ഒരിടത്തും പ്രസംഗിക്കാന്‍ പോകാതെ, ഒരിടത്തും ക്യാമറയില്‍ പ്രത്യക്ഷപ്പെടാതെ, എപ്പോഴും അദൃശ്യജീവിയായി ജീവിച്ച പത്രാധിപര്‍

ഒരിടത്തും പ്രസംഗിക്കാന്‍ പോകാതെ, ഒരിടത്തും ക്യാമറയില്‍ പ്രത്യക്ഷപ്പെടാതെ, എപ്പോഴും അദൃശ്യജീവിയായി ജീവിച്ച പത്രാധിപര്‍
Updated on
3 min read

സ്വതന്ത്ര ഇന്ത്യയിലെ മുന്‍നിര പത്രാധിപന്മാരില്‍ പ്രമുഖരായ ത്രിമൂര്‍ത്തികളായിരുന്നു പോത്തന്‍ ജോസഫും ചലപതിറാവുവും ഫ്രാങ്ക് മൊറയിസും. സ്വാതന്ത്ര്യത്തിനു മുന്‍പ് തുടങ്ങി സ്വതന്ത്ര ഭാരതത്തിലും പത്രാധിപരായി പ്രവര്‍ത്തിച്ചവര്‍. അവരില്‍, ആര്‍ക്കും ഒരിഞ്ചും വഴങ്ങിക്കൊടുക്കാതെ വായനക്കാരോട് സത്യം മാത്രം പങ്കുവെയ്ക്കാന്‍ ആഗ്രഹിച്ച പത്രാധിപരായിരുന്നു പോത്തന്‍ ജോസഫ്. എത്രയോ ദേശീയ ദിനപത്രങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. എങ്കിലും നട്ടെല്ല് വളയ്ക്കണമെന്നു തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം ആദ്ദേഹം ജോലി രാജിവെച്ചു, ഉടന്‍തന്നെ അടുത്ത പത്രത്തില്‍. എങ്കിലും എല്ലാ നല്ല പത്രാധിപന്മാരുടെ അന്ത്യം വേദനാജനകമാണ്, പോത്തന്‍ ജോസഫിന്റേയും ചലപതിറാവുവിന്റേയും ഫ്രാങ്ക് മൊറയിസിന്റേയും. സന്തുഷ്ടരായല്ല അവര്‍ വേദി വിട്ടത്.

ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയര്‍ ജേണലിസ്റ്റും ഗ്രന്ഥകാരനുമാണ് റ്റി.ജെ.എസ്. ജോര്‍ജ്. പോത്തന്‍ ജോസഫിനെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരു ജീവചരിത്രഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്. അതിന്റെ മലയാള പരിഭാഷ, 'പത്രപ്രവര്‍ത്തനത്തിലെ പാഠങ്ങള്‍: പോത്തന്‍ ജോസഫിന്റെ കഥ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. അതിന് അവതാരിക എഴുതിയിരിക്കുന്നത് എസ്. ജയചന്ദ്രന്‍ നായര്‍.

പത്രപ്രവര്‍ത്തകരും പത്രാധിപന്മാരും 'ഗ്ലാമര്‍താര'ങ്ങളായി പരിണമിച്ചു കഴിഞ്ഞ വിചിത്രമായ ഈ ലോകത്തും 'പത്രാധിപന്മാര്‍ അദൃശ്യജീവികളായിരിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകന്‍' എന്ന് എസ്. ജയചന്ദ്രന്‍ നായര്‍ ആമുഖക്കുറിപ്പില്‍ എഴുതുന്നു. ന്യൂയോര്‍ക്കറിന്റെ പത്രാധിപരായിരുന്ന വില്യം ഷാണിനെയാണ് ഈ ലേഖകന്‍ അതിനൊരു മാതൃകയായി കാണുന്നതെന്നും എസ്. ജയചന്ദ്രന്‍ നായര്‍ ആമുഖക്കുറിപ്പില്‍ എഴുതി. പത്രാധിപര്‍ ഒരു ജനതയുടെ പ്രതിനിധിയാണ്. ജനങ്ങള്‍ കാണുന്നതും അറിയേണ്ടതും പത്രാധിപര്‍ രൂപകല്പന ചെയ്യുന്നു. സ്വാഭാവികമായും പത്രാധിപന്മാര്‍ വ്യക്തികളല്ല, അവര്‍ ജനതയുടെ പ്രതിനിധിയാണ്. നിര്‍ഭാഗ്യവശാല്‍ ആ കാലം മാറിയിരിക്കുന്നു. പത്രാധിപന്മാരുടെ പേരിലല്ല ഇപ്പോള്‍ പത്രങ്ങള്‍ അറിയപ്പെടുന്നത്. വലിയ ഇംഗ്ലീഷ് പത്രങ്ങളുടെ പത്രാധിപന്മാര്‍പോലും ആരെന്ന് ഇപ്പോള്‍ വായനക്കാര്‍ക്ക് അറിയില്ല. പത്രാധിപന്മാരുടെ പേരില്‍മാത്രം പത്രം അറിയപ്പെട്ടിരുന്ന പഴയ കാലത്തിന്റെ അടയാളങ്ങളിലൊന്നായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍.

അദ്ദേഹം മലയാളം വാരികയുടെ പത്രാധിപ ചുമതല ഏല്‍ക്കും മുന്‍പും വായനക്കാര്‍ക്ക് അദ്ദേഹത്തെ അറിയാം. ഒരിടത്തും പ്രസംഗിക്കാന്‍ പോകാതെ, ഒരിടത്തും ക്യാമറയില്‍ പ്രത്യക്ഷപ്പെടാതെ, എപ്പോഴും അദൃശ്യജീവിയായി ജീവിച്ച പത്രാധിപര്‍.

ഓര്‍മ്മയിലെ വഴിവിളക്ക്

ഞങ്ങള്‍ കോളേജ് ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എസ്. ജയചന്ദ്രന്‍ നായര്‍ കലാകൗമുദിയിലാണ്. മദ്യവും മയക്കുമരുന്നും അതിനെക്കാള്‍ തീവ്രമായ കവിതകളുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് കേരളത്തെ പ്രകമ്പനം കൊള്ളിച്ച കാലം. അക്കാലത്ത് കലാകൗമുദി ലേഖകനായി എറണാകുളത്തു വന്ന പില്‍ക്കാല ചലച്ചിത്രനടന്‍ നെടുമുടി വേണു, ബാലന്റെ കയ്യില്‍നിന്ന് ഒരു കവിതവാങ്ങി കലാകൗമുദിയില്‍ ജയചന്ദ്രന്‍ സാറിനെ ഏല്പിച്ചതും അത് അച്ചടിച്ചുവന്നതും അക്കാലത്ത് ബാലനെക്കാള്‍ കൂടുതല്‍ ഞങ്ങളെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്, അന്നത്തെ ചെറുപ്പക്കാരുടെ വിഹ്വലതകളും വിസ്ഫോടനങ്ങളും ആ കവിതയില്‍ ഉണ്ടായിരുന്നു. കവിത ചെറുപ്പക്കാരുടെ രാഷ്ട്രഭാഷയായ കാലം. അതു പത്രാധിപര്‍ മനസ്സിലാക്കി എന്നത് ഞങ്ങളേയും അത്ഭുതപ്പെടുത്തി. അധികമൊന്നും സംസാരിക്കാത്ത, പൊതുഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്ത പത്രാധിപര്‍ക്ക്. അക്കാലത്തെ യൗവ്വനങ്ങളുടെ നൊമ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. നേരില്‍ പരിചയം ഇല്ലെങ്കിലും അന്നത്തെ കലാകൗമുദിക്കാലം ഞങ്ങളുടെ തലമുറയ്ക്ക് മറക്കാന്‍ കഴിയില്ല, അതിലെ എഴുത്തുകാരേയും.

ജയചന്ദ്രന്‍ സാറിനെ നേരില്‍ കാണുന്നത് ഇന്ത്യന്‍ എക്സ്പ്രസ്സ് മാനേജ്മെന്റ് സമകാലിക മലയാളം വാരിക എറണാകുളത്തുനിന്ന് ആരംഭിക്കുമ്പോഴാണ്; പത്രാധിപരായി എസ്. ജയചന്ദ്രന്‍ നായര്‍ ചുമതല ഏല്‍ക്കുന്നു.

എഫ്.എ.സി.ടിയും മലയാളം വാരികയും സംയുക്തമായി ആയിടെ ഒരു നോവല്‍ മത്സരം നടത്തി. നോവലുകളുടെ പ്രാഥമിക വായനയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അതില്‍, ഞാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നോവലാണ് അന്തിമ വിധികര്‍ത്താക്കള്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇതിനിടെ രണ്ടുതവണ ഓരോ ലേഖനങ്ങള്‍ പത്രാധിപരെ ഏല്പിച്ചു. രണ്ടും മലയാളം വാരികയില്‍ അച്ചടിച്ചുവരികയും ചെയ്തു. പത്രാധിപരുടെ

മുറിയില്‍ അദ്ദേഹത്തെ കാണുമ്പോള്‍ അഞ്ചുമിനിറ്റ് മാത്രം നീണ്ടുനിന്ന ചെറിയ സംഭാഷണങ്ങള്‍. എങ്കിലും ആ രൂപം ഇപ്പോഴും ഓര്‍മ്മയുണ്ട്. വെള്ളമുണ്ടും വെള്ളഷര്‍ട്ടും വേഷം. പരിപൂര്‍ണ്ണമായും നരച്ച മുടിയും താടിയും. തൂവെള്ള തുണികൊണ്ട് മുണ്ടും ഷര്‍ട്ടും ഉണ്ടാക്കിയശേഷം ബാക്കി തുണികൊണ്ട് താടിയും മുടിയും തയ്പ്പിച്ചപോലെ നര. രണ്ടാമത് കൊടുത്ത ലേഖനം അദ്ദേഹം അവിടെയിരുന്ന് ഓടിച്ചു വായിച്ചു. എന്നിട്ട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്രതീക്ഷിതമായ ഒരു ചെറുചോദ്യം, ''മലയാളം വാരികയില്‍ ജോയിന്‍ ചെയ്തുകൂടെ?'' അങ്ങനെയൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

മാധ്യമപ്രവര്‍ത്തനം ഞാന്‍ പഠിച്ചിട്ടില്ല. എനിക്കത് നിശ്ചയവുമില്ല. മാത്രമല്ല, തരക്കേടില്ലാത്ത മറ്റൊരു സര്‍ക്കാര്‍ ജോലി എനിക്കുണ്ടുതാനും. എങ്കിലും വീണ്ടും അദ്ദേഹം നിര്‍ബ്ബന്ധിച്ചപ്പോള്‍ ഒരു കൊല്ലത്തേക്ക് വരാന്‍ ഞാന്‍ തയ്യാറായി. ആ ഒരു കൊല്ലം പിന്നീട് പത്തുവര്‍ഷത്തോളം നീണ്ടു.

കോളേജ് വിദ്യാഭ്യാസവകുപ്പില്‍ ജോലി ഉണ്ടായിരുന്നതുകൊണ്ടും സമസ്തകേരള സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി ആയിരുന്നതുകൊണ്ടും മലയാളം വാരികയില്‍ വരും മുന്‍പേ എനിക്ക് കേരളത്തിലെ മിക്കവാറും എഴുത്തുകാരെ അറിയാം. മാത്രമല്ല, പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നതുകൊണ്ടും മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നതുകൊണ്ടും മിക്കവാറും രാഷ്ട്രീയ നേതാക്കളേയും അറിയാം. അതിന്റെയൊക്കെ പിന്‍ബലത്തില്‍ ഞാനും മലയാളം വാരികയില്‍ സജീവമായി. പക്ഷേ, പത്രസ്ഥാപനത്തില്‍ അലയടിക്കുന്ന ലോകം മറ്റു തൊഴിലിടങ്ങള്‍പോലെ ഒട്ടും കാല്പനികമല്ല. വലിയ പത്രങ്ങള്‍ പോലെയല്ല, സാംസ്‌കാരിക വാരികകള്‍. അതു മിക്കവാറും പത്രാധിപരെ കേന്ദ്രീകരിച്ചാണ്. സമ്മര്‍ദ്ദങ്ങള്‍ മിക്കവാറും നേരിട്ടാണ്. ഒരുഭാഗത്ത് രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍, മറുഭാഗത്ത് എഴുത്തുകാരുടെ സമ്മര്‍ദ്ദങ്ങള്‍. ഇതിനിടയില്‍ നല്ല വായനയും നിരീക്ഷണപാടവവും ഉണ്ടെങ്കില്‍ മാത്രമേ വാരികയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. ഇതു രണ്ടും മാത്രമല്ല, ശക്തമായി എഴുതാനും കഴിയണം. പ്രതിഭകളെ കണ്ടെത്തണം, കണ്ടെത്തിയവരെ കൂടെനിര്‍ത്തണം. ഒട്ടും എളുപ്പമുള്ള പണിയല്ല പത്രാധിപരുടേത്.

നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ജയചന്ദ്രന്‍ സാറിന്റെ എഴുത്തിന് വൈകാരിക തീവ്രത ഉണ്ടായിരുന്നു. കണ്ടതും വായിച്ചതും അനുഭവിച്ചതുമായ എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതി. ബാലാരിഷ്ടതകളില്ലാതെ വാരിക ശക്തമായി മുന്നോട്ടുപോകുകയും ചെയ്തു.

കേരളത്തിലെ മുന്‍നിര എഴുത്തുകാരോടെല്ലാം അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. ടി. പദ്മനാഭന്‍, എം.ടി, ഒ.വി. വിജയന്‍, മാധവിക്കുട്ടി, വി.കെ.എന്‍, എം.പി.

നാരായണപിള്ള, അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള തുടങ്ങി അടുപ്പക്കാരായ എഴുത്തുകാരുടെ പേരുപറയാന്‍ തുടങ്ങിയാല്‍ അവസാനമില്ല. അക്കാലത്ത് മലയാളം വാരികയില്‍ എഴുതാത്ത പ്രമുഖരും ഇല്ല.

പുതിയ തലമുറയിലെ

സ്പന്ദനങ്ങളും അദ്ദേഹം ശ്രദ്ധിച്ചു. വാരികയുടെ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന പരിഗണന എല്ലാവര്‍ക്കും അദ്ദേഹം നല്‍കി. ചെറുതും വലുതുമായ മുഴുവന്‍ എഴുത്തുകാരും തൃപ്തരായിട്ടുണ്ടാകില്ല, എങ്കിലും ആര്‍ക്കുവേണ്ടിയും വാതില്‍ തുറക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു.

സാംസ്‌കാരിക മുഖമുള്ള ഒരു രാഷ്ട്രീയം അദ്ദേഹം സ്വപ്നം കണ്ടു. അതില്‍ ഇടര്‍ച്ചകള്‍ കാണുമ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു. കോണ്‍ഗ്രസ്സില്‍ അദ്ദേഹം കരുണാകരപക്ഷത്ത് ആയിരുന്നില്ല, ആന്റണിപക്ഷത്ത് ആയിരുന്നു. സി.പി.എമ്മില്‍ ഇ.എം.എസ് പക്ഷത്തും. അതോടൊപ്പം അനുകൂലിക്കുന്നവരുടെ ഭാഗത്ത് തെറ്റുകണ്ടാലും അദ്ദേഹം എഴുതും. എ.കെ. ആന്റണി ഭരിക്കുമ്പോള്‍ നടന്ന മുത്തങ്ങ സമരത്തിലെ ആദിവാസിവേട്ടയെ അദ്ദേഹം ധീരമായി വിമര്‍ശിച്ചു. അക്കാര്യത്തില്‍ അദ്ദേഹം ആന്റണി പക്ഷത്ത് ആയിരുന്നില്ല, ആദിവാസി പക്ഷത്ത് ആയിരുന്നു.

ഞങ്ങള്‍ ജൂനിയേഴ്സിനോടും അദ്ദേഹം വാത്സല്യത്തോടെ ഇടപഴകി. രണ്ടു സന്ദര്‍ഭങ്ങളില്‍ മലയാളം വാരികയിലെ ഞാന്‍ പറഞ്ഞത് മാനിച്ച് അദ്ദേഹം എഡിറ്റോറിയല്‍ കുറിപ്പ് മാറ്റിയിട്ടുണ്ട്. ചെറിയ ചെറിയ ഈഗോ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ശമ്പളം കയ്യില്‍ കിട്ടിയാല്‍ ഉടനെ ചെലവാക്കിത്തീര്‍ക്കും. ആരുടെ സങ്കടം കണ്ടാലും കയ്യില്‍ കിട്ടിയ ശമ്പളത്തില്‍നിന്ന് സഹായിക്കും. പിന്നീട്, അദ്ദേഹം കുലീനനായ നിസ്വനായി തുടരുകയും ചെയ്യും.

ഞാന്‍ കണ്ടിട്ടുള്ള അപൂര്‍വ്വം നന്മമരങ്ങളില്‍ ഒരാളായിരുന്നു പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍. വലിയ പ്രതിഭകളെ അടുത്തുനിന്ന് കാണാന്‍ അദ്ദേഹം ഞങ്ങള്‍ക്ക് അവസരമുണ്ടാക്കി. എത്രയോ എഴുത്തുകാര്‍, എത്രയോ ചലച്ചിത്ര പ്രതിഭകള്‍, എത്രയോ രാഷ്ട്രീയ നേതാക്കള്‍. എന്നിട്ടും അദ്ദേഹം സ്വയം ഒരു താരമാകാന്‍ ആഗ്രഹിച്ചില്ല. എപ്പോഴും അദൃശ്യനായ പത്രാധിപരായിരിക്കുന്നതില്‍ അദ്ദേഹം ആനന്ദിച്ചു. നമ്മള്‍ കടന്നുപോന്ന നാല്‍ക്കവലകളില്‍ മുനിഞ്ഞുകത്തുന്ന ഒരു വഴിവിളക്കുപോലെ അദ്ദേഹം ഓര്‍മ്മയില്‍ നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com