ലിങ്ക്: വാര്‍ത്താലോകത്തേക്ക് ഒരു പുതുമുഖം 

By പി. രാംകുമാര്‍   |   Published: 24th February 2022 05:04 PM  |  

Last Updated: 24th February 2022 05:04 PM  |   A+A-   |  

link

 

സ്വാതന്ത്ര്യത്തിന്റെ ആലസ്യത്തില്‍നിന്ന് ഇന്ത്യ പതുക്കെ ഉണരുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഇന്ത്യയെ ലോകം അതീവ ശ്രദ്ധയോടെയായിരുന്നു ഉറ്റുനോക്കിയിരുന്നത്. ഒരു ജനതയുടെ ആശകളും അഭിലാഷങ്ങളുമായി പുതിയ ലോകത്തിലേക്ക് കാല്‍വയ്ക്കുകയായിരുന്നു ഇന്ത്യയിലെ പത്രലോകവും. 

ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ള പത്രങ്ങളും പത്രാധിപന്മാരുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. പക്ഷേ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തുടങ്ങിയ പത്രങ്ങളെല്ലാം ആ ദൗത്യം ലക്ഷ്യത്തിലെത്തിയതോടെ അടച്ചുപൂട്ടുകയോ ഇല്ലാതാവുകയോ ചെയ്തു. ശേഷിച്ചവ നിയന്ത്രിച്ചിരുന്നത് വ്യവസായഗ്രൂപ്പുകളായിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടാണ് വി.കെ. കൃഷ്ണമേനോന്‍ ഈ പത്രങ്ങളെ ജ്യൂട്ട് പ്രസ്സ് എന്നു വിളിച്ചത്. ഈ സാഹചര്യത്തില്‍ സാധാരണക്കാരുടെ വീക്ഷണങ്ങളും ആശയങ്ങളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കാന്‍ ദേശീയതലത്തില്‍ സ്വതന്ത്രമായൊരു പ്രസിദ്ധീകരണത്തിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ഇതിന്റെ ഭാഗമായി ഇടതുപക്ഷക്കാരേയും കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാരേയും യോജിപ്പിച്ച് ഒരു സംഘടനയ്ക്കു രൂപംകൊടുക്കാനുള്ള ശ്രമങ്ങളുണ്ടായി. നെഹ്റുവിന്റെ ചേരിചേരാനയം, നിരായുധീകരണം, ആസൂത്രിത വികസനം തുടങ്ങിയ നയപരിപാടികളെ പിന്തുണയ്ക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപം കൊണ്ടു. 

'ഫ്രീ പ്രസ്സ് ജേണല്‍' വിട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തിയ എടത്തട്ട നാരായണന്‍ ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യയിലെ ഇടതുപക്ഷക്കാരേയും അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുന്നവരേയും യോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ശാസ്ത്രീയ സോഷ്യലിസത്തിലൂന്നി ഒരു ജനാധിപത്യ സംവിധാനത്തിനു നേരായ ദിശയിലൂടെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്ന ദൗത്യവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. എടത്തട്ടയും അരുണാ അസഫലിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചെങ്കിലും പാര്‍ട്ടി അനുഭാവികളായിരുന്നു അപ്പോഴും. എടത്തട്ടയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി വി.കെ. കൃഷ്ണമേനോന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, കെ.ഡി. മാളവ്യ, ബിജു പട്നായിക്ക്, പ്രതാപ് സിങ്ങ് കെയ്റോണ്‍ തുടങ്ങിയ പ്രമുഖര്‍ മുന്നോട്ടു വന്നു. ഡോക്ടര്‍ ബാലിഗ സോവിയറ്റ് യൂണിയന്റെ സഹകരണവും വാഗ്ദാനം ചെയ്തു. ഇന്ത്യയുമായി ഉറച്ച ബന്ധമുള്ള, അക്കാലത്തെ സൂപ്പര്‍ പവറായിരുന്ന സോവിയറ്റ് യൂണിയന് ഇന്ത്യയിലെ അമേരിക്കന്‍ വാദമുഖങ്ങളെ നേരിടാന്‍ ഇത്തരമൊരു പ്രസിദ്ധീകരണം ആവശ്യമായിരുന്നു. എടത്തട്ടയ്ക്കയച്ച ഒരു കത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവും ഈ പ്രസിദ്ധീകരണത്തിന്റെ കാര്യത്തിലുള്ള താല്പര്യം പരാമര്‍ശിച്ചിരിക്കുന്നു. എടത്തട്ടയുമായി നെഹ്റു നിരന്തരം ബന്ധപ്പെട്ടിരുന്നു അക്കാലത്ത്. ഒരു ഇടതുപക്ഷ പ്രസിദ്ധീകരണത്തിന്റെ പിന്തുണ തനിക്ക് ഗുണകരമാണെന്ന് ജവഹര്‍ലാല്‍ നെഹ്റുവെന്ന രാഷ്ട്രീയക്കാരന് നന്നായി അറിയാമായിരുന്നു.

ഗൗരവമുള്ളതെന്നു പറയാവുന്ന വാര്‍ത്താവാരികകളൊന്നും ഇന്ത്യയില്‍ അക്കാലത്തുണ്ടായിരുന്നില്ല. ബന്നറ്റ് & കോള്‍മാന്‍ കമ്പനിയുടെ പ്രസിദ്ധീകരണമായിരുന്ന 'ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ'യായിരുന്നു പ്രചാരമുള്ള ഒരു പ്രസിദ്ധീകരണം. അതാകട്ടെ, തികച്ചും ഒരു കുടുംബവാരികയായിരുന്നു. റുസ്സി കരഞ്ചിയ എഡിറ്റ് ചെയ്ത് ബോംബെയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'ബ്ലിറ്റ്സ്' ആയിരുന്നു മറ്റൊന്ന്. സെന്‍സേഷണല്‍ വാര്‍ത്തകള്‍കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച 'ബ്ലിറ്റ്സി'ന് കൂടുതല്‍ പ്രചാരമുണ്ടായിരുന്നെങ്കിലും അതിനെ ഒരു വാര്‍ത്താവാരികയായി കണക്കാക്കാനാവുമായിരുന്നില്ല. ഇന്ത്യയില്‍ ഒരു സമഗ്രമായ വാര്‍ത്താ പ്രസിദ്ധീകരണത്തിനു പ്രസക്തിയുണ്ടെന്ന അഭിപ്രായം എടത്തട്ടയുടെ കൂട്ടായ്മകളില്‍ ഉയര്‍ന്നുവന്നു. പോത്തന്‍ ജോസഫ്, എം. ചലപതി റാവു, ഡി.പി. മുക്കര്‍ജി, ബിഷ്ണ്‍ഡേ, വൈദ്യനാഥ അയ്യര്‍ തുടങ്ങിയ തലസ്ഥാന നഗരിയിലെ പുരോഗമനാശയക്കാര്‍ ഇതിനെ ശക്തമായി പിന്തുണച്ചവരായിരുന്നു. 

നെഹ്റുവിന്റെ പിന്തുണ

പ്രസിദ്ധീകരണത്തിന്റെ പേരായി അടുത്ത വിഷയം. അനേകം പേരുകള്‍ പരിഗണനയ്ക്ക് വന്നു. ഒടുവില്‍ വി.കെ. കൃഷ്ണമേനോന്‍ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്ന ഒരു പേര് നിര്‍ദ്ദേശിച്ചു: ലിങ്ക്. പി. വിശ്വനാഥ്, ഒ.പി. സംഗല്‍, സി.എന്‍. ചിത്തരഞ്ജന്‍, സത്യവ്രതദേവ്, കെ.വി. ശംഭു, ഇ.ആര്‍. ഗോപിനാഥ്, ഗണേശ് ശുക്ല, ഗിരീഷ് മാഥുര്‍, സിയാവുള്‍ ഹുസ്സൈന്‍, കെ. ഗോപിനാഥ് തുടങ്ങിയ യുവ പത്രപ്രവര്‍ത്തകര്‍ 'ലിങ്കി'നു പിന്നില്‍ ആവേശത്തോടെ അണിനിരന്നു. 

1958 ഓഗസ്റ്റ് 15-ന്, സ്വാതന്ത്ര്യദിനത്തില്‍, ഇന്ത്യന്‍ പത്രരംഗത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് ലിങ്ക് വാര്‍ത്താ മാസിക ന്യൂസ് സ്റ്റാന്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടു. കശ്മീരിനെക്കുറിച്ചായിരുന്നു ആദ്യ കവര്‍ സ്റ്റോറി; ജവഹര്‍ലാലിന്റെ പ്രിയപ്പെട്ട കശ്മീര്‍, ഇന്ത്യ സ്വതന്ത്രയായിട്ടും ഏറെ മുറിവുകളേറ്റ കശ്മീര്‍. കശ്മീരിന്റെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ നെഹ്റു രൂപീകരിച്ച കമ്മിറ്റിയില്‍ എടത്തട്ട പ്രതിനിധിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിന് ആദ്യലക്കം നീക്കിവച്ചത്. സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ പ്രമുഖരായിരുന്നു എഴുത്തുകാര്‍.

''ശാസ്ത്രവും സാഹിത്യവും സാമൂഹ്യവിജ്ഞാനവും ഉള്‍ക്കൊണ്ട് സംസ്‌കാരം വളരുന്നത് ജനാധിപത്യ സമൂഹത്തില്‍ മാത്രമാണ്. മനുഷ്യന്‍ ഏകാന്തതയിലൂടെ നേടുന്നതാണവ. ശാസ്ത്രം, സാഹിത്യം, ദര്‍ശനം എന്നിവയുടെ നേട്ടങ്ങളെല്ലാം വ്യക്തിപ്രതിഭയുടേതും ചിന്തയുടേയും ധ്യാനത്തിന്റേയും ഫലമാണ്. അനീതിയും വിവേചനവും അജ്ഞതയും അന്ധവിശ്വാസവും സേച്ഛാധിപത്യവും നിലനില്‍ക്കുന്നിടത്ത് ഇവ വളരുകയില്ല. മനുഷ്യമനസ്സിനെ ത്വരിപ്പിക്കുന്നതിന് രാഷ്ട്രത്തിനകത്തുതന്നെ യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. ഐന്‍സ്റ്റീന്റെ വാക്കുകളില്‍, ബുദ്ധിക്കും ശാസ്ത്രീയ വിജ്ഞാനത്തിനുമുള്ള അന്തര്‍ദാഹം സമകാലീനങ്ങളാണ്. അവ എന്നും വേര്‍പെടാത്തവിധം ചരിത്രത്തില്‍ നിലനില്‍ക്കും.'' ഇന്ത്യന്‍ രാഷ്ട്രപതി ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍ ആദ്യലക്കം 'ലിങ്കി'നു നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

'ടൈം മാസിക'യുടെ മാതൃകയിലായിരുന്നു ലിങ്കിന്റെ ഉള്ളടക്കം. യുവതലമുറയിലെ പുരോഗമനാശയക്കാരെ 'ലിങ്ക്' ആകര്‍ഷിക്കുക തന്നെ ചെയ്തു. വാര്‍ത്താമാസികയെന്നതിലുപരി സാഹിത്യം, കല, ചലച്ചിത്രം, നാടകം എന്നിവയ്ക്കും 'ലിങ്ക്' പ്രാധാന്യം നല്‍കിയെന്നു മാത്രമല്ല, അവയൊക്കെ എഴുതിയത് ആ മേഖലകളിലെ പുരോഗമനാശയക്കാരായിരുന്നു. ഏറെ താമസിയാതെ 'ലിങ്ക്' ഇന്ത്യയിലെ മികച്ച പ്രസിദ്ധീകരണമായി മാറി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പുരോഗമനാശയക്കാരേയും ഇന്ത്യയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ളവരേയും യോജിപ്പിക്കുക എന്ന ദൗത്യമായിരുന്നു 'ലിങ്കി'നുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ജവഹര്‍ലാല്‍ നെഹ്റുവിനും കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്ന അപ്രമാദിത്വത്തിന് ഇളക്കം തട്ടിയിരുന്ന കാലത്തിലാണ് 'ലിങ്കി'ന്റെ വരവ്. അതുകൊണ്ടുതന്നെ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ശക്തിപകരുന്നതും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതും 'ലിങ്കി'ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലുണ്ടായിരുന്നു. 

പ്രശസ്ത പത്രപ്രവര്‍ത്തകനായ സി.പി. രാമചന്ദ്രന്റെ ഭാര്യ ജലബാലയായിരുന്നു (പിന്നീട് അവര്‍ പിരിഞ്ഞു) 'ലിങ്കി'ന്റെ ആദ്യലക്കങ്ങളുടെ പ്രൂഫ് വായിച്ചത്. 'ശങ്കേഴ്സ് വീക്കിലി'യില്‍ പത്രപ്രവര്‍ത്തനം പരിശീലിക്കാനായി അവര്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അക്കാലത്താണ് സി.പി. രാമചന്ദ്രനുമായി അടുക്കുന്നതും വിവാഹിതരാകുന്നതും. 'ലിങ്കി'ന്റെ ജോലികളില്‍ സഹായിക്കാന്‍ എടത്തട്ട എന്നോട് ആവശ്യപ്പെട്ടു. ഗര്‍ഭിണിയായിരുന്ന എന്നോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് അദ്ദേഹം അനുഭാവപൂര്‍വ്വം പറഞ്ഞത് ഞാനോര്‍ക്കുന്നു. യുവതലമുറയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു അത്. എന്തൊരു ആവേശത്തോടെയായിരുന്നു ഞാന്‍ അതിന്റെ ജോലികളില്‍ മുഴുകിയതെന്ന് പറയാതെ വയ്യ. അതില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' പിന്നീട് ഡല്‍ഹിയിലെ അക്ഷര ഗ്രൂപ്പ് ഓഫ് തിയേറ്ററിന്റെ പ്രധാന ശില്പികളിലൊരാളായ ജലബാല ഗോപാല്‍ ശര്‍മന്‍ അനുസ്മരിച്ചു.

'ലിങ്കി'ന്റെ ആദ്യപേജില്‍ എഡിറ്റോറിയല്‍ അംഗങ്ങളുടെ പേരുകള്‍ കൊടുത്തിരുന്നതില്‍ സി.പി. രാമചന്ദ്രന്റെ പേരുമുണ്ടായിരുന്നു. 'ശങ്കേഴ്സ് വീക്കിലി'യിലെ പ്രധാന എഡിറ്ററായ സി.പിയുടെ പേര് 'ലിങ്കി'ല്‍ പ്രത്യക്ഷപ്പെട്ടത് ശങ്കറിനു രസിച്ചില്ല. ഇതറിഞ്ഞ സി.പി., തന്റെ പേര് നീക്കം ചെയ്യാന്‍ എടത്തട്ടയോട് ആവശ്യപ്പെട്ടു.

ആദ്യലക്കത്തിന് വായനക്കാരില്‍നിന്നു ലഭിച്ച സ്വീകരണം അത്ഭുതകരമായിരുന്നെങ്കിലും ഉള്ളടക്കത്തിന്റെ നിലവാരം വളരെ ഉയര്‍ന്നതാണെന്ന അഭിപ്രായമായിരുന്നു പൊതുവേ. അതു കണക്കിലെടുത്ത് പിന്നീടുള്ള ലക്കങ്ങളില്‍ ഉള്ളടക്കം കുറേക്കൂടി ലളിതമാക്കി.

എടത്തട്ടയുടെ പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കാലമായിരുന്നു അത്. അക്കാലത്തെ പുരോഗമനാശയക്കാരായ എഴുത്തുകാരെല്ലാം 'ലിങ്കി'ലെഴുതി. സമകാലീന രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക സംഭവങ്ങള്‍ 'ലിങ്കി'ലൂടെ വായനക്കാര്‍ ശ്രദ്ധിച്ചു. 'ലിങ്ക്' വരാന്‍ എല്ലാ ആഴ്ചയും അവര്‍ കാത്തിരുന്നു. അതിലെ റിപ്പോര്‍ട്ടുകളും എഡിറ്റോറിയലുകളും ശ്രദ്ധിക്കപ്പെട്ടു. പണ്ഡിറ്റ് നെഹ്റു എല്ലാ കൊല്ലവും എടത്തട്ടയ്ക്ക് പ്രത്യേക അഭിമുഖം നല്‍കി. 'ലിങ്കി'ലെ അഭിപ്രായങ്ങള്‍ ആദരിക്കപ്പെട്ടു. അക്കാലത്ത് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനമാരംഭിച്ച വി.കെ. മാധവന്‍കുട്ടി 'ലിങ്കി'നെക്കുറിച്ച് തന്റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

ഇതിന് ഒരു മറുവശം കൂടിയുണ്ടായിരുന്നു. അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണമായി 'ലിങ്കി'നെ ചിലര്‍ മുദ്രകുത്തി; പ്രത്യേകിച്ചും വി.കെ. കൃഷ്ണമേനോനെ ശക്തമായി എതിര്‍ക്കുന്ന ഇന്ത്യയിലെ അമേരിക്കന്‍ ലോബി. അവര്‍ 'ലിങ്കി'നെ ശക്തമായി എതിര്‍ത്തു. സോവിയറ്റ് യൂണിയന്റെ പിന്തുണയുള്ള പ്രസിദ്ധീകരണമായതിനാല്‍, ലോകത്തെവിടെയും ഇടതുപക്ഷ ആശയങ്ങളെ എതിര്‍ക്കുന്ന അമേരിക്ക 'ലിങ്കി'നെ എതിര്‍ക്കുന്നത് സ്വാഭാവികം.

ഉടനെ പുറത്തിറങ്ങാൻ പോകുന്ന പി രാംകുമാറിന്റെ 'എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും' എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാ​ഗം. ഡൽഹിയിൽ വേരുറപ്പിക്കാനും ഒരു വാർത്താ വാരികയും ദിനപത്രവും തുടങ്ങി വിജയിപ്പിക്കാൻ കഴിഞ്ഞ പ്രതിഭാശാലിയായ ആ പത്രപ്രവർത്തകൻ കടന്നുപോയിട്ട് നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം വരുന്നത്. 

പ്രസാധനം ഇന്ദുലേഖ ബുക്സ്, പേജ് 156, വില 200 രൂപ.

അന്താരാഷ്ട്രരംഗത്ത് ഏറെ ചലനങ്ങളുണ്ടാക്കിയ പല സംഭവങ്ങള്‍ക്കും 'ലിങ്ക്' മികച്ച കവറേജ് നല്‍കി. അതിലൊന്നായിരുന്നു ക്യൂബന്‍ വിപ്ലവം. 'ലിങ്കി'ന്റെ ലേഖകന്‍ ഇ.ആര്‍. ഗോപിനാഥ് ഹാവന്നയില്‍ നേരിട്ടു ചെന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഏകാധിപതിയായ ബാറ്റിസ്റ്റയുടെ പതനവും ഫിദല്‍ കാസ്ട്രോയുടെ പോരാട്ടവും ഇന്ത്യയിലെ വായനക്കാര്‍ ആവേശത്തോടെ 'ലിങ്കി'ലൂടെ വായിച്ചു. ക്യൂബയിലെ സംഭവവികാസങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ഏക ഇന്ത്യന്‍ പ്രസിദ്ധീകരണവും 'ലിങ്കാ'യിരുന്നു. 

ഗോവയുടെ വിമോചനമായിരുന്നു 'ലിങ്കി'ല്‍ വന്ന മറ്റൊരു ഐതിഹാസിക വിഷയം. വി.കെ. കൃഷ്ണമേനോന്റെ സമര്‍ത്ഥമായ നീക്കങ്ങളിലൂടെ പോര്‍ച്ചുഗീസ് ആധിപത്യത്തില്‍നിന്ന് ഗോവയെ മോചിപ്പിച്ച നാടകീയസംഭവങ്ങള്‍ 'ലിങ്കി'ലൂടെ വായനക്കാര്‍ വായിച്ചറിഞ്ഞു. 

വി.കെ. കൃഷ്ണമേനോന്‍ രാഷ്ട്രീയരംഗത്ത് എതിര്‍പ്പുകള്‍ നേരിടുന്ന സമയമായിരുന്നു. കോണ്‍ഗ്രസ്സിനുള്ളില്‍ അദ്ദേഹത്തിനു ശക്തമായ വിമര്‍ശനം നേരിടേണ്ടിവന്നു. അദ്ദേഹത്തിനെതിരെ ഒരു ലോബി തന്നെ രൂപം കൊണ്ടു. ഇവരെയെല്ലാം ആശയപരമായി നേരിട്ടത് 'ലിങ്ക്' ആയിരുന്നു. കൃഷ്ണമേനോനാകട്ടെ, 'ലിങ്കി'ലൂടെ തന്റെ വാദമുഖങ്ങള്‍ ശക്തമായി വായനക്കാര്‍ക്ക് നല്‍കി. 

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സോവിയറ്റ് യൂണിയനിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളും വാദപ്രതിവാദങ്ങളും ഗ്രൂപ്പിസവും ഭിന്നിപ്പുകളും 'ലിങ്ക്' വായനക്കാര്‍ക്ക് എത്തിച്ചു. ഇതോടെ പാര്‍ട്ടി നേതാക്കള്‍ അസ്വസ്ഥരായി. 'ലിങ്കി'ലെ വാര്‍ത്തകളുടെ ആധികാരികതയാണ് അവരെ കൂടുതല്‍ കുഴക്കിയത്. പാര്‍ട്ടിയിലെ ഉന്നതനേതാക്കളായ പി.സി. ജോഷി, എസ്.എ. ഡാങ്കേ, അജയഘോഷ്, രാജേശ്വരറാവു തുടങ്ങിയ നേതാക്കളുമായി എടത്തട്ട അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അവരെയൊഴിച്ച് മറ്റു നേതാക്കളെ അംഗീകരിക്കാനോ അവരുടെ നയങ്ങളോട് യോജിച്ചു പോകാനോ എടത്തട്ടയ്ക്ക് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ സഹിക്കാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല. 'ലിങ്കു'മായുള്ള എല്ലാ സഹകരണവും നിരോധിച്ചുകൊണ്ട് പാര്‍ട്ടി എക്‌സിക്യൂട്ടീവ് പ്രമേയം പാസ്സാക്കി. ഏറെ താമസിയാതെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുകയും ചെയ്തു. പിളര്‍പ്പിനുശേഷം, 'ലിങ്കി'ല്‍ പ്രസിദ്ധീകരിച്ച പല വസ്തുതകളും ശരിയാണെന്നു തെളിഞ്ഞു. 

ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടിയപ്പോള്‍ കൃഷ്ണമേനോനെ പ്രതിരോധിച്ച ചുരുക്കം പ്രസിദ്ധീകരണങ്ങളിലൊന്ന് 'ലിങ്ക്' ആയിരുന്നു. കേരളത്തില്‍ 'കേരള കൗമുദി' പത്രം വി.കെ. കൃഷ്ണമേനോനെ ശക്തമായി പിന്തുണച്ചിരുന്നു. പത്രാധിപരായ കെ. സുകുമാരന്‍, കൃഷ്ണമേനോന്റെ സേവനങ്ങളെ എടുത്തുകാട്ടി 'കേരള കൗമുദി'യില്‍ മുഖപ്രസംഗം എഴുതി. ഇതിന്റെ പരിഭാഷ പിന്നീട് എടത്തട്ട 'ലിങ്കി'ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എടത്തട്ടയുടെ സമര്‍ത്ഥമായ സംഘടനാപാടവം 'ലിങ്കി'നെ മികച്ച പ്രസിദ്ധീകരണമാക്കി. 'ഹിന്ദുസ്ഥാന്‍ ടൈംസ്' മുതല്‍ 'ഫ്രീ പ്രസ്സ് ജേണല്‍' വരെയുള്ള പത്രപ്രവര്‍ത്തനാനുഭവങ്ങള്‍, 'ലിങ്കി'നെ വായനക്കാര്‍ക്ക് പ്രിയപ്പെട്ട പ്രസിദ്ധീകരണമാക്കാന്‍ എടത്തട്ടയെ ഏറെ സഹായിച്ചു. അച്ചടി, ലേ ഔട്ട്, ഡിസൈന്‍, പ്രൂഫ് തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നതും 'ലിങ്കി'ന്റെ വിജയത്തിനു കാരണമായി. 

ഈ വിജയം അദ്ദേഹത്തെ മറ്റൊരു ആശയത്തിലേക്കെത്തിച്ചു - ഒരു ദിനപത്രം ആരംഭിക്കുക. സഹപ്രവര്‍ത്തകരുമായി അതു ചര്‍ച്ച ചെയ്തപ്പോള്‍ അവരുടെ പ്രതികരണം അനുകൂലമായിരുന്നില്ല. ഡല്‍ഹിയിലെ പത്രസാമ്രാജ്യത്തില്‍ ഒരു പുതിയ പത്രം തുടങ്ങി വിജയിപ്പിക്കുക എളുപ്പമല്ലെന്നായിരുന്നു അവരില്‍ പലരും വിലയിരുത്തിയത്. സാമ്പത്തിക പിന്‍ബലമില്ലാതെ, ഇടതുവീക്ഷണമുള്ള ഒരു പത്രത്തിന്റെ വിജയസാധ്യത കുറവാണെന്നാണ് അവരെല്ലാം ഒന്നായി അഭിപ്രായപ്പെട്ടത്. ഒരു പത്രം വിജയിക്കണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്- വാര്‍ത്തയിലെ വിശ്വാസ്യത, പരസ്യവരുമാനം, പ്രൊഫഷണല്‍ മാനേജ്മെന്റ്. ബിസിനസ് ഗ്രൂപ്പുകളുടെ പിന്‍ബലമുള്ള, പണത്തിനോ പരസ്യത്തിനോ ഒരു ക്ഷാമവുമില്ലാത്ത ഹിന്ദുസ്ഥാന്‍ ടൈംസ്, സ്റ്റേറ്റ്സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ വന്‍കിട പത്രങ്ങളുമായിട്ടാണ് പുതുതായി തുടങ്ങുന്ന പത്രത്തിനു മത്സരിക്കേണ്ടത്. അത് എളുപ്പമല്ല. ഇടതുപക്ഷ ചായ്വുള്ള ഒരു പത്രത്തിനു പരസ്യവരുമാനം പ്രതീക്ഷിച്ചതുപോലുണ്ടാകുമോ? അതും സാധ്യത കുറവാണ്. കോണ്‍ഗ്രസ്സിന്റെ പത്രമായ നെഹ്റുവിന്റെ സ്വന്തം 'നാഷണല്‍ ഹെറാള്‍ഡി'നുപോലും മുന്നേറാന്‍ സാധിക്കുന്നില്ലെന്നു പലരും എടുത്തു പറഞ്ഞു. 

പുതിയ പത്രം തുടങ്ങുന്നതിനേക്കാള്‍ മറ്റു ഭാഷകളില്‍ 'ലിങ്ക്' പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം ചില സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചു. സ്വാഭാവികമായും 'ലിങ്കി'ന്റെ അന്യഭാഷാ പതിപ്പുകള്‍ നല്ല പ്രതികരണമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. ഒരു ഇംഗ്ലിഷ് വാര്‍ത്താ വാരികയ്ക്കും അക്കാലത്ത് പ്രാദേശിക ഭാഷകളില്‍ പതിപ്പുകളില്ല.

പക്ഷേ, എടത്തട്ടയുടെ ലക്ഷ്യം ഉറച്ചതായിരുന്നു: ഒരു പത്രം പുറത്തിറക്കുകയാണ് അടുത്ത ദൗത്യം. അരുണ അസഫലിയും ഡോക്ടര്‍ ബാലിഗയും ഈ ആശയത്തെ പിന്തുണച്ചു.