

റാഞ്ചിയ ഹാള്‍ ടിക്കറ്റുമായി റാകിപ്പറന്ന പരുന്ത് പരീക്ഷയ്ക്കു മുന്‍പ് അതു തിരികെ നല്‍കിയത് ടെസ്റ്റിനെത്തിയ യുവതിക്ക് വലിയ ആശ്വാസത്തിനു കാരണമായെന്ന് പ്രത്യേകം പറയേണ്ടതില്ല. പരിശോധകന്റെ കയ്യില്‍നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടാല്‍ വീണ്ടും പരീക്ഷ നടത്തുന്നതുപോലെ ഹാള്‍ ടിക്കറ്റ് പരുന്ത് കൊണ്ടുപോയാല്‍ വീണ്ടും ടെസ്റ്റ് നടത്താന്‍ വ്യവസ്ഥയില്ല. പണ്ട് തന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട പ്രാവിന് അഭയം നല്‍കിയ ശിബി ചക്രവര്‍ത്തിയുടെ നല്ല മനസ്സ് പരുന്ത് ഓര്‍ത്തിട്ടുണ്ടാകും. കോടതിയുത്തരവനുസരിച്ച് മുദ്രവെച്ചടച്ച കടയുടെ കണ്ണാടിക്കൂട്ടില്‍ അകപ്പെട്ടുപോയ കുരുവിയെ മോചിപ്പിക്കാന്‍ അധികാരമുള്ള ജില്ലാ ജഡ്ജി 50 കിലോമീറ്റര്‍ കാറോടിച്ചാണ് കണ്ണൂരെത്തിയത്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന ഉത്തരവുമായി തലശ്ശേരിയില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ജഡ്ജി ഇപ്രകാരം യാത്ര ചെയ്തിട്ടുണ്ടാവില്ല. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ പൂച്ചയെ രക്ഷിക്കാന്‍ ചാടിയിറങ്ങി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ യുവാവിന്റെ കഥയും വായിച്ചു. ജീവനോടുള്ള ആദരവ് എന്ന മാനവികമായ ആശയം പ്രഘോഷിച്ചത് ആല്‍ബര്‍ട്ട് ഷൈ്വറ്റ്സറാണ്. ആദരണീയവും സംരക്ഷണം അര്‍ഹിക്കുന്നതുമായ ജീവിതം മനുഷ്യന്റേതു മാത്രമല്ല. മനുഷ്യനു മുന്‍പേ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളും അതിനു മുന്‍പേ സൃഷ്ടിക്കപ്പെട്ട പ്രകൃതിയും എല്ലാം സംരക്ഷണം അര്‍ഹിക്കുന്ന ജീവന്റെ ഉടമകളാണ്.
എല്ലാം സംരക്ഷണം അര്‍ഹിക്കുന്ന ജീവന്റെ ഉടമകളാണ്. ജീവന്റെ മൂല്യം അറിയാത്തവരാണ് സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നതും മറ്റുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതും. അടച്ചിടലിന്റെ കാലത്ത് പക്ഷികള്‍ക്കു വെള്ളം നല്‍കുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ഊരിപ്പിടിച്ച വാളുകളെക്കുറിച്ച സംസാരിക്കുന്ന പിണറായി വിജയനു ദയ എന്ന വികാരമുണ്ടെന്ന് അപ്പോള്‍ ജനം മനസ്സിലാക്കി. ആര്‍ത്തി അത്യാര്‍ത്തിയാകാതെ നോക്കുകയും ദയ സ്‌നേഹമാകുകയും ചെയ്യുമ്പോള്‍ സന്തുഷ്ടിയുണ്ടാകുന്നു. 'THE MINISTRY OF UTMOST HAPPINESS' എന്നാണ് അരുന്ധതി റോയിയുടെ ഒരു നോവലിന്റെ പേര്. സര്‍ക്കാര്‍തലത്തില്‍ ഉറപ്പ് വരുത്താന്‍ കഴിയുന്ന ഒന്നല്ല സന്തുഷ്ടി. അസന്തുഷ്ടി സര്‍ക്കാരിനു സൃഷ്ടിക്കാന്‍ കഴിയുന്ന ഒരിനമാണ്. ആശാപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അതു സമൃദ്ധമായി നല്‍കുന്നുണ്ട്. അസന്തുഷ്ടിക്കുവേണ്ടിയാണ് മന്ത്രാലയം സൃഷ്ടിക്കുന്നതെങ്കില്‍ അതിന്റെ ചുമതിയേല്‍പ്പിക്കാന്‍ പ്രാപ്തിയുള്ള പല മന്ത്രിമാരും നമുക്കുണ്ട്. കേന്ദ്രമന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇങ്ങനെ പറയുന്നത്. സംതൃപ്തിയില്‍നിന്നാണ് സന്തുഷ്ടി ഉണ്ടാകുന്നത്. സംതൃപ്തി എവ്വിധമുണ്ടാകുന്നുവെന്നു പറയാന്‍ കഴിയില്ല. സന്തുഷ്ടി ഓരോരുത്തര്‍ക്കും പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. ഔഷ് വിറ്റ്സിലെ നൃശംസതയുടെ കണക്ക് കണ്ടപ്പോഴായിരിക്കാം ഹിറ്റ്ലര്‍ക്ക് സന്തുഷ്ടിയുണ്ടായത്. ആ കണക്കില്‍ അദ്ദേഹം സംതൃപ്തനായിട്ടുണ്ടാവില്ല.
ഐക്യരാഷ്ട്രസഭയുടെ ഒരു അനുബന്ധ ഏജന്‍സി സന്തുഷ്ടിയുടെ ആഗോള സൂചിക എല്ലാ വര്‍ഷവും തയ്യാറാക്കുന്നുണ്ട്. ഫിന്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. 143 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം 126 ആണ്. സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമല്ലാത്തതിനാല്‍ സന്തുഷ്ടിയിലും അസന്തുഷ്ടിയിലും കേരളത്തിന്റെ സ്ഥാനം പറയാനാവില്ല. മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസ്വസ്ഥരും സ്വന്തം പോരായ്മകളില്‍ നിരാശരുമാണ് നമ്മള്‍. ചീഫ് സെക്രട്ടറി എന്ന സമുന്നത ബ്യൂറോക്രാറ്റിക് പദവിയിലിരിക്കുമ്പോഴും ചര്‍മത്തിന്റെ നിറം എന്ന അപ്രധാനമായ കാര്യം അസ്വാസ്ഥ്യത്തിനു കാരണമാകുന്നു. അപ്പോഴാണ് എന്റെ ഭാര്യയുടെ നിറം എന്തായിരുന്നുവെന്ന് ഞാന്‍ ആലോചിച്ചത്. സ്‌നേഹത്തിന്റെ നിറവില്‍ ശരീരത്തിന്റെ നിറം അപ്രസക്തമാകുന്നതുകൊണ്ടായിരിക്കാം അതു ശ്രദ്ധിക്കപ്പെടാതെ പോയത്. സ്‌നേഹത്തിന് ഒരു നിറമേയുള്ളൂ. അതു സ്‌നേഹത്തിന്റെ നിറമാണ്. കറുത്ത പെണ്ണും കാക്കക്കറുമ്പികളും വയലാറിന്റെ ഭാവനയില്‍ മാത്രമല്ല, നമ്മുടെ നോട്ടത്തിലും സൗന്ദര്യമുള്ളവരാണ്. നിറാന്ധത നേത്രത്തിന്റെ അപര്യാപ്തത മാത്രമല്ല, മനസ്സിന്റെ പോരായ്മ കൂടിയാണ്. അസന്തുഷ്ടിക്കു കാരണങ്ങള്‍ അന്വേഷിച്ചു നടക്കുന്ന സമൂഹത്തിലാണ് പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ വെടിഞ്ഞ സിജോ വേറിട്ട സ്മരണയ്ക്ക് അര്‍ഹനായത്. അപരന്റെ ജീവനുവേണ്ടി സ്വന്തം ജീവന്‍ വെടിയുന്നവനാണ് രക്തസാക്ഷിയെങ്കില്‍ അപരനില്‍ മറ്റു ജീവികളും ഉള്‍പ്പെടുമോ?
ചിരിയാണ് പ്രതിവിധിയെന്നു പറയാറുണ്ട്. നല്ല ഒരു ചിരിയില്‍ തീരാത്ത പ്രശ്‌നങ്ങളില്ല. പറയുമ്പോള്‍ എളുപ്പമാണെങ്കിലും അങ്ങനെ ചിരിച്ചു തള്ളാവുന്നതല്ല പ്രശ്‌നങ്ങള്‍ പലതും. ഒരു സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ പ്രസിഡന്റായി വന്നപ്പോഴാണ് യുക്രെയിനില്‍ യുദ്ധം തീരാത്ത വിലാപവും നൊമ്പരവുമായി മാറിയത്. ചിരിപ്പിക്കാന്‍ നോക്കിയാല്‍ ചിരിക്കണമെന്നില്ല. ദ് ഗ്രേറ്റ് ഡിക്റ്റേറ്ററിലൂടെ ഹിറ്റ്ലറെ ചിരിപ്പിക്കാന്‍ നോക്കിയ ചാര്‍ലി ചാപ്ലിന്‍ പരാജയപ്പെട്ടു. തന്നെ നോക്കി ചിരിച്ചവന്റെ തലയില്‍ ബോംബിടാനാണ് ഹിറ്റ്ലര്‍ കല്പിച്ചത്. കുനാല്‍ കമ്രയുടെ കോമഡി ഏകനാഥ് ഷിന്‍ഡെയ്ക്ക് അത്ര പിടിച്ചിട്ടില്ല. കോമഡിക്ക് മറുപടി യാതൊരു കോമഡിയുമില്ലാത്ത പൊലീസിന്റെ എഫ്.ഐ.ആര്‍ ആണ്. മദ്രാസ് ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ ബലത്തിലാണ് കൊമേഡിയന്‍ ജയിലില്‍ കയറാതെ നടക്കുന്നത്.
ഫലിതബോധത്തിന്റെ പാരമ്യത്തില്‍, അതോ അഭാവത്തിലോ? ആണ് ചരിത്രംപോലും തങ്ങളെ പരിഹസിക്കുന്നതായി ചിലര്‍ക്കു തോന്നുന്നത്. ദീര്‍ഘമായ ചരിത്രമുള്ള നമുക്ക് ഔറംഗസേബ് ഉള്‍പ്പെടെ എന്തും വിവാദത്തിനു വിഷയമാക്കാം. വിവാദങ്ങള്‍ ഒടുങ്ങിയാലും വിഷയദാരിദ്ര്യമുണ്ടാവില്ല. സംസ്‌കൃതം ആര്യഭാഷയാണോ ദ്രാവിഡഭാഷയാണോ എന്ന കാര്യത്തില്‍വരെ ഇപ്പോള്‍ തര്‍ക്കം നടക്കുന്നു. നാതിദീര്‍ഘ ചരിത്രം മാത്രമുള്ള അമേരിക്കയും ഇപ്പോള്‍ ഇന്ത്യയുടെ പാതയിലാണ്. ചരിത്രത്തെ ഋജുവും സരളവുമാക്കാനാണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നത്. അടിമത്തം? വര്‍ണവിവേചനം തുടങ്ങിയ കറുത്ത അധ്യായങ്ങള്‍ നീക്കി ചരിത്രത്തിനു ധവളിമ നല്‍കണം. ഇറക്കുമതിച്ചുങ്കമില്ലാതെ ഇന്ത്യയില്‍നിന്ന്? അതോ തിരിച്ചോ? ആശയങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ഫലമാണിത്. നിഷ്‌കളങ്കമായും സഹൃദയത്വത്തോടെയും ചരിത്രത്തെ കാണാന്‍ കഴിയണം. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ചരിത്രം ക്യാപ്സൂളിലാക്കി ഭൂമിയുടെ ആഴത്തില്‍ കുഴിച്ചിട്ടിരുന്നു. ജനതാ ഗവണ്‍മെന്റ് അത് മാന്തിയെടുത്ത് നശിപ്പിച്ചു. ഭാവിതലമുറയ്ക്ക് വിലപ്പെട്ട ഒരു ചരിത്രരേഖ നഷ്ടമായി. അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഷായുടെ റിപ്പോര്‍ട്ടിനും ഇതുതന്നെ സംഭവിച്ചു. കാശിക്കുപോയ കരിയിലയുടെ ഗതിയാണ് ചില കടലാസുകള്‍ക്കുള്ളത്. കാറ്റും മഴയും ഒരുമിച്ചുവന്നാല്‍ മണ്ണാങ്കട്ടയ്ക്കും സഹായിക്കാനാവില്ല.
ചിരിയുടെ പോരായ്മയില്‍ ലോകം ട്രംപിന്റെ മുഖംപോലെ ഗൗരവപൂര്‍ണമായി കൊണ്ടിരിക്കുമ്പോഴാണ് ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നത്. നിസ്സാരമായ ഒരു കടിയില്‍ വേടന്റെ ഉന്നം തെറ്റിച്ച് തന്റെ ജീവന്‍ രക്ഷിച്ച ഉറുമ്പിനു വെള്ളത്തില്‍ ഇലയിട്ടുകൊടുത്ത് നന്ദി പ്രകടിപ്പിച്ച കിളിയുടെ കഥപോലെ പലതും നമുക്ക് അര്‍ത്ഥരഹിതമായി തോന്നാം. ഇത്തരം ചെറിയ കാര്യങ്ങള്‍ ചേരുമ്പോഴാണ് വലിയ ലോകമുണ്ടാകുന്നത്. വലിയ സംവിധാനങ്ങള്‍ ഒരു അടയ്ക്കാക്കുരുവിക്കുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അതു സ്വാതന്ത്ര്യത്തിന്റെ ആകാശത്തേയ്ക്ക് പറന്നു. ആ കുഞ്ഞുകുരുവിയുടെ കൃതജ്ഞതയാണ് കാസര്‍കോട്ടെ പരുന്തിലൂടെ അശ്വതി അനുഭവിച്ചത്. നരഭോജിയായ കടുവയേയും കാട്ടിലേയ്ക്കയക്കുന്നതിനു മുന്‍പ് മുറിവില്‍ മരുന്നു വെച്ചുകൊടുക്കുന്ന കാരുണ്യത്തെയാണ് നമ്മള്‍ മനുഷ്യത്വം എന്നു വിളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates