മുസലീനിയുടെ ഫാസിസ്റ്റ് ഭരണത്തെ ടാഗോര്‍ വാഴ്ത്തിയോ?

കലാകാരനും ചിന്തകനും എന്ന നിലയില്‍ രവീന്ദ്രനാഥ ടാഗോര്‍ മഹാത്മാഗാന്ധിയിലൂടെയും ആധുനിക ഇന്ത്യയുടെ ശില്പികളിലൂടെയും അവരിലൂടെ രാജ്യത്തെ ബുദ്ധിജീവികളുടേയും കര്‍ഷകരുടേയും മേല്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല
മഹാകവി രവീന്ദ്രനാഥ ടാഗോര്‍
മഹാകവി രവീന്ദ്രനാഥ ടാഗോര്‍
Updated on
6 min read

1913 -ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയതോടെയാണ് ഇന്ത്യയുടെ മഹാകവി രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ ഗീതാഞ്ജലിയും അക്കാലത്തെ സാഹിത്യ പ്രവണതകള്‍ക്ക് അനുരോധമായി, പാശ്ചാത്യരുടെ സവിശേഷമായ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടാഗോര്‍ സാഹിത്യം പാശ്ചാത്യര്‍ക്ക് ഇന്നു പഥ്യമല്ല. ഇന്ത്യയില്‍ത്തന്നെ, പശ്ചിമബംഗാളിനു പുറത്തു വിശേഷിച്ചും ഗീതാഞ്ജലിയുടെ കര്‍ത്താവെന്ന നിലയില്‍ ടാഗോറിനെ വായിക്കുവാനും ഓര്‍ക്കാനും മാത്രമേ പലര്‍ക്കും താല്പര്യമുള്ളു. എന്നിരുന്നാലും കലാകാരനും ചിന്തകനും എന്ന നിലയില്‍ രവീന്ദ്രനാഥ ടാഗോര്‍ മഹാത്മാഗാന്ധിയിലൂടെയും ആധുനിക ഇന്ത്യയുടെ ശില്പികളിലൂടെയും അവരിലൂടെ രാജ്യത്തെ ബുദ്ധിജീവികളുടേയും കര്‍ഷകരുടേയും മേല്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. അപ്പോള്‍, ടാഗോര്‍ ഇക്കാലത്ത് പരിഗണനീയനാകുന്നുവെങ്കില്‍ അത് എന്തിന്റെയൊക്കെ പേരിലായിരിക്കണം?

കവി രവീന്ദ്രനാഥ ടാഗോറിന്റെ വിലയിടിച്ചു കാണിക്കുവാന്‍ തിടുക്കം കൂട്ടുന്ന ചിലര്‍, ഗീതാഞ്ജലിയെ ആദ്യം പ്രശംസിച്ച ഐറിഷ്-ഇംഗ്ലീഷ് കവി ഡബ്ല്യു.ബി. യേറ്റ്സ് പിന്നീടതിനെ തള്ളിപ്പറഞ്ഞുവെന്ന കാര്യം എടുത്തുപറയാറുണ്ട്. അതുപോലെത്തന്നെയാണ് അമേരിക്കന്‍ കവി എസ്രാ പൗണ്ടിനു ടാഗോറിനോട് ആദ്യം ഉണ്ടായിരുന്ന ആഭിമുഖ്യം പിന്നീടില്ലാതായി എന്ന അഭിപ്രായവും. ഈ വിമര്‍ശകര്‍ മറന്നുപോകുന്നത്, യേറ്റ്സും പൗണ്ടുമൊന്നും സാഹിത്യത്തിലെ അവസാനവാക്കല്ലെന്നും അവര്‍ക്കും അവരുടേതായ പോരായ്മകള്‍ പലതും ഉണ്ടെന്നുള്ള കാര്യമാണ്. യേറ്റ്സിന്റെ സാഹിത്യജീവിതത്തിലെ അവസാന ഘട്ടത്തില്‍ പിന്തിരിപ്പന്‍ ആശയങ്ങളാണ് കാണാനാകുക എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. എസ്രാ പൗണ്ടാകട്ടെ, ഇറ്റലിയില്‍ ഫാസിസത്തിന്റെ കുഴലൂത്തുകാരനാവുകയും ചെയ്തു.

ടാഗോറിന്റെ ശബ്ദം ഉയര്‍ന്നുകേട്ട ഒരു സംഭവം കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലുണ്ടായി. ബോംബെ സര്‍വ്വകലാശാലയുടെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഒരു നോവല്‍ വൈസ് ചാന്‍സലര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചതായിരുന്നു പശ്ചാത്തലം. 2010 ഒക്ടോബറിലായിരുന്നു ഇത്. റോഹിന്റണ്‍ മിസ്ട്രിയുടെ Such a Long Journey എന്ന നോവലാണ്, മറാഠികളെ ആക്ഷേപിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന്, ശിവസേനയുടെ വിദ്യാര്‍ത്ഥി വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് പാഠ്യപദ്ധതിയില്‍നിന്നു നീക്കം ചെയ്യപ്പെട്ടത്.

ഡബ്ല്യു.ബി. യേറ്റ്സ് ,എസ്രാ പൗണ്ട്
ഡബ്ല്യു.ബി. യേറ്റ്സ് ,എസ്രാ പൗണ്ട്

ടാഗോറിന്റെ രാഷ്ട്രീയം

തന്റെ നോവല്‍ ശരിക്കും വായിച്ചുനോക്കാതെയുള്ള സര്‍വ്വകലാശാലയുടെ നടപടി തികച്ചും അന്ധവും പ്രതിഷേധാര്‍ഹവുമാണെന്നു പറഞ്ഞുകൊണ്ട് പുറപ്പെടുവിച്ച തുറന്ന കത്തില്‍ വൈസ്ചാന്‍സലറും ശിവസേനയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതാവ് ആദിത്യ താക്കറേയും വല്ലതുമൊക്കെ വായിച്ചു പഠിക്കുന്നതു നന്നായിരിക്കുമെന്ന് മിസ്ട്രി ഉപദേശിച്ചു. ആ ഉപദേശത്തിലടങ്ങിയിരുന്ന ഉപഹാസം സാഹിത്യാസ്വാദകര്‍ക്കു നഷ്ടമായതുമില്ല! അവര്‍ക്കു വായിക്കുവാനായി അദ്ദേഹം നിര്‍ദ്ദേശിച്ച രണ്ടു പുസ്തകങ്ങള്‍ ഇവയായിരുന്നു. 1. ജോസഫ് കോണ്‍റാഡിന്റെ Heart of Darkness 2. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി. ആദ്യത്തേത് ഗര്‍ത്തത്തിനരികിലൂടെയുള്ള നടത്തം ആപല്‍ക്കരമാണെന്ന് ബോധ്യപ്പെടുത്തും. ഗര്‍ത്തത്തിലേക്കു നിപതിക്കാതെ പിന്തിരിയാന്‍ സഹായിച്ചെന്നുമിരിക്കും. രണ്ടാമത്തേത് അതിപ്രധാനം. പ്രത്യേകിച്ചും ഗീതാഞ്ജലിയിലെ 35-ാമത്തെ ഗീതം, ''എവിടെ മനസ്സ് ഭയരഹിതം, എവിടെ ശിരസ്സ് സമുന്നതം ഉയര്‍ന്നു

നില്‍പ്പൂ... ആ സ്വര്‍ഗ്ഗത്തിലേക്ക് താതാ എന്റെ നാട് ഉണര്‍ന്നിടട്ടെ.''

കാലാതിവര്‍ത്തിയായ ഒരു എഴുത്തുകാരന്‍ പ്രതിസന്ധികളില്‍ ഇടപെടുന്നത് ഇങ്ങനെയാണ്. ടാഗോറിന്റെ, ടാഗോര്‍ സാഹിത്യത്തിന്റെ അക്ഷയസാംഗത്യം നമ്മെ ബോധ്യപ്പെടുത്താന്‍ ഇങ്ങനെയൊക്കെ ഒരു സംഭവം മതിയാകും. കവി രവീന്ദ്രനാഥിന്റെ 150-ാം ജന്മവാര്‍ഷികം കേന്ദ്രസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയില്‍ ആഘോഷിച്ചപ്പോള്‍ ടാഗോറിനെ ഒന്നുകൂടി വിലയിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന അഭിപ്രായമായിരുന്നു അവിടെ മുഴങ്ങിക്കേട്ടത്. ദേശീയത, അന്തര്‍ദ്ദേശീയത, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പരിസ്ഥിതി വിജ്ഞാനം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ടാഗോറിനുണ്ടായിരുന്ന വീക്ഷണങ്ങളെപ്പറ്റി ധാരണയില്ലാത്തവരാണ് അദ്ദേഹത്തെ പുനരവലോകനം ചെയ്യണമെന്ന് പറയുന്നതെന്നു തദവസരത്തില്‍ തുറന്നടിച്ച ഒരേയൊരു ടാഗോര്‍ പണ്ഡിതന്‍ പ്രൊഫസര്‍ ശംഖ ഘോഷ് ആയിരുന്നു. ഈ വിഷയങ്ങളെ അധികരിച്ചുള്ള പ്രത്യേകമായ ഒരു ടാഗോര്‍പഠനത്തിനു സാധ്യത നിലനില്‍ക്കെത്തന്നെ, നമ്മെ സംബന്ധിച്ചിടത്തോളം ആ മഹാമനീഷിയുടെ കാതലായ മറ്റുചില നിലപാടുകളിലൂടെ കടന്നുപോകുന്നതാണ് പരമപ്രധാനം എന്നായിരുന്നു ശംഖ ഘോഷ് പറഞ്ഞത്. ടാഗോറിന്റെ എക്കാലത്തേയും പ്രസക്തിയെ കാച്ചിക്കുറുക്കിയ വാക്കുകളില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ടാഗോറിന് രാഷ്ട്രീയമില്ലായിരുന്നുവെന്നും ഉണ്ടായിരുന്നുവെങ്കില്‍ത്തന്നെ അത് അദ്ദേഹം നേരത്തെത്തന്നെ ഉപേക്ഷിച്ചുവെന്നുമുള്ള വാദവും പ്രബലമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ഭാഗമായ ബംഗാള്‍ വിഭജന(1905)ത്തിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോള്‍ ടാഗോര്‍ അതിനെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. ഇന്ത്യന്‍ ജനസമൂഹങ്ങളുടെ ഭരണ/നീതി സംവിധാനങ്ങളെ ആമൂലാഗ്രം അപഗ്രഥിക്കുന്ന 'സ്വദേശി സമാജ്' എന്ന പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ ദേശീയവികാരം ഉണര്‍ത്തുന്നതിനുവേണ്ടി ശിവജിയെക്കുറിച്ച് എഴുതിയ കവിത ലക്ഷ്യം കണ്ടു. ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം അനേകം പേര്‍ ചെവിക്കൊണ്ടു; പാലിച്ചു. എല്ലാവര്‍ക്കും പാടിനടക്കാനിതാ ഒരു കവി, ടാഗോര്‍ എന്ന നിലയിലായി കാര്യങ്ങള്‍. വിധിവൈപരീത്യമെന്നു പറയട്ടെ, 'സോനാര്‍ ബംഗ്ള' (സുവര്‍ണ ബംഗാള്‍) എന്ന പേരില്‍ ഇക്കാലത്ത് അദ്ദേഹമെഴുതിയ ഒരു ഗാനമാണ് പിന്നീട് ബംഗ്ലാദേശിന്റെ ദേശീയഗാനമായി മാറിയത്. ദേശീയത ഭ്രാന്തായി മാറുകയും അതിന്റെ പേരിലുള്ള സമരങ്ങള്‍ തുറന്ന അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമൊക്കെ നയിക്കുമെന്നും കണ്ടപ്പോഴാണ് കവി രവീന്ദ്രനാഥ് വഴിമാറി സഞ്ചരിച്ചത്.

റോഹിന്റണ്‍ മിസ്ട്രി
റോഹിന്റണ്‍ മിസ്ട്രി

(ഇടയ്ക്കു പറയട്ടെ, ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും ദേശീയഗാനങ്ങള്‍ രചിച്ച രവീന്ദ്രനാഥ ടാഗോര്‍ തന്നെയാണ് ശ്രീലങ്കയുടേയും ദേശീയഗാനം രചിച്ചതെന്ന് ബംഗ്ലാദേശി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഹാറൂണ്‍ ഹബീബ് 'ദി ഹിന്ദു' ദിനപത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ടാഗോര്‍ ബംഗാളിയിലെഴുതിയ നമ നമ ശ്രീലങ്ക മാതാ എന്ന ഗാനമാണ് അപ ശ്രീലങ്ക, നമ നമ നമ നമ മാതാ, സുന്ദര്‍ ശ്രീ ബൊറോണി എന്ന ഇന്നത്തെ ശ്രീലങ്കയുടെ ദേശീയഗാനം. 1938-ല്‍ ശാന്തിനികേതനില്‍ ടാഗോറിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്ന ആനന്ദ സമര്‍കുന്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് കവി അങ്ങനെ ഒരു ഗാനം രചിച്ചത്. 1940-ല്‍ ശ്രീലങ്കയിലേക്കു മടങ്ങിയ ആനന്ദ ആ ഗാനം സിംഹള ഭാഷയിലേക്കു തര്‍ജ്ജമ ചെയ്ത് ടാഗോറിന്റെ തന്നെ ഈണത്തില്‍ ചിട്ടപ്പെടുത്തുകയായിരുന്നുവത്രെ. ബംഗാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു കവി, കാസി നസ്റുല്‍ ഇസ്ലാം, വിഭജനത്തെത്തുടര്‍ന്ന് ബംഗ്ലാദേശിന്റെ ദേശീയ കവിയായി മാറി എന്നുള്ളതാണ് മറ്റൊരു വിശേഷം).

കവിയുടെ രാഷ്ട്രീയ വിശ്വാസങ്ങളും ഇടപെടലുകളും അതോടെ പോയ്മറഞ്ഞു എന്ന് ഇതിനര്‍ത്ഥമേയില്ല. അത് മറ്റു രീതികളില്‍ പ്രകാശിതങ്ങളാകാന്‍ തുടങ്ങി എന്നുമാത്രം. അമൃത് സറിലെ ജാലിയന്‍ വാലാ ബാഗില്‍ തടിച്ചുകുടിയ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികളെ ജനറല്‍ ഡയറിന്റെ പട്ടാളക്കാര്‍ നിഷ്ഠുരം കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച്, തനിക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ 'സര്‍' സ്ഥാനം ടാഗോര്‍ തിരികെ നല്‍കുകയുണ്ടായി(1919). 'സര്‍' പദവി തിരികെ നല്‍കിയ ടാഗോര്‍ 1920-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനു തീര്‍ത്തും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.

മഹാകവി രവീന്ദ്രനാഥ ടാഗോറിന്റേയും അദ്ദേഹം സ്ഥാപിച്ച ശാന്തിനികേതന്റേയും കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരി സീന്യോര്‍ മുസലീനി (Signor Mussolini) യുടെ സമ്മാനങ്ങളുമായി രണ്ട് ഇറ്റാലിയന്‍ പണ്ഡിതന്മാര്‍ ശാന്തിനികേതനില്‍ കവിയെ സന്ദര്‍ശിക്കാന്‍ വന്നു. ടാഗോര്‍ അതീവ സന്തുഷ്ടനായി. തന്റെ സ്ഥാപനം ശരിക്കും രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്നതു കണ്ട് മുസലീനിക്കു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ടാഗോര്‍ അദ്ദേഹത്തിനു കമ്പിസന്ദേശവും അയച്ചു. ഇറ്റലി സന്ദര്‍ശിക്കാനുള്ള മുസലീനിയുടെ ക്ഷണം

സീന്യോര്‍ മുസലീനി
സീന്യോര്‍ മുസലീനി

നിരസിക്കാന്‍ ടാഗോറിനു കഴിഞ്ഞില്ല. ഇറ്റലിയിലെത്തിയ രവീന്ദ്രനാഥ് തനിക്കു ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ ചില അനുകൂല പ്രഭാഷണങ്ങളും നടത്തി. എന്നാല്‍, താന്‍ പറഞ്ഞതില്‍ പൊടിപ്പും തൊങ്ങലുമൊക്കെ വച്ച വാര്‍ത്തകളായിരുന്നു ഇറ്റലിയിലെ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇറ്റാലിയന്‍ ഭാഷ തീരെ വശമില്ലാതിരുന്ന ടാഗോറിനോ അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ അതൊന്നും മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട്, റൊമേന്‍ റൊളാങിനെ (Romain Rolland) കണ്ടപ്പോള്‍ ഒരു ഫാസിസ്റ്റ് ഭരണത്തെ വാഴ്ത്തിയ ടാഗോറിനെ അദ്ദേഹം ശരിക്കും ശാസിക്കുകതന്നെ ചെയ്തു. അപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം ടാഗോറിനു മനസ്സിലാകുന്നത്. തന്റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ സത്യസ്ഥിതി വെളിപ്പെടുത്തിക്കൊണ്ടും ഫാസിസത്തെ നിരാകരിച്ചുകൊണ്ടും രവീന്ദ്രനാഥ ടാഗോര്‍ ഉടന്‍ തന്നെ 'ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനി'ല്‍ എഴുതുകയും ചെയ്തു.

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം കൊല്ലുന്ന കിരാതമായ വര്‍ഗ്ഗീയ കലാപത്തിനു രവീന്ദ്രനാഥ ടാഗോര്‍ ഒരിക്കല്‍ ദൃക്സാക്ഷിയായി. അതിന്റെ തിക്തതയില്‍നിന്നുകൊണ്ട് അദ്ദേഹം എഴുതി: ''പുറംപൂച്ചായ മതാത്മകതയെ മുഴുവന്‍ അഗ്‌നിക്കിരയാക്കിക്കൊണ്ട് ഇന്ത്യക്ക് ശരിക്കുള്ള മതത്തെ, നിരീശ്വരത്വത്തെയാണെങ്കില്‍പ്പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ പുനര്‍ജ്ജന്മം നേടും.'' മതത്തിന്റെ പേരിലുള്ള കാടത്തത്തെയാണ് ടാഗോര്‍ എതിര്‍ക്കുന്നതെന്നു വ്യക്തം. എല്ലാ മതങ്ങളുടേയും സാരാംശത്തില്‍ അഭിരമിക്കുവാന്‍ കഴിഞ്ഞ കവിക്ക് വിശ്വഭാരതിയില്‍ ഇസ്ലാമിക പഠനവിഭാഗം തുടങ്ങുന്നതിന് ഹൈദരാബാദിലെ നൈസാം സംഭാവനയായി നല്‍കിയ തുക സ്വീകരിക്കാന്‍ മടിയുണ്ടായില്ല. റസാ ഷാ പഹ് ലവിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഇറാനും പിന്നീട് ഇറാഖും സന്ദര്‍ശിച്ച അദ്ദേഹം തനിക്കു നാട്ടിന്‍പുറത്തുകാരനായ ഒരു അറബി (Bedouin) ആകണമെന്ന ആഗ്രഹം പോലും പ്രകടിപ്പിക്കുകയുണ്ടായി.

മഹാകവി രവീന്ദ്രനാഥ ടാഗോര്‍
'രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു'; സ്നേഹത്തിന്റെ മറുകര തേടിയ കാവ്യസഞ്ചാരി
രവീന്ദ്രനാഥ ടാഗോര്‍
രവീന്ദ്രനാഥ ടാഗോര്‍

മനുഷ്യന്റെ മതം

എന്ന ആശയം

മനുഷ്യന്റെ മതം എന്ന ആശയം രവീന്ദ്രനാഥ ടാഗോര്‍ ആദ്യമായി അവതരിപ്പിക്കുന്നത് 1930-ല്‍ ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ നടത്തിയ ഹിബര്‍ട് പ്രഭാഷണ പരമ്പരയിലാണ്. ഒരു കലാകാരന്റെ മതവും കവിയുടെ വിശ്വാസ പ്രഖ്യാപനവു(കുമ്പസാരവു)മായിരുന്നു ആ മതം. മറ്റുവിധത്തില്‍ പറഞ്ഞാല്‍, മനുഷ്യനിലുള്ള വിശ്വാസം അതായിരുന്നു ടാഗോറിന്റെ മതം. ''മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന മഹാപാപം ഞാന്‍ ഒരിക്കലും ചെയ്യില്ലെ''ന്ന് തന്റെ അവസാനത്തെ ജന്മദിന പ്രസംഗത്തിലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിശ്വമാനവികതയ്ക്കു വേണ്ടി വാദിക്കുക മാത്രമല്ല, വിശ്വമാനവനായി ജീവിക്കുകയും ചെയ്തു ടാഗോര്‍. തന്റെ കവിതയും സംഗീതവും ചിത്രങ്ങളും തത്ത്വചിന്തയുമൊക്കെയായി ലോകത്തിന്റെ എല്ലാ കോണുകളിലും ചെന്നെത്തി വിശ്വമാനവികതയുടെ സന്ദേശം വിളംബരം ചെയ്ത ഗുരുദേവ് എഴുതി: ''എല്ലാ ഇടുങ്ങിയ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്തേക്കു പോകാനും ബുദ്ധനും ക്രിസ്തുവും മുഹമ്മദും ഒന്നായിമാറുന്ന ഒരു ദിവസം മുമ്പില്‍ കാണാനും നമുക്ക് കഴിയണം.''

പാശ്ചാത്യരുടേയും ജപ്പാന്റേയും സങ്കുചിതവും സമരോദ്യുക്തവുമായ ദേശീയതയ്‌ക്കെതിരെ രവീന്ദ്രനാഥ ടാഗോര്‍ അന്നാടുകളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിനു മിത്രങ്ങളെക്കാള്‍ അധികം ശത്രുക്കളെയാണ് നേടിക്കൊടുത്തത്. പല ദേശീയതകളാണെങ്കിലും ഇന്ത്യ ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളുന്നു എന്നതിലും ഒരൊറ്റ ദേശീയതയാണെങ്കിലും യൂറോപ്യന്‍ നാടുകള്‍ പല രാഷ്ട്രങ്ങളായി ചിതറിയിരിക്കുന്നു എന്നതിലും ഉള്ള വിരുദ്ധഭാവങ്ങളെ ടാഗോര്‍ എടുത്തുകാട്ടി. ലോകത്തിനു യഥാര്‍ത്ഥത്തില്‍ വേണ്ടത് സംസ്‌കാരങ്ങളുടെ സമന്വയമാണെന്ന് കവി രവീന്ദ്രനാഥ് ഉറക്കെപ്പറഞ്ഞു; പാശ്ചാത്യവും പൗരസ്ത്യവുമായ ആദര്‍ശങ്ങളുടെ സമന്വയത്തെയാണ് സാംസ്‌കാരിക സമന്വയംകൊണ്ട് മഹാകവി ഉദ്ദേശിച്ചത്. ആഗോളഗ്രാമം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമായി ലോകം കൈപ്പിടിയിലൊതുങ്ങുംവിധം ചെറുതായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ടാഗോര്‍ മുമ്പോട്ടുവച്ച അന്താരാഷ്ട്രീയത (Internationalism) എന്നത്തെക്കാളും പ്രസക്തമായിരിക്കുന്നു. തീവ്രപക്ഷ ദേശീയതയോടുള്ള ടാഗോറിന്റെ എതിര്‍പ്പിനെ പാശ്ചാത്യരും മറ്റും അവഗണിച്ചതുപോലെ സാംസ്‌കാരിക സമന്വയത്തിലൂടെയുള്ള അദ്ദേഹത്തിന്റെ അന്താരാഷ്ട്രീയതയ്ക്ക് ഇന്ത്യയിലും സ്വീകാര്യത കിട്ടുകയുണ്ടായില്ല എന്ന സത്യം അവശേഷിക്കുന്നുവെങ്കിലും. പ്രകടമായ രാഷ്ട്രീയം ഉപേക്ഷിച്ച ടാഗോര്‍ പക്ഷേ, അതിന്റെ സ്ഥാനത്ത് ദേശാഭിമാനം സ്ഥാപിക്കുകയും അതിരുകളില്ലാത്തതാണ് തന്റെ ദേശീയതാ സങ്കല്പം എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുകയാണുണ്ടായത്. ഇതുതന്നെയാണ് ടാഗോര്‍ ഉയര്‍ത്തിപ്പിടിച്ച അന്താരാഷ്ട്രീയതയുടെ നങ്കൂരമായി വര്‍ത്തിച്ചത്. കുടുസ്സായ ഇടുങ്ങിയ ദേശീയതയില്‍ രണ്ടു വലിയ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന് അദ്ദേഹം കണ്ടു. ചരിത്രത്തില്‍ എവിടെയോ ഉള്ള ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്കു മടങ്ങിപ്പോകാനുള്ള ആഗ്രഹം ദേശാഭിമാന ഭ്രാന്ത് ബാധിച്ചവരെ ഒരു ഒഴിയാബാധപോലെ പിടികൂടുമെന്നതാണ് അതിലൊന്ന്. പാശ്ചാത്യമായിട്ടുള്ള (അന്യമായിട്ടുള്ള) എന്തിനേയും ആക്രമിക്കാനും അവഗണിച്ചുതള്ളാനുമുള്ള വാസനയാണ് രണ്ടാമത്തേത്. ദേശീയതയോ ദേശാഭിമാനമോ ഭ്രാന്തായി മാറുമ്പോള്‍ ഇതെല്ലാം സംഭവിക്കുമെന്ന് ഇന്ന് നമുക്ക് നന്നായി അറിയാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ചരിത്രം ആരുടെ ചരിത്രമാണ് എന്ന ചോദ്യത്തിന് ടാഗോര്‍ നല്‍കിയ അവിസ്മരണീയമായ ഒരു ഉത്തരമുണ്ട്: ''ഇന്ത്യക്കാരായ എല്ലാവരുടേയും ചരിത്രമാണ് ഇന്ത്യയുടെ ചരിത്രം'' എന്നതത്രെ അത്. ഭാരതീയ സംസ്‌കൃതിയുടെ പേരു പറഞ്ഞ് ഇന്ത്യന്‍ ദേശീയതയെ 'സാംസ്‌കാരിക ദേശീയത'യായി ചിത്രീകരിച്ച് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിനു തുരങ്കം വയ്ക്കുന്ന ചിലരുടെ ശബ്ദം ഉറക്കെ കേള്‍ക്കുന്ന കാലമാണിത്. ഗുപ്തരാജാക്കന്മാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയ കാലത്തെ 'സുവര്‍ണ്ണകാല'മെന്നു വിശേഷിപ്പിക്കുകയും ആ സുവര്‍ണ്ണകാലത്തെ സംബന്ധിച്ച ശ്രുതികള്‍ ഒരു ഒഴിയാബാധപോലെ കൊണ്ടുനടക്കുകയും ചെയ്യുന്നു അത്തരക്കാര്‍. ഇടുങ്ങിയ ദേശീയതാബോധത്തില്‍നിന്നുമാണ് ഇത്തരത്തിലുള്ള സുവര്‍ണ്ണയുഗഭ്രമം ഉടലെടുക്കുന്നതെന്ന് രവീന്ദ്രനാഥ ടാഗോര്‍ ചൂണ്ടിക്കാണിച്ചതിന്റെ പൊരുള്‍ നമുക്കിവിടെ ശരിക്കും തെളിഞ്ഞുകിട്ടുന്നു.

പാശ്ചാത്യരുടേയും ജപ്പാന്റേയും സങ്കുചിതവും സമരോദ്യുക്തവുമായ ദേശീയതയ്‌ക്കെതിരെ രവീന്ദ്രനാഥ ടാഗോര്‍ അന്നാടുകളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിനു മിത്രങ്ങളെക്കാള്‍ അധികം ശത്രുക്കളെയാണ് നേടിക്കൊടുത്തത്. പല ദേശീയതകളാണെങ്കിലും ഇന്ത്യ ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളുന്നു എന്നതിലും ഒരൊറ്റ ദേശീയതയാണെങ്കിലും യൂറോപ്യന്‍ നാടുകള്‍ പല രാഷ്ട്രങ്ങളായി ചിതറിയിരിക്കുന്നു എന്നതിലും ഉള്ള വിരുദ്ധഭാവങ്ങളെ ടാഗോര്‍ എടുത്തുകാട്ടി

ഗുപ്തന്മാരുടെ ഭരണകാലം വാസ്തവത്തില്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ സുവര്‍ണ്ണകാലത്തെയാണോ അടയാളപ്പെടുത്തുന്നത്? Early India: A Concise History (2004) എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രസിദ്ധ ചരിത്രകാരനായ ഡി. എന്‍. ഝാ ഗുപ്തന്മാരുടെ സുവര്‍ണ്ണകാലത്തെ പൊളിച്ചെഴുതിയിരിക്കുന്നത് ഇവിടെ ഉദ്ധരിക്കാന്‍ യോഗ്യമാണ്: ''ഗുപ്തന്മാരുടെ കാലത്താണ് കൃഷിയില്‍ അടിമസമ്പ്രദായം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അതാണ് കര്‍ഷകരെ സാമ്പത്തിക കെട്ടുപാടുകളില്‍ ചാടിച്ചത്. കലയിലും സാഹിത്യത്തിലുമൊക്കെ സ്ത്രീകളെ ആദര്‍ശവല്‍ക്കരിച്ചു കാണിച്ചുവെങ്കിലും സ്ത്രീകള്‍ വില്‍പ്പനചരക്കാകുന്നതും അവര്‍ പുരുഷാധിപത്യത്തിന്റെ കീഴില്‍ ജീവിക്കാന്‍ തുടങ്ങുന്നതും ഇക്കാലത്തായിരുന്നു. ജാതിവ്യത്യാസങ്ങളും ജാതിയുടെ പേരിലുള്ള കാര്‍ക്കശ്യങ്ങളും മുന്‍പത്തെക്കാളുമേറെ കടുപ്പമുള്ളതായിത്തീര്‍ന്നു. നിയമവും നീതിന്യായവ്യവസ്ഥയും ഉയര്‍ന്ന ജാതിക്കാര്‍ക്ക് അനുകൂലമാകുന്ന രീതിയിലായിരുന്നു. ജനങ്ങള്‍ സന്തുഷ്ടരായിരുന്നുവെന്ന് ഫാഹിയാന്‍ പറയുന്നു. ശരി, അക്കാലത്തെ കലയും സാഹിത്യവും വച്ച് പറയുവാന്‍ കഴിയുന്നത് ഉപരിവര്‍ഗ്ഗങ്ങളായിരുന്നു സന്തുഷ്ടരും അഭിവൃദ്ധി പ്രാപിച്ചവരുമെന്നാണ്. അവര്‍ സുഖത്തിലും സ്വാസ്ഥ്യത്തിലും ജീവിച്ചു. എന്നാല്‍, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ സ്ഥിതി അതായിരുന്നില്ല. ചണ്ഡാളരുടെ കഷ്ടസ്ഥിതിയെക്കുറിച്ച് ചീനനായ ആ തീര്‍ത്ഥാടകന്‍ തന്നെ പറയുന്നുണ്ട്. തൊട്ടുകൂടാത്തവരുടെ സ്ഥിതി അക്കാലത്ത് കൂടുതല്‍ വഷളാവുകയാണ് ചെയ്തിട്ടുള്ളത്. സാമൂഹികമായ സംഘര്‍ഷാവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിച്ചുനിര്‍ത്താന്‍ മതത്തെ ഒരു ഉപകരണമായി ഉപയോഗിച്ചു. ഉപരിവര്‍ഗ്ഗങ്ങള്‍ക്കു ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങളും 'സുവര്‍ണ്ണം' തന്നെയായിരുന്നു. എന്നാല്‍, ബഹുജനങ്ങള്‍ക്ക് അങ്ങനെയല്ലായിരുന്നു...'

നമ്മുടേയും അവരുടേയും സംസ്‌കാരങ്ങളിലുള്ള നല്ല വശങ്ങളുടെ സ്വാംശീകരണവും പ്രയോഗവുമാണ് സാംസ്‌കാരിക സമന്വയത്തിലുടെ ടാഗോര്‍ ലക്ഷ്യമിട്ടത്. ഒന്നു മറ്റൊന്നിനെ ഇല്ലാതാക്കലല്ല. പല സംസ്‌കാരങ്ങളുടെ, ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ അത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളമായി നടന്നിട്ടുണ്ട്. ആ പ്രക്രിയയെ ശരിയായ ദിശയില്‍ വഴിനടത്തുക മാത്രമാണ് നമുക്ക് ചെയ്യുവാനുള്ളത്. അതിനു സഹായകമാവുന്നേടത്തോളം ടാഗോറും അദ്ദേഹത്തിന്റ സാംഗത്യവും നമ്മോടൊപ്പം ഉണ്ടാകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com