ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ ദൗത്യം

ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ ദൗത്യം
Updated on
9 min read

ബ്രിട്ടീഷ് ഭരണത്തില്‍നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കൊളോണിയല്‍ ഭരണകൂടത്തില്‍നിന്നും ദേശീയ ബൂര്‍ഷ്വാസിയിലേയ്ക്കുള്ള അധികാര കൈമാറ്റമായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ അധികാരത്തില്‍ വന്നത് ഒരു ബൂര്‍ഷ്വാ-ഭൂപ്രഭു സഖ്യ ഭരണകൂടമാണ് എന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അത് ശരിയുമാണ്. ഒരു ജനതയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ആ സ്വാതന്ത്ര്യത്തിലൂടെ അധികാരത്തില്‍ വന്ന ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവം അങ്ങനെ തന്നെയായിരുന്നു1. ദേശീയ മുതലാളിത്ത-ഭൂപ്രഭു താല്പര്യങ്ങളും സവര്‍ണ ഹിന്ദു ആശയങ്ങളും തന്നെയാണ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സിന്റെ നയങ്ങളെ പിന്നീട് സ്വാധീനിച്ചത്. അതുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രാരംഭത്തില്‍ത്തന്നെ ഡോക്ടര്‍ ബി.ആര്‍. അംബേദ്കറിനെപ്പോലെ ഒരു ദളിത് നേതാവിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേയ്ക്ക് പോകേണ്ടിവന്നത്. 1947-ല്‍ അംബേദ്കറാണ് 'ഹിന്ദു കോഡ് ബില്ല്' തയ്യാറാക്കിയത്. ഹിന്ദുസമുദായത്തിലെ മതപരമായ വ്യക്തിനിയമങ്ങള്‍ക്കു പകരം ഹിന്ദു മതത്തിനുള്ളില്‍ സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കുന്നതിനായുള്ള ബില്ലായിരുന്നു അത്. ബഹുഭാര്യാത്വം അവസാനിപ്പിക്കുക, വിധവാവിവാഹം അനുവദിക്കുക, പാരമ്പര്യസ്വത്തിന്മേല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം ഉറപ്പാക്കുക, വിവാഹമോചനം നേടാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുക എന്നിങ്ങനെ വിപ്ലവകരമായ മാറ്റങ്ങളാണ് ബില്ലിലൂടെ ഭാവന ചെയ്യപ്പെട്ടത്. എന്നാല്‍, ഈ ബില്ലിനോട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നത് കോണ്‍ഗ്രസ്സിനുള്ളിലെ സവര്‍ണ ഹിന്ദുക്കളില്‍നിന്നുതന്നെയായിരുന്നു. ഒടുവില്‍ അംബേദ്കറിന് മന്ത്രിസ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിക്കേണ്ടിവന്നു എന്നത് ആ പ്രസ്ഥാനം രാഷ്ട്രീയ ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോഴും സാമൂഹികമായ യാഥാസ്ഥിതികത്വത്തിനുള്ളിലായിരുന്നു എന്നതിന്റെ ഉത്തമമായ തെളിവാണ്.

1991 സെപ്തംബര്‍ 18-നാണ് 'ആരാധനാലയ നിയമം' ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി. ചവാനാണ് 'The Places of Worship (Special Provisions) Act 1991' ലോക്സഭയില്‍ അവതരിപ്പിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം ശക്തിപ്രാപിച്ച ഘട്ടത്തിലായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്രകാരം ഒരു ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതുന്നു: ''ഏതെങ്കിലും ആരാധനാലയത്തിന്റെ പരിവര്‍ത്തനം തടയുന്നതിനും എല്ലാ ആരാധനാലയങ്ങളുടേയും മതപരമായ സ്വഭാവം 1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്നതുപോലെ നിലനിര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ആ ബില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഒരു ആരാധനാലയത്തെ മാത്രം നിയമത്തിന്റെ കരടുരേഖയില്‍നിന്നും ഒഴിവാക്കിയിരുന്നു; ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യാ ഭൂമി''. അതായത് ഏതു വിഷയമാണോ ഇപ്രകാരം ഒരു ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിച്ചത് ആ വിഷയത്തെ അഭിസംബോധന ചെയ്യാതെയുള്ള ബില്ലാണ് തയ്യാറാക്കപ്പെട്ടത് എന്നര്‍ത്ഥം! അത് അങ്ങേയറ്റം ദുരൂഹമാണല്ലോ. അയോദ്ധ്യയെ മാത്രം ഒഴിവാക്കിയ നടപടിയെ 'Explicitly exempted' എന്നാണ് ദേശീയ മാധ്യമങ്ങള്‍ അന്നു വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനു നിശ്ശബ്ദ സാക്ഷിയായി. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ സമീപനം പല ഘട്ടങ്ങളിലായി മറനീക്കി പുറത്തുവന്നിട്ടുണ്ട് എന്നത് തിരസ്‌കരിക്കാനാകാത്ത വസ്തുതയാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് സ്വാതന്ത്ര്യാനന്തരം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മുഖ്യശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു.

നെഹ്രുവിയന്‍ സോഷ്യലിസം, നെഹ്രുവിയന്‍ മതേതര-ജനാധിപത്യ സങ്കല്പങ്ങള്‍ എന്നിവ പ്രഖ്യാപിത ആശയങ്ങളായിരുന്നുവെങ്കിലും ഉപരിവര്‍ഗ്ഗ-ബ്രാഹ്മണ സ്വാധീനം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നയങ്ങളെ നിര്‍ണ്ണയിക്കുകയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഹിന്ദു നേതൃത്വത്തിന്റെ ആധിപത്യത്തിലും ദേശീയ മുതലാളിത്തത്തിന്റെ നിയന്ത്രണത്തിലുമായി മാറിത്തീരുകയും ചെയ്തു. കാമരാജിനേയും ജഗജീവന്‍ റാമിനേയുമൊക്കെപ്പോലെയുള്ള പിന്നാക്ക നേതാക്കള്‍ നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഉത്തരേന്ത്യന്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട നേതാക്കളുടെ അപ്രമാദിത്വം തന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെ നയപരിപാടികളിലും സമീപനങ്ങളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നത്. എന്നാല്‍, 'ഹിന്ദുത്വ ദേശീയത' എന്ന ആശയത്തിലേയ്ക്ക് ഒരിക്കലും കോണ്‍ഗ്രസ് വഴുതിവീണിട്ടില്ല. അതിനു കാരണം ഇന്ത്യയുടെ നാനാത്വത്തെ ആ പാര്‍ട്ടി അംഗീകരിച്ചിരുന്നു എന്നതുകൊണ്ടാണ്. 1920 മുതല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനം കൂടുതല്‍ 'Inclusive' ആയി മാറി. മഹാത്മാഗാന്ധിയുടെ വരവോടെയായിരുന്നു അത്. ഇന്ത്യന്‍ സമൂഹത്തില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് അതു വഴിവെച്ചിട്ടില്ലെങ്കില്‍ കൂടിയും പ്രസ്തുത 'ഉള്‍ക്കൊള്ളല്‍' താഴേത്തട്ടിലെ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഒട്ടൊക്കെ രാഷ്ട്രീയ സ്വാതന്ത്ര്യം, നേരിയ തോതിലുള്ളതാണെങ്കില്‍ കൂടിയും ജാതി അസമത്വത്തില്‍ ചെറിയ മാറ്റങ്ങള്‍, അല്പമാത്രമെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം എന്നിങ്ങനെ കുറഞ്ഞ തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് ഇടവരുത്തി. മാറ്റം നാമമാത്രമായിരുന്നെങ്കിലും അത് സ്വാതന്ത്ര്യാനന്തരവും ഏതാനും പതിറ്റാണ്ടുകള്‍ കൂടി കീഴാള ജാതി വിഭാഗങ്ങളെ കോണ്‍ഗ്രസ്സിനോട് ചേര്‍ത്തുനിര്‍ത്തി. ഒരു ദേശീയ പാര്‍ട്ടിയായിരിക്കുമ്പോഴും പ്രാദേശികമായ വൈവിധ്യങ്ങളേയും ബഹുജാതീയതയേയും അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കും വിധം കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനം സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന നാനാപ്രകാരമുള്ള നേതൃനിര കൂടിയായിരുന്നു എന്നും കാണാം.

മണ്ഡലകാലം

എന്നാല്‍, ബഹുജാതീയതയ്ക്കുമേല്‍ ഹിന്ദുബോധം വ്യക്തമായും കോണ്‍ഗ്രസ് നയത്തെ ഗ്രസിച്ച സന്ദര്‍ഭം മണ്ഡല്‍ പ്രക്ഷോഭകാലമായിരുന്നു. 1979 ജനുവരി ഒന്നിന് അന്ന് അധികാരത്തിലിരുന്ന മൊറാര്‍ജി ദേശായ് സര്‍ക്കാര്‍ പിന്നാക്ക ജാതിവിഭാഗങ്ങളുടെ സാമൂഹ്യസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിഷനെ നിയോഗിച്ചു. ബീഹാറിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലായിരുന്നു കമ്മിഷന്റെ അദ്ധ്യക്ഷന്‍. 1980 ഡിസംബര്‍ 30-ന് മണ്ഡല്‍ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു നല്‍കി വരുന്ന സംവരണത്തിനു പുറമെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മറ്റു ജാതിവിഭാഗങ്ങള്‍ക്കുകൂടി (OBC) കേന്ദ്ര സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസരംഗത്തും 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍, മൊറാര്‍ജി സര്‍ക്കാരിന് അതു നടപ്പാക്കാനായില്ല. അപ്പോഴേയ്ക്കും ആ സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. തുടര്‍ന്ന് 1980-ല്‍ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധി സര്‍ക്കാരോ ഇന്ദിരയുടെ രക്തസാക്ഷിത്വത്തിനുശേഷം അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി സര്‍ക്കാരോ മണ്ഡല്‍ കമ്മിഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു മുന്‍കയ്യും എടുത്തില്ല. ബോഫോഴ്സ് കുംഭകോണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജീവ് ഗാന്ധിക്കു പിന്നാലെ 1989-ല്‍ അധികാരത്തില്‍ വന്ന ദേശീയ മുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ്ങാണ് ഏറെക്കാലം ഫ്രീസറിലായിരുന്ന മണ്ഡല്‍ റിപ്പോര്‍ട്ട് പുറത്തെടുക്കുകയും ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തത് (കൊളോണിയല്‍ ഭരണത്തിനെതിരായ ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനുശേഷം നടന്ന രണ്ടാമത്തെ ജനാധിപത്യ മുന്നേറ്റമായിരുന്നു - democratic upsurge - OBC സംവരണത്തിനായുള്ള സമരങ്ങള്‍).

ശിപാര്‍ശ നടപ്പാക്കാനുള്ള വി.പി. സിങ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആദ്യം പ്രക്ഷോഭത്തിനിറങ്ങിയത് ബി.ജെ.പിയായിരുന്നു. രാജീവ് ഗോസ്വാമി എന്ന ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മാഹുതി ശ്രമം നടത്തിയത് രാജ്യത്തെ ആകെ ഞെട്ടിച്ചു. മൊണികാ ഛദ്ദ എന്ന 19-കാരി ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തുടര്‍ന്ന് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഏതാണ്ട് ഇരുന്നൂറോളം ആത്മാഹുതി ശ്രമങ്ങള്‍ നടന്നതായും അതില്‍ 60 പേര്‍ മരിച്ചതായും രാമചന്ദ്ര ഗുഹ രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണമടക്കം രാജ്യത്തെ സംവരണത്തിന്റെ തോത് 49 ശതമാനമായി ഉയരുമെന്നും അത് മുന്നോക്കക്കാരുടെ സാദ്ധ്യതകളെ അട്ടിമറിക്കുമെന്നുമായിരുന്നു പ്രക്ഷോഭകാരികളുടെ വാദം. ഭൂരിപക്ഷ സമുദായങ്ങളെ അത് കുറച്ചൊന്നുമല്ല വിറളിപിടിപ്പിച്ചത്. അതോടെ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്സും രംഗത്തെത്തി.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ റിപ്പോര്‍ട്ടിന്മേല്‍ ഒന്‍പതു വര്‍ഷം നിശ്ശബ്ദത പാലിക്കാന്‍ കോണ്‍ഗ്രസ്സിനെ നിര്‍ബ്ബന്ധിച്ചത് രണ്ടുതരം രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാണ്. ഒന്നാമത്തേത് നിശ്ചയമായും ബി.ജെ.പിയുടെ സാവധാനത്തിലുള്ള വളര്‍ച്ച തന്നെയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഉറച്ച വോട്ട്ബാങ്കായിരുന്ന ഉത്തരേന്ത്യന്‍ സവര്‍ണ്ണ ജാതി സമൂഹങ്ങളിലേക്കാണ് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം ആദ്യം നുഴഞ്ഞുകയറിയത്. പിന്നാക്ക സംവരണത്തെ അനുകൂലിച്ചാല്‍ ഈ വോട്ട്ബാങ്ക് തങ്ങള്‍ക്കു നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. രണ്ടാമത്തേത് ആ പാര്‍ട്ടിയില്‍ ഹിന്ദു വിഭാഗങ്ങള്‍ക്കുള്ള ആധിപത്യം തന്നെയായിരുന്നു. അകത്തുനിന്നും പുറത്തുനിന്നുമുള്ള ഈ രണ്ട് സമ്മര്‍ദ്ദങ്ങളാണ് കോണ്‍ഗ്രസ്സിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടിതെറ്റിച്ചത്. പില്‍ക്കാലത്ത് ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടിവന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി.ജെ.പിയിലേയ്ക്കുള്ള സവര്‍ണ്ണ സമൂദായങ്ങളുടെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡല്‍ വിരോധത്തിനു കഴിഞ്ഞില്ല. കാരണം ആ വിഷയം അത്രമേല്‍ തീവ്രമായും വര്‍ഗ്ഗീയമായുമാണ് ബി.ജെ.പി അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ 'മൃദു ഹിന്ദുത്വം' പരാജയപ്പെടുകയും ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വം വിജയിക്കുകയും ചെയ്തു. 1991-ല്‍ ഒ.ബി.സി സംവരണത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷമായി. തെരഞ്ഞെടുപ്പിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോണ്‍ഗ്രസ്സിന് അനുകൂലമായ ഒരു സഹതാപതരംഗം ഉണ്ടാക്കിയതിനാലാണ് കോണ്‍ഗ്രസ് കഷ്ടിച്ച് വീണ്ടും ദേശീയ അധികാരത്തില്‍ എത്തിയത്. മണ്ഡല്‍ പ്രക്ഷോഭത്തിനു മുന്‍പ് 1989-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ചത് 85 സീറ്റുകളായിരുന്നുവെങ്കില്‍ മണ്ഡല്‍ പ്രക്ഷോഭത്തിനിടെ '91-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അംഗബലം ലോക്സഭയില്‍ 120 സീറ്റുകളായി ഉയര്‍ന്നു.

രാമജന്മഭൂമി പ്രസ്ഥാനം, മണ്ഡല്‍വിരുദ്ധ പ്രക്ഷോഭം എന്നിവയാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയ തന്ത്രപരമായ രണ്ട് രാഷ്ട്രീയ നീക്കങ്ങള്‍. എന്നാല്‍, ഈ രണ്ട് നീക്കങ്ങളുടേയും താല്പര്യങ്ങള്‍ക്കിടയില്‍ ഒരു വൈരുദ്ധ്യമുണ്ടെന്നു കാണാം. രാമജന്മഭൂമി പ്രസ്ഥാനം എല്ലാ ഹിന്ദുക്കളേയും-സവര്‍ണ്ണ ബ്രാഹ്മണര്‍ മുതല്‍ ആദിവാസി-ദളിത് വിഭാഗങ്ങളെ വരെ-ഒന്നിപ്പിക്കാനായുള്ള പ്രസ്ഥാനമായിരുന്നു. കാരണം രാമനും ഹനുമാനുമെല്ലാം ആകെ ഹിന്ദു വിഭാഗങ്ങളുടേയും ദേവതകളാണ്. എന്നാല്‍, മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ മുഖ്യധാരാ പ്രവേശത്തെ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിനെ എതിര്‍ക്കുക വഴി ബി.ജെ.പി ആ വിഭാഗങ്ങളെ ബ്രാഹ്മണ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി അന്യവല്‍ക്കരിക്കുകയും ചെയ്തു. അതായത് വലിയൊരു വിഭാഗം ഹിന്ദുക്കളെ ഒറ്റുകൊടുത്തുകൊണ്ടാണ് (അവര്‍ കീഴാള ഹിന്ദുക്കളാണ്) ബി.ജെ.പി മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിന് ഇറങ്ങിപ്പുറപ്പെട്ടത് എന്നര്‍ത്ഥം. അത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളേയും ദളിതരേയും ബി.ജെ.പിയുടെ 'നാമെല്ലാം ഹിന്ദുക്കള്‍' എന്ന ആശയത്തില്‍നിന്നും അകറ്റി. അവര്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേയ്ക്ക് ചേരിമാറി. രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഹിന്ദു ഐക്യം എന്ന ഒറ്റ കുടക്കീഴിലേയ്ക്ക് ബ്രാഹ്മണര്‍ മുതല്‍ ദളിതര്‍ വരെയുള്ളവരെ ഒറ്റയടിക്ക് ഒന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ '90-കളില്‍ തുരങ്കം വയ്ക്കുന്നതില്‍ വി.പി. സിങ് വഹിച്ച പങ്ക് ചെറുതല്ലെന്നു കാണാം. മണ്ഡല്‍ കമ്മിഷന്റെ സാമൂഹിക പ്രത്യാഘാതത്തിനൊപ്പം സംഭവിച്ച വലിയ രാഷ്ട്രീയ പ്രത്യാഘാതം കൂടിയായിരുന്നു അത്. ബി.ജെ.പിയില്‍ പ്രബലമായ ബ്രാഹ്മണാധിപത്യത്തെ അത് തുറന്നുകാട്ടി. മണ്ഡല്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹിന്ദുവിഭാഗത്തിലുണ്ടായ പിളര്‍പ്പാണ് ഒരര്‍ത്ഥത്തില്‍ ബി.ജെ.പിയെ ദേശീയാധികാരത്തിലെത്തിക്കുന്നതില്‍ അക്കാലത്ത് തടയിട്ടത്.

ഹിന്ദുക്കളെ മുന്നോക്കം, പിന്നാക്കം, ഹരിജനങ്ങള്‍ എന്നിങ്ങനെ വിഭജിക്കാനാണ് വി.പി. സിങ് ശ്രമിക്കുന്നതെന്ന് ആര്‍.എസ്.എസ്സിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ അന്നു വിലപിച്ചു. ഇതിനെ മറികടക്കാന്‍ പില്‍ക്കാലത്ത് ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിങ്, മധ്യപ്രദേശില്‍ ഉമാ ഭാരതി, ശിവരാജ് സിങ് ചൗഹാന്‍, ബീഹാറില്‍ സുശീല്‍ കുമാര്‍ മോദി, ഝാര്‍ഖണ്ഡില്‍ ബാബുലാല്‍ മറാന്‍ഡി എന്നിങ്ങനെ പല പിന്നാക്ക-ആദിവാസി നേതാക്കളേയും ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്നു. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയബുദ്ധിയായിരുന്നു അത്. 1996-ല്‍ കേവലം 13 ദിവസം മാത്രം പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് പറഞ്ഞ മറുപടിയില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കു വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിരുന്നു. ''പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലോക്സഭയില്‍ ആകെ 77 അംഗങ്ങളാണുള്ളത്. അതില്‍ 29 പേരും ബി.ജെ.പി അംഗങ്ങളാണ്. സി.പി.ഐ.എമ്മിന് അഞ്ച് അംഗങ്ങള്‍. സി.പി.ഐക്ക് ഒരംഗം മാത്രം. കോണ്‍ഗ്രസ്സിന് 15 അംഗങ്ങള്‍. ജനതാദളിന് ഏഴ് അംഗങ്ങള്‍. പട്ടികവര്‍ഗ്ഗ വിഭാഗത്തിലും ബി.ജെ.പിയാണ് മുന്നില്‍. ആകെ 41 അംഗങ്ങള്‍. അതില്‍ 11 പേരും ബി.ജെ.പിയില്‍നിന്നാണ്'' -വാജ്‌പേയ് പറഞ്ഞു. 2000-ത്തില്‍ ദളിതനായ ബംഗാരു ലക്ഷ്മണെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനാക്കി. ഒടുവില്‍ നരേന്ദ്ര മോദി എന്ന ഒ.ബി.സി നേതാവിനെ ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി പിന്നാക്ക സമുദായങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് 2014-ല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത്. മോദിയാകട്ടെ, സ്വയം താനൊരു പിന്നാക്കക്കാരനാണ് (pichada) എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് രാംനാഥ് കോവിന്ദ്, ദ്രൗപദി മുര്‍മു എന്നിങ്ങനെ ദളിത്-ഗോത്ര വിഭാഗത്തില്‍നിന്നുള്ളവരെ രാഷ്ട്രപതി പദത്തിലെത്തിച്ചുകൊണ്ട് ബി.ജെ.പി ആ തന്ത്രം തുടരുകയും ചെയതു. ചുരുക്കത്തില്‍ 'ഹിന്ദുത്വ' എന്നത് മുഖ്യ ആശയമാക്കി നിലനിര്‍ത്തുമ്പോള്‍ തന്നെ ബി.ജെ.പി അതിന്റെ നേതൃത്വത്തില്‍ കൂടുതല്‍ 'Inclusive' ആകുന്നതാണ് നാം കണ്ടത്. 50 ശതമാനത്തിലേറെ പിന്നാക്ക സമുദായക്കാരുള്ള മധ്യപ്രദേശ് എന്ന സംസ്ഥാനം കഴിഞ്ഞ 20 വര്‍ഷമായി ഭരിക്കുന്നത് ബി.ജെ.പിയാണ്.

എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ദളിത് പ്രസിഡന്റുണ്ടാകുന്നത് 2022-ല്‍ മാത്രമാണ്. 1969-ല്‍ ജഗജീവന്റാം അദ്ധ്യക്ഷനായതിനുശേഷം 53 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്ന ദളിതന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെടുന്നത്. ജനസംഖ്യാനുപാതത്തില്‍ സവര്‍ണര്‍ ന്യൂനപക്ഷമാണെങ്കില്‍ കൂടിയും സവര്‍ണ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹ്യക്രമത്തിലുള്ള സ്വാധീനത്തെ ഭയന്ന് കോണ്‍ഗ്രസ്സിന് അതിന്റെ നേതൃത്വത്തെ കീഴാള ജാതിവിഭാഗങ്ങളിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത. 2022-ല്‍ കേരളത്തില്‍വെച്ചു നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് സി.പി.ഐ.എമ്മിന് ആദ്യമായി ഒരു ദളിത് പോളിറ്റ്ബ്യൂറോ അംഗം ഉണ്ടാകുന്നത്. അതും പാര്‍ട്ടി രൂപീകൃതമായി 58 വര്‍ഷങ്ങള്‍ക്കുശേഷം. ബംഗാളിലെ ചില്ല ഗ്രാമത്തില്‍നിന്നുള്ള രാമചന്ദ്ര ഡോം.

മണ്ഡല്‍ പ്രക്ഷോഭത്തിനുശേഷം '91-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും ഗുരുതരമായ തിരിച്ചടി മറ്റൊന്നായിരുന്നു. അത് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതു കൂടിയായിരുന്നു. കോണ്‍ഗ്രസ്സിനെ എക്കാലവും പിന്തുണച്ചിരുന്ന വടക്കേ ഇന്ത്യയിലേയും മദ്ധ്യ പൂര്‍വ്വ സംസ്ഥാനങ്ങളിലേയും പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍നിന്നും കൊഴിഞ്ഞുപോയി. മേല്‍ ഖണ്ഡികയില്‍ സൂചിപ്പിച്ചതുപോലെ ആ വിഭാഗങ്ങള്‍ ഒരേസമയം ബി.ജെ.പിയേയും കോണ്‍ഗ്രസ്സിനേയും ഉപേക്ഷിച്ചു. ആ വോട്ട്ബാങ്ക് തിരിച്ചുപിടിക്കാന്‍ സംഘപരിവാര്‍ കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദീര്‍ഘ നിദ്രയിലായിരുന്നു. മണ്ഡല്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭങ്ങളുടെ സൃഷ്ടിയായിരുന്നു പിന്നീട് ഉത്തരേന്ത്യയിലുടനീളം രൂപപ്പെടുകയും ശക്തമാവുകയും ചെയ്ത സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ (Identity Politics). പഴയ ലോഹ്യാ സോഷ്യലിസ്റ്റുകളായ ജോര്‍ജ് ഫെര്‍ണാണ്ടസും മുലായം സിങ് യാദവും ലലു പ്രസാദ് യാദവും നിതിഷ് കുമാറും രാംവിലാസ് പാസ്വാനും കന്‍ഷിറാമും മായാവതിയുമൊക്കെ ശക്തരായ രാഷ്ട്രീയ നേതാക്കളായി ഉയര്‍ന്നുവരികയും കോണ്‍ഗ്രസ്സിനെ ദുര്‍ബ്ബലമാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമാവുക മാത്രമല്ല, ഏറെക്കുറെ എന്നന്നേയ്ക്കുമായി ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അധികാരം ആ പാര്‍ട്ടിക്ക് നഷ്ടമാവുകയും ചെയ്തു.

ബി.ആര്‍.അംബേദ്കര്‍
ബി.ആര്‍.അംബേദ്കര്‍

സംവരണവും ഇടതുപക്ഷവും

യഥാര്‍ത്ഥത്തില്‍ പിന്നാക്ക സംവരണം എന്ന വിഷയത്തെ ഒരു രാഷ്ട്രീയ ദൗത്യമായി ഏറ്റെടുത്ത് പ്രക്ഷോഭത്തിനിറങ്ങേണ്ടിയിരുന്നത് ഇടതുപക്ഷമായിരുന്നു. ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ജാതി ഉച്ചനീചത്വങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക സമുദായങ്ങളെ ശാക്തീകരിക്കാന്‍ മുന്‍കൈ എടുക്കേണ്ടിയിരുന്ന ഇടതുപക്ഷം മണ്ഡല്‍ പ്രക്ഷോഭകാലത്ത് സ്വീകരിച്ച സമീപനം 'ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു' (Historical Blunder). തൊഴിലില്ലായ്മയുടേയും പിന്നാക്കാവസ്ഥയുടേയും ശാശ്വത പരിഹാരമല്ല സംവരണം എന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാട്. സംവരണം എന്നത് താല്‍ക്കാലിക ആശ്വാസം മാത്രമാണ് എന്നും സി.പി.ഐ(എം) വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയുമാണ്. എന്നാല്‍, ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിവിവേചനം എന്നത് കോടിക്കണക്കിനു വരുന്ന അധഃസ്ഥിതരെ മുഖ്യധാരയില്‍നിന്നും പുറന്തള്ളുന്ന സാഹചര്യം നിലനില്‍ക്കെ സംവരണം എന്ന ആവശ്യത്തെ ഏറ്റെടുക്കേണ്ടുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം സാമ്പത്തിക-വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ കടുംപിടുത്തത്തില്‍ സി.പി.ഐ(എം) തിരിച്ചറിയാതെ പോയി. എന്നു മാത്രമല്ല, ജാതിവിവേചനം നിലനിര്‍ത്തുന്നതിനും ജാതിയില്‍ അധിഷ്ഠിതമായ സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ സംവരണത്തെ ഒരു ഉപകരണമായി ഉപയോഗിക്കുമെന്നും സി.പി.ഐ(എം) നിലപാടെടുത്തു. എന്നാല്‍, ആദ്യകാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഇതായിരുന്നില്ല എന്നത് കൗതുകകരവുമാണ്.

1957-ല്‍ കേരള നിയമസഭയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ, തങ്ങളുടെ മാനിഫെസ്റ്റോയില്‍ നല്‍കിയ പ്രധാന ഉറപ്പ് നിലവിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം തുടരുമെന്നു മാത്രമല്ല, മറ്റ് അധഃസ്ഥിത വിഭാഗങ്ങളെക്കൂടി സംവരണ പരിധിയിലേയ്ക്ക് കൊണ്ടുവരും എന്നുകൂടിയായിരുന്നു. പില്‍ക്കാലത്ത് കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകളും കോണ്‍ഗ്രസ് സര്‍ക്കാരുകളും ഈഴവരടക്കമുള്ള മറ്റു പിന്നാക്ക ഹിന്ദുവിഭാഗങ്ങള്‍ക്കും ലാറ്റിന്‍ ക്രിസ്ത്യാനികള്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനുമൊക്കെ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവില്‍ 2021-ലെ ഇടതുപക്ഷ സര്‍ക്കാര്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിനുകൂടി സംവരണം ഏര്‍പ്പെടുത്തി. 2005-ല്‍ മുസ്ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് അവരെക്കൂടി സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയെ അന്ന് UPA സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണച്ചിരുന്ന സി.പി.ഐ(എം) അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മണ്ഡല്‍ പ്രക്ഷോഭകാലത്ത് വടക്കേ ഇന്ത്യയില്‍ ഇങ്ങനെയൊരു നിലപാട് ഇടതുപക്ഷം എടുത്തില്ല എന്ന് പോളിറ്റ്ബ്യൂറോ ആംഗമായിരുന്ന സുഭാഷിണി അലി ഒരഭിമുഖത്തില്‍ സമ്മതിച്ചിട്ടുണ്ട്, 'In the Northern states, the Left was not very active in campaigns demanding OBC reservation or implementation of the Mandal Commission recommendations'.

വടക്കേ ഇന്ത്യയില്‍ സംവരണത്തിന് അനുകൂലമായ സമരങ്ങള്‍ ഇടതുപക്ഷം ഏറ്റെടുത്തിരുന്നുവെങ്കില്‍ ആ പ്രസ്ഥാനങ്ങള്‍ പിന്നാക്ക വിഭാഗങ്ങളുടെ ആശയും ആവേശവുമാകുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇന്ന് ഒരു ദേശീയ രാഷ്ട്രീയ ചേരിയായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അധഃസ്ഥിതരുടെ പ്രതീക്ഷയും പ്രതീകവുമായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിലയെടുക്കുമായിരുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല. വര്‍ഗ്ഗസിദ്ധാന്തത്തിന്റെ കെട്ടുപാടുകള്‍ ജാതിയിലധിഷ്ഠിതമായ ഇന്ത്യയിലെ സവിശേഷ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനോ അഥവാ പ്രായോഗിക തലത്തില്‍ അതിനെ മനസ്സിലാക്കാനോ കഴിയാത്ത വിധം കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വിലക്കി എന്നത് ഒരു ചരിത്രവസ്തുതയാണ്. എന്നാല്‍, അടുത്ത കാലത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ അതിനെ പിന്തുണച്ച് ആദ്യം തന്നെ രംഗത്തെത്തിയ പാര്‍ട്ടിയാണ് സി.പി.ഐ(എം) എന്നു കൂടി നാം കാണണം. ''പൊതു സെന്‍സസിന്റെ ഭാഗമായി രാജ്യത്തെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ കണക്ക് എടുക്കുന്നുണ്ടെങ്കിലും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ കണക്കില്ലെന്നതിനാല്‍ ജാതി സെന്‍സസ് അനിവാര്യമാണെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും'' 2021 സെപ്തംബര്‍ ഏഴിനു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സി.പി.ഐ(എം) പ്രഖ്യാപിച്ചു.

(2019-ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജനുവരി ഏഴിനു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അതൊരു നിയമയുദ്ധത്തിനു വഴിവെച്ചെങ്കിലും തീരുമാനത്തെ 2022-ല്‍ സുപ്രീംകോടതി ശരിവെച്ചു. എന്നാല്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വിധി വരും മുന്നേ, 2020 ഒക്ടോബര്‍ 23-നു തന്നെ - നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് - മുന്നാക്ക സംവരണം നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു).

ഗോള്‍വള്‍ക്കര്‍
ഗോള്‍വള്‍ക്കര്‍Express Archive Photo

'ഹിന്ദുത്വ'യുടെ മുന്നേറ്റം

എന്നാല്‍, പില്‍ക്കാലത്ത് നരസിംഹറാവു സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണം, കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനം തുടങ്ങിയ നയങ്ങളെ എതിര്‍ക്കാന്‍ രാജ്യത്തുതന്നെ മുന്നില്‍ നിന്നത് ഇടതു പ്രസ്ഥാനങ്ങളാണ് (നന്ദിഗ്രാമില്‍ കെമിക്കല്‍ ഹബ്ബും സിങ്കൂരില്‍ ടാറ്റായുടെ നാനോ ഫാക്ടറിയും ആരംഭിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ വലിയ കലാപങ്ങളുണ്ടാവുകയും അങ്ങനെ 34 വര്‍ഷം നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണം ബംഗാളില്‍ അവസാനിക്കുകയും ചെയ്തു എന്നൊരു മറുവശവും നാം കാണാതെപോകരുത്. അതിലേയ്ക്ക് വിശദമായി പിന്നീട് വരാം). കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ ചേരിയായി വളര്‍ന്നുവന്ന ബി.ജെ.പിയാകട്ടെ, കൂടുതല്‍ വാശിയോടെ ഉദാരീകരണം നടപ്പാക്കി. 1998-ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുന്നതിനായി ഒരു പ്രത്യേക മന്ത്രാലയംതന്നെ ആരംഭിച്ചു. 'Disinvestment Ministry' എന്നാണ് ആ മന്ത്രാലയം അറിയപ്പെട്ടതുതന്നെ. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഷൂരിക്കായിരുന്നു ആ മന്ത്രാലയത്തിന്റെ ചുമതല.

പിന്നീട് നരേന്ദ്ര മോദിയുടെ കാലം ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുംവിധം ഏകാധിപത്യപൂര്‍ണ്ണമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം, പൗരത്വനിയമം എന്നിങ്ങനെ ഹിന്ദുത്വ അജണ്ട കൂടുതല്‍ ശക്തിയോടെ നടപ്പാക്കി. ഏക സിവില്‍കോഡ്, ഫെഡറലിസത്തെത്തന്നെ തകര്‍ക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി (ആര്‍.എസ്.എസ് ദാര്‍ശനികനായ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചത് ഭാരതത്തിനുള്ളില്‍ സ്വതന്ത്ര സംസ്ഥാനങ്ങള്‍ പാടില്ലെന്നാണ്. ഒരു രാജ്യം, ഒരു ഭരണകൂടം, ഒരു നിയമനിര്‍മ്മാണ സഭ, ഒരു ഭരണനിര്‍വ്വഹണ സംവിധാനം. ഭാഷാപരമോ പ്രാദേശികമോ ആയ ഒരു സ്വാഭിമാനവും അനുവദിക്കാന്‍ പാടില്ല. അതുകൊണ്ട് ഭരണഘടന മാറ്റി എഴുതണം എന്നായിരുന്നു ഗോള്‍വാള്‍ക്കറിന്റെ നിലപാട്. ഇന്നും അതുതന്നെയാണ് ആര്‍.എസ്.എസ്സിന്റെ നിലപാട്). എല്ലാറ്റിനും പുറമെ മതേതര ദേശീയതയ്ക്ക് ബദലായി ഹിന്ദുത്വ ദേശീയത അക്രമോത്സുകമായി ഉന്നയിച്ചു. രാജ്യത്തെ ഭൂരിപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയ പിന്തുണയില്‍ പാര്‍ലമെന്റില്‍ ഒറ്റയ്ക്കുതന്നെ വന്‍ ഭൂരിപക്ഷം നേടി. ഇതാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍പോലും വെല്ലുവിളിക്കപ്പെട്ടു എന്നത് മോദി കാലത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ (പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ട) 'മതേതരത്വം', 'സോഷ്യലിസം' എന്നീ വാക്കുകള്‍ എടുത്തുകളയണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഈ വാക്കുകള്‍ ചില പ്രത്യേക ആശയങ്ങളെ പിന്തുടരാന്‍ ജനങ്ങളെ നിര്‍ബ്ബന്ധിക്കുന്ന ഒന്നാണ് എന്നായിരുന്നു സ്വാമിയുടെ വാദം. ഈ വാദം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അംഗമായ ഡിവിഷന്‍ ബഞ്ച് തള്ളിക്കളഞ്ഞു. 'Constitution is a 'living document' subject to the amendment power of Parliament' എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. എന്നാല്‍, തൊട്ടു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികനീതി മന്ത്രാലയം അതിന്റെ സമൂഹ മാധ്യമത്തിലെ 'നിങ്ങള്‍ക്കറിയാമോ' എന്ന പംക്തിയിലൂടെ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ക്കെതിരെ വീണ്ടും പ്രചാരണം നടത്തി. ഭരണഘടനയുടെ 75-ാം വാര്‍ഷികം പാര്‍ലമെന്റില്‍ ആഘോഷിച്ചപ്പോഴും ഭേദഗതികളില്ലാത്ത ആമുഖമാണ് സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചത്. സോഷ്യലിസത്തേക്കാള്‍ അവരെ വിഷമിപ്പിക്കുന്നത് ഇന്ത്യ ഒരു 'മതേതര' രാഷ്ട്രമാണ് എന്ന ആശയമാണ്.

'ഹിന്ദുത്വ' എന്നത് രാഷ്ട്രീയ അധികാരത്തിനായി രൂപപ്പെട്ട അടവുനയമല്ല (ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമല്ല). അത് ഒരു അതിതീവ്ര വലതുപക്ഷ വംശീയതയാണ്. ആ വംശീയതയെ ആശയപരമായി വെല്ലുവിളിക്കുകയും അതിനെതിരായ ഒരു ബദല്‍ ആശയം മുന്നോട്ടുവെയ്ക്കുകയും ചെയ്തത് ഇന്ത്യയില്‍ പ്രധാനമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിനു മാത്രം സാദ്ധ്യമായിരിക്കുന്ന ഒന്നുമാണത് (സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ സ്വത്വ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളും ചെറുതല്ല. എന്നാലത് പ്രധാനമായും പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഇടപെടലുകളായിരുന്നു). യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ആശയത്തെ ബഹുസ്വരത എന്ന ആശയം കൊണ്ട് മുന്നില്‍നിന്നു പ്രതിരോധിക്കേണ്ടിയിരുന്നത് ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍, ആ പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ പിടികൂടിയ മൃദുഹിന്ദുത്വ സ്വഭാവം (അതിനു പിന്നിലുള്ളത് വോട്ട്ബാങ്ക് രാഷ്ട്രീയം തന്നെയാണ്) അങ്ങനെയൊരു പ്രതിരോധം കെട്ടിപ്പടുക്കുന്നതിനു തടസ്സമായി. ഹിന്ദുത്വ എന്ന ആശയത്തിന്റെ സൂക്ഷ്മതലങ്ങളെ അനാവരണം ചെയ്ത് അതിനെതിരായ ആശയനിര്‍മ്മിതിക്കും അതിന്റെ പ്രചാരണത്തിനും മുന്നില്‍ നിന്നത് ഇടതു പാര്‍ട്ടികളാണ്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം തുലോം തുച്ഛമായിരുന്നിട്ടുകൂടിയും സംഘപരിവാര്‍ അതിന്റെ മുഖ്യ ശത്രുവായി കണ്ടത് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയായിരുന്നു.

ഹെഡ്ഗേവാറിനുശേഷം ആര്‍.എസ്.എസ്സിനു നേതൃത്വം നല്‍കിയ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചത് ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകളും ആഭ്യന്തര ശത്രുക്കളാണെന്നാണ്. പില്‍ക്കാലത്ത് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇതിനെ 'ഭാഗികമായി' തള്ളിപ്പറഞ്ഞിട്ടുണ്ട്7. അന്നത്തെ പരിതസ്ഥിതിയില്‍ ഗുരുജി അങ്ങനെ പറഞ്ഞതാണെന്നും അത് എക്കാലത്തേയ്ക്കുമുള്ള നിലപാടല്ലെന്നും ഭാഗവത് വ്യക്തമാക്കി. ഈ തള്ളിപ്പറച്ചില്‍ ഭാഗികമാണ് എന്നു പറയാന്‍ കാരണം മുസ്ലിങ്ങളോടോ കമ്യൂണിസ്റ്റുകളോടോ ഉള്ള സമീപനത്തില്‍ ആര്‍.എസ്.എസ് എന്തെങ്കിലും മാറ്റം വരുത്തിയതുകൊണ്ടല്ല, മറിച്ച് ആഗോള സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് ക്രിസ്ത്യന്‍ സമുദായമാണ് എന്നതിനാല്‍ ഇന്ത്യയില്‍ അവരോട് ഐക്യപ്പെടാം എന്ന നിലപാടിലേയ്ക്ക് ആര്‍.എസ്.എസ് എത്തിച്ചേര്‍ന്നതിനാലാണ്. ഇസ്രയേല്‍ - പലസ്തീന്‍ യുദ്ധസമയത്ത് ഇന്ത്യയുടെ പരമ്പരാഗത ചേരിചേരാ നയത്തില്‍നിന്നും മാറി ഇസ്രയേലിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തത് ശ്രദ്ധേയമാണല്ലോ. ക്രിസ്തീയ ആഭിമുഖ്യത്തിന്റെ മറ്റൊരു നേര്‍ചിത്രമാണ് കേരളത്തില്‍ ആ സമുദായവുമായി അടുക്കാനുള്ള സംഘപരിവാറിന്റെ നീക്കം. അത് ഫലം കണ്ടതിന്റെ തെളിവാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം. തങ്ങള്‍ക്ക് ആ മണ്ഡലത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ 30 ശതമാനം വോട്ട് കിട്ടി എന്ന് ബി.ജെ.പി തന്നെ വിലയിരുത്തിയിട്ടുമുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്നത് ഒരടവ് നയമാണ്. അപ്പോഴും മണിപ്പൂര്‍ കലാപം സംഭവിക്കുകയും ചെയ്യും.

ഏതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള പ്രത്യയശാസ്ത്ര യുദ്ധം സംഘപരിവാര്‍ അവിരാമം തുടരുകയാണ്. ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റ് ഭരണം കടപുഴക്കിയതില്‍ ബി.ജെ.പിയുടെ പങ്കും വളരെ പ്രധാനമായിരുന്നു. ബംഗാളില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി നേരിട്ടു മനസ്സിലാക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ ബോധ്യങ്ങളാണെങ്കില്‍ കൂടിയും ബംഗാളിലെ അക്കാലത്തെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നതിന് എന്റെ സ്വകാര്യമായ അനുഭവം ഒരുപക്ഷേ, നിങ്ങളെ സഹായിച്ചേക്കും. അതിനാല്‍ ഒരനുഭവക്കുറിപ്പാണ് തുടര്‍ന്നുള്ളത്.?

(തുടരും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com