

പഴയനിയമവും പുതിയനിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. പഴയതിനെ അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് താൻ വന്നതെന്ന് യേശു പറഞ്ഞു. പഴയതിനെ അസാധുവാക്കിക്കൊണ്ടാണ് ഇന്ത്യയുടെ പാർലമെന്റ് പുതിയ മൂന്ന് നിയമങ്ങൾ ആപല്‍ക്കരമായ വേഗതയിൽ പാസ്സാക്കിയെടുത്തത്. പാർലമെന്ററി നിയമനിർമ്മാണത്തിന്റെ ചിട്ടകളും മര്യാദകളും പാലിക്കാതേയും പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത് പുറത്തു നിർത്തിക്കൊണ്ടും പൗരസമൂഹത്തിന്റെ അനുദിന ജീവിതത്തേയും വ്യാപാരങ്ങളേയും മൗലികമായി ബാധിക്കുന്ന മൂന്നു നിയമങ്ങൾ പാസ്സാക്കിയെടുത്ത അമിത് ഷായുടെ കരകൗശലം ശ്ലാഘനീയമാണെങ്കിലും അതിൽ അന്തർഭവിച്ചിരിക്കുന്ന അപകടം വലുതാണ്. റിപ്പബ്ലിക് 75-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും കൊളോണിയൽ നിർമ്മിതിയായ നിയമങ്ങൾ നിലനിർത്തുന്നത് അപമാനകരമാണെന്ന് പ്രത്യക്ഷത്തിൽ ന്യായമെന്നു തോന്നുന്ന കാരണം മാത്രമാണ് അനവധാനതയിൽ നിർമ്മിക്കപ്പെട്ട നിയമങ്ങൾക്കു ന്യായീകരണമായി അമിത് ഷാ പറഞ്ഞത്. ഈ ന്യായം വസ്തുതാവിരുദ്ധമാണ്. നവനീതമായ നിയമത്രയത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ക്രിമിനൽ നടപടിക്രമം. 1898-ലെ സി.ആർ.പി.സി റദ്ദാക്കിക്കൊണ്ട് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ പാർലമെന്റ് 1973-ൽ പാസ്സാക്കിയ സി.ആർ.പി.സിയാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. അതെങ്ങനെ കൊളോണിയൽ നിയമമാകും? ഭേദഗതിയിലൂടെ നവീകരണവും പൂർത്തീകരണവും സാധ്യമാണെന്നിരിക്കെ പൊളിച്ചെഴുത്തിന്റെ പിന്നിലെ കാരണങ്ങൾ ദുരൂഹമായി അവശേഷിക്കുന്നു.
ഏകാത്മക സമീപനത്തിൽ എല്ലാം ഒന്നാക്കി മാറ്റുന്ന നരേന്ദ്ര മോദി സമാന്തരമായി രണ്ട് ക്രിമിനൽ സംഹിതകളാണ് പ്രാബല്യത്തിലാക്കിയിരിക്കുന്നത്. 2024 ജൂൺ 30 വരെ സംഭവിച്ചതിനെല്ലാം ബാധകമാകുന്നത് പഴയനിയമമാണ്. മൂന്നു കോടി പഴയ കേസുകളാണ് ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇന്നത്തെ വേഗതയിൽ ഇവ തീർപ്പാക്കുന്നതിന് 320 വർഷം വേണ്ടിവരുമെന്നു കണക്കുകൂട്ടി പറഞ്ഞത് ആന്ധ്രപ്രദേശിലെ ജസ്റ്റിസ് വി.വി. റാവുവാണ്. അനന്തകാലം രണ്ടു നിയമങ്ങളും ഒരുമിച്ച് നീതിപാലകരും ന്യായാധിപന്മാരും കൈകാര്യം ചെയ്യേണ്ടിവരുമെന്നർത്ഥം. പഴയ നിയമത്തിൽ വ്യുല്പത്തി നേടിയിട്ടില്ലാത്തവർക്കു പുതിയ നിയമത്തിൽ ഹരിശ്രീ കുറിക്കാം. കൊളോണിയൽ നിയമമെന്നു പരിഹസിക്കുമ്പോഴും മെക്കാളെയുടെ നിയമത്തിലെ ഫിലോസഫി ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. അതാകട്ടെ, നമ്മുടെ ഭരണഘടനയുടെ ചൈതന്യവുമായി യോജിച്ച് പോകുന്നതാണ്. വധശിക്ഷയ്ക്ക് ആധാരമാകുന്ന സാഹചര്യങ്ങളും അതിൽനിന്നു മുക്തി ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളും എത്ര വ്യക്തതയോടെയാണ് മെക്കാളെയുടെ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കുക. മാനവികതയുടെ സർഗ്ഗാത്മകതയിലാണ് കൊളോണിയൽ ശിക്ഷാനിയമം രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ നീതിബോധമുണ്ട്; മനുഷ്യത്വമുണ്ട്.
പഴയതിനെ പുതിയ കുപ്പിയിൽ അവതരിപ്പിക്കണമെന്നോ പുതിയതിനെ പഴയ കുപ്പിയിൽ അവതരിപ്പിക്കണമെന്നോ പറയുന്നില്ല. നിലനിർത്തേണ്ടതിനെ നിലനിർത്തിക്കൊണ്ടു വേണമായിരുന്നു നിയമനിർമ്മാണം നടത്തേണ്ടിയിരുന്നത്. കൊളോണിയൽ കുറ്റങ്ങളും ശിക്ഷയും അതേപടിയും കൂടുതൽ കഠിനമായും നിലനിർത്തുമ്പോൾ അവ ഭരണഘടനയുടെ ചൈതന്യത്തിന് അനുസൃതമല്ലാതാകുന്നു. വധശിക്ഷ ആഗോളവ്യാപകമായി അപ്രസക്തമായിക്കൊണ്ടിരിക്കെ നമ്മൾ അതു നിലനിർത്തുകയും കൂടുതൽ കുറ്റങ്ങൾക്ക് ബാധകമാക്കുകയും ചെയ്തിരിക്കുന്നു. ജനാധിപത്യത്തിന്റെ പ്രാണവായുവായ സംസാരത്തിനു വിഘാതമാകുന്ന രാജ്യദ്രോഹക്കുറ്റം കുറേക്കൂടി വിപുലമാക്കി നിലനിർത്തിയിരിക്കുന്നു. കൊളോണിയൽ മൃദുസമീപനത്തിനു പകരം യു.എ.പി.എ എന്ന കച്ചറ നിയമത്തിന്റെ നിലവാരത്തിലേക്ക് നാം ശിക്ഷാനിയമത്തെ അധഃപതിപ്പിച്ചിരിക്കുന്നു. വിവരിക്കപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ യാതൊന്നും കുറ്റമല്ലെന്ന മെക്കാളെയുടെ സമീപനത്തിനു വിരുദ്ധമാണ് പുതിയനിയമങ്ങൾ. എല്ലാം ശിക്ഷാർഹമാകുമ്പോൾ സംസാരവും പ്രവൃത്തിയും നിയന്ത്രിതമാകുന്നു. ജനാധിപത്യത്തിന് അനുഗുണമല്ലാത്ത ഓർവീലിയൻ ഭീതികളുടെ പുനർജനിയാണ് പുതിയ നിയമങ്ങൾ. പഴയനിയമത്തെ അസാധുവാക്കുന്നുവെന്ന നാട്യത്തിൽ പുതിയ നിയമം പഴുതുകളടച്ച് പഴയനിയമത്തെ ഭരണകൂടത്തിന്റെ ദണ്ഡനോപകരണമാക്കിയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം അലംഘനീയമായ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടനയെ അവഗണിച്ചുകൊണ്ട് കുറ്റപത്രമില്ലാതെ ഒരാളെ ജയിലിൽ ഇടാവുന്ന കാലം അറുപതിൽനിന്ന് 90 ദിവസമായി ഉയർത്തിയിരിക്കുന്നു. സ്‌കോട്‌ലൻഡിൽ ഇത് കേവലം ആറു മണിക്കൂറാണ്.
ഉപയോഗമില്ലാത്ത നിയമങ്ങൾ ഉപേക്ഷിക്കുകയും ഇതരനിയമങ്ങൾ കാലാനുസൃതം നവീകരിക്കുകയും ചെയ്യുകയെന്നത് നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാണ്. ആ പ്രവർത്തനത്തിനു വെളിച്ചമായി ഒരു ഫിലോസഫി ഉണ്ടായിരിക്കും. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പുകൾ നീക്കം ചെയ്യേണ്ടത് ഭരണഘടന അനാവരണം ചെയ്യുന്ന മനുഷ്യാവകാശ സംസ്‌കൃതിയുടെ വെളിച്ചത്തിലായിരിക്കണം. നിർഭാഗ്യവശാൽ അതിന്റെ അഭാവത്തിലാണ് പുതിയ നിയമങ്ങൾ ഉണ്ടായിരിക്കുന്നത്. വധശിക്ഷയുടേയും രാജ്യദ്രോഹത്തിന്റേയും വ്യാപ്തിയിലുണ്ടായ വർദ്ധനതന്നെ ഉദാഹരണം. 152-ൽ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് 124എ ഒഴിവാക്കിയെന്ന് അമിത് ഷാ അവകാശപ്പെട്ടത്. രാജ്യത്തിനെതിരെയുള്ള പ്രവർത്തനമല്ല, ഭരണകൂടത്തിനെതിരെയുള്ള വിമർശനമാണ് 124എ അനുസരിച്ച് കുറ്റകരമായ പ്രവൃത്തി. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ഐക്യത്തേയും വെല്ലുവിളിക്കുന്നതും വകുപ്പ് 152 പ്രകാരം കുറ്റകരമാണ്. പുതുകാലത്ത് ഈ വാക്കുകൾ പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നത് എങ്ങനെയെന്നു നാം കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യം നിയമനിർമ്മാണത്തിൽ ലോകത്തിനു മാതൃകയാകേണ്ടതാണ്. നിയമങ്ങളിലെ ജനാധിപത്യവിരുദ്ധതയാണ് ജനാധിപത്യത്തിന്റെ ആഗോളസൂചികയിൽ ഇന്ത്യയുടെ സ്ഥാനത്തെ നിരന്തരം താഴ്ത്തുന്നത്.
നിയമനിർമ്മാണം ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. പുതിയ നിയമങ്ങളുടെ ടെക്സ്റ്റ് ഇംഗ്ലീഷിലും ശീർഷകം ഹിന്ദിയിലുമാണുള്ളത്. ഐ.പി.സി, സി.ആർ.പി.സി എന്നിങ്ങനെ ഏതു പാമരനും അനായാസം മനസ്സിലാക്കാനു പറയാനും കഴിഞ്ഞിരുന്ന പേരുകൾ ഇനിയങ്ങോട്ട് ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിങ്ങനെ സംസ്‌കൃതത്തിൽ പറയേണ്ടിവരും. എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യ അധിനിയമം എന്നു മാറ്റിപ്പറയണം. ശീലംകൊണ്ടും പ്രയോഗംകൊണ്ടും എന്തും പഠിച്ചെടുക്കാം. പക്ഷേ, വരാനിരിക്കുന്ന ചിലതിന്റെ സൂചന ഇതിൽ കാണേണ്ടിവരും. ഇന്ത്യ എന്ന പേരിനെ അപ്രസക്തമാക്കിക്കൊണ്ട് ഭാരതത്തിലേക്കും ഭാരതീയതയിലേക്കുമുള്ള പരിവർത്തനത്തിന്റെ സൂചനയാണത്. എല്ലാ സൂചനകളും ആപത്തിലേക്കാകണമെന്നില്ല. പക്ഷേ, സൂചനകൾ സൂക്ഷിക്കാനുള്ളതാണ്.
ചരിത്രത്തിൽ ശാശ്വതമായ ഇടം കണ്ടെത്തുന്നവരാണ് നിയമദാതാക്കൾ. മോശയും മനുവും മുതൽ ഹമ്മുറാബിയും മെക്കാളേയും വരെയുള്ളവർ അങ്ങനെയാണ്. ഹാഗിയ സോഫിയ നിർമ്മിച്ച് സോളമനെ പിന്നിലാക്കിയെന്ന് അഭിമാനിച്ച ജസ്റ്റീനിയനും വിജിഗീഷുവായ നെപ്പോളിയനും അവരുടെ നിയമസംഹിതകളുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. മഹത്ത്വവൽക്കരിക്കപ്പെടണമെന്ന് മോഹമുള്ള മോദിക്കും അത്തരം പദ്ധതികളുണ്ടാകാം. നാഗപ്പൂരിൽ തയ്യാറാക്കിയ ഭരണഘടനയുടെ കരട് മോദിയുടെ മേശപ്പുറത്തുണ്ട്. ക്രിമിനൽ നിയമങ്ങളുടെ മാതൃകയിൽ ഒരുനാൾ പുതിയ ഭരണഘടന നിർമ്മിച്ചെടുക്കാൻ മോദിക്കു കഴിയാതെ പോയത് ഭരണഘടനയുടെ ഉടമകളായ ജനങ്ങളുടെ ജാഗ്രത അവരുടെ അത്ഭുതകരമായ രാഷ്ട്രീയ വിവേകത്തിന്റെ രൂപത്തിൽ പ്രകാശിതമായതുകൊണ്ടാണ്. ഇന്ത്യ പരാജയപ്പെടുന്ന ജനാധിപത്യമാണെന്ന് ആർക്കും പറയാൻ കഴിയില്ല. നിർബ്ബാധം എന്ന തോന്നലോടെ പറക്കാമെങ്കിലും മോദിയെ നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോൾ താഴെ പ്രവർത്തിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
