കെ.എസ്. സേതുമാധവന്റെ രണ്ടാമത്തെ മലയാള ചിത്രമായിരുന്നു 1962-ല്‍ റിലീസ് ആയ 'കണ്ണും കരളും.' 1961 ഡിസംബറില്‍ 'ജ്ഞാനസുന്ദരി' എന്നൊരു മലയാള ചിത്രം അദ്ദേഹത്തിന്റേതായി പുറത്തുവന്നിരുന്നു. പഴയ ഒരു തമിഴ് ഭക്തിചിത്രത്തിന്റെ റീമേക്ക്. ശ്രദ്ധിക്കപ്പെടേണ്ടതായി എന്തെങ്കിലും പ്രത്യേകത ആ സിനിമയ്ക്കുള്ളതായി ആര്‍ക്കും തോന്നിയില്ല; ഒതുക്കവും ഒഴുക്കുമുള്ള ഒരു ആഖ്യാനശൈലി ആ ചിത്രം പിന്തുടര്‍ന്നിരുന്നു; തമിഴ് മൂലകൃതിയിലെ അതിഭാവുകത്വം കലര്‍ന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ മിതത്വം പാലിച്ചിരുന്നു എന്നിവയൊഴിച്ച്.
പക്ഷേ, 'കണ്ണും കരളും' എന്ന ചിത്രത്തിന്റെ സ്ഥിതി അതായിരുന്നില്ല. അന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും നല്ല മലയാള ചിത്രം 'കണ്ണും കരളും' ആണെന്നു പറഞ്ഞത് സാക്ഷാല്‍ കെ. ബാലകൃഷ്ണനാണ്. മറ്റൊരു പത്രാധിപരും ഗോപി കുഴൂര്‍ ആണെന്നാണ് ഓര്‍മ്മ -ബാലയണ്ണനെ ഇക്കാര്യത്തില്‍ നിരുപാധികം പിന്തുണച്ചു. ജീവിതനൗക മുതല്‍ക്കിങ്ങോട്ടുള്ള മലയാള സിനിമകള്‍ എല്ലാം കണ്ടിട്ടുണ്ടായിരുന്ന എനിക്കും 'കണ്ണും കരളും' അപൂര്‍വ്വമായ ഒരു ദൃശ്യാനുഭൂതി പ്രദാനം ചെയ്തതായി തോന്നി. അന്നത്തെ സ്ഥിതിയില്‍ അതു വാക്കുകളില്‍ വിവരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. പിന്നീട് അന്യഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടെ കുറെ അധികം സിനിമകള്‍ കാണുകയും കുറെ പുസ്തകങ്ങള്‍ വായിക്കുകയും കുറച്ചൊക്കെ ജീവിതാനുഭവങ്ങള്‍ നേടുകയും ചെയ്തുകഴിഞ്ഞ ഒരുകാലത്ത് എനിക്കു തോന്നി മലയാള സിനിമയില്‍ സമൂലമായ ഒരു മാറ്റത്തിനാണ് കണ്ണും കരളും തുടക്കം കുറിച്ചത് എന്ന്. തുടക്കം കുറിക്കുക മാത്രമല്ല, ആ വഴിയേ മലയാള സിനിമയെ മുന്‍പോട്ട് നയിക്കുകയും ചെയ്തു കെ. എസ്. സേതുമാധവന്‍ തന്റെ പിന്നീട് വന്ന ചിത്രങ്ങളിലൂടെ; അദ്ദേഹം വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കാന്‍ തയ്യാറായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലൂടെയും. ആ നിലയ്ക്ക് മലയാള സിനിമയുടെ സംക്രമപുരുഷന്‍ എന്ന് കെ.എസ്. സേതുമാധവനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ വിശ്വാസം. സേതുമാധവന്‍ വിടപറഞ്ഞു കഴിഞ്ഞ ഈ അവസരത്തില്‍ ആ മാറ്റങ്ങളെന്തൊക്കെയായിരുന്നു എന്നൊന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.
'കണ്ണും കരളും' ഒരു പ്രണയകഥയായിരുന്നില്ല. അന്നോളമുണ്ടായിട്ടുള്ള മലയാള സിനിമകളില്‍ ഒന്നോ രണ്ടോ പുരാണചിത്രങ്ങളൊഴിച്ച് മറ്റെല്ലാം പ്രണയകഥകളുടെ ചിത്രീകരണങ്ങളായിരുന്നു. 'കണ്ണും കരളും' കൈകാര്യം ചെയ്തതാവട്ടെ, എട്ടു വയസ്സായ ഒരു കുട്ടിയും അവനെ പ്രസവിക്കാത്ത അവന്റെ അമ്മയും തമ്മിലുള്ള ബന്ധത്തിലെ സങ്കീര്‍ണ്ണതകളും. ''അമ്മ മരിച്ച ഒരു കുട്ടിയോട് സ്‌നേഹം തോന്നുന്ന യുവതി, ആ കാരണം കൊണ്ടുതന്നെ അവളെ വിവാഹം കഴിക്കുന്ന അവന്റെ അച്ഛന്‍. അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുന്നു. സ്വാഭാവികമായും ചെറിയ കുട്ടിയിലാവുന്നു അമ്മയുടെ ശ്രദ്ധ മുഴുവന്‍. തല്‍ഫലമായി മൂത്തകുട്ടിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങള്‍, തുടര്‍ന്ന് അവന്റെ പലായനം വലിയ ഒരപകടത്തിന്റെ വക്കത്തേക്ക്. സാഹസികമായി അച്ഛന്‍ അവനെ രക്ഷപ്പെടുത്തുന്നത്... ആസ്വാദകന്‍ പൂര്‍ണ്ണതൃപ്തനായി തിയേറ്റര്‍ വിട്ടിറങ്ങിയത് വിഷയത്തിലെ അപൂര്‍വ്വതകൊണ്ട് മാത്രമായിരുന്നില്ല. കഥാവസ്തു കൈകാര്യം ചെയ്ത രീതിയായിരുന്നു കൂടുതല്‍ പ്രധാനം. സംഭാഷണത്തിനേക്കാള്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ആഖ്യാനം മലയാള സിനിമയില്‍ പുതിയതായിരുന്നു. ആസ്വാദകന്‍ ഉല്‍ക്കണ്ഠാകുലനായി ശ്വാസമടക്കിയിരിക്കുന്ന അവസാന രംഗങ്ങളില്‍ ഡയലോഗ് തീരെ ഇല്ലായിരുന്നു എന്നു ഞാനോര്‍ക്കുന്നു. സത്യന്റേയും അംബികയുടേയും കുട്ടിയായ കമലാഹാസന്റേയും ആംഗിക സാത്വിക അഭിനയവും വര്‍ക്കലയിലെ ഗോപുരവും ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങളുമാണ് ആ രംഗത്തെ അവിസ്മരണീയമാക്കാന്‍ സംവിധായകന്‍ ഉപയോഗപ്പെടുത്തിയ വിഭവങ്ങള്‍. ശ്രദ്ധേയമായി തോന്നിയ മറ്റൊരു വസ്തുത കൂടിയുണ്ട്. ഒന്നും ആവശ്യത്തിലധികം ഉണ്ടായിരുന്നില്ല; ആവശ്യത്തിന് എല്ലാം ഉണ്ടായിരുന്നുതാനും. സേതുമാധവന്റെ സംവിധാന ശൈലിയുടെ സവിശേഷതയായി ഈ മിതത്വം. ഉജ്ജ്വലമായ മിതത്വം എന്നു നിരൂപകരാല്‍ പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ഈ ഗുണം എന്നും ഉണ്ടായിരുന്നു.
പ്രധാന നടീനടന്മാരെ മാത്രമല്ല, എല്ലാ അഭിനേതാക്കളേയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു സേതുമാധവന്‍. എസ്.പി. പിള്ളയും മുതുകുളവും അടൂര്‍ പങ്കജവും കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുള്ള കഥാപാത്രങ്ങളായാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്; ഹാസ്യതാരങ്ങളായല്ല.
ദൃശ്യാഖ്യാനം എന്ന കല
സിനിമ പ്രധാനമായും ദൃശ്യങ്ങളിലൂടെയുള്ള ആഖ്യാനമാണ് എന്ന് ആസ്വാദകനെ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു പിന്നീട് വന്ന സേതുമാധവന്‍ ചിത്രങ്ങളും. ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു ഷോട്ടിനെക്കുറിച്ച് സൂചിപ്പിക്കട്ടെ, ചിത്രം 'അന്ന.' ദു:സ്സ്വഭാവിയും താന്തോന്നിയുമായ നായകനെ അവതരിപ്പിക്കുന്ന രംഗമാണ്... കസേരയില്‍ ചാരിയിരുന്ന് മുന്‍വശത്തുള്ള ടീപോയിയില്‍ ബൂട്ടിട്ട കാലുകള്‍ കയറ്റിവെച്ച് സിഗരറ്റു പുകയ്ക്കുകയാണയാള്‍, ഈ ലോകം വെറും നിസ്സാരമാണെന്ന ഭാവത്തോടെ. അയാളുടെ ബൂട്ടിട്ട കാല്‍പ്പാദങ്ങള്‍ക്കിടയിലൂടെ കുറച്ചകലെ ഒരു ക്രൂശിതരൂപവും അതിനു മുന്‍പില്‍ ഉരുകി കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകുതിരിയും പ്രേക്ഷകനു കാണാം. ആദ്യ കാഴ്ചയില്‍ ആസ്വാദകന് ഇതില്‍ പ്രത്യേകതയൊന്നും തോന്നിയില്ല എന്നു വരാം. പക്ഷേ, സിനിമ മുഴുവന്‍ കണ്ടുകഴിയുമ്പോള്‍ 'ഉരുകിയുരുകിയുരുകി തെളിയും മെഴുകുതിരികള്‍ക്കൊപ്പം ഈ ദൃശ്യവും അയാളുടെ മനസ്സിലുണ്ടാവും. എന്റെ മനസ്സിലുണ്ട് ആറു പതിറ്റാണ്ടിനുശേഷവും ഒളിമങ്ങാതെ.
'കണ്ണും കരളും' മുതല്‍ തന്നെ ആസ്വാദകരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഗാനങ്ങളുടെ ഫലപ്രദമായ വിനിയോഗം. ''കളിമണ്ണു മെനഞ്ഞുമെനഞ്ഞൊരു കലമാനിനെയുണ്ടാക്കി...'', ''ചെന്താമര പൂന്തേന്‍ കുടിച്ച വണ്ടേ...'', ''വളര്‍ന്നു വളര്‍ന്നുവളര്‍ന്നു നീയൊരു വസന്തമാവണം...'' എന്നീ ഗാനങ്ങള്‍ കഥാഖ്യാനത്തിന്റെ പുരോഗതി സുസാദ്ധ്യമാക്കിയത് ആഹ്ലാദത്തോടെ ഞങ്ങള്‍ കണ്ടിരുന്നതാണല്ലോ. പാട്ടിനുവേണ്ടി പാട്ട് എന്നുള്ളതായിരുന്നു അന്ന് സിനിമയിലെ പതിവ് എന്നോര്‍ക്കണം. കഥാസന്ദര്‍ഭങ്ങളെ കൂടുതല്‍ ഹൃദ്യമായി ആവിഷ്‌കരിക്കുന്നതിനു മാത്രമല്ല, കഥാപാത്രങ്ങളുടേയും പശ്ചാത്തലത്തിന്റേയും കാലത്തിലൂടെയുള്ള പ്രയാണം അനുഭവവേദ്യമാക്കുന്നതിനും ഗാനങ്ങള്‍ സേതുമാധവന്‍ ഉപയോഗപ്പെടുത്തിയത് എങ്ങനെയെന്നുള്ളതിനു നല്ലൊരുദാഹരണമാണ് 'പൂവും പ്രസാദവും' എന്നു തുടങ്ങുന്ന ജയചന്ദ്രന്‍ ഗാനത്തിന്റെ ചിത്രീകരണം. സിനിമ 'തോക്കുകള്‍ കഥ പറയുന്നു...' ഒരു ജീവപര്യന്ത കാലത്തിനിപ്പുറത്തേക്ക് - പന്ത്രണ്ടു വര്‍ഷം - കഥാപാത്രങ്ങളേയും അവരുടെ ജീവിത പശ്ചാത്തലമായ പ്രകൃതിയേയും അനുവാചകനേയും അവരറിയാതെ കൊണ്ടെത്തിച്ചിരിക്കുന്നു സേതുമാധവന്‍ ഈ ഗാനത്തിലൂടെ. ഇത്തരം സന്ദര്‍ഭങ്ങള്‍ എല്ലാ സേതുമാധവന്‍ സിനിമകളിലുമുണ്ട്. എന്നല്ല; ഇങ്ങനെയൊരു ധര്‍മ്മം നിര്‍വ്വഹിക്കാനേ അദ്ദേഹം സിനിമയില്‍ പാട്ടുകള്‍ ചേര്‍ത്തിട്ടുള്ളൂ. കേശവദേവിന്റെ 'ഓടയില്‍ നിന്ന്' എന്ന അതിപ്രശസ്ത മലയാളകൃതിക്ക് ചലച്ചിത്രരൂപം നല്‍കിയത് സേതുമാധവനാണ്. റിക്ഷാക്കാരന്‍ പപ്പുവിന്റെ ആരുമല്ല വഴിവക്കിലെ കുടിലില്‍ താമസിക്കുന്ന കല്യാണിയുടെ മകള്‍ എട്ടു വയസ്സുകാരി ലക്ഷ്മി. പക്ഷേ, നാളെ എന്നൊരു ചിന്തയില്ലാതെ താന്തോന്നിയും ധിക്കാരിയുമായി നാള്‍ പോക്കിയിരുന്ന അയാള്‍ക്ക് ഒരു 'നാളെ'യുണ്ടാവുന്നത്, ആ പെണ്‍കുട്ടി സൗഭാഗ്യവതിയും സുമംഗലിയും ആവുന്നതിലൂടെ ആ 'നാളെ' സഫലമാവുന്നത്, അപ്പോഴും ആ സൗഭാഗ്യങ്ങളൊക്കെ വലിച്ചെറിഞ്ഞു ചുമച്ചുചുമച്ചു പക്ഷേ, ഉറച്ച കാല്‍വെയ്പുകളോടെ അയാള്‍ അനന്തതയിലേക്ക് നടന്നു മറയുന്നത്... ഇതൊക്കെ നമ്മള്‍ വായിച്ചറിഞ്ഞതുപോലെ, സൗന്ദര്യാത്മകതയില്‍ ഒരു ലോപവും വരാതെ വെള്ളിത്തിരയില്‍ കണ്ടു.
മറ്റൊരു സങ്കീര്‍ണ്ണമായ മനുഷ്യബന്ധം കൂടി തന്റെ അനുപമമായ ശൈലിയില്‍ അനാവരണം ചെയ്യുന്നു സേതുമാധവന്‍ ഈ ചിത്രത്തില്‍; പപ്പുവും കല്യാണിയും തമ്മിലുള്ളത്. ''അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍...'' എന്ന പാട്ട് ഏതോ മൈക്കില്‍നിന്നു മുഴങ്ങുന്നതാണ്. അതുകേട്ട് നില്‍ക്കുന്ന കല്യാണിക്ക് താന്‍ പോലുമറിയാതെ അതു തന്റെ മനോഗതങ്ങളുടെ ആലാപനമായി അനുഭവപ്പെടുന്നു. അവര്‍ അറിയാതെ ആ പാട്ട് മൂളിപ്പോകുന്നു... ഇതൊക്കെ നമുക്ക് കാട്ടിത്തന്നിട്ട് സംവിധായകന്‍ എവിടെയോ മറഞ്ഞുനില്‍ക്കുന്നു...!
പിന്നീടാണ് മലയാറ്റൂരിന്റെ 'യക്ഷി'യും പമ്മന്റെ 'അടിമക'ളും എത്തിയത്. അസാധാരണവും അതിസങ്കീര്‍ണ്ണവുമായ മനുഷ്യബന്ധങ്ങള്‍ തന്നെയാണ് ഈ കൃതികളിലും ആവിഷ്‌കരിക്കപ്പെടുന്നത്. കോളേജ് ലബോറട്ടറിയില്‍ ഉണ്ടായ അപകടം സൃഷ്ടിച്ച വൈരൂപ്യം, അതിന്റെ ഫലമായുണ്ടായ പ്രണയഭംഗം, കാമുകിയുടെ ഉല്‍ക്കടമായ സ്‌നേഹം കൊടും വെറുപ്പായി മാറിയത്, ഇവയൊക്കെ കോളേജിലെ രസതന്ത്രാദ്ധ്യാപകനായ ശ്രീനിവാസനെ അയാള്‍ക്ക് നേരത്തേ തന്നെ താല്പര്യമുണ്ടായിരുന്ന യക്ഷികളെക്കുറിച്ചുള്ള പഠനത്തിലേക്കാണ്ടിറങ്ങാന്‍ പ്രേരിപ്പിച്ചുവെന്നു പറയുന്നത് ഭാഗികസത്യം മാത്രമേ ആവൂ. ഇപ്പറഞ്ഞതൊക്കെ ഒരു വിശ്വാസ തകര്‍ച്ചയിലേക്കാണയാളെ നയിച്ചത്. പ്രേമത്തിലുള്ള - സ്ത്രീപുരുഷന്മാര്‍ തമ്മില്‍, എന്നല്ല മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുന്ന അവസ്ഥയ്ക്ക് ആണ് പ്രേമമെന്നു പറയുന്നത് - വിശ്വാസമാണ് ശ്രീനിക്ക് നഷ്ടമായത്. ഈ വിശ്വാസത്തകര്‍ച്ചയാണ് അയാളുടേയും അയാളുടെ ജീവിതത്തിലേക്ക് വന്നുപെട്ടുപോയ രാഗിണിയുടേയും അയാളുടെ വേലക്കാരന്റേയും ദുരന്തത്തിനു കാരണം. ഇവിടെ ശാരദയും സത്യനും ഗോവിന്ദന്‍കുട്ടിയും അടൂര്‍ ഭാസിയും ബഹദൂറും മാത്രമല്ല, കന്യാകുമാരിയിലെ സാഗരസംഗമവും ശംഖുമുഖത്തെ കടലും മണ്ഡപവും നഗരത്തിലെ ഉദ്യാനവുമെല്ലാം അഭിനേതാക്കളാവുന്നു. തങ്ങളുടെ വേഷം ഭംഗിയായി അഭിനയിക്കുന്നു. സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമാവാന്‍ കൊതിച്ച സദ്ഗുണ സമ്പന്നനും സ്‌നേഹധനനുമായ നായകന്‍ കൊലപാതകിയാവുന്നത് വിശ്വസനീയമായി ആഖ്യാനം ചെയ്യപ്പെട്ടതിനു സാക്ഷിയായ പ്രേക്ഷകന്‍ ഖിന്നനാണെങ്കിലും സംതൃപ്തനാവുന്നു. രചനയെ വെല്ലുന്ന ദൃശ്യാഖ്യാനമായിരുന്നു യക്ഷി.
അടിമകള്‍, ഒരു പെണ്ണിന്റെ കഥ
നാട്ടിന്‍പുറത്തെ ഒരു ഉപരിമദ്ധ്യവര്‍ഗ്ഗ കുടുംബത്തിന്റെ, അവരെ ആശ്രയിച്ചു കഴിയുന്ന കുറച്ചു പാവപ്പെട്ട മനുഷ്യരുടേയും ജീവിതത്തിന്റെ സമൃദ്ധിയും ദാരിദ്ര്യവും ഭക്തിയും വിഭക്തിയുമൊക്കെ ലേശം നര്‍മ്മത്തോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണല്ലോ 'അടിമ'കളില്‍. രണ്ടുമൂന്നു നിശബ്ദ പ്രണയങ്ങളുടെ കഥാസമാഹാരമായും ഈ ചിത്രത്തെ കണക്കാക്കാം. പൊട്ടന്‍ രാഘവന്റെ പ്രകടിപ്പിക്കാനാവാത്ത പ്രണയം അതിന്റെ ഫലമായുണ്ടാവുന്ന അയാളുടെ ആന്തരസംഘര്‍ഷങ്ങള്‍ ഒക്കെ അടുത്തുള്ള സിനിമാ കൊട്ടകയില്‍നിന്നു കേള്‍ക്കുന്ന ഗാനത്തിന്റെ അകമ്പടിയോടെ പ്രേംനസീര്‍ അന്യാദൃശമായ പാടവത്തോടെ സംവേദനം ചെയ്തിരിക്കുന്നു. ''എന്തിനിന്നും സുന്ദരിയായി'' എന്നു പ്രേക്ഷകനും ചോദിച്ചുപോകും 'ഇന്ദു മുഖി'യോട്. അയാള്‍ പക്ഷേ, അന്നും പുറത്തുറങ്ങുന്നു എന്നാല്‍, പിറ്റേന്നു തന്നെ പിഴപ്പിച്ച ആള്‍ തന്റെ രക്ഷകനായി എത്തിയ ആളോടൊപ്പം സ്വീകരിക്കാനായി വന്നപ്പോള്‍ അവള്‍ പറഞ്ഞു, പൊട്ടനാണ് തന്റെ ഭര്‍ത്താവെന്ന്. ''എന്റെ സഹോദരിയെക്കുറിച്ച് എനിക്കഭിമാനം തോന്നുന്നു'' എന്നു പറഞ്ഞത് സത്യന്‍ അവതരിപ്പിക്കുന്ന അപ്പുക്കുട്ടന്‍ പിള്ള മാത്രമല്ല. ഓരോ പ്രേക്ഷകനുമാണ്. അഭിമാനം മാത്രമല്ല, അനല്പമായ ആഹ്ലാദവും തോന്നി പ്രേക്ഷകന്. നല്ലവരില്‍ നല്ലവനായ എന്നാല്‍, തന്റേടവും പ്രസരിപ്പും കാരണം പെരുമാറ്റ മര്യാദകള്‍ കാണിക്കാനറിയാത്ത അപ്പുക്കുട്ടന്‍ പിള്ളയും സന്ന്യാസിനിയും പ്രൗഢയുമായ, തനിക്കു താന്‍ പോന്നവളായ സരസ്വതി അമ്മയുമായുള്ള ഹൃദയബന്ധം അനാവൃതമാകാന്‍ അവസാന രംഗം വരെ കാത്തിരിക്കേണ്ടിവരുന്നു. അവരുടെ അന്തരാത്മാവിലെ അന്തപ്പുരത്തിലെ ആരാധനാമുറി അവര്‍ നേരത്തേ തന്നെ അയാള്‍ക്കുവേണ്ടി തുറന്നുവെച്ചിട്ടുണ്ടായിരുന്നു എന്നു പ്രേക്ഷകര്‍ക്ക് പക്ഷേ, അറിയാമായിരുന്നു. ഇത്രയധികം നിശബ്ദമോ പ്ലാറ്റോണിക്കോ ഒന്നും ആയിരുന്നിരിക്കുകയില്ല നാണുക്കുറുപ്പെന്ന ഗിരിധരയോഗിയും ശിഷ്യയും തമ്മിലുള്ള പ്രണയം. എന്നാല്‍, അതു പൂര്‍ണ്ണമായും പ്രേക്ഷകദൃഷ്ടിയില്‍ നിന്നൊഴിച്ച് നിര്‍ത്തപ്പെട്ടിരുന്നു. ശ്രദ്ധാലുവായ പ്രേക്ഷകന് പക്ഷേ, ചില സൂചനകള്‍ ലഭ്യമായിരുന്നു. ഉജ്ജ്വലമായ മിതത്വം എന്ന വിശേഷണം ഇത്തരം ഘട്ടങ്ങളിലൊക്കെ നമ്മള്‍ ഓര്‍മ്മിച്ചുപോവും.
1969-ലെ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റ് അവാര്‍ഡ് 'അടിമകള്‍'ക്കു ലഭിച്ചു. തികച്ചും ഉചിതവും ന്യായയുക്തവുമായ തീരുമാനം. മലയാളികള്‍ ഒന്നടങ്കം ആ തീരുമാനത്തെ സ്വാഗതം ചെയ്തു; കേരള സര്‍ക്കാരിന്റെ ചലച്ചിത്ര നിര്‍വ്വാഹകരൊഴികെ. അവര്‍ക്ക് വേറെ മുന്‍ഗണനകളുണ്ടായിരുന്നു. അടിമകള്‍ക്കു മുന്‍പു വന്നതാണ് മുട്ടത്തു വര്‍ക്കിയുടെ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായ 'സ്ഥാനാര്‍ത്ഥി സാറാമ്മ.' എന്തൊരു സംവിധാന ഭംഗി, ''എന്തൊരു പൊളിറ്റിക്കല്‍ സറ്റയര്‍'' എന്നാണ് പ്രശസ്തനായ പത്രാധിപര്‍ ഇതു കണ്ട് അദ്ഭുതം കൂറിയത്. അതില്‍ അതിശയോക്തി ആരോപിക്കാന്‍ ആ സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് സാധ്യമല്ല. കാരണം നമ്മുടെ പാര്‍ട്ടിയധിഷ്ഠിതമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു കാലക്രമത്തില്‍ സംഭവിച്ച അപചയം ഹാസ്യാത്മകമായി പക്ഷേ, ഉള്ളില്‍ തട്ടുംപടി ദൃശ്യവല്‍ക്കരിച്ച ഈ സിനിമ ഒരപൂര്‍വ്വത തന്നെയായിരുന്നു. പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ''തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും'' എന്നും ''അരിയുടെ കുന്നുകള്‍ നാടാകെ'' എന്നും മറ്റും അടൂര്‍ ഭാസി പാടിത്തകര്‍ത്തത് നമ്മള്‍ ഓര്‍ത്തു പോകാറില്ലേ? ഒപ്പം ആ ചിത്രത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പണാധിപത്യം ഇന്ന് എന്നത്തേയുംകാള്‍ പ്രസക്തമല്ലേ? തെരഞ്ഞെടുപ്പ് ബഹളങ്ങളും അകമ്പടിയായ ഹാസ്യഗാനങ്ങളും കൊണ്ട് മുഖരിതമായ ചിത്രം അവസാനഘട്ടത്തില്‍ മിക്കവാറും നിശബ്ദമാവുകയാണ്. ക്ലൈമാക്‌സ് മറ്റു മികച്ച സേതുമാധവന്‍ ചിത്രങ്ങളെപ്പോലെ ക്രിയാപ്രധാനമാണ്; ചിത്രീകരണം ദൃശ്യാധിഷ്ഠിതവുമാണ്. അക്കരപ്പച്ചയിലെ അഞ്ജനച്ചോലയില്‍ പൂവിട്ട പ്രണയം സാഫല്യത്തിലെത്തുന്നത് പ്രഥിതമായ ആ മിതത്വത്തോടെ സൂചിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയ സിനിമയായിക്കൂടി കണക്കാക്കാവുന്നതാണ് 'ഒരു പെണ്ണിന്റെ കഥ.' തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അപഹാസ്യമായ അവസ്ഥ അതില്‍ തുറന്നുകാട്ടിയിട്ടുണ്ടല്ലോ. പക്ഷേ, സിനിമയുടെ മുഖ്യപ്രമേയം വഞ്ചിക്കപ്പെട്ട പെണ്ണിന്റെ പ്രതികാരമാണ്. സഹ്യന്റെ താഴ്വരക്കാടുകള്‍, അവിടെ യുവതിയായ നായികയ്‌ക്കൊപ്പം പാട്ടുപാടി പാറക്കെട്ടുകള്‍ക്കിടയിലൂടൊഴുകുന്ന പൂന്തേനരുവി... കാട്ടില്‍ മനുഷ്യരൂപം ധരിച്ച ഹിംസ്ര മൃഗങ്ങളുമുണ്ട്. നായികയായ യുവതി ആക്രമിക്കപ്പെടുന്നു. പ്രതികാരദാഹിയായി അവള്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുകയാണ്, ധനികയായി തമ്പിയദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മുക്കാലും വിലയ്ക്കുവാങ്ങിക്കൊണ്ട്. അവള്‍ ആരെന്നു തമ്പിക്കറിഞ്ഞുകൂടാ. തമ്പിയുടെ അബോധമനസ്സ് അദ്ദേഹം പോലുമറിയാതെ അവളെ തിരിച്ചറിയുന്നുണ്ട് തന്റെ നിശ്ശേഷ പരാജയത്തിന്റെ നിമിഷത്തില്‍. തമ്പിയുടെ അബോധമാണല്ലോ 'സൂര്യഗ്രഹണം' എന്ന ഗാനത്തിലൂടെ അയാളെ ഗ്രസിച്ചിരിക്കുന്നതും അസ്തമയത്തിലേക്ക് നയിക്കുന്നതും ''അവമാനിതയായ് പിറകെ നടക്കും നിഴലിന്‍ പ്രതികാര''മാണെന്നും അത് ''നീ പണ്ട് നോവിച്ച കരിനാഗ''മാണെന്നും അയാള്‍ക്കു പറഞ്ഞുകൊടുക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ, ആകാശത്തിന്റെ, അസ്തമിക്കാനടുത്ത സൂര്യന്റെ ഭാവ (mood) മാറ്റങ്ങളുടെ, സത്യന്റെ ഭാവാഭിനയത്തിന്റെ, മനോഹരമായ ഗാനത്തിന്റെ സഹായത്തോടെ ഈ സത്യത്തിന്റെ വെളിപാട് ചേതോഹരമായി ഫലപ്രദമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ അന്തിമവിജയം തമ്പിക്കായിരുന്നുവെന്ന് തമ്പിയോടൊപ്പം ചില പ്രേക്ഷകരും വിശ്വസിക്കുന്നുണ്ട്. അവള്‍ താന്‍ എന്ന അമ്മയുടെ മുന്‍പിലാണ് തോല്‍ക്കുന്നത്. താന്‍ നേടിയതെല്ലാം സ്വന്തം മകള്‍ക്കു കൊടുക്കുന്നത് തോല്‍വിയല്ലല്ലോ. ആ മകളുടേയും അവളുടെ പ്രസവിക്കാത്ത അമ്മയായ തമ്പിയുടെ ഭാര്യയുടേയും പില്‍ക്കാല ജീവിതം തന്നെ അവളുടെ ദാനമാണെന്നിരിക്കെ തമ്പിക്ക് എങ്ങനെ വിജയം അവകാശപ്പെടാന്‍ കഴിയും.
അനുഭവങ്ങള്‍ പാളിച്ചകള്‍, പണിതീരാത്ത വീട്
കൂടുതല്‍ കൃത്യവും വ്യക്തവുമായ ഒരു രാഷ്ട്രീയ സന്ദേശമാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' നല്‍കുന്നത്. രാജ്യത്തിന്റേയോ സമൂഹത്തിന്റേയോ താന്‍ അംഗമായ പ്രസ്ഥാനത്തിന്റെ തന്നെയോ നിയമങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു ഒറ്റയാന്റെ, അയാള്‍ ഹൃദയാലുവും മനുഷ്യസ്‌നേഹിയുമാണ്; അനുഭവങ്ങളും പാളിച്ചകളും അനിവാര്യ ദുരന്തവുമാണ് സിനിമയുടെ പ്രമേയം. ആ ദുരന്തം വിശ്വസനീയമായി, ഹൃദയാവര്‍ജ്ജകമായി ചിത്രീകരിച്ചിരിക്കുന്നു സേതുമാധവന്‍. സുഘടിതമായ ഒരു തിരനാടകത്തിന്റെ സഹായത്തോടെ സത്യന്റെ അഭിനയ വൈദഗ്ദ്ധ്യത്തിനൊപ്പം പ്രേംനസിറിന്റേയും ഷീലയുടേയും അടൂര്‍ ഭാസിയുടേയും ബഹദൂറിന്റേയും അന്നു പുതുമുഖമായിരുന്ന ലളിതയുടേയും നടനചാതുരി കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട്. വിപ്ലവകാരികളിലെ ഒറ്റയാന്മാരായ സാഹസികര്‍ ഹിംസയിലേക്ക് തിരിയുന്നത് നിയമാവലികള്‍ പാലിച്ചുള്ള സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴാണ് എന്ന തകഴിയുടെ നോവലിന്റെ സന്ദേശം സിനിമ കാഴ്ചക്കാരനു സത്യസന്ധമായി പകര്‍ന്നുകൊടുക്കുന്നുണ്ട്. പരിഹാര നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ടു വെയ്ക്കുന്നില്ല നോവലിസ്റ്റും സംവിധായകനും. പക്ഷേ, ചെല്ലപ്പന്റെ ആത്മബലി അയാളുടെ ഭൗതിക സാന്നിധ്യമില്ലാതെ തന്നെ ഒരു ദുരന്തനാടകത്തിന്റെ ഉദാത്ത ഗാംഭീര്യത്തോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അതിന് സേതുമാധവനെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. ഇതിനു മുന്‍പ് വന്നതാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ കുഞ്ഞേനാച്ചനായി അഭിനയിച്ച് നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'അരനാഴികനേരം.' പാറപ്പുറത്തിന്റെ മാസ്റ്റര്‍പീസിന്റെ ചലച്ചിത്രാവിഷ്‌കാരം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ പിന്നോട്ട് ഒന്നൊന്നര നൂറ്റാണ്ടു കാലത്തെ മദ്ധ്യതിരുവിതാംകൂറിലെ ജീവിതം കുഞ്ഞേനാച്ചന്‍ എന്ന പടുവൃദ്ധന്റെ ഓര്‍മ്മകളിലൂടെ അവതരിക്കപ്പെടുകയാണ് നോവലില്‍. സിനിമ നോവലിനോട് നീതിപുലര്‍ത്തിയിട്ടുണ്ട്. പക്ഷേ, എല്ലാ ക്രിയകളും കുലപതിയുടെ കണ്‍മുന്‍പില്‍ വെച്ചാവണം എന്ന നിര്‍ബ്ബന്ധബുദ്ധി കാരണം മറ്റു സേതുമാധവന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നില്ല 'അരനാഴികനേരം.' കാഴ്ചക്കാര്‍ക്കൊരു നഷ്ടപരിഹാരമെന്നോണം പാറപ്പുറത്തിന്റെ മറ്റൊരു പ്രശസ്ത നോവല്‍ സേതുമാധവന്‍ തന്റെ പ്രകൃഷ്ടമായ ശൈലിയില്‍ സിനിമയാക്കിയിട്ടുണ്ട്, 'പണിതീരാത്ത വീട്.' നീലക്കുന്നുകളുടെ താഴ്വരയിലെ ''വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരത്തിന്റെ തീരത്തെ ജോസ് എന്ന ചെറുപ്പക്കാരന്റെ ജീവിതായോധനം അതിന്റെ നൈസസര്‍ഗ്ഗികതയില്‍ ആസ്വാദകനു കാണാന്‍ കഴിയും. പ്രേക്ഷകദൃഷ്ടിയില്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അയാളുടെ പണിതീരാത്ത വീട് അയാളുടെ തന്നെ ജീവിതത്തിന്റെ പ്രതീകമായി ആദ്യാവസാനം സന്നിഹിതമാവുന്നു.
തന്നെ സ്‌നേഹിച്ചവരെയാരേയും സഹായിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഒരുപക്ഷേ, സംഘശക്തി തനിക്കു കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കി തന്നേക്കാമെന്നും അങ്ങനെ കര്‍മ്മോന്മുഖനാവാന്‍ തനിക്കു കഴിയുമെന്നുമുള്ള പ്രതീക്ഷയില്‍ അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നു നാടുവിടുകയാണ് ചിത്രത്തിന്റെ അന്ത്യത്തില്‍. അയാള്‍ കൂടുതല്‍ പ്രവൃത്ത്യുന്മുഖനായി എന്നുവരാം; ഒരുപക്ഷേ, അയാള്‍ വീടുപണി പൂര്‍ത്തിയാക്കി എന്നും വരാം! പ്രധാന കഥാപാത്രമായി പ്രേംനസീര്‍ ഒന്നാന്തരമായി അഭിനയിച്ചിട്ടുണ്ട്. '73-ല്‍ കേരള സര്‍ക്കാരിന്റെ സിനിമാ കാര്യവാഹകര്‍ക്ക് തെറ്റുപറ്റിയില്ല. അവര്‍ 'പണിതീരാത്ത വീടി'നു തന്നെ ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാര്‍ഡ് കൊടുത്തു.
എടുത്തു പറയേണ്ട രണ്ടു പ്രേംനസീര്‍ സിനിമകള്‍ കൂടി സേതുമാധവന്റേതായി നേരത്തേ തന്നെ വെള്ളിത്തിരയിലെത്തിയിരുന്നു. 'പുനര്‍ജ്ജന്മ'വും 'ദേവി'യും. ഡോ. എ.ടി. കോവൂരിന്റെ കേസ് ഡയറിയില്‍നിന്നെടുത്ത ഒരു സംഭവകഥയാണ് പുനര്‍ജ്ജന്മത്തിന്റെ പ്രമേയം. കോളേജ് അദ്ധ്യാപകനായ അരവിന്ദന്റെ ഉപബോധമനസ്സ് രാധ എന്ന അയാളുടെ ഭാര്യയെ മരിച്ചുപോയ സ്വന്തം അമ്മയായാണ് കണക്കാക്കുന്നത്. അയാള്‍ക്ക് രാധയെ പിരിഞ്ഞിരിക്കാന്‍ വയ്യ. പക്ഷേ, ഭാര്യ എന്ന നിലയില്‍ ഇടപെടാന്‍ കഴിയുന്നില്ലതാനും. അയാള്‍ക്കതില്‍ കുറ്റബോധവുമില്ല. ഈ ദമ്പതികളുടെ കുടുംബജീവിതം സംഘര്‍ഷപൂര്‍ണ്ണമായതില്‍ അതിശയമില്ലല്ലോ. മന്ത്രവാദിക്കും വൈദ്യനുമൊന്നും കഴിയാതിരുന്നത് ഡോ. എ.ടി. കോവൂറിനു സാധിക്കുന്നു. പ്രശ്‌നം പരിഹരിക്കപ്പെടുന്നു. അരവിന്ദന്റെ വെല്ലുവിളി നിറഞ്ഞ റോള്‍ പ്രേംനസീര്‍ അത്യന്തം ഗംഭീരമാക്കി. ആരോടും പറയാന്‍ കഴിയാത്ത രാധയുടെ മനോവ്യഥകള്‍ ജയഭാരതി സ്തുത്യര്‍ഹമായ വിധത്തില്‍ അവതരിപ്പിച്ചു. നിരൂപകര്‍ വാഴ്ത്തിയ ഉജ്ജ്വലമായ മിതത്വം പാലിച്ചുകൊണ്ട് ഈ സങ്കീര്‍ണ്ണമായ പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരം ഹൃദയഹാരിയായ വിധത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നു സേതുമാധവന്‍. രാധയുടെ നഗ്‌നത അരവിന്ദന്‍ ആദ്യമായി കാണുന്ന രംഗം എടുത്തു പറയേണ്ടതുണ്ട്. പ്രേംനസീറിന്റെ മുഖത്തെ സ്‌തോഭങ്ങളിലൂടെയാണ് അത് ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. നിത്യഹരിതം എന്നൊക്കെ വിശേഷിപ്പിക്കേണ്ടത് ഇത്തരം പ്രകടനങ്ങളെയാണ്.
വിജയിക്കാത്ത ചലച്ചിത്ര സംവിധായകനാണ് അപ്പുരാജന്‍. അയാളുടെ ഭാര്യ ദേവി കോളേജ് അദ്ധ്യാപിക. അപ്പുരാജന്റെ സ്‌നേഹിതന്‍ ശംഭുനാഥന്‍ സഹൃദയനും ചിത്രകാരനുമൊക്കെയാണ്. അയാള്‍ എല്ലാ പ്രതിസന്ധികളിലും അപ്പുവിനൊപ്പം നില്‍ക്കും. ഇവരുടെ ജീവിതത്തിലെ ചുഴികളും അടിയൊഴുക്കുകളുമാണ് കെ. സുരേന്ദ്രന്റെ 'ദേവി' എന്ന നോവലിന്റെ വിഷയം. സിനിമ കണ്ടിട്ട് ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ കെ. സുരേന്ദ്രന്‍ എഴുതി: ''രചിത പാഠം വിത്താണ്, താന്‍ വെള്ളിത്തിരയില്‍ കണ്ടതോ, പൂത്തു നില്‍ക്കുന്ന ചെടിയും എന്ന്.
സാഹിത്യം വെള്ളിത്തിരയിലെത്തിച്ച ചലച്ചിത്രകാരന്‍
സത്യന് അവാര്‍ഡു കിട്ടിയ പല പടങ്ങളും സേതുമാധവന്റേതാണ്. സേതുമാധവന്റെ പല ചിത്രങ്ങളും സത്യന്റെ അഭിനയസിദ്ധികൊണ്ട് അനുഗൃഹീതവുമാണ്. ഇതു പരക്കെ അറിയപ്പെടുന്നതും പറയപ്പെടുന്നതുമായ കാര്യം. അനുക്തമായ മറ്റൊരു വസ്തുതയുണ്ട്; പ്രേംനസീറിനെ ഏറ്റവും വിദഗ്ദ്ധമായി, ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ചുരുക്കം സംവിധായകരില്‍ ഒരാള്‍ സേതുമാധവനാണ്. 'പണിതീരാത്ത വീട്ടി'ലെ ജോസ്, 'പുനര്‍ജ്ജന്മ'ത്തിലെ അരവിന്ദന്‍, 'അടിമകളി'ലെ രാഘവന്‍, 'അഴകുള്ള സെലീന'യിലെ മധുരിക്കുന്ന വില്ലന്‍, പിന്നെ ഒരുപക്ഷേ, പ്രേംനസീറിന്റെ ഏറ്റവും മികച്ച കഥാപാത്രം, 'ദേവി'യിലെ അപ്പുരാജന്‍.
മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ചില ചിത്രങ്ങള്‍ കൂടിയുണ്ട് സേതുമാധവന്റേതായി. വെട്ടൂര്‍ രാമന്‍ നായരുടെ 'ജീവിക്കാന്‍ മറന്നുപോയ സ്ത്രീ' മലയാള സാഹിത്യത്തിന്റെ മികച്ച ഉപലബ്ധികളിലൊന്നാണ്. അതിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരം മലയാളത്തിലെ മികച്ച ഒരു ചലച്ചിത്രവും. നോവലിന്റെ ദൃശ്യാഖ്യാനത്തില്‍ അന്തരീക്ഷത്തിന്റെ, പശ്ചാത്തലത്തിന്റെ നിറഭേദങ്ങള്‍ സേതുമാധവന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഥയിലെ നായകന്‍ ചിത്രകാരന്‍ ആയിരുന്നുവല്ലോ. ആ നായകനെ അവതരിപ്പിച്ചത് മോഹന്‍ ആയിരുന്നു.
ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയും യാഥാസ്ഥിതിക വാര്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന യുവാവും തമ്മിലുള്ള പ്രണയവും അതിന്റെ പ്രത്യാഘാതങ്ങളുമാണ് പമ്മന്റെ 'ചട്ടക്കാരി' എന്ന നോവലിന്റെ ഉള്ളടക്കം. കുറച്ചുമാറ്റങ്ങളോടെയാണ് അതു സിനിമയാക്കിയിരിക്കുന്നത്. വിഭിന്ന സംസ്‌കാരങ്ങളുടെ സങ്കലനം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ശുഭപര്യവസായിയായ നിര്‍വ്വഹണവും ഹൃദ്യമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മോഹനാണ് ഇതിലേയും നായകന്‍. ലക്ഷ്മി നായിക. അടൂര്‍ ഭാസി സ്വഭാവ നടനാണിതില്‍.
നല്ല സേതുമാധവന്‍ ചിത്രങ്ങള്‍ ഇനിയുമുണ്ട്. അവ നില്‍ക്കട്ടെ. മലയാള സിനിമയില്‍ സേതുമാധവന്‍ കൊണ്ടുവന്ന വിപ്ലവസമാനമായ പരിവര്‍ത്തനം എന്തായിരുന്നു എന്നു വിശദീകരിക്കാനാണ് ഈ സിനിമകളൊക്കെ ചൂണ്ടിക്കാണിച്ചത്. ആവര്‍ത്തനമെന്നു തോന്നാമെങ്കിലും ചുരുക്കിപ്പറയാം: സംഭാഷണങ്ങളിലൂടെ കഥ പറയുന്ന സമ്പ്രദായത്തില്‍നിന്നു വ്യത്യസ്തമായി ക്രിയാംശത്തിനും അതുവഴി ദൃശ്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ആഖ്യാനരീതി, പ്രകൃതിക്കും പശ്ചാത്തലത്തിനും ആഖ്യാനത്തില്‍ പ്രാധാന്യം, ആഖ്യാനത്തിലെ ഉജ്ജ്വലമായ മിതത്വം, ഗാനങ്ങളുടെ ഫലപ്രദമായ വിനിയോഗം, അഭിനേതാക്കളുടെ കഴിവുകളെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുക. ഒപ്പം വിഷയവൈവിധ്യവും-സേതുമാധവന്‍ വാര്‍പ്പുമാതൃകകള്‍ക്കോ ഫോര്‍മുലകള്‍ക്കോ പിന്നാലെ പോയില്ല. 'പ്രതിജനഭിന്ന വിചിത്രമാര്‍ഗ്ഗമായ' ജീവിതമായിരുന്നു അദ്ദേഹത്തിനു ചിത്രീകരിക്കേണ്ടിയിരുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ ആഖ്യാനങ്ങള്‍ക്കുവേണ്ടി അദ്ദേഹം മലയാള സാഹിത്യത്തെയാണ് ആശ്രയിച്ചത്. ഇത്രയധികം സാഹിത്യ സൃഷ്ടികള്‍ വെള്ളിത്തിരയിലെത്തിച്ച മറ്റൊരു സംവിധായകനില്ല.
ഈ പുതിയ സമീപനം സ്വീകരിക്കപ്പെട്ടു. ജനപ്രിയ മസാല ചിത്രങ്ങളുടെ ചേരുവകളൊന്നുമില്ലാതെ സ്റ്റണ്ടും ഹാസ്യാഭാസവുമില്ലാതെ, പരീക്ഷണ സിനിമയുടെ വൈരസ്യമില്ലാതെ മനുഷ്യകഥാനുഗായികളായ നല്ല ചിത്രങ്ങള്‍ ഉണ്ടാവുമെന്നു തെളിയിച്ചവരില്‍ പ്രധാനിയും അഗ്രഗാമിയുമാണ് കെ.എസ്. സേതുമാധവന്‍. ഭാവിയില്‍ മലയാള സിനിമയുടെ ചരിത്രമെഴുതുന്നവര്‍ മലയാള സിനിമ സേതുമാധവന് മുന്‍പും പിന്‍പും എന്നായിരിക്കും കാലഗണന നടത്തുക.
നേരില്‍ കണ്ടിട്ടില്ലെങ്കിലും ആറു പതിറ്റാണ്ട് സിനിമാ കൊട്ടകകളിലിരുന്നു താങ്കളുടെ സാന്നിദ്ധ്യം അനുഭവിച്ചിട്ടുള്ള ആസ്വാദകന്റെ യാത്രാമംഗളങ്ങള്‍ സുഹൃത്തേ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates