സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു: വെള്ളിത്തിരയിലെ തിരയിളക്കം

ചെറ്റ പൊക്കുന്ന ചെറ്റത്തരം പണ്ട് തമ്പുരാക്കന്മാരുടെ വിനോദമായിരുന്നു. കതകിലെ തട്ടും മുട്ടുമായി ആ വിനോദം സിനിമയില്‍ നിലനില്‍ക്കുന്നുവെന്നാണ് ഹേമ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു: വെള്ളിത്തിരയിലെ തിരയിളക്കം
Updated on
3 min read

ദ്യനടിയെ ആക്രമിച്ച് നാടുകടത്തിയ ചരിത്രമുള്ള മലയാള സിനിമ ശതാബ്ദിയിലെത്തുമ്പോഴും നടിമാരെ കൈകാര്യം ചെയ്യുന്നത് അങ്ങനെത്തന്നെയാണെന്ന വസ്തുതയുടെ സ്ഥിരീകരണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. റോസി വിസ്മൃതിയിലേയ്ക്ക് ഓടി മറഞ്ഞത് ജാതിഭ്രാന്തന്മാരില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയായിരുന്നെങ്കില്‍ ഇന്നു കാമഭ്രാന്തന്മാരില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയാണ് നടിമാര്‍ ഉഴറുന്നത്. പേരുകള്‍ അറിയുന്നതിനുള്ള ക്ഷുദ്രതാല്‍പ്പര്യത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് മാധ്യമങ്ങളും പൊതുസമൂഹവും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ആവശ്യപ്പെടുന്നതെന്ന് ആക്ഷേപിക്കാമെങ്കിലും പരസ്യപ്പെടുത്തലും അതുവഴിയുള്ള നാണംകെടുത്തലും ചിലപ്പോള്‍ ചില കാര്യങ്ങള്‍ക്കു പ്രതിവിധിയാകും. ഒറ്റപ്പെട്ട മഴയെന്നത് കാലാവസ്ഥാപ്രവചനത്തിലെ ഭാഷയാണ്. ഒറ്റപ്പെട്ടതായാലും വ്യാപകമായാലും മഴ മഴതന്നെയാണ്. ചിലപ്പോള്‍ മഹാപ്രളയത്തിനും ഒറ്റപ്പെട്ട മഴ കാരണമാകും. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിക്കുമ്പോള്‍ മേഖലയാകെ അപമാനിതമാകുന്നുവെന്നു പരാതിപ്പെടരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതിനുള്ള ശ്രദ്ധയും ജാഗ്രതയും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ സംഘടനകള്‍ക്കും ഉണ്ടാകണമായിരുന്നു. സംഭവങ്ങള്‍ക്ക് ആവര്‍ത്തനസ്വഭാവമുള്ളതിനാല്‍ ഒറ്റപ്പെട്ടതെന്നു പറഞ്ഞു ലഘൂകരിക്കാനുമാവില്ല.

ചെറ്റ പൊക്കുന്ന ചെറ്റത്തരം പണ്ട് തമ്പുരാക്കന്മാരുടെ വിനോദമായിരുന്നു. കതകിലെ തട്ടും മുട്ടുമായി ആ വിനോദം സിനിമയില്‍ നിലനില്‍ക്കുന്നുവെന്നാണ് ഹേമ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. കളിത്തോഴന്‍ കിളിവാതിലില്‍ മുട്ടുമ്പോള്‍ കിളിയോ കാറ്റോ എന്നു സന്ദേഹിക്കുന്ന തരളചിത്തയായ കന്യകയല്ല സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ നടിമാര്‍. മുട്ടിയാലുടന്‍ തുറക്കപ്പെടുന്ന വാതിലല്ല അവരുടേത്. പക്ഷേ, തുറക്കാത്ത വാതില്‍ അവരെ തള്ളിവിടുന്നത് പെരുവഴിയിലേക്കാണ്. ഒരു വഴി അടയുമ്പോള്‍ പല വഴി തുറക്കപ്പെടുന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന സൗഭാഗ്യമല്ല. റോസിയെപ്പോലെ തിരിച്ചുവരവില്ലാതെ വിപ്രവാസത്തിലും വിസ്മൃതിയിലും മറയുന്നവര്‍ നിരവധിയാണ്. ഹേമ കമ്മിറ്റിയുടെ മുന്‍പാകെ മൊഴി നല്‍കിയവരില്‍ എത്ര പേര്‍ ഇന്നു സിനിമയിലുണ്ടെന്ന കാര്യവും കൗതുകത്തിനുവേണ്ടി അന്വേഷിക്കാവുന്നതാണ്.

രക്തസാക്ഷികള്‍ പലരെ സൃഷ്ടിച്ചിട്ടുള്ള അഭിശപ്തമായ ഈ പാരമ്പര്യത്തില്‍നിന്നും പൈതൃകത്തില്‍നിന്നും മലയാള സിനിമയെ വിമുക്തമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ട്. ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, നായിക എന്നിങ്ങനെ സ്വയംവിമര്‍ശനപരമായ സിനിമകള്‍തന്നെ ഇറങ്ങിയിട്ടുണ്ട്. ആത്മപരിശോധനയ്ക്ക് സഹായകമാകുന്ന സോദ്ദേശ്യപരമായ ശ്രമമായി അവയെ കണ്ടാല്‍ത്തന്നെ തിരുത്തല്‍ സംഭവിക്കുന്നില്ല എന്നതിനു തെളിവാണ് നടിയുടെ നേര്‍ക്കുണ്ടായ ആക്രമണവും അതിനെത്തുടര്‍ന്ന് രൂപീകൃതമായ ഹേമ കമ്മിറ്റിയുടെ അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങളും.

കമ്മിറ്റിയായാലും കമ്മിഷനായാലും താല്‍ക്കാലിക ശമനത്തിനുവേണ്ടി നടത്തപ്പെടുന്ന അന്വേഷണങ്ങള്‍ പ്രശ്‌നപരിഹാരത്തിനു സഹായകമാകുന്നില്ല. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ കൊച്ചിയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു എന്നറിയില്ല. നാലു വര്‍ഷവും 2.73 കോടി രൂപയും ചെലവഴിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മംഗളം ടെലിവിഷന്റെ ഉദ്ഘാടനക്കണി മന്ത്രിക്കു കെണിയായപ്പോള്‍ നിയോഗിക്കപ്പെട്ട ആന്റണി കമ്മിഷന്റെ അവസ്ഥയും ഇതുതന്നെ. നാല് വര്‍ഷത്തെ പൊടിതട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെടുത്തത് വിവരാവകാശ കമ്മിഷന്‍ മുതല്‍ ഹൈക്കോടതി വരെയുള്ള സ്ഥാപനങ്ങളുടെ ഇടപെടലും മാധ്യമങ്ങളുടെ ജാഗ്രതയും വിഷയത്തിന്റെ സെന്‍സേഷണല്‍ സ്വഭാവവും നിമിത്തമാണ്. എന്നിട്ടും പേരുകള്‍ മറച്ചുവയ്ക്കുന്നതിനുള്ള ശ്രമവും പരസ്യമാക്കപ്പെടുന്ന പേരുകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമവും നമ്മെ വിസ്മയപ്പെടുത്തുന്നു.

സ്ത്രീയില്ലാതെ സിനിമയില്ല. അമ്മയായും അമ്മായിഅമ്മയായും ഭാര്യയായും കാമുകിയായും സ്ത്രീ പുരുഷനോടൊപ്പം ചേര്‍ന്നുനില്‍ക്കണം. പക്ഷേ, ആത്മാഭിമാനത്തോടെ സുരക്ഷിതമായി സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇടമായി സിനിമയുടെ അണിയറ മാറിയിരിക്കുന്നു. ഏതു സമയത്തും ഒരു ട്രാജിക് ട്വിസ്റ്റ് സംഭവിക്കാം. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് മര്‍ലിന്‍ മണ്‍റോയുടെ മരണം സംഭവിച്ചത്. ലോകത്തെ മുഴുവന്‍ ദുഃഖത്തിലും ആശങ്കയിലും ആഴ്ത്തിയ ദാരുണ സംഭവമായിരുന്നു അത്. മലയാളത്തിന്റെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെട്ടിരുന്ന വിജയശ്രീയുടെ മരണം സമാനമായ ആഘാതമാണ് കേരളത്തില്‍ സൃഷ്ടിച്ചത്. 1974-ല്‍ സംഭവിച്ച വിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ശോഭ, സ്മിത തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതയും മാറിയിട്ടില്ല. ഇവരെല്ലാം സൂപ്പര്‍സ്റ്റാര്‍ പദവിയുള്ള നടിമാരായിരുന്നു.

സിനിമയുടെ ഗ്ലാമര്‍ സ്ത്രീകളിലാണെങ്കിലും തീര്‍ത്തും പുരുഷകേന്ദ്രീകൃതവും പുരുഷാധിപത്യം നിലനില്‍ക്കുന്നതുമായ മേഖലയാണ് സിനിമ. ക്യാമറയില്‍ പതിയുന്നതെല്ലാം സിനിമാക്കാരുടെ ഭാഷയില്‍ പ്രോപ്പര്‍ട്ടിയാണ്. ഷൂട്ടിങ് കഴിയുന്നതുവരെ പ്രോപ്പര്‍ട്ടി അവരുടെ അധീനതയിലായിരിക്കും. സ്ത്രീകളെ കേവലം പ്രോപ്പര്‍ട്ടി മാത്രമായി കാണുന്ന പ്രാകൃതമായ സാമൂഹിക ചിന്തയില്‍നിന്നു സിനിമാലോകം ഇനിയും മുക്തമായിട്ടില്ല. സിനിമയുടെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കുന്ന ഒരുകാലം ഉണ്ടാകുകയെന്നതാണ് ഒരു പ്രതിവിധി. ഇന്ത്യയിലെ ചലച്ചിത്ര സംവിധായകരില്‍ ഒന്‍പത് ശതമാനം മാത്രമാണ് സ്ത്രീകള്‍. സിനിമയ്ക്കുവേണ്ടി എഴുതുന്നവരില്‍ 12 ശതമാനമാണ് സ്ത്രീകള്‍. നിര്‍മ്മാതാക്കളുടെ കണക്കെടുത്താല്‍ 15 ശതമാനമാണ് സ്ത്രീകള്‍. തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തില്‍ സ്ത്രീസാന്നിധ്യം പരിതാപകരമായ രീതിയില്‍ പരിമിതമാണ്. മാഫിയ സംഘമെന്നോ പവര്‍ ഗ്രൂപ്പെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കുന്നതിനു ശതമാനക്കണക്കിലെ വര്‍ദ്ധന മതിയാകുമോ എന്നത് മറ്റൊരു കാര്യം.

2017-ല്‍ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം രൂപീകൃതമായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയും ശാരദയും കെ.ബി. വത്സലകുമാരിയും അംഗങ്ങളുമായി കമ്മിറ്റി രൂപീകൃതമായത്. 2019 ഡിസംബര്‍ 31-നു നല്‍കപ്പെട്ട റിപ്പോര്‍ട്ട് അഞ്ചു വര്‍ഷം വൈകി പുറത്തുവന്നതിനുശേഷവും കമ്മിറ്റിയും കമ്മിഷനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വ്യാപരിച്ച കേരള സമൂഹത്തിന്റെ മനോനില പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. എഫ്.ഐ.ആറും ഇന്‍വെസ്റ്റിഗേഷനും പ്രോസിക്യൂഷനും ഒക്കെ വരട്ടെ. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം ഉള്‍പ്പെടെ ഫിലിം സെറ്റുകളില്‍ അവശ്യം വേണ്ടതായ കാര്യങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. പ്രണയരംഗങ്ങളില്‍ ആടിപ്പാടി അഭിനയിക്കുന്ന നമ്മുടെ പ്രിയനടിമാര്‍ തലേന്നു രാത്രി പേടിസ്വപ്നമായി മാറിയ നടനൊപ്പമോ സംവിധായകനൊപ്പമോ പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റാതെയാണ് അഭിനയിക്കുന്നതെന്നറിയുമ്പോള്‍ അവരുടെ സമര്‍പ്പിതമായ ജീവിതത്തിനു മുന്നില്‍ നമിക്കാതിരിക്കാനാവില്ല.

നിരവധി പേജുകളും ഒട്ടേറെ ഖണ്ഡികകളും മറച്ചുവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ടിന്റെ വൈകിയ പ്രകാശനം നടന്നത്. തെളിവ് നല്‍കിയവരുടെ ഐഡന്റിറ്റിയും ബന്ധപ്പെട്ടവരുടെ സ്വകാര്യതയും സംരക്ഷിക്കണമെന്ന വാദമുണ്ട്. ഇതെല്ലാം സംരക്ഷിച്ചുകൊണ്ടാണ് നമ്മുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. വിവേചനവും ചൂഷണവും അനുവദിക്കാത്തതും വ്യക്തിയുടെ അന്തസ്സിനു പരമപ്രാധാന്യം നല്‍കുന്നതുമായ ഭരണഘടനയാണ് നമുക്കുള്ളത്. ഭരണഘടനയിലെ അക്ഷരത്തിനും ഭരണഘടനയുടെ ആത്മാവിനും ക്ഷതമേല്‍ക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇനി തുറന്നു പറച്ചിലുകളുടേയും വെളിപ്പെടുത്തലുകളുടേയും കാലമാണ്. ശുദ്ധീകരണത്തിന്റേയും നവീകരണത്തിന്റേയും കാലം. മലയാളത്തിന്റെ മി ടൂ ഘട്ടം. ശുദ്ധീകരണം അല്‍പ്പകാലത്തെ സ്തംഭനത്തിനു കാരണമായേക്കാം. സിനിമ കൂടുതല്‍ ഊര്‍ജ്ജിതമായി അതിനെ അതിജീവിക്കും. സര്‍വ്വശക്തനായ ഹാര്‍വി വീന്‍സ്റ്റീനിനെതിരെ തുടങ്ങി പിന്നീട് ഹോളിവുഡ്ഡില്‍ കത്തിപ്പടര്‍ന്ന മി ടൂ ഹോളിവുഡ്ഡിനെ ചാമ്പലാക്കുകയല്ല, പുതുനാമ്പുകള്‍ നല്‍കി ശക്തിപ്പെടുത്തുകയാണ് ചെയ്തത്. വീഴ്ച തുടങ്ങിയാല്‍ വീഴ്ചയുടെ പരമ്പരയായിരിക്കും. അതാണ് ഡൊമിനോ ഇഫക്ട്. വീഴേണ്ടവര്‍ വീഴുകയോ വീഴ്ത്തപ്പെടുകയോ വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com