കെ.എസ്. സേതുമാധവന്‍ സാറിനെ ഒരിക്കലേ കണ്ടിട്ടുള്ളൂ. തൃശൂരില്‍ വച്ചായിരുന്നു അത്. കാട്ടുക്കാരന്‍ വാറുണ്ണി ജോസഫിന്റെ പേരിലുള്ള ഒരു സമഗ്ര സംഭാവനാ പുരസ്‌കാരം മധു സാറിനു സമ്മാനിക്കുന്ന ചടങ്ങ്. സേതുമാധവനാണ് പുരസ്‌കാര സമര്‍പ്പണം നടത്തിയത്. മധു സാറിനെക്കുറിച്ചു സംസാരിക്കാനുള്ള ചുമതല എനിക്കായിരുന്നു. ചടങ്ങ് കഴിഞ്ഞ് വേദിയായ സെയിന്റ് തോമസ് കോളേജിന്റെ മുറ്റത്ത് മങ്ങിയ വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ ആരോ പുറകില്‍നിന്നു വിളിച്ചു: ''മിസ്റ്റര്‍ വേണു...''
തിരിഞ്ഞുനോക്കുമ്പോള്‍ പുറകില്‍ നില്‍ക്കുന്നു, സേതുമാധവന്‍ സാര്‍. അളന്നുമുറിച്ച ഫ്രെയ്മുകള്‍കൊണ്ട് തിരശ്ശീലയില്‍ ജീവിതത്തെ യഥാതഥമായി പകര്‍ത്തിവച്ച ആരാധ്യനായ ചലച്ചിത്രകാരന്‍.
''മിസ്റ്റര്‍ വേണുവിന്റെ ടെലിവിഷന്‍ പ്രോഗ്രാം ഞാന്‍ പലപ്പോഴും കാണാറുണ്ട് കേട്ടോ...''
സന്തോഷവും അത്ഭുതവും മനസ്സിനേയും ശരീരത്തേയും ഒരുമിച്ചു കീഴടക്കിയ നിമിഷമായിരുന്നു അത്. പ്രോഗ്രാം നല്ലതാണെന്നോ മോശമാണെന്നോ അദ്ദേഹം പറഞ്ഞില്ല. പക്ഷേ, സേതുമാധവന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലച്ചിത്ര വിസ്മയങ്ങള്‍ കണ്ടു വളര്‍ന്ന ഒരു സിനിമാപ്രേമിക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ആ ഒരൊറ്റ വാക്യം മതി. പിന്നെയും ഒന്നോ രണ്ടോ വാക്യങ്ങള്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍ തന്നു. അദ്ദേഹവും ഭാര്യയും കാറില്‍ക്കയറി പോയി; അടക്കാനാകാത്ത ആഹ്ലാദത്തോടെ ഞാന്‍ മധു സാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്കും.
മധു സാര്‍ മുറിയില്‍ ചായ കുടിച്ചിരിക്കേ അപ്രതീക്ഷിതമായി കെ.എസ്. സേതുമാധവന്‍ കയറിവന്നു. കൂപ്പുകൈകളോടെ എഴുന്നേറ്റു നിന്ന മധുവിനോട് അദ്ദേഹം പറഞ്ഞു: ''മിസ്റ്റര്‍ മധുവിന് എന്റെ സിനിമകളില്‍ നല്ല വേഷങ്ങളൊന്നും തരാന്‍ കഴിഞ്ഞില്ല, അല്ലേ?''
''നല്ല വേഷങ്ങളേ സാര്‍ തന്നിട്ടുള്ളൂ,'' മധു പ്രതിവചിച്ചു. പണ്ടൊരിക്കല്‍ സെറ്റില്‍ ഇരുന്ന് സിഗരറ്റു വലിച്ച പ്രേംനസീറിനെ ശാസിച്ചിട്ടുള്ള കര്‍ക്കശക്കാരനായ സംവിധായകനു മുന്നില്‍ മധു ഇരുന്നില്ല. അദ്ദേഹവും ഇരുന്നില്ല. എന്തൊക്കെയോ കൂടി സംസാരിച്ചതിനു ശേഷം സേതുമാധവന്‍ യാത്ര പറഞ്ഞു. ഒരു കാലഘട്ടത്തില്‍ നമ്മുടെ സിനിമയില്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നടന്മാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ക്കുമിടയില്‍ നിലനിന്നിരുന്ന ബന്ധങ്ങളുടെ ഗരിമ ആ കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
കുട്ടിക്കാലത്തു കണ്ട സിനിമകളില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രം 'കണ്ണും കരളും' ആണ്. കഥയൊന്നും കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഇടയ്‌ക്കൊക്കെ കരഞ്ഞുപോയത് ഓര്‍മ്മിക്കുന്നു: അതിലെ ബാലതാരം സാക്ഷാല്‍ കമല്‍ഹാസനാണ് എന്ന് അച്ഛന്‍ പറഞ്ഞുതന്നതും. കരയിക്കാന്‍ കെ.എസ്. സേതുമാധവന് അസാമാന്യമായ ഒരു സിദ്ധി തന്നെയുണ്ട്. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലെ അവസാന സീനുകള്‍ ഉദാഹരണം. കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞുള്ള സത്യന്റേയും ഷീലയുടേയും പ്രകടനങ്ങള്‍ പലവട്ടം സേതുമാധവന്‍ ക്യാമറയില്‍ പകര്‍ത്തി. ക്ലാസ്സിക് ഹോളിവുഡ് സിനിമകളുടേയും ഹിന്ദി സിനിമകളുടേയും സ്വാധീനം സേതുമാധവനില്‍ ഉണ്ടായിരുന്നു. പക്ഷേ, എപ്പോഴും അദ്ദേഹം മലയാളത്തനിമ തെല്ലും ചോരാതെ കാത്തുസൂക്ഷിക്കുകയും ചെയ്തു.
എപ്പോഴും സ്വയം നവീകരിക്കാന്‍ ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു സേതുമാധവന്‍. എല്ലാ സിനിമയിലും എന്തെങ്കിലുമൊരു പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചുപോന്നു. 'വാഴ്വേ മായം' എന്ന ചിത്രത്തില്‍ ''സീതാദേവി സ്വയംവരം ചെയ്‌തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍'' എന്ന പാട്ടില്‍, ''ഈ പ്രതിമ നീയാണ്; ശില്പി ഞാനും. നോക്കൂ...'' എന്ന് സത്യന്റെ കഥാപാത്രം പറയുമ്പോള്‍ അലമാരയ്ക്കു മുകളില്‍ വച്ചിരിക്കുന്ന സ്ത്രീ പ്രതിമ ജീവന്‍വച്ച് ഷീലയുടെ രൂപം പ്രാപിക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ടപ്പോള്‍ തോന്നിയ കൗതുകം ഇപ്പോഴും വിട്ടുപോയിട്ടില്ല.
ഇങ്ങനെ പരീക്ഷണ കുതുകിയായി തുടര്‍ന്നപ്പോഴും അമിതമായി പണം വാരിയെറിയുന്ന സിനിമകള്‍ ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമില്ല. നിര്‍മ്മാതാക്കളുടെ മനസ്സറിയുന്ന സംവിധായകനായിരുന്നു, അദ്ദേഹം. നിര്‍മ്മാതാക്കള്‍ക്ക് പ്രിയങ്കരനായ സംവിധായകനായിരുന്നു സേതുമാധവന്‍. മഞ്ഞിലാസ് ഫിലിംസുമായി അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘകാല ബന്ധം അതിനു തെളിവാണല്ലോ. ദീര്‍ഘകാലം നീണ്ടുനിന്ന സാര്‍ത്ഥകമായ ചലച്ചിത്ര ജീവിതത്തിനിടെ മറക്കാനാകാത്ത നിരവധി സിനിമകള്‍ മലയാളികള്‍ക്കു സമ്മാനിച്ചതിനു ശേഷമാണ് കെ.എസ്. സേതുമാധവന്‍ വിടപറഞ്ഞത്. പ്രണാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates