ഡെസ്മണ്ട് ടുട്ടു; ചിരിച്ചും കരഞ്ഞും ഒരു ജീവിതം
By ഡോ. പോള്‍ മണലില്‍ | Published: 10th January 2022 04:48 PM |
Last Updated: 10th January 2022 04:48 PM | A+A A- |

ഡെസ്മണ്ട് ടുട്ടുവിനെ ഞാനാദ്യം കാണുന്നത് ബ്രസീലില്‍ വെച്ചാണ്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (WCC) പത്തുദിവസം നീണ്ടുനില്‍ക്കുന്ന ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഞാനവിടെ എത്തിയത്. WCC-യില്‍ അന്ന് രാജ്യാന്തര കാര്യങ്ങളുടെ ഡയറക്ടര്‍ ആയിരുന്ന ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കരയാണ് ഡെസ്മണ്ട് ടുട്ടുവിനെ എനിക്കവിടെ വച്ചു പരിചയപ്പെടുത്തിത്തന്നത്. 2006-ല്‍ ബ്രസീലിലെ പോര്‍ട്ടോ അലിഗ്രേയില്‍ നടന്ന അസംബ്ലിയില്‍ ഡെസ്മണ്ട് ടുട്ടുവിനൊപ്പം നൊബേല്‍ സമ്മാനം നേടിയ ഒട്ടേറെ പ്രഭാഷകര്‍ അസംബ്ലിയെ അഭിസംബോധന ചെയ്‌തെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന WCC പ്രതിനിധികള്‍ ആവേശത്തോടെ സ്വീകരിച്ചത് ഡെസ്മണ്ട് ടുട്ടുവിന്റെ പ്രഭാഷണമായിരുന്നു. ജീവിതത്തില്‍ അത്തരമൊരു 'തീപ്പൊരി' പ്രസംഗം ഞാന്‍ പിന്നെ ഒരിക്കലും കേട്ടിട്ടേയില്ല. ടുട്ടുവിന്റെ ആത്മാവില്‍ തിളക്കുന്ന ലാവയും കത്തിജ്വലിക്കുന്ന അഗ്‌നിശലാകയും ഉണ്ടെന്ന് എനിക്കന്ന് അനുഭവപ്പെട്ടു. അത്രയ്ക്കും തീക്ഷ്ണമായിരുന്നു ആ പ്രസംഗം.
ഡെസ്മണ്ട് ടുട്ടുവിനെ ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് എഴുപത്തിയഞ്ച് വയസ്സായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്നു ഞങ്ങള്‍ നഗരത്തില്‍ 'പീസ് മാര്‍ച്ച്' നടത്തിയത്. അനീതിക്കും അക്രമത്തിനും എതിരെ WCC നടത്തിയ ഈ മാര്‍ച്ചിന്റെ മുന്‍നിരയില്‍ ഓടിയ ടുട്ടുവിന്റെ ഒപ്പം ഓടിയെത്താന്‍ അസംബ്ലിയിലെ ചെറുപ്പക്കാര്‍ക്കൊന്നും കഴിഞ്ഞില്ല! അത്രയ്ക്കും ചുറുചുറുക്കുള്ള ഒരു 'യുവാവാ'യിരുന്നു അന്ന് ഡെസ്മണ്ട് ടുട്ടു. 1931-ല്‍ ജൊഹന്നസ് ബര്‍ഗില്‍നിന്നു 170 കിലോമീറ്റര്‍ ദൂരെയുള്ള ക്ലേര്‍റ്റ്‌സ് ഡ്രോപ്പ് ഗ്രാമത്തില്‍ ജനിച്ചു. കേപ്പ് ടൗണിലെ ഒയാസിസ് ഫ്‌റെയില്‍ കെയര്‍ സെന്ററില്‍ 2021 ഡിസംബര്‍, 26-നു അന്തരിച്ച ടുട്ടു ഇപ്രകാരം എന്നും ഒരു 'യുവാവാ'യിട്ടായിരുന്നു ജീവിച്ചത്. കര്‍മ്മത്തിലും ചിന്തയിലും എഴുത്തിലും പ്രഭാഷണത്തിലും നിത്യയൗവ്വനം കാത്തുസൂക്ഷിച്ച ഡെസ്മണ്ട് ടുട്ടു തന്റെ യൗവ്വനത്തിന്റെ രഹസ്യം അന്ന് എന്നോട് വെളിപ്പെടുത്തി:
''നിങ്ങളുടെ മഹാത്മാവായ ഗാന്ധിജിയാണ് എന്നെ യുവാവായി ജീവിക്കാന്‍ പഠിപ്പിച്ചത്. ഞാന്‍ ഗാന്ധിജിയെ നോക്കിയാണ് ജീവിതത്തെ പാകപ്പെടുത്തിയത്. ഗാന്ധിജിയാണ് എന്റെ മാര്‍ഗ്ഗദീപം.''
WCC-യുടെ അസംബ്ലിക്കിടയില്‍ വീണുകിട്ടിയ സമയങ്ങളില്‍ ഞാന്‍ ടുട്ടുവിന്റെ കൂടെക്കൂടി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇന്ത്യക്കാരോട് അദ്ദേഹത്തിനു പ്രത്യേക മമതയുണ്ടായിരുന്നതുകൊണ്ടാകാം കയ്യൊപ്പ് ചാര്‍ത്തി അദ്ദേഹമൊരു പുസ്തകം സമ്മാനമായി തന്നു - 'No future without forgiveness'. 1999-ല്‍ അദ്ദേഹം എഴുതിയ ഒരു പുസ്തകമാണിത്.
''ഞാന്‍ ഗാന്ധിജിയില്‍നിന്നു പഠിച്ച ഒരു പാഠമാണിത്. മിത്രങ്ങളോടു മാത്രമല്ല, ശത്രുവിനോടും ക്ഷമിക്കണം. ജീവിതത്തില്‍ വിജയിക്കാന്‍ ആദ്യപാഠം 'ക്ഷമിക്കുക' എന്നുള്ളതാണ്.'' തന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ആ വാക്കുകള്‍.
ഡെസ്മണ്ട് ടുട്ടു ആദ്യം ക്ഷമിച്ചതു തന്റെ ജീവിതത്തിലെ ദാരിദ്ര്യത്തോടായിരുന്നു! ദാരിദ്ര്യത്തെ അദ്ദേഹം ശത്രുവായി കണ്ടില്ല. അതിനെ നേരിടാന്‍ ഗോള്‍ഫ് കളിക്കളങ്ങളില്‍ ഐസ്‌ക്രീമും ഓറഞ്ചും വിറ്റാണ് പണമുണ്ടാക്കിയത്. അങ്ങനെ അധ്വാനിച്ചു പണമുണ്ടാക്കി പഠിച്ചു. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ മെഡിസിന്‍ പഠിക്കാനുള്ള മാര്‍ക്ക് സമ്പാദിച്ചെങ്കിലും പിന്നെയും പഠിക്കാന്‍ വകയുണ്ടായിരുന്നില്ല. അതിനാല്‍ അദ്ധ്യാപക പരിശീലന കോഴ്സിനു ചേര്‍ന്നു. ചുരുങ്ങിയ കാലത്തെ പഠനം കഴിഞ്ഞപ്പോള്‍ അദ്ധ്യാപകനായി ജോലി കിട്ടി.
സ്‌കൂളില്‍ ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കാന്‍ ഡെസ്മണ്ട് ടുട്ടുവിനെ നിയോഗിച്ചെങ്കിലും വെള്ളക്കാരായ കുട്ടികള്‍ ഈ ഗുരുവിനെ സ്വീകരിച്ചില്ല. വര്‍ണ്ണവിവേചനത്തെ തുടര്‍ന്നു രണ്ടു വര്‍ഷം ജോലി ചെയ്തശേഷം 27-ാം വയസ്സില്‍ ടുട്ടു അദ്ധ്യാപനം ഉപേക്ഷിച്ചു. 'ഗുരുനിന്ദ'യില്‍ മനംമടുക്കാതെ നിന്ദിച്ചവരോട് ടുട്ടു ക്ഷമിച്ചു.

ബ്ലാക്ക് തിയോളജിയും ആഫ്രിക്കന്‍ തിയോളജിയും
വെള്ളക്കാര്‍ നിന്ദിച്ചെങ്കിലും അവരോടു ക്ഷമിക്കാന്‍ കഴിഞ്ഞതുകൊണ്ട് വൈദികനായ ടുട്ടു പിന്നെ വര്‍ണ്ണവിവേചനത്തെ നേരിട്ടത് ആത്മീയ വിശുദ്ധിയിലായിരുന്നു. 'ബ്ലാക് തിയോളജി'യും 'ആഫ്രിക്കന്‍ തിയോളജി'യും ടുട്ടു സമന്വയിപ്പിച്ചു. ക്രിസ്തുമതത്തെ പോരാട്ടത്തിനുള്ള വേദിയാക്കി അദ്ദേഹം രൂപാന്തരപ്പെടുത്തി. വെള്ളക്കാരുടെ അടിമത്വത്തില്‍നിന്നു മോചനം നേടാനും വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനും ഉള്ള പോരാട്ടം ഡെസ്മണ്ട് ടുട്ടു സമാരംഭിച്ചത് അങ്ങനെയാണ്. ക്ഷമയുടെ തേരില്‍ അദ്ദേഹം അനീതിക്കെതിരെ ധര്‍മ്മകാഹളം മുഴക്കി.
ക്ഷമിച്ചില്ലെങ്കില്‍ നമുക്കു ഭാവിയില്ലെന്ന തത്ത്വശാസ്ത്രം യേശുക്രിസ്തുവില്‍നിന്നാണ് താന്‍ പഠിച്ചതെന്നു പറഞ്ഞിട്ടുള്ള ടുട്ടു എന്നോട് പറഞ്ഞ മറ്റൊരു രഹസ്യം, ''ഞാന്‍ ഗാന്ധിജിയില്‍ കണ്ടതു ജീവിക്കുന്ന ക്രിസ്തുവിനെ ആണെന്നാണ്.'' ഓരോ മനുഷ്യനും ക്ഷമിക്കാന്‍ പഠിച്ചാല്‍ ലോകത്ത് സമാധാനം ഉണ്ടാകുമെന്ന് ടുട്ടു വിശ്വസിച്ചു. അക്കാര്യം കുറേക്കൂടി വിശദീകരിച്ചുകൊണ്ട് 2015-ല്‍ അദ്ദേഹം എഴുതിയ പുസ്തകമാണ്:
''The book of forgiving: The four fold path for Healing ourselves and our world.' ദലൈലാമയോടൊപ്പം അദ്ദേഹം എഴുതിയ ഒരു പുസ്തകമാണ് The book of Joy: Lasting Happiness in a changing world.'
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ള രണ്ടു കാര്യങ്ങളാണെന്ന് ടുട്ടു എന്നോടു പറഞ്ഞു. ഈ രണ്ടു കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചത് സ്വന്തം ജീവിതത്തെ മുന്‍നിര്‍ത്തിയായിരുന്നു.
''ഞാന്‍ ഭക്ഷണം കഴിച്ചതിനേക്കാള്‍ കൂടുതല്‍ കരഞ്ഞിട്ടുണ്ട്. ആ കരച്ചില്‍ മാറ്റാന്‍ ഞാന്‍ ചിരിച്ചിട്ടുണ്ട്.''
ജീവിതത്തില്‍ താന്‍ കരഞ്ഞതും ചിരിച്ചതുമായ കാര്യങ്ങള്‍ 'Crying in the wilderness' എന്ന പുസ്തകത്തില്‍ ആഖ്യാനിച്ചിട്ടുണ്ട്. Hope and sufferings എന്ന പുസ്തകത്തിലും ആ കരച്ചിലുണ്ട്. The Rainbow people of God, God has a dream എന്നീ പുസ്തകങ്ങളില്‍ ജീവിതത്തിലെ കണ്ണീരിനെ അദ്ദേഹം പൊട്ടിച്ചിരിയാക്കി രൂപാന്തരപ്പെടുത്തുന്നു!
ഡെസ്മണ്ട് ടുട്ടു ആഫ്രിക്കന്‍ ജനതയെ അനീതിക്കെതിരെ പൊരുതാനും പോരാടാനും മാത്രമല്ല പഠിപ്പിച്ചിട്ടുള്ളത്. എങ്ങനെയാണ് തന്റെ 'ആത്മീയ' സഹോദരങ്ങള്‍ ജീവിക്കേണ്ടതെന്നും അദ്ദേഹം ജീവിച്ചു കാണിച്ചു. മനുഷ്യാവകാശത്തിനുവേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടിയ ടുട്ടു തന്റെ പേരിനൊപ്പം ഒരു 'ജീവന്‍' കൂടി ഒളിപ്പിച്ചു വച്ചിരുന്നു.
''എന്റെ സഹോദരി സില്‍വിയ എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത് 'ജീവന്‍' (mpilo-life) എന്നായിരുന്നു. എന്റെ വല്യമ്മയാണ് എനിക്ക് 'mpilo' എന്നു പേരിട്ടത്. എന്റെ മൂത്ത സഹോദരന്‍ സിഫോ ബാല്യത്തില്‍ മരിച്ചു. ഞാനും മരിച്ചു ജീവിച്ചവനാണ്. ബാല്യത്തില്‍ പോളിയോ വന്നിട്ടുണ്ട്. ഒരിക്കല്‍ ഗുരുതരമായ പൊള്ളലേറ്റു. പിന്നെ ക്ഷയരോഗം വന്നു. അതില്‍നിന്നെല്ലാം ഞാന്‍ രക്ഷപ്പെട്ടു.''
തന്റെ പേരിന്റെ പൊരുളില്‍ അതിനാല്‍ ഒരു 'ജീവന്‍' ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് തമാശ പറഞ്ഞ ടുട്ടുവിന്റെ യഥാര്‍ത്ഥ നാമം 'ഡെസ്മണ്ട് മിലോ ടുട്ടു' എന്നാണ്. തന്റെ പേരില്‍ മാത്രമല്ല ജീവിതത്തിലും കര്‍മ്മത്തിലും ചിന്തയിലും ടുട്ടു ആ 'മിലോ' എന്നും നിലനിര്‍ത്തി, തന്റെ ജീവിതത്തിലെ കരച്ചിലിനെ ചിരിയാക്കി മാറ്റിയത് റഗ്ബി എന്ന കളിയായിരുന്നെന്നു ടുട്ടു എന്നോടു പറയുകയുണ്ടായി. സാഹോദര്യസ്‌നേഹവും ടീം വര്‍ക്കും വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ കാലം മുതല്‍ കളിച്ച റഗ്ബി തന്നെ സഹായിച്ചിട്ടുണ്ടെന്നും ടുട്ടു പറഞ്ഞു.
''ചെറുപ്പത്തില്‍ ഞാന്‍ സണ്‍ഡേസ്‌കൂള്‍ പഠിപ്പിച്ചതുപോലെ കുട്ടികളെ ഫുട്‌ബോളും പഠിപ്പിച്ചിട്ടുണ്ട്'' - ടുട്ടു പറഞ്ഞു.

ആഫ്രിക്കന്‍ ഭാഷകള്‍ കൂടാതെ അറബിക്കും ഗ്രീക്കും പഠിച്ചിട്ടുള്ള ടുട്ടുവിന്റെ മാസ്റ്റേഴ്‌സ് ബിരുദത്തിന്റെ പ്രബന്ധം 'Islam in west Asia' എന്നുള്ളതായിരുന്നു. ഈ പ്രബന്ധം എഴുതാന്‍ വേണ്ടിയാണ് അദ്ദേഹം അറബിക് ഭാഷ പഠിച്ചത്.
1984-ല്‍ നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടവും അവിടുത്തെ മാദ്ധ്യമങ്ങളും അതിനെ വിമര്‍ശിക്കുകയുണ്ടായി. നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് ടുട്ടു നടത്തിയ പ്രസംഗത്തില്‍ തന്റെ സമ്മാനം ആഫ്രിക്കന്‍ റെയില്‍വേ സ്റ്റേഷനില്‍ കടല വില്‍ക്കുന്നവര്‍ക്കും പണിയെടുക്കുന്ന അമ്മമാര്‍ക്കും തെരുവുകളില്‍ കിടക്കുന്ന അശരണര്‍ക്കും ആലംബഹീനര്‍ക്കും സമര്‍പ്പിക്കാനായി പ്രഖ്യാപിച്ചു. കരയുന്നവര്‍ക്കും വേദനിക്കുന്നവര്‍ക്കും വിയര്‍പ്പൊഴുക്കുന്നവര്‍ക്കും വേണ്ടി തന്റെ നൊബേല്‍ സമാധാന സമ്മാനം സമര്‍പ്പിച്ച ടുട്ടു എന്നും തന്റെ അമ്മയെ ഓര്‍ക്കുന്നത് കഷ്ടപ്പാടിനെ സന്തോഷമാക്കി മാറ്റാനുള്ള ഇച്ഛാശക്തി പകര്‍ന്ന വ്യക്തിത്വം എന്ന നിലയിലാണ്. വീട്ടിലെ ദാരിദ്ര്യം അകറ്റാന്‍ അമ്മ അടുക്കളപ്പണിക്കുവേണ്ടി വെള്ളക്കാരുടെ വീടുകളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ ടുട്ടു എന്നോടു പറഞ്ഞു:
''എന്റെ അമ്മയുടെ വിയര്‍പ്പിന്റേയും കണ്ണീരിന്റേയും വില വെള്ളക്കാര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍, അവര്‍ തന്ന നാണയത്തിന്റെ വില ഞങ്ങള്‍ അറിഞ്ഞിരുന്നു.''
ചിരിച്ചും കരഞ്ഞും കൊണ്ട് ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ലോകത്തിലേക്കു നയിക്കാന്‍ ഡെസ്മണ്ട് ടുട്ടുവിനു കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും നെല്‍സണ്‍ മണ്ടേലയ്ക്കുശേഷം രാഷ്ട്രം അഴിമതിയിലേക്കും ആക്രമണത്തിലേക്കും നീങ്ങുന്നത് കണ്ടിട്ട് പ്രസിഡന്റ് ജേക്കബ് സുമയെ അദ്ദേഹം വിമര്‍ശിച്ചു. സിംബാബ്വേയില്‍ സ്വാതന്ത്ര്യം പുലരാന്‍ റോബര്‍ട്ട് മുഗാബെയേ പിന്തുണച്ച ടുട്ടു പിന്നെ മുഗാബെയുടെ അഴിമതി കണ്ടിട്ട് അതിനെ എതിര്‍ത്തു. തന്റെ സഹപാഠിയായ മുഗാബെയെ ഏകാധിപതിയെപ്പോലെ ഭരിക്കുന്നതായി ടുട്ടു വിമര്‍ശിച്ചു. ഇപ്രകാരം ജീവിതത്തിന്റെ അവസാനം വരെ അനീതിക്കെതിരെ ഡെസ്മണ്ട് ടുട്ടു പോരാടി.