റ്റി.ജെ.എസ് ഓര്‍മ: ഇങ്ങനെയൊരാള്‍ ഇനിയെന്ന്

Image of TJS George
റ്റി.ജെ.എസ്. ജോര്‍ജ് സജി ജെയിംസ്
Updated on
5 min read

ഒക്ടോബർ 5, ഉച്ചതിരിഞ്ഞ് 3.10-ന് ബംഗളൂരുവിലെ ഹെബ്ബാൾ വൈദ്യുതശ്മശാനത്തിൽ റ്റി.ജെ.എസ് ജോർജ് എരിഞ്ഞടങ്ങി.

ആശുപത്രി മോർച്ചറിയിൽനിന്നും ഒന്നരയോടെ ചിര ശാന്തി ധാം വൈദ്യുതശ്മശാനത്തിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിനായി കിടത്തിയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പത്രപ്രവർത്തകരുമായ നൂറുകണക്കിന് ആളുകൾ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും അവിടെ എത്തിച്ചേർന്നിരുന്നു.

രാജ്യത്തിന്റെ പത്മഭൂഷണ്‍ ബഹുമതി നേടിയ മഹാനായ ആ മാധ്യമ കുലപതിക്ക് ആദരമർപ്പിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തി. പിന്നാലെ മാധ്യമസ്ഥാപനങ്ങളും വ്യക്തികളും തങ്ങളുടെ ആദരവർപ്പിച്ചു.

ഇരുപത്തിയെട്ടുവർഷം പിന്നിടുന്ന സമകാലിക മലയാളം വാരികയാണ് മലയാള പത്രപ്രവർത്തന ജീവിതത്തിൽ അദ്ദേഹത്തെ കൂട്ടിക്കെട്ടിയ പ്രധാനപ്പെട്ട പ്രസിദ്ധീകരണം. വാരികയുടെ തുടക്കം മുതൽ മരണം വരെ വാരികയുടെ ഭാഗമായിരുന്നു. കലാകൗമുദിയിൽനിന്നും രാജിവച്ച് വിശ്രമജീവിതം നയിക്കുകയായിരുന്ന എസ്. ജയചന്ദ്രൻ നായരെ പ്രഥമ എഡിറ്ററാക്കി മലയാള പത്രപ്രവർത്തനലോകത്ത് അത്ഭുതം കാണിക്കാൻ നിലമൊരുക്കിയത് എം.പി നാരായണപിള്ളയും റ്റി.ജെ.എസ് ജോർജും ചേർന്നാണ്. അന്ന് അവർ തമ്മിൽ നടത്തിയ കത്തിടപാടുകളിൽ ഒന്നിങ്ങനെ. എം.പി. നാരായണപിള്ള റ്റി.ജെ.എസ്സിന് എഴുതിയ കത്താണിത്.

Image of S Jayachandran Nair
എസ്. ജയചന്ദ്രന്‍ നായര്‍ Samakalika Malayalam

ശ്രീ ടി.ജെ.എസ്. ജോർജ്

ബാംഗളൂർ

05.03.96

സ്‌ത്രൈണമായ പേരുകൾ വാരികയ്ക്ക് പൈങ്കിളി ഭാവം കൊടുക്കും. പാടില്ല

ശരാശരി വായനക്കാരന്റെ ആദ്യത്തെ സംശയം - നടക്കുമോ മുടങ്ങുമോ എന്നതാണ്. ആ ക്രെഡിബിലിറ്റി പേരിൽ ഉണ്ടാക്കിയാൽ ഒരു കടമ്പ കടന്നു. Options വായിക്കുക.

1. ഇന്ത്യൻ എക്‌സ്‌പ്രസ്

മലയാള വാരിക

2. സ്റ്റെർലിംഗ്

മലയാള വാരിക

ഇതു രണ്ടും മലയാളനാടും കിട്ടിയില്ലെങ്കിൽ പ്രയോഗിക്കാം.

ജയചന്ദ്രൻ നായർ:-

ഫസ്റ്റ്ക്ലാസ് എഡിറ്റർ. പക്ഷേ, കുതന്ത്രം അറിയില്ല. അയാളെ പത്രാധിപരായി വയ്ക്കുമ്പോൾ ഭരണപരമായ കുതന്ത്രമാവശ്യമുള്ള കാര്യങ്ങൾ ഏല്പിക്കരുത്. മദ്ധ്യതിരുവിതാംകൂർ നസ്രാണിയായ നിങ്ങൾ മലബാറുകാരുടെ ഭാഷയിൽ ജാത്യാ കള്ളനാണല്ലോ. നിങ്ങൾ ഏൽക്കണം.

അതിൽ തന്നെ hiring & firing policy.

കേരളത്തിന്റെ ശാപം ‘ശുപാർശയാണ്.’ വീഴരുത്. നമ്മളൊക്കെ വയസന്മാരായതുകൊണ്ട് പത്രാധിപർ കഴിഞ്ഞാൽ താഴെ 22 വയസ്സിലധികമാകാത്ത കുട്ടികളുടെ ടീം ആണാവശ്യം. പന്ത്രണ്ടുമണിക്കൂർ ജോലി ചെയ്യുന്ന Asian Age-ലെ പോലുള്ള team. ‘Trainee’ എന്ന നിലയിൽ എത്ര വേണമെങ്കിലും കേരളത്തിൽ കിട്ടും - എഴുതാനറിയാവുന്നവർ. നമ്മുടെയൊക്കെ വാർദ്ധക്യത്തിന്റെ പോരായ്മ അവരുടെ യൗവ്വനം തീർത്തോളും.

യുദ്ധം:-

ഏതെങ്കിലുമൊരു വിഷയത്തിൽ ഭാഗം പിടിച്ച് യുദ്ധം ചെയ്യുന്ന പത്രം ‘സ്വന്തം’ എന്നു പറഞ്ഞ് വാങ്ങുന്ന ശീലം മലയാളികൾക്കുണ്ട്. യുദ്ധം നിരന്തരം - പഴയ നൂറ്റാണ്ടുയുദ്ധം പോലെ - ആകുമ്പോൾ മുടങ്ങാതെ വാങ്ങുന്ന ശീലം വന്നോളും. ശരിയും തെറ്റും സത്യം പറഞ്ഞാൽ അപ്രസക്തമാണ്. (ഇടതുയുദ്ധമാണ് വേണ്ടത് - നേരത്തെ പറഞ്ഞപോലെ)

തോന്നുന്നതപ്പോൾ എഴുതിവിടുന്നു. ശേഷം പിന്നാലെ

സ്വന്തം

നാണപ്പൻ

ഈ കത്താണ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ കുടുംബത്തിൽനിന്നും സമകാലിക മലയാളം വാരിക പിറന്നതിന്റെ ആരംഭം. എസ്. ജയചന്ദ്രൻ നായർ പത്രാധിപരായി വാരിക ആരംഭിച്ചു. ജയചന്ദ്രൻ നായർക്കൊപ്പം പ്രൊഫസർ എം. കൃഷ്‌ണൻ നായരും ആർട്ടിസ്റ്റ് നമ്പൂതിരിയും വാരികയിൽ എത്തി. പുതിയൊരു ചരിത്രത്തിന് തുടക്കമായി. അന്നു മുതൽ റ്റി.ജെ.എസ് ജോർജ് എന്ന ആംഗലേയ പത്രപ്രവർത്തകൻ മലയാള പത്രപ്രവർത്തനത്തിന്റെകൂടി ഭാഗമായി. ഇടയ്ക്ക് ബാംഗ്ലൂരിൽനിന്ന് അദ്ദേഹം കൊച്ചിയിൽ മലയാളം വാരികയിൽ എത്തും. ജയചന്ദ്രൻ നായർക്കൊപ്പം കൂടുതൽ സമയം സംസാരിച്ചിരിക്കും. അദ്ദേഹം മാത്രം ഉപയോഗിച്ചിരുന്ന റ്റൈപ്പ് റൈറ്റർ അകത്തളത്തിൽനിന്നും പ്രത്യക്ഷപ്പെടും. അതിൽ ആ ലക്കം പോയിന്റ് ഓഫ് വ്യൂ എന്ന കോളം റ്റൈപ്പ് ചെയ്യും. മറ്റു ലേഖനങ്ങളും. മൂന്നാലു ദിവസത്തെ സന്ദർശനത്തിനു ശേഷം മടങ്ങും. ഘോഷയാത്ര എന്ന എക്കാലത്തേയും മികച്ച പുസ്തകം പുറത്തുവരുന്നതിനു മുൻപേ വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. നീണ്ട നാൾ ആംഗലഭാഷയിൽ പത്രപ്രവർത്തനം നടത്തുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്തിരുന്ന റ്റി.ജെ.എസ് ജോർജിന് മലയാളത്തിൽ എഴുതുവാൻ കഴിയുമോ എന്ന സംശയം അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മലയാളത്തിൽ മനോഹരമായ കയ്യക്ഷരത്തിൽ ഓരോ ലക്കവും എഴുതി അയയ്ക്കാൻ തുടങ്ങി. തെളിനീരൊഴുക്കിന്റെ സുഖമുള്ള എഴുത്ത്. അതുമാത്രല്ല, ഓരോ ലക്കത്തിനും നൽകേണ്ട ചിത്രങ്ങളും പിന്നാലെ വരും. ഓരോ ചിത്രവും എവിടെ വയ്ക്കണമെന്നും അടിക്കുറിപ്പുകൾ എന്തായിരിക്കണമെന്നും അദ്ദേഹം കൃത്യമായി എഴുതും. മാത്രമല്ല, ചില ലക്കങ്ങള്‍ക്ക് ഇലസ്‌ട്രേഷനുകളുമുണ്ടാകും. ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങളും മലയാറ്റൂരിന്റേയും അബു ഏബ്രഹാമിന്റേയുമൊക്കെ ചിത്രങ്ങൾ അതിനൊപ്പം ചേർക്കും. പൂർണതയോടെ എങ്ങനെയാണ് ഒരു സൃഷ്ടി വായനക്കാരിലേക്കെത്തിക്കുന്നത് എന്ന് അദ്ദേഹം കാണിച്ചുതരികയായിരുന്നു. എത്രയോ ലേഖനങ്ങൾ, കുറിപ്പുകൾ സമകാലിക മലയാളം വാരികയിലൂടെ പുറത്തുവന്നു.

Image of MP Narayanapillai
എം.പി. നാരായണപിള്ളസമകാലിക മലയാളം

എസ്. ജയചന്ദ്രൻ നായർ പടിയിറങ്ങിയതിനുശേഷം സമകാലിക മലയാളത്തില്‍ സംഭവിച്ച താല്‍ക്കാലിക പ്രതിസന്ധി തരണം ചെയ്തത് റ്റി.ജെ.എസ്സിന്റെ ശ്രദ്ധാപൂർവമായ ഇടപെടൽകൊണ്ടായിരുന്നു. വാരികയുടെ കെട്ടും മട്ടും ആകെ മാറ്റി വാരികയുടെ ഉള്ളടക്കത്തിൽ വരെ മാറ്റത്തിന് ആ ഇടപെടൽ കാരണമായി. പേജ് രൂപകല്പനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ അച്ചടിക്കേണ്ട സൃഷ്ടികൾ തെരഞ്ഞെടുക്കുമ്പോൾ വരെ പാലിക്കേണ്ട ഔചിത്യത്തെപ്പറ്റി വരെ അദ്ദേഹം പറഞ്ഞുതന്നു. വായനക്കാരെ മുന്നിൽ കണ്ടാകണം വാരിക തയ്യാറാക്കേണ്ടതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. വായനക്കാർക്ക് താല്പര്യമില്ലാത്തത് പ്രസിദ്ധീകരിക്കാൻ തയ്യാറാകരുതെന്നും അങ്ങനെയെങ്കിൽ നമ്മുടെ സ്ഥാനം ചവറ്റുകൊട്ടയിലാകുമെന്നും അദ്ദേഹം നിരന്തരം സൂചിപ്പിച്ചു. മലയാളം വാരികയിൽ എത്തുമ്പോഴൊക്ക അദ്ദേഹം സംസാരിക്കാൻ കൂടുതൽ സമയം ചെലവഴിച്ചതും വാരികയുടെ ഉള്ളടക്കം എന്തായിരിക്കണം എന്നതായിരുന്നു. വാരികയുടെ കവർചിത്രം മുതൽ അവസാന പേജുവരെ എന്തൊക്കെ നൽകണമെന്നും അദ്ദേഹത്തിന് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു. അത് പങ്കുവയ്ക്കുകയും അതിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തുകയും ചെയ്യും. ഒരു മാസത്തെ കവർസ്റ്റോറി ഉൾപ്പെടെ മുൻകൂട്ടി തയ്യാറാക്കിവയ്ക്കുന്ന ദൗത്യവും അദ്ദേഹം പത്രാധിപ സമിതിയെ ഏല്പിച്ചിരുന്നു. മലയാളം വാരിക സമകാലികമാണെന്നും അതുകൊണ്ടുതന്നെ സമകാലികമായ വാർത്തകളും അതിന്റെ വിശകലനങ്ങളും ഓരോ ലക്കവും നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർബന്ധം പുലർത്തി. സാഹിത്യവും സാംസ്‌കാരികവുമായ ഉള്ളടക്കത്തെ എഴുത്തിന്റെ കാണാപ്പുറങ്ങൾ എന്ന ഭാഗം സൃഷ്ടിച്ച് വാരികയുടെ പേജുകളെ രണ്ടായി തിരിച്ചു. എഴുത്തിന്റെ കാണാപ്പുറങ്ങൾ എന്ന ഭാഗം വാരികയുടെ തുടക്കക്കാലം മുതൽക്കുണ്ടായിരുന്നു.

..................................................

മികച്ച എഴുത്തുകളല്ലാത്തവ മുൻനിര എഴുത്തുകാർ തന്നാൽ എന്തുചെയ്യണം എന്ന ഞങ്ങളുടെ ചോദ്യത്തിന് അത് ദാക്ഷിണ്യമില്ലാതെ ഒഴിവാക്കണം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. റ്റി.ജെ.എസ്സിന്റെ നിർദേശം പലപ്പോഴും പാലിക്കേണ്ടിവന്നതിനാൽ ചില എഴുത്തുകാർ പരാതിയുമായി അദ്ദേഹത്തിനടുത്ത് എത്തിയിരുന്നു. അവരോട് വാരികയുടെ പത്രാധിപസമിതിയുടെ തീരുമാനമാണ് എന്റെയും തീരുമാനമെന്ന് അദ്ദേഹം ഉറച്ച മറുപടി നൽകിയത് ഇപ്പോൾ ഓർക്കുന്നു. രാഷ്ട്രീയ ജീവിതത്തിൽ സംശുദ്ധി എന്നൊന്നുണ്ടെന്നും അത് പാലിക്കാത്തവരെ, അഴിമതിക്കാരെ നമ്മൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം നിരന്തരം പറയുമായിരുന്നു. ഓരോ മാസത്തേയും കണ്ടന്റ് ചാർട്ട് തയ്യാറാക്കുമ്പോൾ അഭിമുഖപട്ടികയിൽ ഇടം നേടുന്ന ചില രാഷ്ട്രീയക്കാരുടെ പേരുകൾ ഒഴിവാക്കാൻ അദ്ദേഹം പറയുമായിരുന്നു. അവരുടെ അഴിമതിക്കറപുരണ്ട ജീവിതപശ്ചാത്തലം കണ്ടിട്ടാകും അദ്ദേഹമത് പറയുന്നത്. ചിലപ്പോൾ വിശദീകരണം മതിയാകാതെവന്നാൽ കൂടുതൽ വിശദീകരണവുമായി നീണ്ട കുറിപ്പ് പത്രാധിപസമിതിക്ക് നൽകും. അതിൽ പത്രപ്രവർത്തകന്റെ ധാർമികത സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതാകണം എന്നദ്ദേഹം നിരന്തരം പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ സ്വയം സത്യസന്ധരാകണം, മാധ്യമപ്രവർത്തകരും.

..................................................................

തന്റെ ചുറ്റുമുള്ള സംഭവങ്ങളെ സൂക്ഷ‌്മമായി നിരീക്ഷിക്കാൻ അദ്ദേഹം കാണിച്ചിരുന്ന താല്പര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. എറണാകുളത്ത് എത്തിയാൽ സ്ഥിരം സൗഹൃദങ്ങളെ സന്ദർശിക്കുന്നതിനു പുറമേ പത്രത്തിൽ നോക്കി നഗരത്തിൽ എന്തെങ്കിലും പരിപാടികളുണ്ടായാൽ അത് കാണാനും കേള്‍ക്കാനുമായി അദ്ദേഹം പോയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീ സമരം നടന്ന വഞ്ചിസ്‌ക്വയറിൽ ഒരു കാഴ്ചക്കാരനായി പോയി മണിക്കൂറുകൾ നിന്നത് ഞാൻ ഓർക്കുന്നു. പലപ്പോഴും എറണാകുളത്തെത്തിയാൽ ഇത്തരം വേദികൾ കണ്ടുപിടിച്ച് അവിടെ പോയി നിന്ന എത്ര അനുഭവങ്ങൾ. ചിലപ്പോൾ അദ്ദേഹം പത്രത്തിനെഴുതുന്ന കോളത്തിൽ ഈ അനുഭവങ്ങള്‍ കടന്നുവന്നിരുന്നു.

........................................

Image of publishing ceremony of malayalam Weekly
മലയാളം വാരികയുടെ തുടക്കം Samakalika Malayalam

റ്റി.ജെ.എസ്. ജോർജ് പത്രപ്രവർത്തനം ആരംഭിച്ച കാലത്തുനിന്നും സാങ്കേതികവിദ്യ അതിദൂരം മുന്നോട്ടുപോയ കാലത്ത് അദ്ദേഹം അത് എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നത് കൗതുകത്തോടെ ഞങ്ങൾ നോക്കിയിരുന്നു. വാരിക ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന റ്റൈപ്പ്റൈറ്റർ അധികം താമസിയാതെ കംപ്യൂട്ടറിന്റെ കീ-ബോർഡിനു വഴിമാറിയത് നേരിട്ടുകണ്ട ഞങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്. തൊണ്ണൂറ് പിന്നിട്ട അദ്ദേഹം കംപ്യൂട്ടറിന്റെ കീബോര്‍ഡുകളിൽ റ്റൈപ്പ് ചെയ്യാൻ പഠിച്ചതും റ്റൈപ്പ് ചെയ്ത ഫയലുകൾ സേവ് ചെയ്യാൻ പഠിച്ചതുമൊക്കെ പ്രായം തൊണ്ണൂറ് കടന്നപ്പോഴാണ്. തനിക്ക് അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ചുതരാൻ തന്നെക്കാൾ പ്രായം കുറഞ്ഞ ജേർണലിസ്റ്റുകളോടോ ഡിസൈനർമാരോടോ യാതൊരു മടിയും കൂടാതെ ആവശ്യപ്പെടുമായിരുന്നു. അവരത് സന്തോഷപൂർവം ചെയ്തുകൊടുക്കുകയും ചെയ്യും. നവമാധ്യമങ്ങൾ വന്നപ്പോൾ അതിനെപ്പറ്റിയും ചോദ്യങ്ങളായി. താമസിയാതെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും റ്റി.ജെ.എസ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പുതിയ കാലത്ത് അദ്ദേഹവും മാറാൻ തയ്യാറായി. അതിന് ദൃക്‌സാക്ഷിയാകാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ലല്ലോ.

...................................................

വാരിക എന്നത് അടുത്തലക്കം ചവറ്റുകുട്ടയിലേക്കോ ശിവകാശി പടക്കനിർമാണക്കമ്പനിയിലേക്ക് തൂക്കി വിൽക്കപ്പെടേണ്ടതോ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിന് എല്ലാക്കാലത്തും ഒരു റഫറൻസ് സ്വഭാവമുണ്ടായിരിക്കണം എന്നദ്ദേഹം വിശ്വസിച്ചു, നിരന്തരം അത് പറഞ്ഞു. അതിന്റെ ഭാഗമായിരുന്നു 2000 വർഷത്തിൽ അദ്ദേഹം മുൻകയ്യെടുത്തു പുറത്തിറക്കിയ നൂറ്റാണ്ട് പതിപ്പ്. പിന്നിട്ട നൂറ്റാണ്ടിലെ പ്രധാനപ്പെട്ട വ്യക്തി ആരാകണം എന്ന ചോദ്യമുയർത്തിയാണ് അന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മഹാത്മാഗാന്ധി എന്ന ഉത്തരത്തിനൊപ്പം അദ്ദേഹത്തിന്റെ മുഖചിത്രമാണ് ആ പതിപ്പിന് നൽകിയത്. കേരളത്തിന്റെ രാഷ്ട്രീയരംഗത്തെ, സാംസ്‌കാരിക രംഗത്തെ, സാഹിത്യ രംഗത്തെ, വിദ്യാഭ്യാസരംഗത്തെ എല്ലാ മാറ്റങ്ങളേയും സമഗ്രമായി വിശദമാക്കുന്ന ഒരു പതിപ്പായിരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശത്തോടെ പത്രാധിപരായിരുന്ന ജയചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ വലിയ യജ്ഞമാണ് നടന്നത്. സാമ്പത്തികമായി അത്ര മെച്ചമൊന്നുമായിരുന്നില്ലെങ്കിലും അത് വലിയ വിജയമായിരുന്നു. പരസ്യം തീരെ ഇല്ലാതെ അഞ്ഞൂറു പേജുവരുന്ന ആ വലിയ സ്വപ്‌നം പൂർത്തിയായത് റ്റി.ജെ.എസ് ജോർജിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. കേരളത്തിന്റെ ജീവിതത്തെ സ്വാധീനിച്ച നൂറു മലയാളികൾ ആരൊക്കെയാണ് എന്ന അദ്ദേഹത്തിന്റെ അന്വേഷണമാണ് നൂറു മലയാളികൾ എന്ന പംക്തി തുടങ്ങാൻ കാരണമായത്. അതിനായി പലപ്പോഴും ഞങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടിയിരുന്നു. നൂറു പേരുകൾ കണ്ടെത്തുക എന്നത് നിസ്സാരമായിരുന്നില്ല. അതിലും ചില പ്രാതിനിധ്യസ്വഭാവംകൂടി പരിഗണിക്കേണ്ടതായി വന്നു. ഇതായിരുന്നു ആദ്യഘട്ടം. പിന്നീട് നൂറുപേരുടേയും ചിത്രങ്ങള്‍ തയ്യാറാക്കി. പിന്നീട് ആ നൂറുപേരുടേയും സംഭാവനകളെക്കുറിച്ച് എഴുതണം. ഏതായാലും രണ്ടരവർഷം നീണ്ട ആ പംക്തി ചരിത്രത്തിന്റെ ഭാഗമായി. അത് പിന്നീട് പുസ്തകരൂപത്തിൽ തയ്യാറാക്കാനും അദ്ദേഹം മുന്നിട്ടുനിന്നു.

.........................................................

കോവിഡ് കാലത്തിനുശേഷം അദ്ദേഹം കേരളത്തിലേക്കു വന്നില്ല. പ്രത്യേകിച്ച് എറണാകുളത്ത്. വാരികയുമായുള്ള ബന്ധം പിന്നീട് മൊബൈൽ ഫോണിലായി. കാലപ്രവാഹത്തിൽ പലരും ലോകത്തുനിന്ന് വിടവാങ്ങി. പത്രാധിപരായിരുന്ന എസ്.ജയചന്ദ്രൻ നായർ ജനുവരി 2 ന് ലോകത്തോട് വിടപറഞ്ഞു. യാദൃശ്ചികം എന്നവണ്ണം അതേദിവസം റ്റി.ജെ.എസ് ജോര്ജിന്റെ പത്‌നി അമ്മു വിടപറഞ്ഞു. ഇരട്ടപ്രഹരമായിരുന്നു അത്. അമ്മു ജോർജിന്റെ മരണം റ്റി.ജെ.എസിനെ തളർത്തിക്കളഞ്ഞു. അന്നുമതൽ അദ്ദേഹവും ഉള്ളാലെ യാത്രയ്ക്ക് ഒരുക്കം തുടങ്ങിയിരുന്നു. മാസങ്ങൾക്കു മുൻപ് ബംഗളുരുവിലെ ബെൻസൻ ക്രോസ് റോഡിലെ മംഗല്യ റസിഡൻസിയിൽ വച്ച് കാണുമ്പോൾ അല്പം ക്ഷീണിതനായിരുന്നു. സർ എങ്ങനെയുണ്ട് എന്നു ചോദിച്ചപ്പോൾ അല്പം വാർദ്ധക്യം അനുഭവപ്പെടുന്നുണ്ട്. അത് എങ്ങനെ സംഭവിച്ചു എന്നറിയില്ല എന്നാണ് ചിരിച്ചുകൊണ്ടു മറുപടിയായി പറഞ്ഞത്. അന്ന് യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്നു കരുതിയില്ല

Farewell to TJS with official honors
റ്റി.ജെ.എസിന് ഔദ്യോഗിക ബഹുമതികളോടെ വിടപറഞ്ഞപ്പോള്‍Samakalika Malayalam

വീണ്ടും ഈ കുറിപ്പ് തുടങ്ങിയ ഇടത്തേക്ക് മടങ്ങുന്നു. ബംഗളുരു-ഹൈദരബാദ് ദേശീയ പാതയോരത്തെ ആ വൈദ്യുതശ്മശാനത്തിൽനിന്നും ഒരു നൂറ്റാണ്ട് പൂർത്തിയാകാൻ മൂന്നു വർഷം മാത്രമുള്ളപ്പോൾ ചരിത്രമായി മാറിയ ആ വലിയ മനുഷ്യന്റെ ഭൗതികശരീരവും തീനാളങ്ങൾ ഏറ്റുവാങ്ങിയശേഷം അവിടെ കൂടിയിരുന്നവർ പുറത്തേക്കിറങ്ങി. എല്ലാവരിലും കടുത്ത മൗനവും മനസ്സിൽ ശൂന്യതയും. ഇങ്ങനെയൊരാൾ ഇനി എന്ന് എന്നൊരു ചോദ്യം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com