

ഒരാളുടെ സംഭാവനകളെ കാലവും ചരിത്രവും ശരിയായി വിലയിരുത്തും എന്നുള്ളത് തെറ്റായ പ്രത്യാശയും ധാരണയുമാണ്. ചരിത്രത്തിന്റെ വിലയിരുത്തല്‍ എന്നതും കാലത്തിലൂടെയുള്ള അതിജീവനം എന്നതുമൊക്കെ പല സാമൂഹ്യഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചിലര്‍ സ്മരണകളില്‍നിന്നും അന്തര്‍ധാനം ചെയ്യുമ്പോള്‍, മറ്റു ചിലര്‍ മറവിയുടെ ഭൂമി പിളര്‍ന്ന് പുറത്തേയ്ക്കു വന്നേക്കാം. അന്തര്‍ധാനം ചെയ്തവര്‍ മോശക്കാരോ തൂണുപിളര്‍ന്ന് പ്രത്യക്ഷരാകുന്ന നരസിംഹമൂര്‍ത്തികള്‍ ശരിക്കാരോ ആകണമെന്നില്ല. പല കാലങ്ങളിലെ സാമൂഹ്യഘടകങ്ങളാണ് ഇവയെയൊക്കെ നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ ഈ വര്‍ത്തമാനകാലത്തില്‍ത്തന്നെ ആളുകളെ നാം വിലയിരുത്തിയേ മതിയാകൂ, അത് ഭൂത, ഭാവി നിരീക്ഷകര്‍ക്കു വിട്ടുകൊടുക്കരുത്.
എസ്. ജയചന്ദ്രന്‍ നായര്‍ എന്ന ജയന്‍ സാര്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ സാംസ്‌കാരിക പത്രാധിപന്മാരില്‍ ഒരാളായിരുന്നു. പത്രാധിപരുടെ കസേരയിലിരുന്ന് അദ്ദേഹം തന്റെ ഭാഷയിലെ പുതിയ വാഗ്ദാനങ്ങളെ ഉല്‍ക്കടമായ പങ്കാളിത്തത്തോടെ കണ്ടെത്തി. 1970-കളുടെ മദ്ധ്യം മുതലുള്ള മലയാളത്തിലെ സര്‍ഗ്ഗസാഹിത്യം അതിനു സാക്ഷ്യം പറയുന്നു. എന്നാല്‍, ആ പത്രാധിപരുടെ കസേരയ്ക്ക് ഒരു വിശേഷത ഉണ്ടായിരുന്നു. കസേരയുടെ ആശാരിപ്പണിയില്‍ അധികാരത്തിന്റെ ഒരു വീതുളിവീശല്‍ ഉള്ളതാണ്. ആഴവും പരപ്പുമുള്ള വായനാലോകവും ചോദ്യശാലികളായ ധീരരുമായുള്ള യൗവ്വനകാല ചങ്ങാത്തങ്ങളും എസ്. ജയചന്ദ്രന്‍ നായരില്‍ അരക്ഷിതത്വബോധം തെല്ലും തൊട്ടുതീണ്ടാത്ത ഒരു തുറന്ന മനസ്സ് ഉണ്ടാക്കിയിരുന്നു. ഒരു പുതിയ നാമ്പ് മുള പൊട്ടുമ്പോള്‍ 'ഇത് കൊള്ളാം' എന്നു കാലേകൂട്ടി തിരിച്ചറിയുന്ന കര്‍ഷകരില്ലേ, അതുപോലൊന്ന് ആ പത്രാധിപരില്‍ ബോധധാരയായി ഒഴുകി. ഏത് പകല്‍വെളിച്ചക്കീറാണ്, ഏത് തണലാണ് പുത്തന്‍ നാമ്പിനു വേണ്ടതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കസേരയുടെ സഹജഭാവമായ അധികാരത്തോട് അദ്ദേഹം നിര്‍മമത പുലര്‍ത്തി.
അദ്ദേഹം അന്തരിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ ആദരപ്പെരുമഴ അത്ഭുതപ്പെടുത്തുംവിധം ഉദാരവും വികാരമസൃണവുമായിരുന്നു. ഇത്രയേറെ ആളുകള്‍, കേരള സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, എല്ലാവരും എഴുത്തുകാര്‍ ആയിക്കൊള്ളണമെന്നില്ല, ജയന്‍ സാറിനോടുള്ള അവര്‍ക്കുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാടുകളെക്കുറിച്ചാണ് എഴുതിയിരുന്നത്. ഒന്നിലും ഔപചാരികമായ വിടപറയലെഴുത്തുകളുടെ ഭാവമായ വരള്‍ച്ച ഇല്ലായിരുന്നു എന്നതും ശ്രദ്ധിക്കണം.
ബാല്യത്തില്‍ തിരക്കേറിയ വഴികുറുകേ കടക്കുമ്പോള്‍ അച്ഛന്‍ കൈപിടിച്ചു നടത്തുമ്പോലെയായിരുന്നു ഞാന്‍ മലയാളം വാരികയില്‍ എഴുതിത്തുടങ്ങിയപ്പോള്‍ പത്രാധിപര്‍ എന്നെ വാത്സല്യബുദ്ധ്യാ സഹായിച്ചിരുന്നത്. അതെനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എഴുത്തില്‍ നിരുത്തരവാദിത്വം കാണിച്ചാല്‍ എത്രയോ തവണ ഫോണില്‍ എന്നെ ശകാരിച്ചിരുന്നു. ആ ശകാരഭാഷയില്‍ ''നീ നന്നാകാനാടോ ഞാന്‍ ഇതു പറയുന്നത്'' എന്ന സൗരഭം അന്തര്‍ഗതമായിരുന്നു.
അദ്ദേഹം ഈ ഭാഷയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ കേരള സമൂഹം എസ്. ജയചന്ദ്രന്‍ നായര്‍ അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ നല്‍കിയിരുന്നോ? ഇല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം വൃദ്ധനായ ഒരു ഒറ്റയാനെപ്പോലെ ജീവിതാന്ത്യത്തില്‍ പിന്‍വലിഞ്ഞു. ഈ കാടും പച്ചപ്പും പടര്‍പ്പുകളും ഒഴുക്കുകളും കഴിഞ്ഞ അരനൂറ്റാണ്ടിലെ തന്റെ വഴിത്താരയായിരുന്നു എന്നോര്‍ത്ത് അദ്ദേഹം താന്‍ എന്ന ഒറ്റമരത്തിന്റെ തണലില്‍ പിന്‍വലിഞ്ഞു നിന്നു.
ഈ ചെറിയ കുറിപ്പില്‍ അവസാനിക്കില്ല അദ്ദേഹത്തോടുള്ള കടപ്പാട്. ഒരക്ഷരം മലയാളത്തില്‍ എഴുതാന്‍ തുനിയുമ്പോള്‍ ആ വിരലുകള്‍ എന്റെ നിറുകയില്‍ തൊടും, എക്കാലത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates