ഇന്ത്യന്‍ സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ, നമ്മള്‍ എക്കാലവും ആദരവോടെ സ്മരിക്കുന്ന വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയും സംഗീതജ്ഞനുമായ ബുദ്ധദേബ് ദാസ് ഗുപ്ത ഓര്‍മ്മയായിട്ട് ഒരുവര്‍ഷമാകുന്നു. കാലികമായ ജീവിതാനുഭവങ്ങളിലൂടെ നിറഞ്ഞുനില്‍ക്കുന്ന ബംഗാളി സിനിമയുടെ വ്യതിരിക്ത മുഖം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച സവിശേഷ ചലച്ചിത്രകാരനാണ് അദ്ദേഹം. ബംഗാളിലെ നവസിനിമയുടെ പ്രണേതാക്കളില്‍ പ്രമുഖനായിരുന്നു ബുദ്ധദേബ്. ബംഗാളില്‍ നവസിനിമയുടെ ചരിത്രാന്വേഷകരില്‍ റായിക്കും ഘട്ടക്കിനും ശേഷം ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെട്ട പേര് ബുദ്ധദേബിന്റേതാണ്. ഋതുപര്‍ണഘോഷ്, ഗൗതംഘോഷ്, അപര്‍ണസെന്‍, ഉല്പലേന്ദു ചക്രവര്‍ത്തി... തുടങ്ങിയവര്‍ പിന്നീട് ഉയര്‍ന്ന കലാമൂല്യവും സാങ്കേതിക തികവുമാര്‍ന്ന ചലച്ചിത്രങ്ങളൊരുക്കി സമാന്തരസിനിമയില്‍ ആധിപത്യമുറപ്പിച്ചപ്പോഴും പുതിയ പ്രമേയങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആവശ്യമായ ദൃശ്യഘടന കണ്ടെത്തുന്നതില്‍, സിനിമയെ ജീവിതസംബന്ധിയായ കലാനുഭൂതിയാക്കി മാറ്റുന്നതില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണബോധത്തോടെയുള്ള പരിശ്രമവും നടത്തിയ വലിയ കലാകാരനായിരുന്നു ബുദ്ധദേബ്. സമകാലിക ജീവിതത്തേയും നമ്മുടെ യാഥാര്‍ത്ഥ്യത്തേയും പ്രതിഫലിപ്പിക്കുന്നതായിരുന്നു ബുദ്ധദേബിന്റെ സിനിമകള്‍. മധ്യവര്‍ഗ്ഗസമൂഹത്തിന്റെ ജീവിതപോരാട്ടങ്ങളായിരുന്നു മിക്ക സിനിമകളും. മാറുന്ന ബംഗാളിന്റെ മനുഷ്യമനസ്സും ആ സിനിമകളില്‍ കാണാം. മുഖ്യധാര സിനിമകളിലെ പതിവു പ്രമേയങ്ങള്‍ക്കു പകരം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ സിനിമയില്‍ സന്നിവേശിപ്പിച്ച കരുത്താണ് സംവിധായകന്‍ എന്ന നിലയില്‍ ബുദ്ധദേബിന്റെ പ്രതിഭയെ ഇന്ത്യന്‍ സിനിമ ആഴത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
മനുഷ്യബന്ധങ്ങള്‍ക്കു സ്‌നേഹത്തിന്റേതായ അര്‍ത്ഥങ്ങളുണ്ടെന്ന് അസാധാരണങ്ങളായ ചലച്ചിത്രങ്ങളൊരുക്കി പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തിയ മനുഷ്യകഥാനുഗായിയായ ചലച്ചിത്രകാരനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത. മദ്ധ്യവര്‍ഗ്ഗ നാട്യങ്ങളും മൂല്യച്യുതികളും മനുഷ്യനെ എത്രമേല്‍ ആഴത്തില്‍ സ്വാധീനിക്കുന്നുവെന്നും നാം ജീവിക്കുന്ന ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ബുദ്ധദേബ് സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു. പ്രകൃതിയെ മനുഷ്യനില്‍നിന്നും ഭിന്നമായി കാണാത്ത സംവിധായകനായിരുന്നു ബുദ്ധദേബ്. അദ്ദേഹത്തിന്റെ ഏതു സിനിമയെടുത്താലും പ്രകൃതി ഒരു മിഴിവുള്ള കഥാപാത്രമായി നമുക്ക് കാണാം. കണ്ണീരും പുഞ്ചിരിയും സ്‌നേഹവും വിശ്വാസവും വിദ്വേഷവും തിരസ്‌കാരവും ഏകാന്തതയും എല്ലാം ഇഴചേര്‍ന്ന അത്രയ്ക്കും കരുത്തുറ്റതാണ് ബുദ്ധദേബിന്റെ ചലച്ചിത്രസഞ്ചാരം. മൗലികമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. എല്ലാ സിനിമകളിലും ആ സര്‍ഗ്ഗാത്മകതയുടെ മിഴിവും നമുക്കു കാണാം. ഇന്ത്യയില്‍ ഏറ്റവും നല്ല ചലച്ചിത്രങ്ങളൊരുക്കിയ സംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബുദ്ധദേബ്, ബംഗാളില്‍ ആരോഗ്യകരമായ ചലച്ചിത്രസംസ്‌കാരം സൃഷ്ടിക്കുന്നതില്‍ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കലാപരമായ ഔന്നത്യത്തില്‍ മാത്രമല്ല, സാങ്കേതിക മേന്മയിലും ബുദ്ധദേബിന്റെ ചലച്ചിത്രങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണ്.
മനുഷ്യസംഘര്‍ഷങ്ങള്‍ തേടിയ സിനിമകള്‍
വെസ്റ്റ് ബംഗാളിലെ പുരുലിയ ജില്ലയില്‍ അനാരയിലാണ് 1944 ഫെബ്രുവരി 11ന് ബുദ്ധദേബ് ജനിച്ചത്. ഒന്‍പതു മക്കളില്‍ മൂന്നാമനായിരുന്നു ബുദ്ധദേബ്. അച്ഛന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഡോക്ടറായിരുന്നു. അച്ഛന് ജോലി സംബന്ധമായി പല സ്ഥലങ്ങളിലേയ്ക്കും മാറി മാറി പോകേണ്ടിവന്നതുകൊണ്ട് വളരെ ചെറുപ്പത്തിലേ ഒരുപാട് യാത്രകള്‍ ചെയ്യാന്‍ കഴിഞ്ഞു ബുദ്ധദേബിനും. കല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഇക്കണോമിക്‌സ് പഠിച്ച ബുദ്ധദേബ് തുടര്‍പഠനം ചെയ്തത് യൂണിവേഴ്‌സിറ്റി ഓഫ് കല്‍ക്കത്തയിലുമാണ്. ചെറുപ്രായത്തിലേ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വളരെ ചെറുപ്പത്തില്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കല്‍ക്കത്ത ഫിലിം സൊസൈറ്റിയില്‍ അംഗമായിരുന്നു. അമ്മാവന്റെ കൂടെയാണ് സിനിമകള്‍ കാണാന്‍ പോയിരുന്നത്. 'ചാര്‍ളിചാപ്ലി'ന്റേയും 'കുറോസവ'യുടേയും 'ബര്‍ഗ്മാന്റേ'യും ചലച്ചിത്രങ്ങളോട് വല്ലാത്ത താല്പര്യം ജനിച്ചു. 1968ല്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി 'The continent of Love' ചെയ്ത് സിനിമാജീവിതം ആരംഭിച്ചു. 1978ല്‍ ആദ്യ ഫീച്ചര്‍ ഫിലിം 'ദൂരത്വ' സംവിധാനം ചെയ്തു. 'നീം അന്നപൂര്‍ണ്ണ' (1979), 'ഗൃഹയുദ്ധ' (1982), 'ഫേര' (1988), 'ബാഗ് ബഹാദൂര്‍' (1989), 'തഹാദേര്‍ കഥ' (1992), 'ചരാചര്‍' (1993), 'ലാല്‍ ദര്‍ജ' (1997), 'ഉത്തര' (2000), 'മോണ്ടോ മേയര്‍ ഉപാഖ്യാന്‍' (2002), 'കാല്‍പുരുഷ്' (2008), 'ജനാല' (2009), 'ഉരോജഹാജ്' (2019) തുടങ്ങിയവയാണ് ബുദ്ധദേബിന്റെ പ്രധാന ചലച്ചിത്രങ്ങള്‍.
ഇന്ത്യയിലെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ 'സ്വപ്‌നേര്‍ ദിന്‍', ഡോക്യുമെന്ററികളും ടി.വി. സിനിമകളുമായ 'ശരത്ചന്ദ്ര' (1975), 'റിഥം ഓഫ് സ്റ്റീല്‍' (1981), 'സ്‌റ്റോറി ഓഫ് ഗ്ലാസ്' (1985), 'ദി സ്‌റ്റേഷന്‍' (2013), ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ജൂട്ട് (1990)... തുടങ്ങിയവയും ബുദ്ധദേബിന്റെ പ്രസിദ്ധങ്ങളായ മികച്ച കലാസൃഷ്ടികളാണ്. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള John W Hood എഴുതിയ 'The films of Buddhadeb Das gupta' എന്ന പുസ്തകവും ചലച്ചിത്രങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. ബംഗാളി ചിത്രങ്ങള്‍ക്കു പുറമെ ഹിന്ദി സിനിമകളും ബുദ്ധദേബ് സംവിധാനം ചെയ്തിട്ടുണ്ട്. 'ബര്‍ളിന്‍', 'സ്‌പെയിന്‍', 'ലോക്കോര്‍ണോ', 'വെനീസ്'... തുടങ്ങിയ ചലച്ചിത്രോത്സവങ്ങളില്‍ ചലച്ചിത്രങ്ങള്‍ക്കു വലിയ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് അഞ്ച് തവണയും ഇന്ത്യയിലെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് രണ്ട് തവണയും ലഭിച്ച ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളായിരുന്നു ബുദ്ധദേബ്. മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാമറമാന്‍ വേണു അദ്ദേഹത്തിന്റെ നാല് സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
മനുഷ്യബന്ധങ്ങളുടെ ഹൃദയവ്യഥകളിലൂടെ കടന്നുപോകുന്ന 'ദൂരത്വ'യും ജീവിതത്തില്‍ തികച്ചും ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പിന്നീട്, മനുഷ്യരെ എത്രമാത്രം വിഷമ സമസ്യകളിലക്ക് കൊണ്ടെത്തിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വ്യത്യസ്ത അനുഭവതലങ്ങളിലൂടെ കാണിച്ചുതന്ന 'നീം അന്നപൂര്‍ണ്ണ'യും ഭിന്നമായ ജീവിതാനുഭവങ്ങളെ കൂടുതല്‍ തീവ്രതയോടെ പച്ചയായി മനസ്സിലാക്കിത്തരുന്ന അപൂര്‍വ്വതകള്‍ നിറഞ്ഞ 'ഗൃഹയുദ്ധ'യും ഗ്രാമത്തില്‍ പുലിവേഷം കെട്ടി നൃത്തം ചെയ്യുന്ന ഗുനുറാം എന്ന കലാകാരന്റെ ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും കഥ പുതിയ സാമൂഹ്യരാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതീകവല്‍ക്കരണമാക്കി മാറ്റിയ 'ബാഗ്ബഹാദൂറും' സ്വന്തം ജന്മനാട്ടില്‍ത്തന്നെ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവരുന്നവരുടെ കഥ പറയുന്ന 'തഹാദേര്‍ കഥ'യും ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്. പരമ്പരാഗതമായി പക്ഷിപിടുത്തം തൊഴിലാക്കിയ കുടുംബത്തില്‍നിന്നും വരുന്ന ഒരാള്‍ക്ക് ആ തൊഴിലിനോട് താല്പര്യമില്ലാതെ പക്ഷികളെ സ്‌നേഹിക്കാന്‍ ശ്രമിക്കുന്നതിലൂടെ പുതിയ പ്രമേയം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ച 'ചരാചറും' പ്രമേയത്തിന്റെ അപൂര്‍വ്വതകൊണ്ടും ഗൃഹാതുരത്വമുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍കൊണ്ടും സമ്പന്നമായ 'ലാല്‍ ദര്‍ജ'യും പുതിയ ജീവിതാവസ്ഥ മനുഷ്യനില്‍ സൃഷ്ടിക്കുന്ന കപടനാട്യങ്ങളെ തുറന്നുകാട്ടുന്ന 'മോണ്ടോ മേയര്‍ ഉപാഖ്യാനും' 'കല്‍പുരുഷും', 'ജനാല'യും 'ഫേര'യും 'ഉരോജഹാജും' (Flight) ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ക്ലാസ്സിക് സിനിമകളാണ്. അസാധാരണ കഴിവുകളുണ്ടായിരുന്ന, യഥാര്‍ത്ഥ വീക്ഷണങ്ങളുണ്ടായിരുന്ന ബുദ്ധദേബ് ഇന്ത്യന്‍ സിനിമയില്‍ ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ അമൂല്യങ്ങളായ സിനിമകള്‍ സമ്മാനിച്ചാണ് കടന്നുപോയത്. മനുഷ്യജീവിതങ്ങളുടെ സംഘര്‍ഷങ്ങളും സാധാരണ മനുഷ്യരുടെ ധീരമായ ചെറുത്തുനില്‍പ്പുകളുമാണ് പല കഥകളും. ആ സിനിമകളിലൊക്കെ വളരെ ഉയര്‍ന്ന സിനിമാബോധമുള്ള ധിഷണാശാലിയായ പ്രതിഭയെ നമുക്കു കാണാം. മാനുഷിക മൂല്യങ്ങളെ തൊട്ടുണര്‍ത്തുന്ന കഥകള്‍ പറഞ്ഞ് നിത്യജീവിതത്തിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ആഖ്യാനരീതി പ്രത്യേകതയായിരുന്നു. ജീവിതഗന്ധിയായ അത്തരം ചലച്ചിത്രങ്ങള്‍ക്കു ചരിത്രത്തിന്റെ പിന്‍തുണയുണ്ടാകുമെന്നും അദ്ദേഹം തെളിയിച്ചു. പ്രമേയത്തിന്റേയും ആവിഷ്‌കരണത്തിന്റേയും കാര്യത്തില്‍ ഗഹനതയും തീവ്രതയും വേണ്ടുവോളം പ്രകടമാക്കിയ നല്ല 'റിയലിസ്റ്റിക്' ചലച്ചിത്രങ്ങളായിരുന്നു എല്ലാം. കവിതയും സിനിമയും തമ്മിലുള്ള അടുപ്പം ഓരോ ഫ്രെയിമിലും നമുക്കു കാണാം. സിനിമ ചിലപ്പോള്‍ സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം 'സിനിമാറ്റിക്കാ'യി ബുദ്ധദേബ് നമ്മളെ അനുഭവപ്പെടുത്തുന്നു.
ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുന്ന കരുത്തുള്ള പ്രമേയങ്ങള്‍ വ്യത്യസ്തമായ അനുഭവമാക്കി മാറ്റിയതാണ് സാധാരണക്കാര്‍ക്കുപോലും ബുദ്ധദേബ് പ്രിയപ്പെട്ട ചലച്ചിത്രകാരനായി മാറിയത്. ബംഗാളിന്റെ സമ്പന്നവും പുരാതനവുമായ സാംസ്‌കാരിക തനിമയെ തലമുറകള്‍ക്കു പകര്‍ന്നുകൊടുത്ത സംവിധായകനെന്ന നിലയിലും ബുദ്ധദേബ് ആദരണീയനാണ്.
വൃക്കരോഗബാധിതനായി ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം എഴുപത്തിയേഴാം വയസ്സില്‍ ബുദ്ധദേബ് വിടപറഞ്ഞപ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും സര്‍ഗ്ഗധനനായ ഒരു ചലച്ചിത്രകാരനേയും മനുഷ്യസ്‌നേഹിയായ ഒരു കലാകാരനേയുമാണ് നമുക്ക് നഷ്ടപ്പെട്ടത്.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates