

മാര്‍ച്ച് അഞ്ചിന്, പാലായ്ക്ക് അടുത്തുള്ള പൂവരണിയില്‍നിന്നാണ് ആ വാര്‍ത്ത. ഏഴുമാസം പ്രായമായ കുഞ്ഞിനേയും രണ്ടും നാലും വയസ്സുള്ള കുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥന്‍ ജീവനൊടുക്കിയ വാര്‍ത്തയാണ് അത്. മക്കളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊന്ന ശേഷം അയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. റബര്‍ ഫാക്ടറിയില്‍ ഡ്രൈവറായിരുന്ന അയാള്‍ കടുത്ത വിഷാദത്തിലായിരുന്നു. ജീവിതത്തില്‍ ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന തോന്നലാകണം ഈ ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്. ഇതിന് പിന്നാലെ, 48 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പ് തൃശൂരില്‍നിന്ന് മറ്റൊരു വാര്‍ത്തയെത്തി. ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനോവിഷമത്താല്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്‍പതു വയസ്സുകാരനായ മകന്‍ ഓട്ടിസം ബാധിതനായിരുന്നു. കുട്ടിയെ പായവിരിച്ച് അതില്‍ കിടത്തിയിരുന്ന നിലയിലായിരുന്നു. കേരളം കൂട്ട ആത്മഹത്യകളുടെ മുനമ്പാകുന്നുവെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്നു ബോധ്യപ്പെടുത്തുന്നു ഇത്തരം വാര്‍ത്തകള്‍.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുകളാണ് നമുക്ക് മുന്നിലുള്ളത്. രണ്ട് വര്‍ഷം മുന്‍പ് 10,162 പേരാണ് ആത്മഹത്യ ചെയ്തത്. 2017-ല്‍ 7,870 പേര്‍ ആത്മഹത്യ ചെയ്തെങ്കില്‍ 2021-ല്‍ അത് 9,549 ആയി. അതായത് 21.3 ശതമാനം വര്‍ദ്ധന. 2017-ല്‍ ഒരു ലക്ഷം പേരില്‍ 22.86 പേര്‍ ജീവനൊടുക്കിയപ്പോള്‍ 2021-ല്‍ ഈ നിരക്ക് 27.20 ആയി. 2021-ലേതിനേക്കാള്‍ 6.4 ശതമാനം കൂടുതലാണ് 2022-ല്‍. ആത്മഹത്യകളുടെ ദേശീയ ശരാശരി 2022-ല്‍ 12.4 ശതമാനമാണ്. കേരളത്തിലെ ശരാശരി നിരക്ക് 28.5 ശതമാനവും. ആറ് വര്‍ഷം മുന്‍പ് കേരളം ആത്മഹത്യാനിരക്കില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്തായിരുന്നു. ഇന്ന് നാലാം സ്ഥാനത്താണ്. സിക്കിമും കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാനും പുതുച്ചേരിയും കഴിഞ്ഞാല്‍ പിന്നെ കേരളമാണ്.
ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ 2022-ല്‍ ഏകദേശം രണ്ടുലക്ഷം ആത്മഹത്യാശ്രമങ്ങളെങ്കിലും കേരളത്തില്‍ നടന്നിട്ടുണ്ടാകും. കേരളത്തില്‍ പ്രതിദിനം 27 ആത്മഹത്യകളും 500-ലധികം ആത്മഹത്യാശ്രമങ്ങളും നടക്കുന്നു. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ് വളപട്ടണം. 2011-ലെ സെന്‍സസ് പ്രകാരം ഇവിടെ 7,955 പേര്‍ താമസിക്കുന്നു. ഓരോ വര്‍ഷവും വളപട്ടണം പഞ്ചായത്തിലെ മുഴുവന്‍ ജനസംഖ്യയ്ക്കും തുല്യമായ എണ്ണം ആളുകള്‍ നമ്മുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ 2022-ല്‍ ഏകദേശം രണ്ടുലക്ഷം ആത്മഹത്യാശ്രമങ്ങളെങ്കിലും കേരളത്തില്‍ നടന്നിട്ടുണ്ടാകും.
നൈരാശ്യബോധത്തിന്റെ ഇരുണ്ട കാര്‍മേഘങ്ങള്‍ ജീവിതത്തെ മൂടുമ്പോഴാണ് മിക്കവരും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്. പ്രശ്നം സാമ്പത്തികമോ മാനസികമോ ആകാം. ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, പ്രൊഫഷണലുകള്‍, തൊഴിലില്ലാത്തവര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ള എല്ലാത്തരം വ്യക്തികളും ഉണ്ട്. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ചുരുങ്ങിയത് അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെയെങ്കിലും ബാധിക്കുന്നുവെന്ന് കണക്കാക്കാം. അങ്ങനെയെങ്കില്‍ കുറഞ്ഞത് പത്തു ലക്ഷത്തിലധികം പേര്‍ ആത്മഹത്യയുടെ നേരിട്ടും അല്ലാതെയുമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയുടെ തീവ്രത ഇതു കാണിക്കുന്നു.
കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 16 ആയി കുറയ്ക്കാനാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (യു.എന്‍. എസ്.ഡി.ജി) പരിപാടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2016-ല്‍ ലക്ഷ്യമിട്ടത്. എന്നാല്‍, 2016-ല്‍ 21.6 ആയിരുന്നു. ആത്മഹത്യാപ്രതിരോധത്തിലും പൊതു മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നുവേണം അനുമാനിക്കാന്‍. കോവിഡിനു മുന്‍പുള്ള വര്‍ഷങ്ങളിലും ആത്മഹത്യാനിരക്ക് ക്രമേണ വര്‍ദ്ധിക്കുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം പിന്നിലല്ല. 2020-ല്‍ കേരളത്തില്‍ 25 പേര്‍ കൂട്ട ആത്മഹത്യയിലൂടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. തൊട്ടുമുന്‍പില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശ് 46, തമിഴ്നാട് 45, മധ്യപ്രദേശ് 39, രാജസ്ഥാന്‍ 39 എന്നിവയാണ്. ഭര്‍ത്താവും ഭാര്യയും കുഞ്ഞുങ്ങളുംകൂടി ഒന്നിച്ചുള്ള കൂട്ടമരണങ്ങള്‍ ഇന്ന് സാര്‍വത്രികമാണ്. കൂട്ട ആത്മഹത്യയല്ല, കൂട്ടക്കൊലപാതകം തന്നെയാണ് അത്. കാരണം, ഇതില്‍ ഒരു വ്യക്തി മാത്രമേ ആത്മഹത്യ ചെയ്യുന്നുള്ളൂ. മറ്റു വ്യക്തികളെ ഒന്നുകില്‍ ആത്മഹത്യ ചെയ്യുന്ന ആള്‍ കൊല്ലുകയോ അല്ലെങ്കില്‍ നിര്‍ബ്ബന്ധിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ ആണ്. ജീവിതപങ്കാളിയുടേയും കുട്ടികളുടേയും ഭാവിയെക്കുറിച്ചുള്ള ആശങ്കയാവണം ഇത്തരം ആത്മഹത്യകള്‍ക്കു പിന്നില്‍. കഠിനമായ വിഷാദാവസ്ഥകളില്‍ കൊലപാതക പ്രവണത ഉടലെടുത്തേക്കാം. എങ്കിലും മരണം ജീവിതപ്രയാസങ്ങളില്‍നിന്ന് അവരെ ഒഴിവാക്കുമെന്ന തോന്നലാകണം പിഞ്ചുകുട്ടികളെപ്പോലും വെറുതെവിടാത്തതിനു കാരണം. നിരപരാധികളായ, ഹതഭാഗ്യരായ കുടുംബാംഗങ്ങള്‍ സ്വന്തം ഇഷ്ടമോ അറിവോ കൂടാതെ മരിക്കേണ്ടി വരുന്നുവെന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം. ഇതില്‍നിന്നും വ്യത്യസ്തമായി കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം നടക്കുന്ന ആത്മഹത്യകളുമുണ്ട്. കുടുംബത്തിന്റെ പൊതുപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും അപമാനവുമൊക്കെ കാരണങ്ങളുമാകാറുണ്ട്.
കുടുംബഘടനയിലുണ്ടായ മാറ്റങ്ങള്‍, സാമൂഹ്യപിന്തുണാ സംവിധാനങ്ങളുടെ അഭാവം, വിദ്യാഭ്യാസരീതിയും നിലവാരവും കുടിയേറ്റം, ഉപഭോഗസംസ്‌കാരം, തൊഴിലില്ലായ്മ, മദ്യാസക്തി, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെ ആത്മഹത്യയ്ക്ക് പ്രേരകമാകുന്ന ഘടകങ്ങള്‍ വിശാലമാണ്. സംസ്ഥാനത്തെ 85 ശതമാനത്തിലധികം കുടുംബങ്ങളും അണുകുടുംബങ്ങളാണ്. സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളും മറ്റുള്ളവരോടു തുറന്നുപറയാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞതോടെ കുടുംബങ്ങളിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു. യാഥാര്‍ത്ഥ്യമല്ലാത്ത ജോലിമോഹങ്ങളും മോഹഭംഗങ്ങളും വൈകാരികമായ സംഘര്‍ഷത്തിനു വഴിതെളിക്കുന്ന മറ്റൊരു കാരണമാണ്. പുതിയ കണക്ക് അനുസരിച്ച് കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 14 ശതമാനം പേര്‍ തൊഴില്‍രഹിതരാണ്. ആര്‍ജ്ജിച്ച വിദ്യാഭ്യാസത്തിന് അനുസരിച്ച് തൊഴില്‍ ലഭിക്കാത്തത് അവരെ നിരാശരാക്കുന്നുണ്ട്. വിദ്യാഭ്യാസവും തൊഴിലും അഭിമാനം നിലനിര്‍ത്തുന്നതിനോടൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വഭാരം കൂടി ഏറ്റെടുക്കേണ്ടിവരുന്നു.
ഉപഭോഗസംസ്‌കാരമാണ് മറ്റൊന്ന്. ക്രയശേഷിക്കും സാമ്പത്തികശേഷിക്കുമനുസരിച്ചള്ള ജീവിതനിലവാരം പാലിക്കാന്‍ ഇന്ന് മലയാളിതയ്യാറാവുന്നില്ല. 0 ശതമാനം പലിശയുള്ള വായ്പയില്‍ തുടങ്ങി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വരെ ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു. ലഹരിമരുന്നുകളുടേയും മദ്യത്തിന്റേയും ഉപയോഗമാണ് മറ്റൊന്ന്. കുടുംബ ആത്മഹത്യകളുടേയും സ്ത്രീകളുടെ ആത്മഹത്യകളുടേയും കണക്കെടുത്താല്‍ ഭര്‍ത്താവിന്റെ അമിത മദ്യപാനമാണ് അതിനു പിന്നിലെന്ന് കേസുകളില്‍ ഭൂരിഭാഗവും പറയുന്നു. വാര്‍ദ്ധക്യകാലത്താകട്ടെ, രോഗങ്ങളും ഒറ്റപ്പെടലും ആത്മഹത്യയിലേക്കു നയിക്കുന്നു. വാര്‍ദ്ധക്യകാലത്തു നേരിടുന്ന സാമൂഹ്യ-മാനസിക പ്രശ്നങ്ങളെ കണ്ടുപിടിക്കാനും അത് പരിഹരിക്കാനുമുള്ള വിഭവശേഷിയോ പരിജ്ഞാനമോ ഇന്നും നമ്മുടെ സമൂഹം ആര്‍ജ്ജിച്ചിട്ടുമില്ല.
കേരളീയര്‍ക്ക് മാനസികാരോഗ്യ
സാക്ഷരത കുറവാണ്
ഡോ. അരുണ്‍ ബി. നായര്‍ / പ്രൊഫസര്‍, സൈക്യാട്രി വിഭാഗം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
മലയാളികളുടെ മാനസികാരോഗ്യം തകരുന്നു എന്ന മട്ടില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷേ, അതൊന്നും ആഴത്തിലുള്ളവയല്ല. പ്രശ്നപരിഹാര അധിഷ്ഠിതമല്ല ആ ചര്‍ച്ചകള്‍. സംഭവങ്ങളുണ്ടാകുമ്പോള്‍ സാമ്പത്തികപ്രയാസമെന്നോ പ്രണയപരാജയമെന്നോ പറഞ്ഞ് കാരണം അതിലൊതുക്കുകയാണ്. തീര്‍ത്തും ഉപരിപ്ലവമായ ധാരണകളിലെത്തുകയാണ് പതിവ്. ഇനി പ്രശ്‌നമെന്താണെന്ന് വച്ചാല്‍, ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ കേരളീയര്‍ക്ക് മാനസികാരോഗ്യ സാക്ഷരത കുറവാണ്. മാനസികാരോഗ്യം എന്താണ്, മനസ്സ് എന്താണ്, പ്രശ്നങ്ങള്‍ എന്താണ്, പരിഹരിക്കാന്‍ എന്ത് വേണം എന്നിവ സംബന്ധിച്ച് ഒരു ധാരണയും നമ്മുടെ സമൂഹത്തിനില്ല. ബോധവല്‍ക്കരണ പരിപാടികള്‍കൊണ്ട് ചില മാറ്റങ്ങളൊക്കെയുണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. ഒട്ടേറെ ആളുകള്‍ ആരംഭത്തില്‍ത്തന്നെ ചികിത്സയ്ക്കെത്തുകയും ചെയ്തു. പക്ഷേ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്ന മാറ്റം സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായതോടെ വന്ന ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡാണ്. ആര്‍ക്കും എന്ത് വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നായി. പത്രങ്ങളേക്കാള്‍ ഇന്ന് പ്രചാരം കൂടുതലുള്ള സോഷ്യല്‍മീഡിയയിലെ ഷോര്‍ട്ട് വീഡിയോസിനാണ്. ഇങ്ങനെ ചെയ്യുന്നവര്‍ ആ മേഖലയില്‍ അറിവുള്ളയാളാണോ എന്നു പോലും ഉറപ്പിക്കാനാവില്ല. ഇങ്ങനെ വിവരം ധാരാളം ലഭിക്കുന്നു, പക്ഷേ, അത് ആധികാരികമാണോ എന്ന് വിവേചിച്ച് തിരിച്ചറിയാന്‍ പറ്റാതെ പോകുന്നു. മറ്റൊന്ന്, ചികിത്സകൊണ്ട് ഗുണം കിട്ടിയവരാരും അത് വെളിപ്പെടുത്താറില്ല. ചികിത്സകൊണ്ട് ഫലം കിട്ടാത്തവരാകട്ടെ, അത് നെഗറ്റീവായി പ്രചരിപ്പിക്കുകയും ചെയ്യും. അത് സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.
കൊവിഡ് കാലത്ത് ലോക്ഡൗണില്‍ ഈ മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം വിഷാദരോഗങ്ങളും ഉത്കണ്ഠാരോഗങ്ങളും 25 ശതമാനത്തിലധികം വര്‍ദ്ധിച്ചു. വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു. ഇവിടെയും അതിന്റെ പ്രതിഫലനമുണ്ടായി. മറ്റൊന്ന്, പകുതി പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. പാശ്ചാത്യജീവിതശൈലി നമ്മള്‍ ആഗ്രഹിക്കുന്നു. അവിടുത്തെ വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയൊക്കെ ആഗ്രഹിക്കുന്നു. എന്നാല്‍, നല്ല ഗുണമായ അച്ചടക്കം, അത് പുറമേനിന്ന് അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമല്ല, ഉള്ളില്‍നിന്ന് തോന്നി ഉത്തരവാദിത്വ ബോധത്തോടെ പെരുമാറുന്ന രീതി വന്നിട്ടുമില്ല. അതൊരു പ്രശ്നമാണ്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ഗ്ലോറിഫിക്കേഷന്‍ മറ്റൊരു പ്രശ്നമാണ്. മൂന്നു പതിറ്റാണ്ടിനുള്ളില്‍, ഡിജിറ്റല്‍ വിപ്ലവത്തിന്റെ വരവോടെ മലയാളിയുടെ സ്വഭാവത്തിലുണ്ടായ വ്യതിയാനം കൂടുതല്‍ എടുത്തുചാട്ട സ്വഭാവമാണ്. അക്ഷമയുള്ള പ്രകൃതത്തിലേക്കു പോയിരിക്കുന്നു. ലോകമെമ്പാടും അതുണ്ടാകേണ്ടതാണ്. മലയാളികള്‍ കൂടുതല്‍ ഡിജിറ്റല്‍ ഉപയോഗിക്കുന്നതുകൊണ്ടാവണം. തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന്, ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതിന്, പ്രണയം അറിയിക്കുന്നതിന് എല്ലാം ക്ഷമയുടെ ഒരു എലമെന്റ് കൂടി പണ്ടുണ്ടായിരുന്നു.
ആഗ്രഹങ്ങള്‍ അത് നിറവേറപ്പെടാനെടുക്കുന്ന സമയംകൊണ്ട് സ്വയംപാകപ്പെടുത്താന്‍ നമ്മള്‍ക്കു കഴിഞ്ഞിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാം, കിട്ടാതിരിക്കാം എന്നതുപോലെ എല്ലാ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ സമയവും സാഹചര്യവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആഗ്രഹങ്ങള്‍ നടന്നില്ലെങ്കിലും അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, സെക്കന്റുകള്‍കൊണ്ട് ഇന്ന് ആഗ്രഹം പൂര്‍ത്തീകരിക്കാം. ഒരു ക്ലിക്കിലൂടെ സിനിമ കാണാം, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, പ്രണയം പറയാം. എന്നാല്‍, ആഗ്രഹം നിറവേറുന്നതുമായി ബന്ധപ്പെട്ട സമയം കുറഞ്ഞതോടെ മാനസികമായി പൊരുത്തപ്പെടാനും ചിന്തിക്കാനും കഴിയാതെ വരുന്നു. ഇത് എടുത്തുചാടി പല തീരുമാനങ്ങളും എടുക്കുന്നതിലേക്ക് നയിക്കുന്നു. ചെറിയ വഴക്ക് ഉണ്ടാകുമ്പോള്‍ വിവാഹമോചനത്തിലേക്കു പോകുന്നു, അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ജോലി രാജിവയ്ക്കുന്നു, പ്രണയനഷ്ടമുണ്ടാകുമ്പോള്‍ സ്വയംഹത്യയിലേക്കു പോകുന്നു, ഇതൊക്കെ അതിന്റെ ഭാഗം കൂടിയാണ്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വഭാവത്തിലും ഈ മാറ്റമുണ്ട്. ഓരോ രണ്ട് വര്‍ഷവും പുതിയ തലമുറ വരികയാണ്. മധ്യവയസ്‌കര്‍ പൊതുവേ ഫെയ്‌സ്ബുക്ക് കൂടുതല്‍ ഉപയോഗിക്കുന്നവരാണ്, യുവാക്കള്‍ ഇന്‍സ്റ്റാഗ്രാമും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാകട്ടെ, സ്നാപ് ചാറ്റ് പോലുള്ളവയും. ഫെയ്സ്ബുക്ക് ദീര്‍ഘമായ ചര്‍ച്ചകളുടേയും അഭിപ്രായപ്രകടനങ്ങളുടേയും വേദിയാകുമ്പോള്‍ ഇന്‍സ്റ്റാഗ്രാം പോലുള്ളവയില്‍ കൂടുതല്‍ ഹ്രസ്വനേരം നില്‍ക്കുന്ന ദൃശ്യങ്ങളാണ്. മനുഷ്യന്റെ ശ്രദ്ധ കുറഞ്ഞുവരികയാണ്.
പത്ത് മിനിട്ടുള്ള വീഡിയോ കാണാതെ അതേ തലക്കെട്ടുള്ള മുപ്പത് സെക്കന്റുള്ള വീഡിയോയിലാണ് നമുക്ക് താല്പര്യം. പിന്നെ ഡേറ്റിങ്ങ് ആപ്പുകള്‍ പോലുള്ളവ എന്തുതരത്തിലുള്ള പരസ്പര ഇടപെടലുകളും രഹസ്യമാക്കിവയ്ക്കാനുള്ള സൗകര്യമുണ്ട്. വ്യക്തി അധികാരത്തിന്റെ ലംഘനമായി ഇന്നത്തെ തലമുറ കണക്കുകൂട്ടുന്നെങ്കിലും സമൂഹത്തിന്റെ ഒരു നിരീക്ഷണം നേരത്തേയുണ്ടായിരുന്നു. ഇപ്പോഴതില്ല, ആരും ആരുടേയും കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്ന മട്ടിലായി. മുന്‍പ് ഒരു വിവാഹേതര ബന്ധമുണ്ടെങ്കില്‍ അത് ഒളിച്ചുവച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണ്. സമ്പത്തുകൊണ്ടും അധികാരംകൊണ്ടും ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരാണ് അത്തരം ബന്ധങ്ങള്‍ കൊണ്ടുപോയിരുന്നത്. ഇന്ന് അങ്ങനെയല്ല. ഇതില്‍ സാര്‍വ്വത്രികമായൊരു ജനാധിപത്യവല്‍ക്കരണം നടന്നുകഴിഞ്ഞു. ആര്‍ക്കും ആരുമറിയാതെ ചെയ്യാം. മറ്റാരുമറിയാതെ നമ്മള്‍ അത് ചെയ്യുമ്പോള്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാനും നമ്മള്‍ തന്നെ വേണ്ടിവരും. ആരോടും പറയാന്‍ നമുക്ക് പറ്റാതാകുകയും ചെയ്യും. പരിഹാരത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടി വരുന്നു. കൂട്ടായ പ്രശ്നപരിഹാരസാധ്യതയില്ലാതാകുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ ലക്ഷ്യബോധമില്ലാത്ത, അപകടകരമായ ഇന്‍വെസ്റ്റ്മെന്റ് ഇപ്പോള്‍ വേഗത്തില്‍ നടക്കുന്നു. ആട്, മാഞ്ചിയം പോലുള്ള തട്ടിപ്പുകള്‍ നേരത്തേയുണ്ടെങ്കിലും അത് തിരിച്ചറിയാന്‍ കാലതാമസമുണ്ടായിരുന്നു. ഇന്നങ്ങനെയല്ല, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഏറ്റവുമധികം ഇരയാകുന്നത് മലയാളികളാണെന്ന് ഓര്‍ക്കണം. മറ്റൊന്ന്, അസൂയ വളര്‍ച്ചയുടെ ഭാഗമായി മാറിയെന്നതാണ്. ഇന്ന് കുട്ടികളുടെ അക്കാദമിക കാര്യങ്ങളില്‍ താരതമ്യം ചെയ്ത് തുടങ്ങുന്ന ഒരു ശരാശരി മലയാളി കുടുംബം സമ്പത്തിലേക്കും സ്വത്തിലേക്കും അതെത്തിക്കുന്നു. ഏതു കുറുക്കുവഴികളിലൂടെയും എളുപ്പമാര്‍ഗ്ഗത്തിലൂടെയും സമ്പത്ത് നേടിക്കഴിഞ്ഞാല്‍ സമൂഹത്തില്‍ ഉന്നതമായ സ്ഥാനം കിട്ടുമെന്ന സന്ദേശം പുതുതലമുറയ്ക്ക് നമ്മള്‍ പകര്‍ന്നുകൊടുക്കുന്നു. സമൂഹത്തിലെ ആരോഗ്യകരമായ കൂട്ടായ്മകള്‍ കുറയുന്നുവെന്നതാണ് മറ്റൊന്ന്. സ്വാര്‍ത്ഥനും സ്വയം കേന്ദ്രീകരിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുകയാണ് ഡിജിറ്റല്‍ ലോകം എന്നത് യാഥാര്‍ത്ഥ്യമാണ്.
ബോധവല്‍ക്കരണം ഗുണകരമായിട്ടുണ്ട്
സ്മൃതി എം / ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ്, വെല്‍നെസ് ക്ലീനിക്, കൊച്ചി
ഒരു അഞ്ച് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ മാനസിക ചികിത്സ തേടാന്‍ പലര്‍ക്കും മടിയായിരുന്നു. ഇന്നങ്ങനെയല്ല. കാര്യങ്ങള്‍ കുറച്ചുകൂടി പോസിറ്റീവായെന്നാണ് എനിക്ക് തോന്നുന്നത്. ആള്‍ക്കാര്‍ കുറച്ചുകൂടി ബോധവാന്‍മാരാണ്. ഇന്ന് സൈക്യാട്രിക്, മെഡിക്കേഷന്‍, കൗണ്‍സലിങ് ഹെല്‍പ്പുകളെല്ലാം ആള്‍ക്കാര്‍ എടുക്കാന്‍ തയാറാണ്. ഇതൊന്നും ആവശ്യമില്ല എന്ന തോന്നല്‍ അവര്‍ക്കിപ്പോഴില്ല. പിന്നെ, റെസലിയന്‍സ് കപ്പാസിറ്റി-പ്രശ്‌നങ്ങള്‍ വന്നാല്‍ ബൗണ്‍സ് ബാക്ക് ചെയ്യാനുള്ള കഴിവ് കുറവാണ്. ഇപ്പോഴുണ്ടാകുന്ന ആത്മഹത്യകളില്‍ അത് കൂടുതല്‍ വ്യക്തമാണ്. കോളേജ്-സ്‌കൂള്‍ ലെവലില്‍ നടക്കുന്ന ആത്മഹത്യകളില്‍ ഇത് പ്രകടമാണ്. അതുകൊണ്ടാണ് ആ തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കിയത്. പക്ഷേ, പൊതുവില്‍ യൂത്തിന് ഇത്തരം റെസലിയന്‍സ് കപ്പാസിറ്റി കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. കൊവിഡിനു ശേഷം മാനസികാരോഗ്യത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. പലപ്പോഴും ആശയവിനിമയം കുറഞ്ഞു. കൂട്ടായ്മകള്‍ കുറഞ്ഞു.
കുട്ടികളുടെ പ്രശ്‌നങ്ങള്‍ നേരത്തേത്തന്നെ തിരിച്ചറിയണം
ജിന്‍സി എബി / സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍
നിരന്തരമായ നിരീക്ഷണവും ഇടപെടലും കൊണ്ടുമാത്രമേ കുട്ടികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനാകൂ. കുടുംബപ്രശ്‌നങ്ങള്‍, പരീക്ഷാ തോല്‍വി, ഓണ്‍ലൈന്‍ ഗെയിം, പ്രണയ നൈരാശ്യം, ഭീഷണിപ്പെടുത്തലുകള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ഗാര്‍ഹിക പീഡനം, അവഗണന, അമിതമായ പഠനസമ്മര്‍ദ്ദം, മാതാപിതാക്കള്‍ക്ക് കുട്ടികളിലുള്ള അമിത പ്രതീക്ഷ, സമപ്രായക്കാരുടെ സമ്മര്‍ദ്ദം, തിരസ്‌കരണം, ഉപദ്രവം, മുന്‍കാലങ്ങളില്‍ ഉണ്ടായ ആത്മഹത്യാശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം കുട്ടികളിലെ ആത്മഹത്യയ്ക്കു കാരണമാണ്. ഇതൊക്കെയാണെങ്കിലും മാനസികാരോഗ്യം ഇല്ലാത്തതുതന്നെയാണ് കുട്ടികളുടെ ആത്മഹത്യാ പ്രവണതയ്ക്കു പ്രധാന കാരണം. ഒറ്റപ്പെടുമോ എന്ന ഭയം കാരണം ചിലപ്പോള്‍ കുട്ടികള്‍ ഇത്തരം അവസ്ഥകള്‍ തുറന്നുപറയാതിരിക്കാം. അതുകൊണ്ടുതന്നെ അവര്‍ക്കു കാര്യങ്ങള്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരോട് തുറന്നുപറയാനുള്ള സാഹചര്യം ഒരുക്കാന്‍ ടീച്ചര്‍മാരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ പലപ്പോഴും വൈകിയാണ് തിരിച്ചറിയാറുള്ളത്. നിരന്തരം കുട്ടികളുമായി സംസാരിച്ചാല്‍ മാത്രമാണ് അവര്‍ പ്രശ്‌നങ്ങളുണ്ടെന്നു പറയുക. അതുകൊണ്ടുതന്നെ നിരന്തരശ്രമം ഇതിനാവശ്യമാണ്. സ്‌കൂളുകളും മാതാപിതാക്കളും സമൂഹവും കൂട്ടായി ശ്രമിക്കണം. വിഷാദം, ലൈംഗികചൂഷണം എന്നിവ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേകം കരുതല്‍ വേണം. കഴിയാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ശ്രമിക്കണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates