും അപ്രത്യക്ഷമാവുന്നു. നനുത്ത പട്ടുതിരശ്ശീലകൊണ്ട് അതിമനോഹരമായി അലങ്കരിച്ച കിടക്കമുറിയും മുനിഞ്ഞുകത്തുന്ന മെഴുതിരിയും ആ പാട്ടു കേള്‍ക്കുന്നവരുടെ മനക്കണ്ണില്‍ തെളിയുമായിരുന്നു.''
ഇങ്ങനെ വെറും പൊടിയായി കരുതിയിരുന്ന എത്രയെത്ര മനുഷ്യരെയാണ് എസ്.ജെ തന്റെ കാഴ്ചക്കോണിലൂടെ ചരിത്രവല്‍ക്കരിച്ചത്?
എം.ടി യുവാക്കളെ എഴുത്തിലേക്കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍, തന്നിലേക്കടുപ്പിച്ചിട്ടില്ല. എന്നാല്‍, ജയചന്ദ്രന്‍ നായര്‍ അങ്ങനെയായിരുന്നില്ല. നല്ല എഴുത്തുകാരെ, എപ്പോഴുമെപ്പോഴും ഒരേസമയം എഴുത്തിലേക്കും സ്വജീവിത സൗഹൃദത്തിലേക്കുമടുപ്പിച്ചു. അക്കാര്യത്തില്‍ ഒരു ജനറേഷന്‍ ഗ്യാപ്പ് പാലിക്കാത്ത വലിയ എഡിറ്റര്‍ ആയിരുന്നു.
അദ്ദേഹം കലാകൗമുദിയിലുള്ളപ്പോഴാണ് ആ വാരികയില്‍ ആദ്യമായി ഞാന്‍ എഴുതിത്തുടങ്ങിയത്. നമ്പൂതിരി, കത്തിച്ചു വരയ്ക്കുന്ന സമയമാണ്. എം.പി. നാരായണപിള്ളയുടെ ഒരെഴുത്ത് വരുന്നതും നോക്കി വായനക്കാര്‍ കത്തിരിക്കുന്ന കാലം. സാഹിത്യവാരഫലം എല്ലാവരാലും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലം.
'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവലിന്റെ പഠനമായിരുന്നു എന്റെ എം.ഫില്‍. അലിഗഡ് സര്‍വ്വകലാശാലയിലായിരുന്നു. അതു കഴിഞ്ഞതോടെ ദ്രൗപദിയെക്കുറിച്ചുള്ള പഠനത്തിലെ മുഖ്യ അധ്യായം ലേഖന ഫോര്‍മാറ്റിലേയ്ക്ക് മാറ്റിയെഴുതി കലാകൗമുദിക്കയച്ചു. അതു പ്രസിദ്ധീകരിക്കും എന്നൊരുറപ്പും എനിക്കുണ്ടായിരുന്നില്ല. അന്ന് അതിന്റെ എഡിറ്റര്‍ ആരാണെന്നും എനിക്കറിയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കലാകൗമുദിയില്‍നിന്നും ഒരു കത്ത് വന്നു. ആകാംക്ഷയോടെ തുറന്നു. കലാകൗമുദിയുടെ ലെറ്റര്‍പാഡില്‍ എസ്. ജയചന്ദ്രന്‍ നായരുടെ കൈപ്പടയില്‍ രണ്ടു വാക്യമേയുള്ളൂ.'' ലേഖനം അടുത്ത ലക്കത്തില്‍ കൊടുക്കുന്നു. ഇതുപോലുള്ള ലേഖനങ്ങളാണ് ഞങ്ങള്‍ക്ക് ആവശ്യം. ഉമറിന് നന്ദി. തുടര്‍ന്നും എഴുതണം.''
അന്നു മനസ്സില്‍ കടന്നിരുന്ന ഹൃദ്യമായ ഒരു നാമമാണ് എസ്. ജയചന്ദ്രന്‍ നായര്‍ എന്നത്. ശേഷം വല്ലപ്പോഴും കലാകൗമുദിക്കയക്കുന്ന ഒന്നും തിരസ്‌കരിച്ചില്ല. അധികം താമസിയാതെ അദ്ദേഹം കൗമുദി വിട്ടു. അതോടെ സമകാലിക മലയാളം പിറക്കുകയായിരുന്നു.
മലയാളത്തിലിറക്കിയ ഇന്ത്യാടുഡേ പോലെ ഭാഷയുടെ ഒരു ഹൈബ്രിഡ് രൂപമായിരുന്നില്ല, സമകാലിക മലയാളം. ആ പേര് അന്വര്‍ത്ഥമാക്കുംവിധം ഏറ്റവും നല്ല മലയാളത്തിന്റെ കെട്ടിലും മട്ടിലും, എന്നാല്‍, ഇതുവരെ കാണാത്ത ലേഔട്ടില്‍ ആഴ്ചതോറും മലയാളി വായനക്കാരെ തേടിവന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലായ നാളുകളിലാണ് ജയചന്ദ്രന്‍ നായരുമായി വല്ലാതെയടുത്തത്. വല്ലപ്പോഴും ലേഖനങ്ങള്‍ ചോദിക്കും. രാജ്യാന്തര സിനിമ ഫെസ്റ്റിവലുകള്‍ വരുമ്പോള്‍ വിളിക്കും. സിനിമകളെക്കുറിച്ച് ലേഖനം ഓര്‍മ്മിപ്പിക്കും. സത്യത്തില്‍ കേരളത്തിലെ ഒരു തലയെടുപ്പുള്ള പത്രാധിപര്‍ എന്നെ ഇങ്ങനെ ചില കാര്യങ്ങള്‍ ഏല്പിക്കുന്നത് ആദ്യമായിട്ടായിരുന്നു. എഴുതുന്ന ആരായാലും അവരെ പ്രായഭേദമെന്യേ ബഹുമാനിക്കാനും പരിഗണിക്കാനും അവരോട് സംവദിക്കാനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. എഴുത്തിന്റെ ലോകത്തിലുള്ള കുശുമ്പും കുന്നായ്മയ്ക്കും പകരം ഇങ്ങനെയല്ലേ നാം പ്രതീക്ഷിക്കേണ്ടത്?
ലേഖനമെഴുതിയാല്‍ തപാലില്‍ അയക്കുന്നതിനുപകരം ആഴ്ചയില്‍ നാട്ടിലേയ്ക്ക് വരുംവഴി കൊച്ചിയിലെ കലൂരിലുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് ബില്‍ഡിംഗിലെ സമകാലിക മലയാളത്തിന്റെ വിഭാഗത്തില്‍ വരും. മറ്റൊന്നുംകൊണ്ടല്ല, ജയചന്ദ്രന്‍ സാറെ കാണാനും സ്വല്പനേരമെങ്കിലും അദ്ദേഹത്തിന്റെ കുശലങ്ങള്‍ കേട്ടിരിക്കാനുമായിരുന്നു അത്. പുതിയ സിനിമയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ഇഗ്മര്‍ ബര്‍ഗമാന്റെ CRIES AND WHISPERS അന്നു ഞാന്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി 'നിലവിളികളും മര്‍മ്മരങ്ങളും' എന്ന പേരില്‍ മള്‍ബെറി പ്രസിദ്ധീകരിച്ച കാലമാണ്. ബര്‍ഗ്മാനെക്കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന് ആയിരം നാവാണ്.
ഓഫീസില്‍ അദ്ദേഹം ഒരു തിയേറ്റര്‍ അഭിനേതാവിനെപ്പോലെ തോന്നിച്ചു. വെളുത്ത നീളന്‍ ഷര്‍ട്ടും കറുത്ത ഗ്ലാസും ചടുലമായ ഡയലോഗുകളും അദ്ദേഹത്തിന്റെ ആജാന ബാഹുത്വത്തിനൊപ്പം ചേര്‍ന്നുനിന്നു. ഓഫീസിലുള്ളവരോടും കാണാന്‍ വരുന്നവരോടും അദ്ദേഹം കാണിച്ച താല്പര്യം ആരെയും ആകര്‍ഷിക്കും. ഗാന്ധിയില്‍നിന്നും പോരുവോളം ഒരിടത്താവളം പോലെയായിരുന്നു, കൊച്ചി കലൂരിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ബില്‍ഡിംഗ്.
ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റിയതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. പലരോടും അന്വേഷിക്കാറുണ്ടായിരുന്നു. കുറച്ചുകാലമായി അധികം ആരോടും സംവദിക്കാറില്ല എന്നറിയാന്‍ കഴിഞ്ഞു. നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചെങ്കിലും എടുത്തില്ല. ഒരുകാര്യമുറപ്പാണ്, ഞങ്ങളെപ്പോലുള്ള ആരെയും അദ്ദേഹം മരണംവരെ മറന്നുകാണില്ല!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates