'രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു'; സ്നേഹത്തിന്റെ മറുകര തേടിയ കാവ്യസഞ്ചാരി

വിശ്വകവി ഒക്ടേവിയോ പാസിന്റെ 110-ാം ജന്മദിനമായിരുന്നു മാര്‍ച്ച് 31. അദ്ദേഹത്തിന്റെ കവിതയും ജീവിതവും ഇടകലര്‍ന്ന സര്‍ഗ്ഗാത്മക ലോകത്തെക്കുറിച്ച് എഴുതുന്നു ലേഖകന്‍
ഒക്ടേവിയോ പാസ്
ഒക്ടേവിയോ പാസ്
Updated on
6 min read

വിശ്വപ്രശസ്ത മെക്സിക്കന്‍ കവിയും നൊബേല്‍ സമ്മാനജേതാവും ഇന്ത്യയിലെ മെക്സിക്കന്‍ അംബാസഡറുമായിരുന്ന ഒക്ടേവിയോ പാസിന്റെ (Octavio Paz) 110-ാം ജന്മദിനമാണ് മാര്‍ച്ച് 31 ഒക്ടേവിയോ പാസിന്റെ SunStone ('സൂര്യശില'), 'In Light of India' (ഇന്ത്യയുടെ പ്രകാശത്തില്‍) തുടങ്ങിയ കൃതികളിലൂടെ പാസിനെ സ്മരിക്കുന്നു.

''പ്രേമിക്കല്‍ സമരമാണ്, രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു, ആഗ്രഹത്തിനു ദശവയ്ക്കുന്നു, ചിന്തകള്‍ക്കു ദശവയ്ക്കുന്നു, അടിമയുടെ ചുമലുകളില്‍ ചിറകുകള്‍ മുളയ്ക്കുന്നു... ലോകം യഥാര്‍ത്ഥവും സ്പര്‍ശനീയവുമാകുന്നു.'' ('സൂര്യശില'യില്‍ നിന്ന്, വിവര്‍ത്തനം: കടമ്മനിട്ട രാമകൃഷ്ണന്‍)

വിശ്വകവിതയിലെ എക്കാലത്തേയും ചലനാത്മകവും അഗാധവും ആത്മീയ സ്പര്‍ശമുള്ളതുമായ വരികളിലൊന്നായിരിക്കും ഒക്ടേവിയോ പാസിന്റെ 'സൂര്യശില'യെന്ന ഐതിഹാസിക കാവ്യത്തിലെ ഈ വരികള്‍. കവിയെപ്പോലെത്തന്നെ വിശ്വമാകെ സഞ്ചരിച്ച ഈ കവിതയുടെ വരികളില്‍ കാലത്തിന്റെ, മാറ്റത്തിന്റെ സ്ഫോടക സൗന്ദര്യമുണ്ട്. യാത്രകളെ പ്രണയിച്ച ഈ മഹാകവിയുടെ നിശായാത്രകളുടെ, ആത്മാനുഭവങ്ങളുടെ ഹര്‍ഷപ്രഹര്‍ഷങ്ങളില്‍ വിരിഞ്ഞ ഇത്തരം അനശ്വരമായ വരികള്‍ വേറെയുമുണ്ട്... ''രണ്ടുപേര്‍ ഉന്മത്തരായി കെട്ടിപ്പിടിച്ച് പുല്‍ത്തകിടിയില്‍ വീഴുമ്പോള്‍ ലോകം മാറുന്നുവെന്നും'' ആകാശം താഴ്ന്നുവരുന്നുവെന്നും വൃക്ഷങ്ങള്‍ ഉയരുന്നുവെന്നും ഈ കാവ്യത്തിലുണ്ട്. രണ്ടുപേര്‍ പരസ്പരം നോക്കി അംഗീകരിക്കുമ്പോള്‍ ലോകം മാറുന്നുവെന്നും പേരുകളെല്ലാമുരിഞ്ഞുകളയുന്നതാണ് പ്രണയമെന്നും എഴുതിയിട്ടുള്ള പാസ് 'സൂര്യശില'യെന്ന കാവ്യത്തിലൂടെ ഉപാധികളില്ലാത്ത നഗ്‌നവും വിശുദ്ധവുമായ പ്രണയത്തിലൂടെ ലോകത്തെ മാറ്റിമറിക്കുന്നു. യഥാര്‍ത്ഥ പ്രണയം വിപ്ലവമാണെന്നു സ്ഥാപിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവര്‍ ഭക്ഷണവും വെയിലും മരണവും പങ്കിട്ടെടുക്കുന്നതിന്റെ മഹത്വത്തെക്കുറിച്ചു പാടുന്ന കവി കത്തിയെരിയുന്ന മൈതാനത്ത് മരിച്ചുവീഴുന്ന മനുഷ്യന്റെ അത്ഭുതം നിറഞ്ഞ തുറിച്ചുനോട്ടത്തെക്കുറിച്ചും എഴുതുന്നു. മര്‍ദ്ദിതന്റെ മരിച്ചുവീഴല്‍ ലോകത്തിന്റെ ഉയിര്‍പ്പാണെന്നു പാടുന്നു.

''പ്രേമിക്കല്‍ സമരമാണ്, രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു, ആഗ്രഹത്തിനു ദശവയ്ക്കുന്നു, ചിന്തകള്‍ക്കു ദശവയ്ക്കുന്നു, അടിമയുടെ ചുമലുകളില്‍ ചിറകുകള്‍ മുളയ്ക്കുന്നു... ലോകം യഥാര്‍ത്ഥവും സ്പര്‍ശനീയവുമാകുന്നു.'' ('സൂര്യശില'യില്‍ നിന്ന്, വിവര്‍ത്തനം: കടമ്മനിട്ട രാമകൃഷ്ണന്‍)

''ഇണചേരുന്ന നഗ്‌നത കാലത്തെ മറികടക്കുന്നു''വെന്നും ''സമുദ്രത്തിലൂടെയെന്നപോലെ നിന്‍ മിഴികളിലൂടെ ഞാന്‍ യാത്രചെയ്യുന്നു''വെന്നും ''കടുവകള്‍ കിനാവു കുടിക്കാനെത്തുന്ന നിന്റെ മിഴികള്‍'' എന്നും ''രാത്രി മുഴുവന്‍ നീ തീയായി പെയ്യുന്നു'' എന്നുമുള്ള വരികള്‍ അമോഘമായ പ്രണയത്തിന്റെ അപരിമേയ മാനങ്ങള്‍, സ്നേഹത്തിന്റെ ആഴങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നു.

1990-ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ഒക്ടേവിയോ പാസിന്റെ ഏറ്റവും ഉല്‍കൃഷ്ടമായ കാവ്യമാണ് 'സൂര്യശില'. നൊബേല്‍ സമ്മാനം ലഭിക്കുന്നതിന് എത്രയോ മുന്‍പുതന്നെ അദ്ദേഹം മലയാളികളായ വായനക്കാരുടെ ഹൃദയത്തില്‍ ചേക്കേറിയിരുന്നു. 1969-ല്‍ 'കേരള കവിത'യിലൂടെ 'സൂര്യശില'യുടെ മലയാള തര്‍ജ്ജമ പുറത്തുവന്നിരുന്നു. കടമ്മനിട്ട രാമകൃഷ്ണനാണ് 'സൂര്യശില' വിവര്‍ത്തനം ചെയ്തത്. അയ്യപ്പപ്പണിക്കരാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്. അത്യഗാധമായ സമുദ്രം പോലെ വിസ്മയിപ്പിക്കുന്ന കാവ്യാനുഭൂതിയാണിത്. നിഗൂഢ രാത്രിപോലെ വിഭ്രാന്തിയുണര്‍ത്തുന്ന രഹസ്യ സൗന്ദര്യമാണ് ഈ കാവ്യത്തിന്റെ അപൂര്‍വ്വത. 'സൂര്യശില'യുടെ ആമുഖപഠനമെഴുതിയിരിക്കുന്നത് ജൂഡിത്ത് ബര്‍ണാഡാണ് (Judith Bernard). പ്രൗഢമായ പഠനത്തില്‍ ബര്‍ണാഡ് ഇങ്ങനെ പറയുന്നു: 'ഉജ്ജ്വലമായ കാവ്യസൃഷ്ടി' എന്ന നിലയിലും ഒക്ടോവിയോ പാസിന്റെ കാവ്യദര്‍ശനത്തിന്റെ പ്രഖ്യാപനമെന്ന നിലയിലും ആ മെക്സിക്കന്‍ കവിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് 'സൂര്യശില.' 'സൂര്യശില' എന്ന പേരുള്ള അസ്തെക് കലണ്ടര്‍ (Aztec calendar) പാറയില്‍ വരച്ചിട്ടുള്ള ശുക്രന്റെ പ്രദക്ഷിണത്തെ ആസ്പദമാക്കിയുള്ള വൃത്താകാരമാണ് ഈ കവിതയുടെ ഘടന. ശുക്രന്‍ (Venus) ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിന് 584 ദിവസങ്ങളെടുക്കുന്നു. പാസിന്റെ കവിതയില്‍ 584 വരികളുണ്ട്. കവിതയുടെ ആദ്യവരികള്‍ തന്നെയാണ് അവസാനത്തെ വരികളും. സര്‍പ്പം വളഞ്ഞ് സ്വന്തം വാലിനെ ഭക്ഷിക്കുന്ന രീതിയിലാണ് കവിതയുടെ ഘടനയെന്ന് ഒരു മെക്സിക്കന്‍ നിരൂപകന്റെ നിരീക്ഷണമുണ്ട്. തൂവലുള്ള സര്‍പ്പമായ 'ക്വെത് സാല്‍ കോത്തലി'ന് 'സര്‍പ്പത്തിന്റെ ദേഹവും പക്ഷിയുടെ തൂവലുകളുമാണ്.' 'സൂര്യശില'യെ ന്ന കാവ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സ്ഥലത്തിന്റെ സാമാന്യ പരിധിക്കുള്ളില്‍ ഒതുങ്ങുന്നില്ല എന്നതാണ്. അബോധമനസ്സില്‍ നടക്കുന്ന നൂതനമായ അതീന്ദ്രിയ ലോകം തേടിയുള്ള അന്വേഷണത്തിന്റെ, യാത്രയുടെ കവിതയാണിത്. വെറുപ്പിന്റെ ഹിംസാത്മകതയുടെ ലോകം മടുത്ത മനുഷ്യന്‍ സ്നേഹത്തിന്റെ അതീതലോകം അന്വേഷിക്കുന്ന സ്നേഹത്തിന്റെ മറുകര തേടുന്ന കാവ്യാനുഭൂതിയാണിത്. ടാഗൂര്‍ കവിതയിലെ മിസ്റ്റിക് ലാവണ്യത്തിന്റെ ആരാധകനായിരുന്നു പാസ്. ഭാരതീയ കാവ്യസംസ്‌കാരത്തിന്റെ ആത്മീയത പാസിന്റെ കാവ്യപ്രതിഭയുടെ ആന്തരിക പ്രകാശമായിരുന്നു. ഇന്ത്യയിലെ കവിസൃഹൃത്തുക്കളുടെ കാവ്യസദസ്സില്‍ അവതരിപ്പിച്ച ഒരു കവിതയില്‍ സ്മൃതിക്കും വിസ്മൃതിക്കുമിടയിലൂടെ നാം ജീവിക്കുന്ന ഈ നിമിഷം, കാറ്റും തിരകളും ആക്രമിക്കുന്ന ഒരു ദ്വീപുപോലെയാണെന്നും ഏതു നിമിഷവും തകര്‍ന്നടിയാമെന്നും കവി പാടുന്നു. കേവലമായ യാഥാര്‍ത്ഥ്യത്തിനതീതമായി ഉയര്‍ന്നുപറക്കുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണ്ണനാകുന്നതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ദ്രിയാനുഭവങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് അതീതശക്തിയില്‍ വിശ്വസിക്കാതെ തന്നെ ആത്മീയാനുഭൂതികളില്‍ എത്തിച്ചേരാമെന്ന മനുഷ്യന്റെ വിശ്വാസമാണ് ഒക്ടേവിയോ പാസിന്റെ കവിതകളുടെ ആന്തരിക ചോദന. ലോകത്തിന്റെ സ്‌ത്രൈണഭാവമുള്‍ക്കൊള്ളുന്ന വീനസും പുരുഷരൂപമായ ക്വെത് സാല്‍ കോത്തലും സമന്വയിക്കുന്ന ദ്വന്ദ്വഭാവം ഒക്ടേവിയോ പാസിന്റെ പ്രതിഭയുടെ ദ്വന്ദ്വഭാവമായിരുന്നു.

കടമ്മനിട്ട രാമകൃഷ്ണന്‍, അയ്യപ്പപണിക്കര്‍
കടമ്മനിട്ട രാമകൃഷ്ണന്‍, അയ്യപ്പപണിക്കര്‍ express photo

ഇന്ത്യയിലെ മെക്സിക്കന്‍

അംബാസിഡര്‍

ഒക്ടേവിയോ പാസ് 1962 മുതല്‍ 1968 വരെ ഇന്ത്യയിലെ മെക്സിക്കന്‍ അംബാസിഡറായിരുന്നു. അതിനു മുന്‍പേ അദ്ദേഹം പലതവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1950-ല്‍ മെക്സിക്കോയെന്ന സ്വന്തം രാജ്യത്തിലെ ഒറ്റപ്പെട്ട ജനസമൂഹത്തിന്റെ അസ്തിത്വപരമായ ഏകാന്തതയെക്കുറിച്ച് ഏകാകിയായ മനുഷ്യന്‍ അനുഭവിക്കുന്ന

ഭീകരമായ മാനസിക വ്യഥകളെക്കുറിച്ച്, മരണത്തെ ഒരേസമയം ആഘോഷവും ദുഃഖാചരണവുമാക്കുന്ന അന്യവല്‍കരിക്കപ്പെട്ട ജനതയുടെ ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് ഒക്ടേവിയോ പാസ് എഴുതിയ രാഷ്ട്രീയവും ചരിത്രപരവും സാംസ്‌കാരികവുമായി പ്രധാനപ്പെട്ട കൃതിയാണ് 'Labyrinth of Solitude' ദീര്‍ഘകാലം സ്പാനിഷ് അധിനിവേശത്തിലടിച്ചമര്‍ത്തപ്പെട്ട നിരാലംബരും നിരാശ്രയരുമായ ഒരു ജനതയുടെ അസ്തിത്വവ്യഥയും ഏകാന്തദുഃഖവുമാണ് ചരിത്രം സ്പന്ദിക്കുന്ന ഈ അനശ്വര കൃതിയിലുള്ളത്. ഒരു വ്യക്തിയെ എന്നതുപോലെ ദീര്‍ഘനാളത്തെ വിദേശ അധിനിവേശം, അടിമത്തം എങ്ങനെ ഒരു രാജ്യത്തെ ഏകാന്ത ദുഃഖത്തിലേക്കു ഭീതിദായകമായ ആത്മഭ്രംശത്തിലേക്ക് അപകര്‍ഷത ബോധത്തിലേക്ക് മുങ്ങിത്താഴ്ത്താം എന്നത് ഒക്ടേവിയോ പാസിനെ എന്നും അലട്ടിയിരുന്ന വേദനിപ്പിച്ചിരുന്ന നീറിയെരിയുന്ന സമസ്യയായിരുന്നു. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മാഭിമാനത്തിനുവേണ്ടി പോരാടുന്നവന്റെ ഉള്‍ത്താപമുണ്ട്. ഇന്ത്യന്‍ ചിത്രകാരന്‍ സ്വാമിനാഥനു സമര്‍പ്പിച്ച കവിതയിലെ ചില വരികള്‍ നോക്കുക:

''കറുത്ത അള്‍ത്താരയില്‍ തറച്ച കൂരമ്പ്

ക്ഷുഭിതരായ അക്ഷരങ്ങള്‍

മഷിത്തുള്ളി -ചോരത്തുള്ളി- തേന്‍തുള്ളി

കീറത്തുണിയും കത്തിയുമായി

ഈ ജലധാര''

കഥാകാരനെന്ന നിലയില്‍ പാസിന്റെ

'നീലപൂച്ചെണ്ട്' (BLUE BOUQUET) ലോക സാഹിത്യത്തിലെ വംശീയതയ്‌ക്കെതിരായ ചരിത്രപ്രാധാന്യമുള്ള, പ്രധാനപ്പെട്ട കഥയാണ്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ വംശീയമായ പകയുടെ, പ്രതികാരത്തിന്റെ കഥയാണിത്. പ്രകൃതിപോലും തന്നെ വംശീയമായി, കാരുണ്യരഹിതമായി നോക്കുന്നുവെന്നു തോന്നുന്ന ഭീതിയോടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ട, സ്വന്തം നാട്ടില്‍പ്പോലും ഇരയായി ജീവിക്കേണ്ടിവരുന്നവന്റെ ദയനീയാവസ്ഥ ഈ കഥയിലുണ്ട്.

ഇന്ത്യയെക്കുറിച്ച് ഒക്ടേവിയോ പാസ് എഴുതിയിട്ടുള്ള ചെറുതെങ്കിലും സര്‍ഗ്ഗപരമായ ഔന്നത്യമുള്ള ഉദാത്ത രചനയാണ് 'In Light of India'. . മാതൃരാജ്യമായ മെക്സിക്കോയെ സ്നേഹിച്ചതുപോലെത്തന്നെ ഇന്ത്യയേയും അദ്ദേഹം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് കാവ്യാത്മകമായ ഗദ്യഭാഷയില്‍ രചിച്ച ഈ ഗ്രന്ഥം. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ സംസ്‌കാരത്തിലൂടെ, ചരിത്രത്തിലൂടെ, സമൂഹത്തിലുടെ, രാഷ്ട്രീയത്തിലൂടെ, പുണ്യേതിഹാസങ്ങളിലൂടെ, വേദഗ്രന്ഥങ്ങളിലൂടെ, സഞ്ചരിച്ച കവിയുടെ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള കാവ്യസഞ്ചാരത്തിന്റെ പുണ്യധാരപോലെ പ്രവഹിക്കുന്ന ആത്മകഥയാണിത്. പാസ് സംസ്‌കൃത ഭാഷയുടെ ഉപാസകനായിരുന്നു.

ഭഗവദ്ഗീതയും ഉപനിഷത്തുകളും ഭാരതീയ ഇതിഹാസങ്ങളും പഠിക്കുവാനും മനസ്സിലാക്കുവാനും സ്വന്തം ജീവിതത്തിലൂടെ പകര്‍ത്തുവാനും ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും കാവ്യസപര്യയും. ഒക്ടേവിയോ പാസിന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമായിരുന്നു. മലയാളത്തില്‍ മെക്സിക്കന്‍ കവിതയുടെ സാദൃശ്യങ്ങള്‍ അദ്ദേഹം കണ്ടെത്തി. മെക്സിക്കന്‍ അംബാസിഡറായി പാസ് ഡല്‍ഹിയിലുണ്ടെന്നറിഞ്ഞ് ഡല്‍ഹിയില്‍ ചെന്ന് അദ്ദേഹത്തെ കണ്ട മലയാളത്തിന്റെ അനശ്വര പ്രതിഭയായ അയ്യപ്പപ്പണിക്കരാണ് 'സൂര്യശില'യുടെ വിവര്‍ത്തനാനുമതി കടമ്മനിട്ടയ്ക്കുവേണ്ടി വാങ്ങിയത്. ഒട്ടേറെ സമാനതകളുള്ള ലാറ്റിനമേരിക്കയിലേയും മലയാളത്തിലേയും കാവ്യ സംസ്‌ക്കാരത്തിന്റെ അവിസ്മരണീയ സംഗമമായിരുന്നു ആ കൂടിക്കാഴ്ച. ഇന്ത്യയിലെ തനിക്കേറ്റവും പ്രിയപ്പെട്ട പ്രാദേശിക ഭാഷയില്‍ തന്റെ പ്രിയപ്പെട്ട കാവ്യം (അന്ന് പാസിന് നൊബേല്‍സമ്മാനം ലഭിച്ചിരുന്നില്ല) തര്‍ജ്ജമ ചെയ്യപ്പെടുന്നു എന്നറിഞ്ഞതില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നു. പാസ് സ്നേഹനിര്‍ഭരമായ മനസ്സോടെ 'സുര്യശില' അയ്യപ്പപ്പണിക്കരെ ചൊല്ലികേള്‍പ്പിച്ചു. അതിന്റെ ആഴത്തിലൂടെ സഞ്ചരിച്ചു. 1984-ല്‍ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം അവാര്‍ഡ് സമ്മാനിച്ചത് പാസ് ആണ്. 'കി ഘശഴവ േീള കിറശമ' (ഇന്ത്യയുടെ പ്രകാശത്തില്‍) എന്ന ഗ്രന്ഥത്തില്‍ അക്കാലത്തെ ധൂസരിതമായ ഇന്ത്യയെ പാസ് അവതരിപ്പിക്കുന്നത് നോക്കുക. ''നക്ഷത്രങ്ങള്‍ നിശ്ശബ്ദം എരിഞ്ഞുകൊണ്ടിരിക്കുന്ന ആകാശത്തിനു കീഴെ, ഞാനൊരു വലിയ വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു. രാത്രിയുടെ കൂറ്റന്‍ പ്രതിമപോലെ തോന്നിച്ച ആ വൃക്ഷച്ചുവട്ടിലിരുന്ന് ഞാനന്നു കണ്ട ഇന്ത്യയെക്കുറിച്ച് ചിന്തിച്ചു. അറപ്പും ഭയവും ഉളവാക്കുന്ന അമ്പരപ്പിക്കുന്ന ദയനീയമായ ഇന്ത്യന്‍ യഥാര്‍ത്ഥ്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ചു.'' നരരാശിക്കു താങ്ങുവാനാകാത്ത, സഹിക്കാനാവാത്ത അതീതയാഥാര്‍ത്ഥ്യമെന്നാണ് അദ്ദേഹം ഇന്ത്യന്‍ അവസ്ഥയെ വിശേഷിപ്പിച്ചത്.

ഇന്ത്യയെക്കുറിച്ച് ഒക്ടേവിയോ പാസ് എഴുതിയിട്ടുള്ള ചെറുതെങ്കിലും സര്‍ഗ്ഗപരമായ ഔന്നത്യമുള്ള ഉദാത്ത രചനയാണ് 'In Light of India'. . മാതൃരാജ്യമായ മെക്സിക്കോയെ സ്നേഹിച്ചതുപോലെത്തന്നെ ഇന്ത്യയേയും അദ്ദേഹം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് കാവ്യാത്മകമായ ഗദ്യഭാഷയില്‍ രചിച്ച ഈ ഗ്രന്ഥം

സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ''വി.എസ്. നെയ്പാളിന്റേയും ഒക്ടേവിയോ പാസിന്റേയും ഗുന്തര്‍ഗ്രാസ്സിന്റേയും യാത്രാവിവരണങ്ങളിലെ ഇന്ത്യ'' (India in the Travel Narratives of V.S Naipaul, Octaviopaz and Gunter Grass) എന്ന ഗവേഷണ ഗ്രന്ഥത്തിലെ ഒക്ടേവിയോ പാസ്സിന്റെ ഇന്ത്യന്‍ അനുഭവവ്യാഖ്യാനങ്ങളെക്കുറിച്ചുള്ള പഠനം ഇവിടെ പ്രസക്തമാണ്. നാഗേഷ് എസ്. ദൂഗനാവര്‍ (Nagesh S. Dooganavar) എന്ന കന്നഡ സാഹിത്യകാരന്റെ ഈ അന്വേഷണാത്മക ഗ്രന്ഥത്തില്‍ ഒക്ടേവിയോ പാസ് ഇന്ത്യയുടെ ആന്തരികസത്തയും ആത്മസൗന്ദര്യവും കണ്ടെത്തിയ കവിയായിരുന്നു എന്ന് നിരീക്ഷിക്കുന്നു. വി.എസ്. നെയ്പാള്‍ ഇന്ത്യയുടെ അക്കാലത്തെ ഇരുള്‍മൂടിയ സാമൂഹികാവസ്ഥയെ അനാവരണം ചെയ്യുകയും വസ്തുനിഷ്ഠമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ ആവിഷ്‌കരിക്കുകയും ചെയ്തു. ഗുന്തര്‍ഗ്രാസ് കല്‍ക്കത്തയുടെ വൃത്തികെട്ട തെരുവുകളെക്കുറിച്ചെഴുതി, ദുര്‍ഗന്ധം വമിക്കുന്ന സാമൂഹിക അവസ്ഥയെ വിമര്‍ശിച്ചു. ഇവര്‍ രണ്ടുപേര്‍ക്കും ഇന്ത്യന്‍ ജനതയോട് ഒരു അവികസിത-അധ:സ്ഥിത ജനസമൂഹത്തോടുള്ള സ്നേഹവും വെറുപ്പും കലര്‍ന്ന വീക്ഷണമായിരുന്നു. പക്ഷേ, ഒക്ടേവിയോ പാസ് ഇന്ത്യന്‍ ദാരിദ്ര്യവും കഷ്ടപ്പാടും ദയനീയാവസ്ഥകളും ഇവിടെ ജീവിച്ചു മനസ്സിലാക്കി ആഴത്തില്‍ പഠിച്ച് ഇന്ത്യയുടെ അനന്തവും അപാരവുമായ ആത്മീയ പ്രതിഭയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്തു. 'രണ്ട് ഉദ്യാനങ്ങളുടെ കഥ' (Tale of Two Gardens) എന്ന അനശ്വര കാവ്യത്തില്‍ മെക്സിക്കോയും ഇന്ത്യയുമാണ്. രണ്ട് ഉദ്യാനങ്ങളായി ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെന്ന രാജ്യം അദ്ദേഹത്തിനു സ്നേഹത്തിന്റെ പൂങ്കാവനമായിരുന്നു. നാഗേഷ് എസ്. ദൂഗനാവറുടെ ഗ്രന്ഥത്തിന്റെ പ്രൗഢമായ ആമുഖം ഇന്ത്യയെന്ന മഹാരാജ്യത്തെ മറ്റു രാജ്യങ്ങിലെ സഞ്ചാരികളും ചിത്രകാരന്മാരും എഴുത്തുകാരും എങ്ങനെ കാണുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നുവെന്നതിന്റെ പഠനം കൂടിയാണ്. മാര്‍ക്കോപോളോയും ഇ.എം. ഫോസ്റ്ററും (E.M. Foster) റഡ്യാര്‍ഡ് കിപ്ലിംഗും (Rudyard Kipling) ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ഇതില്‍ ഏറെ ശ്രദ്ധേയം 20-ാം നൂറ്റാണ്ടിലെ സ്വതന്ത്ര ചിന്തകരില്‍ പ്രമുഖനായിരുന്ന എഡ്വേഡ് സെയ്ദിന്റെ (Edward Said) നിരീക്ഷണങ്ങളാണ്. സെയ്ദിന്റെ മുഖ്യകൃതികളിലൊന്നാണ് 'ഓറിയെന്റലിസം' (Orientalism) മേല്‍ക്കോയ്മയുടേയും അന്തസ്സിന്റേയും അധികാരത്തിന്റേയും കാഴ്ചപ്പാടിലൂടെയുള്ള തെറ്റായ, വാസ്തവവിരുദ്ധമായ ഉപരിപ്ലവവും വിവേചനപരവുമായ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളുമാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്നതെന്ന എഡ്വേഡ് സെയ്ദിന്റെ നിരീക്ഷണ നിഗമനങ്ങള്‍ ഇന്നും പ്രസക്തമാണ്. 'സംസ്‌കാരവും

സാമ്രാജ്യത്വവും' എന്ന സെയ്ദിന്റെ വിഖ്യാത പുസ്തകത്തിലും എഴുത്തുകാരും ബുദ്ധിജീവികളും സ്വന്തം കണ്ണുകളിലൂടെ നോക്കുന്നതിന്റേയും ഓറിയന്റലിസത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നതിന്റേയും വൈരുദ്ധ്യത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങളുണ്ട്.

ഗുന്തര്‍ഗ്രാസ്, വി.എസ് നെയ്പാള്‍
ഗുന്തര്‍ഗ്രാസ്, വി.എസ് നെയ്പാള്‍

ഗുന്തര്‍ഗ്രാസിന്റേയും നെയ്പാളിന്റേയും സമീപനത്തിനു വിരുദ്ധമായി ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ സമഷ്ടിയെ നെഞ്ചോടുചേര്‍ത്തുള്ള കാവ്യാഖ്യാനമായിരുന്നു ഒക്ടേവിയോ പാസ് നടത്തിയത്. 1962-ലാണ് പാസ് ഇന്ത്യയില്‍ മെക്സിക്കന്‍ അംബാസിഡറായി സ്ഥാനമേറ്റത്. അതിനുമുന്‍പുതന്നെ ഇന്ത്യയിലുടനീളം പാസ് സഞ്ചരിക്കുകയും ഇന്ത്യന്‍ തത്ത്വചിന്തകളും ദര്‍ശനങ്ങളും കലയും സാഹിത്യവും ചരിത്രവും രാഷ്ട്രീയവും പഠിക്കുകയും ചെയ്തു. ഇന്ത്യയുടെ ഹൃദയത്തിലൂടെയുള്ള ഈ സഞ്ചാരത്തിനിടയിലാണ് അദ്ദേഹം തന്റെ ഹൃദയം അപഹരിച്ച മേരി ജോസ് എന്ന പ്രണയിനിയെ കണ്ടെത്തിയത്. അത് പാസ്സിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു. ''ജനിച്ചതിനുശേഷം എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവം'' എന്നാണ് ഈ കണ്ടുമുട്ടലിനെപ്പറ്റി പാസ് പറഞ്ഞത്. 1968-ല്‍ മെക്സിക്കോ ഒളിംപിക്സിനു മുന്‍പ് പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളെ ഭരണകൂടം കൂട്ടക്കുരുതി നടത്തിയതില്‍ പ്രതിഷേധിച്ച് ഒക്ടേവിയോ പാസ് അംബാസഡര്‍സ്ഥാനം രാജിവെച്ച് ഇന്ത്യ വിട്ടുപോയി. എങ്കിലും മരണംവരെ മേരി ജോസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം നിലനിന്നു.

ഒക്ടേവിയോ പാസ്
ഒക്ടേവിയോ പാസ്

ഇന്ത്യയിലെ

സൗഹൃദവലയങ്ങള്‍

ഇന്ത്യയുമായുള്ള ഒക്ടേവിയോ പാസിന്റെ ബന്ധത്തില്‍ ജീവിച്ചിരിക്കുന്ന അടയാളങ്ങള്‍ ഇന്ത്യയില്‍ അദ്ദേഹം സൃഷ്ടിച്ച വിപുലമായ അന്തസ്സത്തയുള്ള സുഹൃദ്വലയമായിരുന്നു. അതില്‍ എഴുത്തുകാരും രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമുണ്ടായിരുന്നു. സാഹിത്യകാരന്‍ കൃഷ്ണ കൃപലാനിയും അദ്ദേഹത്തിന്റെ പത്‌നി നന്ദിതയു (അവര്‍ രവീന്ദ്രനാഥ ടാഗോറിന്റെ കൊച്ചുമകളായിരുന്നു)മാണ് തന്നെ ഹിന്ദിയും ബംഗാളിയും പരിഭാഷകളിലൂടെ വായിക്കുവാന്‍ സഹായിച്ചത് എന്ന് പാസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാളി കഥാകാരനായ ലോക്നാഥ് ഭട്ടാചാര്യ, സംഗീതജ്ഞനും കാവ്യാസ്വാദകനുമായിരുന്ന നാരായണമേനോന്‍, യുവചിത്രകാരനായിരുന്ന സതീഷ് ഗുജറാല്‍ ജെ. സ്വാമിനാഥന്‍ എന്നിവര്‍ പാസിന്റെ അടുത്ത സ്നേഹിതരായിരുന്നു.

രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ റോമേഷ് താപ്പര്‍, ചിത്രകാരനായ എം.എഫ്. ഹുസൈന്‍, നോവലിസ്റ്റായ മുല്‍ക്ക് രാജ് ആനന്ദ്, നിരാജ് സി. ചൗധരി (Niraj C Choudhari), റെയ്മന്‍ പണിക്കര്‍ (Raimon Panikkar) എന്നിങ്ങനെ നിരവധി ഇന്ത്യന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 'Electric Intelligence' എന്നാണ് റെയ്മന്‍ പണിക്കരെ പാസ് വിശേഷിപ്പിച്ചത്. പണിക്കരുമായി ഗീതയും ബുദ്ധിസവുമൊക്കെ എത്ര ചര്‍ച്ചചെയ്താലും മതിയാകുമായിരുന്നില്ല എന്നും അത്രകണ്ട് അഗാധമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു എന്നും പാസ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ പാസ് ആരാധനയോടെയാണ് വീക്ഷിച്ചതെങ്കിലും വിമര്‍ശിക്കാനും മടിച്ചില്ല. ഹിറ്റ്ലറുടേയും മാവോയുടേയും സ്റ്റാലിന്റേയും കാലഘട്ടത്തില്‍ ജീവിച്ച കുലീനകുലജാതനായ സോഷ്യലിസ്റ്റ് ഭരണാധികാരിയായിരുന്നു നെഹ്റുവെന്നും സമാധാനപരമായ ഏകാധിപത്യ വാഴ്ച നടത്തിയ ജനാധിപത്യവാദിയെന്നും നെഹ്റുവിനെ വിശേഷിപ്പിച്ചു. നെഹ്‌റുവുമായി സുഹൃദ്ബന്ധമില്ലായിരുന്നുവെങ്കിലും ഇന്ദിരാഗാന്ധിയുമായി നല്ല സൗഹൃദമായിരുന്നു. ഇന്ദിരാഗാന്ധി ലാറ്റിനമേരിക്കന്‍ രാഷ്ട്രീയവും സംസ്‌ക്കാരവും പാരമ്പര്യവുമൊക്കെ പഠിക്കുവാനും മനസ്സിലാക്കുവാനും കാണിച്ച അതീവതാല്പര്യത്തെ, ഹൃദയവിശാലതയെ പാസ് പ്രശംസിക്കുന്നു. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും അതിദാരുണമായ മരണം അദ്ദേഹത്തെ വല്ലാതെ നടുക്കിയിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികള്‍ക്കൊപ്പം
ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികള്‍ക്കൊപ്പം photo express

നെഹ്റു കുടുംബത്തിന്റെ 'സര്‍ഗ്ഗാത്മക വിമര്‍ശകനായ' സ്നേഹിതനെന്ന് പാസിനെ വിശേഷിപ്പിക്കാം. ഒക്ടേവിയോ പാസിന്റെ 'സൂര്യശില' വിവര്‍ത്തനം ചെയ്തത് കടമ്മനിട്ടയാണെങ്കിലും മലയാളത്തിന് പാസിന്റെ കവിതകളെ അവയുടെ സൂര്യോര്‍ജ്ജത്തില്‍ പരിചയപ്പെടുത്തിയത് സച്ചിദാനന്ദന്റെ കാവ്യഭംഗിയുള്ള തര്‍ജ്ജമകളും പാസിനെക്കുറിച്ചുള്ള ശക്തമായ പഠനവുമാണ്. ''വളരെ കുറച്ചു കവിതകളിലൂടെ മെക്സിക്കന്‍ കവിതയുടെ ഉത്തമപാരമ്പര്യങ്ങളെ നവീകരിച്ച കവി'' എന്നാണ് സച്ചിദാനന്ദന്‍ പാസിനെ വിശേഷിപ്പിച്ചത്.

പാസ് ജീവിതേച്ഛയുടെ കവിയായിരുന്നുവെന്നും സച്ചിദാനന്ദന്‍ നിരീക്ഷിച്ചു. പാസിന്റെ കവിതകളിലെ ചില അനശ്വര കവിതകള്‍ അവയുടെ ശക്തിയും ഊര്‍ജ്ജവും സൗന്ദര്യവും ചോരാതെ സച്ചിദാനന്ദന്‍ തര്‍ജ്ജമ ചെയ്തിട്ടുള്ളത് മലയാളത്തിന് അനുഗ്രഹമാണ്; ചില വരികള്‍ നോക്കുക: ''വാക്കുകളുടെ ഈ തകരുന്ന പാലത്തില്‍ തീര്‍ത്ഥാടകന്റെ കാലടികള്‍ അനാഥ സംഗീതമാകുന്നു.''

''ഒരിക്കല്‍ നീ കവിതകളാല്‍ മൂടപ്പെട്ടിരുന്നു

നിന്റെ ഉടല്‍ മുഴുവന്‍ എഴുത്തായിരുന്നു.''

''കല്ലിലും കാറ്റിലും കിളികളില്‍നിന്നും

രൂപം കൊണ്ട പനിനീരിന്റെ ഉച്ചജ്ജ്വാല''

''ജലോപരി വിശ്രാന്തികൊള്ളുന്ന കാലം

മൗനത്തിന്റെ വാസ്തുശില്പം''

''കിളികളുടെ കനം തൂങ്ങുന്ന വൃക്ഷങ്ങള്‍

സ്വന്തം കൈകളാല്‍ സായാഹ്നത്തെ

ഉയര്‍ത്തിപ്പിടിക്കുന്നു''

''ഓരോ കവിതയും കാലമാണ്

അതു നീറിയെറിയുന്നു.''

താന്‍ ജീവിതത്തെപ്പോലെ മരണത്തേയും

അഭിലഷിക്കുന്നവനാണ് എന്ന അര്‍ത്ഥത്തില്‍ പാസ് എഴുതിയിട്ടുണ്ട്.

1998 ഏപ്രിലില്‍ അന്തരിച്ച ഒക്ടേവിയോ പാസ് വിശ്വകവിതയുടെ സൂര്യതേജസ്സും ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ മഹാനായ മനുഷ്യസ്നേഹിയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com