അമിതമായാല്‍ യൂണിഫോമിറ്റിയും വിഷം

'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്നത് അത്ര നല്ല കാര്യമല്ല എന്ന വിചാരത്തില്‍നിന്നാണ് മള്‍ട്ടി കള്‍ച്ചറലിസം (അനേക സംസ്‌കാരവാദം) എന്ന ആശയം നാമ്പെടുത്തത്
അമിതമായാല്‍ യൂണിഫോമിറ്റിയും വിഷം

'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്നത് അത്ര നല്ല കാര്യമല്ല എന്ന വിചാരത്തില്‍നിന്നാണ് മള്‍ട്ടി കള്‍ച്ചറലിസം (അനേക സംസ്‌കാരവാദം) എന്ന ആശയം നാമ്പെടുത്തത്. ഒരേ രാഷ്ട്രത്തിനകത്ത് ഒന്നിലേറെ സംസ്‌കാരങ്ങളുണ്ടാകുന്നത് ഒട്ടും അസ്വാഭാവികമല്ല. പല രാജ്യങ്ങളിലും സംസ്‌കാര വൈവിധ്യം ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ ഒരുപക്ഷേ, മറ്റേതൊരു രാഷ്ട്രത്തേക്കാളും മുന്നില്‍ നില്‍ക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ടത്രേ ജവഹര്‍ലാല്‍ നെഹ്‌റു ഭാരതത്തിന്റെ സവിശേഷതകളില്‍ ഒന്നായി 'നാനാത്വത്തില്‍ ഏകത്വ'ത്തെ അടയാളപ്പെടുത്തിയത്.

നാനാത്വത്തില്‍ ഏകത്വം എന്നത് ചിലര്‍ക്ക് രുചിക്കുകയുമില്ല, ദഹിക്കുകയുമില്ല-വിശിഷ്യ ഫാഷിസ്റ്റുകള്‍ക്ക്. അഡോള്‍ഫ് ഹിറ്റ്ലര്‍ തന്നെ മികച്ച ഉദാഹരണം. ആര്യവംശത്തിന്റേയും തദനുബന്ധ സംസ്‌കാരത്തിന്റേയും ഉന്മൂലനം 'പുണ്യകര്‍മ്മ'മായി ഹിറ്റ്ലര്‍ കണ്ടു. അനേകലക്ഷം ജൂതരേയും ജിപ്‌സികളേയും ആ ഹൃദയശൂന്യന്‍ നിഷ്‌കരുണം കൊന്നുതള്ളി. ഒരു രാഷ്ട്രം, ഒരു സംസ്‌കാരം എന്ന ഇടുങ്ങിയ ചിന്താഗതിയുടെ തടവുകാരായിരിക്കും ഹിറ്റ്ലറെപ്പോലെ മറ്റെല്ലാ ഫാഷിസ്റ്റുകളും.

സാംസ്‌കാരിക ഏകരൂപത (കള്‍ച്ചറല്‍ യൂണിഫോമിറ്റി) മള്‍ട്ടികള്‍ച്ചറലിസത്തിന്റെ നേര്‍വിപരീതമാണ്. അത് മോണോ കള്‍ച്ചറലിസ(ഏക സംസ്‌കാരവാദം)ത്തിലേക്ക് നയിക്കുന്നു. മതപരമോ വിശ്വാസപരമോ ആചാരപരമോ വംശീയമോ പ്രത്യയശാസ്ത്രപരമോ സാംസ്‌കാരികമോ ആയ വൈവിധ്യത്തിന് ഏക സംസ്‌കാരവാദത്തില്‍ ഇടമില്ല. ''ഒരു പൂങ്കാവനത്തില്‍ ഒരേ നിറത്തിലുള്ള പൂക്കള്‍' എന്നതാണതിന്റെ നിയാമക തത്ത്വം. നിര്‍ദ്ദിഷ്ട നിറത്തിന് പുറത്തുള്ള പൂക്കളെ അത് അരിഞ്ഞുതള്ളും. മള്‍ട്ടിഫോമിറ്റിയെ (രൂപബഹുത്വത്തെ) അത് പൊറുപ്പിക്കില്ല.

ഇത്രയുമെഴുതിയത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു തലത്തില്‍ ഏര്‍പ്പെടുത്തിയ യൂണിസെക്‌സ് യൂണിഫോം (ലിംഗ നിരപേക്ഷ യൂണിഫോം) ഉയര്‍ത്തിവിട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. അവിടെ ആണ്‍-പെണ്‍ ഭേദമെന്യേ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സുമാക്കി യൂണിഫോം. പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സ് നല്‍കിയത് ചിലര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതിഷേധിച്ചു. ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെ സകല വാര്‍ത്താമാധ്യമങ്ങളിലും അത് ശബ്ദായമാന ചര്‍ച്ചകള്‍ക്ക് വിഷയമായി.

പുരോഗമനവാദികളായി അറിയപ്പെടുന്നവര്‍ പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിച്ചാലെന്താ എന്നു ചോദിച്ചപ്പോള്‍, ആണ്‍വേഷം പെണ്‍കുട്ടികളില്‍ അടിച്ചേല്പിക്കുന്നത് എന്തിനെന്നായിരുന്നു മറുപക്ഷത്തിന്റെ ചോദ്യം. പുരോഗമനവാദം എതിര്‍ അധോഗമനവാദം എന്ന നിലയില്‍ പോയി ചര്‍ച്ചകള്‍. രണ്ടുകൂട്ടരും വിഷയത്തെ സമീപിച്ചത് തൊലിപ്പുറമെ മാത്രമാണ്. യൂണിഫോമിറ്റിയുടെ പ്രത്യയശാസ്ത്ര ധ്വനികളിലേക്കോ ഏകരൂപതാവാദം സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളിലേക്കോ ആരും കടന്നുചെന്നില്ല.

ലിംഗഭേദമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഷര്‍ട്ടും പാന്റ്‌സും എന്ന രീതി പെണ്‍കുട്ടികള്‍ സ്വാഗതം ചെയ്യുന്നു എന്നത്രേ യൂണിസെക്‌സ് യൂണിഫോമിനുവേണ്ടി ശബ്ദിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ അങ്ങനെ മറുപടി പറഞ്ഞത് പാന്റ്‌സ് ധരിക്കുമ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ ചലന സ്വാതന്ത്ര്യം ലഭിക്കുന്നു എന്നവര്‍ ചൂണ്ടിക്കാട്ടിയതും 'പുരോഗമനവാദികള്‍' തങ്ങളുടെ നിലപാടിന്റെ സാധൂകരണത്തിനായി പൊക്കിക്കാട്ടുകയും ചെയ്തു. പക്ഷേ, ചാനലുകാരടക്കമുള്ള മാധ്യമപ്രവര്‍ത്തകരാരും പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളോട് ചോദിക്കാത്ത ഒരു ചോദ്യമുണ്ട്. എല്ലാ ദിവസവും ഒരേ നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ധരിച്ച് വിദ്യാലയങ്ങളില്‍ പോകുന്നത് അവരിഷ്ടപ്പെടുന്നുണ്ടോ എന്നതാണത്. ആ ചോദ്യത്തിന് വിദ്യാര്‍ത്ഥികളുടെ മറുപടി നിഷേധസ്വരത്തിലാകുമെന്നത് നിസ്തര്‍ക്കമാണ്. മറ്റു പല വിഷയങ്ങളിലുമെന്നപോലെ വസ്ത്രത്തിലും എല്ലാവരും വൈവിധ്യം ഇഷ്ടപ്പെടുന്നു എന്നതുതന്നെ കാരണം.

ബാലുശ്ശേരി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ
ബാലുശ്ശേരി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

ഏകീകൃത സിവില്‍ നിയമം

അപ്പോള്‍പ്പിന്നെ ഒരിടത്തും യൂണിഫോമിറ്റി വേണ്ട എന്നാണോ? അല്ലേയല്ല. നിശ്ചയമായും യൂണിഫോമിറ്റി ആവശ്യമായ ചില മേഖലകളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിയമം. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്കും സിവില്‍ നിയമങ്ങള്‍ക്കും യൂണിഫോമിറ്റി കൂടിയേ തീരൂ. മത, ജാതി, വര്‍ഗ്ഗ, വംശ, ഭാഷ, പ്രദേശ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ ക്രിമിനല്‍ നിയമങ്ങളും സിവില്‍ നിയമങ്ങളും ആവശ്യമാണ്. എങ്കിലേ നിയമത്തിനു മുന്‍പാകെയുള്ള പൗരന്മാരുടെ സമത്വം എന്ന മഹത്തായ ആശയം പ്രാവര്‍ത്തികമാകൂ. യൂണിഫോം ക്രിമിനല്‍ കോഡ് ഇല്ലാതിരുന്ന കാലത്ത് ബ്രാഹ്മണര്‍ക്ക് ഒരു നിയമവും അബ്രാഹ്മണര്‍ക്ക് മറ്റൊരു നിയമവും എന്നതായിരുന്നു അവസ്ഥ. ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിച്ചതോടെയാണ് അതില്ലാതായത്.

ഇന്ത്യയിലിപ്പോഴും യൂണിഫോം സിവില്‍ കോഡില്ല. അക്കാരണത്താല്‍ത്തന്നെ ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിലടങ്ങിയ സ്ത്രീവിരുദ്ധതയും ആണ്‍കോയ്മാ മൂല്യങ്ങളും ബന്ധപ്പെട്ട സമുദായത്തിലെ പെണ്‍സമൂഹത്തിന് ദ്രോഹകരമായി നിലനില്‍ക്കുന്നു. വിവാഹവിഷയത്തിലും പിന്തുടര്‍ച്ചാവകാശ വിഷയത്തിലുമൊക്കെ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കാന്‍ ലിംഗസമത്വത്തിലൂന്നിയ പൊതു പൗരനിയമം ഒഴിച്ചുകൂടാനാവാത്തതാണ്. അതേസമയം വ്യക്തിനിയമങ്ങളുടെ ഏകീകരണമെന്നത് വിവിധ സമുദായങ്ങളുടെ ആചാരങ്ങളുടെ കൂടി ഏകീകരണം എന്ന തലത്തിലേക്ക് മാറാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

ക്രിമിനല്‍ നിയമങ്ങളുടേയും സിവില്‍ നിയമങ്ങളുടേയും യൂണിഫോമിറ്റി അനുപേക്ഷണീയമായിരിക്കെത്തന്നെ രാഷ്ട്രസംസ്‌കാരത്തിന്റെ മേഖലയിലേക്ക് യൂണിഫോമിറ്റിയെ വലിച്ചിഴക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. സമൂഹത്തില്‍ മേധാവിത്വം വഹിക്കുന്ന വിഭാഗത്തിന്റെ സംസ്‌കാരം അപരവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നതില്‍ അത് ചെന്നെത്തും. വര്‍ത്തമാനകാല ഇന്ത്യയില്‍ ഈ പ്രവണത അടിക്കടി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡിസംബര്‍ മൂന്നാം വാരത്തില്‍, വിശുദ്ധനഗരം എന്നറിയപ്പെടുന്ന ഹരിദ്വാറില്‍നിന്നു മുഴങ്ങിയ ജുഗുപ്‌സാവഹമായ അവിശുദ്ധ ഭാഷണങ്ങള്‍.

ഡിസംബര്‍ 17-19 തീയതികളില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹിന്ദുത്വ കൂട്ടായ്മയില്‍പ്പെട്ടവര്‍ സംഘടിപ്പിച്ച ധര്‍മ്മസംസദി(മത പാര്‍ലമെന്റ്)ല്‍ പങ്കെടുത്തവരത്രേ മതേതര ഇന്ത്യയുടെ മാറിടത്തില്‍ കഠാരയിറക്കുംവിധമുള്ള ജ്വലനാത്മക പ്രസംഗങ്ങള്‍ നടത്തിയത്. സ്വാമി പ്രബോധനാന്ദഗിരി, സാധ്വി അന്നപൂര്‍ണ്ണ, സ്വാമി ആനന്ദസ്വരൂപ്, യതിനരസിംഗാനന്ദ്, അശ്വിനി ഉപാധ്യായ, ഉദിത് ത്യാഗി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടും. മുസ്ലിംവിരുദ്ധ വികാരപ്രസരണവും ഹിംസാഹ്വാനവുമടങ്ങിയ നികൃഷ്ട ഭാഷണങ്ങളാണ് ധര്‍മ്മസംസദില്‍നിന്നു പുറപ്പെട്ടത്. ഹിന്ദുക്കളുടെ രക്ഷയ്ക്ക് മുസ്ലിങ്ങളുടെ കൂട്ടക്കശാപ്പ് അനിവാര്യമാണെന്ന ഹീന സന്ദേശം നല്‍കുകയായിരുന്നു പ്രഭാഷകര്‍. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഹിന്ദുക്കള്‍ ആയുധമേന്തണമെന്നും മ്യാന്‍മറില്‍ നടന്നതുപോലുള്ള വംശീയ ശുദ്ധീകരണത്തിന് എല്ലാവരും തയ്യാറെടുക്കണമെന്നുമുള്ള ആഹ്വാനം സമ്മേളനത്തില്‍ മുഴങ്ങി. തങ്ങളുടെ നിലപാട് രാഷ്ട്രത്തിന്റെ ഔദ്യോഗിക നിലപാടായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു സംസദ്. അങ്ങനെ ചെയ്യാത്തപക്ഷം 1857-ലെ ലഹളയേക്കാള്‍ വലിയ ലഹള രാജ്യത്ത് പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പ് സര്‍ക്കാരിന് നല്‍കാനും അവര്‍ മറന്നില്ല.

ഹിന്ദുമതത്തിനും സംസ്‌കാരത്തിനും വെളിയിലുള്ള യാതൊന്നും ഇന്ത്യയില്‍ അനുവദിക്കപ്പെട്ടുകൂടാ എന്നും അപരമതക്കാരും അപര സംസ്‌കാരക്കാരും തുടച്ചുമാറ്റപ്പെടണമെന്നുമുള്ള അതിതീവ്ര വര്‍ഗ്ഗീയ മനോഭാവത്തിന്റെ ഇളകിയാട്ടത്തിനാണ് ഹരിദ്വാര്‍ സാക്ഷിയായത്. കള്‍ച്ചറല്‍ മള്‍ട്ടിഫോമിറ്റി (സാംസ്‌കാരിക ബഹുത്വം) ഒരളവിലും വെച്ചുപൊറുപ്പിച്ചുകൂടെന്നും എന്തു വിലകൊടുത്തും കള്‍ച്ചറല്‍ യൂണിഫോമിറ്റി (സാംസ്‌കാരിക ഏകരൂപത) നിലവില്‍ വരുത്തണമെന്നുമാണ് സ്വാമിമാരും സാധ്വിമാരും രാഷ്ട്രീയക്കാരുമടങ്ങിയ പ്രസംഗകരില്‍നിന്നു പ്രവഹിച്ച വാക്കുകളുടെ നേര്‍ക്ക് നേരെയുള്ള അര്‍ത്ഥം. 2015-ല്‍ ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐ.എസ്സുകാര്‍ യസീദികളെ കൊന്നുതള്ളിയതും കള്‍ച്ചറല്‍ യൂണിഫോമിറ്റി ലക്ഷ്യമിട്ടായിരുന്നു എന്നു കൂട്ടത്തില്‍ ഓര്‍ക്കാം. അമിതമായാല്‍ യൂണിഫോമിറ്റിയും വിഷമാണെന്നതിന്റെ തെളിവുകളാണ് ഹരിദ്വാര്‍ ധര്‍മ്മസംസദും യസീദി വേട്ടയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com